01
സിഫിലിസ് പകരുന്ന രോഗമാണ്. സെക്കന്ററി സിഫിലിസ് പ്രത്യേകിച്ചും. പൊട്ടിയൊലിയ്ക്കുന്ന പോളങ്ങളിലെ സ്പര്‍ശം മാത്രം മതിയാകും, സിഫിലിസ് പകരാന്‍. കാമാഠിപുരയിലെ ഇരുളടഞ്ഞ കോണിച്ചുവട്ടില്‍ നിന്ന് പൊട്ടിയൊലിയ്ക്കുന്ന വ്രണങ്ങളും തടിപ്പുകളും നിറഞ്ഞ എല്ലിന്‍കൂടിനെ പഴന്തുണിവിരിപ്പോടു കൂടി കോരിയെടുത്തു നെഞ്ചോടു ചേര്‍ത്തുപിടിച്ച്, റോഡിലൂടെ ഏറെ ദൂരം നടന്നിരുന്നു.

രോഗം പകരുമെന്ന ഭയം തീരെ തോന്നിയിരുന്നില്ല. ഇടയ്ക്കിടെ ശ്വാസം മുഖത്തു തട്ടിയപ്പോഴൊക്കെ ആശ്വാസമാണു തോന്നിയത്: ജീവനുണ്ടല്ലോ. അപ്പോഴൊക്കെ നടപ്പിനു വേഗത കൂടി. ഉടന്‍ ആശുപത്രിയിലെത്തിയ്ക്കണം.

വിശാഖത്തെ കൈകളിലേന്തി റോഡിലൂടെ നടക്കുമ്പോള്‍ വിചിത്രമായ മറ്റൊരാശ്വാസവും അനുഭവിച്ചിരുന്നു.

ചെന്നു വിളിച്ചാലുടന്‍ വിശാഖം ഇറങ്ങിവരുമോ എന്നു സംശയമുണ്ടായിരുന്നു. ചുവന്നതെരുവില്‍ നിന്നൊരു മോചനം കാംക്ഷിയ്ക്കാത്തവരായി ആരുമുണ്ടാവില്ല. അങ്ങനെ നോക്കുമ്പോള്‍ അവിടുത്തെ ഏത് അന്തേവാസിയും ഉടന്‍ ഇറങ്ങി വരേണ്ടതാണ്. പക്ഷേ, വിശാഖം അക്കൂട്ടത്തില്‍ പെടില്ല എന്നൊരു തോന്നല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെപ്പോഴോ ഉടലെടുക്കുകയും, ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍, കൂടുതല്‍ ബലപ്പെടുകയും ചെയ്തിരുന്നു. യുക്തിയ്ക്കു നിരക്കാത്ത, ഉള്ളില്‍ നിന്നു സ്വയമേവ ഉടലെടുത്ത ഒരു തോന്നല്‍.

ഭയം എന്നു തന്നെ പറയുന്നതാകും കൂടുതല്‍ ശരി. കാമാഠിപുരയിലെ ഫോക്ക്‌ലന്റ് റോഡിലെ ഫിഫ്ത്ത് ലെയിന്‍ എന്ന ബോര്‍ഡിന്നടുത്തുള്ള കമ്പിവലയടിച്ച ഒന്നാംനിലയുള്ള പഴയ കെട്ടിടത്തിലെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന അന്തേവാസികളില്‍ ഒരാളാണെങ്കിലും വിശാഖം ഇറങ്ങി വരില്ല എന്നൊരു വെറും തോന്നലല്ല, ഭയം തന്നെയുണ്ടായിരുന്നു.

രണ്ടു കോടി വരുന്ന മുംബൈ ജനതയുടെ കാല്‍ച്ചുവട്ടിലായിരുന്നു, വിശാഖത്തിന്റെ ജീവിതം. കൈ നീട്ടിയാല്‍ സ്പര്‍ശിയ്ക്കാവുന്ന അകലം മാത്രമേ ജനവും വിശാഖവും തമ്മിലുണ്ടായിരുന്നുള്ളു. ചെറിയൊരു തുക മുടക്കിയാല്‍ വിശാഖത്തിന്റെ ശരീരം രണ്ടു കോടി മുംബൈ ജനതയ്ക്കു അല്‍പ്പസമയത്തേയ്ക്ക് സ്വന്തം. അവരിലൊരാളായാല്‍ ആ ശരീരം അല്‍പ്പനേരത്തേയ്ക്ക് തനിയ്ക്കും സ്വന്തമാകുമായിരുന്നു. ഒരു ദിവസമങ്ങനെ സ്വന്തമാക്കുകയും ചെയ്തിരുന്നു.

അവിടെയാണു കുഴപ്പം. തനിയ്ക്ക് വിശാഖത്തിന്റെ ശരീരം മാത്രം പോരാ. അതിനുമപ്പുറം എന്തൊക്കെയോ കൂടി വേണം. അതിനെ ഹൃദയമെന്നോ, മനസ്സെന്നോ, ആത്മാവെന്നോ എന്തുതന്നെ വിളിച്ചാലും, അതു കൂടി തനിയ്ക്കു സ്വന്തമായിക്കിട്ടണം. തന്റേതു മാത്രമാകണം.

ഇത് അത്യാഗ്രഹമല്ലാതെ മറ്റൊന്നുമല്ല എന്നു വ്യാഖ്യാനിയ്ക്കണമെങ്കില്‍ വ്യാഖ്യാനിച്ചോളു. ഏതാനും വര്‍ഷങ്ങളായി ചുവന്നതെരുവില്‍, ജനതയുടെ കാല്‍ച്ചുവട്ടില്‍ കഴിയുന്ന ഒരു വനിതയുടെ ശരീരവും അതോടൊപ്പമുള്ള ബോധമനസ്സും അതില്‍ ആത്മാവുണ്ടെങ്കില്‍ അതുമെല്ലാം ഒരാളുടേതു മാത്രമാകണമെന്ന ഉല്‍ക്കടമായ ആഗ്രഹം അത്യാഗ്രഹമാണെങ്കില്‍ അത്തരമൊരു അത്യാഗ്രഹിയായിത്തീര്‍ന്നിട്ട് കുറച്ചു നാളായി. തന്നെയുമല്ല, ആ ആഗ്രഹപൂര്‍ത്തീകരണത്തിന്നായി എത്ര പണം വേണമെങ്കിലും കൈമാറാന്‍ തയ്യാര്‍.

വിശാഖം ‘മാ’ എന്നു വിളിച്ചിരുന്ന വനിതയ്ക്ക് എന്തെങ്കിലുമൊരല്‍പ്പം പണം നല്‍കേണ്ടി വരുമെന്നു കരുതിയിരുന്നു. വിശാഖത്തിന്റെ വരുമാനത്തിലെ സിംഹഭാഗവും അവര്‍ക്കായിരിയ്ക്കാം കിട്ടിക്കൊണ്ടിരുന്നത് എന്നൂഹിച്ചു. ആ വരുമാനം നില്‍ക്കാനിട വരുത്തുമ്പോള്‍, പകരമായി തക്കതായ നഷ്ടപരിഹാരം അവരാവശ്യപ്പെടും എന്നു തന്നെ കണക്കുകൂട്ടിയിരുന്നു. അവരെത്രയായിരിയ്ക്കാം ആവശ്യപ്പെടാന്‍ പോകുന്നത്? അയ്യായിരമോ പതിനായിരമോ ചോദിയ്ക്കുമായിരിയ്ക്കാം.

‘മാ’ മാത്രമായിരിയ്ക്കില്ല പണം ആവശ്യപ്പെടാന്‍ പോകുന്നത്. മുംബൈ നഗരം പോലീസിന്റെയല്ല, അധോലോകത്തിന്റെ നിയന്ത്രണത്തിലാണെന്ന് എവിടെയോ വായിച്ചിരുന്നു. കുറേയൊക്കെ അതിശയോക്തിയായിരിയ്ക്കാം. എന്നാല്‍ മറ്റെവിടേയുമില്ലെങ്കിലും കാമാഠിപുരയില്‍ അവരുണ്ടാകാന്‍ വഴിയുണ്ട്. അധോലോകത്തിന്റെ കരാളഹസ്തങ്ങളുടെ നീരാളിപ്പിടിത്തത്തിലായിരിയ്ക്കാം വിശാഖവും ജീവിച്ചു പോന്നിരിയ്ക്കുന്നത്. അവയില്‍ നിന്നു വിശാഖത്തെ മോചിപ്പിയ്ക്കണമെങ്കില്‍ അധോലോകത്തിനും മോചനദ്രവ്യം കൊടുക്കേണ്ടി വന്നേയ്ക്കാം. അധോലോകമെന്നു പറയുമ്പോള്‍ തുക വലുതാകുമായിരിയ്ക്കും. വലുതെന്നു വച്ചാലെത്ര? ലക്ഷം? രണ്ടു ലക്ഷം? വിശാഖത്തിന്റെ പ്രതിദിന കളക്ഷന്‍ എത്രയുണ്ടായിരുന്നിരിയ്ക്കും? അതിന്നനുസരിച്ചുള്ള തുക മാത്രമല്ലേ ചോദിയ്ക്കാന്‍ വഴിയുള്ളൂ.

ഇങ്ങനെ പോയിരുന്നു, കാമാഠിപുരയിലേയ്ക്ക് ഒടുവില്‍ രണ്ടും കല്‍പ്പിച്ചെത്തുന്നതിനു മുന്‍പുണ്ടായിരുന്ന കണക്കുകൂട്ടലുകള്‍. പക്ഷേ, കണക്കുകളെപ്പറ്റി തീരെ ആശങ്കയില്ല. ‘മൂക്കു പിഴിഞ്ഞാല്‍ പതിനായിരം രൂപ കിട്ടും’ എന്ന് ഒരു വിനോദഭാവനയില്‍ വായിച്ചതോര്‍മ്മയുണ്ട്. തന്റെ കാര്യത്തില്‍ അത് അക്ഷരം പ്രതി ശരിയായിത്തീര്‍ന്നിരിയ്ക്കുന്നു. വിശാഖത്തിനെ സ്വന്തമാക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ കൊടുക്കാനും ബുദ്ധിമുട്ടില്ല. വേണ്ടി വന്നാല്‍ അതിനപ്പുറവും…

പക്ഷേ, തന്റെ മുന്നിലുയരാന്‍ വഴിയുള്ള കടമ്പകളില്‍ ഏറ്റവും ഉയരത്തിലുള്ളത് പണമല്ല, വിശാഖം തന്നെയായിരിയ്ക്കും എന്നായിരുന്നു, ഭീതി. അവളിറങ്ങിപ്പോരുകയില്ലെന്ന് മനസ്സിലിരുന്നാരോ മുന്നറിയിപ്പു നല്‍കിയിരുന്നു.

കാമാഠിപുരയില്‍ നിന്നു നേരേ ഈസ്റ്റ് അന്ധേരിയിലെ ഹ്യാട്ട് റീജന്‍സിയെന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലേയ്ക്ക്. പാസ്‌പോര്‍ട്ടും വിസയും ശരിയായ ഉടന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ജംബോ ജെറ്റു വിമാനത്തില്‍. ലണ്ടനിലെ ഹീത്ത്‌റോ വിമാനത്താവളത്തില്‍. അവിടുന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍. തുടര്‍ന്ന് സിലിക്കണ്‍ വാലിയിലെ സാന്‍ ജോസ് എയര്‍പോര്‍ട്ടില്‍. മിനിറ്റുകള്‍ക്കുള്ളില്‍ നെവാര്‍ക്കിലെ മള്‍ബറി സ്ട്രീറ്റിലെ എയര്‍ക്കണ്ടീഷന്‍ഡ് അപ്പാര്‍ട്ട്‌മെന്റില്‍.

ജീവിതപരിതസ്ഥിതികളില്‍ ഇത്രയും വലിയ മാറ്റങ്ങള്‍ ഏതാണ്ട് കണ്ണുചിമ്മിത്തുറക്കുന്ന വേഗതയില്‍ സംഭവിയ്ക്കുമ്പോള്‍ അവയുള്‍ക്കൊള്ളാനും അവയ്‌ക്കൊപ്പം മുന്നോട്ടു നീങ്ങാനും കഴിയാത്ത ചുരുക്കം ചിലരെങ്കിലും ഉണ്ടാകാം. അവര്‍ക്കതിനു കഴിയാത്തത് കഴിവുകേടു കൊണ്ടായിരിയ്ക്കും. കഴിവില്ലെങ്കിലതു മനസ്സിലാക്കാം. എല്ലാവര്‍ക്കും അതിനുള്ള കഴിവുണ്ടാകണമെന്നില്ല. പക്ഷേ, അതിനു തയ്യാറില്ലാത്തവരുണ്ടാകുമോ.

വിരളമായി ഉണ്ടാകുമായിരിയ്ക്കാം. വിശാഖം അക്കൂട്ടത്തില്‍ പെടാന്‍ വഴിയുണ്ടെന്നു മനസ്സു പറഞ്ഞിരുന്നു, മനസ്സു മുന്നറിയിപ്പു തന്നിരുന്നു.

ഫോക്ക്‌ലന്റ് റോഡിലെ ഫിഫ്ത്ത് ലെയിന്‍ എന്ന ബോര്‍ഡിനടുത്തുള്ള ആ വാതില്‍ തുറന്നു കിടന്നിരുന്നു. രണ്ടു വര്‍ഷം മുന്‍പ്, ഇതേ വാതിലിലൂടെ അകത്തേയ്ക്കു കയറിയപ്പോള്‍ വാതിലിനു മുന്‍പില്‍ വനിതകള്‍ നിന്നിരുന്നു, അവര്‍ വഴിപോക്കരെ ആകര്‍ഷിയ്ക്കാന്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു.

അന്നത്തെ സന്ദര്‍ശനം രാത്രിയിലായിരുന്നു. ഇന്നിപ്പോള്‍ നട്ടുച്ച. പക്ഷേ, റോഡും പരിസരവും പൊതുവില്‍ വിജനം. ഇരുട്ടു പരക്കുമ്പോഴായിരിയ്ക്കും ഇവിടം ഉണര്‍ന്നെഴുന്നേല്‍ക്കുന്നത്. പകല്‍ നിര്‍ജ്ജീവം.

വാതിലിലൂടെ അകത്തു കടന്നപ്പോള്‍ ഇരുട്ടു നിറഞ്ഞ ഇടനാഴി. കൊച്ചുകൊച്ചു മുറികള്‍. വാതിലുകള്‍ അടഞ്ഞിരിയ്ക്കുന്നു. ആദ്യത്തെ വാതിലില്‍ മുട്ടി. തുറന്നില്ല. അടുത്ത മുറിയില്‍ മുട്ടി. അവിടേയും അനക്കമില്ല.

മുറികള്‍ക്കുള്ളില്‍ ആരുമില്ലെന്നു തോന്നി. ഇടനാഴിയിലൂടെ ഉള്ളിലേയ്ക്കു ചെന്നു. രണ്ടു വര്‍ഷം മുന്‍പ് വിശാഖത്തെ കണ്ട മുറി ഏതായിരുന്നെന്ന് ഓര്‍ക്കാന്‍ ശ്രമിച്ചു. നേരിയ ഓര്‍മ്മയെ ആശ്രയിച്ചുകൊണ്ട് ഒരു മുറിയുടെ വാതിലില്‍ മുട്ടി. രണ്ടു മൂന്നു തവണ മുട്ടിയപ്പോള്‍ വാതില്‍ തുറന്നു. അല്‍പ്പം തുറന്ന വാതിലിന്നിടയിലൂടെ ഒരു സ്ത്രീ ഉറക്കച്ചടവോടെ ചോദിച്ചു, ‘ക്യാ ഹെ?’ വിശാഖമല്ല.

‘വിശാഖം സെ മില്‍നാ ഹെ.’ വിശാഖത്തെ കാണണം.

‘അരേ സാബ്. അഭി നഹി. ശാം കോ ആയിയേ.’ ഇപ്പോഴല്ല. പോയിട്ട് വൈകുന്നേരം വരിക. വൈകുന്നേരം വരെ ക്ഷമിച്ചിരിയ്ക്കാന്‍ പറ്റാത്തൊരു മാന്യന്‍ എന്നൊരു ഹാസ്യഭാവം മുഖത്ത്.

‘ബഹന്‍ജി, മേ കസ്റ്റമര്‍ നഹി ഹൂം. മുജേ വിശാഖം സെ മില്‍നാ ഹെ. വിശാഖം കഹാം ഹെ?’ സഹോദരീ, ഞാന്‍ കസ്റ്റമറല്ല. എനിയ്ക്ക് വിശാഖത്തെ കാണണം. എവിടെയാണ് വിശാഖം?

‘വിസാഗം? കോന്‍ വിസാഗം? മേ കൈസേ ജാനൂം? ഇധര്‍ കയ്യീ ലോഗ് ആത്തീ ഹെ ജാത്തീ ഹെ. മേ കോയി വിസാഗം കോ നഹി ജാന്‍തി.’ അവര്‍ വാതിലടച്ചു.

നിശ്ശബ്ദത. എന്തു ചെയ്യണം? പെട്ടെന്നൊരു തോന്നലുണ്ടായി. ‘വിശാഖം…’ ഇടനാഴിയുടെ അറ്റത്തേയ്ക്കു നോക്കി ഉറക്കെ വിളിച്ചു. വിളി ഇടനാഴിയിലാകെ മുഴങ്ങി. ആ കെട്ടിടത്തില്‍ എവിടെയെങ്കിലും വിശാഖമുണ്ടെങ്കില്‍ അവള്‍ കേള്‍ക്കണം. അവള്‍ പുറത്തു വരണം. ‘വിശാഖം…’ ശബ്ദം ഉയര്‍ത്തി വിളിച്ചു.

വിളിയുടെ മാറ്റൊലികളടങ്ങിയപ്പോള്‍ ഇടനാഴിയുടെ അറ്റത്തെ അരണ്ട വെളിച്ചത്തില്‍ ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെട്ടു. നരച്ച മുടി. ‘ക്യാ ബാത്ത് ഹെ?’ എന്താ കാര്യം.

‘വിശാഖം കാ ദോസ്ത് ഹൂം മേ. ഉസ് സേ മില്‍നാ ഹെ. വോ കഹാം ഹെ?’

സ്ത്രീരൂപം ഒരു നിമിഷം ആലോചനയില്‍ മുഴുകി.

‘വിശാഖം. വി…ശാ…ഖം. ദോ സാല്‍ പെഹലേ വോ യഹിം ഥി.’ രണ്ടു വര്‍ഷം മുന്‍പ് അവള്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു. വിശദീകരിച്ചു കൊടുത്തു.

‘ബിസാ. ഉസ്‌കോ പെഹച്ചാനോഗേ?’ വിശാഖമല്ല. ബിസാ. അവളെ കണ്ടാല്‍ തിരിച്ചറിയുമോ.

‘സരൂര്‍.’ ഉള്ളു പിടച്ചു.

വിശാഖത്തെ ഇപ്പോള്‍ കാണും. അവളുടെ മുന്‍പില്‍ മുട്ടിന്മേല്‍ നിന്ന്, അവളുടെ കൈ പിടിച്ച് നെഞ്ചില്‍ വച്ചുകൊണ്ടു ചോദിയ്ക്കണം: വരുമോ, വിശാഖം, എന്റെ കൂടെ. ആജീവനാന്തം എന്റേതായി ?

‘ആ ജാ.’ സ്ത്രീ വിളിച്ചു. അവരുടെ പിറകേ പോയി. അവരെവിടുന്നോ ഒരു മെഴുകുതിരി തപ്പിയെടുത്തു കത്തിച്ചു. ബള്‍ബിട്ടാല്‍ പോരേ എന്നു ചിന്തിച്ചു ചുറ്റും നോക്കി. ചുവരില്‍ ഹോള്‍ഡറുണ്ട്, പക്ഷേ ബള്‍ബില്ല.

കത്തുന്ന മെഴുകുതിരിയുമായി അവര്‍ നടന്നു. ഇടിഞ്ഞുവീഴാറായ ഒരു കോണിച്ചുവട്ടിലെത്തിയപ്പോള്‍ അവര്‍ നിന്നു. കോണിച്ചുവട്ടിലെ ഒരു പഴന്തുണിക്കൂട്ടത്തെ ചൂണ്ടിക്കൊണ്ട് അവര്‍ പറഞ്ഞു, ‘ബിസാ.’

ഒരല്‍പ്പസമയം സൂക്ഷിച്ചു നോക്കിയതിനു ശേഷമാണ്, കോണിച്ചുവട്ടിലുള്ളത് പഴന്തുണിക്കൂട്ടമല്ല, പഴന്തുണി പുതച്ചിരിയ്ക്കുന്ന ഒരു മനുഷ്യരൂപമാണെന്നു മനസ്സിലായത്. ‘ഇസ്‌കോ പെഹച്ചാന്‍തേ ഹോ?’ ഇവളെ അറിയാമോ?

മെഴുകുതിരി കൈയ്യില്‍ വാങ്ങി. ചരിഞ്ഞ് ചുരുണ്ടുകൂടി കിടക്കുന്ന രൂപത്തിന്റെ മുഖത്തേയ്ക്ക് മെഴുകുതിരിവെളിച്ചം വീഴ്ത്തി. മെഴുകുതിരി പിടിച്ച കൈ വിറച്ചു. ഒരു നിമിഷം കണ്ണടച്ചു പിടിച്ചു. ദീര്‍ഘശ്വാസം വലിച്ചു. കാണാന്‍ പോകുന്ന കാഴ്ചയെ നേരിടാനുള്ള ധൈര്യം ശേഖരിച്ചു. കണ്ണു തുറന്നു.

കണ്ണു തുറന്നപ്പോള്‍ കണ്ട കാഴ്ച്ച ! ഒന്നേ നോക്കിയുള്ളു, മുഖം തിരിച്ചുകളയേണ്ടി വന്നു!

പൊട്ടിയൊലിയ്ക്കുന്ന വ്രണങ്ങള്‍ മൂടിയ ശരീരം. കവിളുകളിലും ചുണ്ടുകളിലുമെല്ലാം വ്രണങ്ങള്‍. കുഴിയിലാണ്ട കണ്ണുകള്‍. എല്ലും തോലുമായ, ഏകദേശം നിശ്ചലമായ ശരീരം.

പെട്ടെന്ന് അമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞു വന്നു. ‘ഒരു കാര്യം ചെയ്യുന്നുണ്ടെങ്കിലത് നേരേ ചൊവ്വേ ചെയ്യണം.’ അമ്മയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങി.

എവിടുന്നോ ധൈര്യം കിട്ടി.

വീണ്ടും പഴന്തുണിയിലെ രൂപത്തെ നോക്കി. അവിശ്വസനീയത തോന്നി. ഇതെങ്ങനെ വിശാഖമാകും? മെഴുകുതിരി മുഖത്തോടടുപ്പിച്ചു പിടിച്ചു.

ചുരുണ്ട തലമുടിയാണ് ആദ്യം തിരിച്ചറിഞ്ഞത്. രണ്ടു വര്‍ഷം മുന്‍പ് ആ ചുരുണ്ട തലമുടിയില്‍ വിരലുകളോടിച്ചിരുന്നു.

തിരിച്ചറിവ് ശിരസ്സിന്റെ പുറകില്‍ നിന്ന് മുഖത്തേയ്ക്കു മെല്ലെ വ്യാപിച്ചു. ഇതു വിശാഖം തന്നെ.

താന്‍ രണ്ടു വര്‍ഷം വൈകിയിരിയ്ക്കുന്നു, സ്വയം കുറ്റപ്പെടുത്തി.

മനസ്സില്‍ ഭീതിയുണര്‍ന്നു. ജീവനുണ്ടോ ഇല്ലയോ?

മെഴുകുതിരി മുഖത്തോടടുപ്പിച്ചു പിടിച്ചു. ശ്വാസമുണ്ടോ എന്നറിയാന്‍ മുഖം മുഖത്തോടടുപ്പിച്ചു. ദുര്‍ഗന്ധം മൂക്കില്‍ കയറി. അതിനിടയില്‍ അലസമായ ശ്വാസോച്ഛ്വാസത്തിന്റെ ചെറു കുറുകുറാ ശബ്ദം ഇടയ്ക്കിടെ കേള്‍ക്കാനായി. ജീവനുണ്ട്.

‘അമ്മേ, രക്ഷിയ്ക്കണേ.’ പ്രാര്‍ത്ഥന ഉറക്കെയായിരുന്നു.

പറഞ്ഞതെന്തെന്നു മനസ്സിലായില്ലെന്ന മട്ടില്‍ സ്ത്രീ നോക്കി. മെഴുകുതിരി അവരുടെ കൈയ്യില്‍ കൊടുത്തു.

പഴന്തുണിയിലെ രൂപത്തെ പഴന്തുണിയോടെ കോരിയെടുത്തു. നെഞ്ചിലടക്കിപ്പിടിച്ചു കൊണ്ടെഴുന്നേറ്റു.

സ്ത്രീ സ്തബ്ധയായി നോക്കി നിന്നു.

ഇടനാഴിയിലൂടെ സൂക്ഷിച്ച്, മെല്ലെ നടന്നു. എന്തിനീ പാഴ്വേല ചെയ്യുന്നു, എന്ന ചോദ്യം ചോദിച്ചതല്ലാതെ ആരും വഴി തടഞ്ഞില്ല.

വിശാഖത്തേയും കൊണ്ട് പകല്‍ വെളിച്ചത്തില്‍ റോഡിലിറങ്ങി നടക്കാന്‍ തുടങ്ങിയപ്പോഴും, മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് അധോലോകഭീകരരാരും വന്നു തടഞ്ഞില്ല.

മരണവക്ത്രത്തിലെത്തിയിരിയ്ക്കുന്ന മനുഷ്യശരീരം ആര്‍ക്കും ആവശ്യമില്ല. അതിനു വിലയില്ല. അതൊരു ഭാരമാണ്. അതെങ്ങനെയെങ്കിലും പോയിക്കിട്ടിയാല്‍ അത്രയും നന്ന്.

വിചിത്രമായ ആശ്വാസം തോന്നി. വിശാഖം തന്റേതായിരിയ്ക്കുന്നു. കടക്കാന്‍ ബുദ്ധിമുട്ടേണ്ടി വരുമെന്നു ഭയന്നിരുന്ന കടമ്പകള്‍ കേവലം സാങ്കല്‍പ്പികം മാത്രമായിരുന്നെന്നു തെളിഞ്ഞിരിയ്ക്കുന്നു.

ഇനി ഏതു വിധേനയും രക്ഷിച്ചെടുക്കണം.

നടക്കുന്നതിന്നിടയില്‍ രോഗിണിയുടെ മുഖത്തേയ്ക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു. പൊള്ളുന്ന ഉച്ഛ്വാസവായു ഇടയ്ക്ക് മുഖത്തേറ്റപ്പോള്‍ രോഗം പകരുമെന്ന ഭീതിയല്ല, രോഗിണിയ്ക്കു ജീവനുണ്ടല്ലോ എന്ന ആശ്വാസമാണു തോന്നിയത്. ജീവന്റെ മറ്റടയാളങ്ങളൊന്നും ദൃശ്യമായിരുന്നില്ല. ഒരിയ്ക്കല്‍പ്പോലും കണ്ണുകള്‍ തുറന്നില്ല. മരണത്തില്‍ക്കുറഞ്ഞ മോചനങ്ങളൊന്നും തനിയ്ക്കു വേണ്ട എന്നു വിശാഖവും തീരുമാനിച്ച പോലെ തോന്നി.

ആദ്യം നിര്‍ത്തിയ പല ടാക്‌സികളും രോഗിണിയുടെ ബീഭത്സാവസ്ഥ കണ്ടപ്പോള്‍ ഒന്നും പറയാതെ പൊയ്ക്കളഞ്ഞു.

ഒടുവില്‍ നരച്ചുനീണ്ട താടിയുള്ളൊരു സര്‍ദാര്‍ജി ദയവു കാണിച്ചു. ടാക്‌സി നിര്‍ത്തി, ഇറങ്ങി വന്ന് പുറകിലെ ഡോര്‍ തുറന്നു പിടിച്ചു തന്നു.

രോഗിണിയെ മടിയില്‍ കിടത്തി. ഇടത്തുകൈ നിലത്തു വീഴാതെ സൂക്ഷിച്ചു. പൊട്ടിയൊലിയ്ക്കുന്ന വ്രണങ്ങളുള്ള ശരീരഭാഗങ്ങളില്‍ പല തവണ സ്പര്‍ശിയ്‌ക്കേണ്ടി വന്നു. ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെ കാഷ്വാലിറ്റി വാര്‍ഡില്‍ നിന്ന് അല്‍പ്പമകന്ന മറ്റൊരു മുറിയില്‍, പ്രത്യേകമൊരുക്കിയ ബെഡ്ഡില്‍ താത്കാലികമായി കിടത്തുന്നതു വരെ രോഗിണി നെഞ്ചോടു ചേര്‍ന്നിരുന്നിരുന്നു. രോഗം പകരാന്‍ മതിയായതിനേക്കാള്‍ പലമടങ്ങ് അധികസ്പര്‍ശം ഉണ്ടായിക്കഴിഞ്ഞു കാണണം.

രോഗിണിയെ എത്രത്തോളം സ്പര്‍ശിച്ചിട്ടുണ്ടാകാം എന്നു ചോദിച്ചറിഞ്ഞ ശേഷം ആദ്യദിവസം തന്നെ രക്തപരിശോധന നടത്തണമെന്നു ഡോക്ടര്‍ കല്‍പ്പിച്ചിരുന്നു. രോഗിണി രോഗവിമുക്തയാകുന്നതു വരെ രോഗിണിയെ സ്പര്‍ശിച്ചുകാണാന്‍ സാദ്ധ്യതയുള്ളവരെല്ലാം ഇടയ്ക്കിടെ രക്തപരിശോധന നടത്തിക്കൊണ്ടിരിയ്ക്കണം. രോഗബാധയുണ്ടായിട്ടുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം.

അതനുസരിച്ച് രക്തപരിശോധനയ്ക്കു വിധേയനായിക്കൊണ്ടിരിയ്ക്കുന്നു. രോഗബാധ ഇതുവരെയുണ്ടായിട്ടില്ല. പക്ഷേ, മാസങ്ങള്‍ കഴിഞ്ഞ്, തികച്ചും അപ്രതീക്ഷിതമായാകാം, രോഗത്തിന്റെ താഡനം ഏല്‍ക്കുന്നത്. ഇടയ്ക്കിടെയുള്ള രക്തപരിശോധന ഒരിയ്ക്കലും മുടക്കാന്‍ പാടില്ല.

രോഗിണിയെ സ്പര്‍ശിച്ചുപോകരുത് എന്ന ഡോക്ടറുടെ സുഗ്രീവാജ്ഞ ന്യായീകരിയ്ക്കത്തക്കതു തന്നെ.

പക്ഷേ…

ഡോക്ടറുടെ മുറിയില്‍ നിന്ന് നാനൂറ്റിനാല്‍പ്പത്തിനാലാം നമ്പര്‍ മുറിയുടെ സമീപമുള്ള നഴ്‌സസ് കൌണ്ടറിലേയ്ക്കു മടങ്ങിച്ചെന്നപ്പോള്‍ ചീഫ് നഴ്‌സ് ‘വാതിലിന്മേല്‍ മുട്ടുക’ എന്ന് ആംഗ്യം കാട്ടി. ‘ദെയര്‍ ഈസ് എ നഴ്‌സ് ഇന്‍സൈഡ്.’ സദാസമയവും ഒരു നഴ്‌സ് പരിചരണത്തിന്നായി രോഗിണിയുടെ കൂടെത്തന്നെയുണ്ട്. രോഗിണിയുടെ ഗുരുതരാവസ്ഥയുടെ അടയാളം.

നാനൂറ്റിനാല്‍പ്പത്തിനാലിന്റെ വാതിലില്‍ മുട്ടിയ ഉടന്‍ നഴ്‌സ് വാതില്‍ തുറന്നു തന്ന് ഒരു വശത്തേയ്ക്ക് ഒതുങ്ങി നിന്നു. സ്വാഗതം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സിലിക്കണ്‍ വാലിയിലെ ഡെല്‍ കമ്പ്യൂട്ടറിന്റെ കണ്ണഞ്ചിപ്പിയ്ക്കുന്ന ഓഫീസില്‍ ജോയിന്‍ ചെയ്തപ്പോള്‍പോലും തോന്നിയിട്ടില്ലാത്തൊരു വിറയല്‍ ഉള്ളിലുണ്ടായി.

ചാഞ്ചല്യം പാടില്ല. പ്രിയപ്പെട്ട ഒരു ജീവനെ രക്ഷിച്ചെടുത്തിരിയ്ക്കുന്നു. ഇനി അതിനെ സ്വന്തമാക്കണം. ദൃഢനിശ്ചയം ഒന്നുകൂടി ദൃഢമായി.

എവിടുന്നോ ഒരന്ധവിശ്വാസം ഓടിയെത്തി ചെവിയില്‍ മന്ത്രിച്ചു: ‘വലതുകാല്‍ വച്ചു കയറുക’. അനുസരിച്ചു. എല്ലാ നല്ല നിര്‍ദ്ദേശങ്ങളും അനുസരിയ്ക്കാന്‍ തയ്യാര്‍. അന്ധവിശ്വാസമായാലും വേണ്ടില്ല. ജീവിതത്തിനു വീണ്ടും അര്‍ത്ഥമുണ്ടാക്കാനുള്ള സംരംഭത്തിനാണു തുടക്കമിട്ടു കഴിഞ്ഞിരിയ്ക്കുന്നത്. സംരംഭം അബദ്ധവുമാകാം. ചരിത്രത്തില്‍ ആരും ചെയ്തിട്ടില്ലായിരിയ്ക്കാം. എങ്കില്‍പ്പോലും അതു തുടരുക തന്നെ. അതില്‍ പരാജയപ്പെടാന്‍ പാടില്ല.

‘ഒരു കാര്യം ചെയ്യുന്നുണ്ടെങ്കിലത് നേരേ ചൊവ്വേ ചെയ്യണം.’ അമ്മയുടെ വാക്കുകള്‍ വീണ്ടും സ്മരിച്ചു. വലതുകാല്‍ വച്ചു കയറി.

എയര്‍ കണ്ടീഷന്‍ഡ് മുറി. വെനീഷ്യന്‍ ബ്ലൈന്‍ഡിട്ട വലിയൊരു ജനല്‍. ജനലില്‍ നിന്ന് അല്‍പ്പമകലെയായി ഉയരമുള്ള കട്ടില്‍. കട്ടിലിന്റെ ഒരു വശത്ത് ഐവി സ്റ്റാന്റ്, മറുവശത്ത് ഇന്‍ഫ്യൂഷന്‍ പമ്പ്. പുറകില്‍ പല പല ഉപകരണങ്ങള്‍, മോണിറ്ററുകള്‍, കമ്പ്യൂട്ടര്‍. കിടയ്ക്കയ്ക്കു കുറുകെ ഒരു ഓവര്‍ബെഡ് ടേബിള്‍.

കട്ടിലില്‍ രോഗിണിയുടെ ശിരസ്സൊഴികെ, ശരീരം മുഴുവന്‍ വെളുത്ത പുതപ്പിന്റെ മൃദുലമായ മടക്കുകള്‍ കൊണ്ടു മൂടിയിരിയ്ക്കുന്നു. ശിരസ്സു മാത്രം കാണാം. ചുരുണ്ടമുടി തലയണയുടെ പുറകിലേയ്ക്കിട്ടിരിയ്ക്കുന്നു.

ആ ചുരുണ്ട മുടിയാണ് അടയാളം. രണ്ടു വര്‍ഷമായി ഈ ചുരുണ്ടമുടി മനസ്സിലുണ്ട്. അല്‍പ്പമൊന്നു ചെമ്പിച്ചതൊഴിച്ചാല്‍ ചുരുണ്ട മുടിയ്ക്ക് അതിനു മാത്രം വലിയ ആപത്തു സംഭവിച്ചിട്ടില്ല. കാമാഠിപുരയിലെ കോണിച്ചുവട്ടിലെ ഇരുട്ടില്‍ ആളെ തിരിച്ചറിയാന്‍ സഹായകമായത് ഈ ചുരുണ്ട മുടിയാണ്.

ചുരുണ്ട മുടിയോടൊപ്പം മറ്റൊന്നു കൂടി മനസ്സില്‍ മായാതെ നിലനിന്നിരുന്നു: ആ കണ്ണുകള്‍. എന്താണെന്നറിയില്ല. ആ കണ്ണുകളില്‍ അവാച്യമായൊരു കാന്തികശക്തി അനുഭവപ്പെട്ടിരുന്നു. ആ കണ്ണുകളില്‍ നിന്നുള്ള നോട്ടത്തില്‍ എന്തൊക്കെയാണ് ഉള്ളടങ്ങിയിരുന്നത്? സ്‌നേഹം, കരുണ… മറ്റൊരു നോട്ടത്തിലും ഇത്രത്തോളം ആര്‍ദ്രതയും സ്‌നേഹവും കരുണയും ഉള്ളതായി തോന്നിയിട്ടില്ല.

മുംബൈയിലെ ചുവന്നതെരുവില്‍ ഇത്തരം മാസ്മരികതയുള്ള കണ്ണുകള്‍ ഉണ്ടാകുമെന്നു സ്വപ്‌നേപി വിചാരിച്ചിരുന്നില്ല.

രണ്ടു വര്‍ഷം മുന്‍പ് ആ മടിയില്‍ കിടന്നുറങ്ങിയ സമയം കണ്ണുകളിലെ സ്‌നേഹവും കരുണയും അത്ര ശ്രദ്ധിയ്ക്കാതെ പോയി. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ആ കണ്ണുകള്‍ക്ക് മനസ്സിലെ സ്‌ക്രീനില്‍ കൂടുതല്‍ തെളിമ ലഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചിത്രം കൂടുതല്‍ വ്യക്തത നേടി. പിന്നീടങ്ങോട്ട് ഓരോ മാസം കഴിയുന്തോറും അവ മനസ്സിനെ മോഹിപ്പിച്ചു, കീഴ്‌പ്പെടുത്തി.

അതങ്ങനെയാണ്. കണ്ടു കഴിഞ്ഞ ചില കാഴ്ചകള്‍ ദിവസങ്ങള്‍ കൊഴിയുന്തോറും മങ്ങിക്കൊണ്ടിരിയ്ക്കും. കുറേക്കഴിയുമ്പോള്‍ അവ വിസ്മരിയ്ക്കപ്പെടുകയും ചെയ്യും. എന്നാല്‍ ചുരുക്കം ചില കാഴ്ചകള്‍ കാണുന്ന നിമിഷം ശ്രദ്ധിയ്ക്കപ്പെടില്ല. അവ ഉപബോധമനസ്സിലോ മറ്റെവിടെയെങ്കിലുമോ കയറിക്കൂടി സേവു ചെയ്യപ്പെടുന്നു. നാളുകള്‍ ചെല്ലുമ്പോള്‍ അവ ബോധമനസ്സിലേയ്ക്ക് അസുലഭവ്യക്തതയോടെ ചേക്കേറുന്നു. തെളിമ കൂടിക്കൂടി വരുന്നു. മനസ്സിനെ അലട്ടുന്നു.

ഇന്നിപ്പോള്‍ ആ കണ്ണുകളടഞ്ഞിരിയ്ക്കുന്നു. മെലിഞ്ഞു നീണ്ട കരങ്ങള്‍ രണ്ടും പുതപ്പിനു പുറത്തുണ്ട്. പുതപ്പു മൂടിയ മാറിടം ശ്വാസോച്ഛ്വാസത്തിന്നനുസരിച്ച് മെല്ലെ ഉയരുകയും താഴുകയും ചെയ്യുന്നു.

ഒരാഴ്ച മുന്‍പ്, ഒരു കോണിച്ചുവട്ടിലെ ഇരുട്ടില്‍, എല്ലുന്തിയ ശരീരത്തില്‍ ശ്വാസം അവശേഷിയ്ക്കുന്നുണ്ടോ എന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടിയിരുന്നു.

രോഗിണി ഉറങ്ങുകയായിരിയ്ക്കണം. ചുവരിന്നടുത്തിട്ടിരിയ്ക്കുന്ന സെറ്റിയിലിരിയ്ക്കാന്‍ നഴ്‌സ് കൈകൊണ്ടാംഗ്യം കാണിച്ചു. ഇരിയ്ക്കാന്‍ തോന്നിയില്ല. ഹൃദയമിടിപ്പോടെ കിടക്കയുടെ അരികിലേയ്ക്കു നീങ്ങി നിന്നു. രോഗിണിയെ ഉറ്റു നോക്കി.

ഒരാഴ്ചമുന്‍പ് മുഖത്തിനുണ്ടായിരുന്ന ഭീകരതയ്ക്ക് വലുതായ കുറവു വന്നിരിയ്ക്കുന്നു. വ്രണങ്ങള്‍ മൂടിയിരുന്ന മുഖത്തിനും ചുണ്ടുകള്‍ക്കും വലുതായ മാറ്റം വന്നിരിയ്ക്കുന്നു. ഉന്തിയിരുന്ന കവിളെല്ലുകള്‍ ഒരല്പം പിന്‍വലിഞ്ഞ പോലെ. കണ്ണുകളുടെ കുഴികളും അല്പം നികന്നിരിയ്ക്കുന്നു.

നഴ്‌സ് ഓവര്‍ബെഡ് ടേബിള്‍ പതുക്കെ മാറ്റി. അതിന്റെ നേരിയ ശബ്ദം കേട്ടാകണം, രോഗിണി മെല്ലെ കണ്ണു തുറന്നു.

കണ്ണുകളില്‍ നേരിയ ചുവപ്പ്.

ഒരാഴ്ച മുന്‍പ് ടാക്‌സിയില്‍ വച്ച് കണ്ണുകളില്‍ നിന്നൊഴുകിയിരുന്ന പീള തുണികൊണ്ടു തുടച്ചു മാറ്റിയിരുന്നു. ഇന്നു കണ്ണുകളില്‍ ചുവപ്പു നിറമുണ്ടെങ്കിലും പീളയില്ല. പകരം ചൈതന്യത്തിന്റെ ലാഞ്ഛന.

രോഗിണിയുടെ ദൃഷ്ടിയില്‍ പെട്ടു. രോഗിണി കണ്ണിമയ്ക്കാതെ മുഖത്തേയ്ക്കു തന്നെ നോക്കിക്കിടന്നു.

ജീവന്റെ ലക്ഷണമില്ലാത്ത ശരീരം നെഞ്ചോടു ചേര്‍ത്തു പിടിച്ചുകൊണ്ട് ഫോക്‌ലന്റ് റോഡിലേയ്ക്കു ധൃതിയില്‍ നടക്കുമ്പോള്‍ കുഴിയിലാണ്ട കണ്ണുകള്‍ ഒരു തവണയെങ്കിലും തുറക്കണേയെന്നു പ്രാര്‍ത്ഥിച്ചതോര്‍ത്തു. അന്നു തുറക്കാന്‍ വേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ച കണ്ണുകള്‍ ഇന്നു തുറന്ന് തന്റെ മുഖത്തൂന്നിയിരിയ്ക്കുന്നു.

മന്ദഹസിച്ചുകൊണ്ട് കിടക്കയോടടുത്തു.

‘ഛുവോ മത്, സര്‍. ഡോണ്ട് ടച്ച് ഹെര്‍!’ നഴ്‌സ് മുന്നറിയിപ്പുനല്‍കി. രോഗിയെ തൊടരുത്.

രോഗിണിയുടെ ചുണ്ടനങ്ങി. പക്ഷേ, ശബ്ദം പുറത്തു വന്നില്ല. എന്തോ പറയാന്‍ ശ്രമിച്ചതായിരിയ്ക്കണം. ക്ഷീണം കൊണ്ടായിരിയ്ക്കാം, രോഗിണി കണ്ണുകളടച്ചു. ആ കവിളുകളിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങി.

അല്‍പ്പസമയം കഴിഞ്ഞ് രോഗിണി വീണ്ടും കണ്ണു തുറന്നു. മുഖത്തേയ്ക്കു തന്നെ നോക്കിക്കിടന്നു. വീണ്ടും എന്തോ പറയാന്‍ ശ്രമിയ്ക്കുന്നതു കണ്ടപ്പോള്‍ രോഗിണിയുടെ മുഖത്തോട് കാതടുപ്പിച്ചു. ക്ഷീണിതശബ്ദം കേട്ടു:

‘ഭ്രാന്തുണ്ടോ?’

You May Also Like

അധിക പണം നേടാൻ 15 സൈഡ് ജോലികൾ

നിങ്ങളുടെ അടുത്ത അവധിക്കാലം ചെലവഴിക്കാൻ നിങ്ങൾ പാടുപെടുകയാണോ? അടുത്ത മാസത്തെ വാടക കൊടുത്തോ ? നമ്മൾ…

തൊപ്പി ധരിക്കുന്നവർ വായിച്ചിരിക്കാൻ… മുടികൊഴിച്ചിലിന് കാരണമാകുമോ? എന്താണ് സത്യം ?

തൊപ്പി ധരിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമോ? എന്താണ് സത്യം ? തൊപ്പി ധരിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമോ? എന്താണ്…

“ഛോളി കേ പിഛേ” – കാലം പോയ പോക്കേ..!!

ദൂരദര്‍ശനു പുറമെ മറ്റ്ചാനലുകളുടെ അരങ്ങേറ്റത്തോടെ, വീട്ടിലുള്ളവരിലെ പലരുടെ മുഖവും കഷായം കുടിച്ചതുപോലെയായി. ദൂരദര്‍ശന്‍ നടത്തിയിരുന്ന സെന്‍സര്‍ (censor) ന്റെ ഭാഗമായിട്ട് കാണിച്ചിരുന്ന പൂവിന്റെയും അരയന്നങ്ങളുടെ ക്ലിപ്പുകള്‍ സ്റ്റാര്‍മൂവീസ് പോലത്തെ ചാനലുകള്‍ കാണിക്കാത്തതായിരുന്നു പ്രധാനകാരണം.

ഹൈടെക്ക് പേരന്റിംഗ് : പിള്ളേരെ നോക്കാന്‍ ഇനി ന്യൂജെന്‍ കണ്ടുപിടുത്തങ്ങള്‍

പേരന്‍റിംഗ് എളുപ്പമാക്കാനും ഇപ്പോള്‍ ഹൈ-ടെക്ക് ഗാഡ്ജറ്റുകള്‍! ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും!!!