പൂരാടം നാള്‍ സ്‌കൈപ്പ് ചെയ്യവേ ഭാര്യയാണ് ഓര്‍മിപ്പിച്ചത് . ‘ ജീവിതത്തില്‍ ആദ്യമായി ഈ ഓണം താങ്കള്‍ ഒറ്റയ്ക്ക് ഉണ്ണാന്‍ പോകുന്നു .’ ചെറുതായൊന്നു ഞെട്ടി ..രണ്ടു പേര്‍ക്കും ലേശം സങ്കടം ഉണ്ടായോ എന്നൊരു സന്ദേഹം ..’ ഓ . സാരമില്ല , നമ്മളൊക്കെ ഒറ്റക്കല്ലേ വന്നത് , ഒറ്റക്കല്ലേ കട്ടയും പടവും മടക്കുന്നത് ‘ എന്നൊക്കെ പറഞ്ഞു സീന്‍ ഒഴിവാക്കി ..
ഉത്രാടം രാവിലെ ആത്മ സുഹൃത്തുക്കള്‍ ആയ അശോകന്‍ ബീന ഗപ്പിള്‍സ് വിളിച്ചു ..’ ഡോക്ടര്‍ നാളെ ഒന്നര മണിക്ക് ഉണ്ണാന്‍ വരണം’ …’ഞാന്‍ ഓണം അവധി എടുക്കുന്നില്ല , വീട്ടില്‍ എത്തുമ്പോള്‍ മൂന്ന് മണിയാവും’ എന്ന് കാല് പിടിച്ചു കേണു പറഞ്ഞാറെ , എന്നാല്‍ ഞങ്ങള്‍ പാര്‍സല്‍ എത്തിക്കാം എന്നായി ചങ്ങാതിമാര്‍. ഓക്കേ ശരി എന്ന് നമ്മളും ..
ഉച്ചയായപ്പോള്‍ സണ്ണിച്ചായന്‍ ഫോണില്‍ കൂടി പ്രസ്താവിച്ചു ‘ ഡോക്ടര്‍ , നാളെ ഓണം നമ്മള്‍ ഒന്നിച്ചു ഉണ്ണുന്നു ‘ പ്രഖ്യാപനം ആണ്. ക്ഷണം അല്ല.

സണ്ണിച്ചായന്‍ നാട്ടിലെ അയല്‍വാസിയായിരുന്നു , ഇപ്പോഴും ആണ് . പപ്പയുടെ സുഹൃത്തിന്റെ മകന്‍. ആ വകയില്‍ ജ്യേഷ്ഠസഹോദരന്‍ അതും പോരാഞ്ഞു ഫുജൈറയിലെ എന്റെ ലോക്കല്‍ ഗാര്‍ഡിയന്‍ കൂടിയാണ് . നല്ല മനുഷ്യന്‍ .പള്ളിയിലെ ട്രസ്ടി ആണെന്നത് ഒഴിച്ച് മറ്റ് ദുശ്ശീലങ്ങള്‍ ഒന്നുമില്ല .’ വേണ്ട , സാരമില്ല ..പാര്‍സല്‍ വരുന്നുണ്ട് ‘ എന്ന് മയത്തില്‍ പറഞ്ഞു . ഒന്ന് കൂടെ നിര്‍ബന്ധിച്ചാല്‍ പോകാം എന്നതായിരുന്നു പ്ലാന്‍ . തന്ത്രം ഫലിച്ചു . അദ്ദേഹം അതി നിശിതമായി നിര്‍ബന്ധിച്ചു .’വന്നില്ലെങ്ങില്‍ വധിക്കും, പള്ളിക്കാരെ കൊണ്ട് അടിപ്പിക്കും’ എന്നൊക്കെ പുള്ളി പറഞ്ഞതായി ഞാന്‍ സങ്കല്‍പ്പിച്ചു . എന്നെ ഞാന്‍ കൂടി നിര്‍ബന്ധിച്ചു കൂട്ടികൊണ്ട് പോയി ..
ചെല്ലുമ്പോള്‍ തന്നെ സദ്യ റെഡിയായിരുന്നു .. തറയിലും മേശപ്പുറത്തും ആയി രണ്ടു പന്തിയില്‍ ആണ് വിളമ്പ് .
ടൈറ്റ് പാന്റില്‍ കയറിയാണ് ഞാന്‍ ചെന്നത് , അത് കൊണ്ടാണോ അതോ മറ്റുള്ളവരുടെ മുന്‍പില്‍ മുട്ട് മടക്കാത്തവന്‍ ആണ് ഞാന്‍ എന്നു തെറ്റായി ധരിച്ചു ആണോ എന്നറിയില്ല . എനിക്ക് കസേര തന്നു.

‘തറയില്‍ ഇരിക്കാം , ഞാന്‍ ആള് കാണും പോലെ അല്ലാ , മഹാ തറയാണ്’ എന്നൊക്കെ പറഞ്ഞു നോക്കി , സമ്മതിച്ചില്ല ..
തീറ്റ തുടങ്ങിയപ്പോഴാണ് സൂപ്പര്‍ താരം എത്തിയത് ..സ്വര്‍ണ മാലയും ബ്രേസ് ലെറ്റും , കര്‍ചീഫ് സൈസില്‍ കസവ് മുണ്ടും ധരിച്ച് വീട്ടിലെ പുത്തന്‍ അതിഥി …അലെക്‌സിസ് വാവ…അച്ചായന്റെ സുന്ദരി മകളുടെ സുന്ദരന്‍ മകന്‍ . അവന്റെ അച്ചന്‍ ചുള്ളന്‍ ജോലിത്തിരക്കിനിടയില്‍ ദുബായിയില്‍ കുടുങ്ങിപ്പോയിരുന്നുഅലെക്‌സിസ് ആശാന്റെ ആദ്യ ഓണം ആണ് ..

പായില്‍ കമിഴ്ന്നു കിടന്നാണ് തീറ്റ. താരത്തിന്റെ ഗ്ലാമര്‍ കണ്ട് അസൂയയില്‍ ആഴത്തില്‍ പൂണ്ടു മനസ്സില്‍ പറഞ്ഞു ‘ എടാ കൊച്ചനേ , നിന്നെക്കാള്‍ നാല്‍പ്പത്തി ഒന്‍പതു ഓണം കൂടുതല്‍ ഉണ്ടവനാണ് ഞാന്‍ , നിന്നെ പിന്നെ എടുത്തോളാം. നീ അല്പം കൂടി വളരട്ടെ ‘, വളരെ ചീള് ചിന്ന പയലുകളെ എടുത്തു പരിചയം ഇല്ലാത്തതു കൊണ്ടാണ് .കുടുംബിനി ബീന അസാധ്യ കുക്ക് ആണ് ..വാഴയില .അങ്കത്തട്ടായി .പൊരിഞ്ഞ വെട്ട് , ഓതിരം കടകന്‍ …ഊണ് കൂടിപ്പോയെന്നു തോന്നി ..കാഴ്ച മങ്ങാന്‍ തുടങ്ങി ..തല ഉറക്കുന്നില്ല ..ഊണിനോപ്പം പച്ച വെള്ളം മാത്രം കുടിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാറില്ലാത്തതാണ് ..പിന്നെ ഓര്‍മ വരുമ്പോള്‍ സ്വന്തം ഫ്‌ലാറ്റില്‍ ബെഡ്ഡില്‍ കിടപ്പാണ്. നിദ്രാദേവി അടിച്ചു ഫ്‌ലാറ്റ് ആക്കി ബെഡ്ഡില്‍ ആക്കിയതാണ് ..ദേവി പിടി വിട്ടപ്പോള്‍ മണി ആറര, ..ത്രിസന്ധ്യ .സണ്ണിച്ചായനും കുടുംബത്തിനും നന്ദി , ഊണിന് മാത്രം അല്ല ,ഓണത്തിന് അനാഥന്‍ ആവേണ്ടിയിരുന്ന എന്നെ സനാഥന്‍ ആക്കിയതിന് …അവിട്ടം ദിവസത്തിലും ഗംഭീര സദ്യ തരമാക്കിയത്തിനു അശോകന്‍ജിക്കും നന്ദി …

 

[divider]

എഴുതിയത് : മോനി കെ വിനോദ്

[divider]
You May Also Like

മലയാള സിനിമയുടെ സ്വന്തം പ്രതിനായകൻ

നടനെന്ന നിലയിൽ മലയാള സിനിമയിൽ നരേന്ദ്രപ്രസാദ് സജീവമായത് 1992 മുതൽക്കാണ്..എന്നാൽ തൊട്ടടുത്ത വർഷം അതായത് 1993 മുതൽക്കാണ് അദ്ദേഹം മലയാള സിനിമയിൽ

ഭാര്യയ്ക്കു ശമ്പളം

ഹ! ഇതിനാണു ഞാനിത്രേം കാലം കാത്തിരുന്നത്. ശാരി സന്തോഷം കൊണ്ടു മതിമറന്നു പറഞ്ഞതു കേട്ട് ഞാന്‍ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ നിന്നു തലയുയര്‍ത്തി നോക്കി. ഊണുമേശമേല്‍ പത്രം നിവര്‍ത്തിയിട്ടിരിയ്ക്കുന്നു. അതില്‍ ഏതോ ഒരു വാര്‍ത്താശകലം വായിച്ചുകൊണ്ടാണ് അവളതു പറഞ്ഞത്. എന്തോ ഒരു ലോട്ടറി കിട്ടിയ ആഹ്ലാദം മുഖത്തുണ്ട്.

സൗബിൻ ഷാഹിർ സിബിഐ 5 ൽ മിസ് കാസ്റ്റ് ആണോ ? എസ് എൻ സ്വാമി മറുപടി പറയുന്നു

ഈയിടെ പല സിനിമകളിലും മിസ് കാസ്റ്റിനു പഴികേട്ട താരമാണ് സൗബിൻ ഷാഹിർ. അത് സൗബിന്റെ അഭിനയത്തിന്റെ…

മ്യാൻമാറും ആങ് സാൻ സൂ കീയും ജനാധിപത്യവും; ഇതെല്ലാം കണ്ടു കരയുന്ന ബുദ്ധനും

മ്യാൻമാറിൽ അനേകം ന്യൂനപക്ഷങ്ങളുണ്ട്. അവയിൽ മിയ്ക്കതിനും രണ്ടാം ക്ളാസ്സ്-മൂന്നാം ക്ളാസ്സ് പൗരത്വങ്ങളേ കിട്ടിയിട്ടുള്ളൂ. എന്നാൽ മൂന്നാം ക്ളാസ്സ് പൗരത്വം പോലും നിഷേധിക്കപ്പെട്ടൊരു ന്യൂനപക്ഷം മ്യാൻമാറിലുണ്ട്