സൂപ്പര്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ !

ബൂലോകം ഡോട്ട് കോം ഏര്‍പ്പെടുത്തിയ സൂപ്പര്‍ ബ്ലോഗ്ഗര്‍ 2011 ആയി തെരഞ്ഞെടുക്കപ്പെട്ട മനോജ് രവീന്ദ്രനും ഫസ്റ്റ് റണ്ണര്‍ അപ് ആയി തെരഞ്ഞെടുക്കപ്പെട്ട നൌഷാദ് അകമ്പാടത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇത് അവര്‍ക്ക് അര്‍ഹതയ്ക്കുള്ള അംഗീകാരം. അവാര്‍ഡ് എന്നത് കേവലം ഒരു അംഗീകാരം എന്നതിലുപരി ഇത് ബ്ലോഗര്‍മാര്‍ക്ക് ഒരു വലിയ പ്രോത്സാഹനമാണ്. ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയ ബൂലോക്കം ഡോട്ട് കോമിനും അഭിനന്ദനങ്ങള്‍!

നിരക്ഷരന്‍ - സൂപ്പര്‍ ബ്ലോഗ്ഗര്‍, 2011

പ്രതിഫലേച്ഛകൂടാതെ സ്വന്തം ബ്ലോഗിലും ഗ്രൂപ്പ് ബ്ലോഗുകളലിലും ഇതര സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും എഴുതി മലയാളഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുകയും സര്‍ഗ്ഗസ്‌നേഹസംവാദങ്ങള്‍ വഴി നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും സര്‍വ്വോപരി സൌഹൃദങ്ങളുടെ നിത്യ വസന്തം വിരിയിക്കുകയും ചെയ്യുന്ന ബ്ലോഗെഴുത്തുകാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഓണ്‍ലെയിന്‍ ആക്റ്റിവിസ്റ്റുകള്‍ക്കും ഇത്തരം അവാര്‍ഡുകള്‍ ഒരു പ്രചോദനവും പ്രോത്സാഹനവും ആയിരിക്കും. ആനിലയില്‍ മലയാളം ബ്ലോഗ് ലോകത്തിന്റെ നിലനില്പിനും വളര്‍ച്ചയ്ക്കും ബൂലോകം ഡോട്ട് കോം നല്‍കുന്ന ഈ അകമഴിഞ്ഞ പ്രോത്സാഹനങ്ങളള്‍ എത്രത്തോളവും പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്.

ഏതാനും പേരില്‍ നിന്നും ഏതാനും പേരെ തെരഞ്ഞെടുക്കുകയേ ഏത് അവാര്‍ഡിന്റെ കാര്യത്തിലും നിര്‍വ്വാഹമുള്ളൂ. അതുകൊണ്ടുതന്നെ അവാര്‍ഡിനു പരിഗണിക്കപ്പെട്ടവരും പല കാരണങ്ങളാല്‍ പരിഗണിക്കപ്പെടാതെ പോയവരും നിരാശപ്പെടേണ്ടതില്ല. അവാര്‍ഡിനായി പരിഗണിക്കപ്പെട്ടവരോ അവാര്‍ഡ് ലഭിച്ചവരോ മാത്രമാണ് സൂപ്പര്‍ബ്ലോഗ്ഗര്‍മാരെന്ന് ആരും കണക്കാക്കേണ്ടതുമില്ല.സൂപ്പര്‍ ബ്ലോഗ്ഗര്‍ ആകാന്‍ ഇപ്പോള്‍ ഈ മത്സരത്തിന്റെ ആദ്യാവസാ റൌണ്ടുകളില്‍ എത്തപ്പെടാതെ പോയവരിലും സൂപ്പര്‍ എന്നു തന്നെ വിശേഷിപ്പിക്കവുന്ന നല്ല ബ്ലോഗ്ഗര്‍മാര്‍ ഉണ്ട്.

ബൂലോകം ഡോട്ട് കോമില്‍ എഴുതുന്നവരെ മാത്രമാണ് ഇത്തവണ സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡിനായി പരിഗണിക്കുന്നത് എന്ന മാനദണ്ഡം സ്വീകരിക്കേണ്ടി വന്നതുമൂലവും പല സൂപ്പര്‍ ബ്ലോഗ്ഗര്‍മാരും ഈ മത്സരത്തിന്റെ ഒരു ഘട്ടത്തിലും പരിഗണിക്കപ്പെടാതെയും പോയിട്ടുണ്ട്. അവര്‍ക്ക് ഏവര്‍ക്കും ഇനിയായാലും ബൂലോകം ഡോട്ട് കോമില്‍ പോസ്റ്റുകള്‍ പബ്ലിഷ് ചെയ്ത് വരും വര്‍ഷങ്ങളില്‍ അവാര്‍ഡ് ജേതാകാളാകാന്‍ പരിഗണിക്കപ്പെടാവുന്നതുമാണ്. ഇനിയും ഇത്തരം അവാര്‍ഡ് പോലെയുള്ള പ്രോത്സാഹനങ്ങള്‍ ബൂലോകത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുവാനും ബൂലോകം ഡോട്ട് കോമിന്റെ ഈ അവര്‍ഡ് അടക്കമുള്ള ഈ പ്രോത്സാഹനങ്ങള്‍ ഒരു പ്രചോദനവുമാകട്ടെ. അവാര്‍ഡ് ജേതാക്കള്‍ക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍. ബൂലോകം ഡോട്ട് കോമിന് പ്രത്യേക പ്രകീര്‍ത്തനങ്ങളും.

കഴിഞ്ഞതവണ ഈയുള്ളവന്‍ സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡിന്റെ ആദ്യ റൌണ്ടില്‍ എത്തിയിരുന്നു.അതുതന്നെ വലിയ ഒരു അംഗീകാരമായാണ് ഈയുള്ളവന്‍ കണക്കാക്കിയിരുന്നത്. ഇത്തവണ ഫൈനല്‍ റൌണ്ടിലെ പത്തുപേരില്‍ ഒരാളായി ഈയുള്ളവന്‍ പരിഗണിക്കപ്പെട്ടുവെന്നത്തന്നെ ഒരു അവാര്‍ഡായാണ് കണക്കാക്കുന്നത്. ഈയുള്ളവന് ബ്ലോഗെഴുത്തില്‍ ബൂലോകം ഡോട്ട് കോം അകമഴിഞ്ഞ പ്രോത്സാഹനങ്ങളാണ് നല്‍കിപ്പോരുന്നത് എന്നത് ഇത്തരുണത്തിലും ഞാന്‍ കൃതാര്‍ത്ഥതയോടെ സൂചിപ്പിച്ചുകൊള്ളുന്നു. ഒപ്പം വ്യക്തിപരമായി ആരോടും എനിക്ക് വേണ്ടി ഞാന്‍ വോട്ട് ചോദിച്ചിരുന്നില്ലെങ്കിലും ചിലരെങ്കിലും എനിക്കും വോട്ട് ചെയ്തിട്ടുണ്ടാകും. അവര്‍ക്കെല്ലാം എന്റെ നന്ദി അറിയിക്കുന്നു. ഒപ്പം ഈ വോട്ടിംഗില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ബൂലോകം ഡോട്ട് കോമിലെ സ്ഥിരംപുള്ളി എന്ന നിലയിലും നാനുംകൂടി നന്ദി പറയുന്നു. അതുപോലെ മത്സരം മൂത്തുവന്നപ്പോള്‍ തമാശയായും ഗൌരവമായും വിമര്‍ശനബുദ്ധ്യാലും പല പോസ്റ്റുകളും കമന്റുകളുമിട്ട് ഈ മത്സരവും വോട്ടിംഗും കൂടുതല്‍ ശ്രദ്ധാര്‍ഹമാക്കി രംഗം കൊഴുപ്പിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍.

ഇങ്ങനെയൊക്കെയാണ് നമ്മുടെ ഈ ‘ബ്ലോഗ് കുലം’ സംഭവബഹുലമാകുന്നത്. എഴുത്തും വായനയും അക്ഷരങ്ങള്‍കൊണ്ടുള്ള സംവാദങ്ങളും കലഹങ്ങളുമായി നമുക്കിനിയും സുഖദു:ഖസമ്മിശ്രമായ നമ്മുടെ ജീവിതം ആഘോഷിക്കാം. ബൂലോകത്തെയാകെയും നമ്മുടെ ഭാഷയെയും സാഹിത്യത്തെയും നമുക്ക് പരിപോഷിപ്പിക്കാം.ഏറിയും കുറഞ്ഞും നമ്മളില്‍ ഓരോരുത്തരിലുമുള്ള സര്‍ഗ്ഗവാസനകള്‍ കൊണ്ട് ജനാധിപത്യപ്രക്രിയയെ ക്രിയാത്മകവും ശക്തവുമാക്കാം. മുലപ്പലിനോടൊപ്പം നമുക്ക് കിട്ടിയ നമ്മുടെ മലയാള ഭാഷയും മലയാള അക്ഷരങ്ങളും കൊണ്ട് നൃത്തനൃത്യങ്ങളിലാറാടി നമുക്ക് സ്‌നേഹവസന്തങ്ങളുടെ നിത്യവിസ്മയങ്ങള്‍ തീര്‍ക്കാം. അതിരുകളില്ലാത്ത ഒരു വിശ്വമാനവിക ലോകത്തിന്റെ സൃഷ്ടിയ്ക്ക് നമുക്കും നമ്മളാല്‍ കഴിയുന്നത് ചെയ്ത് നമ്മുടെ ജീവിതകാലത്തിന്റെ കടമ നമുക്കും നിറവേറ്റാം.

Advertisements