സ്ഥാനാര്‍ത്ഥി നിര്‍ണയരീതി മാറണം (ലേഖനം) – സുനില്‍ എം എസ്

0
272

01
രചന: സുനില്‍ എം എസ്, മൂത്തകുന്നം

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണു കേരളത്തില്‍ ഭരണം നടത്തുന്നത്. അതുകൊണ്ടിവിടെ ജനാധിപത്യം നിലവിലിരിയ്ക്കുന്നെന്നു പറയാമെങ്കിലും, ഇവിടെ നിലവിലിരിയ്ക്കുന്ന ജനാധിപത്യം പൂര്‍ണമല്ല. അതു പൂര്‍ണമാകേണ്ടതുണ്ട്. ഇവിടത്തെ ജനാധിപത്യം പൂര്‍ണമല്ലെന്നു പറയാന്‍ കാരണമുണ്ട്. തൃപ്പൂണിത്തുറ, കൊല്ലം എന്നീ നിയമസഭാനിയോജകമണ്ഡലങ്ങളിലെ കാര്യം ഉദാഹരണമായെടുക്കാം.

മെയ് മാസത്തില്‍ നടക്കാന്‍ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രീ കെ ബാബു ആഗ്രഹിച്ചു. ബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസ്സിന്റെ സംസ്ഥാനനേതൃത്വം വഹിയ്ക്കുന്ന ശ്രീ സുധീരന്‍ അനുകൂലിച്ചില്ല. എന്നാല്‍ ബാബു തന്നെയായിരിയ്ക്കണം തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നു മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ശഠിച്ചു.

02

സുധീരനും ഉമ്മന്‍ ചാണ്ടിയും അനുകൂലനിലപാടെടുത്തെങ്കില്‍ മാത്രമേ ബാബുവിനോ മറ്റാര്‍ക്കെങ്കിലുമോ തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധിയ്ക്കൂ. സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനുള്ള അധികാരം സുധീരനും ഉമ്മന്‍ ചാണ്ടിയ്ക്കുമാണെന്നര്‍ത്ഥം. കാര്യം അവിടേയുമവസാനിയ്ക്കുന്നില്ല. സുധീരനും ഉമ്മന്‍ ചാണ്ടിയുമെടുക്കുന്ന തീരുമാനങ്ങളെ തള്ളാനും കൊള്ളാനും ഡല്‍ഹിയിലുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റിനാകും. ഹൈക്കമാന്റെന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റായ ശ്രീമതി സോണിയാഗാന്ധി.

ബാബുവിനേയോ മറ്റാരെയെങ്കിലുമോ തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാനും ആക്കാതിരിയ്ക്കാനും ഈ മൂന്നു വ്യക്തികള്‍ക്കാകും: സുധീരന്‍, ഉമ്മന്‍ ചാണ്ടി, സോണിയാഗാന്ധി. തൃപ്പൂണിത്തുറയില്‍ മാത്രമല്ല, കേരളത്തില്‍ കോണ്‍ഗ്രസ്സു മത്സരിയ്ക്കാനുദ്ദേശിയ്ക്കുന്ന ഓരോ മണ്ഡലത്തിലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരായിരിയ്ക്കണമെന്നും ആരായിരിയ്ക്കരുതെന്നും തീരുമാനിയ്ക്കുന്നത് ഈ മൂന്നു വ്യക്തികളാണ്. സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനുള്ള അധികാരം ഇങ്ങനെ ഏതാനും വ്യക്തികളില്‍ നിക്ഷിപ്തമാകുന്നതു ജനാധിപത്യസമ്പ്രദായത്തിനു നിരക്കുന്നതല്ല.

03

കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കു തൃപ്പൂണിത്തുറയില്‍ അംഗങ്ങളുണ്ട്. തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയംഗങ്ങളെ തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് ജനതയായി കണക്കാക്കാം. വാസ്തവത്തില്‍, തങ്ങളുടെ സ്ഥാനാര്‍ത്ഥി ആരായിരിയ്ക്കണമെന്നു തീരുമാനിയ്‌ക്കേണ്ടത് തൃപ്പൂണിത്തുറയിലെ ഈ കോണ്‍ഗ്രസ് ജനതയാണ്. നേര്‍വിപരീതമാണു നിജസ്ഥിതി: തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് ജനതയ്ക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ നേരിട്ടൊരു പങ്കുമില്ല. ‘മുകളില്‍’ നിന്നുള്ള അംഗീകാരം നേടിയെത്തുന്ന സ്ഥാനാര്‍ത്ഥിയെ ഇരുകൈയും നീട്ടി സ്വീകരിയ്ക്കാന്‍ മാത്രമേ അവര്‍ക്കാകൂ.

സ്ഥാനാര്‍ത്ഥിയാകാനുള്ള അംഗീകാരം മുകളില്‍ നിന്നു നേടിയെത്തിയിരിയ്ക്കുന്ന ബാബുവിനോളമോ ബാബുവിനേക്കാളുമോ യോഗ്യരായ പലരുമുണ്ടെന്ന് തൃപ്പൂണിത്തുറയിലെ പല കോണ്‍ഗ്രസ്സുകാര്‍ക്കും ബോദ്ധ്യമുണ്ടാകും. എന്നാല്‍, തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ്സുകാരുടെ അഭിമതം രേഖപ്പെടുത്താനുള്ള, സുനിര്‍വചിതമായൊരു സംവിധാനം ഇന്നു നിലവിലില്ല. തൃപ്പൂണിത്തുറയില്‍ മാത്രമല്ല, ഒരു മണ്ഡലത്തിലുമില്ല. പാര്‍ട്ടിയിലെ ഉന്നതരായ ഏതാനും വ്യക്തികളുടെ തീരുമാനത്തെ മണ്ഡലത്തിലെ പാര്‍ട്ടിജനത പിന്താങ്ങേണ്ടി വരുന്നതു ജനാധിപത്യമല്ല, വൈയക്തികാധിപത്യമാണ്. ജനതയുടെ തീരുമാനത്തെ വ്യക്തികള്‍ ആദരിയ്ക്കുന്നതാണു ജനാധിപത്യം.

04

സീപ്പീയെമ്മിലെ സ്ഥിതിയും വ്യത്യസ്തമല്ല. കൊല്ലം നിയമസഭാമണ്ഡലത്തിലെ കാര്യമെടുക്കാം. വരുന്ന തെരഞ്ഞെടുപ്പില്‍ പ്രസിദ്ധ സിനിമാനടന്‍ ശ്രീ മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സീപ്പീയെമ്മിന്റെ സംസ്ഥാനനേതാവായ ശ്രീ കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദ്ദേശിച്ചെന്ന വാര്‍ത്ത കണ്ടിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ ഒരു വ്യക്തി മാത്രമാണെങ്കിലും, സീപ്പീയെമ്മിലെ സ്ഥാനാര്‍ത്ഥിമോഹികളില്‍ പലരേയും സ്ഥാനാര്‍ത്ഥികളാക്കാനും സ്ഥാനാര്‍ത്ഥികളാക്കാതിരിയ്ക്കാനും കോടിയേരി ബാലകൃഷ്ണനു കഴിയും. കോടിയേരി ബാലകൃഷ്ണന്റെ തീരുമാനവും അന്തിമമല്ല. അന്തിമതീരുമാനം സീപ്പീയെമ്മിന്റെ ഡല്‍ഹിയിലുള്ള കേന്ദ്രക്കമ്മിറ്റിയുടേയോ, പരമോന്നതഭരണസമിതിയായ പൊളിറ്റ് ബ്യൂറോവിന്റെ തന്നെയോ കൈയിലാണെന്നു വരാം.

കൊല്ലം നിയമസഭാനിയോജകമണ്ഡലത്തില്‍ ധാരാളം സീപ്പീയെംകാരുണ്ട്: പാര്‍ട്ടിയംഗങ്ങള്‍; പാര്‍ട്ടിയ്ക്കുള്ളിലെ ജനത. വാസ്തവത്തില്‍, കൊല്ലം മണ്ഡലത്തിലെ സീപ്പീയെംസ്ഥാനാര്‍ത്ഥിയെ നിശ്ചയിയ്‌ക്കേണ്ടത് അവിടത്തെ ഈ സീപ്പീയെം ജനതയാണ്. കൊല്ലത്തെ സീപ്പീയെം സ്ഥാനാര്‍ത്ഥിയാകാന്‍ മുകേഷിനോളമോ അതിലേറെയുമോ യോഗ്യരായ പലരുമുണ്ടെന്ന് കൊല്ലത്തെ സീപ്പീയെം ജനതയ്ക്കു ബോദ്ധ്യമുണ്ടാകാം. അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും പരിഗണിയ്ക്കപ്പെടാനുമുള്ളൊരു സംവിധാനം ഇന്നു നിലവിലില്ല. തങ്ങളുടെ സ്ഥാനാര്‍ത്ഥി ആരായിരിയ്ക്കണമെന്നു തീരുമാനിയ്ക്കാനുള്ള പൂര്‍ണാധികാരം കൊല്ലത്തെ സീപ്പീയെംകാര്‍ക്കാണുണ്ടാകേണ്ടിയിരുന്നത്; അതവര്‍ക്കില്ല. സംസ്ഥാനസെക്രട്ടറിയേറ്റോ കേന്ദ്രക്കമ്മിറ്റിയോ പൊളിറ്റ്ബ്യൂറോയോ നിര്‍ദ്ദേശിയ്ക്കുന്ന വ്യക്തിയെത്തന്നെ സ്ഥാനാര്‍ത്ഥിയായി സ്വീകരിച്ചു പിന്തുണയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും കൊല്ലത്തെ സീപ്പീയെംകാര്‍ക്കിപ്പോഴില്ല. സ്ഥാനാര്‍ത്ഥിനിര്‍ണയം ഉന്നതങ്ങളില്‍ നടക്കുന്നതു കൊല്ലത്തെ മാത്രം കാര്യമല്ല, കേരളത്തിലെ നൂറ്റിനാല്പതു നിയോജകമണ്ഡലങ്ങളിലേയും സ്ഥിതി അതു തന്നെയാണ്.

കോണ്‍ഗ്രസ്സും സീപ്പീയെമ്മും കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടികളാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 45.8 ശതമാനം വോട്ടു കിട്ടി; സീപ്പീയെമ്മിനു 44.9 ശതമാനവും. ഇരുപാര്‍ട്ടികള്‍ക്കും കൂടി ആകെ തൊണ്ണൂറു ശതമാനത്തിലേറെ. മറ്റൊരു കക്ഷിയ്ക്കും ഇവരോളം ജനപിന്തുണ കിട്ടിയിട്ടില്ല. ഏറ്റവുമധികം ജനപിന്തുണയുള്ള ഈ രണ്ടു രാഷ്ട്രീയകക്ഷികളിലെ സ്ഥിതിയിതായിരിയ്‌ക്കെ, ചെറിയ രാഷ്ട്രീയപ്പാര്‍ട്ടികളിലെ കാര്യം പറയാനില്ല; അവിടങ്ങളിലെല്ലാം, സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനുള്ള അധികാരം ഒന്നോ രണ്ടോ വ്യക്തികള്‍ക്കായിരിയ്ക്കുമുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍, ഏതാനും വ്യക്തികളുണ്ടാക്കിയിരിയ്ക്കുന്ന പട്ടികകളില്‍ കടന്നുകൂടാന്‍ കഴിഞ്ഞിരിയ്ക്കുന്നവര്‍ മാത്രമാണു കേരളത്തിലെ നൂറ്റിനാല്പത് എം എല്‍ ഏമാരാകാന്‍ പോകുന്നത്. സ്ഥാനാര്‍ത്ഥിനിര്‍ണയം നടക്കുന്നതു ജനാധിപത്യരീതിയിലല്ലെന്നര്‍ത്ഥം.

ഇതിനൊരു മാറ്റം വരുത്തേണ്ടിയിരിയ്ക്കുന്നു. ഈ ലേഖകന്‍ നിര്‍ദ്ദേശിയ്ക്കുന്ന മാറ്റമിതാണ്: തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരായിരിയ്ക്കണമെന്നു തീരുമാനിയ്ക്കുന്നത് തൃപ്പൂണിത്തുറയിലുള്ള കോണ്‍ഗ്രസ്സുകാരായിരിയ്ക്കണം. അതുപോലെ, കൊല്ലത്തെ സീപ്പീയെം സ്ഥാനാര്‍ത്ഥി ആരെന്ന അന്തിമതീരുമാനമെടുക്കുന്നത് കൊല്ലത്തെ സീപ്പീയെംകാരായിരിയ്ക്കണം.

ഇതൊരു പൊതുതത്വരൂപത്തില്‍ അവതരിപ്പിയ്ക്കാം: ഒരു മണ്ഡലത്തിലെ ഒരു രാഷ്ട്രീയകക്ഷിയുടെ സ്ഥാനാര്‍ത്ഥിയെ ആ മണ്ഡലത്തില്‍ ആ കക്ഷിയ്ക്കുള്ള അംഗങ്ങള്‍ തന്നെ വേണം നിശ്ചയിയ്ക്കാന്‍. സ്ഥാനാര്‍ത്ഥിനിര്‍ണയം തൃണമൂലതലത്തിലുള്ളതായിരിയ്ക്കണം എന്നര്‍ത്ഥം. തൃണമൂലതലത്തിലെടുക്കുന്ന തീരുമാനം അന്തിമവുമായിരിയ്ക്കണം. ആ തീരുമാനത്തിനു മാറ്റം വരുത്താന്‍ സംസ്ഥാനനേതൃത്വത്തിനോ അഖിലേന്ത്യാനേതൃത്വത്തിനോ ആവരുത്.

ഇതെങ്ങനെ നടപ്പില്‍ വരുത്താം? വോട്ടെടുപ്പാണു ജനാധിപത്യത്തിന്റെ തെളിവ്. സ്ഥാനാര്‍ത്ഥിനിര്‍ണയവും വോട്ടെടുപ്പിലൂടെ നടത്തണം. തൃപ്പൂണിത്തുറയെത്തന്നെ ഉദാഹരണമായെടുക്കാം. തൃപ്പൂണിത്തുറ മണ്ഡലത്തിലെ കോണ്‍ഗ്രസ്സുകാര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാരെന്ന് ഒരു വോട്ടെടുപ്പിലൂടെ തീരുമാനിയ്ക്കുന്നു. തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിമോഹികളുടെ പേരുകളടങ്ങിയ ബാലറ്റ് പേപ്പറില്‍ സീലു കുത്തി, ആ മണ്ഡലത്തിലെ ഓരോ കോണ്‍ഗ്രസ്സംഗവും വോട്ടു ചെയ്യുന്നു. മണ്ഡലത്തിലെ പാര്‍ട്ടിയ്ക്കുള്ളില്‍ നടക്കുന്ന ഈ വോട്ടെടുപ്പില്‍ ഏറ്റവുമധികം വോട്ടു നേടുന്ന സ്ഥാനാര്‍ത്ഥിമോഹി തൃപ്പൂണിത്തുറ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിയ്ക്കപ്പെടുന്നു, അദ്ദേഹം തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയമിച്ചിരിയ്ക്കുന്ന വരണാധികാരിയ്ക്കു മുമ്പാകെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിയ്ക്കുന്നു.

‘ഏറ്റവുമധികം വോട്ടു നേടുന്ന’ എന്ന പ്രയോഗം പ്രത്യേകശ്രദ്ധയര്‍ഹിയ്ക്കുന്നു. ഭൂരിപക്ഷമല്ല ഇവിടെ ഉദ്ദേശിയ്ക്കുന്നത്. ഭൂരിപക്ഷമെന്നാല്‍, ആകെ പോള്‍ ചെയ്ത വോട്ടിന്റെ അമ്പത്തൊന്നു ശതമാനമോ അതിലേറെയോ എന്നര്‍ത്ഥം. പലപ്പോഴും ഭൂരിപക്ഷം അസാദ്ധ്യമാകാനാണിട. അതുകൊണ്ടിവിടെ ഭൂരിപക്ഷം ആവശ്യമില്ല, ഏറ്റവുമധികം വോട്ടു മതിയാകും. ആകെ പോള്‍ ചെയ്ത വോട്ടില്‍ ഏറ്റവുമധികം നേടുന്ന സ്ഥാനാര്‍ത്ഥിമോഹി, വിജയി.

സമാനമായ നടപടിക്രമം കൊല്ലം മണ്ഡലത്തിലുമുണ്ടാകണം. അവിടെ, സീപ്പീയെമ്മിന്റെ സ്ഥാനാര്‍ത്ഥിയാകാനാഗ്രഹിയ്ക്കുന്നവരുടെ പേരുകളടങ്ങുന്നൊരു ബാലറ്റ് പേപ്പറില്‍ സീലു കുത്തിക്കൊണ്ട്, ആ മണ്ഡലത്തിലുള്ള സീപ്പീയെം പാര്‍ട്ടിയംഗങ്ങള്‍ വോട്ടു ചെയ്യുന്നു. ഏറ്റവുമധികം വോട്ടു നേടുന്ന സ്ഥാനാര്‍ത്ഥിമോഹി കൊല്ലം മണ്ഡലത്തിലെ സീപ്പീയെം സ്ഥാനാര്‍ത്ഥിയാകുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, ഒരു മണ്ഡലത്തിലെ ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിനിര്‍ണയം നടത്തുന്നത് ആ മണ്ഡലത്തില്‍ ആ പാര്‍ട്ടിയ്ക്കുള്ള അംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയായിരിയ്ക്കണം. വോട്ടെടുപ്പില്‍ വിജയിയ്ക്കുന്ന വ്യക്തിയെ ആ പാര്‍ട്ടി തങ്ങളുടെ ഔദ്യോഗികസ്ഥാനാര്‍ത്ഥിയാക്കി ആ മണ്ഡലത്തിലെ പൊതുജനസമക്ഷം അവതരിപ്പിയ്ക്കുന്നു. പൊതുതെരഞ്ഞെടുപ്പിലും ഏറ്റവുമധികം ജനപിന്തുണ നേടാനായാല്‍ ആ സ്ഥാനാര്‍ത്ഥി എം എല്‍ ഏയാകുന്നു.

മുകളില്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്ന രീതിയനുസരിച്ച്, കെ ബാബു തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അംഗീകരിയ്ക്കപ്പെടണമെങ്കില്‍, തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിമോഹികള്‍ക്കായി പാര്‍ട്ടിയ്ക്കുള്ളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഏറ്റവുമധികം വോട്ടു നേടണം. അതുപോലെ, കൊല്ലം മണ്ഡലത്തിലെ സീപ്പീയെമ്മിന്റെ സ്ഥാനാര്‍ത്ഥിമോഹികള്‍ക്കായി സീപ്പീയെമ്മിനുള്ളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ മുന്നിലെത്താനായാല്‍ മാത്രമേ, മുകേഷിനു കൊല്ലം മണ്ഡലത്തിലെ സീപ്പീയെമ്മിന്റെ സ്ഥാനാര്‍ത്ഥിയാകാനാകൂ.

തെരഞ്ഞെടുപ്പുകമ്മീഷന്‍ തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിയ്ക്കുന്നതിനു മുമ്പു തന്നെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു മുകളില്‍ നിര്‍ദ്ദേശിച്ച പ്രകാരത്തിലുള്ള സ്ഥാനാര്‍ത്ഥിനിര്‍ണയപ്രക്രിയ നടത്തി, കേരളമൊട്ടാകെയുള്ള സ്ഥാനാര്‍ത്ഥിലിസ്റ്റു തയ്യാറാക്കി വയ്ക്കാവുന്നതേയുള്ളൂ. സ്ഥാനാര്‍ത്ഥിമോഹികള്‍ പാര്‍ട്ടികളുടെ താക്കോല്‍സ്ഥാനങ്ങളിലുള്ള നേതാക്കളുടെ വീട്ടുപടിയ്ക്കല്‍ രാപകല്‍ കാത്തുനില്‍ക്കുന്ന ഇന്നത്തെ സ്ഥിതിയ്‌ക്കൊരവസാനമുണ്ടാക്കാന്‍ മുകളില്‍ സമര്‍പ്പിച്ചിരിയ്ക്കുന്ന നിര്‍ദ്ദേശത്തിനാകും. പകരം, സ്ഥാനാര്‍ത്ഥിമോഹികള്‍ മണ്ഡലത്തിലെ പാര്‍ട്ടിയംഗങ്ങളുമായി, അതായതു ജനതയുമായി, ബന്ധം പുലര്‍ത്താന്‍ തുടങ്ങും. മണ്ഡലത്തിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു ബോദ്ധ്യമില്ലാത്തവര്‍ സ്ഥാനാര്‍ത്ഥികളാകുന്ന ദുസ്ഥിതി കുറയുകയും ചെയ്യും.

സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനുള്ള അധികാരം പാര്‍ട്ടികളിലെ ഉന്നതവൃത്തങ്ങളില്‍ നിന്നു മണ്ഡലങ്ങളിലെ പാര്‍ട്ടിയംഗങ്ങളിലേയ്ക്ക്, പാര്‍ട്ടികളുടെ തൃണമൂലതലത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലും. തൃണമൂലങ്ങളുടെ ശാക്തീകരണം സാദ്ധ്യമാകും. ജനാധിപത്യത്തില്‍ പരമാധികാരം ജനതയ്ക്കാണുണ്ടാകേണ്ടത്, വ്യക്തികള്‍ക്കല്ല. അതുകൊണ്ടു സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനുള്ള പരമാധികാരവും ജനതയ്ക്കുണ്ടായേ തീരൂ തീരൂ.

[email protected]