01

ഷേവു ചെയ്യുന്നതിനിടയില്‍ ശ്രീമു പിന്നില്‍ വന്ന് ഭിത്തിയില്‍ ചാരി നില്‍ക്കുന്നതു കണ്ടു.

നല്ല മൂഡിലാണെങ്കില്‍ ഇതല്ല അവളുടെ പതിവ്. പുറകിലൂടെ വരിഞ്ഞു മുറുക്കി പുറത്ത് ഉമ്മ വയ്ക്കും. എനിയ്ക്ക് തിരിയാനാകും മുമ്പെ അവള്‍ ഓടിപ്പോയിട്ടുമുണ്ടാകും. അല്ലെങ്കില്‍ മുഖത്തെ സോപ്പ് ഞാന്‍ അവളുടെ മുഖത്തും മറ്റു പലയിടങ്ങളിലും വച്ചു തേയ്ക്കുമെന്നറിയാം.

ഓരോ നിമിഷവും അവള്‍ എന്തെങ്കിലുമൊക്കെ ചെയ്തിരിയ്ക്കും. ചുരുങ്ങിയ പക്ഷം വെറുതേയൊന്നു സ്പര്‍ശിയ്ക്കുകയെങ്കിലും. ഇന്നിപ്പോള്‍ അവള്‍ അനങ്ങാതെ ചുവരും ചാരി നില്‍ക്കുന്നു. ഇത് അസാധാരണമാണ്. എന്തോ പ്രശ്‌നമുണ്ട്. അവളുടെ നിശ്ശബ്ദതയില്‍ നിന്നു തന്നെ ഭാവഭേദങ്ങള്‍ ഊഹിച്ചെടുക്കാന്‍ എളുപ്പമാണ്.

മിനിറ്റുകള്‍ക്കു മുമ്പ് അമ്മ കിടക്കയില്‍ നിന്നെഴുന്നേറ്റ്, ചുവരുകളില്‍ പിടിച്ച്, ചെറു ചുവടുകള്‍ വച്ച് ടോയ്‌ലറ്റില്‍ കയറി വാതില്‍ ചാരുന്നതു വരെ അവള്‍ അമ്മയെ അനുഗമിച്ചിരുന്നു. ‘അമ്മ വാതിലു ചാരിയാല്‍ മതി, കുറ്റിയിടണ്ട’ എന്ന നിര്‍ദ്ദേശവും അവള്‍ അമ്മയ്ക്കു കൊടുത്തിരുന്നു. പ്രമേഹമുള്ളതുകൊണ്ട് അമ്മ വീഴുകയോ മറ്റോ ചെയ്താലോ എന്ന ശങ്കയുണ്ട്.

എന്തായിരിയ്ക്കാം അവളെ അലട്ടുന്ന പ്രശ്‌നം? ഷേവര്‍ വാഷ്‌ബേസിന്മേല്‍ വച്ച് ഞാന്‍ തിരിഞ്ഞു നോക്കി.

അവള്‍ ചുവരില്‍ച്ചാരി, കിഴക്ക്, ജനലിനപ്പുറത്തേയ്ക്ക് കണ്ണും നട്ടു നില്‍ക്കുന്നു. കവിളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങുന്നു.

ഇത്രയും വര്‍ഷത്തിനിടയില്‍ ഒരിയ്ക്കല്‍ മാത്രമാണ് അവളുടെ കണ്ണില്‍ നിന്നു കണ്ണുനീരൊഴുകിക്കണ്ടിട്ടുള്ളത്: അവളുടെ അച്ഛന്‍ മരിച്ചപ്പോള്‍.

ഞാന്‍ ചെന്ന് അവളുടെ ചുമലില്‍ കൈ വച്ചു.

എന്റെ മുഖത്തെ സോപ്പിനെ വകവയ്ക്കാതെ അവളെന്നെ കെട്ടിപ്പിടിച്ചു. എന്റെ നെഞ്ചില്‍ ശിരസ്സു ചായ്ച്ചുകൊണ്ടവള്‍ വിതുമ്പി, ‘സോറി, ചേട്ടാ, സോറി’.

മുഖത്തെ സോപ്പ് അവളുടെ മേല്‍ തേയ്ക്കാനൊരുമ്പെടുന്നതാണ് എന്റെ പതിവ്. എന്നാലിത്തവണ അവളുടെ കവിളത്തെ കണ്ണുനീരു കണക്കിലെടുത്ത് സോപ്പ് അവളുടെ മുടിയിലാകാതെ ഞാന്‍ സൂക്ഷിച്ചു. ‘പാലു മുഴുവനും തിളച്ചു പോയി! അല്ലേ?’ ഞാന്‍ വിജയഭാവത്തില്‍ ഒരു കുസൃതിച്ചോദ്യമെറിഞ്ഞു.

അവള്‍ തിളപ്പിയ്ക്കുമ്പോള്‍ പാലു തിളച്ചു തൂവിപ്പോയ ചരിത്രമില്ല. അത്തരം അബദ്ധങ്ങള്‍ പറ്റാറുള്ളത് എനിയ്ക്കാണ്. ഞാന്‍ മില്‍മപ്പാക്കറ്റു വാങ്ങിവരുന്ന നേരത്ത് അവള്‍, രാവിലേയുള്ള തിരക്കില്‍, മറ്റെന്തെങ്കിലും ജോലിയില്‍ മുഴുകിയിരിയ്ക്കുകയാണെങ്കില്‍ ഞാന്‍ തന്നെ അതു തിളപ്പിയ്ക്കാനൊരുങ്ങും. വല്ലപ്പോഴെങ്കിലും അവള്‍ക്കൊരു സഹായമാകട്ടെ. പാലു തിളച്ചുപൊന്തിത്തുടങ്ങുമ്പോള്‍ ഗ്യാസ് ഓഫു ചെയ്യാമെന്നു കരുതി സ്റ്റൌവ്വിനടുത്തു തന്നെ നിന്നുകൊണ്ട് പത്രമെടുത്തു നിവര്‍ത്തും. വായന തുടങ്ങിയാല്‍ സ്റ്റൌവ്വില്‍ പാലിരിയ്ക്കുന്ന കാര്യം മറക്കും. പാല്‍ തിളച്ചുപൊന്തുന്ന ശബ്ദം കേട്ട് പത്രത്തില്‍ നിന്നു കണ്ണെടുക്കുമ്പോഴേയ്ക്ക് പാലു തൂവിപ്പോയിട്ടുണ്ടാകും. പ്രതീക്ഷിയ്ക്കാത്ത വേഗമുണ്ട്, തിളച്ചുപൊന്തുന്ന പാലിന്.

ചുട്ടുപഴുത്ത ഗ്യാസ്‌ബേര്‍ണറില്‍ പാലു വീഴുമ്പോഴുണ്ടാകുന്ന ശീല്‍ക്കാരവും മണവും എവിടെനിന്നാണെങ്കിലും അവള്‍ പിടിച്ചെടുക്കും. ‘എനിയ്ക്കു തോന്നി, ചേട്ടനതു ശരിപ്പെടുത്തീട്ടുണ്ടാകുംന്ന്.’ അടുക്കളയില്‍ വന്ന് ഒറ്റനോട്ടത്തില്‍ അവള്‍ കാര്യം മനസ്സിലാക്കും. ‘ചേട്ടനവിടിരുന്നു പത്രം വായിച്ചാ മതി. പാലെന്നും ഞാന്‍ തിളപ്പിച്ചോളാം.’ എന്റെ മുതുകിനൊരു കൊട്ടും തരും.

അങ്ങനെയുള്ള ആള്‍ ദാ നിന്നു കണ്ണുനീരൊഴുക്കുന്നു. പാലു തിളച്ചുപോയതിനായിരിയ്ക്കാം സോറി പറഞ്ഞത് എന്ന എന്റെ ഊഹം ശരിയോ തെറ്റോ എന്നവള്‍ പറഞ്ഞില്ല. കണ്ണുനീര്‍ ധാരധാരയായൊഴുകി. വിറ പൂണ്ട ചുണ്ടുകള്‍.

ഗുരുതരമായ മറ്റെന്തോ ഉണ്ട്, തീര്‍ച്ച.

‘നിന്റെ കരച്ചിലു കാണാന്‍ ഒരു ഭംഗിയുമില്ല. നീ കരച്ചിലു നിര്‍ത്ത്.’ ഞാനവളെ ചൊടിപ്പിയ്ക്കാന്‍ ശ്രമിച്ചു. അങ്ങനെയെങ്കിലും കരച്ചില്‍ നില്‍ക്കട്ടെ. വര്‍ഷങ്ങളായി കാണുന്നതാണെങ്കിലും, അവള്‍ ചിരിയ്ക്കുമ്പോള്‍ ഇപ്പോഴും നോക്കിനിന്നുപോകാറുണ്ട്. ഏറ്റവുമധികം സുഖം പകരുന്ന കാഴ്ചകളിലൊന്നാണത്.

കണ്ണുനീര്‍ തുടച്ചുകൊണ്ട്, നിശ്ശബ്ദയായി അവളെന്നെ അമ്മ കിടന്ന മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. കിടക്കയിലേയ്ക്കു ചൂണ്ടിക്കൊണ്ടു പറഞ്ഞു, ‘അതു കണ്ടോ?’

കിടക്കവിരിപ്പിലെ ചിത്രപ്പണികളല്ലാതെ മറ്റൊന്നും എനിയ്ക്കു കാണാന്‍ കഴിഞ്ഞില്ല. അവളെന്റെ കൈ പിടിച്ച് കിടക്കയില്‍ അമര്‍ത്തി. ‘മനസ്സിലായില്ലേ?’ എന്ന ഭാവത്തില്‍ എന്നെ നോക്കി.

‘എന്താ കാര്യം?’

‘ഇവിടെ നനവുണ്ട്.’ കിടക്കയില്‍ അവള്‍ വിരലോടിച്ച ശേഷം വിരലുകള്‍ എന്നെക്കൊണ്ടു മണപ്പിച്ചു.

നേരിയ ഗന്ധം.

‘മൂത്രം വീണിട്ടുണ്ട്.’ അവള്‍ വീണ്ടും കരയാന്‍ തുടങ്ങി.

‘സാരമില്ല.’ ഞാനവളെ ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചു. ‘വാഷിംഗ് മെഷീനിലിട്ട് ഒന്നു കറക്കേണ്ട കാര്യമേയുള്ളു.’

‘ഷീറ്റ് അലക്കാമെന്നു വയ്ക്കാം. ഈ കിടക്കയെന്തു ചെയ്യും?’ കരച്ചിലിനിടയില്‍ അവള്‍ ചോദിച്ചു. ‘പുതിയ കിടക്ക. വാങ്ങീട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു. അപ്പഴയ്ക്കും അതില്…’

അമ്മ ആദ്യമായാണ് ഞങ്ങളുടെ കൂടെ വന്നു താമസിയ്ക്കുന്നത്. അമ്മയുടെ വരവു പ്രമാണിച്ച് മിനിയാന്നു വാങ്ങിയതാണ് പുതിയ എം എം ഫോം കിടക്ക. അതിന് എണ്ണായിരം രൂപ വില വന്നിരുന്നു.

‘സാരമില്ല. നീ ഇതു പിടിയ്ക്ക്. അമ്മ വരും മുമ്പ് നമുക്കു കിടക്ക മാറ്റണം.’

വീട്ടില്‍ കിടക്കകള്‍ക്കു പഞ്ഞമില്ല. ഇതിനോളം പുതിയത് വേറെയില്ല എന്നേയുള്ളു.

‘വേറെ കിടക്ക വിരിച്ചാല്‍ അതിലും…’ ശ്രീമു അര്‍ദ്ധോക്തിയില്‍ വിരമിച്ചു.

‘അതും നനഞ്ഞാല്‍, മൂന്നാമതൊരെണ്ണമിടും. അത്ര തന്നെ. എന്തു വന്നാലും നനഞ്ഞ കിടക്കയില്‍ അമ്മയെ കിടത്താന്‍ പാടില്ല. നമുക്കെത്ര കിടക്കയുണ്ട്? അഞ്ചാറെണ്ണമില്ലേ?’

‘ഗോദ്‌റെജിന്റെ മുകളില്‍ ഒരെണ്ണമുണ്ട്. ആകെ ഏഴെണ്ണം.’ അവളെന്റെ കൈ സ്പര്‍ശിച്ചു. ‘ഇഷ്ടം പോലെ കിടക്കയുണ്ടെന്നു വച്ച് ദിവസേന കിടക്ക മാറ്റാന്‍ പറ്റ്വോ?’ അവള്‍ പരവശയായി.

‘ആഴ്ചയില്‍ ഏഴു ദിവസമുണ്ട്, ഏഴു കിടക്കയുമുണ്ട്. ഓരോ ദിവസവും അമ്മയ്ക്ക് ഓരോ കിടക്ക. ഒരു കിടക്ക ഉണക്കാന്‍ ആറു ദിവസത്തെ സാവകാശം കിട്ടും. ദാ, ഈ കിടക്ക വര്‍ക്കേരിയയില്‍ കൊണ്ടുചെന്നു വച്ചാല്‍ അര മണിക്കൂറിനുള്ളില്‍ ഉണങ്ങിക്കിട്ടും. പിന്നെന്താ പ്രശ്‌നം? നീയിതു വേഗം പിടിയ്ക്ക്. അമ്മ ടോയ്‌ലറ്റില്‍ നിന്നു പുറത്തിറങ്ങുന്നതിനു മുമ്പ് നമുക്ക് കിടക്ക മാറ്റണം.’

പുറകുവശത്തെ വര്‍ക്കേരിയയുടെ മുകളിലുള്ള ട്രസ്സ് ഉച്ചയാകുന്നതിനു മുമ്പു തന്നെ ചുട്ടുപഴുക്കും. അതിന്റെ ചുവട്ടില്‍ വയ്ക്കുന്നതെന്തും പെട്ടെന്നുണങ്ങിക്കിട്ടും. ഉണങ്ങുക മാത്രമല്ല, മൊരിയുകയും ചെയ്യും. അത്ര ചൂടാണവിടെ.

ശ്രീമുവും ഞാനും കൂടി ഭാരമുള്ള കിടക്ക പൊക്കിയെടുത്ത് വര്‍ക്കേരിയയില്‍ കൊണ്ടു പോയി രണ്ടു സ്റ്റൂളുകളിന്മേല്‍ വച്ചു. ഉണങ്ങട്ടെ. പകരം മറ്റൊരു മുറിയിലെ കിടക്ക അമ്മയുടെ കട്ടിലിലേയ്ക്കു മാറ്റി. അലക്കിവച്ചിരുന്ന മറ്റൊരു ഷീറ്റെടുത്ത് കിടക്കയില്‍ വിരിച്ചു. തലയിണ തത്സ്ഥാനത്തു വച്ചു.

അമ്മ ടോയ്‌ലറ്റു തുറന്നു വരുന്നതിനു മുമ്പു തന്നെ എല്ലാം ഭദ്രം.

നനഞ്ഞ ഷീറ്റ് അലക്കാന്‍ വേണ്ടി വാഷിംഗ് മെഷീനിന്റെ അടുത്തുള്ള പ്ലാസ്റ്റിക് കുട്ടയിലിട്ടു തിരികെ വന്നപ്പോള്‍ മ്ലാനവദനത്തോടെ അവള്‍ വീണ്ടും പറഞ്ഞു, ‘സോറി, ചേട്ടാ.’

‘നീയെന്തിനാ സോറി പറയണത്?’ ഞാനവളുടെ ചുമലില്‍ കൈവച്ചുകൊണ്ടു ചോദിച്ചു. സോറി പറയുമ്പോള്‍ എന്തോ ഒരന്യത്വം തോന്നിപ്പോകുന്നു. ഇങ്ങനെയുള്ള പതിവൊന്നും അവള്‍ക്കില്ലാത്തതാണ്.

‘എന്റെ അമ്മയുടെ ഭാഗത്തു നിന്ന് ഇങ്ങനെയുണ്ടാകുന്നത് വെഷമോള്ള കാര്യാണ്.’ അവളുടെ കണ്ണു വീണ്ടും നനഞ്ഞു. ‘അതും പുതിയ കിടക്കേല്.’ അവളുടെ മുഖത്ത് ആശങ്കയുദിച്ചു. ‘ഇനി ഇന്നെങ്ങനെയാണാവോ…’

‘ഞാന്‍ പറഞ്ഞില്ലേ, ഇന്നും കിടക്ക നനഞ്ഞാല്‍, അതും മാറ്റും. ഏഴു കിടക്കയാണ് നമുക്കുള്ളത്. പിന്നെ, അമ്മ നിന്റേതു മാത്രമല്ല, എന്റേതു കൂടിയാണ്. നമ്മുടെ കോമണ്‍ ഫാമിലി ഹെഡ്ഡാണ് ക്വീന്‍ എലിസബത്ത്. കുടുംബത്തലൈവി!’ ഗാംഭീര്യത്തോടെയാണു ഞാന്‍ ‘കുടുംബത്തലൈവി’യെന്നു പറഞ്ഞത്.

ശ്രീമുവുമായി സംസാരിയ്ക്കുമ്പോള്‍ ക്വീന്‍ എലിസബത്തെന്നും കുടുംബത്തലൈവിയെന്നുമൊക്കെയാണ് ഞാന്‍ അമ്മയെപ്പറ്റി തമാശ രൂപത്തില്‍ പരാമര്‍ശിയ്ക്കാറുണ്ടായിരുന്നത്. അവളതു കേട്ട് കിലുകിലെ ചിരിയ്ക്കുകയും ചെയ്യുമായിരുന്നു.

എന്റെ അച്ഛന്‍ വളരെ മുമ്പു തന്നെ ചരമമടഞ്ഞിരുന്നു. ഒരു ദശാബ്ദം മുമ്പ് എന്റെ അമ്മയും യാത്രയായി. അധികം കഴിയും മുമ്പ് ശ്രീമുവിന്റെ അച്ഛനും മരിച്ചു. ആ തലമുറയില്‍ ആകെ അവശേഷിച്ചിരിയ്ക്കുന്നത് ശ്രീമുവിന്റെ അമ്മ മാത്രമാണ്. അതുകൊണ്ട് അവളുടെ അമ്മ തന്നെ എന്റേയും ഫാമിലി ഹെഡ്ഡ്!

‘എന്നാലും…’

‘ഒരെന്നാലുമില്ല. കുടുംബത്തലൈവി എന്ന നിലയ്ക്ക് ക്വീന്‍ എലിസബത്തിന് നമ്മുടെ എല്ലാ കിടക്കകളിലും മാറിമാറി മൂത്രമൊഴിയ്ക്കാനുള്ള അധികാരമുണ്ട്.’

ഞാന്‍ പറഞ്ഞു തീരും മുമ്പ് ശ്രീമു എന്റെ പുറത്ത് പടക്കം പൊട്ടിച്ചു. ‘അങ്ങനെ നടന്നു മൂത്രമൊഴിയ്ക്കുന്നയാളല്ല അമ്മ.’ കണ്ണുനീരിനിടയിലും അവള്‍ ചിരിച്ചു. മഴയ്ക്കിടയിലെ വെയിലിന്റെ തിളക്കം.

‘ഇതൊന്നുമത്ര കാര്യമാക്കേണ്ടതില്ല. മൂത്രത്തില്‍ നനയുന്നത് അമ്മമാര്‍ക്കൊന്നും പുത്തരിയല്ല. നീയും ഞാനുമൊക്കെ കുഞ്ഞുങ്ങളായിരിയ്ക്കുമ്പൊ നമ്മളൊഴിച്ചിരുന്ന മൂത്രത്തില്‍ കുതിര്‍ന്നാണ് അമ്മമാരൊക്കെ കിടന്നിരുന്നത്. എന്റെ കാര്യം എന്റെ അമ്മ നിന്നോട് വിസ്തരിച്ചു പറഞ്ഞിരുന്നത് ഓര്‍ക്കണില്ലേ? രാത്രി, ദേഹത്ത് മഴ പെയ്യുന്നതു പോലെ തോന്നി അമ്മ ലൈറ്റിട്ടു നോക്കുമ്പോള്‍, ഞാന്‍ ഫൌണ്ടന്‍ തുറന്നു വച്ചിരിയ്ക്കുന്നു! നിന്റെ കാര്യവും അതൊക്കെത്തന്നെയായിരുന്നിരിയ്ക്കും. ഒരു സംശയവുമില്ല.’

‘പോ, ചേട്ടാ.’ അവള്‍ പൊട്ടിച്ചിരിച്ചു. പക്ഷേ അടുത്ത നിമിഷം തന്നെ മുഖം വീണ്ടും മ്ലാനമായി. ‘ചിരിയ്ക്കാന്‍ തോന്നണില്ല ചേട്ടാ.’ ഞാന്‍ പറയുന്നതു കേട്ട് അവള്‍ മണികിലുങ്ങുന്നതു പോലെ ചിരിയ്ക്കാറുണ്ട്. അവളെ ചിരിപ്പിയ്ക്കുന്നത് എന്റെ പതിവുമാണ്. ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞിരിയ്ക്കുന്നു. ‘വെഷമാവണു.’ അവള്‍ പറഞ്ഞു. അവള്‍ എന്റെ മേല്‍ ചാരി കുറച്ചുനേരം നിശ്ശബ്ദയായി നിന്നു. ‘അമ്മയെ ഇങ്ങോട്ടു കൊണ്ടുവരണ്ടായിരുന്നൂല്ലേ?’ കണ്ണില്‍ വെള്ളം നിറച്ചുകൊണ്ടായിരുന്നു ചോദ്യം.

അമ്മയ്ക്ക് ശ്രീമു ഉള്‍പ്പെടെ ആകെ മൂന്നു പെണ്മക്കള്‍. മൂന്നു പേര്‍ക്കും തങ്ങളുടെ ഭര്‍തൃഗൃഹങ്ങളില്‍ അമ്മയെ കൊണ്ടുവന്നു താമസിപ്പിയ്ക്കുന്നത് അഭിമാനക്കുറവ്. അമ്മയ്ക്കും അങ്ങനെ തന്നെ. അതുകൊണ്ട് അച്ഛന്‍ യാത്രയായ ശേഷവും അമ്മ തനിയേ താമസിച്ചു. അമ്മയെ പരിചരിയ്ക്കാന്‍ രണ്ടു പരിചാരികമാര്‍. അവരില്‍ ഒരാളെങ്കിലും എല്ലാ സമയവും അമ്മയോടൊപ്പമുണ്ടാകും. അതുകൊണ്ട് അമ്മയ്ക്ക് പരമസുഖമാണെന്നായിരുന്നു പൊതുവേയുള്ള ധാരണ. വാസ്തവം മറിച്ചായിരുന്നു.

വാര്‍ദ്ധക്യത്തില്‍ അമ്മമാര്‍ മക്കളിലാരുടെയെങ്കിലും നേരിട്ടുള്ള സംരക്ഷണയില്‍ കഴിയണമെന്ന് ഞാനിടയ്ക്കിടെ ശ്രീമുവിനോടു പറയാറുണ്ടായിരുന്നു. അമ്മയെ ഇങ്ങോട്ടു കൊണ്ടുവരണമെന്നും, അമ്മ ഇങ്ങോട്ടു വന്നാല്‍, അമ്മയെ ഞാന്‍ തന്നെ പരിചരിച്ചോളാമെന്നും ഞാനെപ്പോഴും പറയുമായിരുന്നു.

എന്റെ സ്വന്തം അമ്മയുടെ അവസാനകാലത്ത് ശ്രീമു ഒരു മകളെപ്പോലെ പരിചരിച്ചിരുന്നു. അതിനുള്ള പ്രത്യുപകാരം ചെയ്യാന്‍ എനിയ്ക്കും അവസരമുണ്ടാകട്ടെ.

എന്റെ അമ്മയ്ക്ക് എന്നേക്കാള്‍ പ്രിയം അവളായിരുന്നു. എന്റെ വാക്കുകള്‍ക്ക് അമ്മ വലിയ വില കല്പിച്ചിരുന്നില്ല. അതേ സമയം ശ്രീമു പറഞ്ഞാല്‍ അമ്മയ്ക്ക് പൂര്‍ണ്ണതൃപ്തിയാകുമായിരുന്നു. ‘നിനക്ക് വിവേകമില്ല. അവള്‍ക്ക് വിവേകമുണ്ട്,’ അമ്മ എന്നോടു പറയും. ‘അവളു വന്നപ്പൊ അവനു വിവേകമുണ്ടായി,’ മറ്റുള്ളവരോടും അമ്മ സാക്ഷ്യപ്പെടുത്തും.

വളരെ നേരത്തേ തന്നെ വിധവയായിത്തീര്‍ന്നിരുന്നതുകൊണ്ട് എന്റെ അമ്മയ്ക്ക് പൊതുവിലൊരു പരുക്കന്‍ മട്ടുണ്ടായിരുന്നു. നേര്‍ വിപരീതമായിരുന്നു ശ്രീമുവിന്റെ അമ്മ. വാത്സല്യത്തോടെ മാത്രമേ ശ്രീമുവിന്റെ അമ്മ സംസാരിയ്ക്കാറുള്ളു. സ്വകാര്യം പറയുന്നതു പോലുള്ള, പതിഞ്ഞ സ്വരം. കനിവൂറുന്ന നോട്ടം. സ്‌നേഹനിധിയായ അത്തരമൊരു സാധ്വി വാര്‍ദ്ധക്യത്തില്‍ കഷ്ടപ്പെടാനിടവരുന്നതു സങ്കല്പിയ്ക്കാന്‍ പോലും ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളവരെ കഷ്ടപ്പെടുത്താന്‍ മനുഷ്യര്‍ക്കെങ്ങനെ തോന്നുന്നു!

വൃദ്ധയായ അമ്മയെ പരിചാരികമാരെ ഏല്പിയ്ക്കുന്നത് അമ്മയ്ക്ക് സുഖകരമാവില്ലെന്ന് ഞാന്‍ ഇടയ്ക്കിടെ മുന്നറിയിപ്പു നല്‍കിക്കൊണ്ടിരുന്നെങ്കിലും, അവളുടെ അമ്മയെ ഇങ്ങോട്ടു കൊണ്ടുവന്ന് കൂടെ താമസിപ്പിയ്ക്കുന്ന കാര്യം പറഞ്ഞപ്പോഴൊക്കെ അവളതിനെ എതിര്‍ത്തിരുന്നു. അവളുടെ അമ്മ എന്റെ തോളിലെ ഒരു മാറാപ്പായിത്തീരുന്നത് അവളിഷ്ടപ്പെട്ടിരുന്നില്ല. ആണ്മക്കളില്ലാത്ത അമ്മയുടെ വാര്‍ദ്ധക്യത്തില്‍ പെണ്മക്കള്‍ കൂടെ നിര്‍ത്തി സംരക്ഷിയ്ക്കണം എന്ന് എത്ര പറഞ്ഞിട്ടും അവള്‍ കൂട്ടാക്കിയിരുന്നില്ല.

അമ്മയെ കൂടെത്താമസിപ്പിച്ചാല്‍, തുടക്കത്തില്‍ സ്‌നേഹം കാണിയ്ക്കുമെങ്കിലും ബുദ്ധിമുട്ടേറുമ്പോള്‍ ഞാന്‍ അമ്മയോടു നീരസം കാണിച്ചേയ്ക്കുമോ എന്ന ഭയമായിരുന്നിരിയ്ക്കണം അവളുടെ കടുംപിടിത്തത്തിനു പിന്നില്‍.

അങ്ങനെയിരിയ്‌ക്കെ, പരിചാരികമാരുടെ പരിചരണത്തില്‍ അസ്വാരസ്യങ്ങള്‍ പ്രകടമായി. പരസഹായം കൂടാതെ ജീവിച്ചു പോകാനാകാത്ത വൃദ്ധര്‍ അവഗണിയ്ക്കപ്പെടുന്നതു സാധാരണയാണല്ലോ. അമ്മയുടെ കാര്യത്തിലും അതു തന്നെ സംഭവിച്ചു. പക്ഷേ കഷ്ടപ്പാടുകളുണ്ടായതെല്ലാം ആരോടും ഒരു പരാതിയും പറയാതെ, അമ്മ നിശ്ശബ്ദം സഹിച്ചുപോന്നിരുന്നു.

അമ്മയ്ക്ക് ബുദ്ധിമുട്ടുകള്‍ മാത്രമല്ല, ദുരനുഭവങ്ങളും ഉണ്ടാകുന്നുണ്ട് എന്നു വെളിപ്പെട്ടയുടന്‍ അപമാനഭയം മാറ്റിനിര്‍ത്തിക്കൊണ്ട് ശ്രീമു എന്റെ വാക്കുകളനുസരിച്ചു. അവളും ഞാനും ഒരുമിച്ചു ചെന്ന് അമ്മയെ കൂട്ടിക്കൊണ്ടു വന്നു. അഭിമാനിയായിരുന്നെങ്കിലും, വാര്‍ദ്ധക്യം വരുത്തിയ നിസ്സഹായാവസ്ഥയില്‍ ഞങ്ങളുടെ കൂടെ പോരുന്നതാണു നല്ലതെന്ന്, അമ്മയ്ക്കും തോന്നി.

‘അമ്മയെ പണ്ടേ തന്നെ ഇങ്ങോട്ടു കൊണ്ടുവരേണ്ടതായിരുന്നു. നമ്മളൊരുപാടു വൈകി.’ ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.

‘നമുക്കൊരു റബ്ബര്‍ ഷീറ്റു വിരിച്ചാലോ?’ അവള്‍ ആരാഞ്ഞു. ‘കിടക്ക നനയാതിരുന്നോളും.’ ഹൃദയവേദനയോടെയായിരിയ്ക്കണം അവളതു ചോദിച്ചത്. അവളുടെ ശിരസ്സു കുനിഞ്ഞിരുന്നു.

‘ക്വീന്‍ എലിസബത്തിനെ റബ്ബര്‍ഷീറ്റില്‍ കിടത്തുന്ന പ്രശ്‌നമില്ല. അമ്മ ഷീറ്റു വിരിച്ച കിടക്കയില്‍ത്തന്നെ കിടക്കണം.’ ഞാന്‍ തറപ്പിച്ചു പറഞ്ഞു.

ടോയ്‌ലറ്റിന്റെ വാതില്‍ മെല്ലെ തുറന്നു. അമ്മ പുറത്തിറങ്ങി, ചുമരില്‍ പിടിച്ച് ഓരോ ചുവടു വച്ചു നടന്നു. മുട്ടുകളിലെ ബലക്ഷയം അമ്മയെ വേഗം നടക്കാനനുവദിയ്ക്കുന്നില്ല.

ഞങ്ങള്‍ അമ്മയുടെ കൂടെ നടന്നു.

അമ്മ പതുക്കെ കിടക്കയില്‍ ചെന്നിരുന്നു. ഷീറ്റു മാറ്റിയിരുന്നത് അമ്മ ശ്രദ്ധിച്ചു. അമ്മ ശിരസ്സുയര്‍ത്തി ശ്രീമുവിനെ നോക്കി. നോട്ടത്തിലൊരു ചോദ്യഭാവമുണ്ടായിരുന്നു. എന്തേ ഷീറ്റു മാറ്റിയത്?

ഒരു പക്ഷേ രാത്രി കിടക്ക നനഞ്ഞത് അമ്മ അറിഞ്ഞിരുന്നു കാണില്ല.

ശ്രീമു നിശ്ശബ്ദയായി നിന്നു.

വയസ്സായെങ്കിലും അമ്മയുടെ ആലോചനാശക്തി ഒട്ടും കുറഞ്ഞിട്ടില്ല. മനസ്സിലാക്കാനുള്ളത് അമ്മ മനസ്സിലാക്കിയെടുത്തിരിയ്ക്കണം. ശ്രീമുവിനേയും എന്നേയും നോക്കിക്കൊണ്ട് അമ്മ ഇടര്‍ച്ചയോടെ പറഞ്ഞു, ‘അറിയാതെ പോണ്ണ്ട്. രാത്രി.’ കുറ്റബോധത്തോടെ അമ്മ തല താഴ്ത്തി. ‘എല്ലാവരേം ബുദ്ധിമുട്ടിയ്ക്കണ് ണ്ട്.’

ശ്രീമു വിതുമ്പാന്‍ തുടങ്ങി.

ഞാന്‍ കട്ടിലിലിരുന്ന് അമ്മയെ മാറോടു ചേര്‍ത്തണച്ചു. വെള്ളിനാരു മൂടിയ ശിരസ്സില്‍ തലോടി.

(ഈ കഥ തികച്ചും സാങ്കല്പികമാണ്.)

You May Also Like

ഒട്ടേറെ ദുഷ്ട കഥാപാത്രങ്ങള്‍ക്കു ജന്‍മമേകിയെങ്കിലും സ്വഭാവം കൊച്ചുകുട്ടിയുടേതായിരുന്നു

എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ അഭ്രപാളികളിലും അരങ്ങുകളിലും ജ്വലിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മഹാനടന്‍

ബി എം ഡബ്ലിയു 1 സീരിസ് ഹാച്ച് ബാക്കിന്റെ ഒഫിഷ്യല്‍ വീഡിയോ …

പുതിയ ബി എം ഡബ്ലിയു 1സീരിസ് ഹാച്ച് ബാക്കിന്റെ ഒഫിഷ്യല്‍ വീഡിയോ പുറത്ത്.

വാക്കുകളില്‍ തീപ്പൊരി നിറച്ച് അത് കഥാപാത്രങ്ങളുടെ നാവിന്‍‌തുമ്പിലെത്തിച്ച സിനിമ

ജോഷി രഞ്ജിപണിക്കർ സിനിമകൾ എല്ലാം തന്നെ കണ്ടിരിക്കാൻ പറ്റുന്ന റിപീറ്റ് വാല്യൂ നൽകുന്ന സിനിമകൾ

നിങ്ങളുടെ വാട്സ് ആപ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതെയിരിക്കട്ടെ…

ഇതു വാട്സ് ആപിന്റെ ഒരു പോരായ്മയല്ല, മറിച്ചു വാട്സ് ആപ്പ് ഉണ്ടാക്കിയിരിക്കുന്നത് അങ്ങനെയാണ്