സിനിമാസ്റ്റൈല്‍

181

333കൂടെ നടന്ന ഒരുത്തന്‍ സിനിമാസ്റ്റൈലില്‍ ചതിപ്രയോഗം നടത്തി എന്‍റെ കാമുകിയെ എന്നില്‍ നിന്നും അകറ്റിയപ്പോള്‍ എനിക്കത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. കാരണം ഞാന്‍ സിനിമ കാണാറില്ലായിരുന്നു. അത് കൊണ്ട് തന്നെ സിനിമാസ്റ്റൈല്‍ ചതി എങ്ങനെയാണെന്നും അറിയില്ലായിരുന്നു.

മറ്റൊരുത്തനുമായി വിവാഹം നിശ്ചയിക്കപ്പെട്ട കാമുകിയെത്തേടി  സിനിമാസ്റ്റൈലില്‍ ഞാന്‍ എത്തുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഞാന്‍ പോയില്ല. കാരണം, അതാണ്‌  സിനിമാസ്റ്റൈല്‍ എന്നെനിക്കറിയില്ലായിരുന്നു.

സ്റ്റാറ്റസ് പോരെന്ന കാരണത്താല്‍ കാമുകിയെ എന്നില്‍ നിന്ന് അടര്‍ത്തി മാറ്റിയ അവളുടെ തന്തയും പിന്നീട് ഞാന്‍ സിനിമാസ്റ്റൈലില്‍ വന്ന് അവളെ തട്ടിക്കൊണ്ടു പോവുമോ എന്ന് ഭയന്നിരുന്നു. പക്ഷെ, ഞാന്‍ അതിനും മിനക്കെട്ടില്ല. കാരണം അങ്ങനെയും ഒരു സിനിമാസ്റ്റൈല്‍ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു.

അയല്‍വാസിയായ മറ്റൊരു പെണ്‍കുട്ടിയെ കല്യാണം ആലോചിക്കാന്‍ വീട്ടുകാരോട് പറഞ്ഞപ്പോള്‍ എല്ലാവരില്‍ നിന്നും ഒരു മുറുമുറുപ്പ് ഉയര്‍ന്നു. സ്റ്റാറ്റസ് പോരാത്രേ!. അല്ല, ഒത്തുചേരാത്തതിനെ ഒത്തു ചേര്‍ക്കലും സംഭവിക്കാത്തതിനെ സംഭവിപ്പിക്കലും ആണല്ലോ സിനിമാസ്റ്റൈല്‍. പിന്നെന്തേ ഇപ്പോള്‍ ഇവര്‍ സിനിമാസ്റ്റൈല്‍ നോക്കാത്തത്.?

അങ്ങനെ അവളെയും മറ്റൊരുത്തന്‍ സിനിമാസ്റ്റൈലില്‍ അടിച്ചു മാറ്റി. അവളുടെ വായില്‍ നോക്കി നടന്ന  ഒരു കേബിള്‍ ടിവി ഓപ്പറേറ്റര്‍ അങ്ങോട്ടും ഒരു ലൈന്‍ ഇട്ടു കൊടുത്തു. ആ ലൈനില്‍ അവള്‍ കുടുങ്ങുകയും ചെയ്തു. അങ്ങനെ അതിനും ഒരു സിനിമാസ്റ്റൈല്‍ പര്യവസാനമായി.

ഇപ്പോള്‍ ഞാന്‍ സിനിമ കാണാറുണ്ട്. അതിന്‍റെ രസം കൊണ്ടല്ല. സിനിമാസ്റ്റൈല്‍ എന്താണെന്ന്‍ അറിയാന്‍. കാരണം സിനിമാസ്റ്റൈലില്‍ എങ്ങനെയാണ് പെണ്ണിനെ തട്ടിയെടുക്കുന്നതെന്നും എങ്ങനെയാണ് കല്യാണം നടക്കുന്നതെന്നും എങ്ങനെയാണ് ചതിക്കുന്നതെന്നും അറിയണമല്ലോ. ഇങ്ങനെ ചതിക്കുന്നവരെയും പാരപണിയുന്നവരെയും സിനിമാസ്റ്റൈലില്‍ തന്നെ തല്ലിക്കൊല്ലാനും പറ്റുമത്രേ!

ഇപ്പോള്‍ എനിക്കും സിനിമാസ്റ്റൈല്‍ അറിയാം. സുന്ദരിയും സുശീലയും സുമുഖിയും ഒത്ത ശരീരവുമുള്ള മറ്റൊരു കാമുകിയെ തേടുകയാണ് ഞാനിപ്പോള്‍. കാരണം,അതാണല്ലോ സിനിമാസ്റ്റൈല്‍.