സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദ ലിവിംഗ് ലെജന്‍ഡ്

0
604

1

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു വസന്ത കാലം അവസാനിക്കുകയാണ് .കോഴ വിവാദത്തില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരു പുതിയ വഴിത്താരയിലേക്ക് കൈ പിടിച്ചു നടത്തിയ ഒരു കൂട്ടം ലോകോത്തര കളിക്കാരുടെ ഒരു സ്വപ്ന സംഘം .അനില്‍ കുംബ്ളെ ,സൌരവ് ഗാംഗുലി ,രാഹുല്‍ ദ്രാവിഡ് ,വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ ഓരോരുത്തരായി വിട പറഞ്ഞു .ഇന്ത്യന്‍ ക്രിക്കറ്റിലെ “ഫാബുലസ് ഫൈവ് “എന്നറിയപ്പെട്ട ആ നിരയിലെ അവസാനത്തെ കണ്ണിയും വിട പറയുകയാണ്‌ .ബാറ്റിംഗിലെ സൌന്ദര്യത്തെ പ്രണയിക്കുന്ന എന്നെ പോലെ ഉള്ളവര്‍ക്ക് ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ അത് ബാക്കിയില്ല എന്ന് പറയേണ്ടി വരും .ഓഫ് സൈഡിലൂടെ ഇനി ദൈവത്തിനു മാത്രമേ അതിലും ഭംഗിയായി കളിക്കാന്‍ സാധിക്കൂ എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ സുന്ദരമായ ഡ്രൈവുകള്‍ കൊണ്ട് തന്റെ കളിയെ അലങ്കരിച്ച സൌരവ് ഗാംഗുലി ,അസാധാരണമായ സാങ്കേതിക മികവിന്റെ കൂടെ തന്റെ ക്ളാസിക്കല്‍ ശൈലി കൂട്ടിച്ചേര്‍ത്ത രാഹുല്‍ ദ്രാവിഡ് എന്ന ലോക ക്രിക്കറ്റ് കണ്ട കറ തീര്‍ന്ന ടെക്നീഷ്യന്‍ ,വരദാനമായി കിട്ടിയ തന്റെ മാന്ത്രിക കൈക്കുഴകള്‍ ഉപയോഗിച്ച് ഓണ്‍ സൈഡ് ഫ്ളിക്കുകളുടെ മായാലോകം നമുക്ക് മുന്നില്‍ തുറന്നിട്ട ഇന്ത്യന്‍ ക്രിക്കറ്റിലെ ആര്‍ട്ടിസ്റ്റ് വി.വി.എസ് ലക്ഷ്മണ്‍ എന്നിവരുടെ വിടപറചിലിനു ശേഷം അദ്ദേഹവും യാത്ര പറയുകയാണ്‌ .സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ജീനിയസ് .ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച്ചവരില്‍ ഒരാള്‍ .ഇപ്പോള്‍ ഏകദിനത്തില്‍ നിന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ടെസ്റ്റില്‍ നിന്നും അദ്ദേഹം ഉടന്‍ തന്നെ വിരമിക്കാന്‍ സാദ്ധ്യതയുണ്ട് .സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തീര്‍ച്ചയായും ഒരു ഇതിഹാസമാണ്‌ .ക്രിക്കററ് എന്ന ഗെയിം കണ്ടതില്‍ വച്ച് മികച്ച കളിക്കാരില്‍ ഒരാള്‍ .സാക്ഷാല്‍ ഡോണ്‍ ബ്രാഡ് മാന്‍ ,തന്നെപോലെ ബാറ്റ് ചെയ്യുന്ന കളിക്കാരന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ .പൂര്‍ണതയോട് അടുത്ത് നിന്ന ഒരു ബാറ്റ്സ്മാന്‍ ആയിരുന്നു ടെണ്ടുല്‍ക്കര്‍ .സാങ്കേതിക മികവും ആക്രമണോത്സുകതയും ഒത്തു ചേര്‍ന്ന മികവുറ്റ ശൈലി തന്നെയാണ് സച്ചിനെ ലോകോത്തര ബാറ്റ്സ്മാന്‍ ആയി വളര്‍ത്തിയത് . സ്വദേശത്തെയും വിദേശത്തെയും ഏതൊരു പിച്ചിലും ഏതൊരു ബൌളിംഗ് നിരയെയും നേരിടാനുള്ള കഴിവായിരുന്നു ടെണ്ടുല്‍ക്കറിന്റെ പ്രത്യേകത .ഇന്ത്യന്‍ ജനതയെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളില്‍ ഒരാളായി മാറാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് നിസ്സാര കാര്യമല്ല .വര്‍ഷങ്ങളായി സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ അവര്‍ സച്ചിനെ സ്നേഹിക്കുന്നു . ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിന്‍ അതിന്റെ ദൈവമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച ആരാധകര്‍ അദ്ദേഹത്തിനു പിന്‍ബലമായി . രാജ്യസഭ എം.പി സ്ഥാനം നല്‍കി അദ്ദേഹത്തെ ആദരിച്ചത് അദ്ദേഹം ഇന്ത്യന്‍ ജനതയുടെ മേല്‍ ചെലുത്തുന്ന ഇമ്പാക്റ്റ് തിരിച്ചറിഞ്ഞിട്ടു തന്നെയാണ് .

പ്രതിഭ ഉള്ളത് കൊണ്ട് മാത്രം ഒരാള്‍ക്കും ഒരു മികച്ച കായിക താരമാകുവാന്‍ കഴിയില്ല .സച്ചിന്റെ ബാല്യകാല സുഹ്ര്യത്തായിരുന്ന വിനോദ് കാംബ്ളി തന്നെ ഉദാഹരണം .സച്ചിനേക്കാള്‍ പ്രതിഭാശാലി ആയിരുന്നിട്ടും കാംബ്ളിക്ക് തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞില്ല .തന്റെ പ്രതിഭയെ ധൂര്‍ത്തടിച്ച് കളഞ്ഞ കാംബ്ളി ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു ദുരന്ത കഥാപാത്രമായി അവശേഷിച്ചപ്പോള്‍ തന്റെ പ്രതിഭയെ ചിട്ടയായ പരിശീലനത്തിലൂടെയും അച്ചടക്കമാര്‍ന്ന ജീവിതരീതിയിലൂടെയും മുന്നോട്ട് കൊണ്ട് പോയ സച്ചിന്‍ ലോക ക്രിക്കറ്റിലെ മഹാരഥന്മാരില്‍ ഒരാളായി മാറി .23 വര്ഷം നീണ്ട ഏകദിന കരിയര്‍ തെളിയിക്കുന്നത് അദ്ദേഹത്തിന്റെ കളിയോടുള്ള അര്‍പ്പണ മനോഭാവത്തെയും നിശ്ചയ ദാര്‍ഡ്യത്തെയുമാണ് . ഇത്രയും കാലം തന്റെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ കൂടെ അദ്ദേഹത്തിനു കഴിഞ്ഞു .കളിയോടുള്ള സമീപനത്തില്‍ അദ്ദേഹം ഇതുവരെ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നത് പ്രശംസനീയമാണ് .ക്രിക്കറ്റ് എന്ന കളിയെ അന്ധമായി സ്നേഹിക്കുന്ന ഇന്ത്യന്‍ ജനത സച്ചിനെ തങ്ങളുടെ ആരാധനാ മൂര്‍ത്തിയാക്കിയതില്‍ ഒട്ടും അട്ഭുതപ്പെടെണ്ടതില്ല .സച്ചിന്‍ പുറത്താകുമ്പോള്‍ അദ്ദേഹത്തിന്റെ ഹാര്‍ഡ് കോര്‍ ആരാധകര്‍ ടെലിവിഷന്‍ സെറ്റുകള്‍ ഓഫ് ചെയ്തിരുന്ന അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു . അദ്ദേഹത്തിനു പകരം വക്കാന്‍ മറ്റൊരു പേര് ലോക ക്രിക്കറ്റില്‍ തന്നെ ഇല്ല . സുനില്‍ ഗവാസ്കറിനു ശേഷം ഇന്ത്യക്ക് കിട്ടിയ വരദാനമായിരുന്നു സച്ചിന്‍ എന്ന പ്രതിഭ .ഗവാസ്കര്‍ കളിച്ചിരുന്ന അസ്ത്രത്തിന്റെ കണിശതയുള്ള സ്ട്രയിററ് ഡ്രൈവുകള്‍ തന്നെയായിരുന്നു സച്ചിന്റെയും മുഖമുദ്ര .ക്രിക്കറ്റിലെ എല്ലാ ഷോട്ടുകളും ഒന്നാന്തരമായി കളിക്കുന്നതിനോടോപ്പം പാഡില്‍ സ്വീപ്പ് തുടങ്ങി പുതിയ ചില ഷോട്ടുകള്‍ കണ്ടു പിടിച്ച് വിജയകരമായി പ്രയോഗിക്കുകയും ചെയ്തു അദ്ദേഹം . .2010ല്‍ സൌതാഫ്രിക്കക്കെതിരെ ഏകദിനത്തില്‍ നേടിയ ഡബിള്‍ സെഞ്ച്വറി അവിസ്മരണീയമായ ഒരനുഭവമായിരുന്നു .ഡെയില്‍ സ്റ്റെയിന്‍ ഉള്‍പ്പെടെ ഉള്ള ലോകോത്തര ബൌളര്‍മാരെ ഗ്രൌണ്ടിനു നാല് പാടും പറത്തിയ സച്ചിന്‍ 50 ഓവര്‍ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ കളിക്കാരനായി .തന്റെ കരിയറില്‍ നേടാന്‍ ഇനി ഒന്നുമില്ല എന്ന അവസ്ഥയിലാണ് അദ്ദേഹം കളി അവസാനിപ്പിക്കുന്നത് .ബ്രാഡ് മാന് മാത്രം പുറകില്‍ നില്‍ക്കുന്ന, ടെസ്റ്റ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച രണ്ടാമത്തെ ബാറ്റ്സ്മാന്‍ എന്നാണു വിസ്ഡന്‍ സച്ചിനെ വിശേഷിപ്പിക്കുന്നത് .ഏകദിനത്തിലാകട്ടെ സാക്ഷാല്‍ കിംഗ് വിവിയന്‍ റിച്ചാര്‍ഡ്സിനു ശേഷം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ എന്നും .

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഏകദിന ഇന്നിംഗ്സ് ഏതാണെന്ന ചോദ്യത്തിനു ഒരെയോരുത്തരം മാത്രം . കെനിയയില്‍ നടന്ന ഒരു ടൂര്‍ണമെന്റില്‍ അദ്ദേഹം നേടിയ 38 റണ്‍സ് ..സച്ചിന്‍ എന്ന ബാറ്റ്സ്മാന് പൂര്‍ണമായ ആധിപത്യം സ്ഥാപിക്കാന്‍ ആകാതെ പോയ ഒരേയൊരു ബൌളര്‍ മാത്രമേ ഒരു പക്ഷെ അന്താരാഷ്ട ക്രിക്കറ്റില്‍ ഉണ്ടാകൂ.”പീജിയന്‍ ” എന്ന പേരില്‍ അറിയപ്പെടുന്ന ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൌളര്‍ ഗ്ളെന്‍ മഗ്രാത്ത് . ടെണ്ടുല്‍ക്കര്‍ എന്ന ലോകോത്തര ബാറ്റ്സ്മാന് മേല്‍ പല തവണ ആധിപത്യം നേടിയ ബൌളര്‍ ആയിരുന്നു മഗ്രാത്ത് .കെനിയയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-ഓസ്ട്രേലിയ മത്സരം.ടെണ്ടുല്‍ക്കറും മഗ്രാത്തും തമ്മിലുള്ള പോരാട്ടം,ആയിരുന്നു.അന്ന് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൌളറും ഏറ്റവും മികച്ച ബാറ്റ്സ്മാനും നേര്‍ക്ക്‌ നേര്‍ .ആദ്യ ഓവറില്‍ തന്നെ സച്ചിന്‍ മഗ്രാത്തിനെ സമീപിച്ച് ഇന്ന് താങ്കളുടെ പന്തുകള്‍ ഗ്രൌണ്ടിനു പുറത്തായിരിക്കും ലാന്‍ഡ് ചെയ്യുക എന്ന് പറയുന്നു.ഒരു പക്ഷെ തന്റെ കരിയറില്‍ ആദ്യമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു ബൌളറെ സ്ളെഡ്ജ് ചെയ്ത നിമിഷം .പ്രകോപിതനായ മഗ്രാത്തിനു പിന്നെ നിയന്ത്രണം നഷ്ടപ്പെട്ടു . ടോപ് എഡ്ജ് ചെയ്തു പോയ ഒരു സിക്സോടെ ആയിരുന്നു തുടക്കം,ഉടന്‍ തന്നെ മഗ്രാത്തിന്റെയൊരു ലെങ്ത് ബോള്‍ മിഡ് ഓണിനു മുകളിലൂടെ ബൌണ്ടറി കടന്നു .അടുത്ത ഓവറില്‍ വീണ്ടും ക്രീസില്‍ നിന്നും ചാടിയിറങ്ങി സച്ചിന്‍ മഗ്രാത്തിനെ മിഡ് ഓണിനു മുകളിലൂടെ സിക്സ് അടിച്ചു .സകല നിയന്ത്രണവും പോയ ആ ലോകോത്തര ഫാസ്റ്റ് ബൌളറുടെ അടുത്ത പന്ത് ഷോര്‍ട്ട് പിച്ച് ആയിരുന്നു.ബാക്ക് ഫുട്ടില്‍ ഒന്നാന്തരമൊരു പുള്‍ ഷോട്ടിലൂടെ ആ പന്തും സിക്സ് പറത്തിയ ടെണ്ടുല്‍ക്കര്‍ വീണ്ടും ഒരു മനോഹരമായ കവര്‍ ഡ്രൈവിലൂടെ ഒരു ബൌണ്ടറി കൂടെ നേടി .വെറും 38 റണ്‍സ് ആണ് നേടിയതെങ്കിലും ആ ഇന്നിംഗ്സ് എനിക്ക് ടെണ്ടുല്‍ക്കറുടെ അനവധി സെഞ്ച്വറികളെക്കാള്‍ പ്രിയപ്പെട്ടതാണ് .കാരണം ഗ്ളെന്‍ മഗ്രാത്തിനു മേല്‍ ഒരു ബാറ്റ്സ്മാന്‍ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ച അതാദ്യമായിരുന്നു .മഗ്രാത്ത് ഒരു സാധാരണ ബൌളറെ പോലെ തോന്നിപ്പിച്ച ഒരു മത്സരവും അതായിരുന്നു .മഗ്രാത്തിനെ പ്രകോപിപ്പിച്ചത് ഒരു ടീം പ്ളാന്‍ ആയിരുന്നു എന്ന് സച്ചിന്‍ പിന്നീട് വ്യക്തമാക്കി .

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന അമാനുഷന് വേണ്ടിയുള്ള ഒരു വാഴ്ത്ത് പാട്ടാകരുത് ഈ ലേഖനം എന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു .അത് കൊണ്ട് തന്നെ രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാന്‍ ഒരു മടിയും തോന്നുന്നില്ല .സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ബാററ്സ്മാന്റെ പോരായ്മകള്‍ എടുത്തു പറയാന്‍ ഒന്നുമില്ലെങ്കിലും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിക്കാനുള്ള കഴിവ് ടെണ്ടുല്‍ക്കര്‍ പ്രകടമാക്കിയിരുന്നില്ല .1998ല്‍ ഷാര്‍ജയിലെ മണല്‍ക്കാറ്റിനെ അതിജീവിച്ച് കരുത്തരായ ഓസീസിനെതിരെ കളിച്ച മികച്ചൊരു മാച് വിന്നിംഗ് ഇന്നിംഗ്സ് ആണ് സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച ഇന്നിംഗ്സ് .ടെസ്റ്റ്‌ മത്സരങ്ങളിലും ഇത് പ്രകടമായിരുന്നു .തന്റെ സമകാലീനരായ ബാറ്റിംഗ് പ്രതിഭകളായ ദ്രാവിഡ്,ലക്ഷ്മണ്‍ എന്നിവരില്‍ നിന്നും റണ്‍ വേട്ടയില്‍ വളരെ മുന്നിലാണെങ്കിലും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ മികച്ച ഇന്നിംഗ്സുകള്‍ കളിക്കുന്നതില്‍ അദ്ദേഹം അവരെക്കാള്‍ പലപ്പോഴും പിന്നിലായിരുന്നു.ക്രിക്കറ്റിന്റെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന “വിസ്ഡന്‍ ” ന്റെ എക്കാലത്തെയും മികച്ച 100 ടെസ്റ്റ്‌ ഇന്നിംഗ്സുകളില്‍ ഒരെണ്ണം പോലും സച്ചിന്റെതായില്ല എന്നത് ശ്രദ്ധിക്കണം .വി.വി.എസ് ലക്ഷ്മണ്‍ എന്ന റിസ്റ്റ് മാന്ത്രികന്‍ കൊല്‍ക്കത്തയില്‍ എഴുതിയ ഇതിഹാസം ആണ് വിസ്ഡന്റെ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്സുകളുടെ പട്ടികയിലെ ആറാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്നിംഗ്സ് . ഒരിന്ത്യക്കാരന്റെ എക്കാലത്തെയും മികച്ച ഇന്നിംഗ്സ് ഈ ഹൈദരാബാദുകാരന്റെ ഈഡന്‍ ഗാര്‍ഡന്‍സിലെ മാസ്റ്റര്‍ ക്ളാസ് തന്നെയാണ് . വിസ്ഡന്റെ എക്കാലത്തെയും മികച്ച ഏകദിന ഇന്നിംഗ്സുകളില്‍ 23 ആം സ്ഥാനത്ത് സച്ചിന്‍ 1999ല്‍ ന്യുസിലാന്റിനെതിരെ നേടിയ 186 റണ്‍സ് ഉള്‍പ്പെടുന്നുണ്ട് .

സച്ചിന്റെത് പലരും പറയുന്ന പോലെ വിവാദങ്ങള്‍ ഒഴിഞ്ഞു നിന്ന ഒരു കരിയര്‍ ഒന്നുമല്ല .വിമര്‍ശനങ്ങള്‍ക്കതീതനായ ഒരു കളിക്കാരനുമായിരുന്നില്ല സച്ചിന്‍ .2008 ല്‍ ഓസ്ട്രേലിയയില്‍ വച്ച് നടന്ന കുപ്രസിദ്ധമായ “മങ്കി ഗേറ്റ് ” സ്കാന്‍ഡല്‍ തന്നെ ഉദാഹരണം .ഹര്‍ഭജന്‍ സിംഗ് ആന്‍ഡ്റൂ സൈമണ്ട്സിനെ “മങ്കി ” എന്ന പദം ഉപയോഗിച്ചു അപമാനിച്ചു എന്നത് വ്യക്തമായിരുന്നു .തുടക്കത്തില്‍ താന്‍ ഹര്‍ഭജന്‍ പറഞ്ഞത് ശരിക്കും കേട്ടില്ല എന്ന് പറഞ്ഞ ടെണ്ടുല്‍ക്കര്‍ തെളിവെടുപ്പ് സമയത്ത് ഹര്‍ഭജന്‍ ഉപയോഗിച്ചത് അതിനോട് സാമ്യമുള്ള ഒരു ഹിന്ദി വാക്കായിരുന്നു എന്ന് തിരുത്തി .സച്ചിന്റെ ഈ മലക്കം മറിച്ചില്‍ അദ്ദേഹത്തെ ആരാധിച്ചിരുന്ന പലര്‍ക്കും വേദനയുള വാക്കി .എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന കളിക്കാരനായിട്ടും ടെണ്ടുല്‍ക്കര്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിനെ ആദം ഗില്‍ ക്രിസ്റ്റ് തന്റെ ആത്മ കഥയില്‍ വിമര്‍ശിച്ചിരുന്നു .ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ പ്രതിഭാശാലികളില്‍ ഒരാളായിരുന്ന സൈമണ്ട്സ് ഇതില്‍ മനം നൊന്ത് തന്റെ കരിയര്‍ തന്നെ നശിപ്പിക്കുന്ന കാഴ്ചക്കും നമ്മള്‍ സാക്ഷ്യം വഹിച്ചു . 2002 ല്‍ യു.കെ യില്‍ വച്ച് തനിക്കു സമ്മാനമായി കിട്ടിയ ഫെരാരി കാര്‍ നികുതി അടക്കാതെ നാട്ടിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളും സച്ചിന്റെ ഇമേജിന് മങ്ങലെല്‍പിച്ചു .

ടെണ്ടുല്‍ക്കര്‍ ക്രോസ് ഡോമിനന്റ് ആയിരുന്നു .വലതു കൈ ഉപയോഗിച്ച് ബൌളിംഗും ബാറ്റിംഗും ചെയ്തിരുന്ന അദ്ദേഹം എഴുതിയിരുന്നത് ഇടത് കൈ ഉപയോഗിച്ചായിരുന്നു എന്ന കാര്യം എത്ര പേര്‍ക്കറിയാം .അടുത്തിടെ വിരമിച്ച റിക്കി പോണ്ടിംഗിനെ പോലെ തന്നെ സച്ചിനും ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് .ഓരോ വര്‍ഷവും 200 അനാഥരായ കുട്ടികളെ സ്പോണ്‍സര്‍ ചെയ്യുന്ന സച്ചിന്‍ കാന്‍സറിനെതിരായ പോരാട്ടത്തിലും തന്‍റെതായ പങ്ക് വഹിക്കുന്നു .കൈ നിറയെ പണമുള്ളവര്‍ പോലും അവശരെയും ആലംബ ഹീനരെയും സഹായിക്കാന്‍ മടി കാട്ടുന്ന ഇക്കാലത്ത് ടെണ്ടുല്‍ക്കര്‍ അനുകരിക്കപ്പെടെണ്ട ഒരു മാത്ര്യകയാണ് . ടെണ്ടുല്‍ക്കര്‍ എന്ന കളിക്കാരനെ ഞാന്‍ ഒരുപാടു വിമര്‍ശിച്ചിട്ടുന്ടെങ്കിലും അയാളുടെ മഹത്വത്തെ അംഗീകരിക്കാതിരിക്കാന്‍ ആര്‍ക്കുമാകില്ല .23 കൊല്ലം നീണ്ട തന്റെ ഏകദിന കരിയറില്‍ അദ്ദേഹം വെട്ടിപ്പിടിക്കാത്ത നേട്ടങ്ങള്‍ ഇനി ഇല്ല എന്ന് തന്നെ പറയാം .ക്രിക്കറ്റിനെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതി വക്കേണ്ട ഒരു പേര് തന്നെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ .സച്ചിന്റെ നേട്ടങ്ങളും റെകൊര്‍ഡുകളും ഇനി മറ്റൊരു കളിക്കാരന്‍ മറി കടക്കാന്‍ സാദ്ധ്യത കുറവാണ് .