Literature
ശ്രീനാരായണായ : നൂറുവര്‍ഷങ്ങളിലെ മഹാനോവല്‍

-സലോമി ജോണ്‍ വല്സന്
ശ്രീനാരായണഗുരുവിനെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ നമ്മുടെ ഭാഷയില്‍ ഉണ്ടായിട്ടുണ്ട്. ശരിക്ക് പറഞ്ഞാല്‍ രണ്ടായിരത്തിനു മുകളില്‍ പുസ്തകങ്ങള്‍. ഇതില്‍ കൂടുതലും ഗദ്യകൃതികളാണ്. വ്യാഖ്യാനങ്ങള്‍ക്ക് പഞ്ഞവുമില്ല. എന്നാല്‍ സാഹിത്യരചനകള്‍ കുറവാണ്. ഈ രംഗത്ത് എടുത്തുപറയാവുന്ന കൃതി കെ.സുരേന്ദ്രന്റെ ഗുരു എന്ന നോവലാണ്. ഇതാകട്ടെ ഗുരുവിന്റെ ജീവചരിത്രത്തില്‍ നിന്നുണ്ടായതാണ്. കലാപരമായി നോക്കിയാല്‍ ‘ഗുരു’വിനു നവീനതയില്ല. പഴയ രീതിയിലുള്ള ആഖ്യാനസമ്പ്രദായകമാണ് അവലംബിച്ചിട്ടുള്ളത്.
ഗദ്യകൃതികളുടെ വ്യാഖ്യാനം പലതും സ്വതന്ത്രമല്ല. ആവര്‍ത്തനവും അനുകരണവും മൂലം ഒരു ഈടുവയ്പ് എന്ന് പറയാവുന്ന കൃതികള്‍ വളരെ കുറവാണ്. ഇതിനിടയിലാണ് എം.കെ.ഹരികുമാര്‍ ‘ശ്രീനാരായണായ’യുമായി കടന്നുവന്ന് നമ്മെ ഞെട്ടിക്കുന്നത്. ഹരികുമാറിന്റെ രണ്ടാമത്തെ നോവലാണിത്. ആദ്യനോവല്‍ ‘ജലഛായ’ മലയാളത്തിനു നല്കിയ ഷോക്ക് വിട്ടുമാറിയിട്ടില്ല. സൗന്ദര്യാന്വേഷണത്തില്, നോവലിന്റെ രൂപനിര്മ്മാണത്തില് ‘ജലഛായ’ സകല മാമൂലുകളും തകര്‍ക്കുകയുണ്ടായി. ലൂക്ക് ജോര്‍ജ് എന്ന ഒരു ദളിത് ഉപദേശിയെ കേന്ദ്രകഥാപാത്രമാക്കി മനുഷ്യമനസ്സിന്റെ തമോഗര്ത്തങ്ങളിലേക്കെന്ന പോലെ ചരിത്രത്തിന്റെ അടച്ചിരിക്കുന്ന വാതിലുകള്‍ ചവിട്ടിത്തുറന്ന് യാഥാര്‍ത്ഥ്യത്തെ ഹരികുമാര്‍ എന്ന നോവലിസ്റ്റ് നിര്‍വചിക്കുമ്പോള്‍ അത് ഒരു പുതിയ ജനുസ്സിന്റെ പിറവിയാകുകയായിരുന്നു. വ്യാജ യാഥാര്‍ത്ഥ്യം എന്ന പുതിയ ജനുസ്സിന്റെ പിറവിയെ അടയാളപ്പെടുത്തിയ അസാധാരണമായ സര്ഗ്ഗവിസ്മയമായിരുന്നു ‘ജലഛായ’.
ചരിത്രവിജയം
എന്നാല്‍ ‘ശ്രീനാരായണായ’ നമ്മുടെ ചരിത്രത്തില്‍ത്തന്നെ ഉണ്ടാകാത്ത ഒരു ജ്ഞാനസമ്പാദനരീതി അവതരിപ്പിച്ചുകൊണ്ട് ഇനിയുള്ള മുഴുവന്‍ ഗുരുദര്‍ശന വ്യാഖ്യാനങ്ങളെയും സ്വാധീനിക്കുന്ന കൃതിയായി തീര്‍ന്നിരിക്കുന്നു. ഗുരുവിനെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ട എല്ലാ ഗദ്യപദ്യ കൃതികളെയും ഈ നോവല്‍ അതിശയിപ്പിക്കുന്നു എന്ന് പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത്. അതില്‍ അടങ്ങിയിരിക്കുന്ന ധിക്കാരത്തിന്റെ ആഴം മനസ്സിലാക്കിക്കൊണ്ട് വിനയപൂര്‍വം പറയുകയാണ്. ഇങ്ങനെയൊരു പരിഗണനയും ആദരവും ഈ കൃതി അര്‍ഹിക്കുന്നു. ഇതിനെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും സങ്കീര്‍ണ്ണമായ ആദ്ധ്യാത്മിക ചിന്തകളെ ഹരികുമാര്‍ എത്ര ലളിതവും ഗഹനവുമായാണ് ഇതില്‍ അനാവരണം ചെയ്തിട്ടുള്ളതെന്ന് കാണാവുന്നതാണ്. എന്തിനും ഏതിനും ഈ നോവലില്‍ ഉത്തരമുണ്ട്. പല തലങ്ങളിലാണ് ‘ശ്രീനാരായണായ’യുടെ ചരിത്ര വിജയം ഉണ്ടായിരിക്കുന്നത്. ഈയിടെ കേരള കൗമുദിയില്‍ ശ്രീനാരായണായയെപ്പറ്റി വന്ന കുറിപ്പില്‍ ഹരികുമാറിന്റെ ഒരു വാക്യം ഉദ്ധരിച്ചിട്ടുണ്ട്. ‘അരുവിപ്പുറത്ത് ഗുരു ഒരു ശിവനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ആ ശിവന്റെ മതം തിരയാനാണ് നോവലില്‍ ശ്രമിച്ചിട്ടുള്ളത്’ ഹരികുമാറിന്റെ ഈ വാക്കുകളില്‍ നിന്ന് വ്യക്തമാവുന്നത് ശിവന് എന്ന സങ്കല്പത്തെ ഗുരു ഒരു മിത്താക്കി മാറ്റിയെന്നാണ്. ഗുരു അവതരിപ്പിച്ചത് ഏതായാലും നൂറ്റാണ്ടുകളായി നിലനിന്ന ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ശിവനല്ല; അത് ചിലപ്പോള്‍ ഗുരു കണ്ടെത്തിയ ശിവനായിരിക്കാം. അല്ലെങ്കില്‍ അധഃസ്ഥിതരുടെ ശിവനായിരിക്കാം. അതുമല്ലെങ്കില്‍ ഈഴവ ശിവനായിരിക്കാം. ഈഴവന് എന്നത് ഇവിടെ ഒരു ജാതിപ്പേര് എന്നതിലുപരി മിത്താണ്; ധാരണയാണ്. തന്റെ ശിവനെ മറ്റുള്ളവര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അതു നമ്മുടെ സ്വന്തം ശിവനായാല് ആര്‍ക്കും ശല്യമില്ലല്ലോ എന്നാണ് ഗുരുവിന്റെ ആശയം. ശിവന് ഒന്നേയുള്ളൂ എന്നു പറയുന്നവര്‍ക്ക് അത് പ്രാവര്‍ത്തികമായി നേരിടാനൊക്കാതെ വരുന്നതിനെതിരേയാണ് ഗുരു നമ്മെ നയിക്കുന്നത്.
നൂറ്റാണ്ടിന്റെ നോവല്‍
ശ്രീനാരായണായ നൂറ്റാണ്ടിന്റെ നോവലാണ്. കാരണം ഇത് നിലവിലുള്ള നോവല്‍ രചനാരീതികള്‍ക്ക് അപ്പുറം പോയി പുതിയൊരു വിശകലന പന്ഥാവ് വികസിപ്പിച്ചെടുക്കുന്നു. ചിലര്‍ ഇപ്പോഴും പാടി നടക്കുന്നത് ഗുരു വെറുമൊരു അദ്വൈതി മാത്രമായിരുന്നെന്നും ശ്രീശങ്കരാചാര്യരുടെ ചിന്തകളുടെ തുടര്‍ച്ചയാണ് ഗുരുവില്‍ ഉള്ളതെന്നുമാണ്. ശങ്കരന് പറഞ്ഞതാണ് താനും പറയുന്നതെന്ന് ഗുരു പ്രസ്താവിച്ചത്രേ. ഒന്നാന്തരം കളവാണിത്. ഗുരു ഒരിക്കലും അങ്ങനെ പറയില്ല. ശങ്കരന്റെ സിദ്ധാന്തങ്ങള്‍ മതിയായിരുന്നെങ്കില്‍ എന്തിനു ‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’ എന്നു പറഞ്ഞു? ശങ്കരനു ഹിന്ദുമതമല്ലാതെ വേറെ ഏതെങ്കിലും മതങ്ങളോട് ആശയസംവാദം സാധ്യമാകുമോ? അവര്‍ണന്റെ ജാതീയമായ പ്രശ്നങ്ങളെ ശങ്കരനു അഭിസംബോധന ചെയ്യാനാകുമോ? മാത്രമല്ല, ഒരു സര്‍വലോക മാനവിക ദര്‍ശനത്തെ വേദാന്തമുക്തമായി നോക്കിക്കാണാന്‍ ശങ്കരനു കഴിഞ്ഞിട്ടില്ല. വേദാന്തം പഠിച്ചിട്ടുള്ളവര്‍ക്ക് അറിയാം, അതിന്റെ സാങ്കേതിക പദാവലികളും കുണ്ഡലിനി ശക്തിയും മറ്റും. ഇത് എത്രയോ നൂറ്റാണ്ടുകള്‍ മുമ്പുള്ള ബോധനക്രമമാണ്! ഗുരുവും തന്റെ കൃതികളില്‍ ഇതു ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പേരില്‍ ഗുരുവിനെ അദ്വൈത വ്യാഖ്യാതാവ് മാത്രമായി ചുരുക്കാനുള്ള പദ്ധതിക്കെതിരെയാണ് ഹരികുമാറിന്റെ പടപ്പുറപ്പാട്. നോവല്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഇന്ത്യാചരിത്രത്തില്‍ ആരും തന്നെ ഇതുവരെ തൊട്ടിട്ടില്ല. ഗുരുവിന്റെ മതം ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്നു സംഗ്രഹിക്കുന്നവരുണ്ട്.
ശ്രീനാരായണമതം കണ്ടുപിടിക്കുന്നു
ഹരികുമാറിന്റെ നോവല്‍ കുറേക്കൂടി കടന്ന് ഗുരുവിന്റെ മതം ശാസ്ത്രീയമായി കണ്ടെത്തുന്നു. ഗുരുവിന്റെ കൃതികളില്‍ ചിതറിക്കിടക്കുന്ന ചില ആശയങ്ങള്‍ പുതിയൊരു മതബോധത്തെ ഉണര്‍ത്തുന്ന ദാര്‍ശനികമായ ജീവിത വിചാരങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തി ഹരികുമാര്‍ ശ്രീനാരായണമതം കണ്ടുപിടിക്കുന്നു. ബോധാനന്ദസ്വാമിയും കുമാരനാശാനുമൊക്കെ ഗുരുമതത്തെക്കുറിച്ച് ചിന്തിച്ചിരുന്നു എന്ന് നമുക്കറിയാം. ഈഴവര്‍ മതം മാറാന്‍ തുടങ്ങിയപ്പോള്‍ നമുക്ക് ഗുരുമതമുണ്ടല്ലോ എന്ന് ആശാന് എഴുതിയത് ഓര്‍ക്കുകയാണ്. എന്നാല്‍ ഹരികുമാര്‍ ആ മതത്തെ ഒരു സമ്പൂര്‍ണ്ണ ജീവിതചര്യാപദ്ധതിയാക്കി വിപുലീകരിക്കുന്നു. ദുഃഖത്തിനു നാല് കാരണങ്ങള്‍ ഉള്ളതായി ഹരികുമാര്‍ ഗുരുകൃതികളെ ഉദ്ധരിച്ച് സമര്‍ത്ഥിക്കുന്നു. അവയെ മറികടക്കാനായി എട്ട് മാര്‍ഗ്ഗങ്ങളും ഗുരുരചനകളില് നിന്ന് എടുത്തു കാണിക്കുന്നു. ഒരു സമ്പൂര്ണ്ണമതമായി ശ്രീനാരായണ ദര്‍ശനത്തെ പുനക്രമീകരിക്കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ഹിന്ദു തത്വമായ അദ്വൈതമല്ലാതെ ഗുരു മറ്റൊന്നും പറഞ്ഞിട്ടില്ലെന്നു കരുതുന്നവരെയും ഹരികുമാര്‍ ഈ നോവലിലൂടെ തിരുത്തുന്നു. വേദത്തില്‍ നിന്നാണ് അദ്വൈതത്തിന്റെ യാത്ര ആരംഭിക്കുന്നത്. ശങ്കരാചാര്യര്‍ അതിനൊരു പേരു നല്‍കിയെന്ന് മാത്രം. ആ അദ്വൈതത്തിനു വേദവുമായുള്ള ബന്ധം വിഛേദിക്കാന്‍ ധൈര്യം കാണിച്ച ചരിത്രത്തിലെ ആദ്യത്തെ എഴുത്തുകാരനാണ് എം.കെ.ഹരികുമാര്‍. അദ്വൈതത്തെ പരമ്പരാഗതമായ ധാരയില്‍ നിന്ന് വേര്‍പെടുത്തുന്ന ആദ്യത്തെ ബോധനം കാണാം. ഇവിടെ ധൈര്യം മാത്രം മതിയാവുകയില്ലെന്ന് ആര്‍ക്കും ബോധ്യമാകുന്നതാണ്. ദാര്‍ശനികതയുടെ, ചിന്തയുടെ, ഉള്ളില്‍ നടക്കുന്ന നാടകത്തെപ്പറ്റി അറിവു നേടുകയും അതിനെ താത്വികമായി ഇഴപിരിക്കുകയും ചെയ്യാനറിയണം നവാദ്വൈതം എന്ന സ്വന്തം ചിന്താപദ്ധതി ആവിഷ്കരിക്കാന്‍ കഴിഞ്ഞ ഹരികുമാറിനു ഈ വഴിയില്‍ കുറെക്കൂടി മുന്നേറാന്‍ അവസരം കൊടുത്ത കൃതിയാണിത്.
രൂപഘടന അതിനൂതനം
വിവേകചൂഢാമണി എന്ന മാസിക പുറത്തിറക്കുന്ന ഗുരു സ്പേഷ്യല്‍ പതിപ്പിന്റെ രൂപത്തിലാണ് നോവല്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. അതിന്റെ എഡിറ്റര്‍ പതിനഞ്ച് എഴുത്തുകാരുടെ രചനകള്‍ സമാഹരിച്ചിരിക്കുന്നു. ഇവരിലൂടെയാണ് ഇത് നോവലായി പരിണമിക്കുന്നത്. ഉത്തരാധുനിക നോവലുകള്‍ രൂപത്തില്‍ ഇതുപോലുള്ള പരീക്ഷണങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നോവല്‍ എപ്പോഴും പുതിയതാണ്. പുതിയ സങ്കേതങ്ങള്‍ ആവശ്യമായി വരുമ്പോഴാണ് നോവല്‍ ഉണ്ടാകുന്നത്. പഴയ വിവരണമാതൃകകളെ പിന്തുടരാന് നോവല്‍ ശ്രമിക്കുന്നത്, മണ്ണിരയെ കൊല്ലാന്‍ തോക്ക് ഉപയോഗിക്കുന്ന പോലെയാണ്. ഈ നോവലിലെ പതിനഞ്ച് സാങ്കല്പിക എഴുത്തുകാര്‍ അവരുടെ ഗുരുവിനെ അവതരിപ്പിക്കുന്നു. നോവല്‍ വായിച്ച് കഴിഞ്ഞ് നമുക്കുണ്ടാകുന്ന വികാരം പലപ്പോഴും ഓര്‍മ്മയോ, വിധിയെപ്പറ്റിയുള്ള ആധിയോ, അനുഭവതീവ്രതയെക്കുറിച്ചുള്ള അറിവോ ഒക്കെ ആയിരിക്കും. ശ്രീനാരായണായയില്‍ അതു വിവിധ എഴുത്തുകാര്‍ നല്കുന്നു. ഇതു ഗുരുവിന്റെ ജീവചരിത്രമോ, ജീവിതകാലത്തിന്റെ പുനരാവിഷ്കാരമോ അല്ല. ചരിത്രത്തെ സൂക്ഷ്മാര്‍ത്ഥങ്ങളില്‍ തേടിച്ചെല്ലുകയാണ്. ഈ നോവലിന് രൂപപരമായ ഇലാസ്തികതയുണ്ട്. ഒരു നിശ്ചിത കാഴ്ചപ്പാടിനപ്പുറത്ത് അത് പല രീതിയില്‍ വായിക്കപ്പെടും. ഒരു കാലിഡോസ്കോപ്പിക് സ്വഭാവമാണ് ശ്രദ്ധേയം. പല നോവലുകളുടെ സംഗ്രഹിത പുനരാഖ്യാനങ്ങളുടെ സമാഹാരമായി തോന്നാം. എഴുതപ്പെടാത്ത കഥകളും ജീവിച്ചിരുന്നിട്ടില്ലാത്ത എഴുത്തുകാരും ചേര്‍ന്ന് ഗുരുവിന്റെ ആശയങ്ങളെ സംവാദമാക്കുമ്പോള് അത് ചരിത്രത്തെതന്നെ സ്വതന്ത്രമാക്കുന്ന അനുഭവമാണ് വായനക്കാരന് നല്‍കുന്നത്. ഭിക്ഷാംദേഹിയുടെ ഏകാന്തത, ഗുരുകൃതികളുടെ സംഗീതത്തിന്റെ പൊരുള്‍, ഭിക്ഷാടനത്തിന്റെ ആത്മീയത, താമരയിതളുകളുടെ പ്രതീകാത്മകത, പ്രാണന്റെ ഭാവന, ശിവം എന്താണെന്ന് കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍, ഈശ്വരനെ എങ്ങനെ അനുഭവിക്കാം, ആശാന് പല്പു സംവാദം, മരുത്വാമലയുടെ ചര്‍ച്ച തുടങ്ങിയവ നോവലിലെ പുതുമ നിറഞ്ഞ ഭാഗങ്ങളാണ്.
അവധൂതനായി അലഞ്ഞു നടന്ന കാലത്ത് ഗുരു എന്താണ് പ്രാര്‍ത്ഥിച്ചതു? എന്തായിരുന്നു സുബ്രഹ്മണ്യ സ്വാമിയെ ആരാധിച്ചതിന്റെ കാതല്‍? ആരാണ് ഭക്തന്? എന്തിനാണ് പൂജ ചെയ്യേണ്ടത്? ശ്രീബുദ്ധനെപ്പോലെ സ്വതന്ത്രനായ ഗുരുവാണോ ശ്രീനാരായണഗുരുദേവന്‍? ഗുരുവിനു ഹിന്ദുമതത്തിനു പുറത്ത് നിലനില്പുണ്ടോ? ഗുരുവിന്റെ പൊരുള്തേടല് ഇന്ത്യയുടെ ചരിത്രത്തില്‍ വ്യത്യസ്തമാണോ? ഒരു നെന്മണിയിലെ ദൈവത്തെ എങ്ങനെ തിരിച്ചറിയാം? എന്താണ് അനുകമ്പ? എന്താണ് രോഗം? എന്താണ് മരുന്ന്? ദൈവത്തിനു നിരീശ്വരത്വമുണ്ടോ? നമ്മുടെ വിധിയില്‍ ദൈവം നേരിട്ട് പങ്കെടുക്കുന്നുണ്ടോ? എന്താണ് മനസ്സ്? മനസ്സിന് സ്വന്തമായി എന്തെങ്കിലും ഇഷ്ടമുണ്ടോ? എന്താണ് അറിവ്? ദൈവത്തില്‍ വിശ്വസിക്കാത്തവരെ ദൈവം എങ്ങനെ കൈകാര്യം ചെയ്യുന്നു? ശരീരം ഒരു സര്‍പ്പമാണോ? സത്യത്തെ നിര്‍മ്മിക്കാന്‍ കഴിയുമോ? പൊരുളുകളുടെ അവസാനം എന്താണ്? ലോകത്തെ, നമ്മെ സൃഷ്ടിച്ചതു ദൈവമാണോ? എന്താണ് മരണം? എന്താണ് വാക്ക്? എന്താണ് അര്‍ത്ഥം? പ്രാണികള്‍ക്ക് മതമുണ്ടോ? മനുഷ്യര്‍ പ്രാണികള്‍ക്ക് മേലെയാണോ? തുടങ്ങി നൂറുകൂട്ടം ചോദ്യങ്ങള്‍ക്ക് നോവലില്‍ ഉത്തരമുണ്ട്. അവയാകട്ടെ നോവലിസ്റ്റ് എന്ന നിലയിലും ചിന്തകനെന്ന നിലയിലും ഹരികുമാര്‍ കൈവരിച്ച വിചാര സ്വാതന്ത്ര്യത്തിന്റെ ഫലശ്രുതിയാണ്. മലയാള ബൗദ്ധിക തലങ്ങളില്‍ ഒരു ഗോഡ്ഫാദറുമില്ലാതെ, ഹരികുമാര്‍ ഒറ്റയ്ക്ക് യുദ്ധം ചെയ്ത് നേടിയ പ്രത്യേക ഭാവുകത്വവും പ്രവചനാത്മകമായ അറിവും ഈ നോവലിന്റെ നിര്‍മ്മാണ കലയില്‍ സഹായകമായിട്ടുണ്ട്.
അറിവ് സൗന്ദര്യമായി പ്രവഹിക്കുന്നു
അവയ്ക്ക് നവീനമായ സാഹിത്യാവബോധമോ ഭാഷാപരമായ പരിഷ്കരണത്വരയോ ഇല്ല. അതുകൊണ്ടു തന്നെ അത് വായിക്കുന്നത് വിരസതയുളവാക്കും. പലതും പാണ്ഡിത്യ പ്രകടനമായിരിക്കും. അതേസമയം മൗലികമായിട്ടൊന്നും തന്നെ ഉണ്ടായിരിക്കുകയുമില്ല. പഴയ കാലത്ത് ജീവിക്കുക മാത്രമല്ല രചയിതാക്കള്‍ ചെയ്യുന്നത്, കാലഹരണപ്പെട്ട വീക്ഷണങ്ങളെ അതേപടി പൈന്തുടരുകയും ചെയ്യുന്നു. ഹരികുമാറിന്റെ നോവലില്‍ ഗവേഷണത്തിന്റെയോ, പാണ്ഡിത്യത്തിന്റെയോ അടയാളങ്ങള്‍ കാണാനില്ല. വസ്തുതാപരമായ വിവരങ്ങള്‍ വായനക്കാരനെ മുഷിപ്പിക്കാതിരിക്കാന്‍ നോവലിന്റെ ജ്ഞാനമാര്‍ഗ്ഗത്തില്‍ നിന്ന് മറഞ്ഞിരിക്കുന്നതാണ് നാം കാണുന്നത്. അറിവ് സൗന്ദര്യമായി പ്രവഹിക്കുന്ന അനുഭവം മാത്രമെ ഇവിടെയുള്ളൂ ഏറ്റവും ശുദ്ധീകരിച്ച, അങ്ങേയറ്റം ലളിതമാക്കിയ ഭാഷയും സമകാലികമായ സാഹിത്യ വിജ്ഞാനവും കൂടിച്ചേരുകയാണ്. വേദാന്തത്തിന്റെ ഭാഷയ്ക്ക് യുക്തിയുടെ ഒരു കാര്‍ക്കശ്യം കാണാറുണ്ടല്ലോ. എന്നാല്‍ ഇവിടെ നോവലിസ്റ്റ് അതിനെ മറികടക്കാന്‍ ഭാവനയുടെ സ്വാതന്ത്ര്യം ഉപയോഗിച്ചിരിക്കുന്നു.
ഒരു ഭാഗം ശ്രദ്ധിക്കൂ: ജീവന്റെ തൃഷ്ണയും, അവയുടെ മൃതിയും തമ്മിലുള്ള ബന്ധമെന്താണ്? അവസാനിക്കാത്ത ഈ യാത്ര എന്താണ് അര്‍ത്ഥമാക്കുന്നത്? ജീവനുകള്‍ പിന്മാറാന് ഒരുക്കമല്ല; അവ ജീവിതത്തില്‍ നിന്ന്, സാധാരണമട്ടില്‍ ലഭ്യമല്ലാത്ത ഏതോ ലാവണ്യത്തിനായി ലാക്കാക്കുന്നുണ്ട്. കണ്ണിമവെട്ടുന്ന സമയത്തിനുള്ളില്‍ എന്തോ മിന്നിമായുന്നുണ്ടാകണം. ഒരു നെല്‍ ഇലയ്ക്ക് നീളം വയ്ക്കുന്നത് എത്ര നോക്കിയിരുന്നാലും കാണാനൊക്കില്ല. നമ്മുടെ കാഴ്ചയ്ക്ക് എന്തിനു ഈപരിധി സൃഷ്ടിച്ചു? ഇതായിരിക്കാം നമ്മുടെ പരിധി. ഇമവെട്ടലിനിടയില് കണ്മുന്നിലൂടെ പ്രപഞ്ചത്തിന്റെ ഏറ്റവും മനോഹരമായ മനസ്സിനെ മറികടക്കുന്ന ആനന്ദം കടന്നുപോകുന്നുണ്ടാകണം… ഈ ശൈലി ആധുനികമായ സാഹിത്യാവബോധവും ആദ്ധ്യാത്മികമായ സ്വതന്ത്ര ചിന്തയും സംയോജിപ്പിക്കാന്‍ കഴിയുന്ന ഒരാള്‍ക്കേ എഴുതാനൊക്കൂ. ഈ നോവലിന് അതീവ സൂക്ഷ്മമായ ഇന്ദ്രിയങ്ങളാണുള്ളത്. ഏത് ചെറിയ വസ്തുവിനെയും കാണാനും ഏത് ചെറിയ ശബ്ദവും കേള്‍ക്കാനുമുള്ള കഴിവ് ഈ കൃതിയിലെ വാക്കുകള്‍ക്കുണ്ട്. ഇതുപോലെ ഗുരുവിന്റെ സംവാദങ്ങള്‍ക്ക് പാരമ്പര്യത്തില്‍ തന്നെ ഇടം നേടിക്കൊടുത്ത മറ്റൊരു പുസ്തകം ഉള്ളതായി അറിവില്ല. ഇത് നൂറ്റാണ്ടിന്റെ നോവലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ക്ലാസിക് കൃതി പിറന്നു കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.
നാഴികക്കല്ല്
ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള കൃതികളില്‍ ഈ നോവല്‍ നാഴികക്കല്ലാണെന്ന കാര്യവും ഓര്‍ക്കണം മലയാള നോവല്‍ ചര്‍ച്ചകളില്‍ ഇത് ഒരു നാഴികക്കല്ലായിരിക്കും. ശ്രീനാരായണഗുരുവിനെ അറിയാനാഗ്രഹിക്കുന്നവര്‍ ഇത് എപ്പോഴും കൈയ്യില്‍ കരുതണം. ദിവസവും ഇതിലെ ഒരു വാചകം വായിച്ചുകൊണ്ട് ജീവിതചര്യകള്‍ക്ക് തുടക്കം കുറിക്കുക. കൈകള്‍ കഴുകി വൃത്തിയാക്കിയ ശേഷം ഇത് വായിക്കാനെടുക്കുക. ഈ പുസ്തകത്തെ സ്പര്‍ശിക്കുമ്പോള്‍ നിങ്ങള്‍ ഇതുവരെ കണ്ടെത്തപ്പെടാതിരുന്ന ഒരു ആത്മീയ ഭൂഖണ്ഡത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ പുസ്തകത്തിന്റെ പിന്‍കവറില്‍ പ്രസിദ്ധ തമിഴ് മലയാളം സാഹിത്യകാരനായ നീലപത്മനാഭന് പറഞ്ഞിട്ടുള്ളത് ശ്രീനാരായണായ, ഗുരുവിനെക്കുറിച്ച് എഴുതപ്പെട്ട കൃതികളില്‍ വേറിട്ട് നില്‍ക്കുന്നുവെന്നാണ്. സ്വാമി സൂക്ഷ്മാനന്ദ പറയുന്നത് ഈ കൃതി പുതിയൊരു ആത്മീയ പ്രകാശം തുറന്നിടുന്നുവെന്നാണ്. പ്രമുഖ കവി ഡോ.ദേശമംഗലം രാമകൃഷ്ണന് എഴുതുന്നു, ഇത് സര്‍വകാലപ്രസക്തമായ നോവലായിരിക്കുമെന്ന്. ആമുഖ ലേഖനമെഴുതിയ ഡോ.പ്രദീപന് പാമ്പിരികുന്ന് ശ്രീനാരായണായയെ ഗുരുവിന്റെ ഭാവി ജീവിതമായി വിലയിരുത്തുന്നു. സഹൃദയരായ ഇവരുടെയെല്ലാം നിരീക്ഷണങ്ങളില്‍ അല്പം പോലും അതിശയോക്തിയില്ലെന്ന് ആദ്യ വായനയില്‍ തന്നെ എനിക്ക് ബോധ്യമായി എന്നറിയിക്കട്ടെ.
(കോപ്പികള്‍ക്ക് 9995312097 എന്ന നമ്പറില്‍ ബന്ധപ്പെടുക)
380 total views, 4 views today