Featured
സ്വര്‍ഗ്ഗരാജ്യ തൊഴിലാളികളെ!!

ഒരിക്കല്‍ ഞാനും എന്നെ കാണാന്‍ വന്ന എന്റെ പ്രിയ സുഹൃത്തുക്കളില്‍ ഒരാളുമായി ഒരു ചെറിയ സംവാദം ഉണ്ടായി. വിഷയം “സ്വര്‍ഗ്ഗവും നരകവും” ആയിരുന്നു. ദൈവം സ്വര്‍ഗ രാജ്യം നിഷേധിച്ചേക്കാവുന്ന അനേകം കാരണങ്ങള്‍ അദ്ദേഹം എനിക്കു മുന്നില്‍ അവതരിപ്പിക്കുകയും, അതിനെല്ലാം പ്രധിവിധിയായി സ്വര്‍ഗം പുല്കാനുള്ള എളുപ്പവഴിയായി അദ്ദേഹം നിര്‍ദ്ദേശിച്ച ഒരു കാര്യം കേള്‍ക്കുകയും കൂടി ചെയ്തപ്പോള്‍, നിഷ്പക്ഷനായ ഒരു സാധാരണക്കാരന് ഇത്തരം ചര്‍ച്ചകളില്‍ അവന്റെ എല്ലാ കൌതുകത്തോടും തൊടുത്തു വിടുന്ന അതിലും സാധാരണമായ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു.
ദൈവങ്ങള്‍ക്ക് അങ്ങനെ വേര് തിരിവുണ്ടായിരുന്നു എങ്കില്‍ ബാഹ്യമായും ആന്തരികമായും അവരവരുടെ ഗ്രൂപ്പുകാക്ക് എന്തെങ്കിലും തിരിച്ചറിയല്‍ മാര്‍ക്കുകള്‍ കൊടുക്കാതെ എന്തേ എല്ലാം ഒരു പോലെയാക്കി?രക്തത്തിന്റെ നിറമൊന്ന്, ചര്‍മ്മത്തിന്റെ ഘടന ഒന്ന്. അങ്ങനെ കാണുന്ന എല്ലാത്തിലും സാമ്യത!
എന്റെ ദൈവത്തിന് ശക്തി കൂടുതലാണെന്ന് ഓരോരുത്തരും വിശ്വസിക്കുന്നു….ഇന്ന് ഭാഗ്യവും നിര്‍ഭാഗ്യവും വിവേചിക്കുന്നത് ഒരുവന്റെ ബാങ്ക് ബാലന്‍സ് നോക്കിയാകുമ്പോള്‍, ഈ ശക്തി കൂടിയ ദൈവം എന്തുകൊണ്ട് അദ്ദേഹത്തിന്റെ വിഭാഗത്തിലെ എല്ലാപേരേയും സമ്പത്തിക ഭദ്രത ഉള്ളവര്‍ ആക്കിയില്ല? മറിച്ച് ലോകത്തിന്റെ എല്ലാ കോണിലും സമ്പന്നരും ദരിദ്രരും, ജാതിമതഭേദമന്യേ ഉള്ളതായും നമ്മുക്ക് അറിയാം!
സുനാമി എന്ന മഹാവിപത്ത് തുടങ്ങിയത് ഇന്‍ഡോനേഷ്യയില്‍ നിന്നാണ്, തായ്ലന്റ്, ശ്രീലങ്ക, ഇന്‍ഡ്യയുടെ തമിഴ്നാട് തീരങ്ങള്‍, കേരളത്തിന്റെ തീരപ്രദേശങ്ങള്‍ എന്നിങ്ങനെ പലയിടത്തും നാശം വിതച്ച് അതു അവസാനിച്ചത് വേളാങ്കണ്ണി പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ ഇരുന്ന ആയിരങ്ങളെ തിന്നു തീര്‍ത്തു കൊണ്ടാണ്. ഇന്നത്തെ അര്‍ത്ഥത്തില്‍ പല ദൈവങ്ങളുടെ അനുയായികളെ! ദൈവങ്ങള്‍ക്കെല്ലാം ശക്തിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു എങ്കില്‍, അവര്‍ക്ക് മനുഷ്യനില്‍ കാണുന്ന വിവേചനം ഉണ്ടായിരുന്നെങ്കില്‍ തങ്ങളുടെ വിഭാഗത്തെ പ്രസ്തുത വിപത്തില്‍ നിന്നും കരകയറ്റാന്‍ ഒരു എളിയ ശ്രമം ഉണ്ടാകുമായിരുന്നില്ലേ?
സമാനമായ കുറെ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ എന്റെ സുഹൃത്ത് അല്‍പ്പം ദേഷ്യത്തോടെ ഒറ്റവാക്കില്‍ ഉത്തരം ഒതുക്കി. “വിശ്വാസമില്ലാത്തവര്‍ക്ക് പ്രത്യക്ഷത്തില്‍ എല്ലാം ഒരു പോലെ തോന്നും. പക്ഷേ മരണ ശേഷം സ്വര്‍ഗ്ഗം!! അതാണ് ഞങ്ങളുടെ പ്രത്യേകത!”
“ജനകോടികളുടെ വിശ്വസ്ത സ്ഥാപനം” എന്ന അറ്റ്ലസ് രാമചന്ദ്രന്റെ വാക്കുകള്‍ക്ക് തുല്യമായ കുറെ വാചകങ്ങള്‍ ഒപ്പം എന്റെ സുഹൃത്ത് വിളമ്പിയപ്പോള്‍ ഞാന്‍ ചിരിയോടെ മറു ചോദ്യം ഉന്നയിച്ചു “ സ്വര്‍ഗത്തില്‍ പോയ എത്ര പേരുമായി താങ്കള്‍ക്കിപ്പോള്‍ ബന്ധം ഉണ്ട്?”
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തും എന്ന പഴം ചൊല്ല് അന്വര്‍ത്ഥമാക്കി കൊണ്ട്, തന്റെ മുന്നില്‍ വിളമ്പിയ ജ്യൂസ് പോലും കുടിക്കാതെ, എന്റെ പിന്‍വിളികള്‍ക്ക് കാതു നല്‍കാതെ, സുഹൃത്ത് ഇറങ്ങി നടന്നു.
ഈ സംഭവം ഇവിടെ അവതരിപ്പിക്കുമ്പോള്‍, എനിക്ക് വായനക്കാരോട് ഉന്നയിക്കാനുള്ള ചില ചോദ്യങ്ങള്‍ ബാക്കിയുണ്ട്… ഈ ലേഖനത്തിന്റെ അവസാനം ഒരുപക്ഷേ നിങ്ങള്‍ക്ക് തന്നെ ഉത്തരം കണ്ടെത്തിയേക്കാന്‍ കഴിയാവുന്ന ചില സാധാരണ ചോദ്യങ്ങള്‍.
എന്താണ് സ്വര്‍ഗ്ഗവും, നരകവും?
എവിടെയാണത്?
എങ്ങനെ അവിടെ എത്തിപ്പെടാം?
സ്വര്‍ഗ്ഗത്തില്‍ എത്തിപ്പെടാന്‍ കുറുക്കു വഴികള്‍ നിലവിലുണ്ടോ?
ഉണ്ടങ്കില്‍ അവ എന്തൊക്കെ?
തെറ്റ് എന്ന് മനുഷ്യന് വിവേചിക്കുന്നവ യഥാര്‍ത്ഥത്തില്‍ തെറ്റുകള്‍ തന്നെയോ?
മത ഗ്രന്ഥങ്ങളിലെ ശരികള്‍ മാത്രമാണോ യഥാര്‍ത്ഥ ശരികള്‍?
മതത്തിനും അപ്പുറം മനുഷ്യന്റെ വിലയെന്ത്?
ഈ ചോദ്യങ്ങള്‍ക്ക് എന്റെ മനസ്സില്‍ ചില ഉത്തരങ്ങള്‍ ഉണ്ട്. അവയെ സാധൂകരിക്കാന്‍ എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ രണ്ട് ചെറിയ സംഭവങ്ങളും എഴുതാം. രണ്ടു വ്യത്യസ്ഥ വ്യക്തികളുടെ അനുഭവങ്ങളാണിവ. വിവിധ മതസ്ഥരാണെങ്കിലും അതിന് ഇവിടെ പ്രസക്തി ഇല്ലാത്തതിനാല്‍ എഴുതുന്നില്ല. എനിക്ക് വളരെ അടുത്തറിയാവുന്ന വ്യക്തികളായതിനാലും, എന്റെ രചനക്ക് ഒരു ലേഖന സ്വഭാവമുള്ളതിനാലും അതിഭാവുകത്വം ഒട്ടും ഇല്ലാതെ അവരെ ഞാനിവിടെ അവതരിപ്പിക്കാം.
ആദ്യ വ്യക്തി സമ്പന്നതയുടെ മടിയിലേക്ക് പിറന്നു വീണവന്. ഏക്കറുകള്‍ പരന്നു കിടക്കുന്ന വസ്തുവിനു നടുവില്‍ ഒരു വലിയ വീട്. ആവശ്യത്തിനും അനാവശ്യത്തിനും ധാരാളിത്തം കാണിക്കാന്‍ അവസരം ഉണ്ടായിരുന്നിട്ടും വളരെ സാധാരണക്കാരന്റെ ജീവിത ചര്യകളായിരുന്നു അദ്ദേഹം എന്തുകൊണ്ടോ പിന്തുടര്ന്നു വന്നത്. മദ്യപാനമില്ല, മറ്റു ദുഃശ്ശീലങ്ങലൊന്നും ഇല്ല. മത ഗ്രന്ഥത്തില്‍ നിര്‍ദ്ദേശിക്കുന്ന ചര്യകള്‍ അക്ഷരം പ്രതി പിന്തുടരുമ്പോള് തന്നെ, നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് അത്ര വലിയ ഉപകാരി ഒന്നും ആയിരുന്നില്ല, എങ്കിലും ഒരു വിധത്തിലും ഉപദ്രവകാരിയായിയും ആയിരുന്നില്ല എന്നു പറയാന്‍ എടുത്തു പറയാന്‍ ആഗ്രഹിക്കുന്നു.
പക്ഷേ ഇദ്ദേഹം വീട്ടിനുള്ളില്‍ മറ്റൊരു മനുഷ്യന് ആയിരുന്നു. അത് അദ്ദേഹത്തേയും, കുടുഃബത്തേയും അടുത്തറിയാവുന്നവര്‍ക്ക് മാത്രം അറിവുള്ളവ. വിവാഹം കഴിച്ച് ഒരു പെണ്‍കുട്ടി ഉണ്ടായി രണ്ടു മാസം കഴിഞ്ഞപ്പോള്‍ ആദ്യ ഭാര്യ ഇഹലോകവാസം വെടിഞ്ഞു. കാരണവര്‍ ഉപദ്രവിച്ചു കൊന്നു എന്നാണ് കാരണമായി അടുപ്പമുള്ളവര്‍ പറയുന്നത് . ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അയാള്‍ രണ്ടാമതും വിവാഹിതനായി. അതിലും ഉണ്ടായി രണ്ടു പെണ് കുട്ടികള്‍.
കാരണവര്‍ക്ക് മത്സ്യമാംസാധികള്‍ നിഷിദ്ധമാണ്. പക്ഷേ രണ്ടാം ഭാര്യക്ക് അതില്ലാതെ ഭക്ഷണം ഇറങ്ങില്ല. അവര്‍ രഹസ്യമായി എന്തെങ്കിലും ഉണ്ടാക്കി കഴിക്കുന്നത് കാരണവരുടെ കണ്ണില്‍ പെട്ടാന്‍ അന്നേ ദിവസം കുശിനി വരെ കത്തിക്കും. ഭാര്യയെ ഉപദ്രവിക്കും. രുചികരമല്ലാത്ത ഭക്ഷണം ഉണ്ടാക്കിയാലും ഇതു തന്നെ സ്ഥിതി. അങ്ങനെ രണ്ടുകുട്ടികള്‍ ഉണ്ടായി കഴിഞ്ഞപ്പോള്‍ ഭാര്യ മൂന്നു കുട്ടികളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് തിരികെ പോന്നു. ഭാര്യ പിണങ്ങി പോയെങ്കിലും പിന്നീട് കാരണവര്‍ വിവാഹത്തിനൊന്നും മുതിര്‍ന്നില്ല. ശേഷ ജീവിതം ഒറ്റക്ക് ആ വീട്ടില്‍ കഴിഞ്ഞു. നാട്ടുകാരുടെ മുന്നില്‍ പരമ സ്വാത്വികനായ ഈ ദേഹം മരിച്ചത് ആരും അറിഞ്ഞില്ല എന്നു പറയുന്നതില്‍ അതിശയോക്തി ഒട്ടുമില്ല. സ്വഭാവിക മരണമായിരുന്നു എങ്കിലും ഒരിറ്റു വെള്ളം കുടിക്കാന്‍ കൊടുക്കാന്‍ ആരും ഇല്ലാതെ, രുചികരം അല്ലെങ്കില്‍ പോലും അല്‍പ്പം ഭക്ഷണം വിളമ്പാന്‍ ആളില്ലാതെ, കിടക്കയില്‍ തന്നെ പ്രാധമിക ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച്, വല്ലപ്പോഴും വരുന്ന വേലക്കാരിയുടെ കാരുണ്യം ഉണ്ടായില്ലെങ്കില്‍ മണിക്കൂറുകളോളം തന്റെ തന്നെ മലമൂത്രത്തില്‍ കിടന്ന് ഉരുളേണ്ട അവസ്ഥയില്‍ നിന് ഒരു സ്വാഭാവിക മരണം. പക്ഷേ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഏതാണ്ട് പുഴുവരിക്കുന്ന അവസ്ഥയിലാണ് നാട്ടുകാര്‍ പോലും അറിയുന്നത്. “എത്ര നല്ല മനുഷ്യന് ആയിരുന്നു ഈ ഗതി വന്നല്ലോ” എന്ന് മരണശേഷം ആളുകള്‍ പരിതപിക്കുന്നത് ഞാന്‍ എന്റെ സ്വന്തം കാതുകള്‍ കൊണ്ട് കേട്ടു.
ഇനി രണ്ടാമത്തെ വ്യക്തിയെ പരിചയപ്പെടുത്തട്ടെ. ഇദ്ദേഹം വിവാഹിതനായിരുന്നില്ല. മറ്റുള്ളവരെ ബോധിപ്പിക്കാനുള്ള ഭക്തിയില്ലാതെ ഒരു മാനുഷിക ഭക്തി അദ്ദേഹം സൂക്ഷീച്ചിരുന്നു. കേരളത്തില്‍ അന്നു നിലവിലുള്ള ഒരു സധാരണ മദ്ധ്യവര്‍ഗ്ഗ കുടുഃബത്തില്‍ പിറന്ന അദ്ദേഹം മാലോകര്‍ക്കു മുന്നില്‍ ഒട്ടും കുറവില്ലാത്ത ദുഷ്പേര് സൂക്ഷിച്ചിരുന്നു. ദിനേന സമ്പാദിച്ചിരുന്ന അല്‍പ്പ വരുമാനത്തിന്റെ പകുതിയില്‍ കൂടുതല്‍ വൈകുന്നേരങ്ങളില്‍ അടുത്തുള്ള കള്ളു ഷാപ്പുകളിലും, നാട്ടിലുള്ള അഭിസാരികകളുടെ കുടിലുകളിലും, ചൂതു കളി നിലയങ്ങളിലും ചിലവഴിച്ചിരുന്ന അദ്ദേഹം ബാക്കി വരുമാനം ഗ്രാമത്തിലെ തന്നെ പാവപ്പെട്ട ഏതെങ്കിലും കുടുഃബത്തില്‍ ഒരിടത്ത് ആഹാര സാധനങ്ങളായോ, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഉപകരണങ്ങളായോ അല്ലെങ്കില്‍ അവരുടെ മറ്റു ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന വിധത്തിലോ എത്തിച്ചിരുന്നു. രൂപം കൊണ്ടും ഭാവം കൊണ്ടും അല്‍പ്പം ക്രൂരത നിഴലിക്കുന്ന അദ്ദേഹത്തെ സധാരണ കുട്ടികളും, സ്ത്രീകളും എന്തിന് ചില പുരുഷ വര്‍ഗ്ഗങ്ങള്‍ പോലും ഭയപ്പെട്ടിരുന്നു എന്നതും സത്യം. പക്ഷേ അടുത്തറിയാവുന്നവര്‍ക്ക് അദ്ദേഹം നിര്‍മ്മല ഹൃദയനായിരുന്നു.
ഗ്രാമത്തില്‍ ഒരു പ്രത്യേക വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് ലോകമേ തറവാടായിരുന്നു. ആരോടും കണക്കുകള്‍ ബോധിപ്പിക്കാനില്ലെങ്കിലും എല്ലാവരോടും കരുണയോടെ പെരുമാറുന്ന എന്നാല്‍ ഏതൊരാളും വെറുക്കുന്ന എല്ലാ ദുഃശ്ശീലങ്ങളും സൂക്ഷിക്കുന്ന അദ്ദേഹം തന്റെ എണ്‍പതാം വയസ്സില്‍ ഒരു ദിനം രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോള്‍ “ എനിക്ക് നെഞ്ചിനു വേദന എടുക്കുന്നു, പോകാന്‍ സമയമായി എന്നു തോന്നുന്നു” എന്ന ചെറിയ ഒരു വാചകം ഉരുവിട്ട് അടുത്ത നിമിഷത്തില്‍ മരിക്കുകയും ചെയ്തു. തന്റെ ജീവിതം തന്റെതായ വഴിയില്‍ ജീവിച്ചു തീര്‍ത്ത അദ്ദേഹം ഒരിക്കലും വിഷമിച്ചു കണ്ടിട്ടില്ല. പരിഭവങ്ങളോ, പരാതികളോ ഇല്ലാതെ ഗ്രാമത്തിലെ ഏതെങ്കിലും വീട്ടില്‍ നിന്നും കിട്ടുന്ന പഴകിയ ഭക്ഷണമാണെങ്കില്‍ പോലും സന്തോഷത്തോടെ സ്വീകരിച്ച് കഴിച്ചിരുന്ന അദ്ദേഹം, തന്റെ ജീവിത രീതി കൊണ്ട് മറ്റുള്ളവര്‍ക്ക് പലപ്പോഴും വിഷമങ്ങള്‍ മാത്രം സമ്മാനിച്ച്, ബാക്കി കിട്ടിയ അല്‍പ്പ സമയം ഹൃദയം കൊണ്ട് അര്‍ഹിക്കുന്നവര്‍ക്ക് ഉപകാരം ചെയ്ത് നടന്നു മറഞ്ഞപ്പോള്‍ പോലും അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു.
ഇനി നിങ്ങള്‍ വായനക്കാര്‍ ഞാന്‍ മുകളില്‍ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ. നിങ്ങള്‍ മതത്തെ കുറിച്ച് വാചാലനായി അതിന്റെ ചര്യകളില്‍ ആകൃഷ്ടനായി അതു വഴി സങ്കല്‍പ്പത്തിലെ സ്വര്‍ഗ്ഗ രാജ്യം പുല്കാനും തയ്യാറായിരിക്കുന്ന വെറും “സ്വര്‍ഗ്ഗ രാജ്യ തൊഴിലാളികള്‍” ആണോ? ആണെങ്കില്‍ എനിക്കു അറിയാവുന്ന ഈ രണ്ട് സംഭവങ്ങള്‍ ഒരു പക്ഷേ നിങ്ങളുടെ കണ്ണുകള്‍ തുറപ്പിച്ചേക്കാം!
210 total views, 3 views today