ശേഷം ചിന്ത്യം…!!
രസകരമായ ഒരു വസ്തുതയെന്തെന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി രാമന്‍കുട്ടി നായരുടെ വയസ്സ് അറുപത്തി രണ്ടു തന്നെയാണെന്നുള്ളതാണ്. അതും രാമന്‍കുട്ടിനായര്‍ തന്നെ പറയുന്നതാണ്.
249 total views

രാമന്‍കുട്ടി നായര്‍ക്ക് പ്രായം അറുപത്തി രണ്ട്.
അത് രാമന്‍കുട്ടി നായര്‍ തന്നെ പറയുന്നതാണ്.
അല്ലാതെ നമുക്ക് താവഴി തിരക്കിപ്പോയി കണ്ടു പിടിക്കാന്‍ കഴിയില്ലല്ലോ.
എന്നാല്‍ രസകരമായ ഒരു വസ്തുതയെന്തെന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി രാമന്‍കുട്ടി നായരുടെ വയസ്സ് അറുപത്തി രണ്ടു തന്നെയാണെന്നുള്ളതാണ്. അതും രാമന്‍കുട്ടിനായര്‍ തന്നെ പറയുന്നതാണ്.
കാലബോധമില്ലാത്ത ഒരു കോമാളിയെപ്പോലെ രാമന്‍കുട്ടിനായര്‍ അറുപത്തിരണ്ടു വയസ്സില്‍ തറഞ്ഞു നില്ക്കുന്നു.
വെളിപാട് തറയിലെ നിലപാട് പോലെ..
അപ്പോള്‍ കഥയിങ്ങനെ….
രാമന്‍കുട്ടിനായരുടെ അമ്മ മരിക്കുമ്പോള്‍ അയാള്‍ക്ക് പ്രായം നാല്പത്തി അഞ്ച്. ലക്ഷ്മിക്കുട്ടിയമ്മയെ തട്ടിക്കൊണ്ടു വന്നത് മൂലം വീട്ടുകാര്യം നോക്കാനുള്ള ചുമതല ശിക്ഷയായി കിട്ടിയതാണ്.അച്ഛന് നേരത്തെ പോയി.
മരണക്കിടക്കയില്‍ കിടന്ന് അമ്മ മകന് ഒരു താളിയോല നല്കി.
‘രാമാ, ഇത് നെന്റെ ജാതകാ.. കൃഷ്ണക്കുറുപ്പ് എഴുതീതാ..അച്ചട്ടാണ്. ന്റെ കാര്യത്തിലും നെന്റെ അച്ഛന്റെ കാര്യത്തിലും എല്ലാം ശര്യാര്ന്നു..’
അത്രയും പറഞ്ഞ് ജാതകം അനുസരിച്ചു തന്നെ അമ്മ യാത്രയായി.
ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ഒരുദിവസം രാത്രി നിലവിളക്കിനു മുമ്പിലിരുന്നു രാമന്‍കുട്ടി നായര്‍ തന്റെ ജാതകം വായിക്കാന്‍ തുടങ്ങി.
അത്ഭുതമെന്നെപറയേണ്ടൂ, ഇത് വരെയുള്ള എല്ലാ കാര്യങ്ങളും അതേപടി നടന്നിരിക്കുന്നു.
അയാളുടെ ഭൂതകാലം മുഴുവന്‍ ഒരു ഡയറിക്കുറിപ്പ് പോലെ ഓലയിലെ നാരായരേഖകളില്‍ തെളിഞ്ഞു കിടക്കുന്നു.
ഭൂതകാലം കടന്നു വര്‍ത്തമാന കാലത്തിലൂടെ ജാതകം ഭാവിയിലേക്ക് കടന്നു. ഐശ്വര്യപൂര്‍ണമായ ഭാവി.
‘ന്റെ ഐശ്വര്യമാ ..!!’
ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ ഉറക്കെ ചിരിച്ചു കൊണ്ട് ഐശ്വര്യത്തിന്റെ പങ്കു പറ്റാന്‍ ശ്രമിച്ചു.
ജാതകത്തിന്റെ അവസാന ഓലയിലെ അവസാനത്തെ വാചകങ്ങളും അയാള്‍ ഉറക്കെ വായിച്ചു.
‘അറുപത്തിരണ്ടു വയസ്സ് വരെ ഐശ്വര്യപൂര്‍ണം.
ശേഷം ചിന്ത്യം.
ശുഭം.’
ജാതകം മരണത്തെപ്പറ്റി ഒന്നും ഉരിയാടാറില്ല. ശേഷം ചിന്ത്യം, അത്രമാത്രം.
‘അപ്പോള്‍ ആയുസ്സ് അറുപത്തിരണ്ടു വരെ. ല്ലേ? ‘
ഐശ്വര്യത്തിന് പങ്കു പറഞ്ഞ ലക്ഷിമിക്കുട്ടിയമ്മ പക്ഷെ അതു സമ്മതിച്ചില്ല. വെറുതെ വേണ്ടാത്തതൊക്കെ പറയുകയും ചിന്തിക്കുകയും ചെയ്യുന്നതിന് അയാളെ ശകാരിച്ചു.
പക്ഷെ അന്നുമുതല്‍ രാമന്‍കുട്ടിനായര്‍ സ്വയം തയ്യാറെടുക്കുകയായിരുന്നു. അറുപത്തിരണ്ടിലേക്കുള്ള നാഴികകളും വിനാഴികകളും അയാള്‍ തൊട്ടറിഞ്ഞു. ഒടുവില്‍ അറുപത്തി ഒന്ന് വയസ്സായതോടെ അയാള്‍ തന്നിലേക്ക് തന്നെ ഒതുങ്ങുവാനും തുടങ്ങി.
‘ന്റെ കാലം കഴിഞ്ഞു. കൂടി വന്നാല്‍ ഇനിയൊരു കൊല്ലം കൂടി..’
അയാള്‍ മക്കളോടും കൊച്ചുമക്കളോടും തമാശരൂപത്തില്‍ പറയാന്‍ തുടങ്ങി.
‘ഇങ്ങേര്‍ക്ക് നട്ടപ്പിരാന്താ..’
ലക്ഷ്മിക്കുട്ടിയമ്മ മക്കളോടും കൊച്ചുമക്കളോടും പറയും.
രാമന്‍കുട്ടി നായര്‍ ഒരു വില്പത്രമൊക്കെ ഉണ്ടാക്കി വച്ചു. മരണത്തിനു മുന്‍പ് ചെയ്യേണ്ട കടമകളും കര്‍ത്തവ്യങ്ങളും എല്ലാം തീര്‍ത്തുവച്ചു.
‘അങ്ങ് ചെല്ലുമ്പോള്‍ ഉടെതമ്പുരാന് വഴക്ക് പറയല്ലല്ലോ..!’
മരിച്ചു കഴിഞ്ഞാല്‍ ദഹിപ്പിക്കേണ്ട സ്ഥലവും വെട്ടേണ്ട മാവും വരെ മൂത്തമകന് പറഞ്ഞു കൊടുത്തു.അവന് മുഖം തിരിച്ചു നടന്നു പറഞ്ഞു,
‘ഈയച്ഛന് നട്ടപ്പിരാന്താ..’
അങ്ങനെ ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു.
ഒടുവില്‍ രാമന്‍കുട്ടി നായര്‍ അറുപത്തിരണ്ട് സംവത്സരങ്ങളും താണ്ടി ജാതകത്തിന്റെ അതിര്‍ത്തിയും കടന്ന് പുറത്തേക്ക്ചാടി.
തന്നെ ദഹിപ്പിക്കാന്‍ പറഞ്ഞു വച്ച മാവിന് ചുവട്ടില്‍ ചാരുകസേരയില്‍ നെഞ്ചും തടവി വൈകുന്നേരം അങ്ങനെ കിടക്കുമ്പോള്‍ ലക്ഷിമിക്കുട്ടിയമ്മ ചോദിക്കും,
‘അറുപത്തിരണ്ടു കഴിഞ്ഞില്ലേ, ങ്ങക്ക് പോകേണ്ടേ..?’
രണ്ടു പേരും തമ്മില്‍ ഇപ്പോഴും പെരുത്തു പ്രേമമാണ്.
കൊച്ചുമക്കള്‍ ഇടക്കിടെ വന്നു ചോദിക്കും,
‘അപ്പൂപ്പേ, അപ്പൂപ്പയ്ക്ക് എത്ര വയസ്സായി? ‘
രാമന്‍കുട്ടി നായര്‍ നെഞ്ചും തടവി ആകാശനീലിമയില്‍ കണ്ണും നട്ട് പറയും,
‘ജാതകവശാല്‍ പ്രായം അറുപത്തി രണ്ട്. നിക്കിനി അങ്ങോട്ട് പ്രായമില്ല. എന്നും അറുപത്തി രണ്ടു തന്നെ.’
ലക്ഷ്മിക്കുട്ടിയമ്മ ഉറക്കെ ചിരിക്കും.
‘ശേഷം ചിന്ത്യം…!!’
250 total views, 1 views today
