സ്‌നേഹത്തണല്‍ – ബൈജു ജോര്‍ജ്ജ്

126

6791705

കട്ടിലില്‍ കിടന്നുകൊണ്ട് അവന്‍ എന്നോട് ചോദിച്ചു ……!

”ഞാന്‍ മരിച്ചാല്‍ അപ്പാ കരയുമോ ….’!

”ഇല്ല ….!”, എന്റെ ഉത്തരവും പെട്ടെന്നായിരുന്നു ….!

”അതെന്താ …, അപ്പ എന്നെ സ്‌നേഹിക്കുന്നില്ലേ …..’?

”ഉണ്ട് …, എന്റെ ജീവനേക്കാള്‍ അധികമായി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു..”!

”പിന്നെന്താ .., ഞാന്‍ മരിച്ചാല്‍ …, അപ്പാ കരയില്ലെന്ന് പറയുന്നത് …..?”

ഞാന്‍ പറഞ്ഞു ….! ”ഒരു മകന് കൂടുതല്‍ സൌഭാഗ്യങ്ങള്‍ കിട്ടുമ്പോള്‍ അപ്പ കരയുമോ..?”

”ഇല്ല …”! അവന്റെ മറുപടിയും പെട്ടന്നായിരുന്നു …!

”പക്ഷേ …, സൌഭാഗ്യങ്ങള്‍ അല്ലല്ലോ അപ്പാ കിട്ടുവാന്‍ പോകുന്നത് …, ഞാന്‍ മരിക്കുകയല്ലേ ….!, മരണം എന്നുവെച്ചാല്‍ എല്ലാം നഷ്ട്ടപ്പെടുത്തലല്ലേ …!”

”ആരു പറഞ്ഞു …, എല്ലാം നഷ്ട്ടപ്പെടുത്തലാണെന്ന് …? അതൊരു നേടലല്ലേ …..!, ഇതിനേക്കാള്‍ നല്ലൊരു ലോകത്തേക്ക് .., ഇതിനേക്കാള്‍ നല്ല ജീവിത സൌഭാഗ്യങ്ങളിലെക്ക് …, യുദ്ധങ്ങളും .., ആക്രമണങ്ങളും .., ഇല്ലാത്ത .., എങ്ങും സ്നേഹപ്പൂക്കള്‍ മാത്രം വിരിയുന്ന സ്വര്‍ഗ്ഗീയ താഴ്‌വാരത്തിലേക്ക് …, സ്വന്തം അപ്പയുടെ അടുത്തേക്ക് …!”

”അപ്പൊ …, അപ്പായെല്ലേ …, എന്റെ സ്വന്തം അപ്പ …?”, അവന്റെ കണ്ണുകളില്‍ സംശയത്തിന്റെ നിഴലുകള്‍ വിരിയുന്നത് ഞാന്‍ കണ്ടു …!

”ഇല്ല മോനേ …, ഞാന്‍ വെറും കൈവശക്കാരന്‍ മാത്രമാണ് .., തോട്ടത്തിലെ പൂക്കളെ നന്നായി പരിപാലിക്കാന്‍ മാത്രം നിയോഗിക്കപ്പെട്ട കാവല്‍ക്കാരന്‍ …!, നിന്റെ അപ്പ അങ്ങു സ്വര്‍ഗ്ഗത്തിലാണ് ….! ഈ ഭൂലോകത്തിന്റെ രാജാവാണ് അവന്‍ ..!, നിന്നെ പിരിഞ്ഞിരിക്കാന്‍ അവന് വിഷമമുള്ളത്‌കൊണ്ടാണ് .., വേഗം വിളിക്കുന്നത് .., അത്രയധികം അവന്‍ നിന്നെ സ്‌നേഹിക്കുന്നു …!”

”അതുകൊണ്ട് മരണം എന്ന് പറഞ്ഞാല്‍ അതൊരു അവസാനമല്ല .., ആരംഭമാണ് …!, പുതുജീവിതത്തിലേക്ക് .., സ്‌നേഹത്തിന്റേയും .., സാഹോദര്യത്തിന്റെയും .., മനസമാധാനത്തിന്റെയും .., സന്തോഷത്തിന്റെയും .., സ്വര്‍ഗ്ഗീയ പ്രഭാവത്തിലെക്കുള്ള .., സ്വന്തം പിതാവിന്റെ അരികിലെക്കുള്ള സ്വര്‍ഗ്ഗീയ യാത്രയുടെ ആരംഭമാണത് ..!, അവിടെ സ്‌നേഹം മാത്രമേയുള്ളൂ …, സന്തോഷം മാത്രമേയുള്ളൂ ….!, സ്വന്തം അപ്പായുടെ അരികിലെക്കുള്ള യാത്രയാണത് ..!”

ആ കൊച്ചു കണ്ണുകള്‍ സന്തോഷം കൊണ്ട് തിളങ്ങി …!

ഗാസയില്‍ പിഞ്ചു കുഞ്ഞുങ്ങളെ നഷ്ട്ടപ്പെട്ട മാതാപിതാക്കള്‍ക്കായി സമര്‍പ്പിക്കുന്നു …!