ഹംനെ ബനായാ – കഥ

265

Red_Fort,_Delhi_by_alexfurr_(2)

ഡല്‍ഹിയില്‍ പലവുരു വന്നിട്ടും റെഡ് ഫോര്‍ട്ട്‌ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്രാവശ്യം എന്തായാലും കാണാന്‍ ഉറച്ചു. ഹോട്ടല്‍ ടാക്സി കാബുകളുടെ മനം മടുപ്പിക്കുന്ന ഔപചാരികത വേണ്ടെന്നു വെച്ചു. വെറുതെ ഇറങ്ങി നടന്നു. പെട്ടെന്ന് പുറകില്‍ ബെല്ലടി. സൈക്കിള്‍ റിക്ഷയാണ്. ഷാഹിദ് കപൂര്‍ ലുക്ക്‌ ഉള്ള ഒരു യുവാവ്.

”സാബ് എവിടെക്കാ..?”
”റെഡ് ഫോര്‍ട്ട്‌..”
”ഞാന്‍ കൊണ്ട് വിടാം”

സൈക്കിള്‍ റിക്ഷയില്‍ ഞാന്‍ എങ്ങിനെ.. ആരെങ്കിലും കണ്ടാല്‍……….,… അപ്പോഴാണ്‌ ഒരു സായിപ്പും, മദാമ്മയും വേറൊരു സൈക്കിള്‍ റിക്ഷയില്‍ പോകുന്നത് കണ്ടത്. അപ്പൊ ‘പ്രശ്നമില്ല. സായിപ്പ് ചെയ്യുന്നതെന്തും മഹത്തരമാണല്ലോ..!

”എന്താ നിന്‍റെ പേര്?”
”ഷെയ്ഖ്‌ അഹമ്മദ് സുല്‍ത്താന്‍..”
ഷെയ്ഖ്‌ എന്ന് വെച്ചാല്‍ നേതാവ്
അഹമ്മദ് = സ്തുതിക്കപ്പെട്ടവന്‍
സുല്‍ത്താന്‍ മീന്‍സ്‌ രാജാവ്..
അവനാണ് സൈക്കിള്‍ റിക്ഷ ചവിട്ടുന്നത്..!

ഹിന്ദിയും, ഇംഗ്ലീഷും നന്നായി സംസാരിക്കുന്ന ഷാഹിദ് എന്നെ ആകര്‍ഷിച്ചു. അവന്‍ ഡിഗ്രി വരെപഠിച്ചിട്ടുണ്ട്. എത്ര ശ്രമിച്ചിട്ടും ജോലി
കിട്ടിയില്ല. പിതാവ് മരിച്ചപ്പോള്‍ സൈക്കിള്‍ റിക്ഷ ഏറ്റെടുത്തു. അമ്മ, കുഞ്ഞു പെങ്ങള്‍… സന്തുഷ്ട കുടുംബം.

”ഞാന്‍ കുറച്ചു നാള്‍ ഗൈഡ് ആയിരുന്നു സാബ് .. റെഡ് ഫോര്‍ട്ട്‌ ആയിരുന്നു പ്രധാന സ്ഥലം..”

”പിന്നെന്തേ ആ ജോലി വിട്ടു..?”

”മുസ്ലിം പേര് കേട്ടാല്‍ അധിക പേരും എന്നെ ഒഴിവാക്കും. മലയാളികള്‍ ഒഴിച്ച്. പക്ഷെ അവര്‍ തീരെ കുറവാണ്. പിന്നെ സൈക്കിള്‍ റിക്ഷ നമ്മുടെ
കുത്തക തൊഴിലാണല്ലോ..?”

അതും പറഞ്ഞു അവന്‍ ചിരിച്ചു.

റെഡ് ഫോര്‍ട്ട്‌ എത്തിയതും അവനോടു എന്‍റെ ഗൈഡ് ആയി വരാന്‍ പറഞ്ഞു. ആദ്യം എതിര്‍ത്തെങ്കിലും പിന്നെ സമ്മതിച്ചു.

ഇന്ത്യക്കാര്‍ക്ക് 10 രൂപയാണ് പ്രവേശന ഫീസ്‌.. വിദേശികള്‍ക്ക് 250. ഈ വിവേചനം എനിക്ക് വളരെ ഇഷ്ടമായി.

മേരാ ഭാരത് മഹാന്‍..!,..!

മുഗള്‍ ചക്രവര്‍ത്തി ഷാജഹാനാണ് റെഡ് ഫോര്‍ട്ട്‌ നിര്‍മ്മിച്ചത്. ഇന്ത്യയ്ക്ക് എന്നും അഭിമാനിക്കാവുന്ന ഒന്ന്. രാജ്ഞിമാര്‍ ഉല്ലസിച്ചിരുന്ന രംഗ് മഹല്‍ .. ചക്രവര്‍ത്തി പരാതികള്‍ കേട്ട Diwan-i-Aam.. ഔറംഗസീബ് നിര്‍മിച്ച നിസ്കാര പള്ളി.. ആയുധപുരകള്‍..,.. ജയിലുകള്‍…,.. എല്ലായിടവും സ്വന്തം വീട് പരിചയപ്പെടുത്തുന്നത് പോലെയാണ് അഹമദ് വിവരിച്ചു തന്നത്.

ഇവന്‍ ആള് കൊള്ളാലോ…! .

ഞാന്‍ വെറുതെ ചിന്തിച്ചു..

ഇവിടെ എന്തൊക്കെ നടന്നു കാണും? എന്തിനൊക്കെ ഈ കോട്ട സാക്ഷിയായിട്ടുണ്ടാകും?

എത്ര പേരുടെ കണ്ണീരും രക്തവും വീണിട്ടുണ്ടാകും?

ആക്രോശങ്ങള്‍…, പ്രതാപങ്ങള്‍, ആരവങ്ങള്‍ ..

എല്ലാം ഇന്ന് വെറും ഓര്‍മ്മകള്‍ ..

ഇന്ന് ഫോട്ടോ എടുക്കാന്‍ മാത്രമുള്ള സ്ഥലങ്ങള്‍…,..

ഇത്രേയുള്ളൂ എല്ലാ പ്രതാപവും..!

അന്നൊക്കെ പ്രണയിതാക്കള്‍ സന്ദേശം കൈമാറാന്‍ എത്ര കഷ്ടപ്പെട്ട് കാണും..!

ഇന്നത്തെ മൊബൈല്‍ ഫോണ്‍ കാണുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന നഷ്ട ബോധം എത്ര വലുതായിരിക്കും..!

”സാബ് ചിന്തയിലാണല്ലോ” എന്ന അഹമദിന്‍റെ ചോദ്യമാണ് എന്നെ ഉണര്‍ത്തിയത്. അവനൊപ്പം നേരെ മ്യൂസിയത്തിലേക്ക് കടന്നു. മ്യൂസിയത്തില്‍ മുഗള്‍ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും, അവരുടെ ചിത്രങ്ങളും.

സുന്ദരിയായ മുംതാസ്, നൂര്‍ജഹാന്‍..

ഔറംഗസീബ് സ്വയം നെയ്ത തൊപ്പി..

അത് വിറ്റു കിട്ടിയ പണം കൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നത്. ഖജനാവില്‍ നിന്നും ഒരു പൈസ പോലും ആ ചക്രവര്‍ത്തി എടുത്തിരുന്നില്ലത്രേ.

സിംഹാസനങ്ങള്‍

സ്വര്‍ണ നാണയങ്ങള്‍..

മറ്റു ആഡംബര വസ്തുക്കള്‍..

അതൊന്നുമെന്നെ വലുതായി ആകര്‍ഷിച്ചില്ല. എന്തോന്ന് ആഡംബരം..!

സത്യത്തില്‍ ഇന്നത്തെ സാധാരണക്കാരന്‍ അനുഭവിക്കുന്ന സുഖം പോലും പണ്ട് അവര്‍ അനുഭവിച്ചിരുന്നില്ല. എ. സിയും, കമ്പ്യൂട്ടറും ഒന്നുമില്ലാത്ത ഒരു കാലത്ത് എന്ത് സുഖമാണ് ഉള്ളത്..!

അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിനെ ബ്രിട്ടീഷുകാര്‍ ബന്ധിയാക്കുന്ന ചിത്രവും നോക്കി ഞാന്‍ കടന്നു പോയി. അഹമദ് അവിടെ തന്നെ നില്‍ക്കുന്നത് കണ്ട എനിക്ക് അത്ഭുതമായി. ആ ചിത്രം നോക്കി നിന്ന അവന്‍റെ കണ്ണുകള്‍ നിറഞ്ഞു.

”എന്തെ അഹമദ്..? എന്ത് പറ്റി..?”

”സാബിനറിയോ ഇതാരാണെന്ന്. ഇത്.. എന്‍റെ മുത്തച്ഛനാണ്..”

ഞാന്‍ അമ്പരന്നു…

”ആ മുഖത്തെ വിഷമം കണ്ടില്ലേ സാബ്. കയ്യാമം വെച്ച് ഒരടിമയെ പോലെ…”

അതും പറഞ്ഞു കണ്ണും തുടച്ചു അഹമദ് പുറത്തേക്ക് പോയി.

ഞാന്‍ അടുത്ത ചിത്രങ്ങള്‍ നോക്കിയെങ്കിലും മനസ്സില്‍ അഹമദിന്‍റെ മുത്തച്ഛന്‍ ആയിരുന്നു. മുഗള്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയാണ്‌ ഇന്ന് സൈക്കിള്‍ റിക്ഷ ഓടിച്ചു അഷ്ടിക്കു വക കണ്ടെത്തുന്നത്…!

പുറത്തെത്തുമ്പോള്‍ അസ്തമയ സൂര്യനെ നോക്കി നില്‍ക്കുകയായിരുന്നു അഹമദ്…

ചെങ്കോട്ട മുഴുവന്‍ ചൂണ്ടിക്കാട്ടി അഭിമാനത്തോടെ അവന്‍ പറഞ്ഞു.

”യെ സബ് ഹംനെ ബനായാ സാബ്..” (ഇതെല്ലാം ഞങ്ങള്‍ ഉണ്ടാക്കിയതാണ്.)

തിരികെ പോകുമ്പോള്‍ ഞാന്‍ പറഞ്ഞു

”ഇനി ഞാന്‍ സൈക്കിള്‍ ചവിട്ടാം അഹമദ്…”

അവന്‍റെ എതിര്‍പ്പ് അവഗണിച്ചു ഞാന്‍ കുറച്ചു ദൂരം അവനെയും ഇരുത്തി സൈക്കിള്‍ ചവിട്ടി.. ഡല്‍ഹിയുടെ വീഥിയിലൂടെ.. ചക്രവര്‍ത്തിയുടെ കൊച്ചു മകനെയും വഹിച്ച്..

ഹോട്ടല്‍ എത്തിയതും വലിയൊരു തുക നല്‍കിയിട്ടും അവന്‍ വാങ്ങിയില്ല. ചെറിയ തുക എടുത്തു അവന്‍ പറഞ്ഞു:

”ഇത് മതി….. ചെറിയ സ്വപ്നങ്ങളെ ഉള്ളൂ, അതിനീ തുക തന്നെ ധാരാളമാണ് സാബ്…!

”സാബ് അല്ല ഭായ്..”

ഞാന്‍ തിരുത്തി..

അവന്‍ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു. അന്ന് രാത്രി ഞാന്‍ ആലോചിച്ചു. തലമുറകള്‍ക്ക് മുന്‍പ് ചക്രവര്‍ത്തി അറിഞ്ഞു കാണുമോ തന്‍റെ പിന്‍ഗാമികള്‍ ഇങ്ങനെ ആകുമെന്ന്. ആരാലും പരിഗണിക്കപ്പെടാതെ, ആരും ശുപാര്‍ശ പോലും ചെയ്യാനില്ലാതെ ഒരു മൂലയില്‍ ഒതുങ്ങി ജീവിക്കുമെന്ന്.. ?

മനസ്സില്‍ വല്ലാത്ത നീറ്റല്‍..,..

എങ്കിലും ഒരു പ്രഭാതം വീണ്ടും വരാനിരിക്കുന്നു എന്നൊരു തോന്നല്‍…,..

നാളെ അഹമദി ന്‍റെ പിന്‍ഗാമികള്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കില്ലെന്ന് ആര് കണ്ടു..!

ഇന്ത്യക്ക് അഭിമാനിക്കാന്‍ ഇനിയും ഒരു പാട് സംഭാവനകള്‍ അവര്‍ നല്‍കിയേക്കും…

സാബ് വിളികള്‍ ഇല്ലാത്തവരായി അവര്‍ മാറിയേക്കും…

അന്നും അഭിമാനത്തോടെ അവര്‍ പറഞ്ഞേക്കും

”യെ സബ് ഹംനെ ബനായാ…”