സുക്കറണ്ണന്‍ ഫേസ്ബുക്ക് നിര്‍ത്താന്‍ പോകുന്ന കാര്യം നിങ്ങളറിഞ്ഞോ..?

301

kairali-people

പണ്ടത്തെ ഒരു പഴഞ്ചൊല്ലുണ്ട്.. അതായത് കാള പെറ്റെന്ന് കേക്കുമ്പളെ കയറെടുത്തോണ്ട് ഒടരുതെന്ന്. എന്നാല്‍ മയലാളികളുടെ ശീലം മറ്റൊന്നാണ്.. കാള ഗര്‍ഭിണി ആണെന്ന് കേട്ടാമതി, കയറിന് ഓര്‍ഡര്‍ കൊടുക്കും. ഇത്തരം ശീലങ്ങള്‍ മലയാളികള്‍ക്കിടയില്‍ കൂടുതലാണെന്നുള്ളതിനുള്ള തെളിവുകള്‍ പലതുണ്ട് നമുക്ക് മുന്‍പില്‍. പക്ഷെ പഴയ കഥകളൊന്നും ഇവിടെ പറഞ്ഞ് നിങ്ങളെക്കൊണ്ട് കയറിനുപകരം കോടാലി എടുപ്പിക്കുന്നില്ല, പകരം കഴിഞ്ഞ ദിവസം സംഭവിച്ച ഒരു ഗംഭീര അമളി നിങ്ങളുമായി പങ്കുവെക്കാം.

വൈകുന്നേരം വെറുതെ ടിവി നോക്കിയപ്പോള്‍ കൊള്ളാവുന്ന പരിപാടികള്‍ ഒന്നുമില്ല, എന്നാല്‍ ഇനിയല്‍പ്പം വാര്‍ത്ത കാണാം എന്ന വിചാരവുമായി പല ചാനലുകളില്‍ കയറിയിറങ്ങി. പെട്ടന്നാണ് കൈരളി പീപ്പിളില്‍ ഒരു ബ്രേക്കിംഗ് ന്യൂസ് കണ്ടത്. ” ഫേസ്ബുക്ക് ഓഫീസുകളില്‍ ഫേസ്ബുക്ക് നിരോധിക്കുന്നു..” ഇതായിരുന്നു വാര്‍ത്ത. തലയില്‍ കൈവെച്ച് ചിന്തിച്ചത് മറ്റൊന്നായിരുന്നു.. പണ്ടൊരു സിനിമയില്‍ സലിം കുമാര്‍ പറഞ്ഞപോലെ ദൈവമേ സുക്കര്‍ ബര്‍ഗിന് വട്ടുപിടിച്ചോ, അതോ നാട്ടുകാര്‍ക്ക് മൊത്തം വട്ടായതോ..??. എന്തായാലും ബാക്കി കാണാം എന്നുള്ള ചിന്തയില്‍, ചിന്താമണ്ഡലത്തെ അവിടെ വെച്ച് ടിവിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ന്യൂസ് അവതാരകന്‍ കത്തിക്കയറുകയാണ് “ഫേസ്ബുക്ക് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ അറിയിപ്പുമായി മാര്‍ക്ക് സുക്കര്‍ ഇമെയില്‍ സന്ദേശം ഇന്നലെ അയച്ചു.. അദ്ദേഹത്തെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്താണ്..?. ഈ തീരുമാനം ലോകത്താകമാനമുള്ള ഫേസ്ബുക്ക് ഓഫീസുകളില്‍ നടത്തിയ പഠനത്തിന്റെ ഫലം വന്നതിന് ശേഷമാണ്..” ഉടനെതന്നെ ഒരു ചര്‍ച്ചയും സംഘടിപ്പിച്ചു.. ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് നമ്മുടെ സ്ഥിരം മൈക്ക് വിഴുങ്ങി രാഹുല്‍ ഈശ്വരും. ഈ ഭൂമി മലയാളത്തിന് കീഴിലുള്ള ഇതു സംഭവങ്ങളും തന്റെ അറിവിന്‌ കീഴെയാണെന്ന് വിശ്വസിക്കുന്ന ടിയാനും ഈ വിഷയത്തില്‍ ടിയാനും ഘോരഘോരം പ്രസംഗിച്ചു. “കുട്ടികളുടെ പഠനങ്ങള്‍, വീട്ടിലെ കാര്യങ്ങള്‍ എന്നിവയെ ഫേസ്ബുക്ക് പ്രതികൂലമായി ബാധിക്കുന്നു. ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളില്‍ പ്രയോഗിച്ച അണുവായുധം പോലെ ഡിസ്ട്രക്ട്ടീവ് വശങ്ങള്‍ ഉള്ളതാണ് ഫേസ്ബുക്കിന്. അതിനാല്‍ തന്നെ സുക്കര്‍ ബര്‍ഗിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹാമാണ്..” ( അല്ല കോയാ, ഈ അണുവായുധവും ഫേസ്ബുക്കും തമ്മിലുള്ള ബന്ധം എന്താ..? അതുമാത്രം മനസിലായില്ല…!!)

ചര്‍ച്ച പുരോഗമിക്കുമ്പോള്‍, ഇതിന്റെ നിജസ്ഥിതി എന്താണെന്ന് മൈക്ക് വിഴുങ്ങി മനസിലാക്കിയിട്ടില എന്ന സത്യം മനസിലായി. പിന്നീട് നമ്മുടെ വള്ളിക്കുന്ന് സാഹിബിന്റെ ബ്ലോഗിലാണ് ഇതിന്റെ യഥാര്‍ത്ഥ കഥ പുറത്ത് വന്നത്. സംഭവം ടൈംസ് ഓഫ് ഇന്ത്യ കൊടുത്ത ചെറിയൊരു പണിയാ.. നാട്ടുകാരെ മൊത്തം മണ്ടന്മാരാക്കാനും, അല്‍പ്പം ചിരിപ്പിക്കാനുമായി അവര്‍ ഇടക്കിടക്ക് ചില “ഇല്ലാവചനങ്ങള്‍” വാര്‍ത്തകളാക്കും. നമ്മുടെ മാധ്യമാവീരന്മാര്‍ അതപ്പാടെ മലയാളീകരിച്ച് ബ്രേക്കിംഗ് ന്യൂസുമാക്കും. സത്യത്തില്‍ 29ആം തീയതി ടൈംസ് ന്യൂസില്‍ ഒരു വാര്‍ത്ത വന്നു, എഴുതിയത് സര്‍ദാര്‍ ഫലിതക്കാരന്‍ ജോക്ക് സിംഗ്. വാര്‍ത്തയുടെ തലക്കെട്ടിതാണ് “Facebook to block Facebook“. അതിനടിയില്‍ ചെറിയൊരു കുറിപ്പും.. “Stories in Mocktale are works of fiction intended to bring a smile to your face. They bear no connection to events and characters in real life.”. പക്ഷെ വാര്‍ത്ത കണ്ട കൈരളി പീപ്പിള്‍ ന്യൂസ് ഡസ്കിലെ വാര്‍ത്ത മെനയല്‍ തൊഴിലാളി, കണ്ണും പൂട്ടി വാര്‍ത്ത മലയാളീകരിച്ചു. എന്നിട്ടൊരു തലക്കെട്ടും കൊടുത്തു ” ബ്രേക്കിംഗ് ന്യൂസ്” . പിന്നാലെ പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്ത ലൈവായി, ചര്‍ച്ചയായി, വാഗ്വാദങ്ങളായി. എന്തിനേറെപ്പരയുന്നു, വൈകുന്നേരത്തെ വാര്‍ത്തയുടെ അരമണിക്കൂര്‍ ഫേസ്ബുക്ക് വിവാദത്തില്‍ തീര്‍ന്നുകിട്ടി. എന്നാല്‍ മലയാളികളിലെ വിരുതന്മാര്‍ ഇവരെപ്പോലെ ഉണ്ണുന്നത് ചോറായത് കൊണ്ട്, സത്യത്തിലുള്ള വാര്‍ത്ത കണ്ടുപിടിക്കുകയും, കൈരളി പീപ്പിള്‍ വാര്‍ത്തയുടെ യൂ ട്യൂബ് ലിങ്കിനടിയില്‍ പേസ്റ്റുകയും  ചെയ്തു. പക്ഷെ “മൂട്ടില്‍ വാലുമുളച്ചാല്‍ അതും തണല്‍” എന്ന സിദ്ധാന്തം ഉയര്‍ത്തിപ്പിടിക്കുന്ന ചാനല്‍ ഇതുവരെ ആ വീഡിയോ റിമൂവ് ചെയ്തിട്ടില്ല.

റിമൂവ് ചെയ്യുന്നതിന് മുന്‍പ് നിങ്ങളും ഒന്ന് കണ്ടുനോക്കൂ, മാധ്യമ ധര്‍മ്മത്തിന്റെ ഉദാത്ത മാതൃക..