RB
അയാന്‍ മുഖര്‍ജിയും രണ്‍ബീര്‍ കപൂറും ഒന്നിച്ചപ്പോഴൊക്കെ ബോളിവുഡില്‍ ഹിറ്റുകള്‍ മാത്രമാണ് പിറവി കൊണ്ടിട്ടുള്ളത്. 2009ല്‍ ആദ്യ ചിത്രമായ വേക്ക് അപ്പ് സിഡ് മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും നേടിക്കൊടുത്തു. അയാന്‍ അടുത്ത ചിത്രം ഒരുക്കുന്നത് 2013ലാണ്. വീണ്ടും രണ്‍ബീര്‍ കപൂര്‍ തന്നെ നായകന്‍. ഏറെക്കാലത്തിന് ശേഷം രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും ഒന്നിച്ച ചിത്രം കൂടിയായിരുന്നു യേ ജവാനി ഹേ ദീവാനി. ചിത്രം ബോളിവുഡിലെ പണംവാരിച്ചിത്രങ്ങളില്‍ ഒന്നായി ബോക്‌സ് ഓഫീസില്‍ റിക്കാര്‍ഡ് ചാര്‍ട്ടില്‍ ഇടം പിടിച്ചു.

                  യേ ജവാനി ഹേ ദീവാനി (2013)

ഇപ്പോഴിതാ വീണ്ടും രണ്‍ബീര്‍ കപൂറിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുകയാണ് അയാന്‍ മുഖര്‍ജി. എന്നാല്‍, ആദ്യ രണ്ടു ചിത്രങ്ങള്‍ പോലെ ഒരു റൊമാന്റിക് കോമഡി ആവില്ല പുതിയ ചിത്രം. അതിമാനുഷിക കഴിവുകളുള്ള ഒരു കഥാപാത്രത്തെയാണ് രണ്‍ബീര്‍ കപൂര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. ആലിയ ഭട്ട് ആണ് ഈ സൂപ്പര്‍ഹീറോ ചിത്രത്തിലെ നായിക.

ആലിയ ഭട്ട് ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ എന്ന ചിത്രത്തില്‍

‘ഡ്രാഗണ്‍’ എന്നാണ് ഈ സൂപ്പര്‍ഹീറോ ചിത്രത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേര്. ചിത്രത്തില്‍ രണ്‍ബീര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് തീ അനായാസമായി ഉപയോഗിക്കുവാനുള്ള കഴിവുള്ളത് കൊണ്ടാണ് ഈ പേര് തിരഞ്ഞെടുത്തത് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


യേ ജവാനി ഹേ ദീവാനിക്ക് ശേഷം രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും ഒന്നിക്കുന്ന തമാശ ആണ് അടുത്തതായി പുറത്തിറങ്ങുന്ന രണ്‍ബീര്‍ ചിത്രം. ഇംത്യാസ് അലിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

Advertisements