ശശി തരൂര്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ “അധികപ്പറ്റോ” ?

  0
  193

  123456

  നിങ്ങളുടെ ഉത്തരങ്ങള്‍ പലതാകാം.. അതിന് നിങ്ങളുടേതായ കാരണങ്ങളും അഭിപ്രായങ്ങളും കാണാം..

  യു എന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ശശി തരൂര്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് നല്‍കിയ സംഭാവനകളുടെ കണക്ക് എടുത്ത് നോക്കിയാല്‍ ചിലരുടെയെങ്കിലും മുഖം ഒന്ന് ചുളിയും. ഒരു “വൈറ്റ് കോളര്‍” ജോലി വര്‍ഷങ്ങളോളം ചെയ്ത് ആ അനുഭവസമ്പത്തുമായി ഇന്ത്യ പോലൊരു രാജ്യത്തിന്‍റെ ഭരണസിരാ കേന്ദ്രങ്ങളിലേക്ക് വളരെയെളുപ്പം നടന്ന് കയറിയ തരൂരിന് പലയിടത്തും പിഴച്ചു.

  ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് തരൂരിന് പിഴച്ചത് എവിടെയൊക്കെ ?

  1. മറ്റു പാര്‍ട്ടികളെയും അവരുടെ നേതാക്കളെയും “കണ്ണടച്ച് കുറ്റം” പറയാന്‍ തരൂര്‍ മടിച്ചു. പലപ്പോഴും കുറ്റം പറയുന്നതിന് പകരം അവരെ പ്രശംസിക്കുക കൂടി ചെയ്തതോടെ തരൂരിന്റെ ചീട്ട് പതിയെ കീറി തുടങ്ങി.

  2. വാരി കോരി വാഗ്ദാനങ്ങള്‍ കൊടുക്കുന്നതിലും തരൂര്‍ മടി കാണിച്ചു. തന്നെ കൊണ്ട് ചെയ്യാന്‍ സാധിക്കും എന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം തരൂര്‍ ചെയ്തു , അത് മാത്രം അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനതയ്ക്ക് വികസനതിനെക്കാള്‍ വലുത് വാഗ്ദാനങ്ങളാണ് എന്ന കാര്യം അദ്ദേഹം മറന്ന് പോയി എന്ന് തന്നെ പറയാം.

  3. ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ എത്ര പണം ഉള്ളവര്‍ ആണെങ്കിലും പൊതുസദസ്സില്‍ “പാവങ്ങളില്‍ പാവം” ആയി മാറണം എന്ന പാഠം അദ്ദേഹം പഠിച്ചില്ല. നല്ല വൃത്തിയും ഗാംഭീര്യവും ഉള്ള വേഷ പകര്‍ച്ചകള്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തി.

  4. തരൂരിന്റെ തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങളെ പറ്റി ആര്‍ക്കും ഒരു വ്യക്തമായ ഐഡിയയില്ല. താന്‍ എന്ത് ചെയ്തു, എന്തൊക്കെ ചെയ്യും എന്ന് ഒന്നും ജനങ്ങളെ പഠിപ്പിക്കാന്‍ തരൂരിന് സാധിച്ചില്ല.

  5. മാധ്യമങ്ങളെ കൈകാര്യം ചെയ്യാന്‍ സാധാരണ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്ന രണ്ടാം തരം വേലകള്‍ തരൂരിനെ ആരും പഠിപ്പിച്ചില്ലയെന്ന്‍ മാത്രമല്ല അദ്ദേഹം അത് പഠിക്കാനും ശ്രമിച്ചില്ല.

  6. സോഷ്യല്‍ മീഡിയകള്‍ അദ്ദേഹത്തിന് നിരന്തരം പണി കൊടുത്ത് കൊണ്ടിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയ നേതാവിന്റെ വികസന പ്രഖ്യപനങ്ങള്‍ നടത്തേണ്ട സ്ഥലം സോഷ്യല്‍ മീഡിയയല്ല എന്ന് തിരിച്ചറിയാന്‍ തരൂര്‍ വൈകിപോയി.

  7. കേരളത്തെയും ഇവിടത്തെ ഗ്രൂപ്പുകളെയും അതിലെ നേതാക്കളെയും തരൂര്‍ പലപ്പോഴും മറന്നു. അതിന്റെ പണി അവര്‍ അദ്ദേഹത്തിന് കൊടുക്കുകയും ചെയ്തു, അവസാനം കോണ്‍ഗ്രസ്‌ വക്ത്താവ് സ്ഥാനവും തെറിച്ചു.!