സ്വന്തം ഭാര്യയുടെ ഭംഗി കാണാൻ, അയലത്തെ ജനലിലൂടെ നോക്കിയാൽ മതി.

0
456

ഞായറാഴ്ച “മിസിസ് ഡേ” ആയതിനാൽ അവളെണീക്കാൻ വൈകും. അതിനാൽ ഒരു കട്ടനുണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. ബാക്കി എല്ലാ ദിവസവും രാവിലെ എട്ടു മണിക്ക് എന്നെയും മോനെയും വിട്ട്. എട്ടര മണിക്ക് അവളും ഓടുന്നതല്ലേന്നു കരുതി ഞായറാഴ്ച ഞാനൊന്നും പറയില്ല. മതിയായാൽ അവളെണീറ്റു വന്നോളും.. കട്ടൻ ഗ്ലാസിലേക്ക് ഒഴിക്കുമ്പോളാണ് വിളി. “അരുണേട്ടാ ഒന്നിങ്ങ് വന്നേ” ഞാൻ ചായയും കൊണ്ട് ബെഡ്‍ റൂമിലേക്ക് ചെന്നു.

ഫോണും കൊണ്ടിരിക്കുകയാണവൾ. ഒരു ചിരിയോടെ ഫോൺ എനിക്ക് നീട്ടി. കൊലച്ചിരി ആവാതിരുന്നാൽ മതി.

വാട്ട്സാപ് മെസ്സേജ് ആണ്. ഓ. അവളുടെ സീനിയറായി പഠിച്ച സാഹിത്യകാരൻ തെണ്ടിയാണ്. കഴിഞ്ഞയാഴ്ച, നീണ്ട ഏഴു വർഷങ്ങൾക്ക് ശേഷം, അവൻ നമ്പർ കണ്ടു പിടിച്ചു വിളിച്ചതും, പരിചയം പുതുക്കിയതും പിന്നെയങ്ങോട്ടു ദിവസവും വരുന്ന, കടിച്ചാൽ പൊട്ടാത്ത സാഹിത്യവും അവളെന്നെക്കാണിക്കാറുണ്ട്. സത്യം, എനിക്കതൊന്നും തീരെ പിടിച്ചില്ല. പിന്നെ അവളുടെ കെട്ടിയവൻ വിശാലമനസ്കനാണെന്ന് കരുതിക്കോട്ടെന്നു വച്ച്, ചുമ്മാ, മനസ്സിലായപോലെ കാണിച്ച് കൂടെക്കൂടും. ഇവനൊക്കെയിതെന്ത് ഭാവിച്ചാണോ?

കൂടെ നടന്നപ്പോളൊന്നുമില്ലാത്ത ഈ സ്നേഹം, ഇത്രയും കാലം കഴിഞ്ഞ്, അക്കരെയുള്ളൊരു പെണ്ണിനേം കെട്ടി, അവിടെ, ജീവിതം തുടങ്ങി, രണ്ട് വർഷം കഴിഞ്ഞപ്പോൾ എവിടുന്നു വന്നൂന്ന്, അവളും ചോദിക്കും.

അതുപിന്നെയങ്ങനാണല്ലോ. സ്വന്തം ഭാര്യ വീട്ടിൽ പട്ടിണി കിടന്നു ചത്താലും, ആരാന്റെ ഭാര്യയെ നാലു നേരം ഊട്ടിക്കാതെ ഉറങ്ങില്ല, നമ്മളിൽ പലരും.

ഇന്നെന്താണാവോ വിഷയം?

“ആ നീൾമിഴികളും തൂമന്ദഹാസവും,
മായില്ല മനതാരിൽ മരണം വരെ,
ഇനിയൊരു ജന്മത്തിലെങ്കിലും നീ,
എനിക്കെന്റേതു മാത്രമായ് തീരുവാനായ്,
ഒരു നൂറു ജന്മം ഞാൻ കാത്തിരിക്കാം”

ഭഗവാനേ, കാലമാടൻ രണ്ടും കൽപ്പിച്ചാണല്ലോ?

നാടു മുഴുവൻ നടന്നിട്ടാണ്, മനസ്സിനു പിടിച്ച ഒന്നിനെക്കിട്ടിയത്. കഷ്ടപ്പാടും പ്രാരാബ്ദങ്ങളുമൊക്കെ തീർന്ന്, ഒന്നു ജീവിക്കാൻ തുടങ്ങിയേ ഉള്ളൂ. ഞാൻ ശ്രീമതിയുടെ മറുപടി നോക്കി.

“ഈ ജന്മം മാത്രമല്ല. ഇനിയേഴു ജന്മവും, ഈ താലിയും, അതിന്റെ ഉടയോനെയും മതിയെനിക്ക്, മോൻ അടുത്ത മഴക്ക് മുന്നേ സ്ഥലം വിടാൻ നോക്കൂ! ആ പരിപ്പ് ഈ കലത്തിൽ വേവൂല്ല.

“ശോ…ഞാനൊന്നു തരളിതനായി.

എന്നാലും അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ”
ഏഴു ജന്മമൊക്കെ, നിന്നെ എങ്ങനെ സഹിക്കാൻ”?

ഞാൻ ഒന്നു ചിരിച്ചു.

“ഞാൻ സഹിക്കും മോനേ”

അതെന്താ അത്രയും ഇഷ്ടപ്പെട്ടതു കൊണ്ടാണോ?..

വിടില്ല ഞാൻ.

“അതൊരു വലിയ രഹസ്യമാണ് അരുണേട്ടാ”

ഓഹോ എന്നാലതറിഞ്ഞിട്ടു തന്നെ ഇനി കാര്യം.

എണീറ്റു പോകാനൊരുങ്ങുകയാണ് മൂപ്പത്തി. ഞാൻ കയ്യിൽ പിടിച്ചു വലിച്ച് എന്റെ അടുത്തിരുത്തി.
ഞാനും അറിയട്ടപ്പാ,
നീ പറ. ..നമ്മളൊന്നല്ലേ?

ആരോടും പറയില്ല.
അവളെന്റെ കയ്യിൽ പിടിച്ചു.
കണ്ണിലേക്കു നോക്കി.
പിന്നെ മെല്ലെ ചോദിച്ചു.

“എനിക്ക് പനി വരുമ്പോൾ പുലരും വരെ, കഞ്ഞിയും ഗുളികയുമായി എനിക്ക് കൂട്ടായി ഇരിക്കുന്നതാരാ?” അതുപിന്നെ, ഞാൻ തന്നെ.

“എല്ലാ രണ്ടാം ശനിയാഴ്ചയും എന്റെ കൂടെ ഫ്ലാറ്റ് ക്ലീൻ ചെയ്യണതാരാ?

“ശൊ…ഈ പെണ്ണിന്റെ ഒരു കാര്യം.

ഇതൊക്കെ എന്ത്? എന്ന ഭാവത്തിൽ ഞാൻ”.

നിന്ന നിൽപ്പിൽ ഫോൺ ചെയ്ത്, “ഇന്നെനിക്കൊന്നും ഉണ്ടാക്കാനുള്ള മൂഡില്ല, പാർസൽ വാങ്ങിയാലോന്ന് ? ചോദിച്ചാൽ.
ശരീന്ന് പറഞ്ഞു വാങ്ങി ക്കൊണ്ട് വരണതാരാ?”

എനിക്ക് രോമാഞ്ചം വന്നു തുടങ്ങി.

“മഴയത്തു ബൈക്കിൽ പോണന്ന് പറയുമ്പോൾ, കണ്ണിലേക്കു വെള്ളം വീണു വേദനിച്ചിട്ടും,
കറങ്ങാൻ കൊണ്ട് പോണതാരാ?”

അന്ന് കുട്ടിക്കളി മാറീല്ലേന്നും പറഞ്ഞു അവളെ വഴക്ക് പറഞ്ഞതോർത്തപ്പോൾ എനിക്ക് എന്നോടു തന്നെ ദേഷ്യം വന്നു ഇന്ന്.

“നാട്ടിൽ പോയാൽ എന്നെ എന്റെ ഇഷ്ടത്തിന് മതിയാവോളം ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ വിടണതാരാ?”
ഞാനാകെ വല്ലാതായി. അവളുടെ മുഖത്ത് നോക്കി. എന്തൊരു ഭംഗിയാണവളെ കാണാൻ?
ഇതായിരിക്കും ലാലേട്ടൻ പറഞ്ഞത്.

“സ്വന്തം ഭാര്യയുടെ ഭംഗി കാണാൻ, അയലത്തെ ജനലിലൂടെ നോക്കിയാൽ മതിയെന്ന്”

അവൾ തുടരുകയാണ്. “കഴിഞ്ഞ ലീവിന് നാട്ടിൽ പോയപ്പോൾ എനിക്ക് ജംഗിൾ ബുക്ക് കാണണമെന്ന് വാശി പിടിച്ചപ്പോൾ, കണ്ണൂർ ജില്ലയിൽ റിലീസ് ഇല്ലാത്തതിനാൽ, കോഴിക്കോട് വരെ ഡ്രൈവ് ചെയ്ത്.
അതും, അഞ്ച് മണിക്കൂർ കാത്തിരുന്ന്, കൂട്ടിരുന്നു സിനിമ കണ്ടതാരാ?”

എന്റെ രോമാഞ്ചം പൂർണമായി. അതൊക്കെ എന്റെ കടമ അല്ലേടാ?
ഞാനവളെ ചേർത്ത് പിടിച്ചു. എന്നിട്ട് മനസ്സിൽചിരിച്ചു.
ഇത്രേയുള്ളൂ പെൺമനസ്, ഞാനാരാ മോൻ?

അവളെന്നെ ഒന്നൂടെ മുറുകെ പിടിച്ചു, എന്നിട്ട് തുടർന്നു.
“ഇതൊക്കെ നിങ്ങൾ ജനിച്ചപ്പോഴേയുള്ള ശീലമല്ലാലോ?
ഇത്രയും വർഷങ്ങൾ കൊണ്ട്, ഞാൻ കഷ്ടപ്പെട്ടു ശീലിപ്പിച്ചതല്ലേ?”

ഞാനൊന്നു ഞെട്ടി.

“ഇനിയൊരുത്തന്റെ പുറകെ പോയി,
അവനെ, ഇതൊക്കെ പഠിപ്പിച്ചു വരാൻ ഇനിയും കുറെ വർഷങ്ങൾ വേണ്ടേ?
നിങ്ങൾക്കിതൊക്കെ ശീലായതു കൊണ്ട്, അങ്ങനങ്ങ് ചെയ്തു പൊയ്ക്കോളും,
ഇനിയുള്ള ജൻമങ്ങളിലും.”

എന്റെ ഞെട്ടൽ പൂർണ്ണമായി. വെറുതെ അല്ല കവി പാടിയത് സ്ത്രീ ഒരു പ്രഹേളിക ആണെന്ന്.
എടീ…….

🏼👍🏼👍🏼🙆🏻🙏🏻🙆🏻🙏🏻🙆🏻🙏🏻🙆🏻

(കടപ്പാട് വാട്ട്സാപ്പ്)