ഇന്നെനിക്കു ജോലിയുള്ള ദിവസമായിരുന്നതിനാലാണ് ഇത്രയും താമസിച്ചത് . സത്യത്തില്‍ ഇങ്ങിനെയൊരു പോസ്റ്റ്‌  എഴുതുന്നത്‌ അല്പം മനോ വിഷമത്തോടെയാണ്  . എന്നാല്‍ ബൂലോകം എന്ന ഈ സൈറ്റിന്റെ ഉദ്ദേശ ശുദ്ധിയെ ഇന്റര്‍നെറ്റില്‍ പലരും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിവരങ്ങള്‍ ആശുപത്രിയില്‍ വച്ച് ഫോണിലൂടെയും മെയിലിലൂടെയും നിരന്തരം ലഭിച്ചുകൊണ്ടേയിരുന്നു. കൂടുതല്‍ ചര്‍ച്ചകളും നടന്നത് ഫേസ്ബുക്കില്‍ ആണെന്ന് പലരും അറിയിച്ചതിനാല്‍ ഫേസ് ബുക്കിന്റെ ഒരു ആപ്ലിക്കേഷന്‍ ആദ്യമായി ഫോണില്‍ ഇന്‍സ്ടാള്‍ ചെയ്തു നോക്കി. ചിലരുമായി ചാറ്റ് ചെയ്യാന്‍ കഴിഞ്ഞു എന്നതല്ലാതെ ആ ത്രെഡുകള്‍ ഒന്നും വായിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴാണ് പലതും കാണുന്നത്. അനവധി ആരോപണങ്ങള്‍ ഉള്ളതിനാല്‍ പ്രധാനമായവ താഴെ വിശദീകരിക്കട്ടെ.

ഈ അവാര്‍ഡ് കരുതിക്കൂട്ടിയുള്ള ഒരു നാടകം ആയിരുന്നോ?

ബൂലോകം  ഇതുവരെ ബ്ലോഗില്‍ അനവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഒരു പരിപാടിയും ഇതുവരെ കരുതിക്കൂട്ടിയ ഒരു അജണ്ടയുടെ പേരില്‍ ഇവിടെ ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ്‌ ആദ്യമായി ഇങ്ങിനെ ഒരു മത്സരം ഇവിടെ ആരംഭിക്കുന്നത്. വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ വിജയിയെ കണ്ടെത്തുകയും ചെയ്തു. അന്ന് ഇങ്ങിനെ ഒരു പരാതി വന്നിരുന്നില്ല. ഈ വര്ഷം ഈ അവാര്‍ഡ് കൂടുതല്‍ ആളുകളില്‍ എത്തുകയും ബ്ലോഗറന്മാര്‍ ഒരാഘോഷമായി ഇതിനെ കാണുകയും ചെയ്തു എന്നാണ്‌ ഇതില്‍ നിന്നും ഞങ്ങള്‍ വിലയിരുത്തുന്നത്. രണ്ടായിരത്തി ഒന്‍പതില്‍ ഒരു ബ്ലോഗവാര്‍ഡ് നടത്തിയിരുന്നു. പക്ഷെ അന്ന് വോട്ടിംഗില്‍ പരാതി ഉണ്ടായതിനാല്‍  പകുതി വച്ച് നിറുത്തേണ്ടി  വന്നിരുന്നു. അന്ന് എന്നെ പലരും പരസ്യമായി ചീത്ത വിളിക്കുകയും ചെയ്തിരുന്നു.

എങ്ങിനെയാണ് ഈ അവാര്‍ഡിന് ബ്ലോഗറന്മാരെ തെരഞ്ഞെടുത്തത്?

ബൂലോകം സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡിന് ഈ സൈറ്റില്‍ എഴുതിയവരെയാണ് പരിഗണിച്ചിട്ടുള്ളത്. അങ്ങിനെ അല്ലാത്തവരെ ആരെയും പരിഗണിച്ചിട്ടില്ല . അരുണ്‍ കൈമളും ഞാനും ചേര്‍ന്നാണ് ഈ ലിസ്റ്റ് ഉണ്ടാക്കിയത് . ബൂലോകത്തില്‍ കുറെ നാളുകളായി എഴുതാതെയിരുന്ന പലരെയും ഞാന്‍ ഫോണിലും മെയില് വഴിയും ബന്ധപ്പെടുകയും മത്സര വിവരം അറിയിക്കുകയും ചെയ്തിരുന്നു. ബൂലോകത്തില്‍ എഴുതാത്ത ആരെയും ഇക്കാര്യം പറഞ്ഞു ബന്ധപ്പെട്ടിട്ടും ഇല്ല. രണ്ടായിരത്തി ഒന്‍പതു മുതല്‍ ഈ സൈറ്റില്‍ എഴുതുന്ന പലരുമായും ഞാന്‍ ഫോണിലും മെയിലിലും ചാറ്റിലും എല്ലാം ബന്ധപ്പെടാറുണ്ട്. മലയാള ബ്ലോഗറന്മാരില്‍  ഞാന്‍ ആകെ നേരില്‍ കണ്ടിട്ടുള്ളത് രണ്ടു ബ്ലോഗറന്മാരെ മാത്രമാണ്. അതിനാല്‍ മറ്റുള്ളവരെ കോണ്ടാക്ട് ചെയ്യുന്നതിനും സൈറ്റിലെ വിവരങ്ങള്‍ അറിയിക്കുന്നതിനും ഇങ്ങിനെയുള്ള മാര്‍ഗ്ഗങ്ങളെ സ്വീകരിക്കുവാന്‍ നിവൃത്തിയുള്ളു. അതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കുക.

കഴിഞ്ഞ വര്‍ഷത്തെ വിജയികളെ ഈ വര്‍ഷത്തെ മത്സരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്ന് പലതവണ ഈ മത്സരവുമായി  ബന്ധപ്പെട്ട മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റുകളില്‍ പറഞ്ഞിട്ടുണ്ടെന്ന് മാന്യ വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ.

മത്സരം ഹാക്ക് ചെയ്യപ്പെട്ടിരുന്നോ?

മത്സരം തീരുന്നത് വരെ അങ്ങിനെ ഉണ്ടായിട്ടില്ല . ഞങ്ങള്‍ വോട്ടു നടത്താനുള്ള സോഫ്റ്റ്‌ വയര്‍ ഉപയോഗിച്ച കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങിനെ ഒരു പരാതി ഉണ്ടെങ്കില്‍ അതിനെപ്പറ്റി വിവരങ്ങള്‍ തന്നാല്‍ അന്വേഷിക്കാം എന്ന മറുപടി ലഭിച്ചിട്ടുണ്ട്. ദയവായി ആരെങ്കിലും വ്യക്തമായ വിവരങ്ങള്‍ തന്നാല്‍ നമുക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം. മത്സരം തീര്‍ന്നയുടനെ ഫലം അവിടെ നിന്നും ശേഖരിച്ചിട്ടുമുണ്ട്‌.

എന്തുകൊണ്ട് ഫലം പ്രസിദ്ധീകരിക്കുന്നില്ല?

പരസ്യമായി ഇതിന്റെ ഫലം പ്രസിദ്ധീകരിക്കാന്‍ വിഷമമുണ്ട്. വ്യക്തി ഹത്യ ഉണ്ടാവാതിരിക്കുവാനായി മാത്രമാണ് ഇങ്ങിനെ ഒരു തീരുമാനം എടുക്കുന്നത്. മാത്രവുമല്ല അത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുവാനും സാധ്യതയുണ്ട്. എന്നാല്‍ മത്സരിച്ചവര്‍ക്ക് അവാര്‍ഡുദാന ദിവസം ഇത് കാണാവുന്നതാണ്. എന്നാല്‍ ഏതെങ്കിലും കോടതി ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തില്‍ വേണ്ടിവന്നാല്‍ ഇത് പരസ്യമായി പ്രസിദ്ധീകരിക്കാം.

ഇനിയെന്ത്?

സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡിന് വ്യക്തമായ ഒരു നിയമാവലി വേണം. അതില്ലാത്ത കാലത്തോളം എങ്ങിനെ വിവാദങ്ങളെ ഒഴിവാക്കാം എന്ന് സത്യത്തില്‍ ഒരു പിടിയും ഇല്ല. അറിവുള്ളവര്‍ ഒന്ന് സഹായിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.