സൂപ്പര്‍ ബ്ലോഗറും ചുട്ട മീനും !!
ഞങ്ങളുടെ പ്രവാസി അസ്സോസിയേഷന് നടത്തിയ ഒരു പൊതു പരിപാടിയില്‍ പ്രഭാഷണത്തിനായി അസോസിയേഷന് ഇത്തവണ തിരഞ്ഞെടുത്തത്, സുപ്പര്‍ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിനെയായിരുന്നു. പ്രോഗ്രാം കഴിഞ്ഞ പിറ്റേ ദിവസം രാവിലെ വള്ളിക്കുന്നിന്റെ ബന്ധുവായ നിസാറിനെ കാണാന്‍ ഞാനും കൂട്ടുകാരന് ഫൈസലും അദ്ധേഹത്തിന്റെ കൂടെ പുറപ്പെട്ടു.
70 total views
ഞങ്ങളുടെ പ്രവാസി അസ്സോസിയേഷന് നടത്തിയ ഒരു പൊതു പരിപാടിയില്‍ പ്രഭാഷണത്തിനായി അസോസിയേഷന് ഇത്തവണ തിരഞ്ഞെടുത്തത്, സുപ്പര്‍ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിനെയായിരുന്നു. പ്രോഗ്രാം കഴിഞ്ഞ പിറ്റേ ദിവസം രാവിലെ വള്ളിക്കുന്നിന്റെ ബന്ധുവായ നിസാറിനെ കാണാന്‍ ഞാനും കൂട്ടുകാരന് ഫൈസലും അദ്ധേഹത്തിന്റെ കൂടെ പുറപ്പെട്ടു.
കുന്ഫുധയില് നിന്നും എഴുപതു കിലോമീറ്റര്‍ അകലെയുള്ള ‘ഖമീസ്ഹറബ്’എന്ന ഉള് ഗ്രാമത്തിലെവിടെയോ ആണ് നിസ്സാര്‍ ജോലി ചെയ്യുന്നതെന്ന് അദ്ദേഹം തലേന്ന് പറഞ്ഞിരുന്നു. ഞാന്‍ മിഷന് നിസ്സാര്‍ ഓപ്പറേഷനു തുടക്കം കുറിച്ച് കൊണ്ട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. പുറപ്പെടുന്നതിന് മുമ്പ് വള്ളിക്കുന്നിനൊരു സംശയം നിസ്സാര്‍ അവിടെയുണ്ടാകുമോ? ഫോണ്‍ റിംഗ് ചെയ്യുന്നു, പക്ഷെ നോ ആന്‍സര്‍. വീണ്ടും വീണ്ടും വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല.
അല്ല നിങ്ങള്‍ ഇന്ന് ചെല്ലും എന്ന് അവനോടു പറഞ്ഞിരുന്നോ?
ഞാന്‍ ചോദിച്ചു.
അതെ..
(“വെറുതെയല്ല അവന് ഫോണ്‍ എടുക്കാത്തത്, ഈ പട്ടിക്കാട്ടില് വെറുതെ വിളിച്ചു വരുത്തി ഉള്ള ഇമേജ് കളയണ്ട എന്ന് കരുതിക്കാണും” ഫൈസല്‍ പറഞ്ഞ ‘സ്വകാര്യം’ അദ്ദേഹം കേട്ടുവോ ആവോ).
എന്തായാലും നമുക്ക് പോയി നോക്കാം, ഒന്നുമില്ലേലും ആ സ്ഥലമൊന്നു കാണാമല്ലോ.
അങ്ങിനെ ഞാന്‍ ക്യാപ്റ്റനായി കാര്‍ നിസ്സാറിനെ തേടി കുതിച്ചു. ഇരുപതു കിലോമീറ്റര്‍ ഓടിക്കാണും, വള്ളിക്കുന്നിന്റെ ഫോണിലേക്ക് നിസ്സാര്‍ തിരിച്ചു വിളിച്ചു. ഞങ്ങള്‍ക്ക് കൂടി കേള്‍ക്കാന്‍ വേണ്ടിയാവണം സ്പീക്കര്‍ ഫോണിലിട്ടായിരുന്നു സംസാരം.
“ഹലോ അസ്സലാമു അലൈക്കും”
“വ അലൈക്കുമുസ്സലാം ”
“ഞാന്‍ കുളിക്കുകയായിരുന്നു, ഇപ്പോഴാ മിസ്സ് കാള്‍ കണ്ടത് ”
“ഓ അത് സാരമില്ല, ഞങ്ങള്‍ അങ്ങോട്ട് വരികയാണ്. നീയിപ്പം അവിടെ ഉണ്ടാവല്ലോ ല്ലേ ”
“ഇങ്ങോട്ട് വരണ്ട ഞാന്‍ ഇവിടെ ഹമുക്കാണ്”
“ഹമുക്കോ?
“അതെ”
അത് കേട്ടപ്പോള്‍ വള്ളിക്കുന്നിനൊരു സംശയം, നിസ്സാര്‍ തന്നെ കളിയാക്കുകയാണോ? എന്താ അവന് “ഹമുക്ക്” എന്ന് പറഞ്ഞത്? അത് വരെ ഹൈ വോള്‍ട്ടേജില്‍ ആയിരുന്ന അദ്ധേഹം പെട്ടൊന്ന് മുല്ലപ്പെരിയാര്‍ സമരം പോലെ ഡൌണ്‍ ആയി. വണ്ടി സൈഡിലൊതുക്കി ഞാന്‍ പറഞ്ഞു.
ഇവിടെ ഒമക്ക് എന്നൊരു സ്ഥലമുണ്ട്, അത് നമ്മുടെ മലബാരീങ്ങള് ‘ശുദ്ധമലയാളത്തില്‍’ പറഞ്ഞു പറഞ്ഞു “ഹമക്കു” ആക്കിയതാണ്, നിസ്സാര്‍ അവിടെയായിരിക്കും ഉള്ളത്. പക്ഷെ അവിടെ പോവണമെങ്കില്‍ വന്ന വഴി വണ്ടി തിരിച്ചു വിടണം, എന്നിട്ട് വേറെ വഴിയില്‍ നൂറ്റി ഇരുപതു കിലോമീറ്റര്‍ ഓടണം.
അപ്പോഴാണ് അദ്ധേഹത്തിനു അല്‍പ്പമൊന്നു ആശ്വാസമായത്. അങ്ങിനെ ഓടിയ അത്രയും ദൂരം തിരിച്ചു വന്നു ഞങ്ങള്‍ ‘ഒമക്ക്’ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഒമക്കില് എത്തിയപ്പോള്‍ നിസ്സാര്‍ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. അവിടെയൊരു സൂപ്പര്‍ മാര്‍ക്കറ്റ് സ്വന്തമായി നടത്തുകയാണവന്‍. സ്വകാര്യ വര്‍ത്തമാനത്തിനു ശേഷം നിസ്സാര്‍ പറഞ്ഞു,
ഇവിടെ നല്ല മീന്‍ ചുട്ടത് കിട്ടും, അതും സാധാരണ ചുടല് അല്ല ഒരു പ്രത്യേക രീതിയില്‍, ഈ മീന്‍ ഫ്രൈ വളരെ പ്രശസ്തമാണ്. റിയാദില്ന്നും ദമാമില്‍ നിന്നുമൊക്കെ ആളുകള്‍ ഇത് കഴിക്കാന്‍ വരാറുണ്ട്. മാത്രവുമല്ല അത് പാചകം ചെയ്യുന്നത് സ്ത്രീകളാണ്.
“എന്തേ” ?
എടാ നിസ്സാര്‍ പറഞ്ഞത് കേട്ടില്ലേ അവിടെയുള്ളത് സെയില്‍സ് ഗേള്മാരാണ് നീ ആ പോക്കറ്റ് ചീര്‍പ്പ് താ ഞാന്‍ ഒന്ന് ഗ്ലാമര്‍ ആവട്ടെ.
ഞാന്‍ കൊടുത്ത ചീര്പ്പിലവന് മുടിയൊതുക്കുന്നത് കണ്ടപ്പോള്‍ എനിക്കും തോന്നി ഒന്ന് കൂടി ഒരുങ്ങി വരാമായിരുന്നു. പുതിയ ഷര്‍ട്ടിടാതെ വന്നതും ഇന്‍സൈഡ് ചെയ്യാഞ്ഞതും അബദ്ധമായല്ലോ. എന്നാലും വേണ്ടിയില്ല ഉള്ളത് വെച്ച് പരമാവധി സ്റ്റൈലില്‍ നടക്കാം. വള്ളിക്കുന്നും നിസ്സാറും മുമ്പിലും. ഞങ്ങള്‍ പിറകിലുമായി അവിടെയെത്തി. നാട്ടില്‍ നാം കാണുന്നതു പോലെ നിര നിരയായി പുല്ലു കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയ തട്ടുകടകള്‍. അവിടെ യുള്ള തെര്‍മോക്കോള്‍ ബോക്സില്‍ നിറയെ ഫ്രഷ് മീനുകള്‍. നിസ്സാറിനു പരിചയമുള്ള ഒരു കടയില്‍ കയറി ഞങ്ങള്‍ക്ക് ആവശ്യമുള്ള മീന്‍ തിരഞ്ഞെടുത്ത് ക്ലീന്‍ ചെയ്തു. അപ്പോഴും ഞാനും ഫൈസലും തിരഞ്ഞു കൊണ്ടിരുന്നത് നിസ്സാര്‍ പറഞ്ഞ സെയില്‍സ് ഗേള്സുമാരെയായിരുന്നു.
ദാ അവിടെയുള്ള ആ സ്ത്രീ യുടെ അടുത്ത് കൊടുത്താല്‍ മതി അവര്‍ ഫ്രൈ ചെയ്തു തരും
ഹാവൂ ആശ്വാസമായി വളയിട്ട കൈ കൊണ്ട്ദാമീന്ഫ്രൈഅടിക്കാന്പോകുന്നു.
വള്ളിക്കുന്നിനെയും നിസ്സാറിനെയും തള്ളി മാറ്റി ക്ലീന്‍ ചെയ്ത മീനുമായി ഞാനും ഫൈസലും അവിടേക്ക് കുതിച്ചു. കറുപ്പിനേഴഴകുള്ള അറുപതില്‍ കുറയാത്ത പ്രായമുള്ള ഒരു വലിയുമ്മ വെളുത്ത “പല്ലു കൊണ്ട് ലൈറ്റ് ഓണ്‍” ചെയ്തു നാണത്തിലൊരു ചിരി.
ഡാ ഇതാണ് നിസ്സാര്‍ പറഞ്ഞ സെയില്‍സ് ഗേള്‍
ഫൈസല്‍ പറഞ്ഞു. എന്നിട്ട് എന്നയവന് ഒടുക്കത്തെയൊരു നോട്ടം. സെയില്‍സ് ഗേളിന്റെ സൗന്ദര്യം കണ്ട ‘ഞെട്ടല്‍’ മാറുന്നതിനു മുമ്പേ അവര്‍ പറഞ്ഞു,
കിലോ പത്തു റിയാല്‍
ഓക്കേ സമ്മതം
മീന്‍ അവരുടെ കയ്യില്‍ കൊടുത്തപ്പോള്‍ ഞാന്‍ ഫൈസലിനോട് പറഞ്ഞു,
നീ അവരുടെ ഒരു ഫോട്ടോ എടുക്ക്
അവന് ക്യാമറ ഓണാക്കി ഫോട്ടോ എടുക്കാന്‍ തുടങ്ങിയതും ഒരലര്‍ച്ച.
ഫോട്ടോ എടുക്കരുത്, എനിക്കിഷട്ടമല്ല
അസര്‍ ബാങ്ക് കൊടുക്കാനായിട്ടും അവരുടെയൊരു അഹങ്കാരം കണ്ടില്ലെ. മിസ്സ് വേള്‍ഡ് ആണെന്നാ വിചാരം. (എന്റെ പിറു പിറുപ്പ് മലയാളത്തില്‍ ആയത് ഭാഗ്യം) നിസ്സാര്‍ പറഞ്ഞത് ശരിയായിരുന്നു. പ്രത്യേക തരം അടുപ്പിലാണ് മീന്‍ ചുടുന്നത്. തറയില്‍ നിന്നും കെട്ടി പൊക്കിയ മണ്ണുകൊണ്ട് ഉണ്ടാക്കിയ കലത്തില്‍ മീനിട്ടു മൂടിവെക്കുന്നു. അതിനപ്പുറത്തുള്ള അടുപ്പിലാണ് കനലിടുന്നത്. അതിന്റെ ചൂടില്‍ നിന്നുമാണ് മീനുള്ള കലത്തില്‍ ചൂട് വരുന്നതും വേവുന്നതും. പ്രഷര്‍ കുക്കറിന്റെ പഴയ മോഡല്‍.
ഹോക്കിന്‍സ് മുതലാളി ഇവിടുന്നായിരിക്കും പ്രഷര്‍ കുക്കര്‍ കണ്ടു പിടിച്ചത്
പൊരിവെയിലത്ത് എന്റെ വളിച്ച തമാശ കേട്ടു ഫൈസല്‍ മുഷ്ട്ടി ചുരുട്ടി. വര്‍ഷങ്ങളായി ഇവരീ കുലത്തൊഴില്‍ ചെയ്യുന്നവരാണ്. പാരമ്പര്യമായി കിട്ടിയ കൈപുണ്യം. സ്നേഹം നിറഞ്ഞ പരിചരണം. വരുന്ന കസ്റ്റമേഴ്സിനെ സ്വന്തം അതിഥികളെപ്പോലെയുള്ള സ്വീകരണം. ഗ്രാമീണ ജനങ്ങളുടെ എല്ലാ നല്ല ഗുണങ്ങളും ഞങ്ങളവിടെ കണ്ടു. ഇതൊക്കെയാവാം ദൂരെ ദിക്കില്‍ നിന്നും ആളുകളെ ഇങ്ങോട്ടാകര്‍ഷിക്കാന്‍ കാരണം.
നിങ്ങള്‍ ഇങ്ങനെ കാത്തിരിക്കണം എന്നില്ല പള്ളിയില്‍ പോയി വന്നോളൂ. അപ്പോഴേക്കേ ഇത് വേവുകയുള്ളൂ.
ദേ വരുന്നു അടുത്ത വെടി. അപ്പോഴേക്കും ജുമുഅയുടെ സമയമായിരുന്നു. ഞങ്ങള്‍ പെട്ടെന്ന് പ്രാര്‍ത്ഥന കഴിയുന്ന ഒരു പള്ളി അന്വേഷിച്ചപ്പോള്‍ നിസ്സാര്‍ പറഞു,
പത്തു കിലോമീറ്റര്‍ പോയാല്‍ ഒരു പള്ളിയുണ്ട് അവിടെ കുതുബവേഗം കഴിയും
ഇരുപതു കിലോമീറ്റര്‍ ഓടിയാലും വേണ്ടിയില്ല പെട്ടന്നു കഴിയുമല്ലോ.
തല്ക്കാലം വള്ളിക്കുന്നിനോട് പറയണ്ട ചിലപ്പോള്‍ അവിടെ പോകാന്‍ സമ്മതിക്കില്ല
ഫൈസലിന്റെ ഈ ഐഡിയ കൊള്ളാമെന്നു എനിക്കും തോന്നി. നിസ്കാരം കഴിഞ്ഞു വന്നപ്പോള്‍ എല്ലാം റെഡിയായിരുന്നു. ചുട്ടമീനും റൊട്ടിയും തൈരും കൂട്ടി ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ഹട്ടില്‍ ഞങ്ങള്‍ക്കിരിക്കാന്‍ അവര്‍ സുഫ്രയും പുല് പായയും വിരിച്ചു തന്നു. ജീവിതത്തില്‍ ഇത്രയും രുചിയില്‍ മീന്‍ കഴിക്കുന്നത് ആദ്യമായിട്ടായിരിന്നു. അപ്രതീക്ഷിതമായി നിസ്സാര്‍ ഒരുക്കി തന്ന ഈ വിരുന്നിനു നന്ദി പറഞ്ഞു ഞങ്ങള്‍ യാത്ര ചോദിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു,
ഞങ്ങള്‍ അടുത്തയാഴ്ച ഫാമിലിയുമായി വരാം നിസ്സാര്‍ ഉണ്ടാകില്ലേ?
(എന്തോ അതിനു ശേഷം നിസ്സാറിനു അവന്റെ ടെലിഫോണ്‍ നമ്പര്‍ തരാന്‍ ഒരു സ്ലോമോഷന്‍.) തിരിച്ചു കുന്ഫുധയിലേക്കുള്ള യാത്രയില്‍ കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന മരുഭൂമി കണ്ടപ്പോള്‍ വള്ളിക്കുന്നിനൊരു മോഹം. ഒന്നു രണ്ടു ഫോട്ടോ എടുക്കണം. അങ്ങിനെ നട്ടുച്ച രണ്ടു മണിക്ക് ഞങ്ങള്‍ മരുഭൂമിയില്‍ ഇറങ്ങി ഫോട്ടോ എടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഒരു ഹോണ്‍ അടി. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു സ്വദേശിയാണ്, എന്നെ കൈ കാട്ടി വിളിച്ചു പറഞ്ഞു,
“താല്” (ഇവിടെ വാ)
ഞാന്‍ അടുത്ത് ചെന്നപ്പോള്‍ കാര്യം തിരക്കി. ഫോട്ടോ എടുക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍, അയാള്‍ കൂടെയുള്ളയാളോട് പറയുന്നത് കേട്ടു.
മിസ്ക്കീന്, തലാത്ത ഹുനൂദ് ഈജി സക്രാന്‍.. (അങ്ങിനെ ,പാവം മൂന്നു ഇന്ത്യക്കാര്‍ കൂടി വട്ടന്മാരായി)
അതും പറഞ്ഞു അവര്‍ വണ്ടി വിട്ടു പോയി. ഇനിയും ഇവിടെ നിന്നാല്‍ സൗദിയിലെ കുതിരവട്ടമായ തായിഫ് ഹോസ്പിറ്റലില്‍ പുതുതായി മൂന്നു അഡ്മിഷനും ഉണ്ടാവുമോ എന്ന് ഒരു ഉള്‍ഭയം ഉണ്ടായതിനാല്‍ വള്ളിക്കുന്നിനെയും ഫൈസലിനെയും തന്ജ്ജത്തില്‍ കാറില്‍ കയറ്റി വണ്ടി നിര്‍ത്താതെ കുന്ഫുധയിലേക്ക്. ശുഭം.
ഈ ലേഖനം ഇവിടെയും വായിക്കാം.
71 total views, 1 views today
