സ്ഫടികം ജോര്‍ജ് ആളാകെ മാറി; ഇപ്പോള്‍ പ്രധാന പണി ബൈബിള്‍ വായനയും സുവിശേഷ പ്രസംഗവും

0
750

1

മോഹന്‍ലാല്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ്‌ സിനിമ സ്ഫടികത്തില്‍ കൊടും വില്ലനായി വിലസിയ ജോര്‍ജിന് സ്ഫടികം ജോര്‍ജെന്ന പേര് വീഴാന്‍ കാരണം തന്നെ അതിലെ വില്ലത്തരത്തിന്റെ ശക്തിയായിരുന്നു. നൂറുകണക്കിന് സിനിമകളില്‍ പിന്നീടു നമ്മള്‍ എ വില്ലനെ കണ്ടെങ്കിലും ആ പേര് ഇപ്പോഴും ജോര്‍ജിന് സ്വന്തമാണ്. ഇനി മുതല്‍ പേരില്‍ മാത്രമേ വില്ലത്തരം കാണൂ എന്നാണ് മലയാളത്തിന്റെ സ്വന്തം വില്ലന്‍ ഇപ്പോള്‍ പറയുന്നത്. അതിനു കാരണം മറ്റൊന്നുമല്ല, അഭിനയം കഴിഞ്ഞാല്‍ പുള്ളിയുടെ മുഖ്യ ജോലിയിപ്പോള്‍ ബൈബിള്‍ വായനയും സുവിശേഷ പ്രസംഗവും ആണത്രേ.

കൊടുംവില്ലനായി അഭിനയിക്കാന്‍ ഇനി തന്നെ കിട്ടില്ല എന്നാണ് ജോര്‍ജ് പറയുന്നത്. സുവിശേഷം പറയുകയും വില്ലത്തരം കാണിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നു തോന്നിയത് കൊണ്ട് നെഗറ്റീവ് വേഷങ്ങള്‍ കഴിയുന്നതും ഒഴിവാക്കുകയാണത്രെ സ്ഫടികം ജോര്‍ജ്. പൂര്‍ണമായും വില്ലന്‍വേഷം ഒഴിവാക്കിയാല്‍ പട്ടിണി കിടക്കേണ്ടിവരും എന്നത് കൊണ്ട് മാത്രമാണ് ചെറിയ വില്ലന്‍ വേഷത്തില്‍ താനിപ്പോഴും അഭിനയിക്കുന്നതെന്ന് ജോര്‍ജ് പറയുന്നു. പട്ടിണി കിടന്നാലും വേണ്ടില്ല, കൊടും വില്ലനാവാന്‍ താനില്ലന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നത്.

അടുത്തിടെ മൂന്നു ദിവസത്തെ ധ്യാനത്തിന് ശേഷം പോട്ടയില്‍ നിന്നും തിരിച്ചെത്തിയതെ ഉള്ളൂ എന്നാണ് ജോര്‍ജ്ജ് പറയുന്നത്. സുവിശേഷ പ്രവര്‍ത്തനം ഒരു വില്ലന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ജോര്‍ജ് വിവരിക്കുന്നത് മംഗളം വാരികയോടാണ്.സുവിശേഷ പ്രവര്‍ത്തനത്തെ കുറിച്ച് ചോദിച്ചാല്‍ ജോര്‍ജ്ജിന് നൂറു നാവാണ്. ഇരുപതു വര്‍ഷം മുമ്പാണ് മതത്തെയും ദൈവത്തെയുംകുറിച്ച് പഠിക്കാന്‍ തുടങ്ങിയതെങ്കിലും സമ്പൂര്‍ണ സുവിശേഷകനായത് ഈയടുത്തകാലത്താണെന്ന് മാത്രമാണെന്ന് ജോര്‍ജ്ജ് പറയുന്നു.

സുവിശേഷ പ്രവര്‍ത്തനം ആണ് ടെന്‍ഷന്‍ നിറഞ്ഞ മനസിന് ഏക ആശ്വാസം. ഇതിനകം ഒരുപാടു സ്ഥലങ്ങളില്‍ സുവിശേഷപ്രസംഗം നടത്തിയതായി ജോര്‍ജ് ഓര്‍ക്കുന്നു. ഷൂട്ടിംഗില്ലാത്ത സമയത്താണ് സുവിശേഷപ്രവര്‍ത്തനം. ഒരുമാസം ആറു പ്രസംഗത്തിനുവരെ പോയിട്ടുണ്ട്. ക്രിസ്തുവിനെ അനുകരിക്കുന്നവനാണ് വിശ്വാസി. എന്നുവച്ചാല്‍ പൂര്‍ണമനസോടെ സ്‌നേഹിക്കുന്നവന്‍. ദൈവങ്ങളല്ല, മനുഷ്യരാണ് മതങ്ങളെ സൃഷ്ടിച്ചത്. എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് യേശുക്രിസ്തു ക്രൂശിക്കപ്പെട്ടത്. ഋഗ്വേദത്തില്‍ ഒരു പ്രജാപതിയെ പരാമര്‍ശിക്കുന്നുണ്ട്. അവന്‍ കൈകാലുകള്‍ വിഛേദിക്കപ്പെട്ട് മരക്കുറ്റിയാല്‍ ബന്ധിക്കപ്പെട്ട് രക്തം വാര്‍ന്ന് മരിക്കണം. അവന്‍ സോമരസം കഴിക്കണം. കന്യകയില്‍ ജനിച്ചവനാകണം. ശിരസില്‍ മുള്‍മുടി ധരിക്കണം. മരിച്ച് മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കണം. ഈ ലക്ഷണങ്ങളുള്ള പ്രജാപതിയാണ് മനുഷ്യവര്‍ഗത്തിന്റെ മോചകന്‍. അതുകൊണ്ടാണ് സകല മനുഷ്യരുടെയും രക്ഷകന്‍ യേശുക്രിസ്തുവാണെന്ന് പറയുന്നതെന്ന് ജോര്‍ജ് പറയുന്നു.

ഖുര്‍ആനിലും യേശുക്രിസ്തുവിനെക്കുറിച്ച് പരാമര്‍ശമുണ്ട്. എല്ലാ മതങ്ങളും എത്തിച്ചേരുന്നത് ഒരു സത്യത്തിലേക്കാണ്. അതാണ് യേശുക്രിസ്തു. പക്ഷേ ഈ സത്യം മനസിലാക്കാന്‍ അധികംപേര്‍ക്കും കഴിഞ്ഞിട്ടില്ല. അതിനുകാരണം സംസ്‌കൃതമാണ്. വേദങ്ങള്‍ രചിച്ചത് സംസ്‌കൃതത്തിലാണ്. സംസ്‌കൃതം അറിയാവുന്നവര്‍ ഉയര്‍ന്ന വര്‍ഗത്തിലുള്ളവര്‍ മാത്രമായിരുന്നു. അതുകൊണ്ട് താഴെത്തട്ടിലുള്ളവര്‍ക്ക് വേദഗ്രന്ഥങ്ങളെക്കുറിച്ച് അറിവില്ലാതെപോയതായും ജോര്‍ജ് പറഞ്ഞു.

സുവിശേഷ പ്രവര്‍ത്തനം തന്നില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കിയതായി ജോര്‍ജ് അഭിമുഖത്തില്‍ പറയുന്നു. ദിവസവും അതിരാവിലെ എഴുന്നേല്‍ക്കും. വചനങ്ങള്‍ പഠിക്കും. ലൊക്കേഷനില്‍ ഒഴിവുസമയം കിട്ടുമ്പോള്‍ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കും. ഇപ്പോള്‍ മദ്യപാനവും പുകവലിയും പൂര്‍ണമായും നിര്‍ത്തിയാതായും ജോര്‍ജ് അഭിമുഖത്തില്‍ പറഞ്ഞു.

ഇത്രനാളും ദുഷ്ടനായി സ്‌ക്രീനില്‍ കണ്ട, തല്ലൂകൊള്ളിയും തെമ്മാടിയും കള്ളുകുടിയനുമായ ഒരാള്‍ സുവിശേഷം പ്രസംഗിക്കുകയോ? എന്ന് ചിന്തിച്ചു ആദ്യം തന്നെ അല്ഭുതതോടെയാണ് ആളുകള്‍ നോക്കുന്നതെന്ന് ജോര്‍ജ്ജ് പറഞ്ഞു. ഇപ്പോള്‍ മിക്കവര്‍ക്കും പരിചിതമായതായി ജോര്‍ജ് പറഞ്ഞു.