sunil-ms

കുറേക്കൊല്ലം മുന്‍പത്തെ കഥയാണിത്. ദക്ഷിണ കൊല്‍ക്കത്തയിലെ ജാദവ്പുര്‍ ഠാണാ ജങ്ഷനില്‍ നിന്ന് അല്പം പടിഞ്ഞാറ്, പ്രിന്‍സ് അന്‍വര്‍ ഷാ റോഡില്‍, തല്‍ത്തല്ല എന്നൊരു ബസ്റ്റോപ്പുണ്ട്. ഉത്തര കൊല്‍ക്കത്തയിലെ ശ്യാംബസാറിലേയ്ക്ക് തല്‍ത്തല്ലയില്‍ നിന്നൊരു സിറ്റി ബസ്സുണ്ടായിരുന്നു. റൂട്ട് നമ്പര്‍ 240. പ്രൈവറ്റ് ബസ്സ്. യാത്രക്കാര്‍ക്ക് ഇരുന്നു യാത്ര ചെയ്യാനല്ല, നിന്നു യാത്ര ചെയ്യാന്‍ വേണ്ടിയാണ് അവിടുത്തെ ചില പ്രൈവറ്റ് ബസ്സുകള്‍ രൂപകല്‍പ്പന ചെയ്തിരുന്നതെന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. സീറ്റുകള്‍ കുറവ്. ബസ്സിന്റെ തുടക്കം തല്‍ത്തല്ലയില്‍ നിന്നായതു കൊണ്ട് തല്‍ത്തല്ലയില്‍ നിന്നു കയറുമ്പോള്‍ സീറ്റു കിട്ടാറുണ്ട്. പക്ഷേ സീറ്റു കിട്ടാത്ത ദിവസങ്ങളും വിരളമായിരുന്നില്ല. അത്തരം ദിവസങ്ങളില്‍ എനിയ്ക്കിറങ്ങേണ്ട എന്റലിയില്‍ എത്തുന്നതു വരെ ബസ്സിനകത്ത് ഇരിയ്ക്കാനാകാതെ, നിന്നു തന്നെ യാത്ര ചെയ്യേണ്ടി വന്നിരുന്നു. ധക്കുറിയ, ഗോല്‍പ്പാര്‍ക്ക്, ഗരിയാഹാട്ട് എന്നീ സ്റ്റോപ്പുകള്‍ കഴിയുമ്പോഴേയ്ക്ക് ബസ്സിനകത്തെ തിരക്ക് ഭീകരമാകും. സീറ്റുകള്‍ കുറവായതുകൊണ്ട് എവിടെയെങ്കിലുമൊന്നു ചാരിനില്‍ക്കാന്‍ പോലും പറ്റാറില്ല. കൈയ്യിലൊരു ബ്രീഫ് കേസുള്ളതുകൊണ്ട് മുകളിലെ കമ്പിയില്‍ ഒരു കൈ കൊണ്ടുള്ള പിടിത്തം മാത്രം. തിരക്കേറെയായതുകൊണ്ട് പലപ്പോഴും ഒരു പാദം മാത്രമായിരിയ്ക്കും ശരിയ്ക്കും നിലത്തൂന്നിയിരിയ്ക്കുക. ആകെയൊരു പന്ത്രണ്ടു കിലോമീറ്റര്‍ ദൂരമേ എന്റലി വരെയുള്ളെങ്കിലും ആ ചെറു ദൂരം ഓടിയെത്താന്‍ ചില ദിവസങ്ങളില്‍ മുക്കാല്‍ മണിക്കൂറോളം വേണ്ടി വന്നിരുന്നു. ദുരിതപൂര്‍ണ്ണമായ മുക്കാല്‍ മണിക്കൂര്‍.

ഒരു ദിവസം ഇത്തരത്തില്‍ ശ്വാസം മുട്ടി, നിന്നുകൊണ്ടു യാത്ര ചെയ്യുമ്പോള്‍, എന്റെ തൊട്ടു മുന്‍പില്‍ നിന്നിരുന്നയാളുടെ അടുത്തുള്ള സീറ്റ് പെട്ടെന്നൊഴിഞ്ഞു. അയാളുടെ സ്ഥാനത്തു ഞാനായിരുന്നെകില്‍ ഒഴിഞ്ഞ സീറ്റില്‍ ഞാനുടന്‍ കയറിയിരുന്നേനേ. എന്നാല്‍ ഇദ്ദേഹമാകട്ടെ, പിന്നിലേയ്ക്കു തിരിഞ്ഞ് എന്നോടു പറഞ്ഞു, ‘ആപ് ബൈഠിയേ’! ഞാനുടന്‍ ആ സീറ്റിലിരുന്നു. ഹാവൂ. ആശ്വാസമായി. ശ്വാസം വിടാനൊത്തു.

തനിയ്ക്കിരിയ്ക്കാമായിരുന്നിട്ടും സീറ്റ് എനിയ്ക്കായി വിട്ടു തന്ന ആ വ്യക്തി നിന്നു തന്നെ തുടര്‍ന്നും യാത്ര ചെയ്തു. അദ്ദേഹത്തിന്റെ കൈയിലുമുണ്ടായിരുന്നു ഒരു ബ്രീഫ് കേസ്. ഒരു കൈ കൊണ്ട് മുകളിലെ കമ്പിയില്‍ പിടുത്തമിട്ട്, ഒരു കാല്‍ മാത്രം നിലത്തുറപ്പിച്ച്, ബസ്സിനൊത്ത് ആടിയുലഞ്ഞുകൊണ്ട് അദ്ദേഹം നിന്നു യാത്ര ചെയ്തു. ‘ഞാന്‍ തന്ന സീറ്റില്‍ രാജകീയമായി ഇരുന്നു സുഖിയ്ക്കുകയാണല്ലേ’ എന്ന യാതൊരു പരിഭവവും അദ്ദേഹത്തിന്റെ മുഖത്തുണ്ടായില്ല. എന്റെ സീറ്റിലേയ്ക്ക് കൊതിയോടെ, അദ്ദേഹം ഒരിയ്ക്കല്‍പ്പോലും നോക്കിയുമില്ല. ഒടുവില്‍ എനിയ്ക്കിറങ്ങേണ്ട എന്റലി എത്താറായപ്പോള്‍ ഞാന്‍ അദ്ദേഹത്തിനു സീറ്റൊഴിഞ്ഞു കൊടുത്തു, അപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് ഇരിയ്ക്കാനായത്.

മുതിര്‍ന്നവര്‍ക്ക് പല യുവാക്കളും പരിഗണന നല്‍കാറുണ്ട്, സീറ്റ് ഒഴിഞ്ഞു കൊടുക്കാറുണ്ട്. പക്ഷേ, മുന്‍ പറഞ്ഞ സംഭവം അത്തരത്തില്‍ പെട്ട ഒന്നായിരുന്നില്ല. ഞങ്ങള്‍ ഏകദേശം സമപ്രായക്കാരായിരുന്നു: ആരോഗ്യമുള്ള യുവാക്കള്‍. തികച്ചും അപരിചിതരും. ഞാന്‍ കൊല്‍ക്കത്തയ്ക്കും കൊല്‍ക്കത്ത എനിയ്ക്കും അന്ന് അപരിചിതരായിരുന്നു. എന്നിട്ടും അദ്ദേഹമെനിയ്ക്കു സീറ്റു നല്‍കി. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഞാനദ്ദേഹത്തിന് സീറ്റു വിട്ടുകൊടുക്കുമായിരുന്നില്ല. അത്ര അസഹ്യമായ തിരക്കായിരുന്നു ബസ്സില്‍.

അതിനു മുന്‍പ്, രണ്ടു പതിറ്റാണ്ടുകളായി, കേരളത്തിനകത്തും പുറത്തുമായി ദിവസേന ഞാന്‍ നടത്തിപ്പോന്നിട്ടുള്ളതാണ് ബസ്സുയാത്ര. അത്രയും വര്‍ഷത്തിനിടയില്‍ ഒരിയ്ക്കല്‍ പോലും ഒരാള്‍ പോലും ഇത്തരമൊരു തിരക്കിനിടയില്‍ എനിയ്ക്കായി സീറ്റ് വിട്ടു തന്നിട്ടില്ല. ഉടന്‍ തന്നെ മറ്റൊരു കാര്യം കൂടി സമ്മതിച്ചേ മതിയാകൂ: അത്രയും വര്‍ഷത്തിനിടയില്‍ ഞാനും അത്തരമൊരു നല്ല കാര്യം ചെയ്തിട്ടില്ല. തിരക്കുള്ള ബസ്സില്‍ സീറ്റുകിട്ടിയാല്‍ അതില്‍ ചാടിക്കയറി ഇരിയ്ക്കുക തന്നെ: അതായിരുന്നു സ്ഥിരം സമീപനം. ദിവസങ്ങള്‍ കഴിഞ്ഞ്, അതേപ്പറ്റി ആലോചിച്ചപ്പോഴാണ് അദ്ദേഹം വിട്ടുതന്ന സീറ്റില്‍ മര്യാദ വെടിഞ്ഞ് ചാടിക്കയറിയിരുന്നതിലുള്ള കുണ്ഠിതം അനുഭവപ്പെട്ടത്.

ഇത് ഒരൊറ്റപ്പെട്ട സംഭവമായിരുന്നില്ല. കൊല്‍ക്കത്തയിലെ ഏതാനും വര്‍ഷത്തെ ജീവിതത്തിനിടയില്‍ എനിയ്ക്കിതേ അനുഭവം ഇതേ റൂട്ടില്‍, ഇതേ സാഹചര്യത്തില്‍ പല തവണയുണ്ടായി. എന്റെ ജീവിതത്തിനിടയില്‍ ഞാനൊരിയ്ക്കലും ഇത്തരമൊരു മഹാമനസ്‌കത കാണിച്ചിട്ടില്ല എന്ന സത്യമോര്‍ത്തപ്പോള്‍ എന്റെ കുണ്ഠിതം വര്‍ദ്ധിച്ചു. തിരക്കുള്ള ബസ്സില്‍, ഒറ്റക്കൈകൊണ്ടു കമ്പിയില്‍ത്തൂങ്ങി, ഒറ്റക്കാല്‍ മാത്രം നിലത്തൂന്നിനിന്ന്, കഷ്ടപ്പെട്ടു യാത്രചെയ്യുന്നതിനിടയില്‍ വന്നുകിട്ടുന്ന സീറ്റ് അന്യര്‍ക്ക് സദയം ദാനം ചെയ്യുന്നതിന്റെ മനഃശാസ്ത്രം എനിയ്ക്ക് അതുവരെ അപരിചിതമായിരുന്നു.

ഇരുപതാം നൂറ്റാണ്ടില്‍ ബംഗാളികള്‍ അനുഭവിച്ചിടത്തോളം കഷ്ടപ്പാടുകള്‍ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനജനതയും അനുഭവിച്ചിട്ടുണ്ടാവില്ല. 1943ല്‍ ബംഗാളിലുണ്ടായ ക്ഷാമം നാല്പതു ലക്ഷത്തോളം ജീവനെടുത്തു. സത്യജിത് റായിയുടെ അശനിസങ്കേത് എന്ന ചിത്രം ഈ ക്ഷാമത്തെപ്പറ്റിയുള്ളതാണ്. ഈ ചിത്രം എക്കാലത്തേയും മികച്ച ആയിരം ചിത്രങ്ങളിലൊന്നായി ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചിട്ടുണ്ട്. ക്ഷാമത്തിന്റെ കെടുതികള്‍ തീരുന്നതിനു മുന്‍പ് 1947ല്‍ ബംഗാള്‍ വിഭജനം നടന്നു. പൂര്‍വ്വബംഗാള്‍ പൂര്‍വ്വപാക്കിസ്ഥാനായിത്തീര്‍ന്നപ്പോള്‍ സര്‍വ്വവും നഷ്ടപ്പെട്ട മുപ്പതു ലക്ഷം പേര്‍ പശ്ചിമബംഗാളിലേയ്ക്കു കുടിയേറ്റം നടത്തി. അവരില്‍ ഭൂരിഭാഗവും കൊല്‍ക്കത്തയിലാണെത്തിയത്. ഈ കുടിയേറ്റം തുടര്‍ന്നുകൊണ്ടേയിരുന്നു. 1970 വരെയായി ആകെ അന്‍പതു ലക്ഷം പേര്‍ പശ്ചിമബംഗാളിലേയ്ക്കു കുടിയേറിപ്പാര്‍ത്തു.

അങ്ങനെയിരിയ്‌ക്കെ 1971ല്‍ ഇന്ത്യാപാക് യുദ്ധമുണ്ടായി. ആ യുദ്ധത്തിനിടയില്‍ ആകെ ഒരു കോടി ജനം പൂര്‍വ്വ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ഓടിപ്പോന്നു. യുദ്ധം തീര്‍ന്നപ്പോള്‍ അവരില്‍ ഭൂരിഭാഗവും മടങ്ങിപ്പോയെങ്കിലും പതിനഞ്ചു ലക്ഷം പേര്‍ ഇന്ത്യയില്‍ത്തന്നെ തങ്ങി. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളും യുദ്ധക്കെടുതികള്‍ അനുഭവിച്ചെങ്കിലും പശ്ചിമബംഗാളിലെ ജനത അനുഭവിച്ച ദുരിതങ്ങള്‍ വര്‍ണ്ണിയ്ക്കാനാകാത്തവയായിരുന്നു. ഏറ്റവുമധികം അഭയാര്‍ത്ഥികള്‍ കുടിയേറിയത് കൊല്‍ക്കത്താനഗരത്തിലായിരുന്നു. അഭയാര്‍ത്ഥിപ്രവാഹത്തില്‍ കൊല്‍ക്കത്താനഗരം മുങ്ങിപ്പോയി എന്ന പത്രവാര്‍ത്ത എഴുപത്തൊന്നില്‍ വായിച്ചത് ഞാനോര്‍ക്കുന്നു.

അക്കാലങ്ങളില്‍ അനുഭവിച്ച ദുരിതങ്ങളുടെ ദൂഷ്യഫലങ്ങളില്‍ നിന്ന് കൊല്‍ക്കത്താനഗരം പൂര്‍ണ്ണമായും മോചിതമായിട്ടില്ല. അവ അനുഭവിയ്‌ക്കേണ്ടി വന്നിരുന്നില്ലെങ്കില്‍ കൊല്‍ക്കത്ത ഇന്ത്യയിലെ ഒന്നാം നമ്പര്‍ നഗരമായിത്തീരുമായിരുന്നു. അത്രയൊക്കെ ദുരിതങ്ങളനുഭവിച്ച കൊല്‍ക്കത്താനഗരവാസികളാണ് എനിയ്ക്കായി വീണ്ടും വീണ്ടും സീറ്റുകള്‍ വിട്ടു തന്നത് എന്നോര്‍ത്തപ്പോഴാണ് ബംഗാളികള്‍ സംസ്‌കാരസമ്പന്നരാണ് എന്നു ഞാന്‍ ഉറച്ചു വിശ്വസിയ്ക്കാന്‍ തുടങ്ങിയത്. സ്വയം കഷ്ടപ്പാടുകള്‍ അനുഭവിച്ചവര്‍ക്ക് അന്യരുടെ കഷ്ടപ്പാടുകള്‍ തിരിച്ചറിയുക എളുപ്പമായിരുന്നിരിയ്ക്കണം.

‘മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം’ എന്നാണല്ലോ കവിവാക്യം. പല തവണ ബംഗാളികളുടെ മഹാമനസ്‌കതയുടെ ഗുണഭോക്താവാകാന്‍ ഇട വന്നതുകൊണ്ട്, യാത്രക്കാര്‍ തിങ്ങിനിറഞ്ഞ റൂട്ട് നമ്പര്‍ 240ല്‍ പല തവണ ഞാനും ആ മഹാമനസ്‌കത കാണിയ്ക്കാന്‍ തയ്യാറായി. ഒറ്റക്കാലില്‍ നിന്ന് ആടിയുലയേണ്ടി വന്നെങ്കിലും, കൊല്‍ക്കത്തയിലെ ചെറുകിട സംസ്‌കാരസമ്പന്നരുടെ ലിസ്റ്റില്‍ എന്റെ പേരും കടന്നുകൂടിയിട്ടുണ്ട് എന്നൊരു സ്വകാര്യ അഭിമാനം അപ്പോഴൊക്കെ എനിയ്ക്കുണ്ടായി. കൊല്‍ക്കത്തയിലെ ചിലരിലെങ്കിലും എന്നെപ്പറ്റിയുള്ള സ്മരണ ഇപ്പോഴുമുണ്ടായിരിയ്ക്കാം. ഒരു പക്ഷേ അവരും ഇതുപോലെ ലേഖനമെഴുതുന്നുണ്ടാവില്ലെന്ന് ആര്‍ക്കറിയാം!

റൂട്ട് നമ്പര്‍ 240ല്‍ യാത്ര ചെയ്തിരുന്ന എല്ലാ ബംഗാളികളും ഒരേ പോലെ മഹാമനസ്‌കത കാണിച്ചിരുന്നു എന്ന് ഇപ്പറഞ്ഞതിനര്‍ത്ഥമില്ല. ഒഴിഞ്ഞ സീറ്റ് മുന്‍പിന്‍ നോക്കാതെ ധൃതിയില്‍ കയ്യടക്കുന്ന പതിവ് ജനം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എങ്കിലും, അതിനിടയില്‍, മഹാമനസ്‌കതയും, കുറഞ്ഞ തോതിലെങ്കിലും, പ്രദര്‍ശിപ്പിയ്ക്കപ്പെട്ടിരുന്നു. മഹാമനസ്‌കതയുടെ ഇത്തരം ആവര്‍ത്തനമാണ് സംസ്‌കാരസമ്പന്നതയുടെ അവഗണിയ്ക്കാനാകാത്ത ചിഹ്നം.

സഹയാത്രികര്‍ മഹാമനസ്‌കത പ്രകടിപ്പിച്ച മുന്‍പറഞ്ഞ സംഭവങ്ങളില്‍, സീറ്റുകള്‍ എനിയ്ക്കായി വിട്ടു തരണമെന്ന് യാതൊരു നിയമവും അനുശാസിച്ചിരുന്നില്ല. എന്നിട്ടും അവര്‍ സീറ്റുകള്‍ വിട്ടു തന്നു. നിയമം അനുശാസിച്ചിരുന്നെങ്കില്‍ അവര്‍ നിയമം അനുസരിച്ചു എന്നു മാത്രമേ ആകുമായിരുന്നുള്ളു. നിയമത്തിന്റെ സമ്മര്‍ദ്ദമില്ലാതെ തന്നെ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് അവ സംസ്‌കാരസമ്പന്നതയുടെ ചിഹ്നമായിത്തീരുന്നത്.

ഹോങ്‌കോങ്ങ്, മലേഷ്യ, ദക്ഷിണാഫ്രിക്ക, പശ്ചിമേഷ്യയിലേയും ദക്ഷിണ അമേരിക്കയിലേയും ഭൂരിഭാഗം രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ജനങ്ങളേക്കാളേറെ സാക്ഷരത കേരളജനതയ്ക്കുണ്ട്. എന്നിട്ടും ഗുരുവായൂര്‍എറണാകുളം റൂട്ടില്‍ എറണാകുളത്തേയ്ക്കും തിരികെയും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സില്‍ ദിവസേന യാത്ര ചെയ്യേണ്ടി വന്നൊരു കാലഘട്ടത്തില്‍, വനിതകള്‍ക്കുള്ള സീറ്റുകളില്‍ പുരുഷന്മാരിരുന്നു യാത്ര ചെയ്യുന്നത് ഒരു പതിവു കാഴ്ചയായിരുന്നു. രാവിലെ എറണാകുളത്തേയ്ക്കുള്ള ബസ്സില്‍ വനിതകള്‍ കയറുമ്പോള്‍ അവര്‍ക്കുള്ള സീറ്റില്‍ പലപ്പോഴും പുരുഷന്മാരിരുന്ന് സുഖമായുറങ്ങുന്നുണ്ടാകും. ഉറങ്ങാത്തവരില്‍ ചിലര്‍, നിന്നു യാത്രചെയ്യുന്ന വനിതകളെ കാണാത്ത മട്ടില്‍ പുറത്തേയ്ക്കു നോക്കിക്കൊണ്ടിരിയ്ക്കും. ഇനിയും ചിലരുണ്ട്: അവര്‍ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വനിതകളെത്തന്നെ നോക്കിക്കൊണ്ട്, വനിതകളുടെതന്നെ സീറ്റിലിരുന്നു യാത്രചെയ്യും. വൈകുന്നേരം എറണാകുളത്തു നിന്നു വിടുമ്പോഴും സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാരിരിപ്പുണ്ടാകും. പ്രത്യേകിച്ചും പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളില്‍. കലൂര്‍ നിന്നും പാലാരിവട്ടത്തു നിന്നും ധാരാളം വനിതകള്‍ കയറിക്കഴിയുമ്പോള്‍, ബസ്സില്‍ വനിതകള്‍ തിങ്ങി നിറയുന്നു. എങ്കിലും പലപ്പോഴും പുരുഷന്മാര്‍ വനിതകളുടെ സീറ്റ് ഒഴിഞ്ഞു കൊടുക്കാറില്ല.

വനിതകള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടിരിയ്ക്കുന്ന സീറ്റുകള്‍ പുരുഷന്മാര്‍ കൈയടക്കുന്നത് നിയമലംഘനമാണെന്നു മാത്രമല്ല, സംസ്‌കാരശൂന്യതയുമാണെന്നു പറയേണ്ടതില്ലല്ലോ. പക്ഷേ, മറ്റൊരു സംഭവമിതാ. എറണാകുളത്തു നിന്ന് ആലുവയ്ക്കുള്ളൊരു പ്രൈവറ്റ് സിറ്റി ബസ്. ഉച്ച കഴിഞ്ഞ സമയം. തിരക്കില്ല. ഡ്രൈവറുടെ ഇടതുവശത്തും തൊട്ടു പുറകിലുമുള്ള വനിതാസീറ്റുകളില്‍ പലതും ഒഴിഞ്ഞു കിടക്കുന്നു. മുന്‍വാതിലിന്റെ പിന്നിലുള്ള ജനറല്‍ സീറ്റുകളിലൊന്നില്‍ ഞാനിരിയ്ക്കുന്നു. എന്റെ തൊട്ടു മുന്‍പിലത്തെ സീറ്റും ജനറല്‍ സീറ്റാണ്. അതില്‍ കാഴ്ചയ്ക്ക് ആദരണീയനായ, മുതിര്‍ന്ന, ഒരു വ്യക്തി ഇരിയ്ക്കുന്നു. അദ്ദേഹത്തിന്റെ വലതുവശത്ത് ഒരാള്‍ക്കു കൂടിയിരിയ്ക്കാം. അവിടുന്നു മുന്നോട്ടുള്ള സീറ്റുകള്‍ വനിതകളുടേതാണ്.

ഇടപ്പള്ളി ടോള്‍ കഴിഞ്ഞുള്ള ഒരു സ്റ്റോപ്പില്‍ നിന്ന് ഒരു യുവതി കയറി. വനിതകള്‍ക്കുള്ള ചില സീറ്റുകള്‍ മുന്‍പില്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും, അവ ശ്രദ്ധയില്‍ പെടാഞ്ഞിട്ടോ എന്തോ, ആ സ്ത്രീ മുതിര്‍ന്ന വ്യക്തിയുടെ അടുത്തു വന്ന് അദ്ദേഹത്തോട് സീറ്റ് ഒഴിഞ്ഞു തരാന്‍ ആവശ്യപ്പെടുന്നു. വാസ്തവത്തില്‍ പറയുകയല്ല, കൈയ്യിലുണ്ടായിരുന്ന പേഴ്‌സുകൊണ്ട് മുന്‍സീറ്റിന്മേല്‍ രണ്ടു മൂന്നു തവണ തട്ടി അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ശേഷം പേഴ്‌സിന്റെ തന്നെ ചലനത്തിലൂടെ സീറ്റില്‍ നിന്നു മാറിക്കൊടുക്കാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. സീറ്റ് വനിതകള്‍ക്കുള്ളതാണോ എന്നൊന്നു നോക്കുക പോലും ചെയ്യാതെ, അദ്ദേഹം ഉടനെഴുന്നേറ്റു മാറിക്കൊടുക്കുന്നു, അകന്നു നിന്ന്, കമ്പിയില്‍ പിടിച്ച്, യാത്ര തുടരുന്നു.

എന്നോടൊപ്പം ഇരുന്നിരുന്നയാളും എന്റെ പുറകിലിരുന്നിരുന്ന ഒരു യാത്രക്കാരനും പ്രതിഷേധിച്ചു: ‘അങ്ങനെ മാറിക്കൊടുക്കേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. ഒന്നാമത് അത് വനിതകളുടെ സീറ്റല്ല. രണ്ടാമത്, മുന്‍പില്‍ വനിതകളുടെ സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുമുണ്ട്.’

‘ഓ, സാരമില്ല’ എന്നു പറഞ്ഞ് മുതിര്‍ന്ന വ്യക്തി നില്‍പ്പു തുടര്‍ന്നു.

മൂന്നു സ്റ്റോപ്പു കഴിഞ്ഞപ്പോള്‍ വനിത ഇറങ്ങിപ്പോയി. മുതിര്‍ന്ന വ്യക്തിയ്ക്ക് ആ സീറ്റു വീണ്ടും കിട്ടി, അദ്ദേഹമതില്‍ വീണ്ടും ഇരുന്നു.

നിയമങ്ങളൊന്നും ആവശ്യപ്പെടാതിരുന്നിട്ടും ആ മുതിര്‍ന്ന വ്യക്തി സീറ്റൊഴിഞ്ഞു കൊടുത്തത് അദ്ദേഹത്തിന്റെ സംസ്‌കാരസമ്പന്നതയുടെ ചിഹ്നമാണ്. കാരണം വനിതകള്‍ക്കു ലഭിയ്ക്കുന്ന സ്വാതന്ത്ര്യവും സുഖസൌകര്യങ്ങളും ഒരു രാജ്യത്തിന്റെ സാംസ്‌കാരികതയുടെ അളവുകോലാണ്. എല്ലാ വനിതകള്‍ക്കും ഇരിപ്പിടം നല്‍കിയ ശേഷമേ ഒരു രാജ്യത്തെ ബസ്സില്‍ പുരുഷന്മാര്‍ ഇരിയ്ക്കുകയുള്ളെങ്കില്‍ ആ ജനത സംസ്‌കാരസമ്പന്നരായിരിയ്ക്കും. ആ രാജ്യത്ത് അക്കാര്യങ്ങള്‍ക്കായി നിയമങ്ങളുടെ ആവശ്യമുണ്ടാകുകയില്ല. വാസ്തവത്തില്‍ സാംസ്‌കാരിക സമ്പന്നത കുറവുള്ള രാജ്യങ്ങളിലാണ് നിയമങ്ങള്‍ ആവശ്യമായി വരുന്നത്. എന്നാല്‍ നിയമങ്ങളുണ്ടായാലും ജനതയുടെ സാംസ്‌കാരികതയില്‍ പുരോഗതിയുണ്ടാകണമെന്നില്ല. ഇന്ത്യ തന്നെ ഉദാഹരണം.

1947 മുതല്‍ 2014 വരെ ഇന്ത്യന്‍ പാര്‍ലമെന്റ് 826 നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുന്‍പും നിരവധി നിയമങ്ങള്‍ ഇവിടെ നിലവിലിരുന്നിരുന്നു. അവയില്‍ പലതും ഇപ്പോഴും തുടരുന്നുമുണ്ട്. ഇരുപത്തൊന്‍പതു സംസ്ഥാനനിയമസഭകളും നൂറുകണക്കിനു നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ടാകും. നിയമങ്ങളിലെ വര്‍ദ്ധനവിനേക്കാള്‍ കാമ്യം ജനതയുടെ സാംസ്‌കാരികതയിലുള്ള വര്‍ദ്ധനവാണ്. എണ്ണമറ്റ നിയമങ്ങളുടെ സൃഷ്ടി ജനതയുടെ സാംസ്‌കാരികത വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നു ഞാന്‍ ഉറപ്പിച്ചുതന്നെ പറയും. മൂന്നുകോടിയിലേറെ കേസുകള്‍ ഇന്ത്യയിലെ കോടതികളില്‍ കെട്ടിക്കിടക്കുന്നു എന്നതു തന്നെ ഇതിന്റെ തെളിവ്. അവയില്‍ത്തന്നെ അറുപതിനായിരത്തിലേറെ കേസുകള്‍ പരമോന്നതകോടതിയിലാണുള്ളത്.

ജനത സംസ്‌കാരസമ്പന്നരാകുമ്പോള്‍ തര്‍ക്കങ്ങളുണ്ടാകുകയില്ല, നിയമലംഘനവും കേസുകളും ഉണ്ടാകുകയില്ല, നിയമനിര്‍മ്മാണവും ആവശ്യമായി വരികയില്ല. ജനതയുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ, അവരുടെ സാംസ്‌കാരികസമ്പത്തു വര്‍ദ്ധിപ്പിയ്ക്കുന്ന കാര്യത്തിലും സര്‍ക്കാരിന്റെ ശ്രദ്ധ പതിഞ്ഞാല്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം വര്‍ദ്ധിയ്ക്കും. ‘അത്താഴപ്പട്ടിണിക്കാരുണ്ടോ’ എന്നു വിളിച്ചുചോദിയ്ക്കുന്നൊരു കുടുംബത്തെ ഒരു മലയാളസിനിമ ചിത്രീകരിച്ചിട്ടുണ്ട്. അന്യരുടെ ക്ഷേമം അന്വേഷിച്ചുറപ്പുവരുത്തുന്ന, സംസ്‌കാരസമ്പന്നമായൊരു സമൂഹമദ്ധ്യത്തില്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ല. സമൂഹം വിചാരിച്ചാല്‍ നടക്കാത്ത കാര്യങ്ങളൊന്നുമില്ല. സമൂഹം വിചാരിച്ചാല്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും സാദ്ധ്യം തന്നെ. അതു സാധിച്ചാല്‍ രാജ്യം സമാധാനപൂര്‍ണ്ണവുമാകും.

കേരളത്തിലെ ബെവരെജസ് കോര്‍പ്പറേഷന്റെ വില്പനശാലകള്‍ക്കു മുന്നില്‍ വളഞ്ഞുപുളഞ്ഞ ക്യൂ പതിവാണ്. അച്ചടക്കമുള്ള ക്യൂ. എന്നാല്‍ ബസ്സുകളില്‍ കയറാന്‍ വേണ്ടി യാത്രക്കാര്‍ ക്യൂ നില്‍ക്കുന്ന കാഴ്ച തെക്ക് തമ്പാനൂര്‍ (തിരുവനന്തപുരം) മുതല്‍ വടക്ക് കാസര്‍ഗോഡു വരെയുള്ള ബസ് സ്റ്റാന്റുകളിലൂടെ കടന്നുപോയപ്പോഴൊന്നും എനിയ്ക്കു കാണാന്‍ കഴിഞ്ഞിട്ടില്ല. പാലക്കാട് കെ എസ് ആര്‍ ടി സി സ്റ്റാന്റിനെ ഈ ലിസ്റ്റില്‍ നിന്നൊഴിവാക്കുന്നു. അവിടെ, കോയമ്പത്തൂരേയ്ക്കുള്ള തമിഴ്‌നാടിന്റെ ബസ്സില്‍ യാത്രക്കാര്‍ ക്യൂ നിന്നു കയറുന്നതു കണ്ടിട്ടുണ്ട്, അതില്‍ നിന്നിട്ടുമുണ്ട്. അതേ സമയം തന്നെ തൊട്ടപ്പുറത്ത് കെ എസ് ആര്‍ ടി സിയുടെ കോയമ്പത്തൂര്‍ ബസ്സില്‍ ആളുകള്‍ ‘ഇടിച്ചു’ കയറുന്നുമുണ്ടാകും. പാലക്കാട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ ജനം പിന്തുടരുന്ന ഈ ‘ഇരട്ടത്താപ്പു നയം’ കോയമ്പത്തൂര്‍ നഗരത്തിലെ സ്റ്റാന്റില്‍ കാണാനാവില്ല. അവിടെ യാത്രക്കാര്‍ പാലക്കാട്ടേയ്ക്കുള്ള തമിഴ്‌നാടിന്റെ ബസ്സിലായാലും കെ എസ് ആര്‍ ടി സി ബസ്സിലായാലും ക്യൂ നിന്നു തന്നെ കയറുന്നു. ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ബസ് സ്റ്റേഷനാണ് ചെന്നൈയിലെ കോയമ്പേടുള്ളത്. അവിടെയും യാത്രക്കാര്‍ ബസ്സുകളില്‍ ക്യൂ നിന്നു കയറുന്നു.

ബസ് സ്റ്റോപ്പുകളില്‍ ക്യൂ നിന്നുവേണം ബസ്സില്‍ കയറാനെന്ന് നിയമമുള്ളതായി അറിവില്ല. എങ്കിലും പല നഗരങ്ങളിലും ജനം ക്യൂ നിന്നു ബസ്സില്‍ കയറുന്നു. കൊല്‍ക്കത്തയിലെ ജനത്തിന്റെ പതിവും അതു തന്നെ. ഒരു സംഭവം ഓര്‍മ്മ വരുന്നു. കൊല്‍ക്കത്തയിലെ തല്‍ത്തല്ലയുടെ കാര്യം മുന്‍പു പറഞ്ഞല്ലോ. തല്‍ത്തല്ലയില്‍ നിന്നാണ് ബസ് നമ്പര്‍ 240 പുറപ്പെടുന്നത്. ചിലപ്പോള്‍ പുറപ്പെടാനുള്ള ബസ്സ് എത്താന്‍ വൈകിയിട്ടുണ്ടാകും. അതെത്തുന്നതിനു മുന്‍പു തന്നെ, അതില്‍ കയറാനുള്ള യാത്രക്കാര്‍ ക്യൂവായി നിന്നുകഴിഞ്ഞിട്ടുമുണ്ടാകും. ഒരിയ്ക്കല്‍ ബസ്സു വരാന്‍ വൈകി, ക്യൂ നീണ്ടു. ഒടുവില്‍ ബസ്സു വന്നു. ഉടന്‍ ഒരു ചെറുപ്പക്കാരന്‍ ക്യൂ തെറ്റിച്ച് ബസ്സില്‍ ചാടിക്കയറി. അതു വരെ ശാന്തരായി ക്യൂ നിന്നിരുന്ന യാത്രക്കാര്‍ ക്രുദ്ധരായി, ബസ്സില്‍ കയറിപ്പറ്റിയ ചെറുപ്പക്കാരന്റെ നേരേ അട്ടഹസിയ്ക്കാന്‍ തുടങ്ങി. അട്ടഹാസത്തിന്റെ കാര്യത്തില്‍ വനിതകള്‍ പുരുഷന്മാരെ പിന്നിലാക്കി. ശകാരം സഹിയ്ക്കവയ്യാതെ ചെറുപ്പക്കാരന്‍ ബസ്സില്‍ നിന്നിറങ്ങുക മാത്രമല്ല, സ്ഥലം വിടുകയും ചെയ്തു. നിയമമില്ലാതിരുന്നിട്ടും ജനം ക്യൂ നില്‍ക്കുകയും ക്യൂ തെറ്റിയ്ക്കുന്നത് ഇഷ്ടപ്പെടാതിരിയ്ക്കുകയും ചെയ്തു.

വികലാംഗര്‍ക്കായി രണ്ടു സീറ്റാണ് കേരളത്തിലെ ബസ്സുകളില്‍ നീക്കിവച്ചിട്ടുള്ളത്. അവയില്‍ അന്യരിരുന്നു യാത്ര ചെയ്യുന്നത് ഒരു പതിവു കാഴ്ചയാണ്. വികലാംഗര്‍ കഷ്ടപ്പെട്ടു കയറിവരുമ്പോള്‍ത്തന്നെ ചുരുക്കം ചില കണ്ടക്ടര്‍മാര്‍ ‘ആ സീറ്റൊന്നു മാറിക്കൊടുക്ക്’ എന്ന് അവര്‍ക്കുള്ള സീറ്റിലിരിയ്ക്കുന്ന അന്യരോടു നിര്‍ദ്ദേശിയ്ക്കുന്നതു കേട്ടിട്ടുണ്ട്. ചില കണ്ടക്ടര്‍മാര്‍ അതിനൊന്നും മിനക്കെടാറില്ല. സീറ്റ് ഒഴിഞ്ഞു തരണം എന്നു വികലാംഗരില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെടാറുമില്ല. തിരക്കു സഹിച്ചുകൊണ്ട് അവര്‍ നിശ്ശബ്ദരായി നില്‍ക്കും.

കുറച്ചു നാള്‍ മുന്‍പ്, ഒരു ദിവസം രാവിലെ, കൊടുങ്ങല്ലൂര്‍ സ്റ്റാന്റില്‍ വച്ച് ഒരു യാത്രക്കാരന്‍ തൃശ്ശൂര്‍ക്കുള്ള ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസ്സില്‍ കയറി. കയറിയ പാടെ അയാള്‍ ഒട്ടും കൂസാതെ പറഞ്ഞു, ‘ഞാന്‍ വികലാംഗനാണ്, സീറ്റു തരണം.’ വികലാംഗര്‍ക്കുള്ള രണ്ടു സീറ്റുകളിലും അന്യര്‍ ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു. സീറ്റ് ഒഴിഞ്ഞുകൊടുക്കണം എന്ന ആവശ്യം കേട്ടിട്ടും അവര്‍ രണ്ടു പേരും അനങ്ങിയില്ല. വികലാംഗനാണ് എന്നു സാക്ഷ്യപ്പെടുത്തിയിരിയ്ക്കുന്ന ഐഡന്റിറ്റി കാര്‍ഡു കാണിച്ചുകൊടുത്തപ്പോള്‍ ഒരാള്‍ പ്രകടമായ വിമുഖതയോടെ എഴുന്നേറ്റു. എങ്കിലും അടി മുതല്‍ മുടി വരെ ഒരു നോട്ടപ്പരിശോധന നടത്തി വൈകല്യമെന്തെന്നു സ്വയം ബോദ്ധ്യപ്പെടുത്തിയ ശേഷമേ അയാള്‍ സീറ്റു പൂര്‍ണ്ണമായും ഒഴിഞ്ഞു കൊടുത്തുള്ളു.

സംസ്‌കാരസമ്പന്നര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തായിരിയ്ക്കാം ചെയ്യുക? അവര്‍ വികലാംഗരുടെ സീറ്റില്‍ ഇരിയ്ക്കുക പോലും ചെയ്യില്ല. മാത്രമല്ല, അവര്‍ പൊതുസീറ്റിലിരിയ്ക്കുമ്പോള്‍പ്പോലും വികലാംഗരായ ആരെങ്കിലും വന്നാല്‍ ഉടനെഴുന്നേറ്റു കൊടുക്കുകയും ചെയ്യും.

ഒരാള്‍ക്കു മാത്രം നടക്കാവുന്നൊരു പാടവരമ്പത്തുകൂടി തച്ചോളി ഒതേനനും പയ്യനാടന്‍ ചിണ്ടന്‍ നമ്പ്യാരും നേര്‍ക്കുനേര്‍, നെഞ്ചു വിരിച്ചു നടന്നു ചെന്ന കഥ ഓര്‍മ്മ വരുന്നു. രണ്ടുപേരും തന്റേടികള്‍. ‘ആരെടാ, വാടാ’ എന്നു വെല്ലുവിളിയ്ക്കുന്ന കൂട്ടര്‍. ഇരുകൂട്ടരുടേയും കൂസലില്ലാത്ത നടപ്പു കണ്ട് ഒതേനന്റെ സന്തത സഹചാരിയായ ചാപ്പന്‍ ആത്മഗതം നടത്തി: ‘കുരുത്തമുള്ളവനും കുരുത്തമുള്ളവനും മൂന്നു വഴി. കുരുത്തമുള്ളവനും കുരുത്തം കെട്ടവനും രണ്ടു വഴി. കുരുത്തം കെട്ടവനും കുരുത്തം കെട്ടവനും ഒറ്റ വഴി.’ ചാപ്പന്റെ മനഃശാസ്ത്രപരമായ ഈ വീക്ഷണം ആവര്‍ത്തിച്ചാവര്‍ത്തിച്ചു തെളിയിയ്ക്കപ്പെടുന്ന രണ്ടു കുപ്പിക്കഴുത്തുകളിലൂടെ, അതായത് ബോട്ടില്‍നെക്കുകളിലൂടെ, എന്‍ എച്ച് 66 (ഈയടുത്ത കാലം വരെ ഇത് എച്ച് 17 എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്) ഞങ്ങളുടെ നാട്ടില്‍ വച്ചു കടന്നുപോകുന്നുണ്ട്. അവ രണ്ടിന്റേയും കാര്യം പറയും മുന്‍പ് ഒതേനനും ചിണ്ടന്‍ നമ്പ്യാര്‍ക്കും എന്തു സംഭവിച്ചു എന്നു പറഞ്ഞേയ്ക്കാം. പൌരുഷപ്രതീകങ്ങളായ ആ രണ്ടു മാറിടങ്ങളും ശക്തമായി കൂട്ടി മുട്ടി, രണ്ടു പേരും വരമ്പത്തു നിന്നു പാടത്തെ ചെളിയിലേയ്ക്കു മറിഞ്ഞു വീണു. പാടവരമ്പത്തെ ആ ഏറ്റുമുട്ടല്‍ ഒരങ്കത്തിലാണ് അവസാനിച്ചത്. എന്‍ എച്ച് 66ലെ മുന്‍ പറഞ്ഞ ബോട്ടില്‍നെക്കുകളില്‍ അങ്കം നടന്നതായറിവില്ല, പക്ഷേ, വാക്കേറ്റം പതിവാണ്. അസഭ്യത്തിന് ദുര്‍ഗന്ധം കൂടിയുണ്ടായിരുന്നെങ്കില്‍ കേരളത്തിലെ പല റോഡുകളിലും നീണ്ടുനില്‍ക്കുന്ന ദുര്‍ഗന്ധമുണ്ടാകുമായിരുന്നു.

കുപ്പിക്കഴുത്തുകളിലൊന്ന്, ചെറിയൊരു കയറ്റവും വളവും കഴിഞ്ഞുള്ളൊരു പാലമാണ്. പാലത്തിനു റോഡിനേക്കാള്‍ വീതി വളരെക്കുറവ്. ഒരു ബസ്സിനു കടന്നു പോകാം. ആ സമയത്ത് എതിരേ വരുന്നൊരു വാഹനത്തിന്, കാറിനു പോലും, കടന്നു വരാനാവില്ല. പാലത്തിന്മേല്‍ ആരാദ്യം കടക്കുന്നുവോ, അയാള്‍ക്ക് പാലത്തിലൂടെ ‘ത്രൂ അടിച്ചു’ പോകാം. ഇതിനു വേണ്ടി വാഹനങ്ങള്‍ ഇരച്ചു വരുന്നു, പാലത്തില്‍ തിരക്കിട്ടു കയറുന്നു. ചില സമയത്ത് ഇരുവശത്തു നിന്നും വാഹനങ്ങള്‍ ഒരേ സമയം പാലത്തില്‍ കയറിപ്പോയിട്ടുണ്ടാകും. മുന്നോട്ടു വച്ച കാല്‍ ആരും പിന്നോട്ടെടുക്കുകയില്ല. അഭിമാനക്ഷതം. ദൃഢനിശ്ചയം പെരുപ്പിച്ചു കാണിയ്ക്കാന്‍ വേണ്ടി എഞ്ചിന്‍ ഓഫു ചെയ്യും ചില വിദ്വാന്മാര്‍. താന്താങ്ങളുടെ ലീഡര്‍മാര്‍ക്കു പിന്തുണ നല്‍കിക്കൊണ്ട് മറ്റു വാഹനങ്ങളും മുട്ടിമുട്ടി നിര്‍ത്തിയിരിയ്ക്കും. ആരെങ്കിലും ഒരാള്‍ക്ക് പുറകോട്ടെടുക്കാനുള്ള സന്മനസ്സുണ്ടായാല്‍പ്പോലും അത് നിമിഷങ്ങള്‍ കൊണ്ട് അസാദ്ധ്യമായിത്തീര്‍ന്നിട്ടുണ്ടാകും. സമയം കൈയില്‍പ്പിടിച്ചുകൊണ്ട് സദാസമയവും ഇരച്ചു വരികയും പോകുകയും ചെയ്യാറുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു കുലുക്കവും കൂടാതെ അനങ്ങാപ്പാറ നയം സ്വീകരിയ്ക്കും. ഫലമായുണ്ടാകുന്ന ഗതാഗതക്കുരുക്കൊന്ന് അഴിയണമെങ്കില്‍ പതിനഞ്ചു മിനിറ്റു മുതല്‍ അര മണിക്കൂര്‍ വരെ വേണ്ടി വരും. ഇതിന്റെ തിക്തഫലം ഞാനുള്‍പ്പെടെയുള്ള എന്റെ നാട്ടുകാര്‍ നിരവധി തവണ നേരിട്ടനുഭവിച്ചു കഴിഞ്ഞിരിയ്ക്കുന്നു, ഇപ്പോഴും അനുഭവിച്ചുകൊണ്ടുമിരിയ്ക്കുന്നു.

അവിടുന്ന് ഏകദേശം ഒരു കിലോമീറ്റര്‍ വടക്കു മാറിയാണ് രണ്ടാമത്തെ കുപ്പിക്കഴുത്തുള്ളത്. തൊണ്ണൂറു ഡിഗ്രിയ്ക്കടുത്തുള്ളൊരു വളവ്. റോഡിനു വീതി കുറവും. ഒരു ബസ്സിനോടൊപ്പം അല്പമൊന്നു ഞെരുങ്ങിക്കൊണ്ട് ഒരു കാറിനും ഒരേ സമയം കടന്നു പോകാം. രണ്ടു ബസ്സുകള്‍ വളവിലൂടെ ഒരേ സമയം കടന്നുപോകുക അസാദ്ധ്യം. ടാറിട്ട പ്രതലത്തില്‍ നിന്ന് രണ്ടു ബസ്സുകളും ടാറിടാത്ത അരികുകളിലേയ്ക്ക് ഇറക്കണം. വശങ്ങളിലുള്ള തെങ്ങുകളിലും പോസ്റ്റുകളിലും ഉരയാതെ നോക്കുകയും വേണം. ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ ടാറിടാത്ത അരികുകകളിലേയ്ക്ക് ഇറക്കാറില്ല. രണ്ടു ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ നേര്‍ക്കുനേര്‍ വന്നാല്‍ സംഗതി കുഴപ്പമാകും. അവയിലൊന്ന് പ്രൈവറ്റും മറ്റേത് കെ എസ് ആര്‍ ടി സിയും കൂടിയായാല്‍ സ്ഥിതി സംഘര്‍ഷാത്മകമാകും. തര്‍ക്കം തീര്‍ത്ത്, വഴി ക്ലിയറാക്കാന്‍ പോലീസ് എത്തേണ്ടി വരുന്നതും വിരളമല്ല. ഭാഗ്യത്തിന് ഇരുനൂറ്റന്‍പതടി മാത്രമകലെ പോലീസ് സ്റ്റേഷനുണ്ട്.

അപകടങ്ങളും വാക്കേറ്റങ്ങളും പതിവായ ഈ വളവിനെപ്പറ്റി ഇവിടെ പരാമര്‍ശിയ്ക്കാന്‍ കാരണമുണ്ട്. ഇവിടെ വച്ചൊരിയ്ക്കല്‍ ഗുരുവായൂര്‍ക്കുള്ള ഒരു പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും എറണാകുളത്തേയ്ക്കുള്ള ഒരു കെ എസ് ആര്‍ ടീ സി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രൈവറ്റ് ബസ്സില്‍ ഞാനുണ്ടായിരുന്നതു കൊണ്ട് ആ തര്‍ക്കത്തിനു സാക്ഷ്യം വഹിയ്ക്കാന്‍ സാധിച്ചു. പതിവില്‍ നിന്നു വ്യത്യസ്തമായൊരു തര്‍ക്കമായിരുന്നു അത്. എതിര്‍ദിശയില്‍ നിന്നു ബസ്സു വരുന്നതു കണ്ട് ഇരു ഡ്രൈവര്‍മാരും വളവെത്തുന്നതിനു മുന്‍പു തന്നെ താന്താങ്ങളുടെ വണ്ടികള്‍ അരികിലേയ്ക്ക് കഴിവതും ഒതുക്കി നിര്‍ത്തി. രണ്ടുപേരും ‘കടന്നു പൊയ്‌ക്കൊള്ളൂ’ എന്ന് ആംഗ്യത്തിലൂടെ പരസ്പരം ക്ഷണിച്ചു. വണ്ടി മുന്നോട്ടെടുക്കാന്‍ ഇരുവരും ശങ്കിയ്ക്കുന്നതു കണ്ട് അവര്‍ പരസ്പരക്ഷണം ആവര്‍ത്തിച്ചു. തങ്ങളുടെ കൂട്ടര്‍ക്കുള്ള ദുഷ്‌പേര് അല്പമെങ്കിലുമൊന്നു കഴുകിക്കളയണമെന്ന് പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ ഡ്രൈവര്‍ ദൃഢനിശ്ചയമെടുത്തിരുന്നു കാണണം. അദ്ദേഹം ജനലിലൂടെ ശിരസ്സു നീട്ടി കൈ കൊണ്ട് ‘വേഗം വരൂ, വേഗം’ എന്നു ക്ഷമയോടെ ആംഗ്യം കാണിച്ചു. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ആ ക്ഷണം സ്വീകരിച്ചു. കടന്നുപോയ സമയത്ത് ഇരുവരും സൌഹാര്‍ദ്ദത്തോടെ കൈനീട്ടി പരസ്പരം സ്പര്‍ശിയ്ക്കുകയും ചെയ്തു. വാസ്തവത്തില്‍ ആ സൌഹൃദം വീഡിയോയിലേയ്ക്കു പകര്‍ത്തേണ്ട ഒന്നായിരുന്നു.

‘സിവിലൈസ്ഡ്‌നെസ് ഈസ് ഇന്‍വേഴ്‌സ്‌ലി പ്രൊപ്പോര്‍ഷണല്‍ ടു പോപ്പുലേഷന്‍’; അതായത്, ജനസംഖ്യ വര്‍ദ്ധിയ്ക്കുമ്പോള്‍ ജനതയുടെ സംസ്‌കാരം കുറയുന്നു. തിയറി മറ്റാരുടേതുമല്ല, എന്റേതു തന്നെ. 1901ല്‍ വെറും ഇരുപത്തിനാലു കോടിയായിരുന്നു ഇന്ത്യയിലെ ജനസംഖ്യ. ഇപ്പോഴത് 121 കോടിയായിത്തീര്‍ന്നിരിയ്ക്കുന്നു. അഞ്ചിരട്ടി. അയ്യായിരം കൊല്ലം മുന്‍പ്, സിന്ധുനദീതടസംസ്‌കാരം നിലവിലിരുന്നിരുന്ന കാലത്ത് ഇന്ത്യയിലെ ആകെ ജനസംഖ്യ അരക്കോടി പോലും ഉണ്ടായിരുന്നു കാണില്ലെന്നാണ് എന്റെ നിഗമനം. ജനസംഖ്യ വളരെ കുറവായിരുന്നപ്പോള്‍ ഫലഭൂയിഷ്ഠമായിരുന്ന ഇന്ത്യാമഹാരാജ്യത്ത് സുഖസമൃദ്ധിയ്ക്കു വേണ്ടി ജനത്തിനു പരസ്പരം മത്സരിയ്‌ക്കേണ്ടി വന്നു കാണില്ല. അക്കാലത്ത് സമ്പന്നതയോടൊപ്പം സംസ്‌കാരസമ്പന്നതയും അവര്‍ക്കുണ്ടായതിന് മറ്റു കാരണങ്ങള്‍ അന്വേഷിയ്‌ക്കേണ്ടതില്ല.

ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ലോകജീവിതനിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ നാല്പതു ശതമാനം പേര്‍ ദരിദ്രരാണ്. മറ്റൊരു നാല്പതു ശതമാനം പേര്‍ പട്ടിണി കൂടാതെ ജീവിച്ചു പോകുന്നു. ശേഷിയ്ക്കുന്ന പത്തൊന്‍പതു ശതമാനം സമ്പന്നരും ഒരു ശതമാനം അതിസമ്പന്നരുമാണ്. സുഖസമൃദ്ധി ഇന്ത്യയിലെ ഭൂരിപക്ഷം ജനത്തിനും അന്യമാണ്. അവര്‍ക്ക് ജീവിതമൊരു തീവ്രയത്‌നം തന്നെയായിത്തീര്‍ന്നിരിയ്ക്കുന്നു. അതിജീവനത്തിനായുള്ള പരക്കം പാച്ചില്‍. ആ പരക്കം പാച്ചിലിനിടയില്‍ സാംസ്‌കാരികതയെപ്പറ്റി ചിന്തിയ്ക്കാനുള്ള സാവകാശം സാമാന്യജനത്തിനു കിട്ടുന്നില്ല എന്നതാണു പരമാര്‍ത്ഥം. അതിന് അവരെ കുറ്റപ്പെടുത്തുന്നതില്‍ യുക്തിയില്ല. ബസ്സില്‍ ജനം ഇടിച്ചു കയറുമ്പോഴൊക്കെ ചാള്‍സ് ഡാര്‍വിന്‍ പറഞ്ഞതാണു സംഭവിയ്ക്കുന്നത്: ‘സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്’. നൂറ്റിരുപതു കോടി ജനം തിങ്ങിനിറഞ്ഞിരിയ്ക്കുന്നൊരു ബസ്സാണു ഭാരതം. എന്നിട്ടും അവരില്‍ സാംസ്‌കാരികതയുടെ മിന്നലാട്ടം ഇടയ്ക്കിടെ കാണുന്നത് അത്ഭുതകരമാണ്.

ജനതയുടെ സ്ഥിതിയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല, രാജ്യത്തിന്റെ സ്ഥിതിയും. എറണാകുളംഗുരുവായൂര്‍ റൂട്ടിലോടുന്ന ബസ്സുകളുടെ കാര്യം തന്നെയെടുക്കാം. സ്റ്റാന്റിംഗ് ഉള്‍പ്പെടെ ആകെ അറുപതു പേരാണ് ഒരു ബസ്സില്‍ അനുവദനീയമായിട്ടുള്ളത്. എന്നാല്‍ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ എറണാകുളത്തേയ്ക്കുള്ള മിയ്ക്ക ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളിലും നൂറിനടുത്തു യാത്രക്കാരുണ്ടാകും. സീറ്റിനുള്ള യാത്രക്കാരെ മാത്രമേ ഓരോ ബസ്സിലും കയറ്റുകയുള്ളു എന്നു നിഷ്‌കര്‍ഷിച്ചാല്‍ ഇന്നുള്ളതിന്റെ ഇരട്ടി ബസ്സുകള്‍ ആവശ്യമായി വരും. ഇപ്പോഴുള്ള വാഹനങ്ങള്‍ക്കുപോലും സുഗമമായി സഞ്ചരിയ്ക്കാനുള്ള ഗതാഗതസൌകര്യം ഇന്നിവിടെയില്ല. അങ്ങനെയിരിയ്‌ക്കെ വാഹനങ്ങള്‍ ഇരട്ടിയ്ക്കുന്ന സ്ഥിതിയെപ്പറ്റി പറയാതിരിയ്ക്കുകയാകും ഭേദം.

ഓവര്‍ലോഡു മൂലം ബസ്സിനകത്തുണ്ടാകുന്ന ശ്വാസം മുട്ടിനു പുറമെ, റോഡിലെ കുണ്ടും കുഴിയും വളവും തിരിവും ബ്ലോക്കുകളും യാത്ര അസഹ്യമാക്കുന്നു. തിങ്ങിനിറഞ്ഞ ബസ്സിനുള്ളില്‍ ശ്വാസം മുട്ടി, നിന്നു തന്നെ, ഒട്ടേറെപ്പേര്‍ ദീര്‍ഘനേരം യാത്ര ചെയ്യേണ്ടി വരുന്നു. ഒറ്റക്കാല്‍ നിലത്തൂന്നി, ഒറ്റക്കൈകൊണ്ടു കമ്പിയില്‍ തൂങ്ങി, വട്ടം കറങ്ങിക്കൊണ്ടിരിയ്ക്കുന്നതിനിടയില്‍ ഒഴിഞ്ഞു കാണുന്ന സീറ്റുകള്‍ ആരുടേതെന്നു നോക്കാതെ ജനം ‘ചാടിക്കയറി’ കയ്യടക്കിയില്ലെങ്കിലേ അതിശയമുള്ളു. സാംസ്‌കാരികസമ്പന്നതയ്ക്ക് അനുയോജ്യമായ ജീവിതസാഹചര്യങ്ങളല്ല നമ്മുടെ നാട്ടിലെ സാമാന്യജനത്തിനു ചുറ്റും നിലനില്‍ക്കുന്നത്. എന്നിട്ടും, അതിനിടയിലും സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കാന്‍ സാമാന്യജനത്തെ പ്രചോദിപ്പിയ്ക്കുന്ന സാംസ്‌കാരികത ചെറിയ തോതിലെങ്കിലും സമൂഹത്തിലുണ്ടെന്നത് മരുഭൂമിയിലെ മരുപ്പച്ചപോലെ ആശ്വാസവും ആനന്ദവും പകരുന്നു.

You May Also Like

തനി ഒരുവന്‍ & ഡബിള്‍ ബാരല്‍ റിവ്യൂ: ഇജാസ് ഖാന്‍

ഇത്രയും വല്യ ബഡ്‌ജെറ്റില്‍ ഒരു പരീക്ഷണചിത്രം മലയാളത്തില്‍ ആദ്യമായിട്ടാണ്.

ഖത്തറില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തിലേക്ക്

ഖത്തറില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വന്നേയ്ക്കുമെന്ന് സൂചന

ഇങ്ങനെയുമുണ്ടോ കളികള്‍?

ചില വിചിത്രമായ കായിക വിനോദങ്ങളെക്കുറിച്ച് ഇത്തിരിക്കാര്യം!

ഗായിക മഞ്ജരി വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്

ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാലം മുതൽ സുഹൃത്തായ പത്തനംതിട്ട സ്വദേശി ജെറിന്‍ ആണ് വരന്‍. മസ്‌കറ്റിലെ…