സ്വാശ്രയന്‍ അലവികുഞ്ഞ്

198

കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി ഏതെന്ന ചോദ്യത്തിനു അലവി കുഞ്ഞ് എന്ന് ഉത്തരം പറഞ്ഞു ഞങ്ങളുടെ നാട്ടിലെ കുട്ടികള്‍. പുലര്‍ച്ചെ കടപ്പുറത്തെ പൂഴിമണ്ണില്‍ കുതിര ഞണ്ടിനെ തെരയുമ്പോള്‍ പൊന്തുകെട്ടിയ വലയുമായി തിരമാലകള്‍ക്കിടയില്‍ മുങ്ങാംകുളിയിടുന്ന അലവിയെ അവര്‍ കാണാറുണ്ട്. വൈകിട്ട് പഠനം കഴിഞ്ഞ് പുഴ കടന്നു വരുന്ന വിദ്യാര്‍ഥികള്‍ ഓളപരപ്പില്‍ നീര്‍നായയെ പോലെ നീന്തി മറിയുന്ന അലവി കുഞ്ഞിനെ വീണ്ടും കാണുന്നു. വെള്ളം ഇറ്റു വീഴുന്ന ഈരെഴ തോര്‍ത്തുടുത്ത് പാളക്കൂടയില്‍ പിടയ്ക്കുന്ന മീനുമായി കൂകിയാര്‍ത്തു കുതിക്കുന്ന അലവിയെ ഇടവഴികളില്‍ കണ്ടു കുട്ടികള്‍ക്ക് പേടി കെട്ടാറുണ്ട്.

അലവി കുഞ്ഞ് മത്സ്യതൊഴിലാളിയാണ്. അയാള്‍ക്ക് ആ ജോലി മാത്രമേ അറിയൂ. മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്ഷേമ നിധിയില്‍ അംഗവും ക്ഷാമകാലത്ത് സൌജന്യറേഷന്‍ ലഭിക്കാന്‍ അര്‍ഹനുമാണ് അലവി. അലവി കുഞ്ഞ് പഠിച്ചിട്ടില്ല. മഴയത്ത് പോലും പള്ളികൂടത്തില്‍ കയറാത്തതില്‍ അലവി കുഞ്ഞിന് സങ്കടം തോന്നിയത് അസ്മാബിയെ നിക്കാഹ് ചെയ്യുമ്പോഴാണ്. കോളേജിലെ പഠിപ്പുള്ള ബീവിയുടെ മുഖത്ത് നോക്കാന്‍ നാണിച്ച് പലരാത്രികള്‍ അയാള്‍ ചീനവലക്കുടിലില്‍ കിടന്നുറങ്ങി.

അലവി കുഞ്ഞിനെ ഞാന്‍ അവസാനമായി കണ്ടത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പുതിയ വീടുനിര്‍മ്മാണം ആസൂത്രണം ചെയ്യുന്ന സമയം. കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മിക്കുന്നത്തിനുള്ള കരിങ്കല്ല് കിഴക്ക് ക്വാറിയില്‍ നിന്ന് കൊണ്ടുവരണം. ടിപ്പര്‍ലോറിയില്‍ കൊണ്ടു വരുന്നതിനാല്‍ ഭാരമിറക്കാന്‍ സൌകര്യമുണ്ട്. ലോറിയുടെ പിന്‍ഭാഗം പറമ്പില്‍ കയറ്റി കരിങ്കല്ല് താഴേക്ക് തട്ടാന്‍ തുടങ്ങുമ്പോള്‍ ശൂന്യതയില്‍ നിന്നും പ്രത്യക്ഷപ്പെട്ടു അലവി കുഞ്ഞ്. കൈകള്‍ ഉയര്‍ത്തി മലപോലെ ഉറച്ച് ടിപ്പര്‍ലോറിക്ക് പിന്നില്‍നിന്ന് അലവി അലറി: കല്ലിറക്കാന്‍ പറ്റില്ല!

അലവി കുഞ്ഞിന്റെ അലര്‍ച്ചയെ പേടിച്ചു യന്ത്രം നിശ്ചലമായി. അപ്രതീക്ഷിതമായ പ്രതിസന്ധിയുടെ സംഗതി അറിയാതെ അമ്പരന്ന ഞാന്‍ കത്തുന്ന രണ്ടു കണ്ണുകള്‍ കണ്ടു നടുങ്ങി. അപകട ഭീതിയില്‍ ഓടിയടുത്ത നാട്ടുകാര്‍ക്ക് മുന്നില്‍ എന്റെ മുഖത്ത് നോക്കി അലവി കുഞ്ഞ് ഗര്‍ജ്ജിച്ചു: ഞമ്മട കഞ്ഞീല് പാറ്റെടണ പണി ഇബട പറ്റൂല.

തൊഴിലാളികളുടെ ജോലി കൈവശപ്പെടുത്തുന്ന പരിഷ്‌കൃത യന്ത്രസംവിധാനങ്ങള്‍ നാട്ടില്‍ അനുവദിക്കില്ല എന്ന് അലവി കുഞ്ഞ് പ്രഖ്യാപിച്ചു. നോക്കുകൂലി പ്രചാരത്തില്‍ ഇല്ലാത്ത അക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട കയറ്റിറക്ക് തൊഴിലാളികള്‍ക്ക് നഷ്ടം നല്‍കി ജോലിതുടരാം എന്ന് ഉടനെ സര്‍ക്കുലര്‍ ഇറക്കി സഖാവ് വാസു. എന്നിരുന്നാലും മത്സ്യതൊഴിലാളി മാത്രമായ അലവി കുഞ്ഞ് എങ്ങിനെ നഷ്ടപരിഹാരത്തിന് അര്‍ഹനാകും എന്ന കാര്യത്തില്‍ ഞാന്‍ സംശയം ഉന്നയിച്ചു.

അപ്പോഴാണ് അത്രയും കാലം ഞാന്‍ അറിയാതെ പോയ ഒരാവാസവ്യവസ്ഥയിലെ വരുമാന വിതരണശൃംഖല അലവി കുഞ്ഞ് കുടഞ്ഞു താഴെ ഇട്ടത്. നാടിന്റെ സാമ്പത്തിക മേഖലയില്‍ കയറ്റിറക്ക് തൊഴിലാളികളുടെ വേതനം വിതരണം ചെയ്യപ്പെടുന്നതിന്റെ ചാണക്യ ശാസ്ത്രം പാട്ടായി അവതരിപ്പിച്ചു അലവി കുഞ്ഞ്.

ചായക്കടക്കാരന്‍ കരുണന്‍, പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന പരീത്, ഷാപ്പ് മുതലാളി ദിവാകാരന്‍, മുടിവെട്ടുന്ന യു കെ കുമാരന്‍, കുഴമ്പുണ്ടാക്കുന്ന കേശു വൈദ്യന്‍, കടത്തിറക്കുന്ന അംബ്രോ മാപ്പിള എന്നിത്യാതി പേരുകാരെല്ലാം കണ്ണികളായ ഒരതിജീവന ശൃംഖല അലവി കുഞ്ഞിന്റെ പാട്ടില്‍ തെളിഞ്ഞു വന്നു. മത്സ്യ ബന്ധന – പിപണന പ്രക്രിയകളിലൂടെ ചങ്ങലയിലെ ഓരോ കണ്ണിയുമായി നേരിട്ട് ബന്ധമുള്ള ഏക വ്യക്തി അലവി കുഞ്ഞാണെന്നു ഞാന്‍ മനസ്സിലാക്കി. യന്ത്രങ്ങള്‍ നാട്ടുകാരുടെ ഉപഭോഗ ശേഷിയെ ബാധിക്കുമ്പോള്‍ നഷ്ട പരിഹാരം ലഭിക്കേണ്ടത് മത്സ്യം വില്‍ക്കുന്ന അലവി കുഞ്ഞിനല്ലാതെ മറ്റാര്‍ക്കുമല്ല എന്നത് മൂന്നുതരം.

ജ്ഞാനോപദേശം നേടിയ ജനകൂട്ടത്തിനു മുന്നില്‍ പണവും വാങ്ങി മടിയില്‍ തിരുകി അലവി കുഞ്ഞ് നടന്നു നീങ്ങവേ ആരോ പിന്നില്‍ പറയുന്നത് ഞാന്‍ കേട്ടു: അലവി കുഞ്ഞിന്റെ ബീവി പഠിച്ചത് എക്കണോമിക്‌സ് ആണ്!

പട്ടണത്തിലേക്ക് കൂടുമാറി ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു ദിനം മകന്റെ കോളേജ് പ്രവേശനത്തിനായുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റര്‍നെറ്റില്‍ മുങ്ങി തപ്പുമ്പോള്‍ അലവികുഞ്ഞിനെ ഞാന്‍ വീണ്ടും കണ്ടു. വെളുവെളുത്ത കുപ്പായവും അതിനേക്കാള്‍ വെളുത്ത താടിയും വെച്ച അലവി കുഞ്ഞ് സാഹിബ് പുതുതായി തുടങ്ങിയ സ്വാശ്രയ കോളേജിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ അംഗമാണ്. തുച്ഛമായ നോക്ക് കൂലിയില്‍ പണ്ട് അലവി കുഞ്ഞ് പകര്‍ന്നു തന്ന അറിവിന്റെ ഓര്‍മ്മയില്‍ ഞാന്‍ ഉടനെ ഒരു തീരുമാനം എടുത്തു: എന്റെ മകന്‍ അലവി കുഞ്ഞിന്റെ കോളേജില്‍ തന്നെ പഠിക്കും.