സാമ്പത്തികമാന്ദ്യം കെട്ടുകഥയോ ?

0
1022

സാമ്പത്തികമാന്ദ്യം കെട്ടുകഥയോ ? സുകന്യ കൃഷ്ണ എഴുതുന്നത് വായിക്കാം

ഭാഗം 1

അനുകൂലമായ ഒരു സാഹചര്യം ഇന്ത്യൻ വാഹന വിപണിയിൽ ഇല്ലെങ്കിൽ Kia യും MG യും ഒക്കെ ഇൗ സമയത്ത് തന്നെ ഇന്ത്യൻ വിപണിയിലേക്ക് കടന്ന് വരുമോ?

ഗൾഫ് രാജ്യങ്ങൾ അടക്കം ലോകം മുഴുക്കെ മറ്റൊരു റിസിഷനിലേക്ക് പോവുകയാണ് എന്ന കൃത്യമായ സൂചനകൾ വരുന്നുണ്ട്. അതിന്റെ അലയൊലികൾ തീർച്ചയായും ചെറിയ തോതിലെങ്കിലും നമ്മുടെ രാജ്യത്തും ഉണ്ടായേക്കും. പക്ഷെ എനിക്ക് മനസ്സിലാകാത്തത് നമ്മുടെ മതേതരർ ഏറ്റു പിടിച്ചിട്ടുള്ള ചില വാചകങ്ങളാണ്.

“അഞ്ച് രൂപയുടെ ബിസ്ക്കറ്റ് വാങ്ങുവാൻ പോലും ഇന്ത്യക്കാർ പണം മുടക്കുന്നില്ല…” ബ്രിട്ടാനിയ.

“ഇന്ത്യയിലെ വാഹന നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയുടെ കടന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്…” മഹീന്ദ്ര.

“ഇന്ത്യയിൽ.ഞങ്ങളുടെ ഇരുചക്ര വാഹനങ്ങൾ വാങ്ങുവാൻ ആളുകൾ തയ്യാറാകുന്നില്ല…” ബജാജ്.

“അടിവസ്ത്രം വാങ്ങുവാൻ ഇന്ത്യക്കാർ തയ്യാറാകുന്നില്ല..” ഏത് കമ്പനിയാണ് പറഞ്ഞതെന്ന് അറിയുകയില്ല.

മേൽപ്പറഞ്ഞ നാല് അഭിപ്രായങ്ങൾ പൊടിപ്പും, തൊങ്ങലും ചേർത്ത് നാല് പുറത്തിൽ കുറയാത്ത ഉപന്യാസം രചിച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന തിരക്കിലാണ് മതേതര അപ്പോസ്തലർ.

എന്നാൽ ബ്രിട്ടാനിയ, ബജാജ്, മഹേന്ദ്ര എന്നീ കമ്പനികളുടെ 2017 – 2018, 2018 – 2019 എന്നീ സാമ്പത്തിക വർഷത്തെ വിറ്റു വരവും, മൊത്തം ലാഭവും, അറ്റാദായവും എടുത്ത് നോക്കിയാൽ വളർച്ചയാണ് സംഭവിച്ചിരിക്കുന്നത് എന്ന് കാണാം.

താഴെ കൊടുത്തിട്ടുള്ള കണക്കുകളിൽ മൊത്തം വിറ്റുവരവ് കാണുവാൻ സാധിക്കും.

ബ്രിട്ടാനിയയുടെ ബാലൻസ് ഷീറ്റ്

നെറ്റ് സെയിൽസ്

10,482.45 (2018 – 2019) –
9,304.06 (2017 – 2018)
—————–
1,178.39. അതായത് 12.66% വർദ്ധനവ്

ടാക്സിന് മുൻപുള്ള മൊത്തം ലാഭം

1,716.11 (2018 – 2019) –
1,445.20 (2017 – 2018)
—————–
270.91. അതായത് 18.74% വർദ്ധനവ്

അറ്റാദായം

1,122.20 (2018 – 2019) –
947.89 (2017 – 2018)
—————–
174.31 അതായത് 18.38% വർദ്ധനവ്

മഹീന്ദ്രയുടെ ബാലൻസ് ഷീറ്റ്

നെറ്റ് സെയിൽസ്

53,614.00 (2018 – 2019) –
49,444.99 (2017 – 2018)
—————–
4,169.01 അതായത് 8.43% വർദ്ധനവ്

ടാക്സിന് മുൻപുള്ള മൊത്തം ലാഭം

6,316.16 (2018 – 2019) –
6,110.44 (2017 – 2018)
——————–
205.72 അതായത് 3.36% വർദ്ധനവ്

അറ്റാദായം

4,796.04 (2018 – 2019) –
4,356.01 (2017 – 2018)
——————
440.03 അതായത് 10.10% വർദ്ധനവ്

ബജാജിന്റെ ബാലൻസ് ഷീറ്റ്

നെറ്റ് സെയിൽസ്

30,249.96 (2018 – 2019) –
25,563.26 (2017 – 2018)
——————–
4,686.70 അതായത് 18.33% വർദ്ധനവ്

ടാക്സിന് മുൻപുള്ള മൊത്തം ലാഭം

6,699.60 (2018 – 2019) –
5,768.58 (2017 – 2018)
————–
931.02 അതായത് 16.13% വർദ്ധനവ്

അറ്റാദായം

4,675.18 (2018 – 2019) –
4,068.10 (2017 – 2018)
——————
607.10 അതായത് 14.92% വർദ്ധനവ്.

കഴിഞ്ഞ സാമ്പത്തിക വർഷവുമായി തട്ടിച്ചു നോക്കുമ്പോൾ 2018 – 2019 കാലഘട്ടത്തിൽ 15% ത്തിന് മുകളിൽ അറ്റാദായം നേടിയ കമ്പനികളുടെ ഈ കണക്കുകൾ നമ്മുടെ കൺമുന്നിൽ ഇങ്ങിനെ നിൽക്കുമ്പോൾ എങ്ങിനെയാണ് മതേതരരുടെ പ്രചാരണങ്ങൾ അപ്പാടെ അങ്ങ് വിഴുങ്ങുവാൻ സാധിക്കുന്നത്…?

* തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടികാണിക്കാം. ആവശ്യമെങ്കിൽ തിരുത്താം.

പിൻകുറിപ്പ്: ബ്രിട്ടാണിയയുടെ ബിസ്കറ്റിനേക്കളും നല്ലത് ITC യുടെതാണ് എന്ന് വർഷങ്ങൾക്ക് മുന്നേ തിരിച്ചറിഞ്ഞ് ചുവട് മാറ്റിയ ഒരു ഉപഭോക്താവ് ആണ് ഞാൻ. ഒരുപക്ഷേ ഒരു വലിയ കൂട്ടം ആളുകൾക്കും ആ തിരിച്ചറിവ് ഉണ്ടായി കാണും എന്ന് ബ്രിട്ടാനിയ മനസ്സിലാക്കുന്നത് നന്നായിരിക്കും.

ബജാജിന്റെ കാര്യം: ഒരിക്കൽ ഒരു സ്പോർട്സ് ബൈക്ക്, അല്ലെങ്കിൽ ഒരു ഹൈ എൻഡ് ബൈക്ക് വാങ്ങുവാൻ കഴിയാതിരുന്നവർക്ക് ഉണ്ടായിരുന്ന ഒരേ ഒരു ഓപ്ഷൻ ആയിരുന്നു പൾസർ. ഒരുപക്ഷേ അവസാനത്തെ വാക്ക്. ഇന്ന് സ്ഥിതി അതല്ല… ഇതേ സെഗ്മെന്റിൽ ധാരാളം കമ്പനികൾ പുതിയ പുതിയ മോഡലുകളുമായി വരുന്നു. പക്ഷേ ബജാജ് കാലാകാലങ്ങളായി പൾസറിന് സ്കിൻ മാറ്റി കളിക്കയായിരുന്നു. ഒടുവിൽ ഇറക്കിയ ഡോമിനാർ മോഡലും പൊട്ടി. ഒരിക്കൽ ഒരു ഡൈ ഹാർഡ് പൾസർ ഫാൻ ആയിരുന്നു ഞാനും, ഇന്ന് അത് മറ്റ് ബൈക്കുകൾ ആണ്.

മാറ്റങ്ങൾ ഉൾക്കൊള്ളാതെ തുടർന്നാൽ അത് ഏതൊരു ഉത്പന്നത്തിന്റെയും വിപണിയെ ബാധിക്കും. മുകളിൽ പേരെടുത്ത് പറഞ്ഞ മൂന്ന് കമ്പനികൾക്കും അത് മനസ്സിലാകാതെയല്ല, അങ്ങനെ നടിക്കുന്നതാണ്. അതേ സമയം അവരുടെ എതിരാളികൾ മുന്നേറുന്നത് അവർ അവസരോചിതമായി മറക്കുന്നു.

NB: ഇന്ത്യയിൽ “നടന്നുകൊണ്ടിരിക്കുന്ന” സാമ്പത്തിക ഞെരുക്കത്തിന്റെ ഭാഗമായി അടിവസ്ത്രം ഉപേക്ഷിച്ചവർ കൈപൊക്കാൻ അപേക്ഷ…!!!

==================

ഭാഗം 2

വണ്ടി വാങ്ങാൻ ആളില്ല എന്ന് പറയുമ്പോൾ ഈ ചോദ്യങ്ങൾ കൂടി Bajaj നോടും മഹീന്ദ്രയോടുമൊക്കെ ചോദിക്കണം…

1) Bajaj ഉം മഹീന്ദ്രയും മാത്രമാണോ ഇന്ത്യയിലെ വാഹന നിർമാതാക്കൾ?

2) പ്രതീക്ഷിച്ചതിലും കൂടുതൽ ബുക്കിങ്ങ് ആയതിനാൽ MG Motors അവരുടെ ബുക്കിംഗ് നിർത്തി വെച്ചിരിക്കുന്നു, അപ്പോൾ MGയിൽ നിന്നും കപ്പയും ചേമ്പും ആണോ നാട്ടുകാർ ബുക്ക് ചെയ്തത്?

3) വാഹനങ്ങൾ പുറംതള്ളുന്ന പുകയിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾ മൂലമുണ്ടാകുന്ന കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, BS6 മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ 2020ഓടെ പിൻവലിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടതിന് പിന്നാലെയാണ്, “ഞങ്ങളുടെ വില്പന കുറഞ്ഞേ” എന്നും പറഞ്ഞ് ഈ കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം മൂലമാണ് വാഹന വിപണിയിൽ ഞെരുക്കം നേരിടുന്നതെങ്കിൽ അത് രണ്ട് കമ്പനികളെ മാത്രമല്ലല്ലോ ബാധിക്കുക, എല്ലാ കമ്പനികളെയും ഒരുപോലെ അല്ലെ?

ഈ സാഹചര്യത്തിൽ ഒരു കാര്യം കൂടി, ഇന്ത്യൻ വിപണിയിലേക്ക് അടുത്തിടെ മാത്രമെത്തിയ Kia മോട്ടോർസ് അവരുടെ Seltos കാറിന്റെ ബുക്കിംഗ് പ്രതീക്ഷിച്ചതിലും ഏറെയാണ് എന്നും, ഇത്രയും ഗംഭീരമായ ഒരു വരവേൽപ്പ് നൽകിയ ഇന്ത്യൻ ഉപഭോക്താക്കളോട് Kia Motors നന്ദി പറയുകയും ചെയ്യുന്നു. മാത്രമല്ല ബൈക്ക് വിപണിയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് KTMഉം ഹോണ്ടയുമെല്ലാം. ടാറ്റയും അവരുടെ പുതിയ വാഹന ബ്രാൻഡ് തന്ന പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത്രയും അനുകൂല സാഹചര്യത്തിൽ വിപണിയിൽ മാന്ദ്യം എന്ന് രണ്ട് കമ്പനികൾ പറയുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, BS6 മാനദണ്ഡങ്ങൾ നടപ്പിലാക്കുമ്പോൾ ഏറ്റവും നഷ്ടം നേരിടാൻ പോകുന്ന രണ്ട് കമ്പനികളുടേതാണ് ഈ ആവലാതി എന്നതാണ്. ഇത് ഒരു തരം സമ്മർദ്ദ തന്ത്രമായും ചിന്തിക്കാവുന്നതാണ്.

BS6 മാനദണ്ഡങ്ങൾ എത്രത്തോളം ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു എന്നറിയാൻ ചില കാര്യങ്ങൾ കൂടി പറഞ്ഞ് വെയ്ക്കാം… 2010ൽ നിർദേശിച്ച BS4മാനദണ്ഡങ്ങൾ പോലും ഒരു ദശകത്തിന് ശേഷവും ഈ കമ്പനികൾ പൂർണമായും പാലിച്ചിട്ടില്ല, അപ്പോഴാണ് BS5 മാനദണ്ഡങ്ങൾ ഉപേക്ഷിച്ച് നേരിട്ട് BS6 മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

അതോടെ വൻ വെല്ലുവിളിയാണ് തദ്ദേശീയമായി മാത്രം ചിന്തിച്ചിരുന്ന വാഹന നിർമാതാക്കൾക്ക് ഉണ്ടായിരിക്കുന്നത്. മാനദണ്ഡങ്ങൾ നടപ്പിലാക്കുമ്പോൾ വാഹനത്തിന്റെ ഒരുവിധം എല്ലാ ഭാഗങ്ങളും മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടി വരും. അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ തന്നെ 30,000 മുതൽ 60,000 കോടിയുടെ മുതൽമുടക്ക് വേണ്ടിവരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതായത് 2024ഓടെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് മാറുവാൻ ചുവടുകൾ വെയ്ക്കുന്ന വാഹന നിർമാതാക്കൾക്ക് 5-6 വർഷത്തെ മാത്രം പ്രയോജനത്തിനായി ഇത്രയും വലിയൊരു തുക മുടക്കുവാൻ തീരെ താത്പര്യമുണ്ടാകില്ല എന്ന് സാരം. അതുമാത്രമല്ല, നിർമിച്ചു വെച്ചിരിക്കുന്ന വാഹനങ്ങൾ വിറ്റഴിക്കുവാനും ഓർഡർ ലഭിച്ച വാഹനങ്ങൾ നിർമിച്ച് നൽകുവാനും ഈ മാനദണ്ഡങ്ങൾ ഒരു പ്രതികൂല സാഹചര്യം ഒരുക്കുവാനുള്ള സാധ്യതയുമുണ്ട്.

മാറിയ സാഹചര്യത്തിൽ… “അങ്ങനെ ഞങ്ങൾക്ക് നഷ്ടം വന്നിട്ടുള്ള പരിസ്ഥിതി സ്നേഹമൊന്നും വേണ്ട…” എന്നാണ് അവർ പറഞ്ഞ് വെയ്ക്കുന്നത്.

അതേ സമയം, ആഗോള വിപണി സാന്നിധ്യമുള്ള വാഹനനിർമാതാക്കൾ വളരെ മുൻപ് തന്നെ അവരുടെ പ്ലാന്റുകൾ BS6 മാനദണ്ഡങ്ങൾക്ക് സമാനമായ Euro 6 മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിർമിച്ചിട്ടുള്ളത്. അത്തരം കമ്പനികളെ സംബന്ധിച്ചിടത്തോളം ഈ മാറ്റം ഉൾക്കൊള്ളുക എന്നത് ശ്രമകരമായ ഒരു ദൗത്യമേയല്ല എന്ന് സാരം.

Bajaj ന്റെയും മഹീന്ദ്രയുടെയും യഥാർത്ഥ പ്രശ്നം എന്താണെന്ന് ഇപ്പോൾ ഏറെക്കുറെ വ്യക്തമായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.

സുകന്യ കൃഷ്ണ