945141_347369768723627_736366009_nവിരസമായ പകലിനു വിലക്ക് കല്‍പ്പിച്ചുകൊണ്ട് ഇന്നത്തെ പകല്‍ തിരശീലയില്‍ നിന്നും മറഞ്ഞു. ഓഫീസ് മുറിയില്‍നിന്നും പുറത്തേക്കിറങ്ങി അവന്‍ ഒരു നിമിഷം നിന്നു, അല്‍പ്പം ശുദ്ധവായു ശ്വസിക്കാനെന്നപോലെ. വീണ്ടും ഒരു പകല്‍ അവസാനിച്ചിരിക്കുന്നു. കംപ്യൂട്ടറും ഫയലുകളും മെയിലുകളും ഒന്നുമില്ലാത്ത വിശാലമായ ഒരു ഭ്രാന്തന്‍ സായാഹ്നം. വ്യഗ്രമായ മനസുമായി അവന്‍ റോഡിലേക്കിറങ്ങി.

അടുത്തുവന്നുനിന്ന ഓട്ടോക്കാരനോട് സീറ്റില്‍ കയറിയിരുന്നു പറഞ്ഞു ‘ അല്‍പ്പം സമാധാനം കിട്ടുന്ന സ്ഥലത്തേക്ക് വിട്….’ അയാള്‍ ഒന്നു തിരിഞ്ഞുനോക്കി മീറ്റര്‍ സ്റ്റാര്‍ട്ടിലിട്ടു . പാതകളെ പിന്നിട്ട് ശകടം ഓടിത്തുടങ്ങി. ഇരുട്ട് വീണ പാതയോരങ്ങളില്‍ പലരും എന്നെപോലെ സമാധാനം അന്വേഷിച്ചിറങ്ങിയവരാകുമെന്നു ഞാന്‍ ആത്മഗതം ചെയ്തു. വലിയ ഒരു ചുവന്ന ബോര്‍ഡിനു മുന്‍പില്‍ വണ്ടി നിന്നു. ‘ എത്രയാ…’ ? ഞാന്‍ ചോദിച്ചു. 20 രൂപ നീട്ടിയ കയ്യില്‍ വച്ച് ഞാന്‍ അകത്തേക്ക് കയറി. ഇരുണ്ട ആ മുറിയില്‍ സമാധാനത്തിന്റെ മാറ്റൊലി എനിക്ക് കേള്‍ക്കാമായിരുന്നു.

ഒഴിഞ്ഞ കോണിലെ ഒരു ടേബിളില്‍ ഞാന്‍ ഇരുന്നപ്പോഴെക്കും, ഒരു ചോദ്യമെത്തി, ‘ സര്‍..ഓര്‍ഡര്‍..’?. ഞാന്‍ മൊഴിഞ്ഞു ‘ സ്ഥിരം ബ്രാന്‍ഡ് 3 എണ്ണം , ഐസും പിന്നെ സോഡയും…’ നിമിഷങ്ങള്‍ക്കുള്ളില്‍ ‘സമാധാനം’ എന്റെ മുന്‍പിലെത്തി. ഒറ്റയടിക്ക് ആദ്യത്തെ ഗ്ലാസ് കാലിയാക്കി അച്ചാര്‍ തൊട്ടു നാക്കില്‍ വച്ചപ്പോള്‍ എന്റെ സിരകളിലേക്ക് തീ ഒഴുകുന്നത് ഞാന്‍ അറിഞ്ഞു. എല്ലാം കാലിയാക്കി ബില്ലും കൊടുത്ത് അവിടെനിന്നിറങ്ങുമ്പോള്‍ കാലുകളുടെ ഇടര്‍ച്ച ഞാന്‍ അറിയുന്നുണ്ടായിരുന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ എനിക്കുചുറ്റും പറന്നു നടക്കുന്നത് അവ്യക്തമായ നിഴലുകള്‍ പോലെ എനിക്ക് കാണാമായിരുന്നു …

Advertisements
ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്ന യുവതലമുറയിലെ ഒരംഗം. മലപ്പുറം സ്വദേശി, സ്വന്തം അറിവുകള്‍ നിങ്ങള്‍ക്കായി പങ്കുവെക്കുന്നു.