കാല്‍ പന്ത് കളിയുടെ വേള്‍ഡ് കപ്പ് ഫൈനല്‍ കാണാന്‍ ആത്മസുഹൃത് ടോണിയുടെ ക്ഷണം ഉണ്ടായി. എന്റെ വീട്ടില്‍ ആ ചാനല്‍ കിട്ടില്ല, ഞാന്‍ പണം മുടക്കി സ്‌പെഷ്യല്‍ കണക്ഷന്‍ എടുക്കാത്തതു ആണ് എന്നും ശത്രുക്കളായ പാണന്മാര്‍ പാടി നടക്കുന്നുണ്ട്.

ക്ഷണം കേട്ടപ്പോഴേ മനസ്സിലായി . പന്ത് കളി കാണല്‍ ഒരു കാരണം മാത്രമാണ് . പ്രധാന അജണ്ട വേറെയായിരിക്കും . തീറ്റ മത്സരം , സുരപാനം , പാരഡികളുടെ അന്താക്ഷരി , പതിനെട്ടു കഴിഞ്ഞവരുടെ സ്‌പെഷ്യല്‍ നര്‍മ്മ കൈരളി അങ്ങനെ അങ്ങനെ ..

ടോണിയുടെ പെമ്പ്രന്നോത്തി ബിന്ദു മദ്യകേരളാ നസ്രാണി കുക്കിങ്ങില്‍ പി എച്ച് ഡി ഉള്ള കക്ഷിയാണ് . അത് കൊണ്ട് തന്നെ പച്ചടിയും ഉണ്ടാക്കും .

മനസ്സില്‍ ഘോഷയാത്ര തുടങ്ങി. മെനു കാര്‍ഡുമായി തമിഴന്‍ വെയിറ്റര്‍ മയിലാട്ടം നടത്തി.

തുടക്കത്തില്‍ തന്നെ വല്ല സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ ഉള്ളവര്‍ക്കായി സ്റ്റാര്‍ട്ടറുകള്‍ , മിനിമം നാല് തരം ഉണ്ടാകും എന്നത് മൂന്നു തരം . ശേഷം സ്വര്‍ണ്ണ നിറത്തില്‍ പല ഷേയിഡുകളില്‍ പേയങ്ങള്‍ , ചതുര വടിവില്‍ ഐസ് കട്ടകള്‍ , നുരയുന്ന സോഡാ ..
തൊട്ട് നോക്കാന്‍ ടച്ചിങ്ങ്‌സ് , നക്കി നോക്കാന്‍ അച്ചാര്‍ വേറെ .

പിന്നെയതാ ഘോഷയാത്ര യില്‍ പല തരം ഫ്‌ലോട്ടുകള്‍ …
വെളിച്ചെണ്ണയില്‍ പൊരിഞ്ഞ പോത്തിന്‍ കഷണങ്ങള്‍ , കൊഴുത്ത് ഉരുണ്ട കോഴിക്കാലുകള്‍ , ചെറിയ കഷണമാക്കപ്പെട്ട സുന്ദരന്മാരായ പന്നിക്കുട്ടന്മാര്‍ , പൊരിച്ച കരിമീനുകള്‍ ( ആലപ്പുഴയില്‍ ആണെങ്ങില്‍ കരിച്ച പൊരിമീന്‍ ആയിരിക്കും, അവര്‍ക്ക് ചൊറിച്ച മല്ലാണ് പ്രിയം ), ചൈനീസ് രീതിയില്‍ മാവോ സെ തൂങ്ങിനെ പോലെ പൊരിക്കപ്പെട്ട ചോറ്, മലയാളികളുടെ ദേശീയ ഭക്ഷണമായ പൊറോട്ട .കൊല്ലം ബാഷയില്‍ ബൊറോട്ടാ ..അവന്‍ ഇല്ലാതെ നമ്മള്‍ക്കെന്തു ആഘോഷം ??

കൂട്ടിനായി ആരോഗ്യം കാക്കാന്‍ പച്ചക്കറി, പഴം മുതല ആയവയുടെ സലാഡ് … അവസാനം കൊളൊസ്ടറോളും കട്ടിക്ക് പഞ്ചസാരയും കൊണ്ട് നിര്‍മ്മിച്ച ഡിസര്‍ട്ടുകള്‍ … വായില്‍ വാസ്‌കോ ഡ ഗാമയും , കൊളമ്പസ്സും മത്സര കപ്പലോട്ടം തുടങ്ങി . പെട്ടെന്ന് ബോധം തിരിച്ചു കിട്ടി . ഫോണ് ചെവിയില്‍ നിന്നെടുക്കാതെ തന്നെ മതിലില്‍ തൂക്കിയ ഡ്യൂട്ടി റോട്ടയില്‍ നോക്കി . ഞെട്ടിപ്പോയി ,സൂക്ഷം അന്നേ ദിവസം ഡ്യൂട്ടിയാണ് .

സഹപ്രവര്‍ത്തകരില്‍ മലയാളി കാലിലെ പന്ത് കളി തലയ്ക്കു പിടിച്ചവന്‍ ആണ് . ഡ്യൂട്ടി എടുക്കണം എന്ന് പറഞ്ഞാല്‍ അതിയാന്റെ ഫുട്‌ബോള്‍ ഭ്രാന്ത് ശരിക്കുള്ള ഭ്രാന്തായി മാറും ..അന്നേ വരെ സാറേ എന്ന് വിളിച്ച വായ കൊണ്ട് അവന്‍ മറ്റ് വല്ലതും വിളിക്കും . പിന്നെയുള്ളവന്‍ പാകിസ്ഥാനി ആണ് . നോം വകുപ്പ് മേധാവി ആയത് കൊണ്ട് ആ ദേഹം സമ്മതിച്ചു എന്ന് വരാം , പക്ഷെ പകരം മൂന്ന് പ്രാവശ്യം തിരിച്ചും സഹായം ചോദിക്കും ..അത് പാരയാവും .
കുടുങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ ..

ഡ്യൂട്ടി ഫോണില്‍ കൂടെയൊക്കെ മയത്തില്‍ എടുക്കാന്‍ പറ്റിയെന്നും വരില്ല . കാരണം അറബിച്ചെക്കന്മാരും ഫുട്‌ബോള്‍ വട്ടന്മാര്‍ ആണ് . ആര് ജയിച്ചാലും അവന്മാര് ആഘോഷിക്കും . കാറും ബൈക്കും എടുത്ത് നൂറ്റമ്പതു കിമി സ്പീഡില്‍ തലങ്ങും വിലങ്ങും ഓടിക്കുക ആണ് പ്രധാന ഐറ്റം .. നാല് വീലുള്ള കാര്‍ രണ്ട് വീലിലും , രണ്ട് വീലുള്ള ബൈക്ക് ഒരു വീലിലും ഓടിക്കാനുള്ള ബുദ്ധിയേ പടച്ച തമ്പുരാന്‍ അവര്‍ക്ക് കൊടുത്തിട്ടുള്ളൂ . പകരം ക്ടാങ്ങള്‍ക്ക് ധാരാളം പണം നല്‍കി സബൂര്‍ ആക്കി വിട്ടിരിക്കുകയാണ് . പെട്ടെന്ന് അങ്ങ് തിരിച്ച് ചെല്ലണം എന്ന കണ്ടീഷനില്‍ , പരലോകത്തേക്കേ …
എന്നിട്ട് കൂട്ടിയിടിച്ചു പപ്പടവും പരിപ്പും ആയി വരും …പപ്പടം പോലെ പൊടിഞ്ഞ തലയോട്ടിയും , വെന്ത പരിപ്പ് പോലെ പുറത്ത് ചാടിയ തലച്ചോറും .

തലച്ചോറ് ഇല്ലാത്തവന് പോലും ഹെഡ് ഇഞ്ചുറി ഉണ്ടാകുന്ന അപൂര്‍വ ദേശം ആണ് . തകര്‍ന്ന ഹൃദയത്തോടെ ടോണിയോടു പറഞ്ഞു . ‘ സോറി ബോസ്സ് , ഡ്യൂട്ടിയാണ്, വരാന്‍ പറ്റില്ല . മാപ്പാക്കണം . മറ്റൊരിക്കല്‍ വരാം . ഇന്ന് വരാതെ ഇരുന്നതിന്റെ ദേഷ്യത്തിന് വിളിക്കാതെ ഇരിക്കരുത് ‘ മറുവെടി ഉടന്‍ ഉണ്ടായി ‘ സാരമില്ല ഡോക്ടര്‍ , അടുത്ത തവണ തീര്‍ച്ചയായും വിളിക്കും , . അടുത്ത ലോക കപ്പിന്., വരാതെയിരിക്കരുത്,’

മനസ്സിലായി. അടുത്ത ക്ഷണം ഇനി നാല് കൊല്ലം കഴിഞ്ഞെന്നു .. അച്ചായന്‍ ആരാ മോന്‍ … ജീവനോടെ വധിക്കപ്പെട്ടു എന്നര്‍ത്ഥം . ഫുട്‌ബോള്‍ ഭാഷയില്‍ സഡന്‍ ഡെത്ത്.

[divider]

എഴുതിയത് : മോനി കെ വിനോദ് 

[divider]

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.