തെളിഞ്ഞ ആകാശത്തു പാല്‍ തൂവിയ പോലെ മേഘക്കഷ്ണങ്ങള്‍.പടിഞ്ഞാറ് അസ്തമയ നേരത്ത് കടലിനെ ചുംബിക്കുവാന്‍ വേണ്ടി മുഖം മിനുക്കുവാന്‍ സൂര്യന്‍ ഒരു മേഘത്തുണ്ടിലോളിച്ചു.

മാലതിയുടെ തേങ്ങല്‍ സഹിക്കാനാവാതെ അസ്വസ്ഥമായ മനസ്സോടെ ബാലേട്ടന്‍ വീട്ടില്‍ നിന്നും ഇറങ്ങി.കളപ്പുരയുടെ ഇടിഞ്ഞു പൊളിഞ്ഞ ചുവരില്‍ ചാമ്പമരത്തിന്റെ നിഴല്‍ കളപ്പുരയുടെ ഉയരവും കവിഞ്ഞു ശൂന്യതയിലേക്ക് നീണ്ടു പോയി .കളപ്പുരക്ക് പിറകില്‍ ഉറവ വെള്ളം നിറഞ്ഞ പറമ്പില്‍ കാട്ടു ചേമ്പുകള്‍ തഴച്ചു വളര്‍ന്നു നിന്നു .താഴെ നാഞ്ഞൂല്‍ പുറ്റുകളില്‍ ചലം നിറഞ്ഞു തടിച്ച നാഞ്ഞൂലുകള്‍ കെട്ടിപ്പിണഞ്ഞു.

തന്റെ മകള്‍ പ്രീത എന്തിനീ കടും കൈ ചെയ്തു? എന്ത് മാത്രം സ്നേഹം കൊടുത്താണ് ഞാനവളെ വളര്‍ത്തിയത്? അത് കൊണ്ടായിരുന്നു മനസ്സില്ലാ മനസ്സോടെ അവളുടെ ആഗ്രഹ പ്രകാരം ദൂരെ നഗരത്തില്‍ നഴ്സിങ്ങിനായി അയച്ചത്.രണ്ടു കുട്ടികളായിരുന്നു ബാലേട്ടന് .ഒരാണ്‍ കുട്ടിയും ഒരു പെണ്‍കുട്ടിയും.മകന്‍ അംഗ വൈകല്യത്തോടെയായിരുന്നു ജനനം.

പ്രതീക്ഷകള്‍ മുഴുവന്‍ പ്രീതയിലായിരുന്നു .അസ്വസ്ഥതകളില്‍ നിന്നും മുക്തി നേടാത്ത ബാലേട്ടന്‍ പാടത്തെക്കിറങ്ങി .കാലം തെറ്റിപ്പെയ്ത വേനല്‍മഴയുടെ മുന്നോടിയായി വീശിയടിച്ച കാറ്റില്‍ നേന്ത്ര വാഴകള്‍ നിലത്തേക്കു ഒടിഞ്ഞു വീണിരുന്നു .കൈതോട്ടില്‍ മാനത്തു കണ്ണികള്‍ ആകാശം നോക്കി സ്വപ്നം കണ്ടു കിടന്നു .ഇരതിന്നു വീര്‍ത്ത വയറുമായി ഒരു നീര്‍ക്കോലി കാട്ടു ചേമ്പിലയില്‍ വിശ്രമിച്ചു .

കണക്കു കൂട്ടലുകള്‍ എവിടെയാണ് പിഴച്ചത് ? പ്രീതയുടെ എല്ലാ ആഗ്രഹങ്ങളും നിറവെറ്റിക്കൊടുത്തതാണോ തെറ്റ്. സ്വയം അധ്വാനിച്ചുണ്ടാക്കിയ മണ്ണ് വിറ്റു പ്രീതയെ നഗരത്തിലയച്ചു പഠിപ്പിച്ചതോ തെറ്റ്? അതോ ഒന്ന് ശാസിക്കുക പോലും ചെയ്യാതെ അവളെ പ്രാണനിലുപരി സ്നേഹിച്ചതോ?

ബാലേട്ടന്റെ നിഷ്കളങ്കമായ ഗ്രാമീണ മനസ്സില്‍ ഒരുത്തരം കിട്ടാതെ ,പാടത്തിനരികില്‍ സൂക്ഷിച്ച കമുകിന്‍ കുത്തുകളെടുത്തു മറിഞ്ഞു വീണ നേന്ത്ര വാഴകളെ നേരെയാക്കാന്‍ ശ്രമിച്ചു. കൈതോടിറമ്പില്‍ ഒടുങ്ങാത്ത വ്യഥകള്‍ പോലെ വയലറ്റ് നിറമുള്ള കാക്കപ്പൂവുകള്‍ വിരിഞ്ഞു നിന്നു .മറ്റൊരു ഇരയെത്തേടി നീര്‍ക്കോലി കൈത്തോട്ടിലേക്ക് ഊളിയിട്ടു .

പഠനം കഴിഞ്ഞു വീട്ടിലെത്തിയ പ്രീതയെ അവളുടെ സമ്മതത്തോടെയാണ് അനുയോജ്യനായ ഒരു വരനെ കണ്ടെത്തി വിവാഹം കഴിപ്പിച്ചയച്ചതു .വിവാഹം കഴിഞ്ഞു കൃത്യം നാലാം ദിവസം പ്രീത മറ്റൊരു ചെരുപ്പക്കാരനൊത്തു ഒളിച്ചോടുകയായിരുന്നു .വിവാഹത്തിന് മുമ്പ് ഒരു വാക് പറയാമായിരുന്നു അവള്‍ക്കെന്നോട് .തനിക്കൊരു പ്രണയ ബന്ധമുണ്ടെന്നു .നാട്ടുകാരുടെയും ബന്ധു മിത്രാധികളുടെയും മുഖത്തു നോക്കാനാവാത്ത നാളുകള്‍ .ഇനിയെന്ത് ?എന്ന ചിന്തകളോടെ ,ഉറക്കം വരാത്ത രാത്രികള്‍ ,മാലതിയെ ആശ്വസിപ്പിക്കുമ്പോഴും ,തീരാ വ്യഥകള്‍ മനസ്സിനെ വാര്ധക്യത്തിലാക്കി .നിദ്രാ വിഹീനങ്ങളായ രാത്രികല്‍ക്കൊടുവില്‍ ഇന്നലെ പ്രീതയെ തിരിച്ചു കിട്ടി .

കുലച്ചു നിന്ന ഒരു നേന്ത്രവാഴയുടെ വീര്‍ത്ത നീര്‍പ്പോളയില്‍ ഒരു അണ്ണാന്‍ കണ്ണ് വെച്ചു.ഇണയോട് കലഹിച്ച ഒരു വാഴത്തത്ത നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു .പാടത്ത് ഇരുട്ട് പടര്‍ന്നു തുടങ്ങി .വയല്‍പൊത്തുകളില്‍ കുളക്കോഴികള്‍ അടയിരുന്നു തുടങ്ങി ,

നഗര കാപട്യങ്ങള്‍ മലിനമാക്കിയ ഒരു ജീവച്ഛവമായി പ്രീതയെ ആള്തിരക്കൊഴിഞ്ഞ ഒരു തെരുവില്‍ ആരോ കണ്ടെത്തുകയായിരുന്നു .ഒരു സ്ത്രീ ജന്മം മുഴുവന്‍ തേങ്ങാന്‍ വിധിക്കപ്പെട്ട മാലതിയെയും ജീവച്ഛവമായി ഒരു പഴന്തുണി പോലെ കിടക്കുന്ന പ്രീതയെയും എങ്ങിനെ അഭിമുഖീകരിക്കുമെന്നറിയാതെ ബാലേട്ടന്‍ പാട വരമ്പില്‍ വെറുതെ നിന്നു .ഇരുട്ട് പടര്‍ന്ന കൈതോട് വരമ്പില്‍ കാക്കപ്പൂവുകള്‍ കറുത്ത നിറം പൂണ്ടുറങ്ങിത്തുടങ്ങി .നീര്‍പോളയിലെ തേനുണ്ട അണ്ണാന്‍ അടുത്തുള്ള കമുക് മരത്തിലേക്ക് വലിഞ്ഞു കയറി .

പാടം പൂര്‍ണ്ണമായും ഇരുട്ട് മൂടിയപ്പോള്‍ വ്രണിത ഹൃദയവുമായ് ബാലേട്ടന്‍ വീട്ടിലേക്കു നടന്നു..

You May Also Like

സ്രാവിനെ വാലില്‍ പിടിച്ചോടിച്ചു വിട്ട വൃദ്ധന്റെ വീഡിയോ

സ്രാവിനെ വാലില്‍ പിടിച്ചോടിച്ചു വിട്ട വൃദ്ധന്റെ വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് കടല്‍ തീരത്ത് കുട്ടികള്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാരികള്‍ കടലില്‍ നീന്തികൊണ്ടിരിക്കെയാണ് ആറടി നീളമുള്ള വമ്പന്‍ സ്രാവ് പ്രത്യക്ഷപ്പെട്ടത്. ഇത് കണ്ടു അലറി വിളിച്ച കുട്ടികളെ കണ്ടു ഓടിയെത്തിയതാണ് 62 കാരനാണ് യു കെയിലെ വെയില്‍സ്‌ സ്വദേശിയായ പോള്‍ മാര്‍ഷല്‍സീ. ഓടിയെത്തിയ അദ്ദേഹം സ്രാവിനെ യാതൊരു ഭയവും കൂടാതെ വാലില്‍ പിടിച്ചു വലിച്ചു കടലിലേക്ക്‌ തള്ളി വിടുകയായിരുന്നു.

അനുപമ പരമേശ്വരന്റെ ലിപ്‌ലോക് വീഡിയോ വൈറലാകുന്നു

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം മലയാളത്തിലും തമിഴകത്തും ഒരുപോലെ ഹിറ്റായ ചിത്രമായിരുന്നു . പ്രേമത്തിലൂടെ…

ഐ വി ശശിയുടെ ദേവാസുരവും എം പദ്മകുമാറിന്റെ വർഗ്ഗവും , ചില മുടിഞ്ഞ സാമ്യങ്ങൾ

1993ൽ രഞ്ജിത്തിന്റെ രചനയിൽ ഐ വി ശശി സംവിധാനം നിർവഹിച്ച ദേവാസുരം എന്ന സിനിമയുടെയും 2006ൽ എം പദ്മകുമാർ രചനയും സംവിധാനവും നിർവഹിച്ച വർഗ്ഗം എന്ന സിനിമയുടെയും ചില സാമ്യതകളാണ് ഈ പോസ്റ്റിൽ.

സ്വപ്‌നാക്ഷരങ്ങള്‍

പുസ്തകങ്ങള്‍ അങ്ങിങ്ങായി ചിതറി കിടക്കുന്നു ,ഇരുള്‍ മൂടിയ മുറിയില്‍ മെഴുകുതിരിയുടെ അരണ്ട വെളിച്ചം ,അലയടിക്കുന്ന മനസ്സ് പോലെ അശാന്തമായ മുറിയില്‍ ചിന്തകളുടെ തീവ്രത കീറികളഞ്ഞ കടലാസ്സുകളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നു . ചിന്തകള്‍ കടന്നാക്രമിക്കുമ്പോള്‍ അക്ഷരങ്ങളെ അഗാധമായി സ്നേഹിക്കാന്‍ തുടങ്ങും .അച്ചടക്കമില്ലാത്ത വരികള്‍കൊണ്ട് ശൂന്യമായ വെള്ളകടലാസ്സില്‍ അക്ഷരങ്ങള്‍ ചിതറിതെറിച്ചു കൊണ്ടിരിക്കും.അവനാകെ അസ്വൊസ്ഥനാണ് കവിതകളിലൂടെ തുടിക്കുന്ന സ്പന്ദനങ്ങള്‍ കൊണ്ട് തീവ്രമായ പ്രണയചിന്തകള്‍ തലച്ചോറിനെ കീറിമുറിക്കുമ്പോള്‍ കണ്ണുകള്‍ മയക്കത്തിലേക്ക് വീണു കൊണ്ടിരുന്നു.