ക്രിസ്തു, ചെഗുവേര, യേഗല്‍സ്, മാര്‍ക്സ്, കാരാട്ട്.
കുറച്ചുദിവസമായി “അവിയലില്‍” ഇതുവരെ കാണാത്ത കഷ്ണങ്ങള്‍! പോലെ പുതിയ ചിലത്! അതോ “റെസിപ്പി മാറ്റിയോ?” അവിയലിന്റെ പേറ്റന്റ്‌ ചൈന കൈവശപ്പെടുത്തിയോ?

“സാത്താന്‍ യേശുവിനെ മരുഭൂമിയില്‍ പരീക്ഷിച്ചപോലെ സി.പി. എമ്മും യേശുവിനെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു.”
പറഞ്ഞതാരുമല്ല സാക്ഷാല്‍ കെ.പി.സി.സി പ്രസിഡന്റ്!

ചിരിവന്നില്ലങ്കിലല്ലേ അത്ഭുതമുള്ളൂ. ഇതുവല്ലോം ഒരു പരീക്ഷണമാണോ?

“കൊണ്ഗ്രസില്‍ പുനസന്ഘടന വേണമെന്ന് മുറവിളിയുയരുമ്പോഴും  തലയുരുളുമെന്നു തോന്നുമ്പോഴുമൊക്കെ പാവം “ഉമ്മച്ചനെ” നോക്കി, ആ കസേര നോക്കി, ഉമിനീരിറക്കുന്ന, ആവനാഴിയില്‍ തുരുമ്പരിക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ശരങ്ങളെയ്തു മുഖ്യനെ മുള്‍മുനയില്‍ നിലര്‍ത്തി “പരീക്ഷിക്കുന്ന” തനിക്ക്  അവസരോചിതമായി പ്രയോഗിക്കാന്‍ സാത്താന്‍റെ ഉപമകള്‍ തലയില്‍ തെളിയാന്‍ ദിനവും ബൈബിള്‍ നോക്കേണ്ട ആവശ്യമില്ലല്ലോ. കണ്ണാടിയില്‍നോക്കിയാല്‍ പോരേ?

അല്ലെങ്കിലും ഈ ചുള്ളന്മാരായ കുള്ളന്മാര്‍ക്ക് കുരുട്ടുബുദ്ധിക്ക് വല്ല പഞ്ഞവുമുണ്ടോ?

അതവിടെ നില്‍ക്കട്ടെ. ശരാശരി സത്യക്രിസ്ത്യാനികളെല്ലാം നേരിടുന്ന വിശ്വാസത്തിനു വിഘാതമാകുന്ന ചില പരീക്ഷകളെക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഇതു രാഷ്ട്രീയക്കാരില്‍ നിന്നോ, മറ്റു മതങ്ങളില്‍ നിന്നോ അല്ല. പരീക്ഷണമെന്നോ പ്രലോഭാനമെന്നോ വേണേല്‍ പറയാം. മനുഷ്യനല്ലേ പറഞ്ഞിട്ട് കാര്യമില്ല. വീണുപോകും!

“സണ്‍‌ഡേ ഹോളിഡേ”. രാവിലെ പള്ളിയില്‍പോകാതെ ഒരു പരിപാടിയുമില്ല. കുടുംബനാഥന്‍മ്മാര്‍, പ്രായപൂര്‍ത്തിയായെന്നവകാശപ്പെടുന്ന ബോയ്സ് ആന്‍ഡ്‌ ഗേള്സ്, “അടിച്ചുപോകാറായ” കുറെ കടുംവെട്ടുകള്‍ ഇവര്‍ ആദ്യത്തെ കുര്‍ബാനയ്ക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍, അടുക്കളയില്‍ വീട്ടമ്മമാര്‍ ചട്ടിയിലൊട്ടിപ്പോയ പാലപ്പത്തിനോടു മല്‍പ്പിടുത്തം നടത്തുന്നു. കുട്ടികള്‍ കട്ടിലിനടിയിലോ പത്രക്കെട്ടുകല്‍ക്കുള്ളിലോ കാണാതെപോയ വേദപാഠ-കുര്‍ബാനപുസ്തകം തപ്പുന്നു. ഇതൊരു പതിവ് സണ്ടേ കാഴ്ച!

അകലെ പള്ളിയില്‍ വികാരിയച്ചന്റെ ഘോരമായ പ്രസംഗം അരമൈല്‍ ദൂരത്തോളം അതിരുകളെ ബോറടിപ്പിക്കുന്നു. (കോളാമ്പി നിരോധിച്ച ഹൈക്കോടതിക്ക് സ്തുതിയായിരിക്കട്ടെ.) പതിവുപോലെ അല്പം താമസിച്ചിറങ്ങിയാല്‍ നേരത്തെ തിരികെയെത്താമെന്ന പോളിസിയില്‍ മുറുകെപ്പിടിച്ചു ഞാനും സുഹൃത്ത് കായികാധ്യാപകന്‍ മാഷും പള്ളീലച്ചന്റെ ആരോടെന്നില്ലാത്ത കലിപ്പടങ്ങാന്‍  കാത്തുനിന്ന് സഹികെട്ട് നടവാതിലില്‍ മൂപ്പര്‍ക്ക് മുഖദര്‍ശനം നല്‍കാതെ ഒഴിഞ്ഞുമാറി അകത്തേയ്ക്ക് കടന്നു.

വല്ലപ്പോഴും കാണുന്ന തലയായതിനാല്‍ എന്നെ ലോങ്ങ്‌ റെയ്ഞ്ചില്‍ പിടികിട്ടിയില്ലെന്കിലും വോളിബോള്‍ താരവും ആറാറരയടി തലയെടുപ്പുമുള്ള  നെടുവിരിയന്‍ മാഷിനെ ഒറ്റനോട്ടത്തില്‍ കണ്ടതും അതുവരെ അലയടിച്ചിരുന്ന ആ “സാഗരഗര്‍ജനം” നിലച്ചു. കരഞ്ഞു നിലവിളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ വായില്‍ “മില്‍മയുടെ” കണക്ഷന്‍ കൊടുത്തപോലത്തെ സൈലന്‍സ് അച്ച്ചനില്‍നിന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല.

പ്രസ്ന്ഗത്തിന്റെ ട്യൂണ്‍ ഒന്ന് മാറി. “ദാ നോക്കൂ..സമൂഹത്തിനു മാതൃകയാകേണ്ട പലരും………”

അത്രയും കേട്ടപ്പോള്‍തന്നെ അപകടം മണത്ത മാഷ്‌ നിന്നനില്‍പ്പില്‍ അലച്ചുതല്ലി നിലത്തു വീണു. സ്രാഷ്ടാന്ഗം പ്രണമിച്ചു നിവര്‍ന്ന്, ഒന്നുമറിയാത്തപോലെ മുട്ടിന്മേല്‍നിന്ന്, ഉന്നതങ്ങളിലേക്ക് കണ്ണുകളുയര്‍ത്തി നല്ലശ്വാസം വലിച്ചു. തിരിഞ്ഞുനോക്കിയ ആള്‍ക്കൂട്ടം ആരെയും കാണാതെ നിരാശരായി. പിടിച്ചിട്ടും കയ്യില്‍നിന്നു വഴുതി വെള്ളത്തില്‍പ്പോയ വരാല്‍ മീനിനെ പോലെ മാഷ് കിടക്കുന്നതുകണ്ടു നഷ്ടബോധത്താല്‍ വികാരിയച്ചന്‍ വിശുദ്ധ കുര്‍ബാന കണ്ടിന്യൂ ചെയ്തു.

എന്തൊരു  പരീക്ഷനമാനെന്റെ പൊന്നച്ചാ…….

അടുത്ത ഞായറാഴ്ച ഏതായാലും നമ്മുടെ ഇടവകപ്പള്ളിയിലേയ്ക്കില്ല. ഇവിടെ മാത്രമല്ലല്ലോ തൊട്ടടുത്ത പഞ്ചായത്തിലും വേറെ പള്ളിയുണ്ടല്ലോ എന്നോര്‍ത്ത് സമാധാനിച്ചു.

അയല്‍പക്കത്തെ പള്ളി. പതിവുതെറ്റിക്കാതെ അടുത്തവാരവും സുവിശേഷ പ്രസംഗ സമയംതന്നെ മറ്റൊരു സുഹൃത്തിനോടൊപ്പം പള്ളിയിലെത്തി. ഇപ്പോള്‍ വരാം എന്നു പറഞ്ഞു ഉടനെതന്നെ സുഹൃത്ത് എങ്ങോട്ടോ പോയി. പൊടുന്നനെ പിറകില്നിന്ന കുറെ പുരുഷന്മാരുടെ കൊഴിഞ്ഞുപോക്കും ശ്രദ്ധയില്‍പ്പെട്ടു. കയ്യില്‍ പ്ളാസ്റിക് കൂടുകളുമായി മറ്റൊരു പുരുഷാരം പള്ളിമുറ്റ്ത്തെയ്ക്ക് മടങ്ങിവരുന്നുമുണ്ട്. എന്താ സംഭവമെന്നറിയാന്‍ അടുത്തുനിന്നോരപ്പച്ചന്‍ന്റെ ചെവി ഞാന്‍ കടിച്ചുപറിച്ചു. സംഗതി കേട്ട് ഒന്ന് ഞെട്ടിയെങ്കിലും ആരെയും കുറ്റംപറയാനൊക്കത്തില്ല.

പള്ളിയിലേയ്ക്ക് വന്ന വഴിയില്‍ “നല്ല മുട്ടന്‍ തൊട” തൊലിയുരിഞ്ഞ് കെട്ടിഞാത്തിയിട്ടുകൊണ്ട്, പിച്ചാത്തിക്ക് മൂര്‍ച്ചകൂട്ടി, ഇറച്ചിക്കടക്കാരന്‍ സുലൈമാന്‍ പപ്പായപോലെ തൂങ്ങിയ തന്‍റെ മാറും കുലുക്കിക്കൊണ്ട് പള്ളിയില്പോകുന്ന കുഞ്ഞാടുകളെ പ്ലാവില കാട്ടി പ്രലോഭിപ്പിക്കുന്ന മാതിരി, “ഈ പോത്തിറച്ചി കണ്ടിട്ട് നീയൊക്കെ എങ്ങോട്ടാ ഇത്ര ധൃതിയില്‍ വച്ചുപിടിക്കുന്നത് കള്ളനസ്രാണികളെ” എന്ന ഭാവേന ഉള്ളിലൂറിച്ചിരിച്ച് നിന്നത് വെള്ളമിറക്കിനിന്നു ഞാനും കണ്ടതാ.

ആ അപ്പച്ചന്‍റെ വാക്കില്‍ പറഞ്ഞാല്‍….

“എന്‍റെ കുഞ്ഞേ നല്ലൊരു ഞാറാഴ്ചയായിട്ടു ഇത്തിരി പുട്ടും പോത്തിറച്ചിയും കഴിക്കണമെങ്കില്‍ ഇപ്പോള്‍ പോയി വാങ്ങിയാലല്ലേ കിട്ടൂ. പള്ളിപിരിഞ്ഞു അങ്ങോട്ട്‌ ചെന്നാല്‍ പട്ടിക്ക് കൊടുക്കാനുള്ള എല്ലുപോലും ആള്‍ക്കാരു മിച്ചം വച്ചേക്കില്ല.”

വികാരിയച്ചന്‍, തന്‍റെ പ്രസംഗം കേട്ടിട്ടാണെന്ന് ഈ കൊഴിഞ്ഞുപോക്ക് എന്നു കരുതിയാണോ എന്തോ അതിരൂപതയില്‍നിന്നും മെത്രാന്‍  കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ സമയത്ത് “ചറ പറ” അയച്ച ഇടയലേഖനം വായിച്ചു നോക്കിയിട്ടും ആ ഇടവകയിലും പ്രാന്തപ്രദേശങ്ങളിലും ഒരു രക്ഷയുമുണ്ടായില്ല.

എന്തൊക്കെ പ്രലോഭനങ്ങള്‍ താണ്ടി വേണം നസ്രാണിക്ക് പള്ളിയില്‍ മനസമാധാനത്തോടെനിന്ന്  ഒന്ന് പ്രാര്‍ഥിക്കാന്‍.
ഏയ്‌, ഇറച്ചി വെട്ടുകാരന്‍ സുലൈമാന്‍ ഏതായാലും കമ്മ്യൂനിസ്ടല്ല.

അതൊക്കെ തരണംചെയ്തു എന്നുവയ്ക്കുക. ഏറ്റവും തീഷ്ണമായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു പങ്കെടുക്കുന്ന ദുഃഖവെള്ളിയാഴ്ചത്തെ കുരിശിന്‍റെ വഴിയിലോ? അത് ഞാന്‍ കുറേ കാലമായിട്ടു ശ്രദ്ധിക്കുന്നതാ….

നട്ടുച്ചവെയിലില്‍ പൊരിഞ്ഞു സ്ലീവാ പാത പകുതിയാകുമ്പോള്‍ പുഴയോരത്തെ വഴിയില്‍ കയ്യില്‍ കുരിശേന്തി മുട്ടിന്മേല്‍ നില്‍ക്കുന്ന ആബാലവൃദ്ധം ഒരുചൂളംവിളി കേട്ട് വശത്തേയ്ക്ക് തിരിഞ്ഞു നോക്കുന്നു. അതാ താറാംകൂട്ടത്തെ വള്ളത്തില്‍ നിന്നു അടിച്ചു തെളിച്ചുകൊണ്ട് താറാവുകാരന്‍  മത്തായി ഉള്ളില്‍ കള്ളച്ചിരിയുമായി നില്‍ക്കുന്നു. ആ മനസ് എനിക്ക് വായിക്കാം…….

“മക്കളേ…….ദുഖവെള്ളി ഇന്നുകഴിഞ്ഞു നാളെ ഈസ്റ്റര്‍ വരും. അരുമയാര്‍ന്ന എരുമയും പോത്തും ഒപ്പം എന്‍റെയീ താറാവുകളും നിങ്ങളെ കാത്തുനില്‍ക്കുന്നു.” കമോണ്‍..!

എന്തോരു പരീക്ഷണമാണെന്റെ കര്‍ത്താവേ…………
എന്തൊക്കെ മാര്‍ക്കെറ്റിഗ് തന്ത്രങ്ങള്‍ അതിജീവിച്ചാണ് ഈ നാട്ടിന്‍പുറത്തുപോലും ഒരു സമൂഹം പ്രാര്‍ത്ഥനയില്‍ കൊന്സന്ട്രേറ്റു ചെയ്യാന്‍ പെടാപാടുപെടുന്നത്.

എന്നിട്ടും ഞങ്ങള്‍ പതറാതെ പിടിച്ചുനിന്നില്ലേ? പിന്നെയാണോ വെറുമൊരു പോസ്റ്റര്‍ ഒട്ടിച്ചു, തലവെട്ടിച്ചു എന്നൊക്കെ പറഞ്ഞ്‌ ഞങ്ങള്‍ കൂട്ടംതെറ്റിപ്പോകുമെന്നു ഭയക്കുന്നു.

എങ്കിലും ഈ മാര്‍ക്സിസ്റ്റ്‌ പാര്ടിക്കാര്‍ക്ക് ഇത്രപോല്ലാപ്പുണ്ടാക്കേണ്ട കാര്യംവല്ലോമുണ്ടോ? ഗാന്ധിത്തലയുള്ള ഒരു താളും മേടിച്ച് സുലഭമായി കിട്ടിയ “വാട്ടീസുമടിച്ച്” മനുഷ്യച്ചങ്ങലയ്ക്കും ജില്ലാ, സംസ്ഥാന സമ്മേളനത്തിനും നമ്മളോരുമിച്ചല്ലേ ശക്തി തെളിയിച്ചത്? കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയെന്നോ, കോണ്ഗ്രസ്സ് എന്നോ ബി. ജെ. പി.യെന്നോ നോക്കാതെ “വല്ലതും തടയുന്ന” ഏത് പരിപാടിക്കും മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച് ഇറച്ചിവെട്ടുകാരന്‍ സുലൈമാനും താറാവുകാരന്‍ മത്തായിയും ചായക്കടക്കാരന്‍ ചന്ദ്രനും പോകുന്നതല്ലേ? കെ. കരുണാകരനും മുരളിക്കും വേണ്ടി എത്ര തവണ ശക്തിതെളിയിച്ചു ചന്ദ്രന്‍ പുതിയ സൈക്കളും മത്തായി കൊച്ചുവള്ളവും സുലൈമാന്‍ കൈവണ്ടിയും വാങ്ങിച്ചു.

ഇനിയിപ്പം ചെഗുവേരയുടെ കൂടെ യേശുക്രിസ്തുവിനെ കൂടെ ടീ-ഷര്‍ട്ടിന്റെ ചേര്‍ത്താല്‍ എന്നെപ്പോലെതന്നെ ഉറച്ച വിശ്വാസിയായ സുലൈമാന്റെയും ചന്ദ്രന്റെയും കാര്യത്തില്‍ ഇനി യാതൊരു ഉറപ്പും പറയാനൊക്കത്തില്ല. മത്തായി എസ്‌.എന്‍.ഡി.പി.യുടെയും എന്‍.എസ്‌.എസി.ന്‍റെയും ജാഥ അറ്റെന്‍റ് ചെയ്തു സമയമുണ്ടെങ്കില്‍ പാര്‍ട്ടിയെയും പരിഗണിച്ചേക്കും.

നബിയുടെ മുടിയല്ലാതെ പടമൊന്നും അടുത്തകാലത്ത് കിട്ടില്ലന്നാണ് അബുദാബിയില്‍ നിന്നുള്ള അറിവ്. ഗ്ലാമര്‍ നോക്കി കൃഷ്ണനെയോ, ശിവനെയോ, ആരെയാ വേണ്ടത് എന്ന് തീരുമാനിക്കുവാണെങ്കില്‍ ചങ്ങനാശ്ശേരി മന്നം സ്മാരകം വരെചെന്നാല്‍  ഒന്ന് നോക്കാമെന്നും അതല്ല താടിയുള്ളവര്‍തന്നെ വേണമെങ്കില്‍ എല്ലാംതികഞ്ഞോരാള്‍ താന്‍ മാത്രമേയുള്ളുവെന്നും നാരായണപ്പണിക്കര്‍ പറഞ്ഞതായാണ് നായന്മാരായ ബ്ലോഗര്‍മാരുടെ ഇ-മെയില്‍ ചോര്‍ത്തിയവഴി എനിക്ക് കിട്ടിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

എന്തെല്ലാം…. പരീക്ഷണങ്ങള്‍!
ഈശ്വരോ (പാര്‍ട്ടിയേ) രക്ഷതോ…..

You May Also Like

ഇമെയില്‍ സുരക്ഷ – ചില വസ്തുതകള്‍

ഈ തിരക്ക് പിടിച്ച ഇന്റര്‍നെറ്റ്‌ എന്ന ബസ്സില്‍ ആരു വേണെമെങ്കിലും പോക്കറ്റടിക്കപ്പെടാം.

ഇതാവണം ബ്ലോഗ്‌ !

വഴി മാറി പറക്കാനുള്ള തീരുമാനം എന്റേതായിരുന്നു .. എന്നത്തേയും പോലെ അവളെന്നെ അനുസരിക്കുക മാത്രമായിരുന്നു . ഞങ്ങള്‍ ദേശാടനക്കിളികള്‍ക്ക് നിയതമായ വഴിയുണ്ട്.. മഞ്ഞുറയും തീരം മുതല്‍ മഞ്ഞുരുകും തീരം വരെ ഭൂമിക്ക് വിലങ്ങനെയാണ് ഞങ്ങളുടെ സഞ്ചാരപഥം. പകുതി ദൂരം ഞങ്ങള്‍ ഒന്നിച്ചു പറക്കും. പിന്നെ ഭൂമധ്യത്തില്‍ വെച്ച് ഞങ്ങള്‍ പാതി പാതിയായി വേര്‍പിരിയും. വീണ്ടും മഞ്ഞുരുകും തീരത്ത് ഒന്നിച്ചു ചേരും. ഈ വേര്‍പിരിയലില്‍ ചിലപ്പോള്‍ അവളും എന്നില്‍ നിന്ന് അകലാറുണ്ട്. നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കുക എന്നത് ഏതു കൂട്ടത്തിലും നിര്‍ബന്ധമാണല്ലോ.

പ്രിയങ്ക ഗാന്ധി, കാന്‍ഡിക്രഷ്, നീലച്ചിത്രം ; ഇതൊക്കായാണ് ബിജെപി എം.എല്‍.എ മാരുടെ ഹോബി

ബുധനാഴ്ച നടന്ന സംഭവത്തില്‍ എംഎല്‍എ മാരായ പ്രഭു ചവാന്‍, യുബി ബനകര്‍ എന്നിവരാണ് ഇതിനെ തുടര്‍ന്ന്! വെള്ളം വിവാധത്തിലായത്.

ഡബ്‌സ്മാഷ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ വീഡിയോ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം!

പ്രശസ്തി നേടുന്നതിനൊപ്പം പ്രശ്‌നങ്ങള്‍ക്ക് സാദ്ധ്യതകള്‍ സൃഷ്ടിച്ച് ഡബ്‌സ്മാഷ്!