ശ്രുതി യു.കെ, എം.ടിയെ ആദരിക്കുന്നു, ബൂലോകം സുവര്‍ണ്ണ മുദ്ര സമ്മാനിക്കുന്നു.

222

1

മലയാള ചെറുകഥാ സാഹിത്യത്തിലെ കുലപതിയായ ശ്രീ. എം.ടി.വാസുദേവന്‍ നായരെ ആദരിക്കാന്‍ ശ്രുതി. യൂ.കെ വടക്കന്‍ ഇംഗ്ലണ്ടിലെ ഡറം ഗാലാ തീയേറ്ററില്‍ ഏപ്രില്‍ ആറിന് ശനിയാഴ്ച ഒരുക്കുന്ന പ്രൗഢഗംഭീരമായ കലാസന്ധ്യയില്‍ അദ്ദേഹത്തിനു ബൂലോകം സുവര്‍ണ്ണമുദ്ര പുരസ്‌കാരവും സമ്മാനിക്കുന്നു.

രണ്ടായിരത്തി അഞ്ചില്‍ ബ്രിട്ടണിലെ നിവാസികളായ ഒരു ചെറു സംഘം മലയാളി കലാസ്‌നേഹികളുടെ കൂട്ടായ്മയായി തുടങ്ങിയ ശ്രുതി. യു .കെ, ജ്ഞാനപീഠ അവാര്‍ഡു ജേതാവായ പ്രോഫെസര്‍ ഓ എന്‍ വീ കുറുപ്പ് രണ്ടായിരത്തി അഞ്ച് ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി മലയാളത്തിന്റെ തനതായ കലാസാഹിത്യ രൂപങ്ങള്‍ യൂ .കെ മലയാളികള്‍ക്കിടയില്‍ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്യുന്ന ശ്രുതി യു കെ, ഇന്ന് മലയാളികളുടെ ബ്രിട്ടനിലെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മകളില്‍ ഒന്നായി വളര്‍ന്നിരിക്കുന്നു.

2ശ്രുതിയുടെ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളില്‍ ഈ വര്‍ഷം മുഖ്യാതിഥിയായി എത്തിച്ചേരുന്ന ജ്ഞാനപീഠ ജേതാവായ ശ്രീ എം ടീ വാസുദേവന്‍ നായരെ ശ്രുതി അണിയിച്ചൊരുക്കുന്ന കലാവിരുന്നില്‍ ആദരിക്കുന്നു. ഇതോടൊപ്പം നടത്തപ്പെടുന്ന ചടങ്ങില്‍ ശ്രുതി പ്രവര്‍ത്തകരുള്‍പ്പെടെ ലോകവ്യാപകമായി മൂവായിരത്തോളം ഓണ്‍ലൈന്‍ എഴുത്തുകാരുടെ കൂട്ടായ്മയായ ബൂലോകം.കോം, മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ ബൂലോകം സുവര്‍ണ്ണമുദ്ര പുരസ്‌കാരം അദ്ദേഹത്തിനു സമ്മാനിക്കുന്നു.

ശ്രുതിയുടെ കലാകാരികളും കലാകാരന്മാരും ചേര്‍ന്ന് ഒരുക്കുന്ന എം ടീ കൃതികളുടെ സംഗീതനടന ആവിഷ്‌കാരങ്ങളും, രാജാ രവിമര്‍മ്മയുടെ പുരാണ ചിത്രങ്ങളിലെ കഥാ സന്ദര്‍ഭങ്ങളുടെ ദൃശ്യാവിഷ്‌കാരവും, ദശാവതാരങ്ങളുടെ നൃത്താവിഷ്‌കാരവും ആഘോഷത്തിന് മിഴിവേകും.

ലണ്ടനിലെ പ്രസിദ്ധമായ ബിഗ് ബെന്‍ ടവറിന്റെ ആകൃതിയിലുള്ള ക്രിസ്റ്റലില്‍ ക്ലോക്കിന്റെ സ്ഥാനത്തു സ്വര്‍ണപ്പതക്കത്തില്‍ ബൂലോകം മുദ്ര ആലേഖനം ചെയ്ത സുവര്‍ണ്ണമുദ്ര പുരസ്‌കാരം ഡിസൈന്‍ ചെയ്തത് യുവ ബ്രിട്ടീഷ്മലയാളി ഡിസൈനറും തിരുവനന്തപുരത്തെ രാസാത്തി ജൂവലറി ഉടമയുമായ ആര്‍ . ജഗനാണ്.

മലയാളകഥാ സിനിമാ രംഗങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന മഹാനായ സാഹിത്യകാരന്‍ ശ്രീ എം .ടി.വാസുദേവന്‍ നായരെ ബ്രിട്ടനിലെ കലാസ്‌നേഹികളായ മലയാളികള്‍ക്കുവേണ്ടി ആദരിക്കുവാനുള്ള വേദി ബ്രിട്ടനില്‍ത്തന്നെ ഒരുക്കുവാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനമുണ്ടെന്നു ശ്രുതി ഭാരവാഹികളായ ഡോക്ടര്‍ രഞ്ജിത്ത് നായര്‍, ഡോ. തങ്കം അരുണ്‍, ഡോ.റൂബി ഉമ്മന്‍, ഡോ. ദീപ്തി ജ്യോതിഷ്, ഡോ.ഇന്ദു നായര്‍, ഡോ.മായാദേവി കുറുപ്പ് എന്നിവര്‍ അറിയിച്ചു.

സുവര്‍ണ മുദ്രാപുരസ്‌കാരത്തിലൂടെ നൂറ്റി അന്‍പതോളം രാജ്യങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ എഴുത്തിലൂടെ വളര്‍ന്നു വരുന്ന പുതുതലമുറ എഴുത്തുകാര്‍ക്ക് അദ്ദേഹത്തോടുള്ള ആദരം പ്രകടമാക്കാനും അനുഗ്രഹം തേടാനും അവസരം ഉണ്ടായിരിക്കുകയാണെന്ന് ബൂലോകം.കോമിനു വേണ്ടി ഡോക്ടര്‍ ജയിംസ് ബ്രൈറ്റ്, ഡോ. അരുണ്‍ കൈമള്‍, ഡോ. അഞ്ജന രഞ്ജിത് എന്നിവര്‍ ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ അറിയിച്ചു.