വേണ്ടേ മീഡിയയ്ക്ക് ഒരു മോറല്‍ കോഡ്‌ ?

299

ഇന്നത്തെ പത്രത്തിലും കണ്ടു അത്തരമൊരു ചിത്രം. ‘ബൈക്കപകടത്തില്‍ മരിച്ച അയല്‍വാസികളായ സനോജ്, സുനീഷ് എന്നിവരുടെ മൃതദേഹം നാട്ടിലെ ത്തിച്ചപ്പോള്‍ ദുഃഖം താങ്ങാനാകാതെ ബന്ധുക്കളും നാട്ടുകാരും’.  മിക്കവാറും എല്ലാ മരണവാര്‍ത്താ റിപ്പോര്‍ട്ടിലും ഇത്തരമൊരു ചിത്രം കാണും. അലമുറയിട്ടു കരയുന്ന ബന്ധു മിത്രങ്ങള്‍. മരണവാര്‍ത്തകളോടനുബന്ധിച്ചു ഇത്തരം പടങ്ങള്‍ കൊടുക്കെണ്ടതിന്റെ ആവശ്യകത എനിയ്ക്ക് മനസിലാകുന്നില്ല. ആര്‍ക്കാണ് ഇത്തരം പടങ്ങള്‍ കാണാന്‍  താല്പര്യം?

അകാലത്തില്‍ ഉറ്റവര്‍  മരിച്ചവരുടെ ദുഖത്തിലേയ്ക്ക്  കടന്നു കയറി ഇത്തരം ചിത്രങ്ങളെടുക്കുന്നത്  ഒരുതരം മനോരോഗമല്ലേ? രാവിലത്തെ ചായയോടൊപ്പമുള്ള  പത്രംവായനയില്‍  ഇത്തരം ചിത്രങ്ങളും കാണാന്‍  ജനം താല്പര്യപ്പെടുന്നുവെന്നു വിചാരിയ്ക്കുന്നതും ഒരു മനോരോഗമല്ലേ ? ആന ആളുകളെ ചവിട്ടിക്കൊല്ലുന്ന ചിത്രം, വാഹനാപകടത്തില്‍ ആളുകള്‍  മരിച്ചു കിടക്കുന്ന ചിത്രം, അമ്മയുടെ മൃതദേഹത്തിനരികില്‍   കുഞ്ഞുങ്ങള്‍ കരഞ്ഞു കൊണ്ടു നില്‍ക്കുന്ന  ചിത്രം, മരിച്ച മകനെ കെട്ടിപ്പിടിച്ചു അമ്മ വാവിട്ടു കരയുന്ന ചിത്രം, അങ്ങനെ  തീവ്രദുഖത്തിന്റെ  ചിത്രങ്ങള്‍ എന്നും  പത്രത്തോടൊപ്പം നമ്മുടെ മുന്നിലെത്തുന്നു. മരണമേല്പ്പിയ്ക്കുന്ന ആഘാതവും  ദുഖവും അതേപടി വായനക്കാരിലെയ്‌ക്കെത്തിയ്ക്കുക എന്നതാണോ ഈ ചിത്രങ്ങള്‍ കൊണ്ടു ഉദ്ധെശിയ്ക്കുന്നത് ?  പക്ഷെ എന്തിനാണ് വാര്‍ത്തകളെ ഇത്തരത്തില്‍ emotionalize  ചെയ്യുന്നത്?

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരത്തിലൊരു ചിത്രം ആദ്യമായി ഒരു പ്രമുഖ പത്രത്തിന്റെ ഫ്രെണ്ട് പേജില്‍ കണ്ടതോര്‍ക്കുന്നു. വാഹനാപകടത്തില്‍ മരിച്ച സ്മിത എന്ന പെണ്‍കുട്ടിയുടെ ചിത്രം. അപകടത്തില്‍  ആ പെണ്‍കുട്ടി വാഹനത്തിനടിയില്‍ പെട്ട് പോയി. അവള്‍ മരിയ്ക്കുന്നതിന്  തൊട്ടു  മുന്‍പ് ദയനീയതയോടെ നോക്കുന്ന ഒരു ക്ലോസ് അപ് ചിത്രമാണ്  ഫ്രെണ്ട് പേജില്‍ വന്നത്. കുട്ടിയായിരുന്നത് കൊണ്ട്, വല്ലാത്തൊരാഘാതമാണ്  ആ ചിത്രം എന്നിലുണ്ടാക്കിയത്. മരിയ്ക്കാന്‍ പോകുന്ന ഒരാളുടെ മുഖം. ആ ചിത്രം കാണുന്ന അവളുടെ പ്രിയപ്പെട്ടവരുടെ മാനസികാവസ്ഥ ആലോചിച്ചു എനിയ്ക്കന്നുറങ്ങാന്‍ കഴിഞ്ഞില്ല. ഒരുപാട് പ്രതിഷേധങ്ങളാണ്  ആ ചിത്രത്തിനെതിരെ ഉണ്ടായത്. അന്ന് ജനങ്ങള്‍ക്ക് മനസ് മരവിച്ചു കഴിഞ്ഞിരുന്നില്ല. പത്രം ഖേദം പ്രകടിപ്പിച്ചുവെന്നാണ് ഓര്‍മ.കാലം കഴിഞ്ഞ് പോയി. അന്നത്തെ കുട്ടിയല്ല ഞാന്‍. . അന്യരുടെ ദുഃഖങ്ങള്‍ കണ്ടു മനസ് മരവിച്ചുപോയി. സ്വന്തമല്ലാത്ത ഒരു ദുഖവും ഇപ്പോള്‍ എന്റെ മനസിനെ കലുഷിതമാക്കാറില്ല.

ഓസ്‌കാര്‍  വൈല്‍ട് പറഞ്ഞത് പോലെ,

‘Most people are other people. Their thoughts are someone else’s opinions, their lives a mimicry, their passions a quotation.’

ഇപ്പോള്‍  ഇത്തരം പടങ്ങള്‍ കാണുമ്പോള്‍ ഓര്‍ക്കും, ‘തെണ്ടികള്‍, അന്യന്റെ ദുഃഖം വിട്ടു കാശുണ്ടാക്കുന്ന ചെറ്റകള്‍’. അലമുറയിട്ടു കരയുന്ന ബന്ധുക്കള്‍ എന്ന അടിക്കുറിപ്പുള്ള ചിത്രത്തില്‍ സംശയത്തോടെ നോക്കും  പത്രത്തില്‍ എന്റെ മുഖവും വരട്ടെ എന്ന വ്യാമോഹത്തോടെ എത്തിനോക്കുന്ന ഒരു  നാട്ടുകാരനുണ്ടോ അതില്‍ , ഫോട്ടോയെടുക്കുമല്ലോ  എന്ന ചിന്തയോടെ ഉത്സാഹിച്ചു കരയുന്ന ഒരയല്‍ക്കാരിയുണ്ടോ, കാഴ്ചക്കാരുടെ സാന്നിധ്യത്തില്‍ വെപ്രാളപ്പെട്ട് വസ്ത്രങ്ങള്‍ നേരെയാക്കിയിടുന്ന അമ്മായിയുണ്ടോ?, നാളെ ഈ ഫോട്ടോയിലെ ചിലരെങ്കിലും അതിരാവിലെ പത്രത്തിനായി അക്ഷമയോടെ കാത്തിരിയ്ക്കുമോ? പ്രമുഖരുടെ സംസ്‌ക്കാര ചടങ്ങുകളില്‍ ഇത്രയുംപേര്‍ വരുന്നത് അവിടവരുന്ന സിനിമാതാരങ്ങളെ കാണാനല്ലേ? സാംസ്‌കാരികനായകന് റീത്ത് വെച്ചു പ്രാര്‍ഥിച്ചു  നില്‍ക്കുന്ന താരത്തിനു പിന്നില്‍ ! നില്‍ക്കുന്നയാള്‍ ക്യാമറയെ നോക്കി ചിരിയ്ക്കുകയാണോ?

അന്യരുടെ ദുഃഖങ്ങള്‍ മനസിലാക്കാന്‍ ! കഴിയുമായിരുന്ന കുട്ടിയില്‍ നിന്നും ‘ഞാനും എന്റെ ഫാമിലിയും’ എന്ന കാഴ്ചപ്പാടുള്ളവീട്ടമ്മയായുള്ള എന്റെ മാറ്റം സ്വാഭാവികമായിരുന്നോ അതോ മാധ്യമങ്ങളുടെ സംഭാവനയോ?

വേണ്ടേ നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു മോറല്‍ കോഡ് ? പുതിയ തലമുറയുടെ പ്രതികരണശേഷി നഷ്ട്ടപ്പെടാതിരിയ്ക്കാന്‍, അവരില്‍  ര്യിശരശാെ നിറയാതിരിയ്ക്കാന്‍,  മറ്റുള്ളവരുടെ ദുഖങ്ങളെ ലാഘവത്തോടെ കാണാതിരിയ്ക്കാന്‍ ?

ഇത്തരം ചിത്രങ്ങള്‍ ഇനി കൊടുക്കുകയില്ല എന്ന് എല്ലാ മാധ്യമങ്ങളും ഒരുമിച്ച് ഒരു തീരുമാനമെടുതിരുന്നെങ്കില്‍!!

Comments are closed.