Featured
സൂപ്പര്‍ ബ്ലോഗര്‍ പീഡനം: ഒരു പുനര്‍ചിന്തനം
ബൂലോകം സൂപ്പര്‍ബ്ലോഗ്ഗര്‍ അവാര്‍ഡിന്റെ ഒരു താത്വികമായ അവലോകനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. വിമര്‍ശകരും ബൂലോകവും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വോട്ടിംഗ് നിലവാരം കണ്ടപ്പോള്‍ അല്പം വിവരമുള്ളവര്‍ക്കെല്ലാം മനസ്സിലായിരിക്കും. പിന്നെ ഈ ലേഖകന്‍ ഇപ്പോള്‍ ഇവിടെ എഴുതുന്നത് ബൂലോകം.കോമിന്റെ അഭിപ്രായം ആണെന്ന് തെറ്റിദ്ധരിച്ചു, ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍ സ്വയം പീഡിപ്പിക്കുകയോ ബൂലോകത്തെയോ, ഈ കുറിപ്പെഴുതുന്ന വ്യക്തിയെയോ പീഡിപ്പിക്കുകയോ ചെയ്യരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
116 total views, 1 views today

ബൂലോകം സൂപ്പര്‍ബ്ലോഗ്ഗര്‍ അവാര്‍ഡിന്റെ ഒരു താത്വികമായ അവലോകനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. വിമര്‍ശകരും ബൂലോകവും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വോട്ടിംഗ് നിലവാരം കണ്ടപ്പോള്‍ അല്പം വിവരമുള്ളവര്‍ക്കെല്ലാം മനസ്സിലായിരിക്കും. പിന്നെ ഈ ലേഖകന്‍ ഇപ്പോള്‍ ഇവിടെ എഴുതുന്നത് ബൂലോകം.കോമിന്റെ അഭിപ്രായം ആണെന്ന് തെറ്റിദ്ധരിച്ചു, ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍ സ്വയം പീഡിപ്പിക്കുകയോ ബൂലോകത്തെയോ, ഈ കുറിപ്പെഴുതുന്ന വ്യക്തിയെയോ പീഡിപ്പിക്കുകയോ ചെയ്യരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
മൂവായിരത്തില്‍ അധികം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത എഴുത്തുകാരും എണ്ണായിരത്തോളം പോസ്റ്റുകളും പതിനായിരക്കണക്കിനു ദിവസ വായനക്കാരും മലയാളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ക്കൊപ്പം ലോക വെബ്റാങ്കിങ്ങില് സ്ഥാനവുമുള്ള ബൂലോകം.കോമിന്റെ അഭിപ്രായത്തെ ഒന്നോ രണ്ടോ മൂന്നോ വ്യക്തികളുടെ അഭിപ്രായത്തിലേക്ക് പരിമിതപ്പെടുത്തുന്ന രീതിയിയിലുള്ള സങ്കുചിത വീക്ഷണങ്ങള്‍ ബൂലോകത്ത് പ്രചരിപ്പിക്കപ്പെടുന്നതിനാല്‍ എടുത്തു പറയട്ടെ, ബൂലോകം ഡോട്ട് കോം ഈ ലേഖകന്‍ അനുവദിച്ചു തന്നിട്ടുള്ള പരിമിതമായ വെബ് സ്പേസ് മാത്രമുള്ള ഈ കോളത്തില്‍, അഭിപ്രായപ്രകടനത്തിന് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താണ് ഈ കുറിപ്പ് എഴുതുന്നത്. എന്തെങ്കിലും വാരി വലിച്ചെഴുതി, നാട്ടുകാരെ ചൊറിഞ്ഞ് [വിശിഷ്യാ ബഹുമാന്യ ബ്ലോഗ്ഗര്‍മാരെ] ബൂലോകത്തിന് ഒരു ബാധ്യതയായി മാറിയാല്‍, ഇനി വീട്ടില്‍ പോയിരുന്നു കല്ല് പെന്‍സില്‍ വച്ച് സ്ലേറ്റില്‍ എഴുതേണ്ടി വരും എന്ന ഒരു ഭീഷണിയും ബൂലോകത്തിന്റെ വകയായി ഈ ലേഖകനു മേലെ ഡമോക്ലീസ് വാളുവച്ചതുപോലെ തൂങ്ങിക്കിടപ്പുണ്ട്. അങ്ങനെ മുന്നില്‍നിന്നും കുത്തി, പിന്നില്‍നിന്നും കുത്തി എന്ന നിലയില്‍, ബൂലോകത്തില്‍ ഉള്ള പണിയും പോകും എന്ന അവസ്ഥയില്‍ സൂപ്പെര്ബ്ലോഗ്ഗര് പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഈ ജന്മം ഇനിയും ബാക്കി !
എങ്കിലും തുറന്നു പറയട്ടെ, ഇരുപതോളം പേര് വിവിധ വിഷയങ്ങളിലായി എഡിറ്റോറിയല്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്ന ബൂലോകം.കോമില്, ഗുണനിലവാര പരിശോധനക്ക് വേണ്ടി മാത്രം സജ്ജമാക്കിയ ഒരു നാമ മാത്രമായ എഡിറ്റോറിയല്‍ ബോര്‍ഡിനു, എഴുത്തുകാരും വായനക്കാരും തീരുമാനിക്കുന്നതിനപ്പുറം ജനഹിതം വിട്ടു പ്രവര്‍ത്തിക്കുവാന്‍ സാധിക്കില്ല. എന്റെ വിനീതമായ അഭിപ്രായത്തില്‍ സൂപ്പര്‍ ബ്ലോഗ്ഗര്‍ മത്സരത്തില്‍ ബൂലോകത്തിനു പാളിച്ച പറ്റി എന്ന് വിമര്‍ശിക്കുന്നവര്‍ ഒരു ആത്മപരിശോധനക്ക് തയ്യാറാവേണ്ടതുണ്ട്. ബൂലോകത്തെ ഒളിവിലും തെളിവിലും; സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിച്ച പലര്‍ക്കും, ഞാന്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തരേണ്ട ബാധ്യതയും ഉണ്ട്.
ബൂലോകത്തിന്റെ വളര്‍ച്ചയില്‍ അവകാശികള്‍ ആയ നല്ലൊരു ശതമാനം എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും, അവര്‍ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടെങ്കില്‍ മറുപടി നല്‍കേണ്ട കടമയും ബാധ്യതയും ബൂലോകത്തിനുണ്ട് എന്നും ഈ മഹാപ്രസ്ഥാനം അത് നിറവേറ്റും എന്നും ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ബൂലോകത്തിന്റെ പാരമ്പര്യമോ, വളര്‍ച്ചയില്‍ ഈ പ്രസ്ഥാനം താണ്ടിയ വഴികളിലെ പരീക്ഷണങ്ങളുടെ കഥകളോ അറിയാത്ത ഇന്നലത്തെ മഴയ്ക്കു പൊട്ടിമുളച്ച തകരകളുടെ ഫേസ്ബുക്കിലെ വിടുവായത്തത്തിനു മറുപടി പറയേണ്ട ബാധ്യത ഈ പ്രസ്ഥാനത്തിനുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല.
സൂപ്പര്‍ബ്ലോഗ്ഗര്‍ മത്സരാര്‍ത്ഥികളുടെ പ്രാഥമികമായ തെരഞ്ഞെടുപ്പില്‍ പങ്കുചേര്‍ന്ന ഒരു പത്രാധിപസമിതി അംഗം എന്ന നിലയില്‍ ഏതെങ്കിലും മത്സരാര്‍ത്ഥിക്ക് ഈ തെരഞ്ഞെടുപ്പു സംബന്ധിച്ച് എന്തെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ നിര്‍വ്യാജം പത്രാധിപസമിതിക്കുവേണ്ടി ക്ഷമചോദിക്കട്ടെ.
ചോദ്യങ്ങളിലേക്കു കടക്കുന്നതിനു മുമ്പ് മറ്റൊരു ക്ഷമായാചനയും നടത്തട്ടെ. എന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഞാന്‍ ഇട്ട ഒരു അപ്പ്ഡേറ്റ് ബഹുമാന്യരായ അനേകം ബ്ലോഗര്‍മാര്‍ക്ക് കടുത്ത മാനസിക പ്രയാസം ഉണ്ടാക്കി എന്നും സ്ത്രീകളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും, ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തിരുന്ന ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍ കൂട്ടമായി പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും പ്രതിഷേധിക്കുകയുണ്ടായി എന്നും സുഹൃത്തുക്കള്‍ മുഖേന മനസ്സിലാക്കുവാന്‍ സാധിച്ചു.
”ഉറങ്ങുന്ന പെണ്പുലികളേ ..ഉണരൂ!
ബൂലോകം വോട്ടെടുപ്പില്‍ പുരുഷ മേധാവിത്തം!
ആദ്യ പത്തു ലീഡ് സ്ഥാനങ്ങളില്‍
ഒരു പെണ്തരി മാത്രം
എവിടെ ഫെമിനിസ്റ്റുകള്‍?
എവിടെ ഒലിപ്പിസ്റ്റുകള്‍?
എവിടെ സഹോദരക്കോഴികള്?
ഉണരൂ ..പ്രവര്‍ത്തിക്കൂ !”
എന്ന ഈ ആഹ്വാനം ഏതെങ്കിലും സുഹൃത്തുക്കള്‍ അവരോടാണ് എന്ന് തെറ്റിദ്ധരിച്ചു വിഷമിച്ചിട്ടുണ്ടെങ്കില്‍ അത് കേവലം യാദൃശ്ചികം മാത്രമാണെന്ന് അറിയിക്കട്ടെ. അത് എന്റെ വ്യക്തിപരമായ ഒരു തമാശയോ, കൌതുകത്തിന്റെ പേരില്‍ പെട്ടെന്ന് എഴുതിപ്പിടിപ്പിച്ച ഒരു പരസ്യ വാചകം മാത്രമോ ആണെന്നും ബൂലോകം.കോമിനു അതില്‍ ഒരു പങ്കുമില്ല എന്നും അറിയിച്ചുകൊണ്ട് അതുവായിച്ച എല്ലാവരോടും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഏതെങ്കിലും ഉത്തമരായ പുരുഷന്മാര്, അത് പുരുഷന്മാര്ക്ക് എതിരായ ഒരു പ്രസ്താവന ആണെന്നു തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അവരോടു ഒന്നുമാത്രമേ അപേക്ഷിക്കാനുള്ളൂ ‘മാപ്പാക്കണം.. പുരുഷു എന്നെ അനുഗ്രഹിക്കണം ‘
ഇനി സൂപ്പര്‍ബ്ലോഗ്ഗര്‍ മത്സരത്തെക്കുറിച്ച് ഉള്ള ചില നിരീക്ഷണങ്ങള്‍ എഴുതട്ടെ. നിരീക്ഷണങ്ങള്‍ക്ക് ശേഷം എഴുത്ത് സമൂഹത്തോട് ചില ചോദ്യങ്ങളും ഉന്നയിക്കട്ടെ.
മലയാള ഈ എഴുത്ത് രംഗത്തുള്ള പഴമക്കാര്‍ക്ക് ഇന്നും ഓര്‍മയുണ്ട് ആ മുഹൂര്‍ത്തം. രണ്ടായിരത്തി ഒന്‍പതില്‍ ഈ എഴുത്തിലെ ആദ്യ അവാര്‍ഡു സംരംഭവുമായി അന്ന് ബൂലോകം ഓണ്‍ലൈന്‍ ആയിരുന്ന ബൂലോകം.കോം രംഗത്ത് വന്നത്. ഇപ്പോഴത്തെ സിംഹഭാഗം വിമര്‍ശകര്‍ കൂവയിലകൊണ്ട് കോണകം കെട്ടി കൂമ്പാളയില്‍ കിടന്ന ആ ദിനങ്ങളില്‍ മലയാളബ്ലോഗിനെ [ഇന്നത്തെ ഇ-എഴുത്തിനെ] ആദ്യമായി തരം തിരിച്ചു അവാര്‍ഡ് ഏര്‍പ്പെടുത്തിയ ആ സംരംഭം ഇവിടെ വായിച്ചു മനസ്സിലാക്കാവുന്നതാണ്. അന്നു മുതല്‍ക്കെ കാര്‍ട്ടൂണ്‍ ബ്ലോഗ്, ഫോട്ടോ ബ്ലോഗ് തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും എഴുത്തുകാരുടെ അംഗീകാരത്തോടെ ഈ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതൊന്നും കാണാനോ മനസ്സിലാക്കാനോ ബൌദ്ധികമായി ശേഷിയില്ലാത്ത ചിലര്‍ കമന്റിട്ടു ബൂലോകത്തെ ഉദ്ധരിക്കുവാന്‍ ഇറങ്ങി സൂപ്പര്‍ ബ്ലോഗ്ഗര്‍ പദത്തിനു അവകാശം ഉന്നയിക്കുകയും കാര്ട്ടൂണിസ്ടുകളെ മത്സരത്തില്‍ ഉള്‍പ്പെടുത്തിയത് തെറ്റാണു എന്ന് വാദിക്കുകയും, മറ്റും ചെയ്യുന്നത് കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ . കാര്‍ട്ടൂണ്‍ ബ്ലോഗുകള്‍ ബ്ലോഗുകള്‍ തന്നെയാണെന്ന് രണ്ടായിരത്തി ഒന്‍പതില്‍ ബ്ലോഗറന്മാര്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. മലയാള ചരിത്രത്തിലെ ബ്ലോഗു മീറ്റുകളില്‍ എല്ലാം തന്നെ ഒരു പ്രമുഖ കാര്‍ട്ടൂണ്‍ ബ്ലോഗര്‍ വന്ന് കാരിക്കേച്ചറുകള്‍ വരക്കുന്നത് ഒരു സ്ഥിരം പതിവും ആയിരുന്നു. അതൊക്കെ എങ്ങിനെയാണ് സൌകര്യപൂര്‍വ്വം എല്ലാവരും മറന്നതെന്ന് ഓര്‍ക്കുകയും ഒരു സ്വയം പരിശോധന നടത്തുന്നതും നന്നായിരിക്കും.
കാര്‍ട്ടൂണ്‍ ബ്ലോഗര്ക്കായി അന്ന് നടന്ന ആ മത്സരത്തിന്റെ വോട്ടു നില ബൂലോകം ഫയല്‍ ശേഖരത്തില്‍ നിന്ന് ഞങ്ങള്‍ ഇവിടെ പബ്ലിഷ് ചെയ്യുന്നു.
[polldaddy poll=”2415525″]
പിന്നീട് രണ്ടായിരത്തിപ്പത്തില്‍ നടന്ന തെരഞ്ഞെടുപ്പിലും വിജയി ഉള്‍പ്പെടെയുള്ള ‘വെബ്സൈറ്റ് ‘ എഴുത്തുകാരെയും ബ്ലോഗ്ഗര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് മത്സരം ഒരുക്കിയത്. മലയാള ഈ എഴുത്ത് ചരിത്രത്തിന്റെ ഭാഗമായ, എഴുത്തുകാര്‍ ചര്‍ച്ചയിലൂടെ അംഗീകരിച്ച അവാര്‍ഡ് മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു നടത്തിയ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം പരസ്യമാക്കാനും ധാരണയായി. ഈ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിത്തന്നെ എഴുത്തുകാരുടെ അന്ഗീകാരത്തോടെ പില്ക്കാലങ്ങളില് ബൂലോകം മത്സരങ്ങള്‍ സംഘടിപ്പിച്ചു പോരുന്നു.
- അവാര്‍ഡ് മാനദണ്ഡങ്ങള്‍ [2010]
രഹസ്യ സ്വഭാവമുള്ള വോട്ടിങ്ങിനു ശേഷം ശതമാനക്കണക്കുകള്‍ ഫലത്തോടൊപ്പം പ്രഖ്യാപിക്കുകയുണ്ടായി
- സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ് 2010 റിസള്‍ട്ട്
ഏറെ ചലനങ്ങളുണ്ടാക്കിയ രണ്ടായിരത്തിപ്പതിനൊന്നിലെ മത്സരത്തില്‍ ആദ്യഘട്ട എലിമിനേഷന് വോട്ടെടുപ്പും രണ്ടാം വട്ട ഫൈനല്‍ വോട്ടെടുപ്പും രഹസ്യസ്വഭാവത്തോടെ ഉള്ളതായിരുന്നു. മുന്‍പ് നടന്ന വോട്ടിങ്ങില്‍ വോട്ടുനില കുറഞ്ഞ ചില എഴുത്തുകാരുടെ അഭ്യര്‍ഥനയെ മാനിച്ചു ഈ തീരുമാനം കൈക്കൊള്ളേണ്ടി വന്നു എങ്കിലും, അത് ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. ഈ തെരഞ്ഞെടുപ്പിന് ശേഷം അടുത്ത വര്‍ഷത്തെ വോട്ടിംഗ് ഏതു രീതിയില്‍ നടത്തണം എന്നതിനെപ്പറ്റി മാറ്റൊരു വോട്ടിങ്ങും നടത്തുകയുണ്ടായി.
- സൂപ്പര്‍ ബ്ലോഗര്‍ 2011 (സീസന് 2 )
തല്‍ഫലമായി ഈ വര്‍ഷത്തെ വോട്ടിംഗ് പരസ്യ സ്വഭാവത്തോടെ നടത്താന്‍ തീരുമാനിക്കുകയാണ് ഉണ്ടായത്. ഇതിനു വേണ്ടിയുള്ള മാനദണ്ഡങ്ങള്‍ കാലേകൂട്ടി നിര്‍ണ്ണയിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. മത്സരത്തിനു ഒരുമാസം മുന്‍പേ തന്നെ താഴെ ചേര്‍ത്തിട്ടുള്ള കാര്യങ്ങള്‍ ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു.
- ബ്ലോഗര്‍ക്കാണോ സൂപ്പര്‍ ബ്ലോഗര്‍?
അവാര്‍ഡിന്റെ പേര്
ഈ അവാര്‍ഡിന്റെ പേര് സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് എന്ന് തന്നെയാവും ഇനിയും. രണ്ടായിരത്തി ഒന്‍പതില്‍ ബൂലോകം ജന്മം കൊണ്ടപ്പോള്‍ ബ്ലോഗറന്മാര്‍ മാത്രമായിരുന്നു മലയാളത്തില്‍ എഴുതിയിരുന്നത്. വായനക്കാരും ഏതാണ്ട് അവരൊക്കെ തന്നെ ആയിരുന്നു. അന്ന് സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഇത്രകണ്ട് ഉണ്ടായിരുന്നുമില്ല.ഇന്ന് ഇന്റെര്‍നെറ്റിലെ മലയാളി സാന്നിദ്ധ്യം അവഗണിക്കാവുന്നതിലും എത്രയോ അപ്പുറമാണ്. ബൂലോകം ഈ മാറ്റം പെട്ടെന്ന് തന്നെ ഉള്‍ക്കൊള്ളുകയും വായനക്കാരുടെ അഭിരുചിയനുസരിച്ച് ഒരു സിറ്റിസണ്‍ ജേര്‍ണലിസം സൈറ്റ് എന്ന രീതിയില്‍ ക്രമേണ രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ഇന്ന് ബൂലോകത്തില്‍ എഴുതുന്നവരില്‍ പലരും ബ്ലോഗറന്മാര്‍ അല്ല. അവരെല്ലാം മലയാളത്തിലെ വളര്‍ന്നു വരുന്ന എഴുത്തുകാരോ, അല്ലെങ്കില്‍ അറിയപ്പെടുന്ന എഴുത്തുകാരോ ഒക്കെ ആണ് താനും. ഈ വസ്തുതകള്‍ നില നില്‍ക്കെ തന്നെ സൂപ്പര്‍ ബ്ലോഗര്‍ എന്ന പേര് ഈ അവാര്‍ഡിന് നില നിര്‍ത്തണം എന്ന് തന്നെയാണ് ബൂലോകം പ്രവര്‍ത്തകരുടെ ആഗ്രഹം. ഇതില്‍ അല്പം ഇമോഷണല്‍ അറ്റാച്മെന്റ് ഉണ്ട് എന്ന് തന്നെ പ്രിയ വായനക്കാര്‍ അറിയുക.
ബ്ലോഗര്‍ എന്നത് ഗൂഗിളിന്റെ ബ്ലോഗ് സ്പോട്ടില്‍ ബ്ലോഗ് ഉണ്ടാക്കുന്നവര്‍ മാത്രമാണ് എന്നൊരു തെറ്റായ ധാരണ ഈ രംഗത്തെപ്പറ്റി പരിചയമില്ലാത്ത ആളുകളുടെ ഇടയില്‍ നിലവിലുണ്ട്. അത് ശരിയല്ല. മലയാളത്തില്‍ ബ്ലോഗ് സ്പോട്ടില്‍ മാത്രമായിരുന്നു ഒരുകാലത്ത് ബ്ലോഗറന്മാര്‍ ഉണ്ടായിരുന്നത്. അത് പഴയ കഥ. ഇന്ന് വേറെ ഒരുപാട് ബ്ലോഗിംഗ് പ്ലാറ്റ്ഫോമുകള് നിലവിലുണ്ട്. ഉദാഹരണമായി ട്വിറ്റര്‍ എന്നത് ഒരു മൈക്രോ ബ്ലോഗിംഗ് പ്രസ്ഥാനമാണ് എന്ന കാര്യവും ഓര്‍ക്കുക. ഇന്ന് ബ്ലോഗെഴുത്ത്, ഫേസ്ബുക്കിലെ എഴുത്ത്, അല്ലെങ്കില്‍ വെബ്സൈറ്റുകളിലെ എഴുത്ത് എന്നിങ്ങനെയൊന്നും എഴുത്തുകളെ തരംതിരിച്ചു കാണുന്ന രീതികളും ശരിയായ നടപടികള്‍ അല്ല. അതിനാല്‍ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് ബ്ലോഗ് സ്പോട്ടില്‍ എഴുതുന്നവര്‍ക്ക് മാത്രം കിട്ടുന്ന ഒരു സംഗതി അല്ല എന്ന വസ്തുത എല്ലാ മാന്യ വായനക്കാരെയും സ്നേഹപൂര്‍വ്വം അറിയിക്കട്ടെ.
ആര്‍ക്കൊക്കെ മത്സരിക്കാം?
മലയാളത്തില്‍ ഇന്റെനെറ്റില്‍ എഴുതുന്ന ആര്‍ക്കും മത്സരിക്കാം. അവര്‍ ബൂലോകത്തില്‍ എഴുതിയവര്‍ ആയിരിക്കണം എന്നില്ല. മനുഷ്യന് പണ്ട് ഗുഹാ ചിത്രങ്ങള്‍ വരച്ചു. പിന്നെ താളിയോലകളില്‍ എഴുതി. പിന്നീട് പേപ്പറിലും. ഇന്നത്തെ എഴുത്ത് മീഡിയം ഇന്റെനെറ്റ് ആണ്. ബൂലോകം തിരയുന്നത് ഇന്നിന്റെയും നാളെയുടേയും എഴുത്തുകാരെയാണ്. ഇത് പ്രകാരം മലയാള ഭാഷയില്‍ ബ്ലോഗെഴുതുന്നവര്‍, ഫേസ്ബുക്കില്‍ മലയാളം എഴുതുന്നവര്‍, മറ്റു വെബ് സൈറ്റുകളില്‍ മലയാളം എഴുതുന്നവര്‍, വിക്കി പീഡിയയിലെ എഴുത്തുകാര്‍ തുടങ്ങി ഇന്റെര്‍നെറ്റിലൂടെ മലയാളം എഴുതുന്ന ആരുടെ പേരുകളും ഈ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡിനായി നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാവുന്നതാണ്. വിശാലമായ രീതിയില്‍ പറയുകയാണെങ്കില്‍ എല്ലാ ഇ- എഴുത്തുകാരെയും ഇത്തവണ ഈ അവാര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുകയാണ്. ഇനി ഏതെങ്കിലും വിഭാഗത്തിനെ വിട്ടുപോയി എങ്കില്‍ ആ വിവരം ദയവായി അറിയിക്കുക.”
ഇനി ചോദ്യങ്ങള്‍
1. ബൂലോകം അവാര്‍ഡുകള്‍ ആദ്യമായി നല്കുമ്പോള് മുട്ടില്‍ ഇഴഞ്ഞിരുന്ന വിമര്‍ശകര്‍ ബൂലോകത്തിന്റെ മേല്‍പ്പറഞ്ഞ പാരമ്പര്യത്തെപ്പറ്റി എത്ര ബോധവാന്മാരാണ് ?
2.ഗ്രൂപ്പുകളുടെ തടവറകളില്‍ കിടന്നു പരസ്പരം കാല്‍നക്കുന്ന ചിലരുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങാതെ നിഷ്പക്ഷവും ജനകീയവുമായ മാര്‍ഗങ്ങളിലൂടെ അവാര്‍ഡു നിര്‍ണയം മുന്നോട്ടു കൊണ്ടുപോകുന്നു എന്ന കാരണത്താല്‍ ചില സങ്കുചിത മനസ്കര്‍ ഇളക്കിവിടുന്ന കുട്ടിക്കുരങ്ങന്മാരല്ലേ ബൂലോകത്തെ വിമര്‍ശിക്കുന്നത് ?
3. സൂപ്പെര് ബ്ലോഗ്ഗര്‍ അവാര്‍ഡില്‍ തങ്ങള്‍ക്കു താല്പര്യമേയില്ല, ആ സൈറ്റിലേക്കു ഞാന്‍ തിരിഞ്ഞു നോക്കാറെ ഇല്ല എന്നൊക്കെ വീമ്പിളക്കുന്നവര്‍ സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡിന്റെ പേരില്‍ ഫേസ് ബുക്കിലും ബ്ലോഗ്ഗിലും വികാരവിക്ഷുബ്ധര് ആകുന്നതിലുമില്ലെ ഒരു വിരോധാഭാസം ?
കൂടുതല്‍ വലിച്ചു നീട്ടാതെ ഒരു കാര്യം പറയട്ടെ. ഇന്നലെ ബ്ലോഗെഴുതാന്‍ തുടങ്ങിയര്‍ക്ക് ബൂലോകത്തെ വിമര്‍ശിക്കാം. പക്ഷേ ഒരു കാര്യം. ബൂലോകം എങ്ങിനെയാണ് ഈ നിലയില്‍ എത്തിയതെന്ന് നിങ്ങള്‍ അറിയണം. അതിനു ഒന്നുകില്‍ നിങ്ങള്‍ ബൂലോകത്തിലെ പോസ്റ്റുകള്‍ ആദ്യം മുതല്‍ വായിക്കണം (ചിലപ്പോള്‍ മൂന്നു നാലുമാസം അവധി വേണ്ടി വരും). അല്ലെങ്കില്‍ നിങ്ങള്‍ ഏതെങ്കിലും പഴയ തലമുറയിലെ ബ്ലോഗറോട് ചോദിച്ചു അത് മനസ്സിലാക്കാന്‍ ശ്രമിക്കണം. ഇതൊന്നും അറിയാതെ വെറുതെ വേഷം കെട്ടി സ്വയം അപഹാസ്യര്‍ ആവരുത്.
117 total views, 2 views today