സ്വാതന്ത്ര്യ ദിന സന്ദേശം

0
4112

01

1947 ആഗസ്റ്റ് 15.. ഒരു നൂറ്റാണ്ടിനോടടുത്ത കാലത്തോളം നീണ്ടുനിന്ന ബ്രിട്ടീഷുകാരന്റെ അധിനിവേശത്തില്‍ നിന്നും.. ഇന്ത്യ സ്വതന്ത്ര്യയായിട്ട് ഇന്നേക്ക് 67 വര്‍ഷം പിന്നിടുന്നു. ഈ അവസരത്തില്‍ ഒരു വീണ്ടു വിചാരം ആവശ്യമാണ് സ്വാതന്ത്ര്യം വാക്കുകളില്‍, പുസ്തകതാളുകളില്‍ മാത്രമായൊതുങ്ങി പോവുന്നു, വിമര്‍ശനങ്ങളെ കയ്യൂക്ക് കൊണ്ട് നേരിടുന്ന മതരാഷ്ട്രീയ നേതൃത്വങ്ങള്‍.. അധികാര ധാര്‍ഷ്ട്യങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടി സംസാരിച്ചാല്‍.. പൗരനെ കാരാഗ്രഹത്തിലടയ്ക്കുന്ന വ്യവസ്ഥിതികള്‍. ഇതൊക്കെയാണ് നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ

 

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, പൗരന്റെ നടുവൊടിക്കുന്ന വിലക്കയറ്റം. തികഞ്ഞ അവഗണന നേരിടേണ്ടി വരുന്ന ആദിവാസി സമൂഹം, വിവിധമേഖലകളില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ചൂഷണങ്ങള്‍ ഇവയൊക്കെ കാരണം തലയുയര്‍ത്തിപ്പിടിച്ചുകൊണ്ട് അഭിമാനത്തോടുകൂടി ‘ ഇന്ത്യ പൂര്‍ണ്ണ സ്വതന്ത്ര്യയാണ്.. ഞാനടങ്ങുന്ന പൗരസമൂഹം അതിന്റെ ഗുണഭോക്താക്കളാണ്..’ എന്ന് ഹൃദയത്തില്‍ തൊട്ട് പറയുവാന്‍ കഴിയുന്നില്ല എനിക്ക്.

ഭരണഘടനയെന്നത് പുസ്തകത്തില്‍ എഴുതപ്പെട്ട ഒന്ന് എന്ന നിലയിലേക്ക് തരം താഴാനിടയാകരുത്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന, പൗരന്റെ മൗലികാവകാശങ്ങള്‍ എക്കാലവും സംരക്ഷിക്കപ്പെടണം. ലോകത്തെ മറ്റ് പല രാജ്യങ്ങളിലെയും പോലെ ഏതെങ്കിലുമൊരു പ്രത്യേക മതാധിഷ്ഠിതമായ പാരതന്ത്ര്യം എന്തായാലും ഇന്ത്യയിലില്ലാ. ഒരു മതേതര ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഭാരതത്തിന് ലോകരാജ്യങ്ങളുടെ മുന്നില്‍ തലയെടുപ്പോടെ നില്‍ക്കാം. ആ ഒരൊറ്റ കാര്യം കൊണ്ട്.. ഞാനൊരു ഭാരതീയനാണ് എന്ന് അത്യഭിമാനത്തോടു കൂടി പറയുവാന്‍ എനിക്ക് സാധിക്കും അത്രമാത്രം.

ഏറെ ആനന്ദിക്കുവാന്‍ വകയൊന്നുമില്ലെങ്കിലും.. അടിമത്വ വ്യവസ്ഥിതിയില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ച അതിനുവേണ്ടി ജീവത്യാഗം ചെയ്ത അനവധി നിരവധി മഹദ് വ്യക്തികളെക്കുറിച്ചുള്ള സമരണയോടു കൂടി തന്നെ.. നേരുന്നു..

എന്റെ ജീവന്റെ തുടിപ്പായ ഭാരതത്തിലെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ.

സ്വാതന്ത്ര്യ ദിനാശംസകള്‍..!!

ജയ് ഹിന്ദ്