എന്റെ ബാംഗ്ലൂര്‍ യാത്ര. ഭാഗം4

നാട്ടില്‍ പോക്ക് എന്നു പറയുന്നത് എന്നും മനസിനൊരു കുളിര്‍മയാണ്. ഒമ്പത് വര്‍ഷം കോടമ്പുഴയിലെ കോളെജ് ജീവിതത്തിനിടയില്‍ ഞാനൊരു കൊച്ചു പ്രവാസിയായി. 150. കി.മി. വിദൂരതയുള്ളൊരു പ്രവാസി! പ്രവാസ ദ്വീപില്‍ നിന്നും നോക്കി രസിക്കാനുള്ള ഒരു മരുപ്പച്ചയാണ് സ്വന്തം നാടും വീടും കുടുംബവുമെല്ലാം. വര്‍ഷങ്ങളും മാസങ്ങളും ഈ മരുപ്പച്ചയെ നോക്കിരസിക്കും. ഒടുവില്‍ ആ സ്വപ്ന നോട്ടത്തിന് തിരശ്ശീലയിട്ട് മരുപ്പച്ചയെ അനുഭവിച്ചറിയാന്‍ പ്രവാസി യാത്ര തിരിക്കും. അവന്റെ ജീവിതത്തിലെ ഏറ്റം സുന്ദര നിമിഷം! വിദ്യാര്‍ത്ഥികളാണെങ്കിലും ജോലിക്കാരാണെങ്കിലും പ്രവാസിയാണെങ്കില്‍ അവരുടെ ജീവിതത്തില്‍ ‘നാട്ടില്‍ പോക്ക്’ എന്ന വാചകത്തിന് വലിയ പ്രാധാന്യമായിരിക്കും. കോടമ്പുഴയിലെ പ്രവാസജീവിതത്തോട് രാജിപറഞ്ഞ് 530 കി.മി.അപ്പുറത്തുള്ള ബാംഗ്ലൂരിലേക്ക് ഞാന്‍ പഠനാവശ്യര്‍ത്ഥം താമസം മാറ്റി.

ബാംഗ്ലൂരിലെ കാലാവസ്ഥ വളരെ മനോഹരമാണ്! ഇന്ത്യാമഹാ രാജ്യത്തിന്റെ ഉദ്യാനനഗരി, കമിതാക്കളുടെ സ്വപ്നഭൂമി, എന്നും ഈര്‍പ്പം കനംതൂങ്ങി നില്‍ക്കുന്ന അന്തരീക്ഷം, ഏവരേയും ഇങ്ങോട്ടാഘര്‍ഷിക്കുന്ന പ്രധാന കാരണങ്ങളാണിവയെല്ലാം. കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് പ്രവാസജീവിതം പറിച്ചുനട്ടപ്പോള്‍ നാട്ടിലേക്കുള്ള പോക്കുവരവ് ചുരുങ്ങി. പ്രവാസജീവിതത്തിന്റെ തടവറക്ക് തീക്ഷ്ണതയേറി. നാടും വീടുമെല്ലാം തികച്ചും സ്വപ്നഭൂമികളായി മാറി.

ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ പഠനത്തോടൊപ്പം മദ്‌റസ ജോലി മതത്തോടുള്ള ഒരു സേവനമായി ഞാന്‍ കണക്കുകൂട്ടി. അല്ലാഹുവിന്റെ വിജ്ഞാനവുമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കല്‍ ജീവിതത്തില്‍ ഒരു മുസല്‍മാന് നിര്‍വഹിക്കാനുള്ള കര്‍മങ്ങളില്‍ ഏറ്റവും മഹത്തരമേറിയതാണ്. ‘ഒന്നുകില്‍ നീയൊരു പണ്ഡിതനാകുക കഴിഞ്ഞില്ലെങ്കില്‍ അതിനെ പഠിക്കുന്നവനാകുക. അതിനും കഴിഞ്ഞില്ലെങ്കില്‍ അതിനെ കേള്‍ക്കുന്നവനാകുക. അതിനും കഴിയാതെ വന്നാല്‍ അതിനെ സ്‌നേഹിക്കുന്നവനാകുക. അഞ്ചാമത്തെ ഒരാളാകരുത്’. എന്നാണ് പ്രവാചക അദ്ധ്യാപനം.

മഗ് രിബ് നിസ്‌കാര ശേഷമാണ് മദ്‌റസ തുടങ്ങുക. പതിവുപോലെ രാത്രി എട്ടരമണിക്ക് മദ്‌റസ കഴിഞ്ഞ ശേഷം നാട്ടില്‍ പോകാന്‍ ഞാന്‍ തിരുമാനിച്ചു. ഒമ്പതേമുക്കാലിനാണ് ട്രെയിന്‍. യാത്രാചെലവും ക്ഷീണവും കുറയ്ക്കാന്‍ ഏറ്റവും നല്ലത് ട്രെയിന്‍യാത്ര തന്നെ. ബാംഗ്ലൂരില്‍ നിന്ന് കന്യാകുമാരി വരെ പോകുന്ന ഐലന്റ് എക്‌സ്പ്രസാണ് എനിക്ക് പോകേണ്ട ട്രെയിന്‍. ഐലന്ടിലെ തിരക്ക് പൊതുവേ എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും ലീവ് കുറവായതിനാല്‍ യാത്ര പകലിലേക്ക് മാറ്റിവെച്ചില്ല. രാത്രി വണ്ടിക്കുതന്നെ പോകാമെന്നു തിരുമാനിച്ചു. മദ്‌റസ കഴിഞ്ഞയുടന്‍ സുഹൃത്ത് താഹിര്‍ ഭായിയുടെ ബൈക്കില്‍ ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്‌റ്റേഷന്‍ ലിക്ഷ്യമാക്കി കുതിച്ചു. അവിടെ എത്തുമ്പോഴേക്ക് ട്രെയിന്‍ പുറപ്പെടാനുള്ള ഷാര്‍പ്പ് സമയമായിക്കഴിഞ്ഞിരുന്നു.

ട്രെയിനിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും മാത്രമാണ് ജനറല്‍ കമ്പാര്‍ട്ടുമെന്റ്കള്‍ ഉള്ളത്. ഞാന്‍ നേരേ മുന്‍ഭാഗത്തേക്ക് ഓടി. അവിടെയെത്തിയപ്പോള്‍ കാലുകുത്താന്‍ പഴുതില്ലാതെ ജനം അള്ളിപ്പിടിച്ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടനെ പിന്തിരിഞ്ഞ് പിന്‍ഭാഗത്തെ കമ്പാര്‍ട്ട്‌മെന്റ് ലക്ഷ്യമാക്കി ഓടി. അവിടെയെത്തിയപ്പോള്‍ കണ്ടകാഴ്ച ആദ്യത്തേതിനേക്കാള്‍ കഷ്ടമായിരുന്നു. മറ്റുമാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ ഒരുവിധത്തില്‍ ഞാന്‍ ഡോറില്‍ പിടികൊടുത്തു നിന്നു.

ട്രൈന്‍ സൈറണ്‍ മുഴക്കി മെല്ലെ ചലിക്കാന്‍ തുടങ്ങി. ഒരുപാട് നേരത്തെ കഷ്ടപ്പാടിനൊടുവില്‍ ഡോറിനടുത്തു തന്നെയുള്ള വാഷ്ബേസിനരികില്‍ നില്‍ക്കാനൊരിടം കിട്ടി. തിരക്കിന്‍റെ ആധിക്യം കാരണം എവിടെയും പിടിക്കാതെ സ്വതന്ത്രമായി നില്‍ക്കാമെന്ന് മാത്രം. എത്രനേരം ഈ നില്‍പ്പ് എന്ന് ആധിപൂണ്ട് നില്‍ക്കുമ്പോഴാണ് തൊട്ടപ്പുറത്ത് നിന്നിരുന്ന യുവാവ് പൊട്ടിത്തെറിച്ചത്. വിഷയം മറ്റൊന്നുമല്ല മദ്യപിച്ചതുതന്നെ. അയാള്‍ വിഷം ചീറ്റാന്‍ തുടങ്ങി. നാവിന്‍റെ ലൈസന്‍സ് നഷ്ടപ്പെട്ടതിനാല്‍ പലതും പുലമ്പാന്‍ തുടങ്ങി. കേള്‍ക്കാന്‍ മടിക്കുന്ന സംസാരം. സഭ്യതയുടെ എലാ അതിര്‍വരമ്പുകളും ലംഘിച്ച് അയാള്‍ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു. പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് പരസ്പരം മുഖത്തോടുമുഖം നോക്കാന്‍ പോലും പറ്റാതെയായി. മദ്യം മനുഷ്യനെ എത്രമേല്‍ നീചനാക്കുമെന്ന് ഒരു വേള ഞാന്‍ ചിന്തിച്ചുപോയി.

അല്‍പം കഴിഞ്ഞപ്പോള്‍ ഒന്നല്ല രണ്ടെണ്ണമുണ്ടെന്നു മനസിലായി. അയാളുടെ കൂട്ടുകാരനും തെറിപ്പൂരവുമായി രംഗത്തെത്തി. ഇവിടെ എന്നെ ചിന്തിപ്പിച്ച വസ്തുത! ഇതൊരു നാട്ടിന്‍പുറത്തുള്ള സാധാരണക്കാരനോ കൂലിപ്പണിക്കാരോ മറ്റോ ആയിരുന്നുവെങ്കില്‍ രംഗം ഇത്ര വഷളാകുമായിരുന്നില്ല. കാരണം അവനു അത്രയേ വിവരമുള്ളൂ. സംഭവിച്ചത് അതല്ല, ബാംഗ്ലൂരില്‍ ഉന്നതവിദ്യാഭ്യാസത്തിന് പഠിക്കുന്നവരാണിവര്‍. സാധാരണ ഏഴാംകൂലികളല്ല, നല്ല ഉന്നത കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവര്‍. നല്ല തണ്ടും തന്റേടവുമുള്ളവര്‍. ഇത് കാഴ്ചയില്‍ തന്നെ ആര്‍ക്കും മനസിലാകും. പക്ഷെ വിവരമുണ്ടായിട്ടെന്തുകാര്യം? ഒരല്‍പ്പസമയത്തേക്ക് മദ്യം മനുഷ്യനെ കീഴ്‌പ്പെടുത്തിയപ്പോഴേക്കും അവന്‍ മൃഗത്തെക്കാള്‍ അധപതിച്ചുപോയി. അവന്റെ വിവരത്തിനനുസരിച്ചായിരുന്നു അസഭ്യവും പുലമ്പിയിരുന്നത്. വിവരമുള്ളവനും ഇല്ലാത്തവനും മദ്യപിച്ചാല്‍ എത്രത്തോളം അന്തരമുണ്ടാകുമെന്നു ഞാന്‍ ഊഹിച്ചു. പരിസരത്തിരുന്നിരുന്ന ഫാമിലികളും സ്ത്രീകളും മുഖം പൊത്തിയിരിക്കുന്നത് ഞാന്‍ കണ്ടു. വ്യക്തിജീവിതത്തിന്റെ സ്വകാര്യതകളും ലൈംഗികതകളും അവന്റെ സംസാരത്തിലൂടെ ഒഴുകിയെത്തി. പരിസരം ആകെ മലീമസമായെന്നല്ലാതെ മറ്റെന്തുപറയാന്‍!? ഇത് ആര്‍ക്കു തടുക്കാനാകും? ആര്‍ക്കും കഴിയില്ല. കഴിഞ്ഞില്ല. അവനെ ഉപദേശിച്ചവരോട് അവന്‍ അസഭ്യത്തോടെ പ്രതികരിച്ചു. കൈകൊണ്ട് തടുത്തവരെ അവന്‍ മെരുക്കി. പിന്നെ ആരും ഉപദേശിച്ചില്ല. തടഞ്ഞതുമില്ല.

മദ്യപാനിയായ ഒരാളെ ഒരിക്കല്‍ മഹാത്മാഗാന്ധി പിന്തുടര്‍ന്നു. മദ്യലഹരിയില്‍ അയാള്‍ ചെയ്തതും പറഞ്ഞതും ഗാന്ധിജി ഒരു കടലാസില്‍ കുറിച്ചു. മദ്യലഹരി വിട്ടുമാറിയപ്പോള്‍ ഗാന്ധിജി അയാളെ സമീപിച്ചു. കുറിപ്പിലൂടെ തന്റെ മോശമായ മറ്റൊരു ജീവിതം അയാള്‍ വായിച്ചെടുത്തപ്പോള്‍ മദ്യം തന്നെ എത്രത്തോളം നിന്ദ്യനാക്കിയെന്ന സത്യം അയാള്‍ തിരിച്ചറിഞ്ഞു. പിന്നീട് അയാള്‍ നല്ലൊരു ജീവിതം കെട്ടിപ്പടുത്തുവെന്ന് ചിത്രം.

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച ഞാന്‍ ഇവര്‍ക്കിടയില്‍ വേഷംകൊണ്ട് ഒറ്റപ്പെട്ടു. തെറിപ്പൂരത്തിനിടയില്‍ ഒരു സെക്കന്റ് നേരം അവര്‍ എനിക്ക് നേരേതിരിഞ്ഞു. ഉസാമാ ബിന്‍ലാദനും തീവ്രവാദവും അവരുടെ നാവിലൂടെ കടന്നു വന്നു. മറുത്തൊന്നും മിണ്ടാതെ എല്ലാം ഞാന്‍ കേട്ടുനിന്നു. അവിടെ ക്ഷമയാണ് അലങ്കാരമെന്ന് എനിക്ക് തോന്നി.

ഇന്ന് ലോകം ഏറ്റവും കൂടുതല്‍ പേടിക്കുന്ന വാക്കായ ‘തീവ്രവാദം’ എന്ന പ്രയോഗം എന്നില്‍ പ്രയോഗിച്ചപ്പോള്‍ അല്‍പ്പം വിഷമം തോന്നി. എല്ലാവരും എന്നെ തുറിച്ചു നോക്കുന്നതുപോലെ തോന്നി. ഇതുവരെ ഒന്നിച്ചുനിന്ന എല്ലാവര്‍ക്കുമിടയില്‍ ഒന്നുകൊണ്ടല്ലെങ്കിലും ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ആഗോളാടിസ്ഥാനത്തില്‍ നടക്കുന്ന ചവിട്ടു നാടകത്തിന്റെ കാര്‍ബണ്‍കോപ്പിയായി എനിക്കിത് തോന്നി. അങ്ങിനെയാണല്ലോ കാര്യങ്ങളുടെ കിടപ്പ്!!. മദ്യലഹരിയില്‍ നില്‍ക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ മുസ്‌ലിംകളെ തീവ്രവാദികള്‍ എന്ന് പറയുമ്പോള്‍ സമൂഹം ഒന്നടങ്കം മുസ്‌ലിംകളെ തുറിച്ചുനോക്കുന്നു. സമൂഹത്തില്‍ അവരെ ഒറ്റപ്പെടുത്തുന്നു.

തിരക്കിനിടയില്‍ വാഷ്‌ബേസിനരികില്‍ നിന്ന് ബാത്ത് റൂമിന്റെ ഡോറിനരികില്‍ എത്തിയത് ഞാനറിഞ്ഞില്ല. പരിസരം എനിക്കുമേല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായതു പോലെ തോന്നി. കുടിയന്മാരും പക്കാ റൌഡികളും ഒന്നാംകിട യാചകരും എന്റെ പരിസരത്ത് നില്‍ക്കുന്നവരിലുണ്ടെന്നു പിന്നീടാണ് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത്. ഞാനായി ഞാന്‍ മാത്രം. എന്നെ മനസിലാക്കാന്‍ പറ്റുന്ന ആരുമില്ല. ഇതിനിടയില്‍ ചിലര്‍ ബാത്ത്‌റൂമില്‍ പോകാന്‍ തര്‍ക്കമുണ്ടാക്കുന്നുണ്ടായിരുന്നു. കാര്യമായി തര്‍ക്കിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് മദ്യപിച്ചവര്‍ അക്കമിട്ടു മറുപടി കൊടുത്തുകൊണ്ടിരുന്നത് എല്ലാവരിലും ഒരുവേള ചിരിപടര്‍ത്തി. ഒരാള്‍ ബാത്ത്‌റൂം തള്ളിത്തുറന്നപ്പോള്‍ അതില്‍ ആരുമില്ലായിരുന്നു. ഇതിനും ചിലര്‍ തെറിപാട്ടില്‍ ശരണം തേടി…ഏതിനും പരിസരങ്ങളില്‍ നിന്ന് വരുന്ന പ്രതികരണം അസഭ്യങ്ങള്‍ മാത്രം!! അല്ലാഹുവേ നീ എന്തിനാണിവിടെ എന്നെ എത്തിച്ചതെന്ന് ഞാന്‍ മനംപൊട്ടി പറഞ്ഞുപോയി…ട്രെയിനിലെ ഇരു വശങ്ങളിലെ ബാത്ത്‌റൂമുകള്‍ക്കിടയിലെ ഇടുങ്ങിയ നടവഴിയിലാണ് ഞാന്‍ പെട്ടുപോയത്. സിഗരറ്റിന്റെയും മദ്യത്തിന്റെയും വെള്ളം കാണാത്ത യാചകരുടെയും ദുര്‍ഗന്ധം എന്നെ മത്തുപിടിപ്പിച്ചു. ട്രെയിനില്‍ കയറിയിട്ട് ആകെ രണ്ടു മണിക്കൂറേ ആയിട്ടുള്ളൂ. നേരം പുലരാന്‍ ഇനിയെത്ര?! പേടിയും സങ്കടവും വര്‍ച്ചു. ഇനി ഇങ്ങനെയൊരു യാത്രയില്ലെന്നു തീര്‍ച്ചപ്പെടുത്തി..എന്നിട്ടെന്തുകാര്യം? അതുകൊണ്ട് ഇപ്പോള്‍ ഇവിടെന്ന് രക്ഷപ്പെടുമോ? ഭീതി വീണ്ടും വര്‍ദ്ധിച്ചു.

ഒരുവിധത്തില്‍ ബാത്ത്‌റൂമിന്റെ ഡോര്‍ തള്ളി അകത്തോട്ട് ഞാന്‍ കടന്നു. ഉള്ളില്‍ ഒരാള്‍ മാത്രം. പതിനെട്ടു വയസ്സ് പ്രായം തോന്നിക്കുന്ന സുന്ദരനായൊരു കൌമാരം! അവന്റെ മുഖത്തും ഭീതിയുടെ കാര്‍മേഘം ഞാന്‍ കണ്ടു. പരിചയപെട്ടപ്പോള്‍ നിഷ്‌കളങ്കനാണ്. പേര് ജോയ് എന്ന് പറഞ്ഞു. ബാംഗ്ലൂരില്‍ പഠനത്തിനു വന്ന് ഇപ്പോള്‍ ആദ്യമായി നാട്ടിലേക്ക് പോകുകയാ..പറവൂരാണ് വീട്. െ്രെടനിലെ ഈ വക കോലാഹലങ്ങളില്‍ പെട്ട് ഇവന്‍ തരിച്ചു നില്‍ക്കുകയായിരുന്നു..ഞങ്ങള്‍ പരസ്പരം സംസാരിച്ചപ്പോള്‍ അല്പം ആശ്വാസം ലഭിച്ചു.

ചുവന്നു കലങ്ങിയ കണ്ണുകളോടെ പെട്ടന്നൊരാള്‍ ഇങ്ങോട്ട് കടന്നു വന്നു. സിഗരറ്റെടുത്ത് വായില്‍ തിരുകി അയാള്‍ ഡോര്‍ അടച്ചു. ഇപ്പോള്‍ ഞങ്ങള്‍ മൂന്നു പേര്‍ മാത്രം. പാന്റ്‌സിന്റെ സിബ്ബഴിച്ച് അയാള്‍ മൂത്രിക്കാന്‍ തുടങ്ങി. ഇടക്ക് അയാളുടെ സിഗരറ്റ് ജോയിയുടെ വായില്‍ തിരുകിക്കയറ്റി. ജോയിയുടെ കൈപിടിച്ച് അയാളുടെ മുമ്പിലേക്ക് നിറുത്തി. അയാളുടെ കറുത്ത കരങ്ങള്‍ അവന്റെ ശരീരത്തിലേക്ക് പടര്‍ന്നു കയറി. ജീന്‍സിന്റെ ബട്ടണഴിക്കാന്‍ തുടങ്ങി. കാര്യം അപകടമാണെന് എനിക്ക് ഉറപ്പായി. ഉടനെ ഞാന്‍ വാതില്‍ തുറന്നു..പുറത്തുള്ളവര്‍ ഇങ്ങോട്ട് തള്ളിക്കയറിയാതോടെ ജോയി രക്ഷപ്പെട്ടു…ഞാന്‍ പുറത്തു കടന്നു..അവിടെ നില്‍പ്പ് തുടങ്ങി. ബാത്ത്‌റൂമില്‍ കയറിയവര്‍ ഇരിക്കാനും ചിലര്‍ ചാരിഉറങ്ങാനും തുടങ്ങി. ഒരു മണിയായപ്പോഴേക്കും എല്ലാം ശാന്തമായി. എങ്കിലും ഞാന്‍ നിന്നുറങ്ങി നേരം വെളുപ്പിച്ചു.

കുറിപ്പ്: മദ്യപാനം വര്‍ദ്ധിക്കുന്നു. മദ്യം സര്‍വ്വ വിപത്തിന്റെയും താക്കോലാണ്. മുന്‍കാലങ്ങളില്‍ ഒളിഞ്ഞും മറ്റുമൊക്കെ മദ്യപിച്ചിരുന്ന കേരളസമൂഹത്തിന്റെ മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് കുടുംബം ഒന്നിച്ചിരുന്നും, ആഘോഷവേളകളിലെ ഒഴിച്ചുകൂടാത്തതായും ഈ വിപത്ത് മാറിയിരിക്കുന്നു. കൌമാരക്കാര്‍ അങ്ങേയറ്റം ഇതിനു അടിമപ്പെട്ടിരിക്കുന്നു. ഈ രംഗത്തേക്ക് കോളേജ് യുവതികളും കടന്നു വന്നിരിക്കുന്നതാണ് സങ്കടകരമായ വസ്തുത. മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുമെന്നതിനു പുറമേ സമൂത്തിന്റെ ധാര്‍മ്മിക സന്തുലിതാവസ്ഥ തകര്‍ക്കപ്പെടുമെന്നതില്‍ സംശയമില്ല. ഖുര്‍ആന്‍ പറയുന്നു: ” സത്യവിശ്വാസികളെ, മദ്യവും ചൂതാട്ടവും പ്രതിഷ്ടകളും പ്രശ്‌നം വെച്ചു നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ചവൃത്തി മാത്രമാകുന്നു.അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.'(മാഇദ: 5/ 90)

അടുത്ത ലക്കം കാഴ്ചക്കപ്പുറത്തെ കൌമാരം

Advertisements