Literature
‘ശ്രീനാരായണായ’ ആത്മീയവിപ്ലവത്തിന്റെ വഴികാട്ടിനക്ഷത്രം

-ശൈലേഷ് നായര്‍
ഗുരുവിനെക്കുറിച്ച് എഴുതപ്പെട്ട കൃതികളില്‍ സര്‍ഗാത്മകവും കലാപരവുമായ ചരിത്രസംഭവമാണ് ‘ശ്രീനാരായണായ’ എന്ന് നോവലിന്റെ പിന്‍കുറിപ്പില്‍ ചേര്‍ത്തത് പൂര്‍ണ്ണമായും ശരിയാണ്. ഈ നോവല്‍ ശ്രീനാരായണ ചിന്തയിലും നോവല്‍ നിര്‍മ്മിതിയിലും ഒരു പുതിയ ഘട്ടം കുറിക്കുകയാണ്. ഗുരുദര്‍ശനത്തെ ഇന്ന് ആളുകള്‍ രണ്ടുതരത്തില്‍ ചുരുക്കികളഞ്ഞിരിക്കയാണ്. ഒന്ന്, വേദാന്തചര്‍ച്ച. രണ്ട്, ജാതിചിന്ത. ഇതില്‍ രണ്ടിലും ഗുരു ഉള്‍പ്പെടാതിരിക്കുന്നില്ല. ഗുരു പ്രത്യക്ഷത്തില്‍ തന്നെ വേദാന്തപരമായ ആശയങ്ങളെ നേരിടുന്നുണ്ട്. ജാതിക്കെതിരായി ഗുരുവലിയ ഉദ്ബോധനം നടത്തിയല്ലോ.
ഗുരുവിനെ പലകോണുകളില്‍ നിന്നും ആക്രമിക്കുന്ന കാലമാണിത്. തൈക്കാട് അയ്യാസ്വാമികളെയും വൈകുണ്ഠസ്വാമികളെയും ഉയര്‍ത്തിക്കൊണ്ടുവന്ന് ഗുരുവിന്റെ പ്രാധാന്യം കുറച്ചുകാണാന്‍ പലരും ശ്രമിക്കുന്നുണ്ട്. അയ്യാസ്വാമികളോടും വൈകുണ്ഠസ്വാമികളോടും നേരിട്ട് സംസാരിച്ച് വിവരം ശേഖരിച്ചു എന്ന മട്ടില്‍ ചിലര്‍ അസംബന്ധം നിരത്തുകയാണ്. ശങ്കരാചാര്യരുടെ അദ്വൈതം തന്നെയാണ് നമുക്കും പറയാനുള്ളതെന്ന് ഗുരു വെളിപ്പെടുത്തിയെന്നതും ശുദ്ധ നുണയാണ്. ശങ്കരാചാര്യര്‍ ഒരു മതവിശ്വാസിയും ചാതുര്‍വര്‍ണ്ണ്യ സൈദ്ധാന്തികനും പണ്ഡിതനുമായിരുന്നു. ഒരു മനുഷ്യനിലെ ചിന്താപരമായ മാലിന്യം നീക്കികളയാന്‍ ഒന്നും തന്നെ അദ്ദേഹം ചെയ്തിട്ടില്ല. പ്രമുഖ തമിഴ് കവി സുബ്രഹ്മണ്യഭാരതി പറഞ്ഞത് ശങ്കരാചാര്യരില്‍ തനിക്കൊരു പ്രതീക്ഷയുമില്ലെന്നാണ്.
എം.കെ.ഹരികുമാറിന്റെ ശ്രീനാരായണായ ഒരു പുനരുത്ഥാനമാണ്. ദര്‍ശനത്തെയും സമസ്ത പ്രകൃതിയെയും അന്തര്യാമിയായ ഉണര്‍വ്വിനെയും ഗുരു സങ്കല്പത്തിന്റെ വ്യാഖ്യാനത്തിലൂടെ ഹരികുമാര്‍ കാണിച്ചു തരുന്നു.
ആത്മീയ പാത
ഹരികുമാറിന്റെ രചനാലോകവുമായി വര്‍ഷങ്ങളായുള്ള ആത്മബന്ധം എനിക്കുണ്ട്. അതുകൊണ്ടുതന്നെ ശ്രീനാരായണായ എഴുതിതുടങ്ങുന്ന സമയം മുതല്‍ ഞാന്‍ അതു കൗതുകപൂര്‍വ്വം വീക്ഷിച്ച് വരുകയായിരുന്നു. നോവല്‍ പുറത്തുവന്നശേഷം ആളുകള്‍ ഭ്രാന്ത് പിടിച്ചിട്ടെന്നപോലെ അതു വായിക്കുന്നതും തങ്ങള്‍ കാലങ്ങളായി മനസ്സില്‍ കൊണ്ടുനടന്നതു ഹരികുമാര്‍ പിടിച്ചെടുത്തിലുള്ള ആനന്ദം പങ്കുവയ്ക്കുന്നതും ഞാന്‍ നേരിട്ട് കണ്ടതാണ്. ശ്രീനാരായണായ വായിച്ചപ്പോള്‍ എനിക്ക് ഒരുപാട് സംശയങ്ങളുണ്ടായി. എന്നാല്‍ ആ സംശയങ്ങളെല്ലാം ഈ നോവല്‍ തന്നെ പരിഹരിച്ചുതരുന്നുമുണ്ട്. എന്നിട്ടും ഞാന്‍ ഹരികുമാറുമായി ധരാളം സംസരിച്ചു. പുതിയൊരു ആത്മീയ പാതയായിരുന്നു അതിലൂടെ ലഭിച്ചത്.. മനുഷ്യശരീരത്തിലെ കരളിനുപോലും ഒരു തത്വശാസ്തമുണ്ടെന്ന് ഈ കൃതി വ്യക്തമാക്കിതരുന്നു. അതുപോലെ ശരീരം ഒരു ഫണമാണെന്നും. ഗുരുവിന്റെ യഥാര്‍ത്ഥമതം കൃതികള്‍ക്കു പുറത്ത് അന്വേഷിക്കണമെന്ന പുതൊയൊരു സിദ്ധാന്തം തന്നെ ഹരികുമാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. കൃതികളില്‍ വേദാന്തവും ഭക്തിയുമാണല്ലൊ മുഖ്യമായും കാണുന്നത്. അതേസമയം ഗുരുമതം മറ്റൊന്നാണ്. വേദാന്തവും മിത്തും തന്റെ സ്വന്തം ദര്‍ശനത്തിനായി ഗുരു ഉപയോഗിച്ചിട്ടുണ്ട്. ആത്മാനുഭവത്തിന്റെ അതിനൂതനമായ വിശദീകരണം ഇതിലുണ്ട്. സ്വാനുഭവത്തിന്റെ മറ്റൊരു പ്രപഞ്ചഘടനതന്നെ ഉരുക്കഴിക്കുന്നു. ശ്രീനാരായണായയുടെ രണ്ടാം പതിപ്പ് ഈ മാസം ബ്ളൂ മാംഗോ ബുക്സ് പ്രസിദ്ധീകരിക്കുകയാണ്. ഒരു സ്റ്റാളിനെയും ആശ്രയിക്കതെ ആദ്യപതിപ്പ് മുഴുവനും ഹരികുമാര്‍ ഒറ്റയ്ക്ക് വിറ്റു തീര്‍ത്തു. ബാഗുകളില്‍ പുസ്തകം ചുമന്നുകൊണ്ടു നടന്ന് ഹരികുമാര്‍ അതിന്റെ യഥര്‍ത്ഥ വായനക്കാരെ കണ്ടെത്തി. കാര്യമായ പരസ്യങ്ങളും ചെയ്തില്ല. ഈ നോവല്‍ ഹരികുമാറിന്റെ നവാദ്വൈതം എന്ന സ്വന്തം തത്വചിന്തയുടെ വിജയം കൂടിയാണ്.. ശ്രീനാരായണഗുരുവിനെ ഭാവിയില്‍ അന്വേഷിക്കുന്നവര്‍ ഈ നോവല്‍ വായിച്ചേ മതിയകൂ. ഇതിലാണ് യഥാര്‍ത്ഥ ഗുരുവുള്ളത്. ഓരോ വരിയിലും ഇതില്‍ ഗുരു നിറഞ്ഞു നില്ക്കുന്നു.
പൊളിച്ചെഴുത്ത്
അഞ്ഞൂറ്റി ഇരുപത്തെട്ട് പുറങ്ങളുള്ള ഈ നോവല്‍ നമ്മുടെ സാഹിത്യത്തിന്റെ പരിവര്‍ത്തനത്തിന്റെ ശക്തമായ അടയാളമാണ്. ആശയപരവും ദാര്‍ശനികവുമായ പൊളിച്ചെഴുത്തിലൂടെ ഹരികുമാര്‍ നമുക്ക് നഷ്ടപ്പെട്ട ഗുരുവിനെ ഇവിടെ വീണ്ടെടുത്തു തരുന്നു. ബുദ്ധിശൂന്യമായി ചര്‍ച്ച ചെയ്ത് ചെറുതാക്കി കളഞ്ഞതിനെയെല്ലാം ഹരികുമാര്‍ വിപ്ലവകരമായി തെളിച്ചെടുക്കുന്നു. ശ്രീനാരായണായ വിശ്വ വ്യാപകമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ഇത്രയും അഗാധവും സൗന്ദര്യചിന്തകള്‍ കൊണ്ട് നിബിഡവുമായ ഒരു കൃതി സമീപകാലത്ത് വായിച്ചിട്ടില്ല.
പതിനഞ്ച് സാങ്കല്പിക എഴുത്തുകാരാണ് ഈ നോവല്‍ ‘രചിച്ചി’രിക്കുന്നത്. വിവേകചൂഡാമണി എന്ന മാസിക പുറത്തിറക്കിയ ഗുരുപതിപ്പിനു വേണ്ടി ആ എഴുത്തുകാര്‍ അവരുടെ രചനകള്‍ നല്‍കിയിരിക്കുകയാണ്. ആ ഗുരുപതിപ്പാണ് നോവല്‍രൂപമാര്‍ജിച്ച് നമ്മുടെ മുമ്പില്‍ നില്‍ക്കുന്നത്. മോഹനാംഗന് പാഠശാല എന്ന സാങ്കല്പിക എഡിറ്ററാണ് ആമുഖമെഴുതി ഈ എഴുത്തുകാരെയും അവരുടെ രചനകളെയും അവതരിപ്പിക്കുന്നത്. ഈ പതിനഞ്ച് എഴുത്തുകാരും എഡിറ്ററും ഈ നോവലില്‍ അവരുടെ സ്വന്തം ഗുരു സങ്കല്പവും ഗുരു അനുഭവവും പകര്‍ത്തിക്കാണിക്കുകയാണ്. ഇവിടെ ഹരികുമാര്‍ ചെയ്തത് തന്നിലെ എഴുത്തുകാരനെ പലരായി സങ്കല്പിക്കുകയും അവരിലൂടെ ഏകാധിപതിയായ എഴുത്തുകാരന് എന്ന സങ്കല്പത്തെ ചിതറിച്ചുകളയുകയുമാണ്. ഇതിലെ എല്ലാ എഴുത്തുകാരും ഹരികുമാറില്‍ത്തന്നെ ജീവിക്കുന്നു. തന്റെ ബഹുസ്വരങ്ങളെ ഒരു ചരടില്‍ കോര്‍ത്തിരിക്കുകയാണ് നോവലിസ്റ്റ്.
‘ദൈവം അധികാരമല്ല; അത് സന്തുലിതാവസ്ഥയുടെ സര്‍വ്വവ്യാപൃതമായ അവസ്ഥയാണ്.’
‘ജ്ഞാനതൃഷ്ണ ഒരാഖ്യാനമാണ്’
‘കാറ്റിന്റെ തന്മാത്രകളില് ഗുണങ്ങള്‍ തുറന്ന്, ആത്മാവുകളുടെ പുനര്‍ജനികളായി തളിര്‍ക്കുന്നു.’
ഇതുപോലുള്ള അനേകം വാക്യങ്ങള്‍ ഹരികുമാര്‍ തന്റെ ജ്ഞാനമേഖലയുടെ സാരം എന്ന മട്ടില്‍ വിതറിയിട്ടുണ്ട്. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനി ‘ശ്രീനാരായണായ’യെ മുന്‍നിര്‍ത്തിയേ നടക്കുകയുള്ളൂ. ഇവിടെ ഒരു വലിയ ലോകം ഹരികുമാര്‍ തുറന്നിട്ടിരിക്കുകയാണ്. ഗുരു അന്വേഷിച്ച ദൈവം ഏതാണ്? ഗുരു എങ്ങനെയാണ് ജ്ഞാനിയായത്? എന്താണ് ആജ്ഞാനം? എന്താണ് പ്രകൃതി? നാം പ്രകൃതിയെ ഉപാസിക്കേണ്ടതുണ്ടോ? എന്താണ ശിവം? പ്രകൃതിയിലോ, സ്വന്തം ജീവിതത്തിലോ മഹത്തായതെന്നതരത്തില്‍ നാം മനസിലാക്കേണ്ടതുണ്ടോ? എന്താണ് അറിവ്? എന്താണ് സംഗീതം? സൗന്ദര്യം യഥാര്‍ത്ഥത്തില്‍ എവിടെയാണുള്ളത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഈ കൃതി ശ്രമിച്ചിരിക്കുന്നു.
വൈദിക രംഗത്തുള്ളവര്‍പോലും ഇതിനു ഉത്തരം കിട്ടാതെ വിഷമിക്കുകയാണെന്നോര്‍ക്കണം. പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യ വിചാരത്തെ അനുഭൂതിയായി സ്വാംശീകരിക്കുകയാണ് നോവലിസ്റ്റ്.
‘കണ്ണുകളടയുന്നതോടെ ലോകം ഉള്‍വലിയുന്നു. തിളച്ചുമറിയുന്ന ആസക്തിയുടെ കടല്‍ എവിടെയോ അപ്രത്യക്ഷമാകുന്നു. കടലുകളുടെ ഇരമ്പല്‍ കേള്‍ക്കാനേ കഴിയില്ല. നാം തനിച്ചാകുകയാണ്. സ്വന്തം ലോകം അവിടെ ആരംഭിക്കുകയാണ്. അവിടെ ശരീരം, മനസ്, ലോകം എന്നിവ ഒന്നായി മാറുന്നു. എല്ലാ രോഗങ്ങളും ദുഃഖങ്ങളും ഈത്രയത്തില്‍ വന്ന് ഒന്നായി ലയിച്ചുചേരുന്നു. അടഞ്ഞ കണ്ണുകള്‍ക്കുള്ളിലാണ് ഭൂമിയും ജീവനും ഉള്ളത്.’ ഇതാണ് ഹരികുമാറിന്റെ രചനയുടെ ശൈലി. ഇവിടെ ഉയര്‍ന്നുവരാവുന്ന സംശയം പതിനഞ്ച് എഴുത്തുകാരുടെ രചനകള്‍ സമാഹരിക്കുമ്പോള്‍ നോവല്‍ എന്ന നിലയില്‍ ഒരു തുടര്‍ച്ച ഉണ്ടാകുമോ എന്നതാണ്.
ആന്തരലോകങ്ങളുടെ തുടര്‍ച്ച
ഇത് ബാഹ്യസംഭവങ്ങളുടെ തുടര്‍ച്ച തേടിപ്പോകുകയല്ല, ഗുരുവിന്റെ ആന്തരലോകങ്ങളുടെ തുടര്‍ച്ചയാണ്. ഒരു ജീനിയസിനു മാത്രം എടുത്താല്‍ പൊങ്ങാത്ത ഇതുപോലുള്ള വിഷയങ്ങളുടെ ആന്തരിക ചലനങ്ങള്‍ അതീവഹൃദ്യമായി, ഏകാഗ്രതയോടെ നോവലായി ആവിഷ്കരിക്കാന്‍ കഴിയൂ.
ഹരികുമാര്‍ തന്റെ നിരൂപണ ലേഖനങ്ങളിലൂടെയും നവാദ്വൈത ദര്‍ശനപരമായ എഴുത്തുകളിലൂടെയും പ്രസിദ്ധമായ കോളത്തിലൂടെയും നമുക്ക് പകര്‍ന്നുതന്നിട്ടുള്ളത് ഉയര്‍ന്ന ഒരു സൗന്ദര്യാവബോധവും തത്ത്വചിന്താപരമായ സമീപനവുമാണ്. അതിന്റെ പക്വമായ തലമാണ് ‘ശ്രീനാരായണായ’യിലുള്ളത്. ഹരികുമാറിന് ഇണങ്ങുന്ന വിചാരരീതി തന്നെ. ഹരികുമാര്‍ ഒരു ദര്‍ശനത്തിന്റെയും പിന്നാലെപോകാതെ, സ്വന്തം ദര്‍ശനമായ നവാദ്വൈതത്തില്‍ എത്തിച്ചേര്‍ന്നതും എഴുത്തുകാരന്റെ സ്വാതന്ത്ര്യദാഹത്തിന്റെ ഭാഗമാണ്. തനിക്ക് ഒന്നിന്റെയും വാലാകാന്‍ കഴിയില്ല; തനിക്ക് താനായി മാത്രമേ നില്ക്കാന് കഴിയൂ എന്ന പ്രഖ്യാപനം. ഇളംകാറ്റുപോലെ, ആനന്ദത്തിന്റെ രമ്യതപോലെ, ഹൃദയഹാരിയായ വസന്തംപോലെ, സമാധാനത്തിന്റെ സന്ദേശംപോലെ. പ്രാര്‍ത്ഥനാഭരിതമായ പ്രഭാതംപോലെ, പക്ഷിക്കലമ്പലുകളുടെ നിഷ്കളങ്കതപോലെ ഒരാത്മീയത ‘ശ്രീനാരായണായ’യില്‍ നിറയുന്നു. നമ്മുടെ കാലഘട്ടത്തില്‍ ഒരിടത്തുനിന്നും കിട്ടാത്ത ഒരു ലയവും തിരിച്ചറിവുമാണത്. നമുക്ക് ലക്ഷ്യം പിഴച്ചുവെന്ന് അര്‍ത്ഥപൂര്‍ണമായ ഒരു വഴിതിരിയല്‍ അനിവാര്യമാണെന്നും ഓര്‍മ്മിപ്പിക്കുന്ന കൃതിയാണ്. ഒരു മതത്തിലും പെടാത്ത ശ്രീനാരായണഗുരുവിനെ ഇവിടെ കാണാം. അതാകട്ടെ മറ്റൊരു മതമാണ്. പ്രപഞ്ചഭാവങ്ങളില്‍ ഉണ്ടായിരുന്നതെന്തോ, അതുതന്നെയല്ലേ നമ്മളും എന്ന് പുതിയ ഭാഷയിലൂടെ കാണിച്ചുതരുന്ന കൃതിയാണിത്. ബൗദ്ധികവും ചിന്താപരവുമായ സാഹിത്യചിന്തയുടെ ഒരു വഴികാട്ടി നക്ഷത്രമാണിത്. അതുകൊണ്ടാണ് മരുത്വാമലയിലെ സ്വാമി വിശുദ്ധാനന്ദ പറഞ്ഞത്, ശ്രീനാരായണായ എല്ലാ വീടുകളിലും വാങ്ങി സൂക്ഷിക്കണമെന്നും എല്ലാ ദിവസവും പാരായണം ചെയ്യണമെന്നും ഉപദേശിച്ചത്.
ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ഇതുപോലൊരു കൃതി ഇന്ത്യയില്‍ എഴുതപ്പെട്ടിട്ടില്ല. ഇത് പുതിയ ആകാശവും ഭൂമിയും അന്വേഷിച്ച കൃതിയാണ്. ‘ശ്രീനാരായണായ’യിലെ അവസാന അധ്യായത്തില്‍ റഷ്യന്‍ പുരോഹിതന് ദിമിത്രി അടിനിയേവ്സ്കി എഴുതിയ റഷ്യന്‍ ബാലെയായ ഹാന്‍ഡ്ഫുള്‍ തോട്സ് ഓഫ് ഗോഡി’നെപ്പറ്റി വിവരിക്കുന്നത്. ഈ പുരോഹിതനും ഈ ബാലെയും സാങ്കല്പികമാണ്. അതേസമയം അതിനെ യാഥാര്‍ത്ഥ്യമാക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞു. കാരണം ആ പുരോഹിതന് ഒരു ദൈവശാസ്ത്രം തന്നെ പരിചയപ്പെടുത്തുന്നു. ‘ദൈവം ആനന്ദിപ്പിക്കുന്നു, നാം ദൈവത്തെ ആനന്ദിപ്പിക്കുന്നില്ല’ എന്ന വാക്യം ഗുരുദര്‍ശനത്തിലേക്ക് കടക്കാനുള്ള വാതിലായി പുരോഹിതന് കണ്ടെത്തുന്നു. ദിമിത്രി ബാലെയിലുടെ തിരിയുന്നത് ഗുരുവിന്റെ സംഗീതാനുഭവമാണ്. എല്ലാ ഭിന്നതകളെയും റദ്ദുചെയ്യുന്ന നിരഹങ്കാരമായ രമ്യതയില്‍ ആ സംഗീതമുള്ളതായി അദ്ദേഹം വിവരിക്കുന്നു. ഇങ്ങനെ അത്യന്തം നവീനമാണ് നോവലിന്റെ പ്രമേയം. ഇത് കേവലം നോവലിനപ്പുറം ഒരു മതഗ്രന്ഥമായി രൂപാന്തരം പ്രാപിക്കുകയാണ്. എപ്പോഴും വായിക്കാവുന്ന ഗ്രന്ഥം.
ജലഛായയ്ക്ക് ശേഷം എഴുതുന്ന നോവലാണ് ‘ശ്രീനാരായണായ’. ഹരികുമാറിന്റെ ഇരുപത്തൊന്നാമത്തെ കൃതി എന്ന പ്രത്യേകതയുമുണ്ട് .
ശ്രീനാരായണായ (നോവല്‍)
എം.കെ.ഹരികുമാര്‍, ബ്ളൂമാംഗോ ബുക്സ്.
വില 500 / പേജ് 528/
ഫോണ്‍ : 9995312097
479 total views, 4 views today