1382939_560900997332796_714609625_n
പോള്‍, ക്ലബ്ബില്‍ നിന്നിറങ്ങി കാറില്‍ കയറിയപ്പോഴാണ് മിസ്ട് കാള്‍ കണ്ടത്. മൂന്നെണ്ണം. മൂന്നും വട്ടാണത്രക്കാരന്‍ ജോസുകുട്ടിയുടെതാണ്. എണ്ണം കണ്ടാലറിയാം എന്തോ വണ്ണം ഉള്ള കാര്യമാണെന്ന്.

ഇനി ഈ രാത്രിയില്‍ വിളിച്ചാല്‍ കിട്ടുമോ എന്തോ. ചിന്തിച്ചിരിക്കെ ഫോണ്‍ ബെല്ലടിച്ചു. വീട്ടില്‍ നിന്ന് മേരിയാണ്.
‘ നിങ്ങള്‍ എവിടാ?  ലക്ഷ്മി വിളിച്ചിരുന്നു. മോളുടെ കല്യാണം ക്ഷണിക്കാന്‍.’
‘ലക്ഷ്മിയോ..?’
‘ അതെ, ലക്ഷ്മി പ്രിയ. നിങ്ങളുടെ കൂടെ പഠിച്ചതാണെന്ന് പറഞ്ഞു. ജോസുകുട്ടിയാണ് നമ്പര്‍ കൊടുത്തതെന്ന് പറഞ്ഞു’.

പോള്‍ ഒന്ന് വിയര്‍ത്തു. ശ്വാസം വേഗത്തിലായി. എന്തോ ഒരു വെപ്രാളം പോലെ. ആ പേര് വളരെക്കാലത്തിനു ശേഷം ആണ് മറ്റൊരാള്‍ പറഞ്ഞു കേള്‍ക്കുന്നത്. മനസ്സില്‍ ഒരു സ്വകാര്യ സ്വത്തായി സൂക്ഷിക്കുന്ന ഒരു രഹസ്യം മറ്റൊരാള്‍ അറിഞ്ഞപ്പോള്‍ ഉള്ള രു കുറ്റബോധം.

പതിയെ സമനില വീണ്ടെടുത്ത് പോള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.

പിറ്റേന്നു ജോസുകുട്ടിയാണ് കഥ മുഴുവന്‍ പറഞ്ഞത്. പ്രിയ അവനെ വിളിച്ചിരുന്നു. അവളുടെ മകളുടെ വിവാഹത്തിന് ക്ഷണിക്കാന്‍. വീട്ടിലെ നമ്പര്‍ അവള്‍ തന്നെ ചോദിച്ചു വാങ്ങിയതാണ്. പോളിനെ വിളിച്ചാല്‍ ഞാന്‍ വന്നില്ലെങ്കിലോ എന്ന് കരുതി. പോളിന്റെ സ്വഭാവംപണ്ടേ അവള്‍ക്കു നന്നായി അറിയാം. അവന്‍ ഒഴിഞ്ഞു മാറും എന്ന് ഉറപ്പാണ്.

പോള്‍ മേരിയുടെയും ജോസുകുട്ടിയുടെയും കൂടെ കല്യാണത്തിന് ഒരു ദിവസം മുന്നേ പുറപ്പെട്ടു. അവന്റെ ഉള്ളിലെ വിഷമം ജോസുകുട്ടിക്ക് മനസ്സിലായിരുന്നു. എങ്കിലും മേരിയോടു ഒരു ഒഴിവും പറയാന്‍ പറ്റില്ല. കോയമ്പത്തൂരിനപ്പുറം അന്നൂര്‍ ആണ് സ്ഥലം. പോയിട്ടില്ലെന്നെ ഉള്ളു.

അവനും പ്രിയയും ബംഗ്ലൂരില്‍ കോളേജില്‍ പഠിച്ച കാലത്തുള്ള അടുപ്പമായിരുന്നു. പഠിത്തം കഴിഞ്ഞു ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചതായിരുന്നു. അവസാന പരീക്ഷയും കഴിഞ്ഞു കോയമ്പത്തൂര്‍ വച്ച് പിരിഞ്ഞതാണ്. രണ്ടാഴ്ച കഴിഞ്ഞു അവനു അവളുടെ കത്ത് കിട്ടി. ഇനി ഓര്‍ക്കരുത്, അവള്‍ തന്റെ തായ് മാമനെ കല്യാണം കഴിച്ചു എന്ന്. അവളെ വീട്ടില്‍പ്പോയി കാണരുതെന്നും അത് അവളുടെ ഭാവിയെ ബാധിക്കുംഎന്ന് അവള്‍ തീര്‍ത്തെഴുതി.ആദ്യമൊക്കെ അവളോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. പതുക്കെ എല്ലാം മറക്കാന്‍ ശ്രമിച്ചു, പക്ഷെ.. പിന്നീട് ആരോ പറഞ്ഞറിഞ്ഞു, അവളുടെ അച്ഛന്‍ മരിച്ചുകളയും എന്ന് പറഞ്ഞാണ് കല്യാണം നടത്തിയതെന്ന്‍.

വളരെക്കാലത്തിനു ശേഷം അവന്‍ അറിഞ്ഞു, അവളുടെ ഭര്‍ത്താവ് ഒരു അപകടത്തില്‍ മരിച്ചു എന്നും അവള്‍ക്കു ഒരു കുട്ടിയുണ്ട് എന്നും. പക്ഷെ ഒരിക്കലും അവളെ ഒന്ന് കാണുവാനോ സംസാരിക്കാനോ പോള്‍ ശ്രമിച്ചില്ല.

ഇന്നിപ്പോള്‍ മനസ്സില്‍ വല്ലാത്ത പിരിമുറുക്കം. മേരിക്ക് ഇതൊന്നും അറിയില്ല. അവിടെ ചെല്ലുമ്പോള്‍ എങ്ങിനെ പെരുമാറും എന്ന ഒരു ഭ്രമം പോളിന്റെ ഉള്ളില്‍ ഇല്ലാതില്ല. മേരി ഈ കൂട്ടുകാരിയെക്കുറിച്ച് ഇടക്ക് ചോദിച്ചുകൊണ്ടിരുന്നു. പോള്‍ ഒന്നും മിണ്ടാന്‍ പോയില്ല. ജോസുകുട്ടി നിറുത്താതെ സംസാരിച്ചു കൊണ്ടിരുന്നു. അതൊരുകണക്കിന് നന്നായി. അവനാകുമ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു കാട് കയറി വേറെ കഥയിലെത്തും.

രാത്രി വൈകിയാണ് ഹോട്ടലില്‍ എത്തിയത്. അത് കൊണ്ട് നേരെ റൂമില്‍ പോയി ഉറങ്ങാന്‍ കിടന്നു. പോള്‍ ഉറക്കം കിട്ടാതെ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. പ്രിയയെ നേരില്‍ കാണുമ്പോള്‍ എങ്ങിനെ പെരുമാറും എന്നത് മനസ്സിനെ വല്ലാതെ ത്രസ്സിപ്പിച്ചിരുന്നു എന്നത് സത്യം. പതിയെ ഉറക്കത്തിലേക്കു വീഴുമ്പോള്‍ അടുത്തുള്ള അമ്പലത്തില്‍ നിന്നുള്ള രാവിലത്തെ പ്രാര്‍ത്ഥന തുടങ്ങിയിരുന്നു.

പോള്‍ കണ്ണ് തുറക്കുമ്പോള്‍ മേരി കുളിച്ചു വേഷം മാറി ബൈബിള്‍ വായിക്കുകയാണ്. ഞാന്‍ അവളെ നോക്കി കിടന്നു. അവള്‍ നല്ല ഉത്സാഹത്തിലാണ് . ഭര്‍ത്താവിന്റെ കൂട്ടുകാരിയുടെ മകളുടെ കല്യാണം ആയതിനാല്‍ നല്ലൊരു സമ്മാനവും കയ്യില്‍ കരുതിയിരുന്നു. ഉറക്കം കണ്ണുകളില്‍ നിന്ന് തീര്‍ത്തും വിട്ടിരുന്നില്ല.

റൂമിലെ ഫോണ്‍ ബെല്ലടിച്ചു. മേരിയാണ് എടുത്തത്. അവളുടെ വര്‍ത്തമാനം കേട്ടാലറിയാം അപ്പുറത്ത് ജോസുകുട്ടിയാണ് എന്ന്. ഫോണ്‍ വച്ച് അവനെ നോക്കി അവള്‍ പറഞ്ഞു, ‘അത് ശരി, എന്നാ ഓര്‍ത്തു കിടക്കുവാ..? എഴുന്നേറ്റു റെഡിയാക് , ജോസുകുട്ടി അരമണിക്കൂര്‍ കഴിഞ്ഞു വരാമെന്ന് പറഞ്ഞു. പത്തു മണിയാകുമ്പോള്‍ ഹോളില്‍ എത്തണം.’

അതെ ഹോട്ടലില്‍ വച്ച് തന്നെയാണ് കല്യാണവും. താഴോട്ടു ഇറങ്ങാന്‍ ഉള്ളതെ ഉള്ളു. അവള്‍ തന്റെ ആഭരണപ്പെട്ടി തുറന്നു ഞങ്ങളുടെ കല്യാണ സമയത്ത് അമ്മച്ചി അവള്‍ക്കു കൊടുത്ത നെക്ക്‌ലസ് എടുത്തു. അപ്പോള്‍ ഒന്ന് തിളങ്ങാന്‍ തന്നെ അവളുടെ തീരുമാനം. മറ്റൊരവസരത്തിലായിരുന്നെങ്കില്‍ പോള്‍ഒന്ന് കളിയാക്കിയേനെ. മടിച്ചു, പതിയെ കുളിമുറിയിലേക്ക് നടന്നു.

റെഡിയായി വേഷം മാറി വന്നപ്പോഴേ ജോസുകുട്ടി എത്തി. കൂടെ നിന്നൊരു സെല്ഫിയും എടുത്തു! അവന്റെ ഒരു സെല്‍ഫി പ്രേമം. ഇനി അധികം താമസിയാതെ അത് ഫേസ്ബുക്കിലും കയറും. വര്‍ത്തമാനം പറഞ്ഞു നില്‍ക്കെ വാതിലില്‍ ആരോ മുട്ടി. മേരിയാണ് വാതില്‍ തുറന്നത്. ‘ഹലോ, മേരി?  നാന്‍ ലക്ഷ്മി പ്രിയ’, തമിഴ് ചുവയുള്ള മലയാളത്തില്‍ പറഞ്ഞുകൊണ്ട് അവള്‍ മേരിയെ കെട്ടിപിടിച്ചു. എന്നിട്ട് ജോസുകുട്ടിയുടെ നേരെ വന്നു. ‘എടാ, ജോസ് യു സ്റ്റില്‍ ലുക്ക് യങ്ങ്..ഡൈ എന്താ ബ്രാന്‍ഡ്?’ അവര്‍ രണ്ടാളും ഹസ്തദാനം ചെയ്തു. പോള്‍ ഇതെല്ലാം ഒരു വല്ലായ്മയോടെ നോക്കി നിന്നൂ. അവളിന്നും ഒരു സുന്ദരി തന്നെ. ആരും ആ മുഖത്തേക്ക് രണ്ടാമതൊന്നു നോക്കിപ്പോകും. പണ്ട് അവളെ നോക്കിയതിനു കോളേജില്‍ എത്രയോ പേരുമായി വഴക്കുണ്ടാക്കിയിട്ടുണ്ട്.

ജോസുകുട്ടിയുടെ അടുത്ത് നിന്ന് എന്റെ അടുത്തേക്ക് അവള്‍ നീങ്ങി നിന്നൂ. ‘ കള്ളന്‍, കൊച്ചു കള്ളന്‍. എന്നാലും എന്നെ ഒന്ന് അന്വേഷിക്കാന്‍ നിനക്ക് തോന്നിയില്ലല്ലോ?’ ഞാന്‍ വല്ലാതായി. അവള്‍ വന്നു എന്റെ രണ്ടു കൈകളിലും പിടിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഞാന്‍ മേരിയെ ഒന്ന് നോക്കി. അവള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. പ്രിയ പറഞ്ഞു, ‘ താങ്ക് യു ഫോര്‍ കമിംഗ്. ദിസ് വാസ് വെരി ഇമ്പോര്‍ട്ടന്റ്  ഫോര്‍ മി. നീ ഇന്നിവടെ ഉണ്ടാകേണ്ടത് എനിക്ക് വളരെ ഇമ്പോര്‍ട്ടന്റ് ആയിരുന്നു. താങ്ക്‌സ്.’ ഞാന്‍ അവളുടെ നിറഞ്ഞ കണ്ണുകളിലേക്കു നോക്കി ഒന്നും മനസ്സിലാകാതെ നിന്നു.

‘ അമ്മാ..’, വാതില്‍ക്കല്‍ നിന്ന് ഒരു പെണ്‍കുട്ടി വിളിച്ചു. എല്ലാവരും തിരിഞ്ഞു നോക്കി. അവളുടെ വേഷം കണ്ടാല്‍ അറിയാം, മണവാട്ടി തന്നെ. എന്റെ കൈ പിടിച്ചു നിന്ന് പ്രിയ പറഞ്ഞു, ‘വാ ചെല്ലം, ഉള്ളെ വാങ്കോ… ദിസ് ഈസ് മൈ ടോട്ടെര്‍, ചിത്ര’. ഞങ്ങളുടെ സ്വപ്നങ്ങളിലെ മകളുടെ പേര്, എന്റെ മനസ്സ് ഒന്ന് മിന്നി.അത് മനസ്സിലാക്കിയ പോലെ പ്രിയ എന്റെ മുഖത്തേക്ക് നോക്കി എന്നിട്ട് പറഞ്ഞു, ‘ജോസ്, പ്ലീസ് ക്ലോസ് ദി ഡോര്‍’.

മേരിയും ജോസുകുട്ടിയും പരസ്പരം നോക്കുന്നത് എനിക്ക് കാണാം. ചിത്ര അകത്തേക്ക് നടക്കുമ്പോള്‍ അവളെ ഞാനും ശരിക്കും കണ്ടു. എവിടെയോ കണ്ട മുഖം. മേരി എന്നെ നോക്കി, തിരിഞ്ഞു ജോസുകുട്ടിയെ ചോദ്യ രൂപേണ നോക്കി. ജോസുകുട്ടി ചുമലുകള്‍ കുലുക്കി.

ജോസ് വാതിലടച്ച ഉടനെ അവള്‍ മകളെ ചേര്‍ത്ത് പിടിച്ചു, എന്നെ നോക്കി പറഞ്ഞു, ‘ സീ ദിസ് വില്‍ ബി ഡിഫിക്കല്‍റ്റ് ഫോര്‍ യു, പക്ഷെ എന്റെ മകള്‍ക്ക് വേണ്ടി പറയാതെ വയ്യ. ഇന്ന് അവള്‍ ഒരു പുതിയ ജീവിതം തുടങ്ങുകയാണ്. ആന്‍ഡ് ഐ വാണ്ട് എവരി വണ്‍ ടു ബി ഹിയര്‍ ടു ബ്ലെസ് ഹെര്‍’. ഞാന്‍ ജോസുകുട്ടിയുടെ മുഖത്തേക്ക് നോക്കി. അവന്‍ പ്രിയയെ നോക്കി നില്‍ക്കുകയാണ്. മേരിയും. ഇടയ്ക്കു മേരി എന്റെ നേരെ ചോദ്യ രൂപേണ നോക്കുന്നുണ്ട്.

‘പോള്‍, ദിസ് ഈസ് യുവര്‍ ടോട്ടെര്‍..’, പ്രിയ പറഞ്ഞു.

ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു ‘ എസ്, എസ്.. ശീ ഈസ് ലൈക് മൈ ടോട്ടെര്‍’.

‘ നോ പോള്‍, അവള്‍ നിന്റെ മകളാണ്.’

‘ എന്താ പ്രിയ നീ ഈ പറയുന്നത് ?’

‘ദി ട്രൂത്, പോള്‍. എന്റെ മകള്‍ ഇത് അറിയണം എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ഇന്‍ ഫാക്റ്റ് ഐ ടോള്‍ഡ് ഹെര്‍ എ ഫ്യു ഡെയ്‌സ് എഗോ. അവള്‍ക്ക് നിന്നെ കാണണം എന്ന് പറഞ്ഞു’, പ്രിയ പറഞ്ഞു.

‘ഈശോ..’ , എന്ന് മേരിയും.

എന്റെ കാലുകള്‍ തളരുന്ന പോലെ. ഞാന്‍ പതുക്കെ കിടക്കയില്‍ ഇരുന്നു. അടുത്ത് നിന്ന ചിത്ര ഒന്ന് തേങ്ങി. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഞാന്‍ മുഖമുയര്‍ത്തി പ്രിയയെ നോക്കി.

‘യു റിമെമ്പര്‍ ഊട്ടി?’ അവള്‍ ചോദിച്ചു.

എനിക്ക് കാര്യം ഏകദേശം മനസ്സിലായി. എല്ലാവര്‍ക്കും കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. ഞാന്‍ ഒന്നും മിണ്ടിയില്ല. കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.

ജോസുകുട്ടിയാണ് ആദ്യം മൌനം വെടിഞ്ഞതു. ‘ പ്രിയ, നീ ഇതെന്തേ നേരത്തെ പോളിനോട് പറഞ്ഞില്ല?’

‘വാട്ട് ടു യു വാണ്ട് മി ടു സെ? നിനക്കറിയില്ലേ നമ്മുടെ നാട്ടുകാരെ.’

ഞാന്‍ ചിത്രയെ പിടിച്ചു എന്റെ അടുത്ത് ഇരുത്തി. ‘ മോളെ എനിക്കറിയില്ലായിരുന്നു. ഐ അം സോറി’.

‘അപ്പാവെ എനക്കും തെരിയലെ..’ അവള്‍ തേങ്ങി.

മേരി മതിലില്‍ ചാരി കണ്ണടച്ച് നിന്നു. പ്രിയ അവളുടെ അടുത്ത് ചെന്ന് തോളില്‍ പിടിച്ചു. പതുക്കെ പറഞ്ഞു, ‘ മേരി, എനിക്ക് വേറെ വഴിയില്ലായിരുന്നു. എന്നെ മന്നിച്ചിടുങ്കോ’. മേരി അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.

ജോസുകുട്ടി ചിത്രയെ പിടിച്ചു എഴുന്നേല്‍പ്പിച്ചു. എന്നെയും. എന്നിട്ട് എല്ലാവരോടും ആയി പറഞ്ഞു. ‘ ഇങ്ങനെ കരഞ്ഞോണ്ട് നിന്നാല്‍ എങ്ങനാ? താഴെ കല്യാണത്തിന് സമയമായി.’

പ്രിയ മുഖം തുടച്ചു കൊണ്ട് മേരിയേയും എന്നെയും ചേര്‍ത്ത് നിര്‍ത്തി മകളോട് പറഞ്ഞു, ‘ചെല്ലം, നമസ്‌കാരം ചെയ്യൂ.’

ചിത്ര ഞങ്ങള്‍ രണ്ടാളുടെയും കാല്‍ക്കല്‍ നമസ്‌ക്കരിക്കാന്‍ പോകവേ, മേരി അവളെ പിടിച്ചു ഏഴുന്നേല്‍പ്പിച്ചു. ‘ മോളെ, നിനക്ക് എല്ലാ മംഗളങ്ങളും നേരുന്നു’. മേരി അവളുടെ കഴുത്തില്‍ കിടന്ന അമ്മച്ചിയുടെ നെക്ക്‌ലസ് അഴിച്ചു ചിത്രയുടെ കഴുത്തില്‍ അണിയിച്ചു കൊണ്ട് പറഞ്ഞു, ‘ ഇത് നിന്റെ അച്ഛന്റെ കുടുംബ വകയാ. ഇതിനി നിനക്കുള്ളതാ’ എന്നിട്ട് എന്നെ നോക്കി പറഞ്ഞു, ‘ നിങ്ങളെന്നാ നോക്കി നിക്കുവാ? ദൈവത്തെ മനസ്സില്‍ ഓര്‍ത്തു കൊച്ചിന് സ്തുതി കൊട്’. ഞാന്‍ ചിത്രയുടെ കൈകളില്‍ പിടിച്ചു പറഞ്ഞു ‘സ്തുതി’.

 

പുതുക്കോടന്‍

You May Also Like

നരസിംഹത്തിനു ഒപ്പം എത്തിയ വല്യേട്ടൻ

നരസിംഹത്തിന്റെ മെഗാ വിജയത്തിന് ശേഷം ഷാജി കൈലാസും രഞ്ജിത്തും മെഗാസ്റ്റാർ മമ്മൂട്ടിയുമായി ഒന്നിച്ച ചിത്രം..! ????നരസിംഹത്തിലെ പോലെ

മിന്നല്‍പ്പിണരുകള്‍ക്കിടയിലെ ജീവന്‍

ചുരുട്ടിയെറിഞ്ഞ പഴന്തുണിക്കെട്ടുപോലെ തനിക്ക് ചുറ്റുമുള്ള ലോകംതന്നെ മറന്നിരിക്കുന്ന അവളെ കണ്ടപ്പോള്‍ വല്ലാതെ ദേഷ്യംവന്നു. കഴിഞ്ഞ ഒരാഴ്ചയായി അവളോടു പറയുന്നു, ഇങ്ങനെ ജോലി ചെയ്താല്‍ ശരിയാവില്ലെന്ന്.

വാക്കിംഗ് സ്റ്റിക്കും സ്മാര്‍ട്ടാകുന്നു

നിരവധി സെന്‍സറുകള്‍ ഘടിപ്പിച്ച ഇ-സ്റ്റിക്ക് ആരെങ്കിലും പിടിച്ചാല്‍ തിരിച്ചറിയുകയും കയ്യില്‍ നിന്നു വീണാല്‍ ശബ്ദം പുറപ്പെടുവിക്കുകയോ അല്ലെങ്കില്‍ മെമ്മറിയില്‍ സ്റ്റോര്‍ ചെയ്ത ഇ മെയില്‍ അഡ്രസ്സിലേക്ക് സന്ദേശം അയയ്ക്കുകയോ ചെയ്യുന്നു. കൂടുതല്‍ കരുതല്‍ ആവശ്യമുള്ള രോഗികള്‍ക്ക് ഇതെത്രമാത്രം പ്രയോജനപ്പെടുമന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. കൂടാതെ സെന്‍സറുകള്‍ വഴി ഹൃദയസ്പന്ദന നിരക്കും ശരീരത്തിന്റെ താപനിലയും മനസ്സിലാക്കാം.

അഴകുള്ളതെല്ലാം വെളുത്തു തുടുത്തിരിക്കണം എന്ന വിഡ്ഢി ന്യായങ്ങൾ പൊളിച്ചടുക്കി ഡോക്ടർ ശ്രീക്കുട്ടി

സോഷ്യൽ മീഡിയ ഒരു സുന്ദരി പെണ്ണിനെ കണ്ണു വെക്കാൻ തുടങ്ങിയിട്ട് നാൾ കുറച്ചായി. മുല്ലമൊട്ട് വിതറി പോലെയുള്ള പല്ലുകൾ കട്ടിയുള്ള മന്ദഹാസം കറുപ്പിൽ അഗ്നി ശോഭ തുളുമ്പുന്ന