ശാബാനു കേസ് വിധിക്ക് 30 വയസ്സ്

393

Youth-Ki-Awaaz31

ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ശരീഅത്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ശാബാനു ബീഗം കേസിന്റെ ചരിത്രപ്രസിദ്ധമായ വിധിക്ക് കഴിഞ്ഞ മാസം 30 വര്‍ഷം തികഞ്ഞു.1985 എപ്രില്‍ 23നാണ് മുഹമ്മദ് അഹ്മദ് ഖാന്‍,ശാബാനു ബീഗം എന്നിവര്‍ തമ്മിലുള്ള വൈവാഹിക കേസില്‍ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി രാജ്യം ഉള്‍ക്കൊള്ളുന്ന മതേതരത്വത്തിന്റെ ഉജ്ജ്വല പ്രതീകങ്ങളായ വ്.ക്തി നിയമങ്ങള്‍ മാറ്റി ഏകീകൃത സിവില്‍ കോഡ് രുപീകരിക്കണമെന്ന് അഭിപ്രായപ്പെടുകയും പരിശുദ്ധ ഖുര്‍ആന്‍ ദുര്‍ വ്യാഖ്യാനം ചെയ്ത് വിവാഹ മോചിതയായ ഭാര്യക്ക് മരണം വരെ ജീവിതച്ചെലവ് നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് വിധിക്കുകയും ചെയ്തത്.

മൂന്നു ഭാര്യമാരുള്ള മുഹമ്മദ് അഹ്മദ് ഖാന്‍ എന്ന അഭിഭാഷകന്‍ 1932ലാണ് ശാബാനു ബീഗത്തെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ 3 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും ജനിച്ചു.1975ല്‍ ശാബാനു ബീഗം ഭര്‍തൃഗൃഹത്തില്‍ നിന്നും പുറത്താക്കപ്പെടുകയും 1978 എപ്രിലില്‍ ഉപജീവനത്തിനായി പ്രതിമാസം 500 രൂപ ആവശ്യപ്പെട്ട് ഇന്‍ഡോറിലെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയും ചെയ്തു.1978 നവംബര്‍ 6 ന് അഹ്മദ് ഖാന്‍ ഇവരെ തിരിച്ചെടുക്കാനാകാത്ത വിധം ത്വലാഖ് ചൊല്ലി. വിവാഹം മോചനം ചെയ്തതിനാല്‍ ശാബാനു ബീഗം തന്റെ ഭാര്യയല്ലാതായിത്തീര്‍ന്നിട്ടുണ്ടെന്നും അക്കാരണത്താല്‍ ചെലവിന് കൊടുക്കാന്‍ താന്‍ ഭാധ്യസ്ഥനല്ലെന്നും രണ്ടു വര്‍ഷത്തോളം മാസം 200 രൂപയെന്നോണം അവള്‍ക്ക് ചെലവിനായി നല്‍കിയിട്ടുണ്ടെന്നും ഇദ്ദയുടെ കാലത്ത് മഹര്‍ ആയി 3000 രൂപ കോടതിയില്‍ കെട്ടിവെച്ചിട്ടുണ്ടെന്നും അഹ്മദ് ഖാന്‍ കോടതിയില്‍ വാദിച്ചു.

1979 ആഗസ്റ്റില്‍ ശാബാനു ബീഗത്തിന്റെ ഉപജീവനത്തിനായി മാസാന്തം 25 രൂപ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.പ്രസുതുത സംഖ്യ 179.20 രൂപയാക്കി മധ്യപ്രദേശ് ഹൈക്കോടതി വര്‍ധിപ്പിച്ചു. ഇതിന്മേലുള്ള പ്രത്യേക അനുമതിയുമായാണ് അഹ്മദ് ഖാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കോടതി വിധിയുടെ ആമുഖം തന്നെ രാജ്യത്തെ പ്രബലമായ രണ്ടു മതങ്ങളെ അടച്ചാക്ഷേപിക്കുന്ന തരത്തിലായിരുന്നു. വിശുദ്ധ വചനങ്ങളെ അസ്ഥാനത്ത് പ്രയോഗിച്ച് മതങ്ങള്‍ മുഴുവന്‍ സ്ത്രീ വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുന്നതായിരുന്നു കോടതി വിധി.മനുസ്മൃതിയിലെ ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി പ്രവാചക വചനങ്ങളിലെ സ്ത്രീയെ സൃഷ്ടിക്കപ്പെട്ടത് ഒരു വളഞ്ഞ വാരിയെല്ലില്‍ നിന്നാണ്. അതിനെ നീ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അത് പൊട്ടിപ്പോവും.അതിനാല്‍ നിങ്ങള്‍ ഭാര്യമാരോട് ദയാപൂര്‍വ്വം പെരുമാറുക എന്നിവയായിരുന്നു അവ. മാത്രമല്ല,ഈ ഹദീസ് ഉദ്ധരിക്കുന്നത് തന്ന പ്രവാചകന്‍ പറഞ്ഞതായി തെറ്റെന്ന് തോന്നുന്ന വിധം രേഖപ്പെടുത്തിയിരിക്കുന്നു എന്നു വ്യക്തമാക്കിയാണ്. പ്രവാചക വചനങ്ങളധികവും കെട്ടിച്ചമച്ചതാണെന്ന് തെറ്റുദ്ധരിപ്പിക്കാന്‍ കോടതി ശ്രമിച്ചു.

ക്രിമിനല്‍ നടപടി ക്രമത്തിലെ 125-ാം വകുപ്പ് അനുസരിച്ചാണ് ശാബാനു ബീഗത്തിന് ജീവനാംശം നല്‍കാന്‍ കോടതി വിധിച്ചത്. മുസ്ലിം വ്യക്തി നിയമവും ക്രിമിനല്‍ നടപടിക്രമത്തിലെ 125-ാം വകുപ്പും തമ്മില്‍ എതിരായാല്‍ 125-ാം വകുപ്പിന് വ്യക്തി നിയമത്തെ മറികടക്കാന്‍ സാധിക്കും എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ഓരോ നിയമ നിര്‍മ്മാണത്തിന് പിന്നിലുമുള്ള ലക്ഷ്യം പരിശോധിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 1973 ഡിസംബര്‍ 18ന് ആഭ്യന്തര മന്ത്രി റാം നിവാസ് മിര്‍ധ രാജ്യ സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ക്രിമിനല്‍ നടപടി ചട്ടം മുസ്ലിം വ്യക്തി നിയമത്തെ ബാധിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞിട്ടുണ്ട്.

ഇതിനെ ന്യായീകരിക്കാന്‍ പരിശുദ്ധ ഖുര്‍ആനെ ദുരുപയോഗം ചെയ്യുകകൂടി ചെയ്തു കോടതി. ആധികാരികല്ലെങ്കിലും മുസ്ലിം വ്യക്തി നിയമങ്ങളില്‍ സാധാരയയായി ജഡ്ജിമാര്‍ ഉപയോഗപ്പെടുത്താറുള്ള മുള്ളയുടെ മുഹമ്മദന്‍ ലോ,ത്വയ്യിബ്ജിയുടെ മുസ്ലിം ലോ,പാരാസ് ദീവാന്റെ മുസ്ലിം ലോ ഇന്‍ മോഡേണ്‍ ഇന്ത്യ എന്നിവയിലെ വിശദീകരണങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിച്ച കോടതി ആധുനിക ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ സഹായത്തോടെ സൂറത്തുല്‍ ബഖറയിലെ 241-242 സൂക്തങ്ങള്‍ക്ക് പുതിയ അര്‍ത്ഥം കണ്ടെത്തുകയായിരുന്നു.മുസ്ലി ം വ്യക്തി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് തെളിവായി ഖുര്‍ആനോ ഹദീസോ കോടതികള്‍ ആശ്രയിക്കരരുതെന്നതും പൗരാണികവും ആധികാരികവുമായ വ്യാഖ്യാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നതും പൊതു തത്വമാണ്.

ഇദ്ദാ കാലം കഴിഞ്ഞാല്‍ പിന്നെ വേര്‍പ്പെടുത്താനാവാത്ത വിധം വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീക്ക് ചെലവ് നല്‍കല്‍ ഇസ്ലാമിക ശരീഅത്തില്‍ സ്ഥീരപ്പെട്ടിട്ടില്ല.വിവാഹ മോചനം,ചിലവിന് കൊടുക്കല്‍,വിവാഹ മൂല്യം തുടങ്ങിയ വിഷയങ്ങളില്‍ മുസ്ലിം വ്യക്തി നിയമം (ശരീഅത്ത്) അനുസരിച്ചാണ് വിധി കല്‍പ്പിക്കേണ്ടത് എന്നത് 1937 ലെ ശരീഅത്ത് ആപ്ലിക്കേഷന്‍ അക്ട് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണ ഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായ വ്യക്തി നിയമങ്ങള്‍ കാറ്റില്‍പറത്താന്‍ കോടതിയില്‍ പോലും ശ്രമമുണ്ടായപ്പോഴാണ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രാജ്യത്തെ മുസ്ലിംകള്‍ തയാറായത്.

കോടതി വിധിയെ മറികടക്കാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് മുസ്ലിം നേതാക്കള്‍ മുതിര്‍ന്നത്.അവസരം മുതലെടുത്ത് ഇസ്ലാമിക ശരീഅത്തിനെ കരിവാരിത്തേക്കാന്‍ മുസ്ലിം നാമധാരികള്‍ രംഗത്തിറങ്ങി. ദൈവ നിര്‍മ്മിതവും സാര്‍വ്വകാലികവും സമ്പൂര്‍ണ്ണവുമായ ഇസ്ലാമിക നിയമങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ പലരും മുറവിലി കൂട്ടി.തീരുമാനം പറയേണ്ട രാജ്യത്തെ മുസ്ലിംകള്‍ ശരീഅത്ത് സംരക്ഷണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു.മതേതരത്വം നെറ്റിയിലൊട്ടിച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തനിനിറം പുറത്തായ അവസരം കൂടിയായിരുന്നു ഇത്.

എല്ലാറ്റിനുമുപരിയായി, ഏകസിവില്‍കോഡിനെക്കുറിച്ചുള്ള കോടതിയുടെ പരാമര്‍ശമാണ് സമുദായം ഏറെ ഗൗരവമായി കണ്ടത്.ഭരണഘടനയുടെ 44-ാം വകുപ്പ് മൃതാക്ഷരമായി കിടക്കുകയാണെന്നും ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കുമായി ഒരു പൊതു സിവില്‍ കോഡ് രൂപീകരിക്കുന്നതിനുള്ള വാദം ഡോ.ത്വാഹിര്‍ മഹ്മൂദ് തന്റെ മുസ്ലിം പേഴ്‌സണല്‍ ലോ എന്ന പുസ്തകത്തില്‍ പറയുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.വ്യക്തി നിയമ പരിഷ്‌ക്കരണത്തിനും ഏക സിവില്‍ കോഡ് രൂപീകരത്തിന്നും മുസ്ലിംകള്‍ മുന്‍കൈ എടുക്കണം എന്നതായിരുന്നു കോടതി പരാമര്‍ശങ്ങളുടെ ഉള്‍സാരം.എന്നാല്‍,ഇതിനെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ് രാജ്യ താല്‍പര്യത്തിനൊപ്പം നില്‍ക്കാനാണ് സമുദായം തയാറായത്.

പൊതുവികാരവും യാഥാര്‍ത്ഥ്യവും മനസ്സിലാക്കി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്ലിം വനിതാ (വിവാഹ മോചനാന്തര സംരക്ഷണ) ആക്ട് പാര്‍ലമെന്റില്‍ പാസ്സാക്കി.ക്രിമിനല്‍ നിയമ ചട്ട പ്രകാരം വിവാഹ മോചിതക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവിതച്ചെലവ് ലഭ്യമാകുന്ന നിയമത്തില്‍ നിന്നും മുസ്ലിം സ്ത്രീകളെ ഒഴിവാക്കി ശരീഅത്തിന്റെ താല്‍പര്യം നടപ്പാക്കുന്നതായിരുന്നു ഈ ആക്ട്. ഇസ്ലാമിക നിയമപ്രകാരം ചെലവിന് കൊടുക്കേണ്ടത് ഇദ്ദ കാലത്തേക്ക് പരിമിതപ്പെടുത്തി.എന്നാല്‍ ഈ ആക്ടിനെയും അവഗണിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി സമീപകാല കോടതി വിധികളില്‍ തെളിഞ്ഞു കാണുന്നുണ്ട്.ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്.