നാട്ടിലെ ഞങ്ങളുടെ വീട്ടില്‍ പണ്ടൊരു പൂച്ചയുണ്ടായിരുന്നു, ‘ലിസ്സി’ യെന്നായിരുന്നു അവളുടെ നാമം. ആരുകണ്ടാലും വാരിയെടുത്തു അവളെ ഒന്ന് ചുംബിക്കും. അത്രമേല്‍ സുന്ദരി ആയിരുന്നു അവള്. എന്നാല്‍ അവള്‍ക്കൊരു കുഴപ്പം ഉണ്ടായിരുന്നു. ആവശ്യമില്ലാത്തിടത്തെല്ലാം കയറി തലയിടും. മീന്‍ ചട്ടിയിലും, കുട്ടയിലും, എലി വില്ലിലും മറ്റും മറ്റും…
അതുപോലെയാണ് ഇവിടെ അമേരിക്കയില്‍ വിദ്യാസമ്പന്നനെന്നും പത്രപ്രവര്‍ത്തക ശ്രേഷ്ഠന് എന്നും സ്വയം പാടിപ്പുകഴ്ത്തി നടക്കുന്ന ഒരു മാന്യന്റെ ഭാവം. അദ്ദേഹം ആവശ്യമില്ലാത്തിടത്തെല്ലാം ചെന്ന് തലയിടും, അഭിപ്രായങ്ങള്‍ പറയും, മറ്റുള്ളവരെ കുറ്റം വിധിക്കും, ഭീഷണിപ്പെടുത്തും. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അദ്ദേഹത്തെ ഈ അടുത്തകാലത്ത് പരിചയപ്പെടുവാന്‍ ഈയുള്ളവനും ഇടവന്നു.
ഇദ്ദേഹവുമായി പരിചയപ്പെടുന്നതിനു മുന്‍പുതന്നെ എന്റെ സുഹൃത്തുക്കളായ ചിലരോട് ഞാന്‍ ഇദ്ദേഹത്തെക്കുറിച്ച് തിരക്കിയിരുന്നു. ഇദ്ദേഹം വിശ്വമലയാള സമ്മേളനത്തിന്റെ ഇവിടുത്തെ സംഘാടകനും, നല്ലവനും, വിദ്യാസമ്പന്നനും, വിവരമുള്ളവനും ആണെന്നും, ഇദ്ദേഹവുമായുള്ള സൗഹൃദം നല്ലതാണെന്നും അവരെല്ലാം പറഞ്ഞു. അവരെല്ലാം എന്റെ ദീര്‍ഘനാളുകളായുള്ള സുഹൃത്തുക്കള്‍ തന്നെ. അപ്പോള്‍ പിന്നെ അവര്‍ പറയുന്നത് തീരെ വിശ്വസിക്കാതിരിക്കാന്‍ പറ്റുമോ?
ആദ്യം ഞാന്‍ ഇദ്ദേഹത്തിന്റെ ഫെയിസ് ബുക്ക് അക്കൗണ്ട് തിരഞ്ഞു കണ്ടുപിടിച്ചു. ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.
അധികം താമസിച്ചില്ല, ഇതാവരുന്നു എന്റെ റിക്വസ്റ്റ് ഇദ്ദേഹം സ്വീകരിച്ചതായുള്ള നോട്ടിഫിക്കേഷന്‍.
അങ്ങനെ ഞങ്ങള്‍ ഫെയിസ് ബുക്ക് ഫ്രണ്ട്സ് ആയി.
ഞാന്‍ ഇദ്ദേഹത്തിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ വായിച്ചു പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് തന്നെ, ‘ഓടുന്ന കാളക്കു ഒരുമുഴം മുന്‍പേ എന്നവണ്ണം’ ‘ഹായ്’ എന്ന ഇദ്ദേഹത്തിന്റെ ഒരു പ്രൈവറ്റ് ചാറ്റ് മെസ്സേജ്, കൂടാതെ ‘ഹു ഈസ് ദിസ്? ‘എന്നൊരു ചോദ്യവും. ഞാന്‍ വളരെ ഭവ്യതയോടെ എന്റെ വിവരങ്ങള്‍ ഇദ്ദേഹവുമായി ഷെയര്‍ ചെയ്തു. എന്നാല്‍ ഇദ്ദേഹത്തെപ്പറ്റി ഒരു വാക്കുപോലും വിട്ടുതുറന്നു പറഞ്ഞതുമില്ല. എങ്കില്‍ തന്നെയും ചാറ്റ് അധികം നീണ്ടുപോകുന്നതിനു മുന്‍പേ ഇദ്ദേഹം തന്റെ ഫോണ്‍ നമ്പര്‍ എനിക്ക് തന്നിട്ട് വിളിക്കുവാന്‍ പറഞ്ഞു. വിശ്വ മലയാള സമ്മേളനത്തിന്റെ സംഘാടകന്‍ അതിന്റെ വിമര്ശകനായതിന്റെ പൊരുള്‍ മനസ്സിലാക്കുന്നതിനായി ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചു.
ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചു. ഇദ്ദേഹം എന്റെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതല്ലാതെ ഞാന്‍ ചോദിച്ചതിനു വ്യക്തമായ ഒരു മറുപടിയും തരികയുണ്ടായില്ല. എന്തോ അത്യാവശ്യത്തിനു വെളിയില്‍ പോകണം എന്നുപറഞ്ഞു ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു.
എന്തായാലും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആയി. ഫെയിസ് ബുക്കില്‍ ഞാന്‍ എന്ത് പോസ്റ്റ് ചെയ്താലും അതിനെല്ലാം തന്റേതായ കമന്റുകള്‍ ഇദ്ദേഹം ഇടുമായിരുന്നു. വല്ലപ്പോഴുമൊക്കെ ചാറ്റും ചെയ്തിരിന്നു.
എന്നാല്‍ വന്നുവന്ന് ഇയാളുടെ കമന്റുകളില്‍ പരിഹാസങ്ങളും, വിഡ്ഢിത്തങ്ങളും ഒക്കെ നിഴലിക്കാന്‍ തുടങ്ങി. ചിലതില്‍ അസഭ്യപദപ്രയോഗങ്ങള്‍ വരെയും. എന്റെ പലകൂട്ടുകാരും ഇദ്ദേഹത്തിന്റെ കമന്റുകളെക്കുറിച്ച് എന്നോട് പരാതി പറഞ്ഞിരുന്നു. എന്നിട്ടും ഒരു പ്രായം ചെന്ന മനുഷ്യന് ആണല്ലോ എന്നുള്ള പരിഗണന കൊടുത്ത് അവരോടോക്കെയും ക്ഷമപറഞ്ഞു ഇദ്ദേഹത്തെ ഞാന്‍ കുറച്ചുനാള്‍ കൂടി സഹിച്ചു.
അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി… ഇദ്ദേഹത്തിന്റെ കമന്റുകളുടെ ശക്തിയും വര്‍ദ്ധിച്ചുവന്നു… സഹികെട്ട് ഞാന്‍ ഇദ്ദേഹത്തെ എന്റെ ഫെയിസ് ബുക്കില്‍ നിന്ന് ബ്ലോക്ക് ചെയ്തു. അന്നുതൊട്ടു ഞങ്ങള്‍ സുഹൃത്തുക്കള്‍ അല്ല. ടെലിഫോണ്‍ വിളികളോ മറ്റു യാതൊരുവിധമായ ബന്ധങ്ങളോ ഇല്ല.
ഞാന്‍ ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ എന്റെ സുഹൃത്തക്കളോട് പറഞ്ഞപ്പോള്‍ ‘നിനക്കിട്ടു ഒരു പണിതരണമെന്നു കുറച്ചുനാളായി ചിന്തിക്കുന്നു, അതിനാലാണ് ഇദ്ദേഹത്തിന്റെ ശരിയായ വിവരങ്ങള്‍ ഞങ്ങള്‍ പൂഴ്ത്തി വെച്ചത്’ ചിരിച്ചുകൊണ്ട് അവരുടെ മറുപടി.
എന്തായാലും വേലിയേല്‍ കിടന്നതിനെ എടുത്ത് എങ്ങാണ്ടോ വെച്ച അനുഭവം ആയിരുന്നു എനിക്കുണ്ടായത്.
അത് പഴയ കഥ.
ഇപ്പോള്‍ ഒരു പുതിയ കഥയും ആയിട്ടാണ്, ഒരു പുതിയ വ്യക്തിയായിട്ടാണ്, ഇദ്ദേഹം അരങ്ങു തകര്‍ക്കുന്നത്. അമേരിക്കയില്‍ ഇന്നുള്ള എഴുത്തുകാരുടെ ഗുരുവെന്നോ, തലതൊട്ടപ്പനെന്നോ ആണ് ഇദ്ദേഹത്തിന്റെ വെപ്പ്. ഈ വ്യക്തിയുടെ ആശീര്‍വാദങ്ങള്‍ ഇല്ലാത്ത യാതൊന്നും ആര്‍ക്കും എഴുതുവാന്‍ പാടില്ല. എഴുതിയാല്‍ തന്നെ ആരും എങ്ങും പബ്ലീഷ് ചെയ്യുവാന്‍ പാടില്ല. എന്തൊരു കഷ്ടമാണെന്ന് നോക്കണേ!
ഈ അടുത്തിടെ എന്റെ ഒരു പ്രിയ സ്നേഹിതന് അദ്ദേഹം കണ്ട ഒരു സിനിമയെക്കുറിച്ച് ഒരു നിരൂപണം എഴുതുകയുണ്ടായി. അദ്ദേഹം വര്‍ദ്ധിച്ച ആഗ്രഹത്തോടെ കണ്ട ആ സിനിമ പ്രതീക്ഷിച്ചതുപോലെ നന്നായില്ല എന്ന് അദ്ദേഹം അതില്‍ ശക്തമായി പറയുകയും ചെയ്തു. ഈ ലേഖനം എഴുതുന്നതിനു മുന്‍പ് തന്നെ ആ സിനിമയ്ക്കുവേണ്ടി പണം മുടക്കുകയും അതില്‍ ഒരു റോള്‍ അഭിനയിക്കുകയും ചെയ്ത നല്ലവനും വിവരമുള്ളവനും തറവാടിയുമായ അതിന്റെ നിര്‍മ്മാതാവിനോട് വിവരങ്ങള്‍ പറയുകയും അതുപോലുള്ള ഒരു ലേഖനം എഴുതി പബ്ലീഷ് ചെയ്യുന്നതിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തിരുന്നു.
‘ഹേ അത് നിങ്ങളുടെ അഭിപ്രായം, അതിനെനിക്കെന്താ’ അപ്പോള്‍ മാന്യനായ ആ നിര്‍മ്മാതാവ് മറുപടിയും കൊടുത്തു.
ഏതായാലും എന്റെ സുഹൃത്ത് തന്റെ അഭിപ്രായങ്ങള്‍ ലേഖന രൂപത്തിലാക്കി മാധ്യമങ്ങള്‍ക്ക് അയച്ചു. ചിലര്‍ പ്രസിദ്ധീകരിച്ചു, ചിലര്‍ ഭയം കൊണ്ടും, മറ്റുചിലര്‍ അതില്‍ പ്രതിപാദിച്ചിരുന്ന സംവിധായകനുമായുള്ള വ്യക്തി, സൗഹൃദ ബന്ധങ്ങള്‍ കൊണ്ടും പബ്ലീഷ് ചെയ്തില്ല. അതിനു കുഴപ്പവുമില്ല.
എന്തായാലും കൊള്ളാം, ആ ലേഖനം പൊതുമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ആയിരക്കണക്കിന് ആള്ക്കാര് അത് വായിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു.
പ്രശ്നം അവിടെ തുടങ്ങി. എന്റെ പഴയ സുഹൃത്തിന് ഈ ലേഖനം വായിച്ചപ്പോള്‍ മുതല്‍ അസുഖം തുടങ്ങി. ലേഖനം എഴുതിയവര്‍ക്കെതിരെയും, അത് ഇ-മെയില്‍ ചെയ്തുകൊടുത്തവര്ക്കെതിരെയും ഫോണിലും, ഇ-മെയിലിലും കൂടെ പ്രതികരിക്കുകയും ചെയ്തു.
മാധ്യമ രംഗത്തും സാഹിത്യരംഗത്തും ദീര്‍ഘനാള്‍ പ്രവര്‍ത്തിക്കുകയും വളരെ അറിയപ്പെടുകയും കാശുകൊടുക്കാതെ തന്നെ ധാരാളം അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുള്ള അമേരിക്കന്‍ സാഹിത്യത്തിലെ എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പിതൃതുല്യനായ ഒരു വ്യക്തിയെയാണ് ഇദ്ദേഹം അപമാനിക്കാന്‍ ശ്രമിച്ചത്. അദ്ദേഹത്തിനെതിരെയാണ് ഇയാള്‍ ഭീഷണിയുമായി ഇറങ്ങിയിരിക്കുന്നത്. അദ്ദേഹത്തെയാണ് പത്രധര്‍മ്മം പഠിപ്പിക്കാന്‍ ഈ മാന്യന് ഇറങ്ങി തിരിച്ചിരിക്കുന്നത്. കൂടാതെ ഇയാള്‍ ഇപ്പോള്‍ ആക്ഷേപിക്കുകയും പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നത് എഴുത്തുകാരുടെ ഒരു സമൂഹത്തെക്കൂടിയും!
പണം മുടക്കുകയും അതിനു വേണ്ടി കഷ്ടപ്പെടുകയും ചെയ്ത ആ സിനിമയുടെ നിര്‍മ്മാതാവിനില്ലാത്ത മനോഃവ്യഥയാണ് ഇദ്ദേഹത്തിനുള്ളതെന്നു തോന്നുന്നു.
അല്ല, എന്താണ് ഇദ്ദേഹത്തിന്റെ പ്രശ്നം? മനസ്സിലാവുന്നില്ല. ‘ആരെന്നാണ് ഇദ്ദേഹത്തിന്റെ ഭാവം?’ ‘ഇത് എന്തിന്റെ അസുഖമാണ്? ‘ അല്ല, മറ്റുള്ളവരുടെ മേല്‍ കുതിര കയറാതെ അത്യാവശ്യം ഏതെങ്കിലും ഒരു ഡോക്ടറെ പോയി കണ്ടു മരുന്ന് വാങ്ങി കഴിക്കണം. അതല്ലേ കരണീയം?
ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കട്ടെ! ഇത് കേരളമല്ല, ആരുടെയും ഗുണ്ടായിസവും ഭീഷണിയും ഈ നാട്ടില്‍ വിലപ്പോവില്ല. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ കൊച്ചു കുട്ടികളൊന്നുമല്ലല്ലോ ഇവിടുത്തെ വായനക്കാരും എഴുത്തുകാരും?
എഴുത്തുകാരെ വെറുതെ വിടുക. അവര്‍ അവരുടെ മനസ്സ് തുറന്നു എഴുതട്ടെ. സിനിമ കണ്ടവര്‍ സിനിമയെക്കുറിച്ച് അഭിപ്രായം പറയട്ടെ. സിനിമ കണ്ട ഒരാള്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ എഴുതി. അതുപോലെ അഭിപ്രായങ്ങള്‍ എഴുതുവാനും പറയുവാനും എല്ലാവര്ക്കും സ്വാതന്ത്ര്യം ഉണ്ടെന്നു ഓര്‍ക്കുക.
സിനിമ കണ്ടവരെ അഭിപ്രായം പറയാന്‍ അനുവദിക്കൂ ………..