ഷാരൂഖ് ഖാന്റെ ടീമിന് കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം

312

CPL
ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ അഭിനയത്തെക്കുറിച്ച് ആളുകള്‍ക്ക് അഭിപ്രായം ഉണ്ടാകും. എന്നാല്‍, ഒരു ബിസിനസ്മാന്‍ എന്ന നിലയില്‍ ഷാരൂഖിന് എല്ലാവരും നൂറില്‍ നൂറ് മാര്‍ക്ക് തന്നെ നല്‍കും. ആദ്യ ഐ.പി.എല്‍. സീസണില്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നില്‍ ആയിരുന്നു ഷാരൂഖിന്റെ ഉടമസ്ഥതയില്‍ ഉള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. എന്നാല്‍, ഏറ്റവും സാമ്പത്തികനേട്ടം കൈവരിച്ച ഫ്രാഞ്ചസിയും കൊല്‍ക്കത്ത ആയിരുന്നു. ഇത് മാത്രം മതി ഷാരൂഖിന്റെ കഴിവ് മനസിലാക്കാന്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ വെസ്റ്റ് ഇന്‍ഡീസില്‍ ആരംഭിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഷാരൂഖ് ഖാന്‍ ഒരു ടീം സ്വന്തമാക്കിഎന്ന വാര്‍ത്ത ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ മാസമാണ് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും കൊല്‍ക്കത്ത നൈറ്റ് റൈഡ്ഡേഴ്‌സ് സഹ ഉടമകള്‍ ആയ ജൂഹി ചൗളയും ഭര്‍ത്താവ് ജെയ് മേത്തയും ചേര്‍ന്ന് ട്രിനിടാഡ് ആന്‍ഡ് ടൊബാഗോ റെഡ് സ്റ്റീല്‍ ടീം വാങ്ങിയത്.

ഫൈനലില്‍ 20 റണ്‍സിനാണ് ട്രിനിടാഡ് എതിരാളികളായ ബാര്‍ബഡോസിനെ തോല്‍പ്പിച്ചത്. നേരത്തെ കാമറൂണ്‍ ടെല്‍പോര്ട്ടിന്റെയും കമ്രാന്‍ അക്മലിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ ട്രിനിഡാഡ് 5 വിക്കറ്റിന് 178 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു.

രോഹിത് ഷെട്ടിയുടെ ദില്‍വാലേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ബള്‍ഗേറിയയില്‍ ആയതിനാല്‍ ഷാരൂഖിന് ഫൈനല്‍ മത്സരത്തിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ട്രിനിഡാഡ് വിജയിച്ച വിവരം അറിഞ്ഞപ്പോള്‍ അവരെ അഭിനന്ദിച്ചുകൊണ്ട് കിംഗ് ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു.