സമാനതകളില്ലാത്ത ഫിനിഷര്‍: എബി ഡിവില്ലിയേഴ്സ്

0
261

05

ഏകദിനത്തിലും ട്വെന്റി-ട്വെന്റിയിലും ഒരു ഇന്നിംഗ്സ് ഫിനിഷ് ചെയ്യുന്ന കാര്യത്തില്‍ സ്ഥിരമായി മികവു കാട്ടുന്നവര്‍ ഇന്ന് ഏറെയില്ലെന്ന് തോന്നുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി, സൌത്ത് ആഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ്, വെസ്റ്റ് ഇന്‍ഡീസിന്‍റെ കരന്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഇന്നുള്ള മികച്ച ഫിനിഷര്‍മാരാണ്. ഗ്ലെന്‍ മാക്സ് വെല്‍, ഡേവിഡ് മില്ലര്‍ ,കോറി ആണ്ടെഴ്സന്‍ എന്നിവരെല്ലാം ഇനിയും അന്താരാഷ്ട്രതലത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തേണ്ടതുണ്ട്. പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രിദി എന്തുകൊണ്ട് ഈ ലിസ്റ്റില്‍ വന്നില്ല എന്ന ചോദ്യത്തിനു ഉത്തരം ലളിതമാണ്. സ്ഥിരതയില്ലായ്മയും കൈവശമുള്ള സ്ട്രോക്കുകളുടെ അപര്യാപ്തതയും തന്നെ കാരണം.

01

ലിസ്റ്റില്‍ ഉള്ളവരില്‍ നിന്നും ഏറ്റവും മികച്ച ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം പുറത്ത് പോകുന്നത് പൊള്ളാര്‍ഡ് തന്നെ. അയാള്‍ക്കും പ്രശ്നം സ്ഥിരതയില്ലായ്മ തന്നെയാണ്. പൊള്ളാര്‍ഡ് കാര്യം കളിയുടെ ഗതി തിരിക്കാന്‍ കഴിവുള്ള ഒരു ബിഗ്‌ ഹിറ്റര്‍ തന്നെയാണെങ്കിലും അയാള്‍ ബൌളറുടെ പരിധിക്കുള്ളില്‍ തന്നെയാണ് നില്‍ക്കുന്നത്. മഹേന്ദ്ര സിംഗ് ധോണിയോ എബി ഡിവില്ലിയേഴ്സോ, ആരാണ് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ? ബുദ്ധിമുട്ടുള്ള ചോദ്യമാണ്. ഫിനിഷര്‍മാര്‍ എന്ന രീതിയില്‍ രണ്ടു പേരും മികച്ചവര്‍ തന്നെയാണെങ്കിലും ഇവരില്‍ ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ സ്വാഭാവികമായും ഡിവില്ലിയേഴ്സിനെയാകും സെലക്റ്റ് ചെയ്യുക. തീര്‍ത്തും വ്യത്യസ്തമായ സ്ട്രോക്കുകളുടെ അപാരമായ ഒരു ശേഖരം തന്നെ എബിയുടെ പക്കല്‍ ഉണ്ട്.ഓര്‍ത്തഡോക്സ് ,അണ്‍ ഓര്‍ത്തഡോക്സ് എന്നീ രണ്ടു ശൈലികളിലേക്കും വളരെ പെട്ടെന്ന് തന്നെ കൂട് വിട്ടു കൂടുമാറ്റം നടത്താനുള്ള കഴിവാണ് അയാളെ ധോണിയില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ജാക്ക് കല്ലിസ് കളിക്കുന്ന അതേ അനായാസതയോടെ മനോഹരമായ ഒരു കവര്‍ ഡ്രൈവ് അണ്‍ലീഷ് ചെയ്യുന്ന അയാള്‍ അതേ അനായാസതയോടെ തന്നെ ഓഫ് സ്റ്റമ്പിനു വെളിയില്‍ പിച്ച് ചെയ്യുന്ന ഒരു പന്തിനെ റിവേഴ്സ് സ്വീപ്പിലൂടെ ബൌണ്ടറി കടത്തുന്ന കാഴ്ചയും നമുക്ക് കാണാം. തന്‍റെ ഹിറ്റിംഗ് സോണില്‍ പതിക്കുന്ന പന്തുകളെയെല്ലാം വന്യമായ കരുത്തോടെ അടിച്ചകറ്റാന്‍ ധോണിക്ക് അപാരമായ കഴിവുണ്ട്. എന്നാല്‍ എബിക്ക് അങ്ങനെയൊരു സ്പെസിഫിക് ആയ ഹിറ്റിംഗ് സോണ്‍ ഒന്നുമില്ല. അയാള്‍ ആക്രമണം തുടങ്ങിയാല്‍ ബൌളര്‍ എവിടെ പന്തെറിഞ്ഞാലും അത് തന്‍റെ ഹിറ്റിംഗ് സോണിലാക്കി മാറ്റാനുള്ള കഴിവ് ഡിവില്ലിയേഴ്സിനുണ്ട്. ഗ്രൌണ്ടിന്റെ ഏതു മൂലയിലെക്കും പന്തടിച്ചകറ്റാനുള്ള കഴിവ് കൂടെയാകുമ്പോള്‍ ഡിവില്ലിയേഴ്സ് ക്രിസ് ഗെയിലിനേക്കാള്‍ അപകടകാരിയാകുന്നു.

02

ഒരു ഫിനിഷര്‍ അല്ലെങ്കിലും ഗെയിലിനെ ഈ താരതമ്യത്തില്‍ വെറുതെ ഉള്‍പ്പെടുത്തി നോക്കാം. ഗെയിലിനെ പോലെ ഒരു ബാറ്റ്സ്മാന്‍ തന്‍റെ അപാരമായ കരുത്ത് മാത്രമാണ് പലപ്പോഴും ഉപയോഗിക്കുന്നത്. തന്‍റെ ഹിറ്റിംഗ് സോണില്‍ വരുന്ന പന്തുകള്‍ ഗാലറിയില്‍ എത്തിക്കുന്ന കാര്യത്തില്‍ ഒരു പക്ഷെ ഗെയില്‍ ധോനിയെക്കാലും എബിയെക്കാളും ഒരു പടി മുന്നില്‍ തന്നെയാണെങ്കിലും അയാളുടെ ലിമിറ്റെഷന്‍സ് വളരെ വ്യക്തമാണ്. ബൌളര്‍മാര്‍ക്ക് മെരുക്കാന്‍ പറ്റാത്ത ഒരു കുതിരയൊന്നുമല്ല ഗെയില്‍.ഗെയിലിനെ അപേക്ഷിച്ച് സ്വന്തമായി ഒരു സ്ട്രോക്ക് ഉണ്ടാക്കിയെടുക്കാനുള്ള കഴിവ് എന്നത് ധോണിയിലും എബി ഡിവില്ലിയേഴ്സിലും വ്യക്തമായി കാണാം. യോര്‍ക്കര്‍ ലെങ്ങ്തില്‍ പതിക്കുന്ന പന്തുകള്‍ വരെ തന്‍റെ അസാമാന്യമായ ബാക്ക് ലിഫ്റ്റ്‌ ഉപയോഗിച്ച് ധോണി അടിച്ചകറ്റുന്നു. എന്നാല്‍ പോലും ബുദ്ധിമാനായ ഒരു ബൌളര്‍ക്ക് ഓഫ് സ്റ്റമ്പിനു വെളിയില്‍ അല്‍പം ദൂരെയായി പിച്ച് ചെയ്യിക്കുന്ന യോര്‍ക്കറുകള്‍ ഉപയോഗിച്ച് ധോണിയെ നിയന്ത്രിക്കാവുന്നതാണ്. ഇവിടെയാണ്‌ ഡിവില്ലിയേഴ്സ് വ്യത്യസ്തനാകുന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഡിവില്ലിയേഴ്സ് തന്നില്‍ സ്വാഭാവികമായി ഉള്ള ഇമ്പ്രോവൈസേഷന്‍ എന്ന കഴിവിനെ പുറത്തെടുക്കുന്നത്.

03

ഓഫ് സ്റ്റമ്പിനു പുറത്ത് അല്‍പം വൈഡ് ആയി പതിക്കുന്ന പന്തുകള്‍ വരെ തന്‍റെ കരുത്ത് ഉപയോഗിച്ച് കവറിനു അല്ലെങ്കില്‍ പോയന്റിന് മുകളിലൂടെ അതിര്‍ത്തി കടത്താന്‍ ഡിവില്ലിയേഴ്സിന് ഒരു പ്രത്യേക കഴിവുണ്ട്. ചിലപ്പോള്‍ റിവേഴ്സ് സ്വീപ്, സ്വിച്ച് ഹിറ്റ്‌ തുടങ്ങി നിരവധി ഓപ്ഷനുകള്‍ എബി ഉപയോഗിക്കുന്നു. ബൌളറുടെ നേരിയ പിഴവുകള്‍ പോലും ശിക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ അയാളെ തനിക്ക് കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയ ഏരിയകളില്‍ പന്തെറിയിക്കാന്‍ നിര്‍ബന്ധിതനാക്കുന്ന രീതിയില്‍ ബൌളറുടെ ലൈന്‍&ലെങ്ങ്ത് കണ്‍ട്രോള്‍ ചെയ്യാന്‍ എബിക്ക് പലപ്പോഴും സാധിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. മറ്റേതൊരു കണ്‍വണ്‍ഷനല്‍ ബാറ്റ്സ്മാനെപ്പോലെ തന്നെ മികച്ച ഫുട്ട് വര്‍ക്ക് ആണ് എബിയുടെതും എന്നത് അയാള്‍ക്കൊരു പ്ലസ്‌ പോയന്‍റ് തന്നെയാണ്. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച ലോഫ്റ്റഡ് ഷോട്ടുകള്‍ കളിക്കാന്‍ മികച്ച പാദചലനങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നു. അത് കൊണ്ട് തന്നെ വേഗത കുറഞ്ഞ ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ വിദേശ ബാറ്റ്സ്മാന്‍മാരെ സ്പിന്നറെ ഉപയോഗിച്ച് തളക്കുന്ന തന്ത്രം എബിയോടു വിലപ്പോകാറില്ല.

04

ഇതിപ്പോ ഈ ഐപിഎല്ലിനെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു വിലയിരുത്തലല്ല. എന്നാല്‍ റിസ്ക്‌ എടുക്കേണ്ട സാഹചര്യങ്ങളില്‍ ഡിവില്ലിയേഴ്സിന്‍റെ സമീപനം തികച്ചും പോസിറ്റീവ് തന്നെയാണെന്ന് അയാളുടെ ഈ ഐപിഎല്ലിലെ കുറച്ചു ഇന്നിംഗ്സുകള്‍ നിരീക്ഷിച്ചാല്‍ വ്യക്തമാണ്‌. എന്നാല്‍ ക്ര്യത്യമായി തന്‍റെ പരിധിക്കുള്ളില്‍ നില്‍ക്കുന്നു എന്ന് തോന്നുന്ന ഒരു ടാര്‍ഗറ്റിനെയല്ലാതെ പോസിറ്റീവ് ആയി ധോണി സമീപിക്കുന്നത് അപൂര്‍വമാണ്. അതേസമയം ഇത്തരം സാഹചര്യങ്ങളില്‍ ഇന്നോവേറ്റീവ് ആയ ഷോട്ടുകള്‍ കണ്‍സ്ട്രക്റ്റ് ചെയ്യുന്നതില്‍ ഡിവില്ലിയേഴ്സ് ഒരു മാസ്റ്റര്‍ തന്നെയാണ്. ക്രീസിനെ വിദഗ്ദ്ധമായി ഉപയോഗിച്ച് കൊണ്ട് ഇന്‍സൈഡ് ഔട്ട്‌ ഷോട്ടുകളും പുള്‍ ഷോട്ടുകളും അയാള്‍ അനായാസം കളിക്കുന്നു.ഇക്കാര്യത്തിലും ധോണി ഡിവില്ലിയേഴ്സിന്‍റെ പുറകില്‍ തന്നെയാണ്. തന്‍റെ പരിധിക്കപ്പുറത്ത് നില്‍ക്കുന്നു എന്ന് തോന്നുന്ന ഒരു ടാര്‍ഗറ്റിനെ തന്‍റെ പരിധിക്കുള്ളില്‍ എത്തിക്കാന്‍ അസാമാന്യമായ കഴിവ് ഡിവില്ലിയേഴ്സ് പലപ്പോഴും കാട്ടിയിട്ടുണ്ട്. ആക്രമണം തുടങ്ങിക്കഴിഞ്ഞാല്‍ ബൌളര്‍മാരുടെ വേരിയേഷന്‍സ് ക്ര്യത്യമായി മനസ്സിലാക്കുന്നു എന്നതാണ് അയാളുടെ മറ്റൊരു പ്ലസ്‌ പോയന്‍റ്. പേസര്‍മാര്‍ ഡത്ത് ഓവറുകളില്‍ ഉപയോഗിക്കുന്ന സ്ലോ ബോളുകള്‍ ഒക്കെ ഡിവില്ലിയേഴ്സ് അനായാസമായി പിക്ക് ചെയ്യുന്നു. ധോണിയാകട്ടെ അല്‍പം കൂടെ പ്രെഡിക്റ്റബിള്‍ ആണ്. കളിക്കുന്ന ഷോട്ടുകളും ഡിവില്ലിയേഴ്സിനെ വച്ചു നോക്കുമ്പോള്‍ പ്രെഡിക്റ്റബിള്‍ തന്നെ. മാത്രമല്ല തന്‍റെ പരിധിക്കപ്പുറത്തു നില്‍ക്കുന്നു എന്ന് തോന്നുന്ന ഒരു ലക്ഷ്യത്തെ ചേസ് ചെയ്യുമ്പോള്‍ ധോണി അല്‍പം നെഗറ്റീവ് ആയൊരു സമീപനം ആണ് പലപ്പോഴും സ്വീകരിക്കുന്നത്. ഡിവില്ലിയേഴ്സിന്‍റെ അണ്‍ പ്രെഡിക്റ്റബിള്‍ ആയിട്ടുള്ള സമീപനം പരാജയങ്ങള്‍ കൂടുതല്‍ ക്ഷണിച്ചു വരുത്താന്‍ സാദ്ധ്യത ഉള്ളതാണെങ്കില്‍ കൂടി നിര്‍ണായക സമയങ്ങളില്‍ അയാള്‍ വിജയിക്കുക തന്നെ ചെയ്യുന്നുണ്ട്. ടെസ്റ്റ്‌ മത്സരങ്ങള്‍ കളിക്കുമ്പോള്‍ തന്‍റെ ഇന്നൊവേറ്റീവ് ആകാനുള്ള ടെന്‍ഡന്‍സി അടക്കി നിര്‍ത്തുന്ന ഡിവില്ലിയേഴ്സ് കൂടുതലും ഡ്രൈവുകളെയാണ് സ്കോറിംഗിന് ആശ്രയിക്കുന്നത്. അതെ സമയം ധോണി ഫോമില്‍ എത്തുന്ന ദിവസങ്ങളില്‍ അദ്ദേഹത്തിന്‍റെ മേല്‍ പറഞ്ഞ ദൌര്‍ബല്യങ്ങള്‍ അധികം പ്രകടമാകാറില്ല. വന്യമായ കരുത്തോടെയുള്ള പിക്ക് അപ്പ് ഷോട്ടുകള്‍ക്കൊപ്പം തികച്ചും ഫ്ലാറ്റ് ആയി എന്നാല്‍ അസാമാന്യ കരുത്തോടെ കവറിനു മുകളിലൂടെ ബൌണ്ടറി കടത്തുന്ന ഷോട്ടുകള്‍ ധോണിയുടെ പ്രത്യേകതയാണ്. മാത്രമല്ല ചില ഗ്രൌണ്ട് ഷോട്ടുകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ കരുത്ത് പ്രകടമായി കാണാം.ബൌണ്ടറിയില്‍ തൊട്ടടുത്ത് ഒരു ഫീല്‍ഡര്‍ ഉണ്ടെങ്കില്‍ പോലും അയാള്‍ക്ക് കവര്‍ ചെയ്യാന്‍ കഴിയാത്ത രീതിയില്‍ പവര്‍ ജനറെറ്റ് ചെയ്യപ്പെടുന്ന ഗ്രൌണ്ട് ഷോട്ടുകളുടെ കാര്യത്തില്‍ ധോണി ഒരു പടി മുന്നിലാണ്.അതുപോലെ ഷോര്‍ട്ട് പിച്ച് പന്തുകളെ നേരിടുന്ന കാര്യത്തില്‍ ഡിവില്ലിയേഴ്സ് മുന്നിലാണ് .അയാളുടെ വന്യമായ പുള്‍ ഷോട്ടുകള്‍ മിക്കപ്പോഴും ഗാലറിയില്‍ തന്നെയാകും ലാന്‍ഡ് ചെയ്യുന്നത്.സൌത്ത് ആഫ്രിക്കയിലെ വേഗതയുള്ള പിച്ചുകളില്‍ ഫാസ്റ്റ് ബൌളര്‍മാരെ നേരിട്ട് വളര്‍ന്നതിന്റെ ആനുകൂല്യം തന്നെയാണിത്.എന്തായാലും ഒരു ബൌളര്‍ക്ക് ,അല്ലെങ്കില്‍ ഒരു ഫീല്‍ഡിംഗ് ക്യാപ്റ്റന് ക്ര്യത്യമായി ഡിഫൈന്‍ ചെയ്തു നിയന്ത്രിക്കാനാകാത്ത ഒരു ബാറ്റ്സ്മാന്‍ എന്ന നിലയില്‍ എബി ഡിവില്ലിയേഴ്സ് ഒരു കൊളോസസിനെപോലെ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.