സിനിമ ഇനി പുതിയ വഴികളിലൂടെ…

0
437

bg film

സ്വാതന്ത്ര്യം എന്ന വാക്കിന് ഒരുപാട് ലിമിറ്റേഷന്‍സ് ഉണ്ടെന്ന് എത്രയോ കാലമായി തെളിയിക്കപ്പെട്ട ഏക മേഖലയാണ് സിനിമ. ഒരു കഥ അംഗീകരിക്കപ്പെടുന്നതുമുതല്‍ തിയറ്ററിലെത്തുന്നതുവരെയുള്ള പ്രോസ്സസിംഗിന്റെ പല ഘട്ടങ്ങളിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കഴുത്തിന് പിടിക്കുന്ന ഇടപെടലുകള്‍ കാലാകാലങ്ങളായി സിനിമ  നേരിടുന്നുണ്ട്. ജെ.സി. ഡാനിയേലിന്റെ വിഗതകുമാരന്‍ മുതല്‍ രഞ്ജിത്തിന്റെ ലീലവരെ അത് നമ്മെ ബോധ്യപ്പെടുത്തുന്നു. നിര്‍മ്മാതാവ്/താരം/അസോസിയേഷനുകള്‍/സെന്‍സര്‍ ബോര്‍ഡ്/വിതരണം/തിയറ്റര്‍/സാറ്റലൈറ്റ്… ഹൊ.. അങ്ങനെ നീളുന്നു ഇടപെടലുകളുടെ നീണ്ട നിരകള്‍. വിലക്കുകളെ ഭയക്കാതെ, ആര്‍ക്കുമുന്നിലും തന്റെ സിനിമയുടെ സ്വാതന്ത്ര്യം അടിയറ വയ്ക്കാതെ രഞ്ജിത്ത് വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് മുന്നോട്ടുവന്നപ്പോഴും ആശങ്കകള്‍ പ്രേക്ഷകരില്‍നിന്ന് വിട്ടൊഴിയുന്നില്ല. ഇന്‍ഡ്യയില്‍ ഓണ്‍ലൈന്‍ റിലീസിന്റെ ഇതുവരെയും ഉറപ്പാക്കപ്പെടാത്ത ഓണ്‍ലൈന്‍ സ്വീകാര്യത തന്നെയാണ് ഇവിടെയും വിഷയം. എങ്കിലും അധികം വൈകാതെ സ്വന്തം വീടുകളിലിരുന്ന് റിലീസ് സിനിമകള്‍ കാണുന്ന ശീലം മലയാളികളിലേയ്‌ക്കെത്തുമെന്നും ഉറപ്പിക്കാം.

ഏപ്രില്‍ 22 ന് റിലീസ് ചെയ്യുന്ന ലീല 24 മണിക്കൂര്‍ സമയം ഓണ്‍ലൈനില്‍ ഉണ്ടാകുമെന്നും, ഇന്‍ഡ്യ ഒഴിച്ച് ലോകത്തെവിടെയിരുന്നും ഓണ്‍ലൈനിലൂടെ പണം കൊടുത്ത് ലീല കാണാമെന്നും രഞ്ജിത്ത് തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ അറിയിച്ചിട്ടുണ്ട്. www.relax.in എന്ന വെബ്‌സൈറ്റിലൂടെ വെബ് കാസ്റ്റിംഗ്, ഓണ്‍ലൈന്‍ സ്ട്രീമിംഗ് ടെക്‌നോളജികളൂടെ ലീല നിങ്ങള്‍ക്ക് ആസ്വദിക്കാം.
leela-movie-poster-9464
4 ജി സേവനത്തിന്റെ അതിവേഗ വളര്‍ച്ച ഇന്‍ഡ്യന്‍ സിനിമാ വ്യവസായത്തിന് ഗുണകരമാകുമെന്ന സാങ്കേതിക വിദഗ്ധരുടെ നിരീക്ഷണം ശരിയാകുമെങ്കില്‍ അധികം വൈകാതെ സ്വന്തം മൊബൈലുകളിലൂടെയും റിലീസ് സിനിമകള്‍ ആസ്വദിക്കാനാകും. നിലവിലുള്ള 4 ജി സാന്ദ്രത ഇന്‍ഡ്യയില്‍ ഉയര്‍ന്നാല്‍ കേരളത്തിലെ പരിമിതമായ തിയറ്റര്‍ ലഭ്യതയെ മറികടക്കാന്‍ എളുപ്പത്തില്‍ സാധിക്കും.

ഓണ്‍ലൈന്‍ വീഡിയോ കാണുന്ന ഇന്‍ഡ്യന്‍ ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്‍ഡ്യയില്‍ ഉപയോഗിക്കപ്പെടുന്ന ഇന്റര്‍നെറ്റ് ബാന്‍ഡ്‌വിഡ്ത്തിന്റെ 85 ശതമാനവും ഓണ്‍ലൈന്‍ റിലീസ് സിനിമകള്‍ക്കായി നീക്കിവയ്ക്കപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. നെറ്റ് ഫ്‌ലിക്‌സ് പോലുള്ള ഓണ്‍ലൈന്‍ സിനിമാ പ്രദര്‍ശന സംവിധാനങ്ങളുടെ മാതൃകകള്‍ അതോടെ പെരുകുകയും ചെയ്യും. വര്‍ദ്ധിക്കുന്ന മൊബൈല്‍ സാന്ദ്രതയും,  സിനിമയുടെ ഇടയിലും അല്ലാതെയും ഉള്ള പരസ്യ വരുമാന സാധ്യതകളും പരിഗണിച്ചാല്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രേക്ഷകന് സിനിമ പ്രാപ്യമാവുകയും വൈഡ് റിലീസ് വഴി സിനിമയുടെ വരുമാന വര്‍ദ്ധനവ് ഗണ്യമായി ഉയരുകയും ചെയ്യും. മലയാള സിനിമയുടെ നിലവിലുള്ള നഷ്ടക്കണക്കുകളുടെ ആക്കം കുറയ്ക്കാന്‍ ഇത്തരത്തിലുള്ള മൊബൈല്‍, ഓണ്‍ലൈന്‍ വൈഡ് റിലീസുകളിലൂടെ സാധിക്കും.

ഇത് യാഥാര്‍ത്ഥ്യമായാല്‍ ഗ്യാപ്പുകള്‍ക്കായി കാത്തിരിക്കാതെ, തിയറ്റര്‍ പരിഗണനയ്ക്കുവേണ്ടി നാളുകള്‍ തള്ളിനീക്കാതെ ചെറിയ സിനിമകള്‍ക്കുപോലും ജനങ്ങള്‍ക്ക് മുന്നിലെത്താനുള്ള പെടാപ്പാടുകള്‍ ഇല്ലാതാകും. ഭാവിയിലെ സിനിമാ റിലീസ് ഒരുപക്ഷെ ഏറ്റവും ലാഭകരമായി, ഏറ്റവും എളുപ്പത്തില്‍ സാധ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.