സ്വവർഗ്ഗഭോഗിയും ഞാനും 

5791

 

 

 

 

 

 

 

ഏകദേശം പതിമ്മൂന്നു വർഷം മുമ്പ് തിരുവനന്തപുരത്തു സ്റ്റാച്യുവിൽ ബസ് കാത്തുനിൽക്കുമ്പോൾ ആണ് ആദ്യമായി അയാളെ കാണുന്നത്. മുടിമുഴുവൻ നരച്ച, എന്നാൽ മധ്യവയസ്കനായ ഒരാൾ. ഖദർധാരിയായിരുന്നു .ഒറ്റനോട്ടത്തിൽ തന്നെ ഒരു കോൺഗ്രസ് നേതാവെന്ന് മനസിലാകുന്ന അലസമായ രൂപം. ചെറിയൊരു ഹെൽപ് ചെയ്യുമോ എന്നുചോദിച്ചാണ് വന്നു പരിചയപ്പെട്ടത്. രാജ്യസേവനത്തിനുവേണ്ടിയെന്നു തോന്നുന്നു, കയ്യിൽ എടുത്താൽപൊങ്ങാത്ത ഒരു പേപ്പർക്കെട്ടുണ്ട്. അയ്യാളുടെ സഹായാഭ്യർത്ഥന മാനിച്ച് ഞാനാ കെട്ടു താങ്ങിപ്പിടിച്ചു. നമ്മൾ നിൽക്കുന്നതിനരികിൽ തന്നെയുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് ഓഫീസ് എന്നും ഒന്നവിടെ ഇത് കൊണ്ടുവച്ചുതരുമോ എന്നും അബലനായ അയാൾ ചോദിച്ചപ്പോൾ എന്റെ ലോലമനസ് അലിയുകയും, അതിനെന്താ ചേട്ടാ എന്നുപറഞ്ഞു അയാളെ അനുഗമിക്കുകയും ചെയ്തു.

എന്റെ സ്വന്തംനഗരം, പിച്ചവച്ചു നടന്ന നഗരം…എന്തുപേടിക്കാനാ,ഇവിടെയെനിക്ക് അപരിചിതരില്ല, പോരെങ്കിൽ രൂപംകൊണ്ടു ഒത്തശരീരവും. ഉള്ളിൽ പേടിത്തൂറി എങ്കിലും കാണുന്നവർക്കു ഒരു ഭയമൊക്കെ തോന്നിയേക്കാവുന്ന, ഒട്ടും കുലീനമല്ലാത്തൊരു കുത്സിതരൂപം. അങ്ങനെ മുകളിലെത്തി ആ പേപ്പർക്കെട്ടിനെ നിലത്തുവയ്ക്കുകയും “എന്നാ ഞാൻ പോട്ടേ ചേട്ടാ” എന്നുചോദിച്ചുകൊണ്ട് തിരികെ പോരാൻ തുടങ്ങുകയും ചെയ്തപ്പോൾ അയ്യാളുടെ അതുവരെയുണ്ടായിരുന്ന മുഖം മാറുന്നതായി ശ്രദ്ധിച്ചു. പതിയ അടുത്തുവന്നു ഒരു സ്ത്രൈണഭാവത്തോടെ കുശലാന്വേഷണം തുടങ്ങിയ പുള്ളിക്കാരൻ എന്റെ കരതലംഗ്രഹിക്കുകയും അതുവഴി മുകളിലേക്ക് കയറി തോളിലൂടെ യാത്രചെയ്തു നെഞ്ചിൽ പതിയെ രണ്ടു തട്ടുതട്ടുകയും ചെയ്തു. പാമ്പിഴഞ്ഞുകയറുന്ന പ്രതീതിയോടെ വെറുപ്പിന്റെ ഉച്ചകോടിയിലെത്തിയ രൂപമായി ഞാനും മോർഫ് ചെയ്യപ്പെടുകയായിരുന്നു. “നല്ല അടിപ്പൊളി ചെസ്റ്റ് ആണല്ലോ…” എന്ന അയാളുടെ വാചകത്തിൽ രണ്ടുസെക്കന്റ നേരത്തെ എന്റെ ചിന്ത മുറിയുകയും കാർക്കശ്യത്തോടെ, എന്നാ ശരിചേട്ടാ എന്നുപറഞ്ഞു പുറത്തേക്കു പോകുകയും ചെയ്തു.

ആദ്യമായി നേരിട്ട ഒരനുഭവം ആയതുകൊണ്ടുതന്നെ അതെന്നിൽ എന്തോ… അസുഖകരമായ ചിന്തകൾ ഉണർത്തി. സ്വവർഗ്ഗകാമികളെ അവരുടെ സ്വാതന്ത്ര്യത്തിൽ വിടുന്നു എങ്കിലും അതും പ്രകൃതിയുടെ ഒരു വികൃതി തന്നെയെങ്കിലും വ്യക്തിപരമായി ഒരിക്കലും ഉൾക്കൊള്ളാൻ ആകാത്ത ഒരു പ്രവർത്തിയാണ് എനിക്ക് അത്. കൗമാരപ്രായത്തിൽ കമ്പിബുക്കുകളുടെ മൊത്തവിതരണക്കാരനായി സ്ഥലത്തെ പ്രധാന പയ്യൻസിനൊക്കെ വായിക്കാൻ കൊടുത്തുകൊണ്ടുന്ന ഞാൻ കോളേജിൽ എത്തിയപ്പോൾ വല്യേട്ടൻ എന്നൊക്കെ പലരും വിളിച്ചിരുന്നെങ്കിലും ചില പയ്യന്മാർ എന്നെ ‘കോഴി’ എന്നും വിളിച്ചിരുന്നു. പെൺകുട്ടികളെ കത്തിവച്ചു പീഡിപ്പിക്കുക എന്നത് ഒരാനന്ദമായി കരുതിയ കാലമായിരുന്നു. പ്രേമം സിനിമയിൽ വിനയ്‌ഫോർട്ട് ചെയ്തപോലൊരു വേഷം. ചുമ്മാ ഫ്ളർട്ടടിച്ചു നടക്കുകയും ചെയ്യും ആരെയും കിട്ടുകയുമില്ല. മണ്ണുംചാരിനിന്ന പലരും എന്നിൽനിന്നും പലതും തട്ടിയെടുത്ത കാലം. പൊട്ടിക്കരഞ്ഞു നടന്നകാലം. പത്താംക്ലാസ് കഴിഞ്ഞു പഠിക്കാൻ പോയ സ്ഥാപനത്തിലെ ടീച്ചറിനെ വരെ, അവർ ടീച്ചർ എന്നറിയാതെ കമന്റടിച്ചു പ്രിസിപ്പാളിന്റെ കയ്യിൽനിന്നും കിഴുക്കുമേടിച്ചു കുപ്രസിദ്ധനായ എനിക്ക് അതൊക്കെ ഒരു പുത്തരിയും അല്ലായിരുന്നു. പ്രീഡിഗ്രി പഠനകാലത്ത് കവിതപോലെ സുന്ദരിയായ കവിതടീച്ചർ അറ്റൻസ് എടുക്കുമ്പോൾ എൻ.രാജേഷ് (എന്റെ ഇനിഷ്യൽ N ആണ്) എന്നു വിളിച്ചിരുന്നത് എന്റെ രാജേഷ് എന്നായിരുന്നു ഞാൻ കേട്ടുകൊണ്ടിരുന്നത്. ഇതിൽനിന്നൊക്കെ എന്റെ സ്വഭാവം മനസ്സിലായിക്കാണുമല്ലോ. ആ എന്നിൽ സ്വവർഗ്ഗകാമം അഥവാ കുണ്ടായിസം എന്റെ കോടാനുകോടി ജനിതകകോശങ്ങളിൽ ഒന്നിൽ പോലും ഇല്ലായിരുന്നു. (പിന്നീട് ശ്രീബുദ്ധന് കിട്ടിയപോലുള്ള എന്തോ ഒരു വെളിപാടുകാരണം ഞാൻ തികഞ്ഞ മാന്യനാകുകയും ഗതകാലസ്മരണകൾ ചരിത്രത്തിന്റെ കോഴിക്കൂട്ടിൽ അടച്ചിട്ടു മുന്നോട്ടുനടക്കുകയും ചെയ്തതായി പറയപ്പെടുന്നു.പ്രസ്തുത വെളിപാട് ‘അടിവെളിപാട്’ എന്ന് ശത്രുക്കൾ ഓരിയിടുകയും ചെയുന്നു)

ഇനി സംഭവത്തിലേക്ക് വരാം…അയാളെ ആദ്യമായി കണ്ട സ്ഥലം ബസ്റ്റാന്റ് ആയതിനാൽ പിന്നെയും രണ്ടുതവണ അയാളെ അവിടെവച്ചു കാണാനിടയായി. വലിയ പരിചയഭാവത്തിൽ വന്നു സംസാരിക്കുകയും കൈമുട്ടിനു മുകളിലുള്ള മാംസളമായ ഭാഗത്തിൽ പിടിച്ചു നിൽക്കുകയും ഒരു വിരൽകൊണ്ട് അവിടെ ചിത്രംവരച്ചു തന്റെ ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്ന അയാളെ തെറിവിളിക്കാനും തള്ളിമാറ്റാനും ശ്രമിക്കാത്തത് ചുറ്റിനും നിൽക്കുന്ന ആളുകൾ അതറിഞ്ഞാൽ എനിക്ക് നാണക്കേടാകും എന്നതുകൊണ്ട് തന്നെ. ‘ധൈര്യമുണ്ടെന്നുള്ള പുരുഷന്റെ നാട്യമാണ്‌ പൗരുഷം’ എന്ന് പഞ്ചതന്ത്രത്തിൽ എവിടെയോ വായിച്ചതായി ഓർക്കുന്നു. ആ നാട്യം വളരെയധികം കൊണ്ടുനടക്കുന്ന ഒരാളാണ് ഞാൻ. പോരെങ്കിൽ മുടിഞ്ഞ ദുരഭിമാനബോധവും. ദുർബലനായ ഒരു കിഴവന്റെ മുന്നിൽ എന്റെ ശക്തി ചോർന്നുപോകുന്നോ.. എന്ന് ചിന്തിച്ചു . അപ്പോഴൊക്കെ ബസുകൾ ആയിരുന്നു ഉചിതമായ സമയത്തു കൊണ്ടുനിർത്തി അതിൽ നിന്നും കോരിയെടുത്തു കൊണ്ടുപോയി രക്ഷിച്ചിരുന്നത്.

പിന്നെയൊരു ഇടവേള… രണ്ടുമൂന്നുവർഷങ്ങൾ കഴിഞ്ഞു. കോൺഗ്രസിന്റെ ആവേശമായ സോണിയാജി തിരുവനന്തപുരത്തു വന്നതുമായി ബന്ധപ്പെട്ടുള്ള മുടിഞ്ഞ ഗതാഗതനിയന്ത്രണം ആയിരുന്നു അന്ന്.. വഴിയോരത്തുനിന്നും മേടിച്ച കുറെ ആനിമേഷൻ പഠന പുസ്തകങ്ങളുമായി ഞാൻ അതേയിടത്തിൽ ബസുകാത്തുനിന്നു. തന്റെ മഹതിയായ നേതാവിനെ ഒരുനോക്കുകണ്ട സംതൃപ്തിയോടെ ആ മനുഷ്യൻ വീണ്ടും കോൺഗ്രസിന്റെ ഷാളും ചുറ്റി എവിടെനിന്നോ നടന്നെത്തി. പതിവുപോലെ കൈയിൽ സ്പർശിക്കാൻ തുടങ്ങിയപ്പോൾ തന്നെ എന്റെ പ്രതിഷേധംകാരണം അയാൾ പിൻവാങ്ങി. ഒരു ഓട്ടോ ഒഴിഞ്ഞു വന്നപ്പോൾ ഞാൻ അതിൽ കയറി. സ്ഥലവും പറഞ്ഞു യാത്ര ആരംഭിക്കവേ, എന്നെ ഞെട്ടിച്ചുകൊണ്ട് അയാൾ, എന്നെ വഞ്ചൂരിൽ ഇറക്കിയാൽ മതിയെന്ന് പറഞ്ഞുകൊണ്ട് എന്റെ ഓട്ടോയിൽ ചാടിക്കയറി. . ഓട്ടോക്കാരൻ വണ്ടിയെടുത്തു, എനിക്കൊന്നും പറയാനും കഴിഞ്ഞില്ല. എനിക്ക് അതുവഴി മാത്രമേ പോകാൻ പറ്റൂ എന്ന് ആ രണ്ടുപേർക്കും നന്നായി അറിയാം എന്നതിനാൽ തന്നെ. വണ്ടിയിൽ കയറിയ നിമിഷം മുതൽ അയാൾ തന്റെ കൈക്രിയകൾ തുടങ്ങി. തുടയിൽ തടവുന്നു , കൈയിൽ വികാരത്തോടെ സ്പർശിക്കുന്നു, തോളിൽ കയ്യിട്ടു നെഞ്ചിൽ സ്പർശിക്കാൻ ശ്രമിക്കുന്നു. മർമ്മപ്രധാനമായ ഭാഗത്തിൽ ഞാൻ മടിയിൽ ബുക്കുകൾ വച്ചുകൊണ്ട് പ്രതിരോധം തീർത്തതിനാൽ അവിടം സംരക്ഷിക്കപ്പെട്ടു നിന്നു.

ഓട്ടോക്കാരൻ ഇതറിഞ്ഞാൽ വലിയ നാണക്കേടാകും, അയാളെപ്പോലൊരു കുണ്ടനാണ് ഞാനും എന്ന് കരുതും എന്നൊക്കെ ഉള്ള ഭയമായിരുന്നു എന്നിൽ. തിരുവനന്തപുരത്തു കുണ്ടൻ എന്ന് പറഞ്ഞാലേ മ്ലേച്ഛ ഭാവത്തിലാണ് പലരും കാണുന്നത്. അപ്പോൾ അതല്ലാത്ത എന്നെ അതെന്നു ധരിച്ചു ചിന്തിച്ചാലോ..എന്റെ ഭയം അതിന്റെ സീമകൾ ലംഘിക്കവേ വണ്ടി വഞ്ചൂരിലെത്തി. അയാൾ ഒരു ലൈംഗികദാരിദ്ര്യം പിടിച്ച രോഗിയെ പോലെ എന്നോട് ശബ്ദംകുറച്ചു യാചിച്ചുകൊണ്ടിരുന്നു. അയാളെ കാണാൻ ഓഫീസിൽ ഇടയ്ക്കിടയ്ക്ക് ചെല്ലണം എന്നൊക്കെ പറഞ്ഞു കൊണ്ട്. ഓട്ടോയിൽ നിന്നിറങ്ങാൻ ഭാവമില്ലാതെ അയാളൊരു ശല്യമായപ്പോൾ വണ്ടിനിർത്താൻ പറഞ്ഞിട്ട് ഞാൻ ഇറങ്ങിനടന്നു. തിരിഞ്ഞു നോക്കി നല്ലമാന്യമായ തെറി വിളിക്കാൻ മറന്നില്ല. സ്വതവേ തിക്താനുഭവങ്ങൾ നേരിട്ടാൽ കുറച്ചുദിവസം അതിന്റെയൊരു ഹാങ്ങോവർ മാനസികസംഘർഷം എന്നിലുണ്ടാകുമായിരുന്നു അന്നൊക്കെ. ആ വിഷയം എന്റെ ചില സുഹൃത്തുക്കളോടൊക്കെ സംസാരിച്ചു. പലർക്കും പറയാനുള്ളത് അവർ നേരിട്ട സമാനമായ കഥകൾ . ഡ്രൈവിംഗ് പഠിപ്പിച്ചു കൊണ്ടിരുന്ന മാഷ് ഗിയർ എന്നുകരുതി തന്റെ സാമാനത്തിൽ സ്പർശിച്ച കഥ ഒരുത്തൻ പറഞ്ഞപ്പോൾ ഒരുപാട് ചിരിച്ചതും ഓർക്കുന്നു.

കാലമേറെ കഴിഞ്ഞു . അയാളുടെ ചിത്രങ്ങൾ പിന്നീട് പലപ്പോഴും പത്രത്തിൽ കണ്ടു. അപ്പോഴൊക്കെ ഒരുമാതിരി വെറുപ്പാണ് അനുഭവപ്പെട്ടത്. ആ വെറുപ്പുകളുടെ കൂട്ടത്തെ ഖണ്ഡിച്ചത് അയാളുടെ ചരമവാർത്തയായിരുന്നു. ഇന്ന് എവിടെ നിന്നൊക്കെയോ എന്തൊക്കെയോ ആർജ്ജിച്ചു ഒരു ധൈര്യശാലിയായി നിൽക്കുമ്പോൾ ആ സംഭവം ഒരു കോമഡിയായി അനുഭവപ്പെടുന്നു. അയാളുടെ ചരമവാർഷികങ്ങൾ സംഘടിപ്പിക്കുന്ന ഫോട്ടോകൾ പത്രങ്ങളിൽ കാണുമ്പോഴും. സ്റ്റാച്യുവിൽ ഇന്നും അതേയിടത്തു ബസ് കാത്തുനിൽക്കുമ്പോൾ ഒന്നുകൂടി അയാൾവന്നിരുന്നെങ്കിൽ രണ്ടുപെരുക്കാമായിരുന്നു എന്നു വർത്തമാനകാല കൂസലില്ലായ്മ എന്നെ പ്രേരിപ്പിക്കാറില്ല..അയ്യാളെ തികഞ്ഞ സ്നേഹത്തോടെ സംസാരിച്ചു കാര്യങ്ങൾ മനസിലാക്കാൻ മാത്രേ ശ്രമിക്കൂ. ഒരുമനുഷ്യന്റെ ലൈംഗികദാരിദ്ര്യം ഏതൊരു ദാരിദ്ര്യത്തെ പോലെയും ഭീകരം തന്നെയാണ്.