ഇതു, അത്ര പ്രശസ്തമല്ലാത്ത ഒരു ശ്രീനിയുടെ കഥയാകുന്നു. അതെ, ഗോസ്സിപ്പ് പ്രതീക്ഷിച്ചു ചാടിക്കയറിയ എല്ലാവര്‍ക്കും അടുത്ത ഫുള്‍ സ്‌റ്റോപ്പില്‍ ഇറങ്ങാം.

പ്രശസ്തമായ ഒരു നവ ലിബറല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു ഈ ശ്രീനി. ശിപായി ആയിട്ടാണ് ശ്രീനി അവിടെ ജോലിക്ക് കയറിയത്. അക്കാലത്തെ ഒരു കഥയാണ് താഴെ.

മുകളില്‍ സൂചിപ്പിച്ച പോലെ, ഇത് കുറെ പണ്ട് നടന്ന കഥയാണ്. കഥാപാത്രങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഞാനും. ശ്രീനി ആളൊരു ശിപായി ആണെങ്കിലും വലിയ ലഹളക്കാരന്‍ ആയിരുന്നില്ല. അക്കാരണത്താല്‍ കൊല്ലം അഞ്ചു കഴിഞ്ഞിട്ടും ഒരേ ശമ്പളത്തില്‍ തന്നെ. ജോലികളെല്ലാം വേണ്ട പോലെ ചെയ്തു തീര്‍ക്കുന്നതില്‍ വലിയ നിര്‍ബന്ധമായിരുന്നു മൂപ്പര്‍ക്ക്. ആപ്പീസിലെ വേലത്തരങ്ങള്‍ നോക്കുന്നത് തന്നെ വലിയ ഒരു ജോലി ആണെന്ന് ശ്രീനി വീട്ടില്‍ രഹസ്യം പറയാറുണ്ട്.

കഥ നടന്ന ദിവസം എംഡിയുടെ മുറിക്കുള്ളില്‍ രാവിലെ മുതല്‍ മറ്റു സാരന്മാരെല്ലാവരും കൂടിയിട്ടുണ്ട്. ഇടക്കിടെ എംഡി ഉച്ചത്തില്‍ വഴക്ക് പറയുന്നു, ചായ പറയുന്നു, ഓരോരുത്തരോടു കടന്നു പോകാന്‍ പറയുന്നു. ആകെ ബഹളമയം. ചായ എത്തിക്കേണ്ടത് ശ്രീനിയുടെ വേലകളില്‍ ഒന്നാകുന്നു. വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടുന്ന കാര്യമാണ്. അപ്പീസില്‍ ഉള്ള മുന്തിയ തരം കോപ്പകളില്‍ വേണം ചായ പകരേണ്ടത്. മുറിക്കുള്ളില്‍ കടന്നാല്‍ ആദ്യം അഭിവാദ്യം. അതിനു ശേഷം ആദ്യത്തെ ചായ എംഡിക്കു, അല്ലെങ്കില്‍ അടുത്ത ചായ സ്വന്തം വീട്ടില്‍ ഇരുന്നു കുടിക്കാം. മധുരം മൂപ്പര്‍ക്ക് പതിവില്ലാത്തതു കൊണ്ട് പന്ജസാര കൂടാത്തതിന്റെയും കൂടിയതിന്റെയും പേരിലുള്ള ചീത്തയില്ല. എംഡിയുടെ ചായ കഴിഞ്ഞേ ബാക്കിയുള്ളവര്‍ക്ക് ചായ കിട്ടൂ. പ്രോടോകോള്‍, യു സീ. ഇതു പോലുള്ള പ്രോടോകോള്‍ അറിയാതെ ആപ്പീസില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല. പുതിയതായി വരുന്ന എല്ലാവര്‍ക്കും ശ്രീനിയാണ് പ്രോടോകോള്‍ ക്ലാസ്സ് എടുക്കുന്നത്. ആ ശ്രീനിക്കാന്ന് ഈ ക്ഷീണം പറ്റിയത്. ക്ഷീണം ആണോ എന്ന് തറപ്പിച്ചു പറയാനും പറ്റില്ല.

സാധാരണ ഉച്ചക്ക് മൂന്നോ നാലോ ഊണ് വാങ്ങിക്കാന്‍ ഹോട്ടല്‍ വരെ പോകാന്‍ ചാന്‍സ് കിട്ടാറുണ്ട്, പക്ഷെ ഇന്ന് ഓര്‍ഡര്‍ കിട്ടിയിട്ടും എംഡി സ്ഥലത്ത് ഉള്ളത് കൊണ്ട് പുറപ്പെടാന്‍ പറ്റുന്നില്ല. എപ്പോഴാ വിളി വരുന്നതെന്ന് പറയാന്‍ പറ്റില്ല. ഈ ഒരു സര്‍വീസ് കൊണ്ട് ശ്രീനിക്കു സ്വന്തമായിട്ടൊരു ഊണ് ഒപ്പിക്കാം!

ഏകദേശം ഒന്നരയോടെ എംഡി മുറിക്കു പുറത്തു വന്നു. കൂടെ മറ്റുള്ളവരും. കണ്ടാല്‍ അറിയാം, എന്തോ ടെന്‍ഷന്‍ ഉണ്ട്. എംഡി തന്റെ വണ്ടിയില്‍ കയറി കൂടെ മൂന്ന് വല്യ സാറുമ്മാരും. വണ്ടി മുന്തിയതാണ്, പുതിയതുമാണ്. എംഡി തന്നെയാണ് ഓടിക്കുന്നതും. അവര് പുറപ്പെട്ട ഉടനെ, ശ്രീനിയും തന്റെ വണ്ടിയെടുത്തു. ഇരുചക്ര വണ്ടി, മൊപെട് ആകുന്നു. പഴയതും ആയിരുന്നു.രണ്ടു മണിക്കുള്ളില്‍ ചെന്നില്ലെങ്കില്‍ ഊണ് കിട്ടില്ല. മൂന്ന് കിലോമീറ്ററുണ്ട് ഹോട്ടെലിലേക്കു.

ശ്രീനി ഗേറ്റ് കടന്ന ഉടനെ എംഡിയുടെ വണ്ടി മുന്നില്‍ കണ്ടു. അകത്തിരുന്നു എംഡി വളരെ ക്ഷോഭത്തോടെ സംസാരിക്കുന്നത് കാണാം. ശ്രീനി പുറകെ പതുക്കെ വണ്ടി വിട്ടു. വേണമെങ്കില്‍ കയറി പോകാവുന്ന സ്പീഡില്‍ ആണ് കാറ് പോകുന്നത്. പക്ഷെ ശ്രീനി പുറകില്‍ പിടിച്ചു. പകുതി വഴി കഴിഞ്ഞിട്ടും എംഡിയുടെ വണ്ടി പതുക്കെ തന്നെ. സ്പീടുളള ആശാനാണ് എംഡി, പക്ഷെ ഇന്ന് ആള് സ്ലോ ആണ്. റോഡില്‍ മറ്റു വാഹനങ്ങള്‍ ഒന്നും തന്നെ ഇല്ല താനും. ദൂരെ നിന്നു ഒരാള്‍ സൈക്കിളില്‍വരുന്നുണ്ട്. അല്ലെങ്കില്‍ റോഡ് കാലിയാണ്, ഒരു കാലി പോലുമില്ല. ഊണ് പോയ മട്ടാണ്. ഈ സ്പീഡില്‍ പോയാല്‍ അവിടെത്തുമ്പോള്‍ ഊണ് തീര്‍ന്നിരിക്കും. ശ്രീനി ചിന്താവിഷ്ടനായി. കാലത്തും ഒന്നും കഴിച്ചിട്ടില്ല.

ശ്രീനി കാറിനകത്തേക്ക് നോക്കി. എംഡി തന്റെ വര്‍ത്തമാനം കൂടുതല്‍ കായികമാക്കിയിട്ടുണ്ട്, പുറത്തെ കാര്യങ്ങളിലൊന്നും ശ്രദ്ധയില്ല എന്ന് മനസ്സില്ലായി. ശ്രീനി രണ്ടും കല്പിച്ചു തന്റെ ബൈക്ക് മുന്നോട്ടെടുത്തു, കാറിനെ ഓവര്‍ട്ടേക്ക് ചെയ്തു. ഈ സമയം കാറിനുള്ളില്‍, എംഡിയുടെ ദേഷ്യം ഉച്ചസ്ഥായിയിലായിരുന്നത് പാവം ശ്രീനി എങ്ങിനെ അറിയും. ശ്രീനി കാറിനെ മറികടന്നതും, എംഡി അത് കണ്ടതും, അങ്ങേര്‍ക്കു കോപം കൂടിയതുമെല്ലാം ഒരുമിച്ചായിരുന്നു, പിന്നെല്ലാം പെട്ടന്നുമായിരുന്നു.

ശ്രീനിക്ക് കാര്യം മനസ്സിലാകുന്നതിനു മുന്‍പ്, എംഡിയുടെ കാര്‍ മുന്‍പില്‍ വന്നു വട്ടം നിന്നു. ചാടിയിറങ്ങിയ ആശാന്‍ ശ്രീനിയുടെ കഴുത്തിന് പിടിച്ചു, ‘ നീ, ഞാന്‍ വാങ്ങി തന്ന വണ്ടിയില്‍ എന്നെ ഓവര്‍ ടേക്ക് ചെയ്യാറായോ? നിന്നോടാരു പറഞ്ഞു സ്പീഡില്‍ ബൈക്ക് ഓടിക്കാന്‍?അഹങ്കാരി, നിന്നെ പിരിച്ചു വിട്ടിരിക്കുന്നു. ‘ ശ്രീനിക്ക് ഒന്നും പറയാന്‍ പറ്റുന്നില്ല. സാറ് കഴുത്തില്‍ നിന്നു ഒന്നു പിടി വിട്ടിട്ടു വേണ്ടേ? ശ്രീനി ആകെ അവശനായി. കാറില്‍ ഉള്ള മറ്റുള്ളവര്‍ അവിടെ തന്നെ ഇരിക്കുന്നു.

പെട്ടന്നാണ് മറ്റൊന്ന് സംഭവിച്ചത്. പെട്ടന്നാരോ എംഡിയെ പിടിച്ചു തള്ളുന്നു, അങ്ങേരുടെ കൈ പിടച്ചു മടക്കുന്നു, ” നീ ആരാടാ? വഴിയില്‍ പോകുന്ന ചെറിയ വണ്ടിക്കാരെ തല്ലാന്‍ നീ ആരാടാ? അവന്റെ ഒരു കാറും ടൈയും..ഫാ…” നേരത്തെ പറഞ്ഞ സൈക്കിള്‍ സവാരിക്കരനാണ്. ചുകപ്പു ഷര്‍ട്ട്, മുഷിഞ്ഞ മുണ്ട് മടക്കി കുത്തിയത്, തലയില് ഒരു കെട്ടും. കുമ്പയില്ല, പുറത്തെ രോമം കാണാനുമില്ല. ആള് അടുത്ത ജങ്ങ്ഷനിലെ ചുമട്ടു തൊഴിലാളിയാണ്. അയാള്‍ എംഡിയെ ഇപ്പോള്‍ തല്ലും എന്ന മട്ടിലാണ്. എംഡി പിടിച്ചു നില്‍കാന്‍ നോക്കുന്നുണ്ട്. ‘താന്‍ തന്നെ ഇയാള്‍കിട്ടു രണ്ടെണ്ണം പൂശിക്കോ. ഞാന്‍ പിടിച്ചു തരാം’, ചുകപ്പന്‍ ശ്രീനിയോട് പറഞ്ഞു. എംഡി, പെട്ട മാതിരി ശ്രീനിയെ ഒന്നു നോക്കി. ശ്രീനി ജോലി പോയ ക്ഷീണത്തിലും, വിഷമത്തിലും, ദേഷ്യത്തിലും അന്തം വിട്ടു നില്‍ക്കുകയാണ്. ചുകപ്പന്‍ കൈ ഓങ്ങി നില്‍ക്കുകയാണ്. വണ്‍, ടു, ത്രീ എന്ന് പറഞ്ഞു തീരാന്‍ കാക്കുന്നത് പോലെ. എം ഡിയുടെ സ്ഥിതി ദയനീയമാണ്, ദേഷ്യമെല്ലാം പോയി.

അപ്പോഴാണ് അവിടെ ഒരു ഗംഭീര പ്രകടനം നടന്നത്. ശ്രീനി ചാടി ചെന്ന് ചുകപ്പനെ സര്‍വ്വശക്തിയുമെടുത്ത് തള്ളി മാറ്റി. എന്നാട്ടൊരു അലര്‍ച്ചയായിരുന്നു, ” നീ ആരാണ്ട ചോദിക്കാന്‍? എന്റെ സാറെന്നെ താല്ലും, ചിലപ്പോള്‍ കൊല്ലും. നിനക്കെന്താട കാര്യം? ഈ സാറ് എന്റെ സ്വന്തം എംഡിയാണ്. നീ പൊക്കോണം ഇപ്പോള്‍ തന്നെ, ഇല്ലെങ്കില്‍ കൊന്നു കളയും.’ ചുകപ്പന്‍ അമ്പരന്നു, ഓടി മാറി! ഇതെന്തു കഥ? എംഡിയും അമ്പരന്നു. ചുകപ്പന്‍ എന്തോ പറയുന്നുണ്ട്, പക്ഷെ ശ്രീനി അവന്റെ നേരെ കൈ ഓങ്ങി അവനെ ഓടിക്കുകയാണ്. എംഡി ഒന്നും പറയുന്നില്ല.

ചുകപ്പനെ ഓടിച്ചു ശ്രീനി തിരിഞ്ഞു നോക്കുമ്പോള്‍ എംഡി കാറില്‍ കയറുന്നു. ഒന്നും മിണ്ടാതെ ആള് വണ്ടിയോടിച്ചു പോയി. ഇപ്രാവശ്യം അത്യാവശ്യം സ്പീഡില്‍ തന്നെ. ചുമട്ട് തൊഴിലാളി അപ്പോളും അന്തം വിട്ടു ദൂരെ നില്‍ക്കുന്നു. ശ്രീനി ഒന്നും മിണ്ടാതെ വണ്ടിയെടുത്തു തിരിച്ചു ആപ്പീസിലേക്ക് പോയി. ആള്‍ടെ വിശപ്പ് കെട്ടിരുന്നു.

തിരിക ചെന്ന് പാന്‍ട്രിയില്‍ കയറി ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ചു. പിന്നെ തന്റെ സ്റ്റൂളില്‍ ഇരുന്നു. പണിയില്ലാതെ എന്ത് ചെയ്യും. ജീവിക്കാന്‍ വേറെ വഴിയില്ല. വീട്ടിലെ കാര്യം കഷ്ടമാകും. അപ്പോള്‍, അഡ്മിന്‍ ശിപായി വന്നു മാനേജര്‍ വിളിക്കുന്ന കാര്യം പറഞ്ഞു. ശ്രീനി ആകെ തളര്‍ന്നു. തീര്‍ന്നു, പൊക്കോളാന്‍ പറയാന്‍ തന്നെ.

പതുക്കെ മനജേരുടെ മുറിയില്‍ കടന്നു. അയാള്‍ പറഞ്ഞു, ” ശ്രീനി, ഇപ്പോള്‍ എംഡി വിളിച്ചിരുന്നു. നിനക്ക് ഈ മാസം മുതല്‍ ശമ്പളം 2500 രൂപ കൂട്ടിയിരിക്കുന്നു. നിനക്കൊരു നല്ല ബൈക്കും തരാന്‍ പറഞ്ഞു. നീ ഇതെങ്ങിനെ ഒപ്പിച്ചു?”

ഈ സംഭവം നടന്നു കാലം കുറച്ചെ കഴിഞ്ഞുള്ള്, ശ്രീനി ആയി അവിടത്തെ അഡ്മിന്‍ മാനേജര്‍ !

നോട്ട് ദി പൊയന്റെ : ഞാന്‍, അന്നാ വണ്ടിക്കകത്ത് ഇരുന്നു മേല്പറഞ്ഞ ഡ്രാമ കണ്ടതാണ്. ആ ചുകപ്പനെ പിടിച്ചു മാറ്റാന്‍ എന്തെ എനിക്ക് തോന്നിയില്ല? ഹോ, അങ്ങിനെ ചെയ്തിരുന്നെങ്കില്‍, ശ്രീനിയുടെ തൊട്ടടുത്തെ ക്യാബിനില് ഇരിക്കുന്ന ഈ ഞാന്‍, ഇന്നാരായിരുന്നേനെ!

Advertisements