സിനിമ(കഥ) – കുഞ്ഞിക്കണ്ണന്‍

353

Untitled-1

ടെലഫോണ്‍ അപൂര്‍വ്വം വീടുകളിലെ അലങ്കാരം ആയിരുന്ന കാലത്ത്‌ കുറച്ചു ദൂരെയുള്ള ബന്ധുവിന്‍റെ നമ്പറിലാണ് എനിക്കുള്ള ഫോണ്‍ വിളികള്‍ കിട്ടുന്നത്. ബന്ധുവിന്‍റെ ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന മകന് എനിക്കു വരുന്ന വിളികള്‍ ഏറെ താല്‍പര്യമുള്ള സംഗതി ആയതിനാല്‍ അവധി ദിവസങ്ങളില്‍ എത്തുന്ന കോളുകള്‍ ഒന്നും എനിക്ക് നഷ്ടമാകാറില്ല. ഫോണ്‍ എനിക്കുള്ളതാണ് എന്നറിഞ്ഞാല്‍ മനുകുട്ടന്‍ കുതിച്ച് എന്റെ വീട്ടിലേക്ക് ഒരു ഓട്ടമുണ്ട്. മടക്കം എന്റെ സൈക്കിളിന് പിന്നില്‍ ഇരുന്ന്. പോകുന്ന വഴിയിലെ സി ക്ലാസ്സ്‌ കടയില്‍ നിന്നും ഞാന്‍ വാങ്ങി കൊടുക്കുന്ന കപ്പലണ്ടി മിട്ടായി ആണ് അവന്റെ ഉത്സാഹത്തിന്റെ ഊര്‍ജ്ജം.

ഒരു തിരുവോണ ദിവസം പുട്ടും കടലയും പുഴുങ്ങിയ നേന്ത്രപ്പഴവും നിറയെ കഴിച്ച ആലസ്യത്തില്‍ ചാരുകസേരയില്‍ ഞാന്‍ മലര്ന്നിരിക്കുമ്പോള്‍ മനുകുട്ടന്‍ ഒരു കുറിപ്പുമായി എത്തി – സിനിമാ നിര്‍മ്മാതാവായ ഒരു നായര്‍ വിളിച്ചു; അര മണിക്കൂറിനു ശേഷം വീണ്ടും വിളിക്കും. അലസതയെ കുടഞ്ഞു മാറ്റി ഷര്‍ട്ട് എടുത്തണിഞ്ഞ് മനുകുട്ടനെ പിന്നില്‍ ഇരുത്തി സൈക്കിള്‍ ചവിട്ടി കടയുടെ മുന്നില്‍ എത്തിയപ്പോള്‍ അത് അടഞ്ഞു കിടന്നു. തിരുവോണം അവധി! മനുകുട്ടന്റെ മുഖം സങ്കടവും നിരാശയും കയറി നിറഞ്ഞു. ഓണം കഴിഞ്ഞു കട തുറക്കുമ്പോള്‍ കപ്പലണ്ടി മിട്ടായിക്കൊപ്പം ബ്രിട്ടാണിയ ബിസ്ക്കറ്റ് കൂടി വാങ്ങി കൊടുക്കാം എന്ന ഉറപ്പില്‍ വീട്ടില്‍ എത്തിച്ച് ടെലഫോണിനു മുന്നില്‍ കാത്തിരിക്കുമ്പോള്‍ മനസ്സില്‍ തിരയിളക്കം. എന്റെ ഭാഗ്യം തെളിയാന്‍ പോകുന്നു. സിനിമയുടെ സ്വര്‍ഗ്ഗവാതില്‍ മുന്നില്‍ തുറന്നു വരികയാണ്. ചലച്ചിത്ര രംഗത്തെ അറിയപ്പെടുന്ന നിര്‍മ്മാതാവാണ് വിളിച്ചിരിക്കുന്നത്. ഞാന്‍ ഒരു തിരക്കഥാകാരന്‍ ആകുകയാണ്; പിന്നെ സംവിധായകനും, ലോഹിതദാസിനെ പോലെ, സത്യന്‍ അന്തിക്കാടിനെ പോലെ..!

മദ്രാസ്‌ ചെന്നൈ ആകുന്നതിനു മുന്‍പ് വലസരവക്കത്തുള്ള ഹോട്ടലിലെ ഒരു സന്ധ്യയില്‍ ആണ് നായര്‍സാറിനെ കണ്ടത്. സഹസംവിധായകനായ സുഹൃത്തിനൊപ്പം സ്റ്റുഡിയോ സന്ദര്‍ശനവും സിനിമാ ചര്‍ച്ചകളും ആയി കൂടിയ ഏതാനും ദിവസങ്ങള്‍ക്കൊടുവില്‍ ലൊക്കേഷന്‍ നോക്കുവാന്‍ മുറി ഒഴിഞ്ഞ് പോയ ചങ്ങാതി വന്യനഗരത്തില്‍ എന്നെ അനാധനാക്കി. ഏറെകുറെ കാലിയായ കീശയിലെ പണം മുടക്കി ഹോട്ടലില്‍ മുറി എടുക്കണോ വീട്ടിലേക്ക് മടങ്ങണോ എന്ന് നിശ്ചയം ഇല്ലാതെ ലോബിയില്‍ മൌഢ്യനായിരിക്കുമ്പോള്‍ ആഢ്യനായ ഒരു താടിക്കാരനെ ഞാന്‍ ശ്രദ്ധിച്ചു. വെള്ളി നൂലുകള്‍ മോടി കൂട്ടിയ താടിയില്‍ പേര് ഓര്‍മ്മ വരാത്ത ഒരു കോളേജ്‌ പ്രൊഫസ്സറുടെ രൂപഭാവങ്ങള്‍ ഉള്ള അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. അടുത്ത് ചെന്ന് പരിചയപ്പെടുമ്പോള്‍ ശ്രീമാന്‍ ഒരു സിനിമാ നിര്‍മ്മാതാവ് ആണ്; പുതിയ സിനിമയുടെ ജോലിയുമായി ഹോട്ടലില്‍ താമസിക്കുകയാണ് നായര്‍സര്‍.

ജീവിതത്തില്‍ ആദ്യമായി ഒരു ചലച്ചിത്ര നിര്‍മ്മാതാവിനെ പരിചയപ്പെട്ടതാണ്. ഈശ്വരന്‍ സംവിധാനം ചെയ്ത ഒരു കൂടികാഴ്ച. മനസ്സിലുള്ള ചില കഥകള്‍ പറയാനുള്ള അവസരം ഉണ്ടാക്കണം. ഇഷ്ടപ്പെട്ടാല്‍ തിരകഥ ഞാന്‍ തന്നെ എഴുതും. സഹസംവിധായകനായ ചങ്ങാതിയെ ആ സിനിമയിലൂടെ സ്വതന്ദ്രനാക്കും. സ്വപ്നങ്ങളുടെ ചിറകില്‍ റിസപ്ഷനിലേക്ക് പറന്ന ഞാന്‍ കീശയുടെ ശോഷണം മറന്ന് നായര്‍സര്‍ താമസിക്കുന്നതിനോട് ചേര്‍ന്ന ഒരു മുറി ചോദിച്ചു വാങ്ങി.

അടുത്ത മുറിയുടെ വാതില്‍ തുറക്കുന്ന ശബ്ദവും കാതോര്‍ത്ത്‌ ഞാനിരുന്നു. പ്രൊഡൂസര്‍ ‌‍‌‍‌‍പുറത്ത് വരുമ്പോള്‍ മുമ്പില്‍ പ്രത്യക്ഷപ്പെടണം. സംസാരിച്ച് കൂടുതല്‍ അടുപ്പം ഉണ്ടാക്കണം. കഥ പറയുന്നതിനുള്ള സമയം ചോദിക്കണം. അദ്ദേഹം നിര്‍മ്മിക്കുന്ന അടുത്ത സിനിമ എന്റെ തിരകഥയില്‍ ആയിരിക്കണം. മുറിയുടെ വാതില്‍ ഞാന്‍ മലര്‍ക്കെ തുറന്നു വെച്ചു; ഇടയ്ക്ക് പടി വാതിലില്‍ പോയി നിന്നു; പിന്നെ കോറിഡോറിലൂടെ നടന്നു. ഒരിക്കല്‍ വാതിലില്‍ മുട്ടി വിളിക്കാന്‍ തുനിഞ്ഞു. വേണ്ട.; ഇഷ്ടമായില്ലെങ്കില്‍ അവസരം നഷ്ടപ്പെടും. അദ്ദേഹം വരുമ്പോള്‍ അപ്രതീക്ഷിതമായി കാണുന്നത് പോലെ അഭിനയിക്കണം. പരിചയം പുതുക്കണം. പിന്നെ കാര്യത്തിലേക്ക് കടക്കാം. സമയം ഏറെ കഴിഞ്ഞുപോയി . വയറ്റില്‍ വിശപ്പിന്റെ വിളി. ഭക്ഷണം കഴിക്കാന്‍ പോയാല്‍ അവസരം നഷ്ടപ്പെടും. കാത്തു നില്‍ക്കുക തന്നെ.

മുറി ചെറിയ ശബ്ദത്തോടെ തുറന്നു. മുന്നില്‍ ദൈവം; ചലച്ചിത്ര നിര്‍മ്മാതാവ്.! ഞാന്‍ മുഴുക്കെ ചിരിച്ച് അഭിവാദ്യം ചെയ്തു.

“അയല്‍വാസി ആണ് അല്ലേ.?” അദ്ദേഹം പുഞ്ചിരിച്ചു.

“അതെ സര്‍, അടുത്ത മുറിയില്‍ ആണ്” ഞാന്‍ കൂടുതല്‍ അടുത്തു

“തിരക്കില്ലെങ്കില്‍ അനിയന്‍ ഒരു ഉപകാരം ചെയ്യുമോ..?” മുഖവുര ഇല്ലാതെ നായര്‍ സര്‍ ചോദിച്ചു.

“ സര്‍ പറയൂ” നിര്‍മ്മാതാവിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാണ് കഥാകാരന്‍

“പുറത്ത് പോയി ഒരൂട്ടം വാങ്ങണം.” നായര്‍ സര്‍ എന്റെ മുഖത്ത് നോക്കി.

“വാങ്ങാം സര്‍” അസുലഭമായ അവസരത്തില്‍ ആനന്ദ പുളകിതനായി ഞാന്‍.

പെര്ഴ്സില്‍ നിന്നും ഏതാനും രൂപാ നോട്ടുകള്‍ എണ്ണി എടുത്തു അദ്ദേഹം. അരകുപ്പി മുന്തിയ തരം ബ്രാണ്ടിയാണ് വാങ്ങേണ്ടത്; അതിന് അടുത്ത കവല വരെ പോകണം. അന്യനാട്ടിലെ മദ്യഷാപ്പില്‍ കയറിയാല്‍ മാനം തകര്‍ന്ന് വീഴാന്‍ പോകുന്നില്ല. കൂടാതെ മദ്യം ഒഴിച്ച് വളര്‍ത്തുന്ന സൗഹൃദങ്ങളില്‍ പതിരുണ്ടാകില്ല എന്ന് ഒരു ചങ്ങാതി പണ്ട് പറഞ്ഞിട്ടുമുണ്ട്. വേണ്ട എന്ന് വിലക്കി എങ്കിലും നിര്‍ബന്ധിച്ച് ഏല്‍പ്പിച്ച രൂപയുമായി ആട്ടോ പിടിച്ചു പോയി കീശയില്‍ നിന്ന് അധികം പണം മുടക്കി ഒരു മുഴുകുപ്പി ബ്രാണ്ടിയുമായി ഞാന്‍ പറന്നെത്തി.

വലിയ കുപ്പിയില്‍ മദ്യം കണ്ട് നായര്‍ സര്‍ പരിഭവിച്ചു. കൂടുതല്‍ കുടിക്കുന്നത് ഒഴിവാക്കാനാണ് പകുതി വാങ്ങാന്‍ പറഞ്ഞത്. അധികമായി കൊടുത്ത പണത്തെ സംബന്ധിച്ച് ചോദിച്ച് എന്റെ അഭിമാനത്തിന് വില പറയാന്‍ നായര്‍ സര്‍ മുതിര്‍ന്നില്ല; പകരം അദ്ദേഹത്തോടൊപ്പം ആ രാത്രി ആഘോഷമാക്കാന്‍ എന്നെ കൂടെ ക്ഷണിച്ചു. പ്രതീക്ഷക്കൊത്ത് കാര്യങ്ങള്‍ നീങ്ങിയ സന്തോഷത്തില്‍ ഞാന്‍ ദൈവങ്ങള്‍ക്ക് നന്ദി പറഞ്ഞു.

കുപ്പി തുറന്നു ഗ്ലാസുകളില്‍ ബ്രാണ്ടി പകര്‍ന്ന് സോഡാ ഒഴിക്കുമ്പോള്‍ നായര്‍ സര്‍ ചോദിച്ചു: “സിനിമാ മോഹിയാണ്..അല്ലേ?”
ഞാന്‍ പുഞ്ചിരിച്ചു

“കഴിവും ഭാഗ്യവും മാത്രമല്ല, കൌശലം കൂടി വേണം; കയറി പറ്റാനും പിടിച്ചു നില്‍ക്കാനും…….ഈ മുഴുകുപ്പി ബ്രാണ്ടി വാങ്ങിയത് പോലെ.!”

ഗ്ലാസുകള്‍ ഉയര്‍ത്തി ടോസ്റ്റ് ചെയ്യുമ്പോള്‍ നായര്‍ സാറിന്റെ വാക്കുകള്‍ ഒളിയമ്പുകളായി. ചുണ്ടോളം ഉയര്‍ത്തിയ എന്റെ ഗ്ലാസ് ടീപ്പോയിലേക്ക് വീണു തുളുമ്പി. തൊണ്ടിയോടെ പിടിക്കപ്പെട്ട മോഷ്ടാവ് മുഖം മറക്കാന്‍ ഒരു തൂവാല പരതി.

നായര്‍സര്‍ ചിരിച്ചു, പിന്നെ ഗ്ലാസ്‌ നിറച്ച് എന്റെ കയ്യില്‍ പിടിപ്പിച്ചു: “അനിയാ…മോശമായി പറഞ്ഞതല്ല, ലോബിയില്‍ കണ്ടപ്പോള്‍ തന്നെ നീന്നെ എനിക്ക് ഇഷ്ടമായി. അത് കൊണ്ടാണ് നീ എന്നോടൊപ്പം ഇരിക്കുന്നത്..”

ഒഴിയുന്ന ഗ്ലാസുകളില്‍ വീണ്ടും വീണ്ടും ബ്രാണ്ടി പകര്‍ന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു.

നായര്‍സാറിന്റെ നാലാമത്തെ സിനിമയുടെ ജോലി കഴിഞ്ഞ് ഫിലിം ലാബില്‍ ഇരിക്കുന്നു. സൂപ്പര്‍ സ്റ്റാറുകളോടൊപ്പം ഏറെ തിളങ്ങുന്ന നടനാണ് നായകന്‍. സഹനടന്‍റെ പ്രതിച്ഛായ ഉള്ള ഒരാളെ നായകനാക്കി സിനിമ നിര്‍മ്മിക്കുന്നത്‌ പലരും നിരുത്സാഹപെടുത്തി. സാമ്പത്തീകമായി സഹായിക്കും എന്ന് കരുതിയിരുന്ന പലരും പിന്മാറി. എന്നിരുന്നാലും സിനിമ നല്ല രീതിയില്‍ പൂര്‍ത്തിയാക്കി. മദ്രാസിലെ മാര്‍വാടികളില്‍ നിന്നും പണം പലിശക്ക് വാങ്ങി ലാബില്‍ കൊടുത്ത് സിനിമ റിലീസ്‌ ചെയ്യണം. അടുത്ത ദിവസം പണം കണ്ടെത്താനുള്ള യാത്രയില്‍ എന്നെ കൂടി ക്ഷണിച്ചു നായര്‍സര്‍.

ടാക്സിയില്‍ ഒരുമിച്ചുള്ള യാത്രയില്‍ ഞാന്‍ എഴുതിയ നാടകങ്ങളെ കുറിച്ച് നായര്‍സാറിനോട് പറഞ്ഞു. കഥകളുടെ സിനിമാ സാദ്ധ്യതകളെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അനുയോജ്യരായ സംവിധായകരെയും നടീനടന്‍മാരെയും കുറിച്ച് സംസാരിച്ചു. എന്റെ സിനിമാ സ്വപ്‌നങ്ങള്‍ മദ്രാസിലെ രാജവീഥികളിലൂടെ കാറില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഉയരമുള്ള ചുറ്റുമതില്‍ കെട്ടിയ, വലിയ അള്‍സേഷ്യന്‍ നായകള്‍ കാവല്‍ നില്‍ക്കുന്ന മദ്രാസിലെ മാര്‍വാഡി വീടുകളില്‍ നായര്‍സാറിനൊപ്പം ഞാന്‍ കയറി ഇറങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍ അല്ലെങ്കില്‍ പുതിയ നായകനടന്‍ ദിലീപ് ഇവരില്ലാത്ത മലയാള സിനിമ പരാജയപ്പെടും എന്നാണ് മാര്‍വാടികളുടെ പൊതുവായ മതം. മുടക്ക് മുതല്‍ കിട്ടാത്ത സംരംഭത്തിന് സഹായം നല്കാന്‍ അവര്‍ തയ്യാറല്ല. പ്രേക്ഷകര്‍ അംഗീകരിച്ച നടന്മാരെ നായകരാക്കിയുള്ള പുതിയ സിനിമകള്‍ക്ക്‌ സാമ്പത്തികം ഉറപ്പുനല്‍കി മാര്‍വാടികള്‍.

ദിവസങ്ങളുടെ അലച്ചിലിന് ഒടുവില്‍ മുറിയുടെ വാടകയും മറ്റു ചിലവുകളും ശുഷ്ക്കമാക്കിയ കീശയുമായി ഞാന്‍ നീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. സെന്‍ട്രല്‍ സ്റ്റേഷനില്‍ ടാക്സിയില്‍ ഇറക്കുമ്പോള്‍ നായര്‍സര്‍ എന്നോട് പറഞ്ഞു: “അനിയാ… നിന്നില്‍ കഥയും കഥാകാരനും ഉണ്ട്. അടുത്ത സിനിമ നാം ഒരുമിച്ചു ചെയ്യം.”

ഫോണെടുത്ത് റിസീവര്‍ ചെവിയില്‍ ചേര്‍ക്കുമ്പോള്‍ നായര്‍സാറിന്റെ ശംബ്ദം മൂന്നു മാസങ്ങള്‍ക്ക് ശേഷം ഞാന്‍ കേട്ടു: “അനിയാ…”

“പറയൂ സര്‍…” ഞാന്‍ തിടുക്കപ്പെട്ടു

“തിരക്കിലല്ല എങ്കില്‍ കൊടുങ്ങല്ലൂര്‍ വരെ വരണം. ഞാന്‍ ഇവിടെ ഉണ്ട്.” നായര്‍സര്‍ സ്ഥലം പറഞ്ഞു.

ഒരു മണിക്കൂര്‍ കൊണ്ട് എത്താം എന്ന് വാക്ക് കൊടുത്ത്‌ വീട്ടില്‍ ഇലയിട്ട തിരുവോണ സദ്യക്ക് ഞാന്‍ അവധി പറഞ്ഞു. അയലത്തെ സുഹൃത്തിന്റെ ബൈക്ക്‌ ചോദിച്ചു വാങ്ങുമ്പോള്‍ എന്നത്തേയും പോലെ അവന്റെ മുഖം കറുത്തില്ല. സംഗതി സിനിമയാണ്; രക്ഷപ്പെട്ടാല്‍ ഇവന്‍ ബെന്‍സ്‌ കാറില്‍ തിരിച്ചു വരും!

കൊടുങ്ങല്ലൂരില്‍ അമ്പലത്തിന്‍റെ വടക്കേ നടയിലുള്ള ബാര്‍ ഹോട്ടല്‍ ആണ് നായര്‍സര്‍ പറഞ്ഞത്. ഞാന്‍ പ്രതീക്ഷിച്ചതിലും നേരത്തെ എത്തി. ബൈക്ക് പാര്‍ക്ക്‌ ചെയ്യുമ്പോള്‍ പിന്നില്‍ അദ്ദേഹം.

നായര്‍സര്‍ ഏറെ ക്ഷീണിച്ചിരിക്കുന്നു. വെട്ടി ഒതുക്കാത്ത താടിയില്‍ നിറയെ വെള്ളി നാരുകള്‍.
“അനിയാ… ഹാപ്പി ഓണം!” അദ്ദേഹം അഭിവാദ്യം ചെയ്തു.

“ആദ്യമായാണ് വീട്ടുകാര്‍ക്ക് ഒപ്പം അല്ലാത്ത തിരുവോണം.” റസ്റ്റൊറന്റിലെ തിരക്കിനിടയില്‍ സീറ്റ്‌ ഉറപ്പാക്കി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നായര്‍ സര്‍ പറഞ്ഞു.

എത്ര തിരക്കുണ്ടെങ്കിലും ഓണത്തിനും വിഷുവിനും നായര്‍ സര്‍ വീട്ടിലേക്കു പോകും. കഴിഞ്ഞ വിഷുവിന് ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നു. സെറ്റില്‍ എല്ലാവര്ക്കും വിഷു സദ്യ ഉറപ്പാക്കി താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ വിഷു കൈനീട്ടവും കൊടുത്താണ് അദ്ദേഹം പോയത്. ഈ തിരുവോണത്തിന് ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു കുട്ടികളും സദ്യ ഒരുക്കി അദ്ദേഹത്തെ കാത്തിരിക്കും. പക്ഷെ പോകാന്‍ കഴിയില്ല. സിനിമ റിലീസ്‌ ചെയ്യാന്‍ കഴിഞ്ഞില്ല. സാമ്പത്തീക ബാദ്ധ്യതകള്‍ തീര്‍ക്കാതെ നാട്ടില്‍ പോകാനാകില്ല. നായര്‍സാറിന്റെ ശബ്ദം ഇടറി.

കൊടുങ്ങല്ലൂരില്‍ ഉള്ള പ്രമുഖ നിര്‍മ്മാതാവിന്റെ സഹായം ആവശ്യപ്പെടാന്‍ വന്നതാണ്. അവസാനത്തെ കച്ചിതുരുമ്പ്. പക്ഷെ, മാര്‍വാഡികള്‍ പറഞ്ഞത് തന്നെ അയാളും പറഞ്ഞു. ന്ഷടമാകും എന്ന് ഉറപ്പുള്ള കച്ചവടത്തിന് സഹായിക്കില്ല. നായര്‍സാറിന്‍റെ കൈയില്‍ പണമില്ല, ഭക്ഷണത്തിനും, മദ്രാസിലേക്ക് തിരിച്ചു പോകുന്നതിനും.

കൌണ്ടറില്‍ ഭക്ഷണത്തിന്റെ പണം അടച്ച്‌ അവശേഷിച്ച നോട്ടുകള്‍ നായര്‍സാറിന്റെ കീശയില്‍ തിരുകുമ്പോള്‍ അദ്ദേഹം എന്റെ കൈകള്‍ നെഞ്ചോട്‌ ചേര്‍ത്തു. നായര്സാറിന്റെ കണ്ണില്‍ നിന്നും എന്റെ മനസ്സിന്റെ വെള്ളിത്തിരയിലേക്ക് അടര്‍ന്നുവീണ രണ്ടു നീര്‍ മുത്തുകളുടെ ചൂടില്‍ ഹൃദയം പൊള്ളുമ്പോള്‍ ഞാന്‍ കേട്ടു: “അനിയാ…. ജീവിതം ഒരു സിനിമയാണ്..!”