Share The Article

Indiangreat_0_0_0_0മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി ഭയന്നാണ് ഇന്ന് ബസില്‍ ഓഫീസില്‍ പോവാം എന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയെയോ ജന സമ്പര്‍ക്കത്തിനെയോ എനിക്ക് പേടിയില്ല. പക്ഷെ ഒരു മുഖ്യമന്ത്രിയുടെ കാറിന്റെ വരെ ചില്ലും നെഞ്ചുംകൂടും പൊട്ടിക്കുവാന്‍ ഈ സമ്പര്‍ക്ക കലാപരിപാടി ഹേതുവായെങ്കില്‍ എന്നെ പോലെ ഒരു പാവത്തിന്റെ നെഞ്ചുംകൂടിനും കാറിന്റെ ചില്ലിനും എന്ത് ഗ്യാരണ്ടി ആണ് ഉള്ളതെന്ന ഭയം അസ്ഥാനത്തല്ലല്ലോ. കൈ കാണിച്ചപ്പോള്‍ വിശാല മനസ്‌കനായ ആ ബസ് െ്രെഡവര്‍, തന്റെ പ്രയാണം റോഡിന്റെ ഒരു സൈഡിലൂടെ ആക്കിത്തന്നു. വിശാല മനസ്ഥിതിയില്‍ െ്രെഡവറോട് മത്സരിച്ചു കൊണ്ടിരിക്കുന്ന കിളി എന്നെ കണ്ടതും ഡോര്‍ തുറന്നു വെച്ച് തന്നു. പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല. കീലേരി കുഞ്ഞിക്കണ്ണനെ ധ്യാനിച്ച് ഒറ്റച്ചാട്ടത്തിന് ബസില്‍ കേറിപ്പറ്റി. താരതമ്യേനെ തിരക്ക് കുറഞ്ഞ ബസ്സെങ്കിലും സീറ്റ് മുഴുവന്‍ ഫുള്‍.

കയ്യില്‍ തടഞ്ഞ കമ്പിത്തൂണിനും സീറ്റിനും ഇടയിലായി നിലയുറച്ചപ്പോള്‍ സമാധാനം. ചാരി നില്കുന്ന സീറ്റില്‍ ഇരിക്കുന്ന മാന്യന്‍ ഒന്നിളകി ഞാന്‍ ഇവിടെ ഇരിപ്പുണ്ട് എന്നറിയിച്ചപ്പോള്‍ ഒന്ന് പുഞ്ചിരിച്ചു ഞാന്‍ ഇവിടെ നില്‍പുണ്ടെന്ന് ഞാനും അറിയിച്ചു കൊണ്ട് അവരെ തൊടാതിരിക്കാന്‍ ശ്രദ്ധിച്ചു. ബസ് െ്രെഡവറുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കൂടുംബോഴോഴികെ ഞാന്‍ സ്റ്റഡി ആയിത്തന്നെ നിന്നു.

റോഡ് കാഴ്ചകളില്‍ മുഴുകി നിന്ന എന്നെ പിറകില്‍ നിന്നു ശക്തമായി ആരോ തള്ളിയതും എന്റെ തല കമ്പിയില്‍ ഇടിച്ചതും വളരെ പെട്ടെന്നായിരുന്നു. നില്പ് ഭദ്രമാക്കി സംഭവിച്ചതെന്തെന്ന് നോക്കിയപ്പോള്‍ പിന്നില്‍ പിറുപിറുത്തു കൊണ്ട് മാന്യന്‍ ഒന്നുകൂടി ഇളകിയിരുന്നു. തന്റെ ചാരിത്ര്യം ഈയുള്ളവന്‍ കുണ്ടി കൊണ്ട് കരണ്ട് കൊണ്ടിരിക്കുന്നു എന്ന തോന്നല്‍ ആവാം ആ മാന്യനെ എന്നെ പിടിച്ചു തള്ളുവാന്‍ പ്രേരിപ്പിച്ചതെന്ന് ഞാന്‍ അനുമാനിച്ചു. ജീവനില്‍ കൊതിയുള്ളത് കൊണ്ടും െ്രെഡവറെ ഇനിയും വിശ്വസിക്കാന്‍ ധൈര്യമില്ലാത്തത് കൊണ്ടും നില്പ് അല്പം ബാക്കിലേക്ക് മാറ്റി ഒരു സീറ്റ് ഒഴിയുന്നതും കാത്തു നിന്നു. മാന്യന്റെ അരികത്തായി ഒരു സീറ്റ് ഒഴിഞ്ഞതും അത് കയ്യേറാന്‍ ഞാന്‍ ചെന്നതും അദ്ദേഹത്തിന് തീരെ ഇഷ്ടപ്പെട്ടില്ല. അടുപ്പിച്ചടുപ്പിച് പണിഞ്ഞ സീറ്റില്‍ നിന്നു മാന്യന്‍ അനങ്ങാന്‍ തയ്യാറായില്ല. ഇനി ഇപ്പൊ ഇരിക്കണമെങ്കില്‍ മാന്യന്റെ കടന്നു വേണം നടുവിലെ സീറ്റില്‍ എത്താന്‍. ഇനി എന്റെ കാല് മാന്യന്റെ കാലില്‍ തട്ടുമ്പോള്‍ അവരുടെ പ്രതികരണം എന്താവും എന്ന ഒരു ചെറു ഭീതിയോടെ ചാടി കടന്നു സീറ്റില്‍ ഒരല്പം സ്ഥലം കിട്ടി. മൂന്നു പേര്‍ക്കു ഇരിക്കാവുന്ന സീറ്റില്‍ രണ്ടു പേരുടെ സ്ഥലം മാന്യന്‍ കയ്യേറി കൈ മുട്ട് മടക്കി വെച്ച് ലാവിഷായി ഇരിക്കുന്നു. ചന്തി സീറ്റില്‍ ഉറപ്പിച്ച് മുന്നോട്ടു മടങ്ങി ഞാന്‍ ഒരു പരുവത്തില്‍ ഇരുന്നു മാന്യന്റെ മുഖത്തേക്ക് നോക്കി. അയാളുടെ മുഖത്ത് അവക്ഞ്ഞ അല്ലെങ്കില്‍ പുച്ഛം എന്ന ഭാവത്തിന്റെ വിവിധ സബ്ഭാവങ്ങള്‍ വിരിയുന്നത് ഞാന്‍ കണ്ടു.

വഴിയില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇരച്ചു കയറിയ പെണ്കൂട്ടം അതുവരെ ശാന്തമായിരുന്ന അന്തരീക്ഷം ശബ്ദ മുഖരിതമാക്കി. ഞെക്കി ഞെരുങ്ങി ഇരുന്നിരുന്ന എനിക്ക് അവരുടെ വായില്‍നോക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സൌകര്യമില്ലയിരുന്നത് കൊണ്ട് അതിനു തുനിഞ്ഞില്ല.പക്ഷെ എന്തുകൊണ്ടെന്നറിയില്ല സാവകാശം എന്റെ സീറ്റില്‍ യഥേഷ്ടം സ്ഥലം വന്നു നിറയുന്നുണ്ടായിരുന്നു.എന്താണ് ഇതിന്റെ ഗുട്ടന്‍സ് എന്നറിയാന്‍ മാന്യനെ നോക്കിയപ്പോഴാണ് ഗുട്ടന്‍സിന്റെ നീണ്ട കൈകള്‍ കണ്ടത്. എന്നെ ഞെരുക്കി അകത്തേക്ക് ലാവിഷായി ഇരുന്ന മാന്യന്‍ ഇപ്പോള്‍ കുനിഞ്ഞു കഷ്ടപ്പെട്ട് മുന്നിലെ സീറ്റില്‍ കൈ വെച്ച് ചാരി നില്കുന്ന പെണ്ണിനെ തോണ്ടാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. തൊണ്ട് കിട്ടിയവര്‍ കിട്ടാത്തവര്‍ക്ക് വേണ്ടി അവിടം വിടുന്നു.മാറി മാറി വരുന്നവരെ മാന്യന്‍ തന്റെ മാന്യത അറിയിച്ചു കൊണ്ടേ ഇരിക്കുന്നു.
ഞാന്‍ ശ്രദ്ധിക്കുന്നു എന്ന് തോന്നിയത് കൊണ്ടാണോ എന്തോ അയാള്‍ കൈ പിന്നോട്ട് വലിച്ചു ഒന്നൂടെ അമര്‍ന്നിരുന്നു എന്നെ നോക്കി. നേരത്തെ കണ്ട അതേ നോട്ടം..പുച്ഛം കലര്‍ന്ന ആ നോട്ടത്തിനു ഒരു ആത്മഗതം പോലെ ഞാന്‍ മറുപടി പറഞ്ഞു…’ ശരി…മാന്യാ..’