സ്കോര്‍പ്പിയോ മുന്നോട്ടു നീങ്ങുന്നതിനു മുന്‍പ് സദാശിവന് വിശാഖത്തോടു പറഞ്ഞു, ‘ചേച്ചി മുന്സീറ്റിലിരിയ്ക്ക്. ഞാന്‍ പുറകിലിരിയ്ക്കാം.’ ‘നോ പാര്‍ക്കിങ്ങ് ഏരിയയിലാണു പാര്‍ക്കു ചെയ്തിരിയ്ക്കുന്നത്, വേഗം സ്ഥലം വിട്ടോ’ എന്ന കോണ്‍സ്റ്റബിളിന്റെ താക്കീതു നിലവിലുണ്ടായിരുന്നതിനാല്‍ വിശാഖം തടസ്സങ്ങളുന്നയിയ്ക്കാതെ തന്നെ മുന്‍സീറ്റില്‍ സദാനന്ദിന്റെ അരികിലിരുന്നു. ശരീരങ്ങള്‍ തമ്മില്‍ മുട്ടാതെ. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ സദാനന്ദ് വിശാഖത്തെ നോക്കി വിജയഭാ!വത്തില്‍ പുഞ്ചിരിച്ചു. വിശാഖത്തിന്റെ മുഖത്തു ചിരിയുദിയ്ക്കാതിരുന്നതുകൊണ്ട് സദാനന്ദിന്റെ ചിരി ഉടന്‍ മാഞ്ഞു. വിശാഖം വിഷാദത്തോടെ ചോദിച്ചു, ‘അമേരിക്കയിലേയ്ക്കു പോകാതെ സദു എന്തു ചെയ്യാന്‍ പോകുന്നു?’
സദാനന്ദിന്റെ മുഖം പ്രസന്നമായി. ‘ഞാന്‍ കാമാഠിപുരയില്‍ ഇഡ്ഡലിയും ചപ്പാത്തിയും ഉണ്ടാക്കാന്‍ പോകുന്നു. ചെലപ്പൊ ചെരിപ്പും ഉണ്ടാക്കും.’
സദാശിവന് പൊട്ടിച്ചിരിച്ചു. ചെറിയമ്മ കുലുങ്ങിച്ചിരിച്ചു. വിഷാദിച്ചിരുന്നിരുന്ന വിശാഖം പോലും ചിരിച്ചുപോയി. എങ്കിലും വീണ്ടുമവള്‍ ഗൌരവം പൂണ്ടു. ‘സദൂ, ഇനി ജീവിതകാലം മുഴുവന്‍ ഞാന്‍ സദൂന്റെ ജോലി കളയിച്ചതോര്ത്തു ദുഃഖിയ്ക്കേണ്ടി വരില്ലേ.’
‘വിശാഖം, ഞാനിനി എന്തിനുവേണ്ടിയാണു ജോലിയ്ക്കു പോകേണ്ടത്, നീ പറയ്.’
‘സദുവിന്റെ വളര്‍ച്ച തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. ഞാനതു നശിപ്പിച്ചു.’
‘വിശാഖം, മനുഷ്യന് ഗോപുരം പോലെ കുത്തനെ ഉയര്ന്നുകൊണ്ടിരിയ്ക്കുന്നതല്ല വളര്‍ച്ച. കുറേ കൊല്ലങ്ങള്‍ ഞാനങ്ങനെ വളര്‍ന്നുകൊണ്ടിരുന്നു. അത്തരം വളര്‍ച്ച ഒരളവു വരെ നല്ലതാണ്. അതുകഴിഞ്ഞാല്‍ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. വളര്‍ച്ച കൊണ്ടു പ്രത്യേകം ഗുണമില്ലാത്ത അവസ്ഥയിലാണ് ഞാനിപ്പോള്‍. ഈ സ്കോര്‍പ്പിയോ പോലുള്ള അഞ്ഞൂറു വണ്ടികള്‍ വാങ്ങാന്‍ എനിയ്ക്കു കഴിവുണ്ട്. ആ കഴിവ് ആയിരം വണ്ടികള്‍ വാങ്ങാനുള്ളതാക്കി ഉയര്ത്തുന്നതുകൊണ്ടെന്തു ഗുണം? ഒരായുസ്സിലേയ്ക്ക് മൂന്നോ നാലോ വണ്ടികള്‍ മാത്രമല്ലേ വേണ്ടൂ.’
‘ചേട്ടന് അഞ്ഞൂറു സ്കോര്‍പ്പിയോ വാങ്ങാന്‍ പറ്റ്വോ?’ സദാശിവന് അത്ഭുതപ്പെട്ടു.
‘സദൂ, സദാശിവന് ഒരു സ്കോര്‍പ്പിയോ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യട്ടേ? അവനോടിച്ചുകൊണ്ടു നടക്കട്ടെ.’
‘ആസ് യു ലൈക്ക് ഇറ്റ്, മാം.’ സദാനന്ദ് തലകുനിച്ച് ബഹുമാനം അഭിനയിച്ചു.
‘അവന് അതുമിതും വാങ്ങിക്കൊടുത്ത് കാശു വെറുതേ കളയണ്ട മക്കളേ.’ ചെറിയമ്മ ഉപദേശിച്ചു. സദാശിവന് ആശയോടെ വിശാഖത്തെ നോക്കി.
‘നീയൊന്നുകൊണ്ടും ഭയപ്പെടണ്ട.’ വിശാഖം അവനെ ആശ്വസിപ്പിച്ചു. വിശാഖം തിരിഞ്ഞ് ചെറിയമ്മയെ സ്പര്‍ശിച്ച്, ‘അതുകൊണ്ടൊന്നും ഒരു കുഴപ്പവും ഇല്ലമ്മേ.’ സദാശിവന് ആഹ്ലാദത്തിന്റെ തിരതള്ളലില്‍ കൈകളുയര്‍ത്തി. ‘ആട്ടെ, സദാശിവാ, നിനക്ക് ലൈസന്‍സുണ്ടോ?’
‘ഉവ്വേച്ചീ. ലൈസന്‍സുണ്ട്. മാരുതി ആള്‍ട്ടോ കാറൂണ്ടായിരുന്നു. സദുച്ചേട്ടന്‍ വാങ്ങിത്തന്നിരുന്നതാ.’ സദാശിവന് ആരാധനയോടെസദാനന്ദിനെ നോക്കി. ‘കാറിപ്പോ സൌദാമിനിച്ചേച്ചീടെ വീട്ടില്ണ്ട്.’
‘നിനക്ക് എവിടുന്നു ഡെലിവറിയെടുക്കാനാ സൌകര്യം? എറണാകുളത്ത്ന്നോ തൃശൂര്ന്നോ?’
‘അവന് എറണാകുളത്ത്ന്ന് എടുക്കുന്നതായിരിയ്ക്കും കൂടുതല്‍ സൌകര്യം.’
ഇതിന്നിടെ സദു ഫോക്ക്ലന്റ് റോഡിലേയ്ക്ക് സ്കോര്‍പ്പിയോ തിരിച്ചുകഴിഞ്ഞിരുന്നു. ബക്കഡേയുടെ കാര്‍ പിന്നില്ത്തന്നെയുണ്ടെന്ന് മിററില്‍ കൂടി കണ്ടു. അങ്ങകലെ റോഡിന്റെ ഇരുഭാഗത്തും കുറേ വനിതകള്‍ കൂട്ടം കൂടി നില്ക്കുന്നതു കണ്ടു. അവരുടെ ഇടയിലൂടെ സ്കോര്‍പ്പിയോ ഓടിച്ചുകൊണ്ടു പോകാന്‍ ബുദ്ധിമുട്ടായിരിയ്ക്കുമെന്നു സദാനന്ദിനു തോന്നി. വനിതകള്‍ കൂട്ടം കൂടി നില്ക്കുന്നിടത്തുനിന്ന് കുറച്ചുകൂടി പോയിട്ടുവേണം ഫിഫ്ത് ലെയിനിലേയ്ക്കു തിരിയാന്‍. ഫിഫ്ത് ലെയിനിലേയ്ക്കു തിരിഞ്ഞയുടനേയാണ് കാമാഠിപുര വിമന്‍സ് വെല്‍ഫെയര്‍ സെന്റര്‍.
സദാനന്ദ് സ്കോര്‍പ്പിയോ റോഡരികില്‍ ഒതുക്കി നിര്‍ത്തി. ബക്കഡേയുടെ കാറും പുറകില്‍ വന്നു നിന്നു. സദാനന്ദ് ബക്കഡേയ്ക്കു ഫോണ്‍ ചെയ്തു. ‘ചാച്ചാജീ, റോഡു ബ്ലോക്കാണെന്നു തോന്നുന്നു. വേറെ വഴിയുണ്ടോ?’
ബക്കഡേയുടെ മറുപടികേട്ട് സദാനന്ദ് അത്ഭുതപ്പെട്ടു. വിശാഖം ബേട്ടി ദേവദാസികളെ പുനരുദ്ധരിയ്ക്കാന്‍ വേണ്ടി വെല്‍ഫെയര്‍ സെന്റര്‍ തുടങ്ങുന്നു എന്നു കേട്ട് ആ പ്രദേശത്തെ ദേവദാസികളിലൊരുപാടു പേര് ബേട്ടിയെ സ്വീകരിയ്ക്കാന്‍ രാവിലേ മുതല്‍ നമ്മുടെ കെട്ടിടത്തിനു മുന്നില്‍ കാത്തു നില്ക്കാന് തുടങ്ങിയിരുന്നു. അല്പം മുന്‍പ് ഞങ്ങള്‍ ബ്രീച്ച് കാന്റിയിലേയ്ക്കു പോരുമ്പോള്‍ത്തന്നെ ആ റോഡു നിറഞ്ഞു കവിഞ്ഞിരുന്നു. അപ്പോഴുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ദേവദാസികള്‍ ഇപ്പോഴെത്തിയിരിയ്ക്കുന്നു.
‘വിശാഖം, അവര്‍ നിന്നെക്കാത്തു നില്‍ക്കുന്നവരാണ്.’ സദാനന്ദ് അറിയിച്ചു. ‘രാവിലേ മുതല്ക്കേ വനിതകള്‍ നിന്നെക്കാത്തു നില്ക്കാന് തുടങ്ങിയിരുന്നെന്നാണു ചാച്ചാജി പറഞ്ഞത്.’
വനിതകളെ റോഡരികിലേയ്ക്ക് ഒതുക്കി നിര്‍ത്തി സ്കോര്‍പ്പിയോയ്ക്കു കഷ്ടിച്ചു കടന്നു പോകാവുന്ന ഇടമുണ്ടാക്കിക്കൊണ്ട് രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ മുന്നോട്ടു വന്നു. അവര്‍ സ്കോര്‍പ്പിയോ മുന്നോട്ടെടുത്തോളാനുള്ള സിഗ്നല്‍ കൊടുത്തു. വിശാഖം സദാനന്ദിന്റെ കൈയില്‍ സ്പര്‍ശിച്ചു. ‘സദൂ, ഞാന്‍ നടന്നു ചെല്ലാം.’ അവള് സ്കോര്‍പ്പിയോയില്‍ നിന്നിറങ്ങി വനിതകളുടെ കൂട്ടത്തിന്റെ നേരേ നടന്നു. അവളുടെ മുഖം പ്രകാശിച്ചിരുന്നു.
‘വിശാഖം, നീ തനിച്ചു നടക്കണ്ട. ഞങ്ങളും കൂടെ വരാം.’ പരിഭ്രമത്തോടെ സദാനന്ദും വിശാഖത്തിന്റെ കൂടെച്ചെന്നു.
സദാശിവനും ചെറിയമ്മയും മെല്ലെ വണ്ടിയില്‍ നിന്നു പുറത്തിറങ്ങി. അപ്പോഴേയ്ക്കും ബക്കഡേയും ഭാര്യയും കാറില്‍ നിന്നിറങ്ങി അവരുടെ ഒപ്പമെത്തി. ‘ചാച്ചാജീ, അവരുടെ മദ്ധ്യത്തിലേയ്ക്കു നടന്നു ചെല്ലുന്നത് സുരക്ഷിതമായിരിയ്ക്കുമോ?’
‘ഒരുപാടു വനിതകളുള്ളതുകൊണ്ട് എനിയ്ക്കും ആശങ്കയുണ്ട്. വിശാഖത്തിനെ നമ്മുടെ മദ്ധ്യത്തില്‍ നിര്‍ത്തുന്നതായിരിയ്ക്കും നല്ലത്.’
ബക്കഡേയും സദാനന്ദും വിശാഖത്തെ തങ്ങളുടെ മദ്ധ്യത്തിലാക്കിക്കൊണ്ട് അവളുടെ കൂടെ നടന്നു. ചെറിയമ്മയെ മദ്ധ്യത്തില്‍ സുരക്ഷിതമാക്കിക്കൊണ്ട് സദാശിവനും ബക്കഡേയുടെ പത്നിയും പുറകില്‍ നടന്നു. ഭയം എല്ലാവരുടേയും മുഖത്തു നിഴലിച്ചു. വിശാഖത്തിന്റേതൊഴികെ. അവള് ഉത്സാഹത്തോടെ നടന്നു. ഈ ആള്‍ക്കൂട്ടം അവള്‍ക്കൊരു പ്രചോദനമായിരുന്നിരിയ്ക്കണം.
വിശാഖത്തെ അകലെനിന്നു കണ്ടയുടന്‍ വനിതകള്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ നിയന്ത്രണങ്ങളെ അവഗണിച്ച് വിശാഖത്തിന്റെ നേരേ ഓടിവന്നു. അവരുടെ വരവുകണ്ടു പകച്ച് സദാനന്ദും ബക്കഡേയും വിശാഖത്തിന്റെ മുന്പില് കയറിനിന്ന് പ്രതിരോധിയ്ക്കാന്‍ തയ്യാറായി. ‘സദൂ’, ‘ചാച്ചാജീ’ എന്നു വിളിച്ച് വിശാഖം അവരെ പുറകോട്ടു വലിച്ച്, സ്വയം മുന്നോട്ടു ചെന്നു. നിമിഷങ്ങള്‍കൊണ്ട് വിശാഖത്തെ ദേവദാസികള്‍ പൊതിഞ്ഞു. ‘ബിസ ദീദി’, ‘ദീദി’ എന്ന് ആവേശപൂര്‍വ്വം പറഞ്ഞുകൊണ്ട് അവര്‍ വിശാഖത്തെ സ്പര്‍ശിച്ചു. ചിലര്‍ ആലിംഗനം ചെയ്തു. ചിലര്‍ കണ്ണുനീര് വാര്‍ത്തു. മറ്റുചിലര്‍ ചിരിച്ചുല്ലസിച്ചു.
കാമാഠിപുരയില്‍ ചെല്ലാന്‍ തുടങ്ങിയശേഷം സായാഹ്നങ്ങളില്‍ അവിടുന്നു മടങ്ങിപ്പോരുമ്പോള്‍ പുരുഷന്മാരെ ആകര്‍ഷിയ്ക്കാനായി അവിടുത്തെ ദേവദാസികള്‍ പൊതുവില്‍ ഉപയോഗിയ്ക്കാറുള്ള മാദകമായ വസ്ത്രധാരണമായിരുന്നില്ല ഇപ്പോഴവരുടേത്. മിയ്ക്കവരും കടും പച്ച, നീല, ചുവപ്പ് നിറങ്ങളിലുള്ള സാരിയും ബ്ലൌസുമാണു ധരിച്ചിരുന്നത്. മിയ്ക്കവരും അത് മറാഠി രീതിയില്‍ ഉടുത്തിരുന്നു. തങ്ങളുടെ പക്കലുള്ള ഏറ്റവും നല്ല വസ്ത്രങ്ങളായിരുന്നിരിയ്ക്കണം അവര്‍ ഇന്നു പുറത്തെടുത്തിരിയ്ക്കുന്നത്. സദാനന്ദ് ഓര്‍ത്തു.
വിശാഖത്തെ സ്പര്ശിയ്ക്കാനായിരുന്നു, അവര്‍ക്കു തിരക്ക്. അവരുടെ ആവേശത്തള്ളലില് സദാനന്ദും ബക്കഡേയും മറ്റുള്ളവരും പുറകിലായി. വിശാഖം വനിതകളുടെ മദ്ധ്യത്തിലായി. അവര്‍ ഉത്സാഹത്തോടെ വിശാഖത്തോട് പലതും ചോദിയ്ക്കുകയും വിശാഖം അവയ്ക്കൊക്കെ മറുപടി പറയുകയും ചെയ്തിരുന്നു. വിശാഖത്തിന്റെ മൊഴികള്‍ കേള്‍ക്കാന്‍ അവര്‍ മത്സരിച്ചു. ചുറ്റും നടക്കുന്ന വനിതകളോടുള്ള സ്നേഹവും ദയയും അവളുടെ മുഖത്തു പ്രകടമായിരുന്നു. ആ ശബ്ദകോലാഹലങ്ങള്‍ക്കിടയിലും അവരുടെ ആകാംക്ഷയോടെയുള്ള ചോദ്യങ്ങളെല്ലാം ശ്രദ്ധിച്ചുകേട്ട് അവയ്ക്കെല്ലാം അവള് ക്ഷമയോടെ മറുപടി പറഞ്ഞു. വിശാഖത്തിന്റെ മുഖം തിളങ്ങി. അവളുടെ ക്ഷീണമെല്ലാം പമ്പ കടന്നതായി സദാനന്ദിനു തോന്നി. ഈ വനിതകള്‍ക്ക് വിശാഖത്തോട് ഇത്രയ്ക്ക് ആരാധന ഇത്ര പെട്ടെന്നു തോന്നാനെന്തായിരിയ്ക്കാം കാരണമെന്ന് സദാനന്ദ് ബക്കഡേയോട് ആരാഞ്ഞു.
ഐ കാന്‍ ഒണ്‍ളി ഗെസ്സ്. ബക്കഡേ ചിന്തിച്ചുകൊണ്ടു പറഞ്ഞു. എന്റെ ഊഹം ഇതൊക്കെയാണ്. പല കാരണങ്ങളുമുണ്ടാവാം. വല്ലപ്പോഴുമൊക്കെ, വിരളമായി, ചില കസ്റ്റമേഴ്സ് ചില ദേവദാസികളെ കാമാഠിപുരയില്‍ നിന്നു രക്ഷപ്പെടുത്താറുണ്ട്. രക്ഷപ്പെട്ടവര്‍ കാമാഠിപുരയില്‍ നിന്ന് എന്നെന്നേയ്ക്കുമായി പോകുകയായിരിയ്ക്കാം ചെയ്തിരിയ്ക്കുന്നത്. രക്ഷപ്പെട്ടുപോകുന്നവര്‍ കാമാഠിപുരയിലെ തങ്ങളുടെ സഹപ്രവര്‍ത്തകരും സ്നേഹിതകളുമായിരുന്നവരെ സ്മരിയ്ക്കാറു പോലുമുണ്ടായിരുന്നിരിയ്ക്കില്ല. ഇവിടെ ബേട്ടിയാകട്ടെ, അവരെ സ്മരിയ്ക്കുക മാത്രമല്ല, അവരെ രക്ഷിയ്ക്കാനൊരുങ്ങുക കൂടി ചെയ്തിരിയ്ക്കുന്നു. ബേട്ടിയ്ക്ക് ബേട്ടയെ കല്യാണം കഴിച്ച് അമേരിയ്ക്കയ്ക്ക് പോകാമായിരുന്നിട്ടും അതു ചെയ്യാതെ, ഇവിടുത്തെ അബലകളെ രക്ഷിയ്ക്കാനായി ഇവിടേയ്ക്കു തിരിച്ചുവന്നിരിയ്ക്കുന്നത് കാമാഠിപുരയുടെ ചരിത്രത്തില്‍ ആദ്യമായിരിയ്ക്കും. ബേട്ടി മരിയ്ക്കാറായപ്പോള്‍ ഇവര്‍ നിസ്സഹായതകൊണ്ടു ബേട്ടിയെ കൈയ്യൊഴിയേണ്ടി വന്നതിലുള്ള ദുഃഖവും കുറ്റബോധവും അവര്‍ക്കുണ്ട് എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മരണത്തില്‍ നിന്നു കര കയറിപ്പോന്ന വ്യക്തിയോട് പ്രത്യേക സ്നേഹവും സഹതാപവും തോന്നുക പതിവാണ്. മാത്രമല്ല, ബേട്ടിയെ ഇവരില്‍പ്പലരും ഇഷ്ടപ്പെട്ടിരുന്നെന്ന് രത്നാബായി പറഞ്ഞിട്ടുണ്ട്. ബേട്ടിയെപ്പോലെ പഠിപ്പും അറിവുമുള്ളവര്‍ ദേവദാസികള്‍ക്കിടയില്‍ വളരെക്കുറവാണ്. ദേവദാസികളില്‍ പലരും ഉപദേശങ്ങള്‍ക്കായി ബേട്ടിയെ സമീപിയ്ക്കാറുണ്ടായിരുന്നത്രെ. ബേട്ടിയുടെ മുന്നില്‍ പലരും വന്നു നിന്നു കരയുമ്പോള്‍ ബേട്ടി നല്ല വാക്കുപറഞ്ഞ് അവരെ ആശ്വസിപ്പിയ്ക്കാറുണ്ടായിരുന്നെന്നും രത്നാബായി പറഞ്ഞിരുന്നു.
വിമന്‍സ് വെല്‍ഫെയര്‍ സെന്ററിന്റെ മുന്‍ഭാഗം പുഷ്പങ്ങള്‍കൊണ്ട് അലങ്കരിച്ചിരുന്നു. അന്തേവാസിനികളായ പെണ്‍കുട്ടികളായിരുന്നു, കെട്ടിടം അതിരാവിലേ തന്നെ അലങ്കരിച്ചതെന്നു ബക്കഡേ പറഞ്ഞു. ‘കാമാഠിപുര മഹിളാ കല്യാണകേന്ദ്ര’ എന്ന് മറാഠിയില്‍, വലിയ അക്ഷരങ്ങളിലും കാമാഠിപുര വിമന്‍സ് വെല്‍ഫെയര്‍ സെന്റര്‍ എന്ന് ഇംഗ്ലീഷില്‍ ചെറിയ അക്ഷരങ്ങളിലും മനോഹരമായി പെയിന്റു ചെയ്ത ബോര്‍ഡില്‍ എഴുതിയിരുന്നു. ബോര്‍ഡിനെ പൂമാലകള്‍ കൂടുതല്‍ വര്‍ണ്ണാഭമാക്കി.
വെല്‍ഫെയര്‍ സെന്ററിനു മുന്നിലെത്തിയ വിശാഖത്തിന്റെ മുഖമൊന്നു കാണാന്‍ സദാനന്ദ് ആഗ്രഹിച്ചു. ഈ കെട്ടിടത്തിലെ അവളുടെ ഭൂതകാലം കൈയ്പു നിറഞ്ഞതായിരുന്നു. ആ ദുരിതകാലഘട്ടം ഇങ്ങിനിവരാതവണ്ണം പോയ്മറഞ്ഞുകഴിഞ്ഞിരിയ്ക്കുന്നു. ഇനിയൊന്നും ഭയപ്പെടാനില്ല. നിന്റെ സുവര്ണ്ണകാലമാണിനിയുള്ളത്. ധൈര്യമായി അകത്തുകടക്കുക എന്നു പറയാന്‍ സദാനന്ദ് ആഗ്രഹിച്ചു. പക്ഷേ വിശാഖം കുറേ മുന്പില്, വനിതകളുടെ മദ്ധ്യത്തിലായിരുന്നു.
വെല്‍ഫെയര്‍ സെന്ററിന്റെ പടവുകള്ക്കു മുന്നില്‍ വച്ച് രത്നാബായിയും കൂട്ടരും വിശാഖത്തിനെ ആരതിയുഴിഞ്ഞു തിലകം ചാര്‍ത്തി അകത്തേയ്ക്കാനയിച്ചു. ആദ്യപടവിലേയ്ക്കു വലതുകാല്‍ വയ്ക്കുന്നതിനുമുന്‍പ് വിശാഖം നിരവധി ശിരസ്സുകള്ക്കിടയിലൂടെ സദാനന്ദിനെ നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നോ. പാടില്ല. കണ്ണുകള്‍ നിറയരുത്. നിന്റെ മുഖത്തിനി കണ്ണുനീര് പാടില്ല. സദാനന്ദ് വിശാഖത്തെ നോക്കിക്കൊണ്ടു മന്ത്രിച്ചു. അതു മനസ്സിലാക്കിയെടുത്തിട്ടാകണം, അവള് മന്ദഹസിച്ചു. മാന്ത്രികശക്തിയുള്ള ആ മന്ദഹാസം.
വിശാഖം ബക്കഡേയെ നോക്കി കൈകളുയര്‍ത്തി വണങ്ങി. ബക്കഡേ കരമുയര്‍ത്തി ആശീര്‍വദിച്ചു. വിശാഖം ‘അമ്മേ…’ എന്നു വിളിച്ചു. ‘ദീദി കി മാ കിധര്’ എന്നു വനിതകള്‍ ഏറ്റു പറഞ്ഞു. ചെറിയമ്മയ്ക്ക് മുന്നോട്ടു വരാന്‍ വേണ്ടി വനിതകള്‍ വഴിയൊഴിഞ്ഞു കൊടുത്തു. വിശാഖം ചെറിയമ്മയുടെ പാദം തൊട്ടു വണങ്ങി. ‘അമ്മേ, അനുഗ്രഹിയ്ക്കണം.’ ‘നീ നന്നായി വരും മോളേ’ എന്നു പറഞ്ഞുകൊണ്ട് ചെറിയമ്മ വിശാഖത്തിന്റെ ശിരസ്സില്‍ കൈവച്ചനുഗ്രഹിച്ചു.
കാമാഠിപുര മഹിളാ കല്യാണ കേന്ദ്രയുടെ പടവുകളിലോരോന്നിലും വിനയപൂര്‍വ്വം സ്പര്‍ശിച്ചുകൊണ്ട് വിശാഖം അകത്തേയ്ക്കു പ്രവേശിച്ചു. വനിതകളില്‍ പലരും അവളെ അനുകരിച്ചു.
കയറിച്ചെല്ലുന്ന ഹാളില്‍ ഇഡ്ഡലിയുണ്ടാക്കുന്ന മെഷീനും ചപ്പാത്തിയുണ്ടാക്കുന്ന മെഷീനും സ്ഥാപിച്ചു കഴിഞ്ഞിരുന്നു. അവ പ്രവര്‍ത്തിപ്പിച്ചു കാണിയ്ക്കാന്‍ അവയുടെ പ്രതിനിധികളും പരിശീലകരും തയ്യാറായി നിന്നു. എഞ്ചിനീയര്‍ സുധീറും റെഡി. ബക്കഡേയും സദാനന്ദും ചെറിയമ്മയോടും സദാശിവനോടുമൊപ്പം, തിങ്ങിനിറഞ്ഞുനില്‍ക്കുന്ന വനിതകള്‍ക്കിടയിലൂടെ പ്രയാസപ്പെട്ടു കയറിവന്നു.
ആദ്യത്തെ മെഷീന് ഇഡ്ഡലിയുണ്ടാക്കുന്നതായിരുന്നു. വിശാഖം ചെറിയമ്മയെക്കൊണ്ട് അതു സ്വിച്ചോണ്‍ ചെയ്യിച്ചു. കരഘോഷങ്ങള്‍ക്കിടയില്‍ യന്ത്രം പ്രവര്‍ത്തിച്ചു തുടങ്ങി. മാവില്ലാതെ, പ്രദര്‍ശനത്തിനു വേണ്ടി മാത്രമുള്ള പ്രവര്‍ത്തനമായിരുന്നു, തല്ക്കാലമത്. മാവോടുകൂടി, ഇഡ്ഡലി ഉത്പാദിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ഇന്നുതന്നെ ഉച്ചയ്ക്കുശേഷമുണ്ടാകും എന്ന് പ്രതിനിധി അറിയിച്ചു. തുടര്‍ന്ന് വിശാഖം രത്നാബായിയെക്കൊണ്ട് ചപ്പാത്തിയന്ത്രവും സ്വിച്ചോണ്‍ ചെയ്യിച്ചു. കരഘോഷം മുഴങ്ങി.
തയ്യല്‍ യന്ത്രങ്ങള്‍ ഹാളില്‍ത്തന്നെ ഒരുക്കി വച്ചിരുന്നു. ഇനി വരാന്‍ പോകുന്ന യന്ത്രങ്ങളുടേയും നല്കാന് പോകുന്ന പരിശീലനങ്ങളുടേയും ലിസ്റ്റുകളും ഹാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
അതിന്നിടയില്‍, ബക്കഡേയുടെ നിര്‍ദ്ദേശപ്രകാരം വിശാഖം ചെറിയൊരു സ്റ്റൂളിന്റെ മുകളിലേയ്ക്ക് ചാച്ചാജിയുടെ കൈപിടിച്ചു കയറി. സമീപത്ത് ചെറിയമ്മയെ ഒരു കസേരയില്‍ ഉപവിഷ്ടയാക്കി. ഹാളിലെ ശബ്ദകോലാഹലം നിലച്ചു. വെല്‍ഫെയര്‍ സെന്ററിലെ പ്രവര്‍ത്തനങ്ങളുടെ ഏകദേശരൂപം വിശാഖം വിവരിച്ചു. മറാഠിയിലാണ് അവള് സംസാരിച്ചത്. കാമാഠിപുരയിലെ ദേവദാസികളെ സ്വന്തം കാലില്‍ നില്‍ക്കാനും വളരാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ കേന്ദ്രം തുടങ്ങിയിരിയ്ക്കുന്നത്. തുടക്കത്തില്‍ നൂറുപേര്ക്കുവേണ്ടിയുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. തുടര്‍ന്ന്, ഗുണഭോക്താക്കളുടെ സഹകരണത്തോടെ കൂടുതല്‍ പേരെ ഉള്പ്പെടുത്താനുദ്ദേശമുണ്ടെന്ന് അവള് സൂചിപ്പിച്ചു.
വനിതകളോടു സംസാരിയ്ക്കുന്ന വിശാഖത്തെ സദാനന്ദ് കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടു നിന്നു. സ്റ്റൂളിന്മേല് കയറി നിന്നപ്പോള്‍ സ്വതവേ ഉയരമുള്ള അവളുടെ ഉയരം കൂടി. ചെറിയമ്മയുടെ നിരീക്ഷണം ശരിയാണ്. രോഗം മാറിയെങ്കിലും അവളുടെ ശരീരം ഇപ്പോഴും മെലിഞ്ഞുതന്നെയിരിയ്ക്കുന്നു. എന്നാല്‍, രണ്ടു വര്‍ഷം മുന്‍പ് അവളെ ആദ്യമായി കണ്ടപ്പോഴും അവള് മെലിഞ്ഞിരുന്നിരുന്നെന്ന് സദാനന്ദ് ഓര്‍ത്തു. ഏറ്റവുമാദ്യം ആരോഗ്യം വീണ്ടെടുത്തിരിയ്ക്കുന്ന അവയവം അവളുടെ ചുരുണ്ട മുടിയാണ്. വിശാഖത്തിന്റെ ശാരീരികാളവുകള് ഒരു സുന്ദരിയുടേതായിരിയ്ക്കില്ല. പക്ഷേ, അവളുടെ മുഖം പ്രത്യേകതകള്‍ കൊണ്ടു നിറഞ്ഞിരിയ്ക്കുന്നു. ഉയര്‍ന്നു നീണ്ട നാസിക. ഉയര്‍ന്ന കവിളെല്ലുകള്‍. അല്പം മുന്നോട്ടുന്തി നില്ക്കുന്ന താടി, നേരിയ മേല്‍ച്ചുണ്ട്. തിളങ്ങുന്ന കണ്ണുകള്‍, ചുഴിഞ്ഞിറങ്ങുന്ന നോട്ടം. കനമുള്ള ശബ്ദം. ധൃതികൂടാതുള്ള, വ്യക്തമായ സംസാരം. അവളുടെ ചുണ്ടില്‍ നിന്നു പൊഴിയുന്ന ഓരോ വാക്കിനും വേണ്ടി വനിതകളെല്ലാം കാതോര്‍ത്തിരിയ്ക്കുന്നു. അവാച്യമായ എന്തോ ഒരു മാസ്മരികത ഇവളിലുണ്ട്, തീര്‍ച്ച.
നിങ്ങളുടെ ഉയര്‍ച്ച ലക്ഷ്യമിടുന്ന ഈ പദ്ധതികളെല്ലാം ലാഭേച്ഛ കൂടാതെയായിരിയ്ക്കും പ്രവര്ത്തിയ്ക്കുകയെന്ന് കരഘോഷങ്ങള്‍ക്കിടയില്‍ വിശാഖം വിശദീകരിച്ചു. സ്ഥലവും യന്ത്രങ്ങളും നിങ്ങള്‍ക്കു വേണ്ടി തയ്യാര്‍. നിങ്ങളവ ഉപയോഗിച്ച് ഉത്പാദിപ്പിയ്ക്കുന്ന ഉല്പന്നങ്ങളുടെ വിപണത്തിനുള്ള സംവിധാനവും ഉടന്‍ നിലവില്‍ വരും. നിങ്ങളുടെ അദ്ധ്വാനമാണ് ഇനി വേണ്ടത്. നിങ്ങള്‍ നന്നായി അദ്ധ്വാനിച്ചാല്‍ നിങ്ങള്‍ക്ക് ഇപ്പോഴത്തെ കഷ്ടപ്പാടുകളില്‍ നിന്നു മോചനം നേടാം തുടര്‍ന്ന് സാമ്പത്തികമായി വളരാം. അതോടൊപ്പം മറ്റു കുറേപ്പേരെക്കൂടി സഹായിയ്ക്കാം. അദ്ധ്വാനിയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ, വിശാഖം ചോദിച്ചു. വനിതകള്‍ ആവേശപൂര്‍വ്വം അതെ എന്നു മറുപടി നല്കി. നാമുത്പാദിപ്പിയ്ക്കുന്ന ഓരോ ഉത്പന്നവും ഒന്നാന്തരമായിരിയ്ക്കണം എന്ന് വിശാഖം എടുത്തുപറഞ്ഞു. കാമാഠിപുര ഇഡ്ഡലി, കാമാഠിപുര ചപ്പാത്തി, കാമാഠിപുര ചുരിദാര്‍, കാമാഠിപുര ചപ്പല്‍ ഇവയൊക്കെ ഒന്നാന്തരമായിരിയ്ക്കണം. കാമാഠിപുരയില്‍ നിന്നുള്ളത് എന്നു കേട്ടാല്‍ ജനം കണ്ണുമടച്ചു വാങ്ങണം. നിലവാരം ഉയര്‍ന്നാല്‍ നാമും ഉയരും. നിലവാരം ഉയര്‍ത്താന്‍ നിങ്ങള്‍ പ്രതിജ്ഞാബദ്ധരാണോ എന്നു ചോദിച്ചു. അതെ എന്ന് അവര്‍ പ്രതിജ്ഞയെടുത്തു.
ഈ പദ്ധതികള്‍ ഇത്രത്തോളം നടപ്പാക്കിയതിന്റെ ചുക്കാന്‍ പിടിച്ചത് എന്റെ ചാച്ചാജിയാണെന്ന് ബക്കഡേയെ ചൂണ്ടിക്കൊണ്ട് വിശാഖം പറഞ്ഞു. അദ്ദേഹത്തിന്റെ അദ്ധ്വാനവും അര്‍പ്പണമനോഭാവവും ഇല്ലായിരുന്നെങ്കില്‍ ഈ പദ്ധതികളൊന്നും നടപ്പാകുമായിരുന്നില്ലെന്നു വിശാഖം പറഞ്ഞപ്പോള്‍ വീണ്ടും കരഘോഷം മുഴങ്ങി. ബക്കഡേ കൈകൂപ്പി കൃതജ്ഞത സ്വീകരിച്ചു.
‘നിങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടിയുള്ള ഈ പദ്ധതികള്‍ക്കാവശ്യമായ പണം മുഴുവനും യാതൊരു ലാഭേച്ഛയും കൂടാതെ മുടക്കിയിരിയ്ക്കുന്നത് ‘സദ്ദു ഭൈയ്യ’ ആണ്’ എന്നു വിശാഖം പറഞ്ഞപ്പോള്‍ സദസ്സ് സ്നേഹത്തോടെ ‘സദ്ദു ഭൈയ്യ’യ്ക്കായി കരഘോഷം മുഴക്കി. ‘ധന്യവാദ്, സദ്ദു ഭൈയ്യാ’, ‘ഈശ്വര്‍ ആപ് ദോനോം കി ഭലായി കരേ’ എന്നും മറ്റുമുള്ള അനുഗ്രഹവചസ്സുകളും കേട്ടു.
അതിനിടെ വിശാഖത്തിനോടു ചോദ്യമുയര്‍ന്നു, ‘ദീദീ, ആപ് സദ്ദു ഭൈയ്യാ സേ ശാദി കബ് കരേംഗി?’ ദീദിയെന്നാണ് സദ്ദു ഭൈയ്യയെ കല്യാണം കഴിയ്ക്കുന്നത്. വിശാഖം ചിരിച്ചുകൊണ്ട് സദാനന്ദിനെ നോക്കി. ‘ഞങ്ങള്‍ തീര്‍ച്ചയായും വിവാഹം കഴിയ്ക്കും. പക്ഷേആദ്യം തന്നെ നിങ്ങളുടെ നന്മയ്ക്കുവേണ്ടിയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ തുടങ്ങട്ടെ. അതിനു ശേഷം ഞങ്ങള്‍ സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിയ്ക്കും.’ വിശാഖത്തിന്റെ വിശദീകരണം വനിതകള്‍ ചിരിച്ചുകൊണ്ടു ശരിവച്ചു.
സദാനന്ദിന് ആശ്വാസമായി. മോതിരം സ്വീകരിച്ചതിനു പുറമേ, തന്നെ കല്യാണം കഴിയ്ക്കുമെന്നു പരസ്യമായിത്തന്നെ അവള് പറഞ്ഞല്ലോ. ബക്കഡേ സദാനന്ദിന്റെ പുറത്തു തട്ടി അഭിനന്ദിച്ചു. സദാശിവനും സദാനന്ദിനെ നോക്കി അനുമോദനസൂചകമായി ചിരിച്ചു.
ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനമാരംഭിയ്ക്കാന്‍ കഴിയുമെന്ന് വിശാഖം സൂചിപ്പിച്ചു. തുടര്‍ന്ന് എന്തെങ്കിലും ചിലതു പറയാന്‍ വിശാഖം വനിതകളെ ക്ഷണിച്ചു. മൂന്നു വനിതകള്‍ പദ്ധതികളെ ശ്ലാഘിച്ചുകൊണ്ട് ഹ്രസ്വമായി സംസാരിച്ചു. വിശാഖത്തേയും സദ്ദു ഭൈയ്യയേയും ബക്കഡേജിയേയും ഈശ്വരതുല്യരാക്കി അവര്‍ വര്‍ണിച്ചു. ഈ പദ്ധതികളെല്ലാം വിജയിപ്പിച്ച് സ്വന്തം കാലില്‍ നില്ക്കാന് നാം പ്രതിജ്ഞാബദ്ധരാണെന്ന് അവര്‍ പ്രഖ്യാപിച്ചു. പ്രസംഗം അവര്‍ക്കെല്ലാം അപരിചിതമായിരുന്നിട്ടും, അവരുടെ വാക്കുകളില്‍ ആത്മാര്‍ത്ഥതയും കൃതജ്ഞതയും ആവേശവുമെല്ലാം സ്ഫുരിച്ചിരുന്നു. മറ്റു വനിതകളവരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.
രത്നാബായിയും സഹായികളും ട്രേകള്‍ നിറയെ ലഡ്ഡുവുമായെത്തി. ലഡ്ഡു കഴിയ്ക്കാന്‍ വനിതകള്‍ തിരക്കു കൂട്ടി. തുടര്‍ന്ന് ചായയും കാപ്പിയുമെത്തി.
അപ്പോഴാണ് രണ്ടു പുരുഷന്മാര് കയറി വന്നത്. അവര്‍ വിശാഖത്തിന്റെ മുന്‍പിലേയ്ക്ക് ആനയിയ്ക്കപ്പെട്ടു. അവരിലൊരാള്‍ പരുക്കന്‍ സ്വരത്തില്‍ മറാഠിയില്‍ വിശാഖത്തിനോടു ചോദിച്ചു, ‘യേ സബ് ക്യാ ഹോ രഹാ ഹെ?’ ഇവിടെ എന്തൊക്കെയാണു നടക്കുന്നത്.
വിശാഖം മറാഠിയില്‍ വിശദീകരിച്ചു. ഞങ്ങള്‍ ഇഡ്ഡലിയും ചപ്പാത്തിയും ഉണ്ടാക്കാന്‍ പോകുകയാണ്.
നിങ്ങളുടെ പഴയ ബിസിനസ്സു നിര്‍ത്തിയോ?
ഇഡ്ഡലിയും ചപ്പാത്തിയും ഉണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ഇനി ഞങ്ങളുടേത്.
നിങ്ങളിങ്ങനെ ബിസിനസ്സു നിര്‍ത്തിയാല്‍ ഞങ്ങള്‍ക്ക് ആരു കാശു തരും. നിങ്ങള്‍ തരുമോ?
ഞങ്ങള്‍ കാശല്ല, തരിക. ഞങ്ങള്‍ ഇഡ്ഡലിയും ചപ്പാത്തിയുമാണു തരിക.
നീ ഞങ്ങളെ കളിയാക്കുകയാണോ? ഒരാള്‍ ക്രുദ്ധനായി. ഞങ്ങള്‍ക്കു പണം കിട്ടിക്കൊണ്ടിരിയ്ക്കണം.
വിശാഖത്തിന്റെ അടുത്തേയ്ക്കു നീങ്ങാനൊരുങ്ങിയ സദാനന്ദിനെ ബക്കഡേ തടഞ്ഞു. എന്താണു സംഭവിയ്ക്കുന്നത് എന്നു നോക്കാം.
ഞങ്ങള്‍ സ്വന്തം കാലില്‍ നില്ക്കാന് ശ്രമിയ്ക്കുകയാണ്. പണം തരാന്‍ ഞങ്ങള്‍ക്കാവില്ല. പക്ഷേ ഞങ്ങള്‍ നിങ്ങള്‍ക്ക് ഇഡ്ഡലിയും ചപ്പാത്തിയും തരാം. ഈ സഹോദരന്മാര്ക്കു നിങ്ങള്‍ ഇഡ്ഡലിയും ചപ്പാത്തിയും കൊടുക്കുകയില്ലേ, സോദരിമാരേ? വിശാഖം വനിതകളോടായി ചോദിച്ചു.
കൊടുക്കാം, കൊടുക്കാം. വനിതകള്‍ പ്രതികരിച്ചു. പക്ഷേ, ഞങ്ങളുടെ ദീദിയെ ബുദ്ധിമുട്ടിച്ചാല്‍ ഞങ്ങള്‍ കൊടുക്കില്ല. സഹോദരന്മാരെ വെറുതെ വിടുകയുമില്ല. വനിതകളുടെ ശബ്ദമുയര്‍ന്നു.
വിശാഖം കരമുയര്‍ത്തി. ക്ഷുഭിതരായ വനിതകളടങ്ങി. ഇവര്‍ നമ്മുടെ സഹോദരന്മാരാണ്. ഇവര്‍ നമ്മെ ബുദ്ധിമുട്ടിയ്ക്കുകയില്ല. സഹോദരന്മാരേ, നിങ്ങള്‍ ഞങ്ങളെ, നിങ്ങളുടെ സഹോദരിമാരെ, ബുദ്ധിമുട്ടിയ്ക്കുമോ? വിശാഖം ചോദിച്ചു.
വനിതകളുടെ ശബ്ദം ഉയരുമെന്നു ‘സഹോദരന്മാര്’ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായ എതിര്‍പ്പു നേരിട്ടപ്പോള്‍ അവര്‍ പകച്ചുപോയി. തന്നെയുമല്ല, മറുത്തുപറയാന്‍ പറ്റാത്തവിധം സാഹോദര്യത്തോടെയായിരുന്നു, വിശാഖം ചോദിച്ചത്. ഇല്ല, ഞങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിയ്ക്കുകയില്ല. അവര്‍ ഉറപ്പുനല്‍കി.
ഇതിന്നിടയില്‍ വെല്‍ഫെയര്‍ സെന്ററിലെ അന്തേവാസിനികളിലാരോ ഒരു താലത്തില്‍ ഏതാനും രാഖികള്‍ കൊണ്ടുവന്നു വിശാഖത്തിന്റെ മുന്പില് വച്ചു. വിശാഖം ഓരോന്നെടുത്ത് രണ്ടു ‘സഹോദരന്മാരുടേയും’ കരങ്ങളില്‍ ബന്ധിച്ചു. മറ്റു പല വനിതകളും രാഖികള്‍ തീരുന്നതു വരെ അതനുകരിച്ചു. അവരുടെ നെറ്റിയില്‍ തിലകം ചാര്‍ത്തി. ലഡ്ഡു വായില്‍ വച്ചുകൊടുത്തു. ‘സഹോദരന്മാര്’ വായ് നിറയെ ലഡ്ഡു തിന്നുന്നതുകണ്ട് വനിതകള്‍ ചിരിച്ചുപോയി. ‘സഹോദരന്മാരും’ ചിരിച്ചുകൊണ്ടു പിന്‍വാങ്ങി. ബിസ ദീദീ കി മാ എന്നാരോ പറഞ്ഞതുകേട്ട് അവര്‍ ചെറിയമ്മയെ ആദരവോടെ തൊഴുത ശേഷമാണു പോയത്.
അമ്മയെ എയര്‍പോര്‍ട്ടിലേയ്ക്കു കൊണ്ടുപോകേണ്ട സമയമായോ എന്നു വിശാഖം സദാനന്ദിനോട് ആരാഞ്ഞു. പോകാറായിട്ടില്ലെന്നു സദാനന്ദ് പറഞ്ഞപ്പോള്‍ വിശാഖം സദാനന്ദിന്റെ കരം ഗ്രഹിച്ചുകൊണ്ട് ഉള്ളിലേയ്ക്കു നടന്നു. ഇടനാഴിയിലൂടെ അങ്ങേയറ്റത്തെ ഒരു മുറിയുടെ വാതില്ക്കലെത്തി. തുറന്നുകിടന്നിരുന്ന വാതിലിലൂടെ വിശാഖം സദാനന്ദിനെ അകത്തേയ്ക്കു നയിച്ചു. പിന്നില്‍ വാതിലടച്ചു കുറ്റിയിട്ടു. ‘സദൂ, ഈ മുറി ഓര്‍ക്കുന്നുണ്ടോ?’
മുറിയിലെ പെയിന്റിങ്ങ് കഴിഞ്ഞിട്ട് മണിക്കൂറുകള്‍ മാത്രമേ ആയിരുന്നുള്ളു. എങ്കിലും സദാനന്ദിന് ആ മുറി തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല. ‘ഈ മുറി ഞാനെങ്ങനെ മറക്കും!’ സദാനന്ദു ചൂണ്ടിക്കാട്ടി, ‘ദാ, അവിടെ വച്ചാണ് ഞാന്‍ ഛര്‍ദ്ദിച്ചത്, ഇവിടെ വച്ചാണ് ഞാന്‍ നിന്റെ തൊണ്ടയില്‍ പിടിച്ചു ഞെരിച്ചത്. നീ എന്റെ മടിയില്‍ കിടന്നുകൊണ്ട് നാല്പത്തഞ്ചുകോടിയുടെ വില്പത്രം കീറിക്കളഞ്ഞത് ദാ ഇവിടെ വച്ചായിരുന്നു.’
വിശാഖം സദാനന്ദിനെ നോക്കി പുഞ്ചിരിച്ചു. അവള് സദാനന്ദിന്റെ കരം പിടിച്ചുകൊണ്ട് ഭിത്തിയുടെ അടുത്തേയ്ക്കു ചെന്നു. ‘സദൂ, ഈ ഭിത്തിയില്‍ എന്തെങ്കിലും എഴുതിയിരിയ്ക്കുന്നതു കാണുന്നുണ്ടോ?’
സദാനന്ദ് സൂക്ഷിച്ചുനോക്കി. ഭിത്തിയില്‍ എന്തോ എഴുതിവച്ചിരുന്നെന്നു തീര്‍ച്ച. പക്ഷേ അവയെ പെയിന്റ് അവ്യക്തമാക്കിയിട്ടുണ്ട്. സൂക്ഷിച്ചുനോക്കിയപ്പോള്‍ കുറേ സംഖ്യകള്‍ കാണാന്‍ പറ്റി. അഞ്ഞൂറ്ററുപത്തഞ്ച്, അഞ്ഞൂറ്ററുപത്താറ്, അഞ്ഞൂറ്ററുപത്തേഴ്…അങ്ങനെ. ഒന്നുമുതല്‍ അറുനൂറ്റന്പത്താറു വരെയുള്ള സംഖ്യകള്‍ അവ്യക്തതയിലൂടെയാണെങ്കിലും കാണാന്‍ പറ്റി. അവയുടെ തുടക്കത്തില്‍ ‘സദാനന്ദ്’ എന്നുമെഴുതിയിരുന്നു. വിശാഖം വിശദീകരിച്ചു. ‘സദു പണ്ട് വന്നുപോയതു മുതലുള്ള ദിവസങ്ങള്‍ ഞാനെണ്ണിയതാണ് അക്കാണുന്നത്. സദു പോയതിനു ശേഷമുള്ള ഓരോ ദിവസവും ഞാനിവിടെ രേഖപ്പെടുത്തി. ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴേയ്ക്കും സുഖമില്ലാതായി. ഈ മുറി വിട്ടു പോകേണ്ടതായും വന്നു.’
സദാനന്ദ് നിശ്ശബ്ദനായി. താന്‍ തിരിച്ചുവരുമെന്ന് ഇവള് വിശ്വസിച്ചിരുന്നു. അതിലുപരി, താന്‍ തിരിച്ചുവരണമെന്ന് ഇവളാഗ്രഹിച്ചിരുന്നു. ഓരോ ദിവസവും കൊഴിഞ്ഞുപോകുമ്പോള്‍ ഇവിടെ അവളതു രേഖപ്പെടുത്തിയത് എത്രമാത്രം നിരാശയോടെയായിരിയ്ക്കണം! എങ്കിലും അവള് ആശ കൈവെടിഞ്ഞില്ല.
രണ്ടു വര്‍ഷം താന്‍ അവളെക്കൊണ്ടു ദിവസങ്ങളെണ്ണിച്ചു. ഒടുവില്‍ ദിവസങ്ങളെണ്ണാന്‍ അവള്‍ക്കു പറ്റാതായി. താന്‍ വരാന്‍ അല്പം കൂടി അമാന്തിച്ചിരുന്നെങ്കില്‍…അതോര്‍ക്കാന്‍ പോലും വയ്യ. അവളുടെ മനസ്സിലെ ആഗ്രഹം ഊഹിച്ചെടുക്കാന്‍ തനിയ്ക്കു കഴിഞ്ഞില്ലല്ലോ! തനിയ്ക്ക് അവളോടുണ്ടായതിനു സമാനമായൊരാഗ്രഹം അവള്‍ക്കു തന്നോടുമുണ്ടായിക്കാണുമെന്നു ചിന്തിയ്ക്കാനുള്ള സാമാന്യബുദ്ധി ഡെല്‍ കമ്പ്യൂട്ടറില്‍ നിന്ന് ഒന്നരക്കോടി പ്രതിവര്‍ഷം പ്രതിഫലം പറ്റുന്ന, സമര്ത്ഥനെന്നവകാശപ്പെടുന്ന പ്രോജക്റ്റ് മാനേജര്ക്കുണ്ടായില്ല !
സദാനന്ദിന്റെ കണ്ണു നിറഞ്ഞു. ‘ഞാന്‍ വരുന്നതു നീ കാത്തിരുന്നൂല്ലേ? നീയെന്നെ ഓര്ത്തിരിയ്ക്കുന്നുണ്ടാകുംന്ന് എനിയ്ക്ക് ഊഹിയ്ക്കാന്‍ കഴിഞ്ഞില്ല. ഞാനെന്തൊരു ദുഷ്ടന്! രണ്ടുകൊല്ലം നിന്നെക്കൊണ്ടു ഞാന്‍ തീ തീറ്റിച്ചു.’
വിശാഖം മൃദുസ്മേരത്തോടെ പറഞ്ഞു, ‘ആ രണ്ടു വര്‍ഷവും സദു എന്നെപ്പറ്റി ചിന്തിച്ചിരുന്നതുകൊണ്ടാണ്, ഞാനിന്നും ജീവിച്ചിരിയ്ക്കുന്നത്. സദൂനെപ്പറ്റിള്ള ഓര്‍മ്മ കൊണ്ടായിരിയ്ക്കണം ഞാനും സദു വരുന്നതുവരെ മരിയ്ക്കാതിരുന്നത്. വാസ്തവത്തില്‍ സദു വരുംന്നുള്ള പ്രതീക്ഷ എനിയ്ക്ക് സന്തോഷവും സന്താപവും ഉണ്ടാക്കി.’
‘സന്താപമെന്തിന്, എന്റെ തങ്കം?’ സദാനന്ദിന്റെ കരങ്ങള്‍ വിശാഖത്തെ വലയം ചെയ്തു.
‘സദു വീണ്ടും വന്നാല്‍ അത് എന്റെ നീരാളിപ്പിടിത്തത്തില്‍ പെട്ടുപോയിരിയ്ക്കുന്നതുകൊണ്ടായിരിയ്ക്കും എന്നു ഞാന്‍ ഭയന്നിരുന്നു. അതു സദൂന്റെ നാശത്തിലേയ്ക്കു വഴി തെളിയ്ക്കുംന്ന് എനിയ്ക്കറിയായിരുന്നു. ഞാന്‍ ഭയന്ന പോലെതന്നെ സംഭവിച്ചിരിയ്ക്കുന്നു.’
തന്റെ മനസ്സ് അവളുടെ ശരീരത്തിന്റെ അളവുകള്‍ ഒരുമാസംകൊണ്ട് കൃത്യമായി അളന്നെടുത്തപ്പോള്‍ അവളാകട്ടെ, തന്റെ മനസ്സിന്റെ അളവുകളാണ് രണ്ടു വര്‍ഷം മുന്‍പ് കേവലമൊരു രാത്രികൊണ്ട് കൃത്യമായി അളന്നെടുത്തത്. നിസ്സാര സമയമേ അവള്‍ക്കു വേണ്ടൂ, തന്റെ മനസ്സിനെ ചിന്തകളേയും വായിച്ചെടുക്കാന്‍. ‘ഇനി ഞാന്‍ നിന്നെ വിട്ടുപോകുന്ന പ്രശ്നമേയില്ല, വിശാഖം. അവസാനം, മരിയ്ക്കുമ്പോഴല്ലാതെ.’ സദാനന്ദ് അവളെ മുറുകിപ്പുണര്‍ന്നു.
‘സദൂ, ഞാന്‍ സദൂന് തീരാനഷ്ടങ്ങളാണുണ്ടാക്കിയിരിയ്ക്കണത്.’ വിശാഖം ദുഃഖത്തോടെ പറഞ്ഞു. ‘സിഫിലിസു പിടിച്ചു മരിയ്ക്കാറായ വേശ്യയെ എടുത്തുകൊണ്ടു നടന്നപ്പൊത്തന്നെ സദൂന്റെ അഭിമാനം ഞാന്‍ നഷ്ടപ്പെടുത്തി. കാമാഠിപുരയിലെ കെട്ടിടം വാങ്ങിയപ്പോ പണം നഷ്ടപ്പെടുത്തി. പണം വീണ്ടും നഷ്ടപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നു. ഇതാ, ഇപ്പോ ജോലിയും നഷ്ടപ്പെടുത്തിയിരിയ്ക്കുന്നു. സദൂന് ഞാനൊരു ഭസ്മാസുരയായിത്തീര്ന്നിട്ടുണ്ട്. ഞാന്‍ സദൂനെ തൊടുമ്പഴൊക്കെ എന്തെങ്കിലുമൊക്കെ നഷ്ടം സദൂനുണ്ടാകുന്നുണ്ട്. ഇതിനൊക്കെ പകരമായി സദൂന് എന്തുതരാന്‍ എനിയ്ക്കു കഴിയുംന്ന് ഒരു രൂപവുമില്ല.’വിശാഖം സങ്കടപ്പെട്ടു. അവളുടെ കണ്ണുകള്‍ നിറഞ്ഞു.
സദാനന്ദ് വിശാഖത്തെ കൈകളില്‍ കോരിയെടുത്തു. വിശാഖത്തിന്റെ കൈകള്‍ സദാനന്ദിന്റെ കഴുത്തില്‍ ചുറ്റി. ‘നിന്റെ കണ്ണില്‍ കണ്ണുനീരു കണ്ടുപോകരുതെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്.’
‘മുന്‍ ജന്മത്തില് ഞാനെന്തോ സുകൃതം ചെയ്തിരിയ്ക്കണം. സദു എന്നെ സ്നേഹിയ്ക്കണ കാണുമ്പോ എനിയ്ക്കങ്ങനെയാണു തോന്നണത്. ഈ ജന്മത്തില് ഞാന്‍ ഇതിനു തക്ക നല്ല കാര്യങ്ങളൊന്നും ചെയ്തിട്ടില്ല.’
‘ആരും ചെയ്തിട്ടില്ലാത്ത നല്ല കാര്യങ്ങള്‍ക്കാണു നീ തുടക്കമിട്ടിരിയ്ക്കുന്നത്. ഏറ്റവും മഹത്വമുള്ള കാര്യമാണ് അബലകള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവുണ്ടാക്കിക്കൊടുക്കുന്നത്. നീ അതാണു ചെയ്യാന്‍ തുടങ്ങിയിരിയ്ക്കുന്നത്.’
‘പക്ഷേ, അതിനുപയോഗിയ്ക്കുന്ന പണം മുഴുവനും സദു അദ്ധ്വാനിച്ചുണ്ടാക്കിയതാണ്.’
‘ശരിതന്നെ. നല്ല കാര്യങ്ങള്ക്കുപയോഗിയ്ക്കുന്നില്ലെങ്കില് പണം കൊണ്ട് യാതൊരു പ്രയോജനവുമില്ല. നിന്നെ എന്റെ മഹാറാണിയായി അമേരിക്കയില്‍ പ്രതിഷ്ഠിയ്ക്കാനായിരുന്നു, എന്റെ ആഗ്രഹം. നിനക്ക് എന്റെ കൂടെ അമേരിക്കയില്‍ വന്ന് മഹാറാണിയായി വിലസുകയും ചെയ്യാമായിരുന്നു. സാധാരണ മനുഷ്യര്‍ അങ്ങനെയൊക്കെയാണു ചെയ്യുമായിരുന്നത്. ജീവിതത്തില്‍ ഏറ്റവുമധികം കഷ്ടപ്പെട്ടവര്‍ അത്തരമൊരു സുഖജീവിതമാണ് സാധാരണയായി ആശിയ്ക്കുക. എന്നാല്‍ നീ ഇവിടേയ്ക്കു തിരിച്ചുവരാന്‍ തീരുമാനിച്ചു. അതറിഞ്ഞപ്പോള്‍ എനിയ്ക്കുണ്ടായ നടുക്കവും നിരാശയും പറഞ്ഞറിയിയ്ക്ക വയ്യ. നിന്നെ അമേരിക്കയ്ക്കു കൊണ്ടുപോകാനുള്ള എന്റെ തീരുമാനം മാറ്റുന്ന കാര്യം എളുപ്പമായിരുന്നില്ല. പക്ഷേ നീ എന്നെക്കൊണ്ട് ആ തീരുമാനം അനായാസം മാറ്റിച്ചു. നീ കാരണം ഈ സാമൂഹ്യസേവനത്തില്‍ പങ്കെടുക്കാന്‍ എനിയ്ക്കും അവസരമുണ്ടായി. അങ്ങനെ ആദ്യമായി സമൂഹത്തിന്റെ മുന്നിലെനിയ്ക്ക് വിലയുണ്ടായി. ഈ വില എന്റെ എല്ലാ അക്കൌണ്ടുകളിലേയും ആകെ ബാലന്‍സിനേക്കാള്‍ വലുതാണ്. നീയൊന്നു സ്പര്ശിച്ചപ്പോള് ഞാനറിഞ്ഞിട്ടുപോലുമില്ലാത്ത ലോകങ്ങളില്‍ എന്റെ വില കുത്തനെ ഉയര്‍ന്നു. ഞാനും നീയും തമ്മിലുള്ള വ്യത്യാസം അതാണു വിശാഖം. നിന്നെ ഒരു സാധാരണസ്ത്രീയാക്കാനാണു ഞാനൊരുങ്ങിയത്. പക്ഷേ നീയാകട്ടെ എന്നെ സമൂഹത്തിനു വിലപ്പെട്ട ഒരാളാക്കിത്തീര്ത്തു. നീ വഴി എന്റെ മഹത്വം ഇനിയുമെത്ര ഉയരാന്‍ കിടക്കുന്നു!’
സദാനന്ദ് വിശാഖത്തെ കെട്ടി വരിഞ്ഞ് അവളെ ചുംബനങ്ങള്‍ കൊണ്ടു പൊതിയാനൊരുങ്ങിയപ്പോള് വിശാഖം സ്വന്തം ചുണ്ടുകള്‍ പൊത്തിപ്പിടിച്ചു. ‘നീ ചുണ്ടു പൊത്തിപ്പിടിയ്ക്കുന്നോ വിശാഖം! നീ കൈമാറ്റ്. നിന്റെ ചുണ്ടിലുമ്മ വയ്ക്കട്ടെ. എത്രകാലമായി ഞാന്‍ കാത്തിരിയ്ക്കുന്നു.’
‘സദൂന്റെ ആരോഗ്യം കൂടിയേ ഞാന്‍ നശിപ്പിയ്ക്കാതുള്ളു. അതു കൂടി നശിപ്പിച്ചാല്‍ ഞാന്‍ പിന്നെ ജീവിച്ചിരിയ്ക്കില്ല.’
‘നിനക്കു രോഗം വന്നപ്പോള്‍ ഞാനതു ചികിത്സിപ്പിച്ചു ഭേദമാക്കി. എനിയ്ക്കു രോഗം വന്നാല്‍, അക്കൌണ്ടില്‍ ആവശ്യത്തിലേറെ കാഷുണ്ട്, നീ അതുപയോഗിച്ച് എന്നെ ചികിത്സിപ്പിയ്ക്കുക. എന്നെ ചികിത്സിപ്പിയ്ക്കുന്നതിനു പകരം നീ മരിയ്ക്കുകയാണോ ചെയ്യുക! അസ്സലായി. നീ കൈയ്യെടുക്ക്.’
‘രോഗം ഇപ്പഴങ്ങു മാറിയിട്ടേ ഉള്ളു, സദൂ. ഒരു മൂന്നു മാസം കൂടിയെങ്കിലും സൂക്ഷിച്ചേ തീരൂ.’ അവളുടെ സ്വരം ദയനീയമായി. ‘എന്തിനു വേണ്ടിയാണു സദൂനു ധൃതി? ഈ എല്ലിന്‍കൂടു മുഴുവനും സദൂന്റെതല്ലേ. മാത്രമല്ല, ഈ എല്ലിന്കൂട്ടില് നിന്ന് സദൂന് എന്തു സുഖം കിട്ടാനാണ്’
‘ഇത്തവണ നിനക്കു തെറ്റി, വിശാഖം. നീ ചുണ്ടിലുമ്മ വച്ചാല്‍ നീയെന്നെ പൂര്‍ണമായി അംഗീകരിയ്ക്കുന്നു എന്നര്‍ത്ഥം. ചുണ്ടില്‍ ഉമ്മ കിട്ടുന്നില്ലെങ്കില്‍ എനിയ്ക്കു നിന്റെ അംഗീകാരമില്ല എന്നാണര്‍ത്ഥം.
‘ഒരു മൂന്നു മാസം കൂടി കഴിഞ്ഞിട്ട് എന്റെ എല്ലാ അംഗീകാരങ്ങളും കൂടി ഒരുമിച്ചു തരാം, സദൂന്.’
വിശാഖത്തിന്റെ കണ്ണിലെ പ്രണയം ആസ്വദിച്ചുകൊണ്ട് സദാനന്ദ് പ്രതിഷേധിച്ചു, ‘മൂന്നു മാസമോ! മൂന്നു മിനിറ്റു പോലും കാത്തിരിയ്ക്കാന്‍ പറ്റില്ല. അപ്പഴാ മൂന്നു മാസം.’ സദാനന്ദ് വിശാഖത്തിനെ വലിച്ചടുപ്പിച്ച് അവളുടെ ചുണ്ടുകളില്‍ ആവേശത്തോടെ അമര്‍ത്തിച്ചുംബിച്ചു. അവളുടെ ചുണ്ടുകളില്‍ സദാനന്ദിന്റെ ചുണ്ടുകള്‍ ആര്‍ത്തിയോടെ ഓടിനടന്നു, അവയെ ഭ്രാന്തമായി, ആര്‍ത്തിയോടെ പാനം ചെയ്തു.
തളര്‍ന്നു നിസ്സഹായയായിപ്പോയ വിശാഖം നിമിഷങ്ങളോളം ആ ചുംബനത്തില്‍ വിലയിച്ചു നിന്നു. ഒടുവിലവള്‍ ഒരുവിധത്തില്‍ സദാനന്ദിനെ തള്ളിയകറ്റി. ‘എന്തൊക്കെ അബദ്ധങ്ങളാണു സദു കാണിയ്ക്കുന്നത്!’ അവള് പരിഭ്രാന്തിയോടെ ചുന്നിയുടെ തലപ്പുകൊണ്ട് സദാനന്ദിന്റെ ചുണ്ടുകള്‍ തുടച്ചുവൃത്തിയാക്കാന് പാടുപെട്ടു.
അവളുടെ വെപ്രാളം കണ്ട് സദാനന്ദു കുസൃതിയോടെ ചോദിച്ചു, ‘നീയെന്താ, എന്റെ ചുണ്ട് സാനിറ്റൈസ് ചെയ്യുകയാണോ?’ സദാനന്ദ് അവളുടെ വിരലുകളില്‍ ചുംബിച്ചു.
‘എന്റെ പൊന്നു സദുവല്ലേ. ഞാന്‍ പറയുന്നതു കേള്‍ക്ക്. ഒരു ജീവിതം മുഴുവനും ഞാന്‍ സദുവിന്റെ കൂടെണ്ടാകും. നമുക്ക് ജീവിതം മുഴുവനും ആസ്വദിയ്ക്കണം. അതിന്നിടയില്‍ കൊച്ചുകുട്ടികളെപ്പോലെ ആര്‍ത്തി കാണിച്ചു കുഴപ്പങ്ങള്‍ വരുത്തിവയ്ക്കണ്ട.’ വീണ്ടും അവളെ പിടിച്ചടുപ്പിയ്ക്കാന് ശ്രമിച്ച സദാനന്ദിനെ അവള് അകറ്റി നിര്‍ത്തി. ‘അമ്മയെ എയര്പോര്ട്ടിലെത്തിയ്ക്കേണ്ട സമയമായി. ചെല്ല്. പോയിട്ടു വാ. അതുകഴിഞ്ഞ് ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്.’
‘സമയം ഇനിയുമുണ്ട്.’
‘അമ്മയെ പറഞ്ഞയയ്ക്കാന് തോന്നണില്ല, സദൂ.’
‘ഇവിടുത്തെ തിരക്കുകളൊഴിയുമ്പോള്‍ ചെറിയമ്മയെ നമുക്ക് നമ്മുടെ കൂടെ നിര്‍ത്താം. അതിരിയ്ക്കട്ടെ, നീ ഇതു കൂടി പറയ്. ഇന്നു രാത്രി നീ ഏതു മുറിയിലാണു കിടക്കുക?’ സദാനന്ദിന്റെ സ്വരം ആകാംക്ഷാഭരിതമായിരുന്നു.
‘ഞാന്‍ മുകളിലെ ഏതെങ്കിലും മുറിയിലായിരിയ്ക്കും കിടക്കുന്നത്. സദു താഴത്തെ നിലയില്‍ കിടക്കും. വൈകീട്ട് മുറി ഞാന്‍ കാണിച്ചു തരാം. ഏതാനും ബെഡ്ഡുകള്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഇന്നു തന്നെ ഡെലിവറി തരാമെന്നാണു പറഞ്ഞിരുന്നത്. വരും വരാതിരിയ്ക്കില്ല.’
‘എന്റെ വിശാഖം, എന്നാണെനിയ്ക്ക് നിന്റെ കൂടെ കിടക്കാന്‍ പറ്റുക?’ സ്കൂള്കുട്ടിയുടേതുപോലുള്ള നിഷ്കളങ്കമായ ചോദ്യം കേട്ട് വിശാഖം ചിരിച്ചുപോയി. സദാനന്ദ് വിശദീകരിച്ചു, ‘നിന്റെ കൂടെ കിടക്കുമ്പോള്‍ മാത്രമേ എന്റെ ജീവിതം ജീവിതമാകുകയുള്ളു.’
വിശാഖം സ്നേഹത്തോടെ സദാനന്ദിന്റെ ചുമലില്‍ പ്രഹരിച്ചു. ‘എന്റെ കുട്ടാ, കല്യാണത്തിനു മുന്‍പ് ഒരുമിച്ചു കിടക്കുന്ന കാര്യം ചിന്തിയ്ക്കുകപോലും വേണ്ട!’ പെട്ടെന്ന് അവളുടെ മുഖത്ത് ആശങ്ക പരന്നു. അവള് ചുമരില്‍ ചാരി തളര്‍ന്നു നിന്നു.
‘വിശാഖം, നീ ഭയപ്പെടണ്ട. ഞാന്‍ മുന്‍പു പറഞ്ഞതുപോലെ, നീയുമായി ശാരീരികബന്ധം പുലര്‍ത്താതെ ജീവിതം മുഴുവനും കഴിയ്ക്കാന്‍ എനിയ്ക്കാകും.’ വിശാഖത്തിന്റെ ഹൃദയസ്ഥാനത്തു മെല്ലെ സ്പര്‍ശിച്ചു. ‘ഇതിനുള്ളിലുള്ളതേ എനിയ്ക്ക് എല്ലാ കാലങ്ങളിലും വേണ്ടൂ.’ സദാനന്ദ് വിശദീകരിച്ചു. ‘നിന്റെ ഇനിയുള്ള ജീവിതത്തില്‍ നിനക്ക് സര്‍വ്വവിധ സുഖങ്ങളും ഉണ്ടാകണം എന്നാണെന്റെ ആഗ്രഹം. പ്രണയമൂര്ച്ഛയിലുള്ള ലൈംഗികബന്ധത്തിനുള്ള സുഖം വിശിഷ്ടമായ ഒന്നു തന്നെയാണ്. ആ സുഖവും നിനക്കുണ്ടാകണം. എന്നാല്‍ കഴിയുന്ന തരത്തില്‍ മറ്റെല്ലാ സുഖങ്ങളും നിനക്കനുഭവിയ്ക്കാറാക്കിത്തരുന്ന കൂട്ടത്തില്‍ ഈ സുഖവും, എന്നാല്‍ കഴിയുന്ന തരത്തില്‍, നിനക്കുണ്ടാക്കണം, അതാണ് എന്റെ ലക്ഷ്യം. നീ ജീവിച്ചിരിയ്ക്കെ, ഒരു സുഖം പോലും നീ അനുഭവിയ്ക്കാതെ പോകരുത്. അത്രേള്ളു. നിന്റെ ശരീരത്തിലാണ് എന്റെ കണ്ണ് എന്നു നീ തെറ്റിദ്ധരിയ്ക്കണ്ട, വിശാഖം.’
വിശാഖത്തിന്റെ മുഖത്തു നിന്ന് ഭയാശങ്കകളുടെ കാര്‍മേഘങ്ങള്‍ മെല്ലെ നീങ്ങി. അവളുടെ ചുണ്ടുകള്‍ വിടര്‍ന്നു. അവള് സദാനന്ദിന്റെ കരം കൈയിലെടുത്തു മെല്ലെ തലോടി. ‘പാവം സദു.’ അവളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.
‘അതിരിയ്ക്കട്ടെ. നിന്റെ പ്രസംഗത്തില്‍ നീയെന്നെ വിവാഹം ചെയ്യുമെന്ന് നീ വ്യക്തമാക്കി. താങ്ക് യു മാഡം ഫോര്‍ യുവര്‍ കൈന്റ്നസ്.’ വിശാഖം ചിരിച്ചു. ‘ആ ശുഭമുഹൂര്‍ത്തത്തിന്റെ തീയ്യതി കൂടി ഒന്നു പ്രഖ്യാപിയ്ക്കണേ’. സദാനന്ദ് കൈ കൂപ്പിക്കൊണ്ടു വിനീതമായി അഭ്യര്‍ത്ഥിച്ചു.
‘സദു തീരുമാനിയ്ക്ക്.’ വിശാഖം ചിരിച്ചുകൊണ്ടു പറഞ്ഞു. നിമിഷനേരം കൊണ്ട് അവള് ശങ്കകളകറ്റി, ആത്മവിശ്വാസം വീണ്ടെടുത്തതു കണ്ട് സദാനന്ദിന്ന് ആശ്വാസമായി. എങ്കിലും അവള്‍ക്ക് ആത്മവിശ്വാസമേകുന്ന പ്രക്രിയ ഇടയ്ക്കിടെ ചെയ്യേണ്ടി വരുമെന്ന് സദാനന്ദ് മനസ്സിലാക്കി. കാലക്രമേണ അവളുടെ എല്ലാ ഭയാശങ്കകളും ഇങ്ങിനിവരാതവണ്ണം നീങ്ങിപ്പോകണം. അതിനു വേണ്ടതെല്ലാം ചെയ്യണം.
‘സന്തോഷം! എന്തായാലും, നിന്റെ ഇപ്പോഴത്തെ ഈ തിരക്കുകളൊന്ന് ഒഴിയട്ടെ. എന്നിട്ടു തീയ്യതി തീരുമാനിയ്ക്കാം. അതു പോരേ?’
വിശാഖം പ്രേമപൂര്‍വം സദാനന്ദിനെ തന്നിലേയ്ക്കടുപ്പിച്ച് മുഖത്തേയ്ക്കുറ്റു നോക്കി. ‘സദൂ. അന്ന്, സദു എന്നെ കാമാഠിപുരേന്ന് എടുത്തുകൊണ്ടു പോരുമ്പോ സദു കരയ്ണ്ണ്ടായിരുന്നൂന്ന് ഇന്നലെ മാ എന്നോടു ഫോണില്‍ക്കൂടി പറഞ്ഞു.’ അവളുടെ കണ്ണുകളില്‍ ആശങ്ക നിഴലിച്ചു. ‘സദു എന്നെ സ്നേഹിയ്ക്കണ കണ്ടിട്ട് എനിയ്ക്കു പേടിയാവണു.’
‘അസ്സലായി! സ്നേഹിയ്ക്കണതു കണ്ടിട്ട് ആര്‍ക്കെങ്കിലും പേടിയാകുമോ?’
‘ഞാന്‍ എങ്ങനൊക്കെ സ്നേഹിച്ചാലാണ് സദൂന്റെ സ്നേഹത്തിനു പകരമാവുക എന്നെനിയ്ക്കറിയില്ല. അതിനെനിയ്ക്കു പറ്റ്വോ? പ്രേമിച്ചു, പ്രേമിച്ചു ദേവസ്ത്രീയാക്കുംന്ന് സിനിമാപ്പാട്ടിലുണ്ട്. സദു അതാണിപ്പൊ ചെയ്യണത്. ഞാനൊരു സാധാരണ സ്ത്രീ മാത്രമാ!ണു സദൂ. വാസ്തവത്തില്‍ ഞാനതു പോലുമല്ല. സദു എന്നെ ദേവസ്ത്രീയാക്കിയാല് ഞാനെന്തു ചെയ്യും?’
സദാനന്ദ് അവളെ ചേര്‍ത്തമര്‍ത്തി. ‘വിശാഖം, നിന്റെയുള്ളില്‍ സ്നേഹം മാത്രമേയുള്ളു. നീ ജനത്തെ മുഴുവന്‍ സ്നേഹിയ്ക്കുന്നു. നിനക്കതു കഴിയും. നിന്റെ ഹൃദയം വലുതാണ്. നീ ജനത്തെ മുഴുവന്‍ സ്നേഹിയ്ക്ക്, അവരെ സേവിയ്ക്ക്. നിന്റെ ജീവിതലക്ഷ്യം അതാണ്. അതെനിയ്ക്കറിയാം. നിന്റെ സ്നേഹം മുഴുവനും ഞാനൊരാള് മാത്രമായി പിടിച്ചുവാങ്ങുന്നത് സ്വാര്‍ത്ഥതയാകും. ജനത്തിനോടു ചെയ്യുന്ന തെറ്റും. എന്റെ ഹൃദയം ചെറുതാണ്. എന്റെ ഹൃദയം ചെറുതായതുകൊണ്ട് എനിയ്ക്ക് ഒരാളെ മാത്രമേ സ്നേഹിയ്ക്കാന്‍ കഴിയൂ. ആ ഒരാള്‍ നീയാണ്. ഞാന്‍ നിന്നെ സ്നേഹിയ്ക്കാം. നിന്നെ സേവിയ്ക്കലാണ് എന്റെ ജീവിതലക്ഷ്യം. അങ്ങനെ ഞാന്‍ നിന്നെ സേവിയ്ക്കുമ്പോ, നീ ജനത്തെ സേവിയ്ക്ക്. നീ ധൈര്യമായി മുന്നോട്ടു പോകുക.’
വിശാഖം മന്ദഹസിച്ചു. ഇവള് മന്ദഹസിച്ചാല്‍ മാത്രം പോര. ഇവള് അട്ടഹസിച്ചു ചിരിയ്ക്കണം, ആര്‍ത്തുല്ലസിച്ചു ചിരിച്ചു മറിയണം, ഇന്നലെകള്‍ അവള് മറക്കണം, ഇന്നുകള്‍ അവളാസ്വദിയ്ക്കണം. സദാനന്ദ് ദൃഢനിശ്ചയമെടുത്തു.
സദാനന്ദ് ആ മുറിയ്ക്കുണ്ടായിരുന്ന ഒരേയൊരു ജനലിന്റെ അടുത്തേയ്ക്കു നടന്നു. ‘വിശാഖം, ഈ ജനലില്ക്കൂടിയാണ് പണ്ടു ഞാന്‍ ഉറക്കഗുളികകള്‍ കളഞ്ഞത്. അല്ലേ?’
‘അതേ, സദൂ.’
പണ്ട് ആ ജനലിന് കേടുപാടുകളുണ്ടായിരുന്നു. ഇപ്പോള്‍ ആ കേടുപാടുകളൊക്കെ തീര്ത്തിരിയ്ക്കുന്നു. സദാനന്ദ് ജനല്‍ തുറന്നു. പുറത്തുനിന്ന് ദുര്‍ഗന്ധം മൂക്കില്‍ തുളച്ചു കയറി. തൊട്ടു മുന്പില് അഴുക്കു ചാല്. പണ്ടു കുപ്പിയില്‍ നിന്ന് ഗുളികകള്‍ വീണത് അതിലായിരുന്നിരിയ്ക്കണം. സദാനന്ദ് ശിരസ്സു പുറത്തേയ്ക്കു നീട്ടി ഇരുദിശകളിലേയ്ക്കും നോക്കി, അഴുക്കുചാലിന്റെ കാണാവുന്നത്ര അകലത്തിലുള്ള സ്ഥിതി അവലോകനം ചെയ്തു. ഉടന്‍ ബക്കഡേയെ സെല്‍ ഫോണുപയോഗിച്ചു വിളിച്ചു. തുടര്‍ന്ന് എഞ്ചിനീയര്‍ സുധീറിനേയും. അവര്‍ രണ്ടും ഉടനെത്തി. ‘ഈ അഴുക്കു ചാല് നമുക്കൊന്നു ശുചിയാക്കാന്‍ സാധിയ്ക്കില്ലേ?’ സദാനന്ദ് സുധീറിനോടു ചോദിച്ചു.
സുധീറും ശിരസ്സു പുറത്തേയ്ക്കു നീട്ടി പരിശോധന നടത്തി. ‘ആഴമുള്ള ചാലല്ല, സര്. ജെസീബി കൊണ്ട് ചെളി വാരിക്കളഞ്ഞ് ചാലു വൃത്തിയാക്കാവുന്നതാണ്. ഇടയ്ക്കിടെ ചെയ്യുന്നതു നന്നായിരിയ്ക്കും. ടെക്ക്നിക്കലി പോസ്സിബിള്‍. എന്തു ചെലവു വരുമെന്നും എത്ര സമയം വേണമെന്നും കണക്കുകൂട്ടിയെടുക്കാന്‍ കൂടുതല്‍ പരിശോധന നടത്തേണ്ടി വരും.’
‘എന്തു ചെലവു വരുമെന്നു രണ്ടു ദിവസത്തിനുള്ളില്‍ കണക്കുകൂട്ടിപ്പറയാമോ?’
‘തീര്‍ച്ചയായും, സര്.’ സുധീര്‍ ഉറപ്പു നല്കി.
‘ചെലവിന്റെ ഏകദേശരൂപം അറിഞ്ഞ ശേഷം തൊട്ടടുത്തുള്ള ബില്‍ഡിങ്ങ് ഓണര്മാരുമായി നമുക്കൊന്നു സംസാരിച്ചു നോക്കുകയും ചെയ്യാം.’ വിശാഖം അഭിപ്രായപ്പെട്ടു. തന്റെ ചെലവു കുറയ്ക്കാന്‍ അവള് എപ്പോഴും ശുഷ്കാന്തി കാണിയ്ക്കുന്നെന്നു സദാനന്ദ് ഓര്‍ത്തു. ‘ആരെങ്കിലുമൊക്കെ സഹകരിച്ചെന്നു വരാം.’
‘ബേട്ടി പറഞ്ഞതു ശരിയാണ്. തീര്‍ച്ചയായും അവര്‍ സഹകരിയ്ക്കും. അവരെ സഹകരിപ്പിയ്ക്കാനുള്ള ശ്രമം നമുക്ക് ഉടന്‍ തുടങ്ങാം. കൂട്ടായ സംരംഭമാകുമ്പോള്‍ ഓരോരുത്തരുടേയും ചെലവുഭാരം വളരെ കുറഞ്ഞിരിയ്ക്കും.’
‘താങ്ക്സ്, ചാച്ചാജി,’ വിശാഖം നന്ദി പ്രകാശിപ്പിച്ചു.
അവളുടെ മുഖത്തെ മന്ദഹാസപ്പൂനിലാവ് ആസ്വദിച്ചുകൊണ്ട് സദാനന്ദ് ദൃഢനിശ്ചയമെടുത്തു, ‘ചെളിയും ദുര്‍ഗന്ധവും അകറ്റി കാമാഠിപുരയെ നമുക്ക് നല്ലൊരു പ്രദേശമാക്കണം.’
വിശാഖം സദാനന്ദിന്റെ കരം ഗ്രഹിച്ചു. ഇരുവരും ജനലിലൂടെ പുറത്തേയ്ക്കു നോക്കി. പുതിയ, സുന്ദരമായൊരു കാമാഠിപുര അവരുടെ മുന്നില്‍ തെളിഞ്ഞുവന്നു.
(ഈ നീണ്ടകഥ ഇവിടെ അവസാനിയ്ക്കുന്നു. ഈ കഥ സാങ്കല്പികം മാത്രമാണ്.)