ശരിക്കും ഭയക്കേണ്ടത് കോണ്‍ഗ്രസ് തന്നെയല്ലേ…?

200

Oommen_Chandy

അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തോട് കൂടി യു.ഡി.എഫ് വിശിഷ്യാ കോണ്‍ഗ്രസ്സും ഉമ്മന്‍ചാണ്ടിയും ആത്മവിശ്വാസത്തിലാണ്. ആരോപണങ്ങളുടെ നടുവില്‍ ഉഴറിയ ഉമ്മന്‍ചാണ്ടി ഗവണ്മെന്റിന് തെല്ലാശ്വാസമൊന്നുമല്ല അരുവിക്കരക്കാര്‍ നല്കിയത്. അതുവഴി താത്കാലികമായെങ്കിലും, ഭരണവിരുദ്ധ വികാരമില്ലെന്നും, ആരോപണങ്ങളില്‍ കഴമ്പില്ലെന്നും വരുത്തി തീര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു.

എന്നാല്‍ ഒരു പരുധിക്കപ്പുറം കോണ്‍ഗ്രസിന് തന്നെ വിനയായേക്കാവുന്ന ഉത്തരവാദിത്വത്തിലേക്കാണ് അരുവിക്കരക്കാര്‍ അവരെ തള്ളിവിട്ടിരിക്കുന്നത്. ആദ്യം കേള്ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുമെങ്കിലും ഇരുത്തിചിന്തിക്കുമ്പോള്‍ ഈ നിഗമനത്തിലേക്ക് എത്താതിരിക്കാന്‍ കഴിയില്ല. ഭരണ തുടര്‍ച്ചയാണ് കേരളത്തിന്റെ ഇംഗിതമെന്ന നിലയിലാണ് ഈ വിജയത്തെ കോണ്‍ഗ്രസ് ചര്‍ച്ചചെയ്യുന്നത്. അങ്ങനെയെങ്കില്‍ മുമ്പ് പറഞ്ഞത് പോലെ വലിയ പ്രതിസന്ധിയിലേക്കാകും കോണ്‍ഗ്രസ് ഒരുപക്ഷേ ചെന്നെത്തുക.

അരുവിക്കര തിരഞ്ഞെടുപ്പ് വിജയം വലിയ ഉത്തരവദിത്വങ്ങളിലേക്കാണ് ഉമ്മന്‍ചാണ്ടിയെ കൊണ്ടെത്തിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പോടെ തന്നെ ആ പ്രതിസന്ധികള്‍ക്ക് തുടക്കമാകും. നിലവിലത്തെ അവസ്ഥയില്‍ ഒക്ടോബറില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് യു.ഡി.എഫിന് അനുകൂലമാകാന്‍ സാധ്യതയില്ല. കേരളത്തിന്റെ ചരിത്രത്തില്‍ആദ്യമായാണ് കഴിഞ്ഞ തവണ 60 ശതമാനത്തിലധികം ഭരണസമതികള്‍ പിടിച്ചെടുക്കുവാന്‍ യുഡിഎഫിന് കഴിഞ്ഞത്. അതൊരു കാരണവശാലും ആവര്‍ത്തിക്കാന്‍ സാധ്യതയില്ല. അടിക്കടി മാറുന്ന പ്രസിഡന്റും, അവിശ്വാസവുമൊക്കെ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ സ്ഥിരം കാഴ്ചയാണ്. മാത്രമല്ല സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയതും, റോഡ് കോണ്‍ട്രാക്ടര്‍മാര്‍ പണി നിര്‍ത്തി വെച്ചതും യുഡിഎഫിന് തിരിച്ചടിയാകും.

അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിലെ ചേരിപ്പോര് വീണ്ടു ശക്തമാകും. ഉമ്മന്‍ചാണ്ടിക്കെതിരെ പടയൊരുക്കാന്‍ എതിര്‍ ഗ്രൂപ്പുകള്‍ക്ക് അത് ശക്തി പകരുകയും ചെയ്യും. ഇനി അധവാ യുഡിഎഫ് വിജയിച്ചെന്ന് തന്നെയിരിക്കട്ടെ, അമിത ആത്മവിശ്വാസത്തിന് ആ ഒരു ഒറ്റക്കാരണം മതിയാകും. ഉദാഹരണത്തിന് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം കാഴ്ചവെച്ച ഐക്യമുന്നണി അസംബ്ലി ഇലക്ഷനില്‍ കേവല ഭൂരിപക്ഷത്തിനായി വിയര്‍ക്കുന്നത് നമ്മള്‍ കണ്ടതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സ്ഥിരം കാണുന്നതാണ്. തിരഞ്ഞെടുപ്പ് വിജയത്തോടെ വിശ്രമിത്തിലാകുന്ന കോണ്‍ഗ്രസ് ഉണരണമെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് അടുക്കണം.

ഇനി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും വിജയിച്ച് നിയമസഭ ഭൂരിപക്ഷവും നേടി ഭരണത്തുടര്‍ച്ച ഉണ്ടായെന്നും കരുതുക. ഉമ്മന്‍ചാണ്ടി തന്നെയാകും ആ തവണയും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം പോലുമില്ല. പക്ഷേ മന്ത്രിസഭാ രൂപീകരണം മുതല്ക്കു തന്നെ കടുത്ത പ്രതിസന്ധിയാകും ഉമ്മന്‍ചാണ്ടി നേരിടേണ്ടി വരിക. നിലവിലെ കോണ്‍ഗ്രസ് മന്ത്രിമാരില്‍ ഉമ്മനും രമേശും ഒഴികെ എത്ര പേര്‍ കാര്യപ്രാപ്തരാണെന്നുള്ള ചോദ്യം 5 വര്‍ഷം ആയിട്ടും നിലനില്ക്കുകയാണ്. അടുത്തൊരു 8 മാസം കൂടി ഈ ടീമുമായി മുന്നോട്ട് പോകുവാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞേക്കും. എന്നാല്‍ 2016 ലെ സ്ഥിതി അതായിരിക്കില്ല. അങ്ങനെയെങ്കില്‍ മുതിര്‍ന്ന പല സാമാജികരെയും തുടക്കത്തില്‍ തന്നെ ചാണ്ടിക്ക് പിണക്കിയേ മതിയാകൂ. രണ്ടാമത് അധികാരത്തിലേക്ക് എത്തുമ്പോഴേക്കും ആത്മ വിശ്വാസത്തിന്റെ കൊടുമുടിയിലേക്കാകും കോണ്‍ഗ്രസ് എത്തപ്പെടുകയെന്നും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതോടെ കോണ്‍ഗ്രസ്സിലെ എ മുതല്‍ ഇസഡ് വരെയുള്ള ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാകും. മാത്രമല്ല അഴിമതിയുടെ മൊത്തവ്യാപാരത്തിനായിരിക്കും കളമൊരുങ്ങുക. നിലവില്‍ മന്ത്രിസഭയിലെ 9 പേരാണ് വിജിലന്‍സ് അന്വേഷണം നേരിടുന്നതെന്നും ഓര്‍ക്കുക. തത്വത്തില്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ ഗതിയായിരിക്കും രണ്ടാം ഉമ്മന്‍ചാണ്ടി ഗവണ്മെന്റിനേയും കാത്തിരിക്കുക. അപ്പോള്‍ പിന്നെ 2021 ലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

സംഘടനാപരമായും കോണ്‍ഗ്രസ് ഭീഷണികള്‍ നേരിടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബിജെപിയുടെ വളര്‍ച്ച കൂടുതല്‍ ക്ഷീണിപ്പിക്കുക സിപിഎമ്മിനെ ആയിരിക്കുമെങ്കിലും മറ്റൊരു തരത്തിലായിരിക്കും അത് കോണ്‍ഗ്രസിനെ ബാധിക്കുക. വടക്കന്‍ കേരളത്തില്‍ മുസ്ലീം ലീഗിന്റെ സഹായത്തോടെയും, മധ്യ കേരളത്തില്‍ കേരളകോണ്‍ഗ്രസിന്റെ സഹായത്തോടെയും ബിജെപിയെ ചെരുക്കാന്‍ കഴിയുമെങ്കില്‍ തെക്കന്‍ കേരളത്തില്‍ വലിയ പ്രതിസന്ധിയാകും അവരെ കാത്തിരിക്കുന്നത്. അടിസ്ഥാനപരമായി സംഘടനാ സംവിധാനമില്ലാത്തെ കോണ്‍ഗ്രസ് വോട്ടുകളിലേക്ക് ബിജെപിയും, തിരിച്ചടി നേരിടുന്ന സിപിഎമ്മും കടന്നു കയറുമെന്ന് നിസംശയം പറയാം. അതിനോടൊപ്പം നിലവിലെ ഘടക കക്ഷികള്‍ വിട്ടുപോയാലും അത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശരിക്ക് ബാധിക്കും.

ചുരുക്കത്തില്‍ അരുവിക്കര തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ്സിന് ആത്മവിശ്വാസമല്ല, മറിച്ച് അമിത ഉത്തരവാദിത്വങ്ങളാണ് നല്കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഭയക്കേണ്ടതും കോണ്‍ഗ്രസ്സ് തന്നെയാണ്.