സംവിധായകന്‍ പാമ്പള്ളിയുമായി ബൂലോകം നടത്തുന്ന അഭിമുഖം

498

കേരളത്തിലെ അറിയപ്പെടുന്ന യുവ സംവിധായകന്‍ ആണ് പാമ്പള്ളി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ശ്രീ. സന്ദീപ്‌ പാമ്പള്ളി. മികച്ച സംവിധായകന്‍, മികച്ച ചിത്രം തുടങ്ങീ പല അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് ഈ കോഴിക്കോട്‌ സ്വദേശിക്ക്. കൂടാതെ ബെല്‍ജിയം, ലണ്ടന്‍ തുടങ്ങി സ്ഥലങ്ങളിലും ഇന്ത്യയൊട്ടാകെ പല അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ഇദ്ദേഹത്തിന്റെ ഷോര്‍ട്ട് ഫിലിമുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വളര്‍ന്നു വരുന്ന യുവ ബ്ലോഗ്ഗര്‍ കൂടിയായ ആയ ശ്രീ. സന്ദീപ് പാമ്പള്ളിയുമായി ബൂലോകം ഫൗണ്ടറും ചീഫ് എഡിറ്റരുമായ ശ്രീ. ജെയിംസ് ബ്രൈറ്റ്‌ നടത്തുന്ന അഭിമുഖം ഇവിടെ വായിക്കാം.

 • സ്വയം പരിചയപ്പെടുത്താമോ ?

കോഴിക്കോട്, പന്തീരാങ്കാവാണ് സ്വദേശം. വടകരയ്ക്കടുത്ത് മുക്കാളിയിലെ ‘പാമ്പള്ളി’യാണ് അച്ഛന്റെ തറവാട്. 1979 ലെ മാര്‍ച്ച് 22 മുതല്‍ ഈ ലോകം കണ്ടുതുടങ്ങി.  കുമാരന്‍, രമ എന്നിവരാണ് മാതാപിതാക്കള്‍. അച്ഛന്‍ കെ.ടി.സി.യില്‍ അക്കൗണ്ട്‌സ് മാനേജരായിരുന്നു. അമ്മ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നും അധ്യാപികയായി റിട്ടയര്‍ ചെയ്തു. മകള്‍ പീലി പാമ്പള്ളി കോഴിക്കോട് ആംഗ്ലോഇന്ത്യന്‍ ഗേള്‍സ് സ്‌കൂളില്‍ യു.കെ.ജിയില്‍ പഠിക്കുന്നു.

 • എങ്ങിനെയാണ് സിനിമയില്‍ വന്നത് ?

സിനിമയില്‍ വന്നത് യാദൃച്ഛികമല്ല. ചെറുപ്പകാലം മുതല്‍ക്കേ കലാരംഗത്ത് ഉണ്ട്. നാലാംവയസ്സില്‍ കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്‌സ് നടത്തിയ അഖില കേരള പെയിന്റിങ് മത്സരത്തില്‍ ഒന്നാംസമ്മാനം നേടിയതാണ് ആദ്യം ലഭിച്ച അംഗീകാരം. ആദ്യകാലത്ത് ഒരു അഞ്ചാംക്ലാസ് വരെ അമ്മയായിരുന്നു എല്ലാത്തിനും ഗുരു. പിന്നീട് സ്‌കൂളുകളില്‍ ധാരാളം സമ്മാനങ്ങളും, കലാപ്രതിഭ പട്ടങ്ങളും ലഭിച്ചു. പി.വി.ഗംഗാധരന്‍ സാറിന്റെ മാനേജരായിരുന്നു അച്ഛന്‍. ആ സമയത്ത് വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലേക്ക് മമ്മൂട്ടിയുടെ കുട്ടിക്കാലത്തിന് വേണ്ടി ബാലതാരങ്ങളെ എടുക്കുന്നു എന്നറിഞ്ഞു. നിര്‍ഭാഗ്യവശാല്‍ എനിക്കതിനുള്ള അവസരം കിട്ടിയില്ല. അതായിരുന്നു മനസ്സില്‍ വിരിഞ്ഞ ആദ്യ സിനിമാമോഹം. അന്ന് അഞ്ചാംതരത്തില്‍ പഠിക്കുന്ന എന്റെ മനസ്സില്‍ സിനിമ ഒരു സ്വപ്നമായി.

 • ആദ്യം ചെയ്ത വര്‍ക്ക് ഏതാണ് ? ഏതെല്ലാം വര്‍ക്കുകള്‍ ചെയ്തു..?

ശരിക്ക് ആദ്യം ചെയ്ത പ്രൊഫഷണല്‍ വര്‍ക്ക് അന്തരിച്ച ഖാന്‍കാവില്‍ എന്ന പ്രസിദ്ധ നാടകസംവിധായകന്‍ സംവിധാനം ചെയ്ത ‘ബ്ലൈറ്റ്’ എന്ന റേഡിയോ നാടകമായിരുന്നു. കോഴിക്കോട് ആകാശവാണി അണിയിച്ചൊരുക്കിയ ഈ നാടകത്തില്‍ നടന്‍ സുധീഷിന്റെ സഹോദരനും നടന്‍ കുഞ്ഞാണ്ടിയുടെ കൊച്ചുമകനും രാജം.കെ.നായരുടെ മകനുമായാണ് അഭിനയിച്ചത്. പിന്നീട് പത്താംതരം വരെ കോഴിക്കോട് ആകാശവാണിയ്ക്ക് വേണ്ടി നടനായി.

എട്ടാം തരത്തില്‍ വച്ചായിരുന്നു ആദ്യ നാടകം എഴുതി സംവിധാനം ചെയ്തത്. അത് സംസ്ഥാനതലം വരെ മത്സരിച്ചു, സമ്മാനമൊന്നും ലഭിച്ചില്ലെങ്കിലും. പിന്നീട് കോഴിക്കോട് ദേവഗിരി കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠിക്കുമ്പോള്‍ ധാരാളം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു. മൂന്നു വര്‍ഷം തുടര്‍ച്ചയായി ബെസ്റ്റ് ആക്ടറായി. ഈ കാലത്തിനിടെ എന്റെ ഡ്രാമാ സുഹൃത്തുക്കളായ ശങ്കര്‍ രാമകൃഷ്ണന്‍ (ഇന്നത്തെ പ്രസിദ്ധ നാടക സംവിധായകന്‍) ലാല്‍മോഹന്‍ (മലയാള മനോരമ സബ്എഡിറ്റര്‍) ലാജു.ജി.എല്‍ (അധ്യാപകന്‍, ബാംഗ്ലൂര്‍) കൃഷ്ണദാസ് (മാധ്യമ പ്രവര്‍ത്തകന്‍, ഡല്‍ഹി) എന്നിവരൊക്കെ ചേര്‍ന്ന് ഒരു ഹ്രസ്വചിത്രത്തിന് പ്ലാന്‍ ചെയ്തു. എന്റെ രചനാസംവിധാനത്തില്‍. ഒരു സ്ത്രീയുടെ കാല്‍പ്പാദത്തിലൂടെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ വികാരങ്ങളും കാണിക്കുക എന്നതായിരുന്നു ഉദ്യമം. പരാജയപ്പെട്ടെങ്കിലും അതായിരുന്നു ആദ്യസംരംഭം.

പിന്നീട് ഒരുപാട് ഹ്രസ്വചിത്രങ്ങള്‍, ടെലിഫിലിമുകള്‍ എന്നിവ ചെയ്തു. സ്‌നേഹപൂര്‍വ്വം, ദ കൈറ്റ്, പെണ്‍മ, ഹെര്‍ ഐസ് വാണ്ട് ടു സേ സംതിങ്, മിസ്സിങ് ബെനിറ്റിയര്‍, ഐ ഹണ്ടര്‍, ഫ്‌ലവേഴ്‌സ് ഓഫ് ദി ഗോഡ്, ഒരിക്കല്‍ക്കൂടി, എക്‌സ്‌പെക്‌റ്റേഷന്‍സ്, പുലിനി, ലാടം… അങ്ങിനെ പലതും.  കുറച്ചു പരസ്യചിത്രങ്ങളും ചെയ്തു.

 • ഇതുവരെ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സൃഷ്ടി ?

അങ്ങിനെ പ്രത്യേകിച്ച് എടുത്തു പറയാനൊക്കില്ല. എനിക്ക് എന്റെ എല്ലാ സൃഷ്ടികളും എന്റെ മകളെപ്പോലെ തന്നെയാണ്. നമുക്ക് നമ്മുടെ മക്കളില്‍ ആരോടാണ് കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ ബുദ്ധിമുട്ടാവില്ലേ…?

 • എന്തെല്ലാം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് ?

പുരസ്‌കാരങ്ങള്‍ പലപ്പോഴും എന്നിലെ ഊര്‍ജ്ജമായിട്ടുണ്ട് എന്നത് ഒരു സത്യമാണ്. പുരസ്‌കാരങ്ങള്‍ നാലോ അഞ്ചോ പേര്‍ ചേര്‍ന്നിരുന്ന് എടുക്കുന്ന തീരുമാനമാണ്. പക്ഷേ, അതിനേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നതും ആസ്വദിക്കുന്നതും അഭിമാനിക്കുന്നതും എന്റെ ഒരു സിനിമ കണ്ടിട്ട്, അല്ലെങ്കില്‍പുസ്തകം വായിച്ചിട്ട് ഒരാള്‍ അഭിപ്രായം പറയുന്നതാണ്. ഞാനിപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന അഭിമാനനിമിഷങ്ങള്‍ പലതുണ്ട്.  ഒന്ന് കൊല്ലത്ത് വച്ച് നടന്ന കളേഴ്‌സ് ഫെസ്റ്റിവലില്‍ ഞാന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍ എഴുന്നേറ്റ് പോയത് പുറകില്‍ നിന്നായിരുന്നു. മറ്റുള്ളവര്‍ ധാരാളം പേര്‍ വാങ്ങിക്കാന്‍ പോവുമ്പോള്‍ വളരെ ശുഷ്‌കിച്ച കയ്യടി. പക്ഷേ, ഞാന്‍ പുറകില്‍ നിന്നും സ്‌റ്റേജ് എത്തുന്നതുവരെ നിറഞ്ഞ ഹര്‍ഷാരവം, നടന്നു പോവുന്ന വഴി ഇരുവശത്തുനിന്നും ആളുകള്‍ എണീറ്റ് ഷേയ്ക്ക്ഹാന്റ് നല്‍കി…. വളരെ പ്രായമുള്ള ഒരാള്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു…. വാസ്തവത്തില്‍ എന്റെ കണ്ണ് നിറഞ്ഞുപോയ നിമിഷം. ഒരുപാട് അവാര്‍ഡുകള്‍ ലഭിച്ച ‘പുലിനി’ എന്ന വര്‍ക്കായിരുന്നു അവിടെ കാണിച്ചത്. അവിടെ പക്ഷേ, സമ്മാനമൊന്നും ലഭിച്ചില്ലെങ്കിലും ആ ജനങ്ങളുടെ പ്രതികരണം എന്റെ വിജയമായി ഞാന്‍ എന്നും മനസ്സില്‍ സൂക്ഷിക്കും. ഇതേ അനുഭവമായിരുന്നു പാലക്കാട് പാഞ്ചജന്യം ഫെസ്റ്റിവലില്‍ ഒരേ ദിവസംതന്നെ എന്റെ രണ്ടുചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍. അന്ന് എന്നോടൊപ്പം എന്റെ ക്യാമറമാന്‍ പ്രസാദ് കാവില്‍പ്പാടും ഉണ്ടായിരുന്നു.

 1. 2004 ലെ മികച്ച ചെറുകഥയ്ക്കുള്ള എം.പി.പോള്‍ പുരസ്‌കാരം  ഗൗരാമികള്‍ എന്ന കഥയ്ക്ക്. (പിന്നീട് കോഴിക്കോട് ഹരിതം ബുക്‌സ് അതൊരു ചെറുകഥാ സമാഹാരമാക്കി)
 2. 2005 ലെ പ്രഥമ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാരം (മുളപ്പൂക്കള്‍ എന്ന കഥയ്ക്ക് നവാബ് രാജേന്ദ്രന്‍ സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ്)
 3. 2009  ലെ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള വി.ടി.ഭട്ടതിരിപ്പാട് അവാര്‍ഡ് ‘ഉമ്മുക്കുല്‍സുവിന്റെ അമിട്ടുകള്‍’ എന്ന ചെറുകഥാസമാഹാരത്തിന് ലഭിച്ചു. (ഒലിവ് പബ്ലിക്കേഷന്‍സ്).
 4. 2010 ലെ ടി.വി. കൊച്ചുബാവ അവാര്‍ഡ് (അങ്കണം സാംസ്‌കാരിക വേദി നല്‍കിയത്) എന്നിവയാണ് എഴുത്തിന് ലഭിച്ചത്.  അല ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍, സുമംഗല ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍, ഇന്‍സൈറ്റ്‌ഹൈകു ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ഫിലിം സ്‌കൂള്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ക്ക് മികച്ച സംവിധായകന്‍, മികച്ച ചിത്രം എന്നിവയ്ക്ക് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
 •  സിനിമയില്‍ ഉണ്ടായ ഏറ്റവും മറക്കാനാത്ത അനുഭവം ?

അത്തരം അനുഭവങ്ങള്‍ പറയാന്‍ മാത്രം ഞാന്‍ വളര്‍ന്നോ എന്ന് എനിക്ക് തന്നെ സംശയം. എങ്കിലും ഇതുവരെ ഉണ്ടായതില്‍ ഏറ്റവും മറക്കാനാവാത്ത അനുഭവം എന്നു പറയുകയാണെങ്കില്‍, മലയാളത്തിലെ ഒരു പ്രമുഖയുവനടന്റെ പിന്നാലെ ഒരു ഡെയ്റ്റിന് നടന്ന അനുഭവം. ആ നടന്‍ ഒരുകാലത്ത് മലയാള സിനിമയില്‍ കുടുംബ സദസ്സുകളുടെ പ്രിയങ്കരനായിരുന്നു. പിന്നീട് സിനിമയില്‍നിന്നും പതുക്കെ തഴയപ്പെട്ട് തന്റെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുമായി കഴിയുന്ന കാലം. എന്റെ സബ്ജക്ടിലൂടെ ആ നടനെ സജീവമായി തിരിച്ചുകൊണ്ടുവരാന്‍ ഞാനും എന്റെ സുഹൃത്തായ പ്രൊഡ്യൂസറും തീരുമാനിച്ചു. പൂര്‍ണ്ണമായും കൊമേഴ്‌സ്യല്‍ ചിത്രം. അദ്ദേഹത്തെ കണ്ടു, സംസാരിച്ചു. അദ്ദേഹത്തിന് സബ്ജക്ട് ഇഷ്ടമായതിനെ തുടര്‍ന്ന് ആറേഴ്തവണ ഞങ്ങള്‍ പേഴ്‌സണലായി ഇരുന്ന് ഡിസ്‌കസ് ചെയ്തു. ആ കാലയളവു തന്നെ ഏതാണ്ട് ഒരു വര്‍ഷമായിരുന്നു. തുടര്‍ന്ന് ആ നടന് മലയാളത്തിലെ മറ്റൊരു പ്രമുഖസംവിധായകന്‍ ബ്രേക്ക് കൊടുത്തു. പിന്നെ ഞാന്‍ വിളിക്കുമ്പോള്‍ അടുത്ത മാസം 10 ന് വിളിക്കൂ…അപ്പോള്‍ വിളിക്കുമ്പോള്‍ അതിന്റടുത്ത 20 ന് വിളിക്കൂ…അങ്ങിനെ 2009 ല്‍ തുടങ്ങിയ പോരാട്ടം ഇപ്പോഴും തുടരുന്നു….മൂന്നു വര്‍ഷക്കാലമായിട്ടും അദ്ദേഹത്തിന് തീരുമാനമെടുക്കാനായില്ല…

 •  താങ്കളെ പോലുള്ള സംവിധായകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ?

 സത്യത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം ഷോര്‍ട്ട് ഫിലിമുകളെ സംബന്ധിച്ചാണ്. ഇന്ന് ഒരുപാട് കുട്ടികള്‍ കമ്മ്യൂണിക്കേഷന്‍ ജേര്‍ണലിസവും മറ്റും പഠിച്ചിറങ്ങി പരീക്ഷണ ഹ്രസ്വചിത്രങ്ങളൊക്കെ നിര്‍മ്മിക്കുന്നു. പക്ഷേ, അതിനൊരു പ്ലാറ്റ്‌ഫോം ഇല്ല. മിക്കപ്പോഴും ചുരുങ്ങിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന അത്തരം ചിത്രങ്ങള്‍ വേണ്ടവിധത്തില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കുവാന്‍ ഉള്ള സാഹചര്യങ്ങള്‍ ഇന്നില്ല.

ഒരു ഹ്രസ്വചിത്രം നല്ല രീതിയില്‍ ചെയ്ത് മുഴുമിപ്പിക്കാന്‍ (10 അല്ലെങ്കില്‍ 15 മിനുട്ട്) ചുരുങ്ങിയത് ഒരു ഒന്നര ലക്ഷം രൂപ ഇന്ന് ചിലവു വരും. പക്ഷേ, ആ രൂപ വെള്ളത്തിലിട്ടതിന് തുല്യമാണ്. ഇതിന് ഒരു മാര്‍ക്കറ്റിങ് സാധ്യതയോ വിപണന സാധ്യതയോ ഇല്ല. അതുകൊണ്ടു തന്നെ ഒരു ഷോര്‍ട്ട്ഫിലിം നിര്‍മ്മിക്കാന്‍ ഒരു പ്രൊഡ്യൂസറെയും ലഭിക്കാറില്ല. എന്തുമാത്രം കഷ്ടപ്പെട്ടാണ് ഒരു ഷോര്‍ട്ട്ഫിലിം ഞങ്ങള്‍ ചെയ്യാറുള്ളത് എന്ന് ആര്‍ക്കുമറിയില്ല.

മുന്‍പൊക്കെ ചാനലുകാര്‍ ടെലിഫിലിം എന്ന കാറ്റഗറിയില്‍ പ്രോത്സാഹനം നല്‍കിയിരുന്നു. ഇപ്പോള്‍ അരമണിക്കൂറിന്റെ ടെലിഫിലിം ടെലികാസ്റ്റ് ചെയ്യാന്‍ ചാനലുകാര്‍ക്ക് ചുരുങ്ങിയത് 50 മുതല്‍ 75,000 രൂപവരെ ടെലികാസ്റ്റ് ഫീ നല്‍കണം. പലരുടെയും കാരുണ്യത്താല്‍ മാത്രം ഷോര്‍ട്ട്ഫിലിം ചെയ്യുന്ന ഞങ്ങള്‍ക്ക് ഇത് സാധ്യമാവുന്നില്ല.

ഇത്തരം ഹതഭാഗ്യരെ ചൂഷണം ചെയ്യാന്‍ മാധ്യമമേഖല ഇപ്പോള്‍ പുതിയ സംരംഭവുമായി ഇറങ്ങിയിരിക്കുന്നു. വേണമെങ്കില്‍ നിങ്ങളുടെ ഷോര്‍ട്ട്ഫിലിം ഞങ്ങള്‍ ടെലികാസ്റ്റ് ചെയ്തുതരാം എന്നു പറഞ്ഞ് ഷോര്‍ട്ട്ഫിലിമുകള്‍ കാണിക്കാമെന്ന തരത്തില്‍ ഒരു പ്രോഗ്രാം മെനഞ്ഞ് അവര്‍ നമ്മുടെ ഹ്രസ്വചിത്രങ്ങള്‍ കാണിച്ച് പണമുണ്ടാക്കുന്നു. ഒരു ചാനലുകാര്‍ എന്നെ സമീപിച്ച് വേണമെങ്കില്‍ ടെലികാസ്റ്റ് ചെയ്യാം എന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു, എനിക്ക് ഒരു ലക്ഷത്തോളം രൂപ ചിലവ് വന്നിരിക്കുന്നു. നിങ്ങള്‍ എനിക്ക് എന്തെങ്കിലും തരുമോ….? അതോടെ അവര്‍ സ്ഥലം വിട്ടു. പിന്നീട് വിളിച്ചതുമില്ല.

 1. സിനിമകള്‍ക്ക് കോടികള്‍ സാറ്റലൈറ്റ് റൈറ്റുകള്‍ നല്‍കുന്ന ചാനലുകാര്‍ക്ക് ചൂരുങ്ങിയത് ഒരു അമ്പതിനായിരം രൂപയെങ്കിലും അരമണിക്കൂര്‍ ഹ്രസ്വചിത്രത്തിന് നല്‍കിക്കൂടെ ? (സിനിമയുടെ ആത്മാവറിയുന്ന ഹ്രസ്വചിത്രങ്ങളെ ഒരു ചാനലും പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു സ്‌ക്രിപ്റ്റ് നല്‍കിയാല്‍ നല്ലതാണെങ്കില്‍ അത് നിര്‍മ്മിക്കാനുള്ള ചിലവ് തരുമോ എന്ന ചോദിച്ച പ്രമുഖചാനലിന്റെ ചീഫ് പറഞ്ഞത് ”നിങ്ങളെ ഉദ്ധരിച്ചിട്ട് ഞങ്ങള്‍ക്ക് എന്തു കിട്ടാനാണ്” എന്നാണ്.)
 2. ചലച്ചിത്ര അക്കാദമിക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ ഷോര്‍ട്ട് ഫിലിം മെയ്‌ക്കേഴ്‌സിന്റെ കൈവശം നിന്നും സ്‌ക്രിപ്റ്റുകള്‍ സ്വീകരിച്ച് മികച്ച 5 എണ്ണത്തിന് ഒരു ലക്ഷം രൂപ വച്ച് ധന സഹായം നല്‍കാവുന്നതാണ്…. എന്നിട്ട് അത്തരം സിനിമകളെ അന്താരാഷ്ട്ര നിലവാരമുള്ള മത്സരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമകളായി എത്തിക്കാവുന്നതാണ്…. പക്ഷേ ഇതൊക്കെ ആരു ചെയ്യാന്‍…?
 3. കേരളത്തില്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവടങ്ങളിലായി കൈരളിശ്രീ തീയറ്ററുകള്‍ ഉണ്ട്. അവിടെ ആഴ്ചയില്‍ ഒരു മൂന്നു ദിവസമെങ്കിലും രാവിലെയുള്ള ഷോ, ഒരു നാലു ഹ്രസ്വചിത്രങ്ങള്‍ക്കായി മാറ്റിവച്ചുകൂടെ ? അതിലൂടെ ലഭിക്കുന്ന വരുമാനം എത്ര തുച്ഛമായാലും അത് അതിന്റെ പ്രൊഡ്യൂസര്‍ക്കോ, സംവിധായകനോ ലഭിക്കുന്നുവെങ്കില്‍, കേരളത്തില്‍ മികച്ചസിനിമകളും സംവിധായകരും ജനിച്ചുകൊണ്ടേയിരിക്കും…. കേരളം ഒരു പക്ഷേ, ലോക സിനിമയുടെ ഭൂപടത്തില്‍ കടുംവര്‍ണ്ണത്തില്‍ മാര്‍ക്കുചെയ്യപ്പെടും….
 4. കേരളത്തില്‍ ഫിലിം ഫെസ്റ്റിവല്‍ എന്ന പേരില്‍ പണമുണ്ടാക്കാന്‍ മാത്രം കുറെ സൊസൈറ്റികള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. അവര്‍ 1000 മുതല്‍ 2000 രൂപവരെ എന്‍ട്രി ഫീ വാങ്ങിക്കുന്നു. മിക്ക ഫെസ്റ്റിവലുകള്‍ക്കും ചുരുങ്ങിയത് 100 മുതല്‍ 300 വരെ എന്‍ട്രികള്‍ ലഭിക്കാറുണ്ട്. എന്നിട്ട് അതില്‍ ഒരു ഇരുപത്തി അഞ്ചോ…അമ്പതോ വര്‍ക്കുകള്‍ പ്രദര്‍ശിപ്പിച്ച് രണ്ട് സമ്മാനങ്ങള്‍. മികച്ച സംവിധായകന്‍, ചിത്രം…രണ്ടാള്‍ക്കും ഒരു 5000 രൂപ വീതം… കഴിഞ്ഞു. ഈ ഫെസ്റ്റിവല്‍ എന്ന നിലയില്‍ അവര്‍ ഇതിനകം വെറും എന്‍ട്രിഫീയായി മൂന്നുമുതല്‍ നാലു ലക്ഷം രൂപവരെ സമ്പാദിച്ചുകഴിഞ്ഞിട്ടുണ്ടാവും. അതിനു പുറമെ അക്കാദമി നല്‍കുന്ന മൂന്നുനാലുലക്ഷത്തിന്റെ ധനസഹായം വേറെയും… അവിടെയും ചൂഷണം ചെയ്യപ്പെടുന്നത് ഞങ്ങളെപ്പോലുള്ള ഫിലിം മെയ്‌ക്കേഴ്‌സ് ആണ്.
 • താങ്കളുടെ സിനിമകളുടെ ലിങ്കുകള്‍ ?

(വര്‍ക്കുകളുടെ യൂട്യൂബ് ലിങ്കുകള്‍ ഈ അഭിമുഖത്തിന് അവസാനം കൊടുത്തിട്ടുണ്ട്. സൈറ്റ്, ബ്ലോഗ് ലിങ്കുകള്‍ ഇവിടെ കൊടുക്കുന്നു)

Home


http://www.paampally.blogspot.in/
http://www.pulini2011.blogspot.com/
http://www.laadam2011.blogspot.com/

 • ആരാണ് പ്രിയപ്പെട്ട സംവിധായകന്‍ ? കാരണങ്ങള്‍ ?

ഒരുപാട് സംവിധായകരെ ഇഷ്ടമാണ്. പത്മരാജന്‍, ശശികുമാര്‍, കിംകി ഡൂക്ക്, ഹിച്ച്‌കോക്ക്, സ്പില്‍ബര്‍ഗ്, മജീദ്മജീദി…അടൂര്‍, ശ്യാമപ്രസാദ്, പ്രിയദര്‍ശന്‍…സത്യന്‍സാര്‍…അങ്ങിനെ പലരും….അവരുടെ എല്ലാ സിനിമകളും എനിക്ക് ഇഷ്ടമല്ല എന്നത് മറ്റൊരു സത്യം. എങ്കിലും മനസ്സില്‍ ഒരു ഗുരുവായി എന്നും കണ്ടിരിക്കുന്നത് പത്മരാജന്‍സാറിനെയാണ്. ഓരോ ആളുകളോടും ഇഷ്ടം തോന്നുന്നതിന്റെ കാരണങ്ങള്‍ പലതാണ്. ഒരാള്‍ക്ക് ഒരു സവിശേഷത… അത് മറ്റൊരാള്‍ക്ക് ഉണ്ടാവണമെന്നില്ല.

 • ഈ രംഗത്ത് വരുവാന്‍ ആഗ്രഹിക്കുന്നവരോട് എന്ത് ഉപദേശമാണ് നല്‍കുവാനുള്ളത്…?

അയ്യോ…അതിനൊന്നും ഞാനായിട്ടില്ല. സിനിമാലോകത്ത് പിച്ചവയ്ക്കുന്നവനാണ് ഞാന്‍. എന്റെ അനുഭവത്തില്‍നിന്ന് പറഞ്ഞാല്‍ നിരന്തരം കഷ്ടപ്പെടണം… പരിശ്രമിക്കണം…അന്വേഷിച്ചുപോവണം… എല്ലാത്തിലുമുപരി പൂര്‍ണ്ണമായും ഡെഡിക്കേറ്റഡാവണം…

 • അടുത്ത പ്രൊജക്ട് എന്താണ് ? ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും വ്യത്യസ്തത ഉണ്ടോ…?

ലോറി ഗേള്‍ എന്നു പേരിട്ട ഒരു വര്‍ക്കാണ് അടുത്തത്. ‘കോണ്‍ഡം’ പ്രധാന കഥാപാത്രമാവുന്ന ഒന്ന്.  മിക്കവാറും ഏപ്രില്‍ മാസത്തില്‍ കര്‍ണ്ണാടകയിലെ ഹംപി എന്ന സ്ഥലത്തു വച്ച് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. രണ്ടുലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. സാമ്പത്തിക സഹായത്തിനായി പലരേയും സമീപിച്ചുകൊണ്ടിരിക്കുന്നു…പലരും കയ്യൊഴിയുന്നു….

ശ്രീ. പാമ്പള്ളിയുടെ വര്‍ക്കുകളുടെ യൂട്യൂബ് ലിങ്കുകള്‍ താഴെ കൊടുക്കുന്നു.

ഷോര്‍ട്ട് ഫിലിംസ്

 1. The Kite (Kairali TV)
 2. Her Eyes Want To Say Something (Asianet)
 3. Expectations
 4. Missing Benitier 
 5. Eye Hunter (london Festival)
 6. God Of Flowers – Part 1, Part 2
 7. Three Shots
 8. City Light – Part 1, Part 2
 9. Snehapoorvam (acv Channel)
 10. Orikkalkoodi (surya Tv) – Part 1, Part 2
 11. Penma
 12. Pulini
 13. Laadam – Blog, Video

Advertisement Films

 1. Top In Town
 2. Swagath
 3. Aptech
 4. Athulya Herbal Beauty Parlor
 5. Subix
 6. Kallarakkal Gold City

NB: ഈ അഭിമുഖം വായിച്ചതിനു ശേഷം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ?

Previous articleഫേസ്ബുക്കിലെ ഫേയ്ക്കുകള്‍ അഥവാ ഫ്രോഡുകള്‍!
Next articleകോപ്പിലെ ബ്ലോഗ്ഗര്‍ 2012
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

Comments are closed.