സ്വര്‍ണ്ണവില എന്തുകൊണ്ട് കുറയുന്നു എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് എന്തുകൊണ്ട് അത് ഇത്രയധികം വര്‍ദ്ധിച്ചു എന്ന് ചോദിക്കുന്നതാവും ഏറ്റവും ഉചിതം. പലകാരണങ്ങള്‍ ആണ് അതിന് ഉപോല്‍ബലകങ്ങളായി പ്രവര്‍ത്തിച്ചത്. ഇന്ന് ലോകം മുന്നോട്ട് പൊയ്ക്കോണ്ടിരിക്കുന്നത് ഒരു ആഗോള സമ്പദ് വ്യവസ്ഥയിലാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാജ്യം ഇന്നും അമേരിക്ക തന്നെ. അപ്പോള്‍ അമേരിക്കയില്‍ സാമ്പത്തീകമായുണ്ടാകുന്ന ഏതൊരു ചെറിയ ചലനവും ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തപ്പെടുകയും ചെയ്യും.
അമേരിക്കയിലുണ്ടായ പ്രധാന സാമ്പത്തീക മാന്ദ്യത്തിനുത്തരവാദി ബില്‍ ക്ലിന്റന് ആണെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ പലരും വിശ്വസിച്ചെന്ന് വരില്ല. അദ്ദേഹം ഭരിച്ച 1993-2001 കാലയളവില്‍ ബാങ്കുകളെ യാതൊരുവിധ നീയന്ത്രണവുമില്ലാതെ കയറൂരി വിട്ടിരിക്കുകയായിരുന്നു. അന്നവര്‍ കണ്ണില്‍ കണ്ടവര്‍ക്കെല്ലാം ഭവന വായ്പകളും മറ്റു ലോണുകളും വാരിക്കോരിക്കൊടുത്തു. യാതൊരു വിധ ഈടോ, ക്രെഡിറ്റ് ചെക്കോ പോലുമില്ലാതെ. അക്കാലത്താണ് അനേകര്‍ വീടുകള്‍ വാങ്ങിക്കൂട്ടിയത്. അത് അമേരിക്കയില്‍ നിന്നും യൂറോപ്പിലും മറ്റു പലരാജ്യങ്ങളിലും വ്യാപിച്ചു.
അടുത്തെടുത്തു പറയേണ്ട പ്രധാന കാരണം ആഗോള സാമ്പത്തീക വ്യവസ്ഥയിലേക്ക് ലോകം കടന്നുവന്നു എന്നുള്ളതാണ്. അതിനാല്‍ സാമ്പത്തീകമായി പിന്നോക്കം നിന്നിരുന്ന പലരാജ്യങ്ങള്‍ക്കും സാമ്പത്തീക ഉന്നമനം ഉണ്ടാകുവാന്‍ ഇടവന്നു. അതൊരു നല്ല കാര്യം തന്നെ. എന്നാല്‍ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനികള്‍ ഉത്പാദന ചിലവുകള്‍ കുറവുള്ള രാജ്യങ്ങളിലേക്ക് കുടിയേറി. അത് അമേരിക്കയിലെയും യൂറോപ്പിലെയും തൊഴില്‍ മേഖലയെ കാര്യമായിത്തന്നെ ബാധിക്കുകയും ചെയ്തു. 2001 സെപ്റ്റംബര്‍ പതിനൊന്നിന് ബിന്‍ ലാദന്റെ ആളുകള്‍ കാട്ടിക്കൂട്ടിയ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ യുദ്ധങ്ങളും എല്ലാം ഈ സാമ്പത്തീക മാന്ദ്യത്തിന് മറ്റൊരു കാരണമാണ്.
അങ്ങനെ പലതരത്തില്‍ ലോകത്തില്‍ അരിഷ്ടതാവസ്ഥ സംജാതമായി. പല ബിസിനസ്സുകളും ബാങ്കുകളും അടച്ചുപൂട്ടി. ഓഹരി വിപണി കൂപ്പുകുത്തി. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. വീടുകള്‍ ജപ്തിയിലേക്ക് കടന്നുപോയി. ബാങ്കില്‍ കിടക്കുന്ന പണത്തിന് ലഭിച്ചുകൊണ്ടിരുന്ന പലിശ വളരെ കുറഞ്ഞു. അങ്ങനെ എല്ലാ മേഖലയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ കേടുപാടുകള്‍ വരാത്തതും നശിച്ചുപോകാത്തതുമായ മഞ്ഞ ലോഹത്തിലേക്ക് നോട്ടമിട്ടു. ബാങ്കുകളില്‍ കിടന്നിരുന്ന പണം പിന്‍വലിച്ച് അവര്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ചു. മറ്റുചിലര്‍ മറ്റുനാടുകളിലെ കമ്പനികളില്‍ നിക്ഷേപിച്ചു. സ്വര്‍ണ്ണത്തിന്റെ ആവശ്യകതയുയര്ന്നു കൂടെ വിലയും.
ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അമേരിക്കയുടെയും യൂറോപ്പ്യന്‍ രാജ്യങ്ങളുടെയും സാമ്പത്തീക സ്ഥിതി മാറിവരുന്നു. ഡോളറിന് അനുദിനം ശക്തികൂടിക്കൊണ്ടിരിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റ് ബലപ്പെട്ടു. ആയതിനാല്‍ ഇതുവരെ മറ്റു രാജ്യങ്ങളില്‍ നിക്ഷേപിച്ചിരുന്നവര്‍ അത് പിന്‍വലിച്ച് വീണ്ടും അവരവരുടെ നാടുകളില്‍ നിക്ഷേപിക്കുവാനും, വാങ്ങിക്കൂട്ടിയ സ്വര്‍ണ്ണം വിറ്റഴിക്കുവാനും തുടങ്ങി. അപ്പോള്‍ ഇതുവരെ അനുദിനം കുതിച്ചുയര്‍ന്നിരുന്ന സ്വര്‍ണ്ണ വില കീഴോട്ട് വരുവാനും തുടങ്ങി. അതിനിയും കുറെക്കൂടി കുറയുവാനാണ് സാധ്യതയെന്നാണ് പണ്ഡിതര്‍ പക്ഷം. അതെത്രയെന്ന് പ്രവചിക്കുക അസാധ്യം.
വായിച്ചതില്‍ നന്ദി!