സ്പെക്ടേറ്റര് – കഥ
ആത്മീയതയുടെ അസ്കിത തന്നെ ബാധിക്കുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ച്ചായിരിക്കുന്നുവെന്നു ഗണേശന് സാറിനു പെട്ടെന്ന് ഓര്മ വന്നു. ഉച്ചയുറക്കത്തിലെ വെളിപാടുകള്‍, കാറല്‍ മാര്‍ക്സും കലിയുഗവരദനും തോളോട് തോള് ചേര്‍ന്ന് നില്‍ക്കുന്നത് കണ്ട് രാത്രിയില്‍ ഞെട്ടിയുണര്‍ന്നത്. വെസ്റ്റ് ബംഗാളില്‍ അധികാരം നഷ്ടപ്പെട്ടുവെന്നു കേട്ടപ്പോള്‍ തോന്നിയ ഒരു തരം നിസ്സംഗത. അങ്ങനെ എത്രെയെത്രെ ദ്രിഷ്ടാന്തങ്ങള്‍.
92 total views

ആത്മീയതയുടെ അസ്കിത തന്നെ ബാധിക്കുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ച്ചായിരിക്കുന്നുവെന്നു ഗണേശന് സാറിനു പെട്ടെന്ന് ഓര്മ വന്നു. ഉച്ചയുറക്കത്തിലെ വെളിപാടുകള്‍, കാറല്‍ മാര്‍ക്സും കലിയുഗവരദനും തോളോട് തോള് ചേര്‍ന്ന് നില്‍ക്കുന്നത് കണ്ട് രാത്രിയില്‍ ഞെട്ടിയുണര്‍ന്നത്. വെസ്റ്റ് ബംഗാളില്‍ അധികാരം നഷ്ടപ്പെട്ടുവെന്നു കേട്ടപ്പോള്‍ തോന്നിയ ഒരു തരം നിസ്സംഗത. അങ്ങനെ എത്രെയെത്രെ ദ്രിഷ്ടാന്തങ്ങള്‍.
‘ഇല്ല മഹാലക്ഷ്മീ, ഒരിക്കലും അധികാരമായിരുന്നില്ല ഈ തത്വസംഹിതയുടെ ലക്ഷ്യം,’ വെളുത്ത ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ഒരു പുതുപുത്തന്‍ ഗോള്‍ഡ് ഫ്ലേക്കെടുത്തു കത്തിച്ചു കൊണ്ട് ഗണേശന് സാറ് പറഞ്ഞു. പോസ്റ്റ് ആഫീസിന് വെളിയില്‍ മഴ പെയ്തു കൊണ്ടിരുന്നു.
‘സാറിനങ്ങനെ പറയാം. നമ്മള് ജീവിച്ച ഈ പത്തറുപതു വര്‍ഷങ്ങള്‍. അവ മാത്രം പോരെ തെളിവ്? ഒരിക്കലെങ്കിലും ഈ തത്വസംഹിതയോട് അവര്‍ നീതി പുലര്‍ത്തിയിട്ടുണ്ടോ?,’ നരച്ച മുടിയില്‍ വീണ മഴത്തുള്ളികള്‍ തുടച്ചു മാറ്റി, പ്രായത്തെ വെല്ലുന്ന ആവേശത്തോടെ അവര്‍ ഗണേശന് സാറിനോട് ചോദിച്ചു.
ഉത്തരം മുട്ടി. എങ്കിലും സമ്മതിക്കുവാന്‍ ഒരു മടി. മൌനം പൂണ്ട മുഖം പുകച്ചുരുളുകള്‍ കൊണ്ട് മറക്കുവാന്‍ തോന്നി.
‘അതാണ് ഗുരു പറഞ്ഞത്, കാറല്‍ മാര്‍ക്സ് നല്ലൊരു തത്വചിന്തകനായിരുന്നു എന്ന്. പക്ഷെ അങ്ങേര്‍ക്കു മനുഷ്യന്റെ തനിക്കൊണം അറിയില്ലായിരുന്നു,’ ഒരു കളിയാക്കലിന്റെ ലാഖ്ഖവത്തോടെ മഹാലക്ഷ്മി കൂട്ടിച്ചേര്‍ത്തു. മഴത്തുള്ളികള്‍ മണ്ണിലേക്ക് പതിച്ചു തെറിച്ചു വീണു.
‘ ഞാന്‍ പോകട്ടെ, അച്ഛന് വീട്ടില്‍ തനിച്ച്ചെയുള്ളു, ‘ കുട നിവര്‍ത്തി, ഒരു കൈ കൊണ്ട് വെള്ള സാരിത്തുമ്പ് അല്പം ഉയര്‍ത്തിപ്പിടിച്ച് അവര്‍ വേഗത്തില്‍ നടന്നു നീങ്ങി.
മഹാലക്ഷ്മിയ്ക്ക് യാതൊരു മാറ്റവുമില്ല. അന്നുമിന്നും ഗുരു തന്നെ അവളുടെ അവസാന വാക്ക്. ഈ വൈരുധ്യങ്ങളൊക്കെ ഉണ്ട്ടായിരുന്നിട്ടും ഒരുമിച്ചു ജീവിക്കണമെന്ന് ആശപ്പെട്ടിരുന്നു. നടന്നില്ല. വിപ്ലവ ഭ്രാന്തു കയറി വെസ്റ്റു ബംഗാളിലേക്ക് വണ്ടി കയറിയപ്പോള്‍ ആരോര്‍ത്തു വീണ്ടുമിങ്ങനെയൊരു മഴയത്ത് ഒരുമിച്ചു നില്കേണ്ടി വരുമെന്ന്.
നക്സല്‍ബാരിയിലെ ഒളിയാത്രകള്‍ പകര്‍ന്ന ആവേശം ഇപ്പോഴും മനസ്സില്‍ അവശേഷിക്കുന്നുണ്ട്. രക്തം കണ്ടു മടുത്ത് ഒടുവില്‍ ജനാധിപത്യത്തോട് കൂറ് പ്രഖ്യാപിച്ചപ്പോഴും വിപ്ലവത്തിന്റെ തീജ്വാലകള്‍ അണഞ്ഞിരുന്നില്ല. ബാസു സഖാവിന്റെ ‘ഗണേഷ് ചേട്ടാ’ എന്ന വിളി എങ്ങനെ മറക്കാന്‍.എന്തിനും ഏതിനും അവര്‍ക്ക് ഗണേഷ് ചേട്ടായെ വേണമായിരുന്നു.
അവരുടെ യാത്രകളുടെ സഹയാത്രികനായി. സദസ്സുകളില്‍ മൈക്ക് ടെസ്റ്റ് ചെയ്തു മാര്‍ക്സിയന്‍ സന്ദേശങ്ങള്‍ ആയിരങ്ങളുടെ കാതുകള്‍ ഗ്രഹിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തി. സഖാക്കന്മാരോടോത്തു കര്‍ഷകരുടെ കുടിലുകളില്‍ അന്തിയുറങ്ങി. അവര്‍ നേരത്തും കാലത്തും വല്ലതും കഴിക്കുന്നുന്ടെന്നു ഉറപ്പിച്ചു. വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല.
തിരിച്ചു വരുന്നത് അമ്മാവന്റെ കത്ത് കിട്ടിയിട്ടാണ്. മരണക്കിടക്കയില്‍ കിടന്നു അച്ചന് തന്നെ അന്വേഷിച്ചുവെന്ന്. ‘അമ്മ തനിച്ച്ചെയുള്ളു, നീ വരണം, വരണം..’
വരാനാഗ്രഹിച്ചിരുന്നതാണ്, ശരിക്കും. തൊഴിലാളി വര്‍ഗങ്ങളുടെയും കര്‍ഷകരുടെയും പേരില്‍ അധികാരത്തില്‍ വന്ന പാര്‍ട്ടി ലോകമെമ്പാടും അവരെ തിരസ്ക്കരിച്ചിരുന്നു. അധികാരത്തിന്റെ മാനിഫെസ്റ്റൊവില്‍ അടങ്ങാത്ത മോഹങ്ങളും ആധിപത്യങ്ങളും മാത്രമാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.
‘പരാജയമാണല്ലോ സാറേ ഇത്തവണ?’ തന്റെ സൈക്കിള്‍ സ്റ്റാന്ടിലുറപ്പിച്ചു, അവശേഷിക്കുന്ന കത്തുകള്‍ കയ്യിലെടുത്തു പോസ്റ്റുമാന് വര്‍ഗീസ് ഗണേശന് സാറിനോട് ചോദിച്ചു.
‘പോട്ടെടോ, ഇത്രയും നാളും ഭരിച്ചില്ലേ’
‘എന്നാലും ഇത്ര വലിയ ഒരു തോല്‍വി?’
‘തോല്ക്കുമെടോ, മനുഷ്യനെ മറന്നാല്‍ എല്ലാവരും തോല്‍ക്കും’
ഒരല്പം അതിശയത്തോടെ വര്‍ഗീസ് ഗണേശന് സാറിനെ നോക്കി.
‘ഞാന്‍ പോകുന്നു,’ മുണ്ട് മടക്കിക്കുത്തി കൈയ്യിലുള്ള ബാഗുമെടുത്ത് സാറ് റോഡിലേക്കിറങ്ങി.
പോകുന്ന വഴിക്ക് മഹാലക്ഷ്മിയുടെ വീട്ടില്‍ കയറണം. അവളുടെ അച്ചനെ ഒന്ന് കാണണം.
സന്ധ്യാ നാമം ചൊല്ലി തുളസിത്തറയില്‍ എല്ലാ ദിവസവും വിളക്ക് വെച്ചിരുന്ന മഹാലക്ഷ്മി. ഇന്ന് അവളെ നര ബാധിച്ചിരിക്കുന്നു. സുഖമില്ലാത്ത അച്ച്ചനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച നാട്ടുകാരുടെ മഹാലക്ഷ്മി ടീച്ചര്‍.
‘ ആഹാ, സാറിങ്ങെത്തിയോ?’, തറവാട്ടിന് മുന്‍വശത്തെ തൂണില്‍ ചാരി നിന്ന് കൊണ്ട് അവര്‍ ചോദിച്ചു.
‘അച്ഛന് സാറിന്റെ കാര്യം ഇപ്പോള്‍ കൂടി ചോദിച്ചതെയുള്ളു’.
‘എങ്ങനെയുണ്ട് ഇപ്പോള്‍?’
‘നല്ല ഭേധമുണ്ട്. എല്ലാം ഗുരുവിന്റെ അനുഗ്രഹം. ഞങ്ങള്‍ നാളെ ആശ്രമത്തിലേക്കു പോകുന്നു. ഒരാഴ്ച്ച കഴിഞ്ഞേ മടങ്ങു’
‘ഉം’
മഹാലക്ഷ്മിയുടെ അച്ഛന് വലിയ മാറ്റമൊന്നും ഉള്ളതായി കണ്ടില്ല, തിരികെ വീട്ടിലേക്കു നടക്കുമ്പോള്‍ ഗണേശന് സാര്‍ ഓര്‍ത്തു. എങ്കിലും അവള്‍ക്കു ഗുരുവിനെ വലിയ വിശ്വാസമാണ്. ഒരുപക്ഷെ താന്‍ തന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച പോലെ.
വര്‍ഷങ്ങള്‍ക്കു മുമ്പ് തര്‍ജമ ചെയ്യപ്പെട്ട ‘തൊഴിലാളിവര്‍ഗ സമരചരിത്രം’ മേശമേല്‍ നിന്ന് അലമാരിയിലേക്ക് എടുത്തു വെച്ച് ഗണേശന് സാറ് മുറിയിലെ തടിക്കട്ടിലില്‍ ചെന്നിരുന്നു. ഒരു ഗോള്‍ഡ് ഫ്ലേക്കെടുത്തു കത്തിച്ചു ജനാല തുറന്നു രാത്രിയെ നോക്കി. കാതങ്ങള്‍ താണ്ടി മല കയറുവാന്‍ ഇറങ്ങിത്തിരിച്ച ഭക്തന്മാരുടെ ശരണം വിളികള്‍ ദൂരെ നിന്ന് കേള്‍ക്കാമായിരുന്നു.
ഓര്‍മകളില്‍ വിപ്ലവത്തിന്റെ ചുവന്ന ചിത്രങ്ങള്‍. അധകൃതന്റെ വേദനകള്‍. ഭൂവുടമകളുടെ ദീനരോധനങ്ങള്‍. ചെങ്കോടികളുടെ മുന്നേറ്റം. ഒടുവില്‍?
ഗോള്‍ഡ് ഫ്ലേക്കിന്റെ പുകച്ചുരുളുകള്‍ മുറിയാകെ നിറഞ്ഞു. വെളിപാടുകള്‍ സംഭവിച്ചു തുടങ്ങി. അവയ്ക്കിടയിലൂടെ ഇടതു വശത്തെ ചുമരിലുള്ള ആ ചെറിയ ചിത്രത്തിലേക്ക് അയാള്‍ നോക്കി. കറുത്ത കോട്ട് ധരിച്ച്, മുട്ട് കുത്തി നിന്ന്, കൈകള്‍ മുകളിലേക്കുയര്‍ത്തി കാറല്‍ മാര്‍ക്സ് ഒരു പ്രാര്‍ത്ഥന ചൊല്ലുന്നു. സഖാവ് ഗണേശന് അതേറ്റു ചൊല്ലി. അധികാരത്തിന്റെ മാനിഫെസ്റ്റോ കത്തിയമര്‍ന്ന് ചാമ്പലായി. എങ്ങും ചെങ്കോടി പാറി. വിപ്ലവത്തിന്റെ വിജയ കാഹളം അവിടെയാകെ മുഴങ്ങി. ആ ചരിത്ര മുഹൂര്ത്തത്തിനു അയാള്‍ സാക്ഷിയായി.
93 total views, 1 views today
