വൈഫിന്റെ ലൈഫ് സെയ്ഫാണോ ?

വൈഫിന്റെ ലൈഫ് ഫര്‍ത്താവില്‍ സൈഫാണോ എന്ന ചാനല്‍ പ്രോഗ്രാമിലേക്ക് സ്വാഗതം..
ഏറ്റവും മികച്ച ദമ്പതുകള്‍ക്ക് ഫ്‌ലാറ്റ് കിട്ടുന്നതാണ്.
മല്‍സരത്തിന്റെ ആദ്യ ഇനം..ലൗലെറ്റര്‍ രചന..
ഭര്‍ത്താവ് ഭാര്യക്ക് ഒരു ഗമണ്ടന്‍ ലൗ ലെറ്റര്‍ എഴുതണം..
ഏറ്റവും നല്ല ലൊ ലെറ്റര്‍ രചയിതാവിന് സമ്മാനമേ സമ്മാനം., സമ്മാനമേ സമ്മാനം..
അപ്പോള്‍ തുടങ്ങാം.. മൊയ്തു ആന്റ് കദീസു ഓണ്‍ ദ സ്‌റ്റേജ്…

‘മിസ്റ്റര്‍ മൊയ്തു ആന്റ് കദീസു ., നിങ്ങള്‍ മുഖത്തോട് മുഖം നോക്കി അന്തം വിട്ടിരിക്കൂ.. ഇനി റീഡ് ചെയ്യു..’

മൊയ്തു – എന്റെ പ്രിയപ്പെട്ട കദീസുവിന്.. എന്റെ അകതാരില്‍ ആകെ മൊത്തം ടോട്ടല്‍ നീയാണ്.. ഒരു ബീഫും പൊറോട്ടയും അടിക്കാമെന്ന് വെച്ചിട്ട് അതിന്ന് പോലും എന്റെ ഉള്ളില്‍ ഇടമില്ല… അതെ എന്റെ ഉള്ളത്തില്‍ നീയാണ്..
കാലിലും നീയേ.. ഖല്‍ബിലും നീയേ…
നീ കേട്ടിട്ടില്ലേ ആ പാട്ട്.. കാതല്‍ പിശാശ്.. കാതല്‍ പിശാശ്…(സത്യായിട്ടും നീ പിശാശ് ആണെന്നല്ല)..
നിന്റെ കാലില്‍ ഒരു മുള്ള് തറക്കുമ്പോ അതെന്റെ ഹൃദയത്തിലാണ് തറക്കുന്നത്..
പണ്ട് തന്നെ അമ്മായിത്തള്ള (എന്റെ ഉമ്മ) സിറ്റൗട്ടിലേക്ക് തള്ളിയിട്ടപ്പോ സത്യായിട്ടും എനിക്ക് ചിരിക്കാന്‍ മുട്ടിയതാ..
ബട്ട് ഞാന്‍ ചിരിച്ചില്ല.. കാരണം..നിന്നോടുള്ള ഹുബ്ബ് തന്നെ…

നീയുണ്ടാക്കുന്ന ഓരോ പരിപ്പ് വടയിലും മൊഹബ്ബത്തുണ്ട്….
ചോറിലും കറിയിലും മൊഹബ്ബത്തുണ്ട്(വേണ്ടത്ര ഉപ്പും മുളകുമില്ലെങ്കിലും)

നിന്നെ കിട്ടിയ (കെട്ടിയ) ഞാന്‍ എന്തുമാത്രം ഭാഗ്യവാനാണ്. പ്രിയതമേ…
നിന്റെ കണ്ണുകള്‍ നിറയുമ്പോള്‍ എന്റെ ഉള്ളം നിറയുന്നു.(ഹി ഹി)

നിന്റെ സ്‌നേഹം, സഹിഷ്ണുത, വിനയം,എളിമ, മഹിമ എല്ലാം എന്നെ വിജൃംഭിപ്പിക്കുന്നു.(കോപ്പാണ്).

നീയില്ലാതെ ഞാനില്ല. ഞാനില്ലാതെ നീയില്ല..ഞാനും നീയുമില്ലേല്‍ പിന്നെ ഈ വേള്‍ഡില്ല…

– എല്ലാം കേട്ട് കദീസു പൊട്ടിക്കരയുന്നു-

കദീസു- എനിക്കറിയാം എന്റെ മൊയ്തുക്കാക്ക് എന്നെ പെരുത്തിഷ്ടാണെന്ന്..(പശ്ചാത്തല സംഗീതമായി കരച്ചില്‍).
ഞാന്‍ പൊരിച്ച (കരിച്ച) മീന്‍ തിന്ന് ഉഗ്രനായിട്ടുണ്ട് എന്ന് ഇക്ക പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ എഞ്ചോയ് ചെയ്തു.എന്റെയും ഭാഗ്യമാണ് ഈ ഇക്കയെ കിട്ടിയത്. ഇക്കയുടെ തമാശകളും എനിക്കിഷ്ടമാണ്. ആ നര്‍മ്മബോധം. ഇടക്കിടെ ഇക്ക വിറ്റ് പറയും. ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷാപ്പില്‍ കയറി………ശരിക്കും ഞാന്‍ ചിരിച്ച് ചിരിച്ച് ഹലാക്കാകും..ഒരു സംഭവം തന്നെയാണ് ഇക്ക…
(കരച്ചില്‍ സ്റ്റോപ്പ് ചെയ്യുന്നു)

ഇനി ജഡ്ജസ്് പറയൂ….

ശോശാമ്മ- കദീസു , ശരിക്കും കരഞ്ഞു, കരയുമ്പോഴും മേക്കപ്പ് ഇളകാതിരിക്കാന്‍ ഒന്ന്് ശ്രദ്ധിക്കാമായിരുന്നു. ബാക്കിയെല്ലാം ഓകെ..

തങ്കമ്മ- ശരിക്കും കദീസു എന്നേം കരയിപ്പിച്ചു. കദീസുവിന്റെ കരച്ചില്‍ കണ്ട് ഭര്‍ത്താവിന്റെ മുട്ടന്‍ ഇടികള്‍ കൊണ്ട്് അലറിക്കരയുന്ന എന്നെ തന്നെയാണ് എനിക്കോര്‍മ്മ വന്നത്..

ആയ്ശുമ്മ- സത്യം പറയാമല്ലോ കദീസു., നിങ്ങളുടെ കരച്ചില്‍ കണ്ട് ശരിക്കും ഞങ്ങള്‍ എഞ്ചോയ് ചെയ്തു.. ബെസ്‌റ്റോഫ് ലക്ക്…

Comments are closed.