സിദ്ധന്
ചരിത്രത്തിന് വിവരങ്ങള്‍ കൈമാറുന്ന ഒരാളെന്ന നിലയില്‍ എനിക്കയാളെ ശ്രദ്ധിക്കാന്‍ ആകുമായിരുന്നില്ല; എന്നാല്‍ ഒരു നിലക്കും അയാളുടെ കാര്യങ്ങളില്‍ ഇടപെടാനും എനിക്ക് സാധിക്കുമായിരുന്നില്ല. ഞാനൊരു നിഷ്പക്ഷനായ റിപ്പോര്‍ട്ടറും അതുവഴി ഷണ്ഡനായ ചരിത്രകാരനുമാണല്ലോ. നിറഞ്ഞ ഒരു ചാക്കുമായുള്ള അയാളുടെ തിരിഞ്ഞുകളി പന്തിയല്ലെന്ന് തൊഴിലിന്റെ ഭാഗമായി നേടിയെടുത്ത ഘ്രാണശക്തിയിലൂടെ അപ്പോഴേക്കും ഞാന്‍ മനസ്സിലാക്കിയിരുന്നു.
പേനയും കടലാസുമായി ഞാനയാളുടെ നേരെ നടന്നടുത്തു. വാല്മീകിയെയും സോക്രട്ടീസിനെയും ഷാജഹാന് ചക്രവര്‍ത്തിയെയും ജോര്‍ജ് വാഷിങ്ടനെയും ഷെയ്ക്സ്പിയറെയും സ്റ്റാലിനെയും ഡയാനാ രാജകുമാരിയെയും കരണ്‍ ഥാപ്പറെയും ഇന്റെര്‍വ്യൂ ചെയ്ത സമയത്ത് ഞാന്‍ എടുത്തണിഞ്ഞിരുന്ന അതേ ഗൌരവരത്തിലും ആദരവിലുമായിരുന്നു അയാളെയും സമീപിച്ചത്. സൌഹൃദത്തോടെയായിരുന്നു അയാളുടെ പെരുമാറ്റം. ഒരു കവര്‍ച്ചക്കാരന്റെ യാതൊരു ഭാവവുമില്ല.
തെല്ലിട സംശയിച്ചെങ്കിലും ഞാന്‍ ഇന്റെര്‍വ്യൂ ചെയ്തവരുടെ നീണ്ട ലിസ്റ്റ് കണ്ടപ്പോള്‍ ഉറക്കച്ചടവുള്ള ആ ചെങ്കണ്ണുകളില് പ്രതീക്ഷ ഓളം വെട്ടി. സര്‍ക്കാര്‍ വക യൂനിവേഴ്സിറ്റികളിലും സ്കൂളുകളിലും പഠിപ്പിക്കപ്പെടാനുള്ള ചരിത്രം രചിച്ചു കൊണ്ടിരിക്കുന്ന ആളോട് എല്ലാം തുറന്നു പറഞ്ഞാല്‍ നാളെ കുട്ടികളെങ്കിലും സത്യമറിയുമല്ലോ.
എന്താ മുഖത്ത് ഒരസ്വസ്ഥത പോലെ?
ശ്ശോ! തലക്കെന്തു പറ്റി? അസ്വസ്ഥതയുടെ കാരണം ചരിത്രകാരാ താങ്കള്‍ക്ക് നല്ലതു പോലെ അറിയാവുന്നതല്ലേ? ഒരു മൂന്നാം കിട പത്രത്തിന്റെ കലാപകാര്യ ലേഖകനാണ് താങ്കളെങ്കിലും കാലാതിവര്‍ത്തിയായ ചരിത്രകാരന് കൂടിയാണ് എന്ന കാര്യം മറന്നു പോയോ? ഒന്നുകില്‍ താങ്കളുടെ പ്രൊഫൈലില്‍ പറഞ്ഞ വിവരങ്ങള്‍ മുഴുവന്‍ മായം ചേരാത്ത ബഡായി, അതല്ലെങ്കില്‍ എല്ലാം അറിഞ്ഞിട്ടും ചരിത്രകാരന്റെ നാട്യമുപയോഗിച്ച് താന്‍ നിഷ്പക്ഷനാണെന്ന് വരുത്തി ഓവര്സ്മാര്ട്ടാകാനുള്ള ശ്രമം.
നാട്യമാണെന്ന് കൂട്ടിക്കോളൂ.
നഗരത്തില്‍ കലാപം തുടങ്ങിയിട്ട് നാലഞ്ച് ദിവസമായില്ലേ. മിനിഞ്ഞാന്ന് രാത്രി കൂട്ടുകാര്‍ കൂടിയിരുന്നുള്ള വര്ത്തമാനത്തിലാണത് ഞാനതറിയുന്നത് തന്നെ. നല്ല ഒരവസരം ദൈവമായിട്ട് കൊണ്ടുവന്നതാണെന്നവര് പറഞ്ഞു. നമുക്കും പോയി കവര്‍ച്ച മുതല്‍ പങ്കിട്ടെടുക്കാം. അവര്‍ പറഞ്ഞതു കേട്ട് മനമില്ലാമനസ്സോടെയാണ് ഇതിന് പുറപ്പെട്ടത്. തൊട്ടടുത്ത കടയില്‍ നിന്ന് റോഡിലൂടെ വലിച്ചു കൊണ്ടുവന്ന പഞ്ചസാരച്ചാക്കിലേക്ക് അയാള്‍ പേടിയോടെ വീണ്ടും നോക്കി.
അയാള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. പറഞ്ഞുവല്ലോ ചരിത്രകാരന് എന്ന നിലയിലും റിപ്പോര്‍ട്ടര്‍ എന്ന നിലയിലും എനിക്കിനി ഒരു പകര്‍ത്തെഴുത്തുകാരന്റെ റോളിനപ്പുറം ഒന്നുമില്ല. പക്ഷപാതിത്വം ആരോപിക്കപ്പെടാതിരിക്കാനായി വിവരണം ചരിത്രപുരുഷന്റെ ആത്മഗതം മോഡിലേക്ക് മാറുകയാണ്.
എവിടെ ആ ബുദ്ധി ഉപദേശിച്ച കൂട്ടുകാരെല്ലാം? അവരല്ലേ ഈ പരിപാടിക്ക് എന്നെ തള്ളിവിട്ടത്? കവര്‍ന്നെടുത്ത പഞ്ചസാരച്ചാക്കിലേക്ക് ഇടക്കിടെ ദയനീയമായി അയാള്‍ നോക്കിക്കൊണ്ടിരുന്നു.
എന്തൊക്കെയായിരുന്നു അവര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നത്? ഒരു കലാപം നടക്കുമ്പോള്‍ ഇങ്ങനെയൊക്കെ തന്നെയാണെന്ന്, നിയമങ്ങളും നിയമപാലകരും കണ്ണു ചിമ്മുന്ന അപൂര്‍വം സമയമാണതെന്ന്, അതു കൊണ്ട് പിടിക്കപ്പെടും നാലാളറിയും എന്ന പേടിയൊന്നുമില്ലായെന്ന്. പിന്നെയെന്താ അവര്‍ പറഞ്ഞത്? നമ്മള് കുറച്ചാളുകള്‍ കൊള്ള നടത്തിയില്ലാ എന്നു കരുതി പട്ടണത്തിലെ കൊള്ള നടക്കാതിരിക്കുകയില്ല, അങ്ങനെയങ്ങനെ… എവിടെ അവരെല്ലാം? വല്യങ്ങാടിയിലെ തിരക്കേറിയ ഈ ഇടുങ്ങിയ തെരുവില്‍ താന്‍ മുമ്പും വന്നിട്ടിള്ളതാണ്. ഇന്നിപ്പോള്‍ തിരക്കുമില്ല ബഹളവുമില്ല. തെരുവിന്റെ ഇരുവശവുമായി കടകള്‍ വഴിക്കുവഴി അടഞ്ഞു കിടക്കുകയാണ്.
ഞാനയാളുടെ മുടിയിലേക്ക് നോക്കി.
“ഗള്‍ഫ് ഗെയ്റ്റാണല്ലേ?”
“ഏയ്, സാദാ ലോക്കല്‍..” വെപ്പുമുടി തലയില്‍ ഭദ്രമല്ലേ എന്നുറപ്പു വരുത്തി അയാള്‍ പറഞ്ഞു. എന്റെ കൂട്ടുകാരെല്ലാം ബുദ്ധിയുള്ളവരാണ്. ആളെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണെന്ന് പറഞ്ഞാണവര് ഇത് എന്റെ തലയില്‍ കമഴ്ത്തിയിരിക്കുന്നത്. ഈ തണുപ്പില്‍ അതൊരു ആശ്വാസമാണെങ്കിലും എടങ്ങേറ് തന്നെ.
ഞാനില്ല എന്നെത്ര തവണ പറഞ്ഞതാണെന്നോ? ഇതിപ്പോള്‍ ആകെ മാനക്കേടാകുമല്ലോ.പട്ടാളം ഇറങ്ങിയിട്ടുണ്ടത്രെ. ഇതൊക്കെ അറിഞ്ഞിരുന്നെങ്കില്‍ ഈ പൊല്ലാപ്പിനൊന്നും നില്‍ക്കില്ലായിരുന്നു. എവിടെ എന്റെ കൂട്ടുകാര്‍? അവരെയെങ്ങാനും കയ്യില്‍ കിട്ടിയാല്‍… അയാള്‍ പല്ലു ഞെരിച്ചു.
നൂറു കണക്കിന് ബൂട്സുകളുടെ അടഞ്ഞ ശബ്ദം തെരുവിലൂടെ ഒഴുകി അടുത്തടുത്ത് വന്നു. ഇതാ മാനം കപ്പല്‍ കേറാന്‍ പോകുന്നു. അയാള്‍ പിറുപിറുത്തു. അടി മുതല്‍ മുടി വരെ പേടിയില്‍ വിറച്ചു. രോമകൂപങ്ങള്‍ തുറന്ന് വിയര്‍പ്പിന്റെ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെട്ടു. അപായം അടുത്തടുത്ത് വരുന്നു. ദൈവമേ! ഭൂമി പിളര്‍ന്ന് എന്നെയങ്ങ് വിഴുങ്ങിയെങ്കില്‍!.
എന്തു ചെയ്യും? ചരിത്രകാരാ നിങ്ങള്‍ക്ക് ഒരുപായവും നിര്‍ദേശിക്കാനില്ലേ?
എന്റെ പ്രിയങ്കരനായ കവര്‍ച്ചക്കാരാ നിങ്ങളെന്നോട് ക്ഷമിക്കണം. ചരിത്രത്തിന്റെ ഗതിയെ തിരിച്ചു വിടുക ചരിത്രകാരന്റെ ജോലിയല്ല. അതതിന്റെ വഴിക്ക് നീങ്ങണം. നിങ്ങള്‍ അതിനൊരു നിമിത്തം മാത്രം. ചരിത്രഗതി നിര്‍ണ്ണയിക്കുന്നതില്‍ ചരിത്രകാരന് റോളില്ല. എനിക്കിടപെട്ടു കൂടാ.
അയാള്‍ ചുറ്റുപാടുകള്‍ നിരീക്ഷിച്ചു. ഒരുപായവും തോന്നുന്നില്ലല്ലോ. എവിടെയൊക്കെയോ വെടി പൊട്ടുന്ന ശബ്ദം. ദൂരെ പുകച്ചുരുളുകള്‍ മേലോട്ടുയര്‍ന്ന് മേഘങ്ങളോട് ചേരാന്‍ വെമ്പി. മനുഷ്യനായി മനസ്സിന്റെ സമനില തെറ്റിയ ഒരു ഭ്രാന്തന്, അലക്ഷ്യം നടക്കുന്ന ഒന്നു രണ്ട് തെരുവു നായ്ക്കള്‍, തൊട്ടടുത്ത് ചവറുകൂനകള്‍, അവക്കിടയില്‍ ഒരു കിണര്‍ .
കിണര്‍ ! അയാളുടെ കണ്ണുകള്‍ തിളങ്ങി.
ഒരു നൂറ് ബൂട്സുകള്‍ ഒന്നിച്ചു പതിയുന്നതിന്റെ ഭീതിപ്പെടുത്തുന്ന ശബ്ദം അടുത്ത് വന്നുകൊണ്ടിരുന്നു. ചാക്ക് വലിച്ചിഴച്ച് കിണറ്റിങ്കരയിലെത്തിച്ചു. ബൂട്സുകളുടെ ശബ്ദത്തോടൊപ്പം സൈനികര്‍ക്ക് മാത്രം മനസ്സിലാകുന്ന ചീറലും കാറലും. അയാള്‍ തിരിഞ്ഞു നോക്കി. അതാ അവര്‍ അടുത്തെത്തിക്കഴിഞ്ഞു. ശക്തി മുഴുവന്‍ കൈകളിലാവാഹിച്ച് ചാക്ക് കിണറ്റിലേക്ക് തള്ളി. അത് താഴെ വെള്ളത്തില്‍ വലിയ ശബ്ദമുണ്ടാക്കി. വീണ്ടും തിരിഞ്ഞു നോക്കി. പട്ടാളക്കൂട്ടം നേരെ പാഞ്ഞടുക്കുകയാണ്. അയാള്‍ കിണറ്റിലേക്ക് ആഞ്ഞുചാടി. അരുതെന്ന് പട്ടാളക്കാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. സത്യം പറയാമല്ലോ, ഞാന്‍ അന്നേരം ചരിത്രകാന്റെ നിഷ്പക്ഷത മറന്ന് സൈനികരോടൊപ്പം അരുതേ എന്നപേക്ഷിച്ചു. അപ്പോഴേക്കും അയാള്‍ താഴെ വെള്ളത്തില്‍ പതിച്ചതിന്റെ ശബ്ദം ചെവിയിലെത്തിയിരുന്നു. നിഷ്പക്ഷത മാറ്റി വെച്ച് ഞാനും പട്ടാളക്കാരോടൊപ്പം ചേര്‍ന്ന് അയാളുടെ മൃതദേഹം കരയിലെത്തിച്ചു.
ഒന്നു രണ്ടു മണിക്കൂറിനുള്ളില്‍, വിജനമായിരുന്ന തെരുവിന്റെ കോണുകളില്‍ നിന്നും മടക്കുകളില്‍ നിന്നുമായി ആളുകള്‍ ഒറ്റക്കും തെറ്റക്കും കിണറ്റിന് കരയിലെത്തിത്തുടങ്ങി. അതിനിടയില്‍ കിണറ്റിലെ വെള്ളത്തിന്റെ മഹത്വവും പഞ്ചസാരയെ വെല്ലുന്ന അതിന്റെ മാധുര്യവും കാട്ടുതീ പോലെ കലാപത്തിന്റെ ആലസ്യം ആസ്വദിക്കുകയായിയിരുന്ന നഗരത്തിന്റെ മുക്കുമൂലകളില്‍ കാറ്റിനോടൊപ്പം പറന്നെത്തി.
അവരിലെ കാര്യവിവരമുള്ളവര്‍ സൈനികരുമായി കരാറിലെത്തി. മൃതശരീരം സംസ്കരിക്കാന്‍ ഏമാനമാര്‍ പണിപ്പെടേണ്ട; ഞങ്ങള്‍ വേണ്ടത് ചെയ്തോളാം.
പിറ്റേന്ന് തന്നെ കലാപമെല്ലാം അവസാനിച്ച പ്രതീതിയായി കിണറ്റിനരികിലൊരുക്കിയ കുടീരത്തില്‍ പുതപ്പു വീണു, ചന്ദനത്തിരികള്‍ എരിഞ്ഞു, മന്ത്രോച്ചാരണങ്ങള്‍ വിവിധ താളങ്ങളില്‍ ഉയര്‍ന്നു പൊങ്ങി. സിദ്ധന്റെ മഹത്വങ്ങള്‍ നാട്ടില്‍ പാട്ടായി.
അതിനിടെ കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സ്വീകരിച്ച നിഷ്പക്ഷതയുടെ പേരില്‍ ജോലി ചെയ്തിരുന്ന പത്രസ്ഥാപനം എന്നെ ആ നഗരത്തില്‍ നിന്ന് സ്ഥലം മാറ്റി. ചരിത്രകാരന്റെ നിഷ്പക്ഷത റിപ്പോര്ട്ടര്ക്കുണ്ടായിക്കൂടെന്നവര് പറഞ്ഞു. ഞങ്ങളുടെ തൊട്ടടുത്ത എതിരാളി പത്രം വൈകാരികത കുത്തി നിറച്ച് ഭാഷ കൊണ്ട് ജിംനാസ്റ്റിക്ക് കളിച്ചപ്പോള്‍ നിഷ്പക്ഷതയുടെ മൂഞ്ചിയ സംഭവവിവരണത്തിലൊതുക്കിയ എന്റെ റിപ്പോര്‍ട്ടിംഗ് രീതി മാനേജ്മെന്റ്നെ ചൊടിപ്പിച്ചിരിക്കുകയാണത്രേ. ഭാഷയും ഭാവനയും അലങ്കാരവും ഉപമയും ഉല്പ്രേക്ഷയും ഉളുപ്പില്ലായ്മയും വികസിപ്പിക്കാനായി ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ബീറ്റാണ് പുതുതായി എനിക്കനുവദിച്ചു തന്നത്.
പൊലീസ് സ്റ്റേഷന് മുന്നിലരങ്ങേറിയ ധര്‍ണ്ണയായിരുന്നു റിപ്പോര്‍ട്ട് ചെയ്യലായിരുന്നു ആ നഗരത്തിലെ എന്റെ അവസാനത്തെ ജോലി. സമര നേതാവിനെ ഞാന്‍ ഇന്റെര്‍വ്യൂ ചെയ്തു.
അയാള്‍ പറഞ്ഞതിലും കാര്യമുണ്ടായിരുന്നു. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള സിദ്ധന്റെ വസ്ത്രവും വെപ്പു മുടിയുമടക്കമുള്ള തിരുശേഷിപ്പുകള്‍ തങ്ങള്‍ക്ക് വിട്ടു കിട്ടണം എന്നതായിരുന്നു അസന്നിഗ്ദ്ധമായ അയാളുടെ ആവശ്യം. അവ സൂക്ഷിക്കാനായി നഗരത്തില്‍ നിന്ന് ദൂരെ മാറി ഒരു ആരാധനാലയം സ്ഥാപിക്കുന്നതില്‍ ആര്, എന്തിനെതിര്‍ക്കണം?
നേതാവിന്റെ ആവശ്യം ന്യായമാണെന്നെനിക്കും തോന്നി. നാട്ടിലെ ചിലര്‍ക്കെങ്കിലും ഗുണം കിട്ടുന്ന കാര്യത്തില്‍ ആര്‍ക്കാണിവിടെ എതിര്‍പ്പ്?
മുന്‍കൂര്‍ ജാമ്യം: ഈ പോസ്റ്റും അതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികവും ഭാവനാ സൃഷ്ടവുമാണ്. ഈ കഥയില്ലായ്മക്കോ കഥാപാത്രങ്ങള്‍ക്കോ, ജീവിച്ചിരിക്കുന്നവരോ അങ്ങനെ ചെയ്യാത്തവരോ ആയ യാതൊരുവരുമായും സമകാലീകമോ പൌരാണികമോ ആയ സംഭവങ്ങളൊന്നുമായും യാതൊരു ബന്ധവുമില്ല. വല്ല സാമ്യവും ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അത് വാസ്തവം മാത്രമാണ്.
318 total views, 6 views today
