സാറാമ്മച്ചിയുടെ വെളിപാടുകള്‍

 

തോണി തുഴയുന്നയാള്‍ തോണിപാപ്പനും മീന്‍ വില്‍ക്കുന്നയാള്‍ മീനമ്മതും പാല്‍ക്കാരന്‍ പാലുണ്ണാമനും ഒക്കെ ആയിരിക്കേണ്ടത് നിയമമായ നാട്ടില്‍ ചാരായം വാറ്റി വില്‍ക്കുന്ന വറീതിനെ ഞങ്ങളുടെ നാട്ടുകാര്‍ വാറ്റുവറീച്ചന്‍ എന്ന് വിളിച്ചു. വറീച്ചന്‍റെ വ്യവസായം ദ്രുതഗതിയില്‍ വളര്‍ന്നു കുന്നും മലയുമാകാന്‍ അനുകൂലമായ മൂന്നു സംഗതികള്‍ ഇങ്ങനെയാണ്:

  • എക്സൈസ് വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയാത്ത നാടിന്‍റെ ഭൂമിശാസ്ത്രപരമായ കിടപ്പ്
  • കുടിയില്ലാത്തവരുടെ വിരോധത്തെക്കാള്‍ വളരെ ശക്തമായ കുടിയുള്ളവരുടെ പിന്തുണ
  • പെമ്പിള സാറാമ്മ ഉണ്ടാക്കുന്ന മുളകരച്ചു പുരട്ടി വറുത്ത നെയ്‌ചാളയുടെ മണവും രുചിയും.

വെട്ടിക്കുറവില്ലാത്ത അളവും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും വാറ്റുവറീച്ചന്‍റെ നമ്പറില്ലാഷാപ്പിനെ ജനകോടികളുടെ വിശ്വസ്ത സ്ഥാപനമാക്കി. മുന്തിയതരം മറയൂര്‍ ശര്‍ക്കരയിട്ട് വാറ്റിയ വിശ്വാസം അതിവേഗം പണമായി വറീച്ചന്‍റെ പെട്ടിയിലേക്കൊഴുകി നിറഞ്ഞു. ബ്രിട്ടാണിയ പാട്ടയില്‍ അട്ടിവച്ച നോട്ടു കെട്ടുകളുടെ ബലത്തില്‍ വറീച്ചന്‍ ന്യൂതനമായ വ്യവസായ സംരംഭങ്ങളിലേക്ക് ഇറങ്ങി.

റിയല്‍എസ്റ്റേറ്റ് വ്യവസായത്തിന്‍റെ കന്നിമണ്ണില്‍ നാടന്‍ കൊലവെറികള്‍ മാത്രമുള്ള അക്കാലത്ത് വാറ്റു വറീച്ചന്‍ വിതച്ചും പറിച്ചും കൊയ്തു മുന്നേറി. വറീച്ചന്‍റെ വാറ്റുചാരായം പണമായും പ്രമാണമായും ത്വരിതഗതിയില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു. വടക്ക് ആറ്റുവക്ക് മുതല്‍ വ്യാപിച്ച തെങ്ങിന്‍ തോപ്പില്‍ നാളികേരം ഇടുന്നതിനായി അഞ്ചു കയറ്റക്കാരെ സ്ഥിരമായി തന്നെ നിയമിച്ചു വറീച്ചന്‍. അവര്‍ വെട്ടികൂട്ടിയ കുലകള്‍ വീട്ടു മുറ്റത്ത് മാനം മുട്ടെ വളര്‍ന്നു. എഴാംതരത്തില്‍ വിദ്യാഭ്യാസത്തിന് അന്ത്യകൂതാശ നല്‍കി അപ്പച്ചന്‍റെ വലതുകരമായി ചേര്‍ന്നിരുന്ന സീമന്തപുത്രന്‍ അല്‍ഫോന്‍സ്‌ എന്ന അല്‍ച്ചപ്പന്‍ പുതുതായി വെഞ്ചരിച്ച കൊപ്ര കളത്തിന്‍റെ സി ഓ ഓ ആയി ചുമതലയേറ്റപ്പോള്‍ നടുവിലെ പുത്രന്‍ ജോപ്പന്‍ പള്ളിക്കൂടത്തില്‍ നിന്നും വിടുതല്‍ വാങ്ങി ഡിസ്റ്റിലറിയുടെ ചീഫ് എക്കൌണ്ടന്റായി.

അപ്പച്ചന്‍റെ വാറ്റും അല്‍ച്ചപ്പന്‍റെ ആട്ടും (വെളിച്ചെണ്ണ ) നൂറു പെരുക്കം വളര്‍ന്നു കൊണ്ടിരുന്ന അക്കാലത്താണ് അമ്മച്ചി സാറാമ്മക്ക് ഒന്നാമത്തെ തിരുവെളിപാട് ഉണ്ടായത്. കനിഷ്ഠപുത്രന്‍ ഫിലിപ്പന്‍ എട്ടാം തരത്തിലെ കൊല്ലപരീക്ഷ കഴിഞ്ഞ് അപ്പച്ചന്‍റെ സഹായിയായി കൂടാന്‍ ദുര്‍മുഖം കാട്ടിയ ഒരു സായാഹ്നത്തില്‍ സാറാമ്മച്ചി അന്തോണീസ് പുണ്ണ്യളനെ നേരിട്ടു കണ്ട് തലചുറ്റി വീണു. ഫിലിപ്പനെ തിരുവസ്ത്രം ധരിപ്പിക്കണമെന്ന് പുണ്യാളന്‍ നിര്‍ദേശിച്ചത് സ്വപ്നത്തിലല്ല അമ്മച്ചി കണ്ണും മിഴിച്ചുണര്‍ന്നിരിക്കുമ്പോള്‍ തന്നെയാണെന്നാണ് സാക്‌ഷ്യം. പത്താംതരം കടന്നാല്‍ ഫിലിപ്പനെ സെമിനാരിയില്‍ ചേര്‍ത്തേക്കാമെന്ന് അന്ന് വറീച്ചനില്‍ നിന്നും ഉറപ്പു വാങ്ങിയതിന്‍റെ ഒന്നാം പെരുന്നാളിന് സാറാമ്മച്ചിക്ക് വീണ്ടുമൊരു വെളിപാടുണ്ടായി.

ദിവ്യദര്‍ശനം അനവധി അംഗങ്ങളും ഉപാഗങ്ങളുമായി നീണ്ടു. വലിയകുന്നേല്‍ വറീതിന്‍റെ വാറ്റുകച്ചവടത്തിന് അറുതിവരുത്തേണ്ടതല്ലേ എന്ന് ആദ്യരംഗങ്ങളില്‍ സന്ദേഹപ്പെട്ട മാലാഖമാര്  പിന്നീട് ആ തൊഴില്‍ മതിയാക്കാന്‍ മിശിഖാ തമ്പുരാന്‍റെ അവസാനത്തെ ഉത്തരവുമായെത്തി. കര്‍ത്താവിന്‍റെ കല്‍പ്പനകേട്ട് ജ്വരമടിച്ചു വീണ വറീച്ചന്‍ മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റ് ഒത്തുതീര്‍പ്പിനപേക്ഷിച്ചു. ദൈവവഴിയില്‍ ഒരു പുരോഹിതന്‍റെ വിശുദ്ധ മാതാവായി പെരുമ നേടേണ്ട സാറാമ്മച്ചി കെട്ടിയവനു വേണ്ടി പക്ഷെ മധ്യസ്ഥക്ക് തയ്യാറായില്ല. അങ്ങിനെ പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള വാറ്റുശാല വറീച്ചന്‍ ആമത്താഴിട്ടു പൂട്ടി.

സാറാമ്മച്ചിയ്ക്ക് മൂന്നാമതൊരു ദര്‍ശനമുണ്ടായത് ഫിലിപ്പന്‍ പത്താം തരത്തില്‍ ജയിച്ചപ്പോഴാണ്. സെമിത്തേരിയില്‍ പോയാലും സെമിനാരിയിലേക്കില്ല എന്ന് സല്‍പുത്രന്‍ പ്രഖ്യാപിക്കുമ്പോള്‍ സാത്താന്‍റെ പരീക്ഷണ പാത്രമായ മകനെ ചൊല്ലി സാറാമ്മച്ചി വീണ്ടും തലചുറ്റി വീണു. ഫിലിപ്പന്‍റെ തീരുമാനം പണിതുയര്‍ത്തിയത് പാറമേലായിരുന്നു. സാറാമ്മച്ചിയുടെ നിരന്തരമായ ഗുണദോഷിക്കലും വറീച്ചന്‍റെ ഭീക്ഷണികളും പാറ ഇളക്കിയില്ല. തെളിച്ച വഴിയെ പോകാന്‍ മടിച്ച കുഞ്ഞാടിനെ പോയ വഴിയെ തെളിക്കണമെന്നു പുനര്‍ദര്‍ശനം ലഭിച്ച സാറാമ്മച്ചി മകനെ ആര്‍ട്സ് കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ത്തു.

നാളികേരത്തിന്റെ താങ്ങ് വിലയും പാമോയിലിന്റെ ഇറക്കുമതി ചുങ്കവും അനുഗ്രഹിച്ച് വറീച്ചന്‍ ഉന്നതങ്ങളില്‍ നിന്നും അത്യന്നതങ്ങളിലേക്ക് മുന്നേറിയ രണ്ടു വര്‍ഷക്കാലം സാറാമ്മച്ചി വെളിപാടുകള്‍ക്ക് അവധിവച്ചു. ഏകമകള്‍ കൊച്ചുറാണിയെ പെണ്ണുകാണാന്‍ വന്ന പതിനേഴാമത്തെ കൂട്ടരും കടത്തുകടവില്‍ വച്ച് തിരിച്ചു പോയ ഒരു ഞായറാഴ്ച സന്ധ്യക്ക് അമ്മച്ചിക്കൊരു വിമ്മിട്ടം തുടങ്ങി. നെഞ്ഞില്‍ തുടങ്ങിയ വേവ് മേലാസകലം വ്യാപിച്ചു വിറയലായി. ശബ്ദം തൊണ്ടയില്‍ മുറിഞ്ഞു മഴികള്‍ പിന്നിലേക്ക്‌ മറിഞ്ഞു. വറീച്ചനെയും മക്കളെയും മുള്‍മുനയില്‍  നിര്‍ത്തിയ  നിര്‍ണ്ണായക സംഭ്രമത്തിന് അന്ത്യം കുറിച്ചു കൊണ്ട് സാറാമ്മച്ചിയുടെ നാലാമത്തെ തിരുവെളിപാട് പാതിരാ നേരത്ത് മണ്ണിലേക്കിറങ്ങി വന്നു : വലിയകുന്നേല്‍ കുടുംബം വീടും നാടും വിട്ടു ദൂരേക്ക്‌ പോകണം!

കര്‍ത്താവിന്റെ കല്‍പ്പനയില്‍ വറീച്ചന്‍ സ്ഥബ്ധനായില്ല. നാളുകളായി അലട്ടുന്ന മഹാപ്രശ്നത്തിനു തീരുമാനമുണ്ടാക്കിയ മിശിഖാ തമ്പുരാന് കുരിശു വരച്ചയാള്‍ നന്ദി പറഞ്ഞു. വാറ്റുവ്യവസായം അവസാനിപ്പിച്ചിട്ടും മായാതെ നിന്ന വാറ്റുവറീത് എന്ന ഇരട്ടപ്പേര് ഒരു ദുഷ്പേരായി തോന്നിയിരുന്നില്ല വറീച്ചന്. ഫിലിപ്പന്‍ സ്കൂളില്‍ അടിയുണ്ടാക്കിയത്തിനു മദ്ധ്യസ്ഥക്ക് പോയപ്പോള്‍ മക്കളുടെ പേരിനൊപ്പവും വാറ്റ് ഉള്ളതറിഞ്ഞിട്ടും അപ്പച്ചന്‍ കുലുങ്ങിയില്ല. എന്നാല്‍ പ്രായം തികഞ്ഞ ഏകമകള്‍ കൊച്ചുറാണിക്ക് നാട്ടുകാര്‍ വാറ്റുറാണി എന്ന് ചെല്ലപ്പേരിട്ടതും വിവാഹം ആലോചിക്കാന്‍ വരുന്ന കൊള്ളാവുന്ന കുടുമ്പക്കാരൊക്കെ അതുകേട്ടു പെണ്ണിനെ കാണാതെ തിരിച്ചു പോകുന്നതും പതിവാക്കിയപ്പോള്‍ വന്ദ്യപിതാവിന്‍റെ ചങ്ക് തകര്‍ന്നുപോയി. വീട്ടുപേരായി പതിഞ്ഞുപോയ ഇരട്ടപ്പേരിന്‍റെ ഖിന്നതയില്‍ നീറുമ്പോഴാണ് കര്‍ത്താവിന്‍റെ മാലാഖമാര്‍ പ്രതിവിധിയുമായി പ്രത്യക്ഷപ്പെട്ടത്.

തമ്പുരാന്‍റെ തീരുമാനം നടപ്പിലായി. സ്ഥാവരജംഗമ സ്വത്തുക്കള്‍ ദ്രുതഗതിയില്‍ പണമാക്കി മാറ്റി വലിയകുന്നേല്‍ കുടുംബം നാട്ടുകാരറിയാതെ പുഴകടന്നു. പുതിയ നാട്ടില്‍ കൊച്ചുറാണിയുടെ മിന്നുകെട്ടിന് സ്വര്‍ണ്ണം വാങ്ങിയ ജ്വല്ലറി വറീച്ചന്‍ പൊന്നും വിലയിട്ട് കച്ചവടം ഉറപ്പിച്ചപ്പോള്‍ മക്കള്‍ റബ്ബര്‍ വ്യവസായവും തുടങ്ങി. പരിണാമത്തിന്‍റെ പാതയില്‍ കൊഴിഞ്ഞു പോയ ഇരട്ടപ്പേരായിരുന്നു സാറാമ്മച്ചിയുടെ ആശ്വാസം, പേരിനൊപ്പമുള്ള വാറ്റിന്‍റെ വാലില്‍പിടിച്ച് ഇവിടെയാരും വലിക്കില്ലല്ലോ!

വലിയപള്ളിയിലെ പാട്ട് കുര്‍ബാന കഴിഞ്ഞു ബെന്‍സ് കാറിലേക്ക് നടക്കുമ്പോള്‍ ആണ് വറീച്ചന്‍ ഒരു വിളി കേട്ടത്. തിരിഞ്ഞു നോക്കുമ്പോള്‍ പിന്നില്‍ സാറാമ്മ മോഹാലസ്യപ്പെട്ടു വീഴുന്നതു കണ്ടു.

പ്രാര്‍ഥനാ മുറിയിലെ രൂപക്കൂടിനു മുന്നില്‍ ഒരുപകല്‍ മുഴുവന്‍ മുട്ടിപ്പായി നിന്ന സാറാമ്മച്ചി ഏറെ അസ്വസ്ഥയായിരുന്നു. മെത്രാന്‍ കുടുംബത്തില്‍ നിന്നും അല്‍ഫോന്‍സിന് ഉറപ്പിച്ച വിവാഹം മുടങ്ങിപ്പോകുന്നത് മനക്കണ്ണില്‍ കണ്ടവര്‍‍ കണ്ണീരൊഴുക്കി. വിശ്വസ്തതയുടെ പര്യായമായ വലിയകുന്നേല്‍ ജ്വല്ലറിക്ക് പേരുദോഷം ഭവിക്കുന്നു. കുക്കറി ഫോറങ്ങളില്‍ സാറാമ്മയുണ്ടാക്കുന്ന ഫിഷ് ഫ്രൈയുടെ അധീശത്വം പുചഛിക്കപ്പെടുന്നു. വറീച്ചനെ പള്ളി മുറ്റത്ത്‌ പിന്നില്‍ നിന്ന് വിളിച്ചത് തോണിപാപ്പന്‍ ആണ്. അയാള്‍ വിളിച്ചത് “വാറ്റുവറീച്ചാ” എന്നാണ്

തോണിപാപ്പന്‍ വറീച്ചന്‍റെ നാട്ടിലെ കടത്തുകാരനാണ്. കൊച്ചുറാണിയുടെ വിവാഹാലോചനകള്‍ ഭൂരിപക്ഷവും മുടക്കിയത് പാപ്പച്ചന്‍റെ എല്ലില്ലാത്ത നാവാണ്. വറീച്ചന്‍ നാടുവിട്ടു നാളുകള്‍ക്കുശേഷം ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച ഗ്രാമത്തില്‍ വികസനങ്ങള്‍ ത്വരിതഗതിയിലായിരുന്നു. റിയല്‍എസ്റ്റേറ്റ് മാഫിയകള്‍ വസ്തു വാങ്ങി കൂട്ടാന്‍ പരസ്പരം മത്സരിക്കുമ്പോള്‍ കുതിച്ചുയര്‍ന്ന വിലയില്‍ സ്ഥലം വിറ്റ് പാപ്പച്ചന്‍ ഇന്നാട്ടില്‍ വീടുവാങ്ങിയത് കുറച്ചു ദിവസം മുന്‍പാണ്. വറീച്ചന്‍റെ ബെന്‍സിനു പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന നീലനിറമുള്ള പുതിയ കാറ് അയാളുടെതാണ്. തോണിപാപ്പനു പിന്നാലെ  മീനമ്മതും പാലുണ്ണാമനും ഉള്‍പ്പെടെ നിരവധി ‍കുടുംബങ്ങള്‍ കൈനിറയെ പണവുമായി ഇങ്ങോട്ട് പുറപ്പെടുന്നുണ്ട്. അവര്‍ വി.വി. വറീതിനെ വിണ്ടും വാറ്റുവറീത് ആക്കും വലിയകുന്നേല്‍ ജ്വല്ലറി വാറ്റുജ്വല്ലറിയാക്കും

ആസന്നമായ മാനഹാനി ഒഴിവാക്കാനുള്ള ഉപായത്തിനായി അമ്മച്ചിയുടെ അഞ്ചാമത്തെ തിരുവെളിപാട് കാത്തിരിക്കുന്ന വലിയകുന്നേല്‍ കുടുംബത്തിനു അന്തോണീസ്‌ പുണ്ണ്യളന്‍റെ ടെക്സ്റ്റ് മെസ്സേജ് :  ഒരു പേരില്‍ എന്തിരിക്കുന്നു വറീതെ, വിശ്വാസമല്ലേ എല്ലാം!